ഞെട്ടിയുണർന്ന് കരഞ്ഞ കുഞ്ഞിനെ അച്ഛൻ കാലുവീശിയടിച്ചു; വീണ്ടും കരച്ചിൽ നിർത്താതായപ്പോൾ അയാൾ...
ഒരു കുഞ്ഞുറക്കം (കഥ)
അമ്മയും അച്ഛനും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പണ്ടത്തേക്കാൾ കൂടുതൽ യാത്രകൾ പോകാനും യാത്രകളെ സ്നേഹിക്കാനും തുടങ്ങിയിട്ടുണ്ട്. അതിന്റെ കാരണങ്ങൾ പ്രധാനമായും രണ്ടുപേരും റിട്ടയർ ആയതും വേദക്കുട്ടിയും ഞാനും ഏട്ടനും ഇവിടെ യുഎയിലും അമ്മുവും അപ്പുവും കാലിക്കറ്റ് താമസമാക്കിയതുമാണ്.
ഡൽഹി, ആഗ്ര, നേപ്പാൾ,ഭൂട്ടാൻ,പൊക്രാ, ഒറീസ,ഭുവനേശ്വർ,കൊൽക്കത്ത എന്നിവിടങ്ങളിൽ ഒക്കെ അച്ഛനും അമ്മയും കഴിഞ്ഞ ചെറിയ കാലയളവിൽ പോയി വന്നു. ഓരോ സ്ഥലങ്ങളിൽ പോയി വന്നാലും അവിടത്തെ വിശേഷങ്ങൾ പറയാൻ അമ്മയ്ക്ക് വലിയ താൽപര്യമാണ്. അതു കേൾക്കാൻ എനിക്കും. എല്ലാ സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിത രീതി,പെരുമാറ്റം,രുചികൾ, വൈവിധ്യങ്ങൾ, നല്ലതും അല്ലാത്തതുമായ അനുഭവങ്ങൾ അങ്ങിനെ എല്ലാം അമ്മ പറയും എടുത്ത ഫോട്ടോസ് കൂടെ കാണുമ്പോൾ ഒരു വ്യക്തമായ ചിത്രം കിട്ടാറുണ്ട്.
കഴിഞ്ഞമാസം ഇവിട യു എ ഇ യിൽ വന്നതു മുതൽ പല വിഷയങ്ങളും സംസാരിക്കുന്നതിനിടയിൽ അമ്മ യാത്രക്കിടയിൽ മനസ്സിൽ തട്ടിയ ഒരു സംഭവം വിവരിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ആണ് അച്ഛനും അമ്മയും ഒറീസ, ഭുവനേശ്വർ, കൊൽക്കത്ത പോയി വന്നത് . അവർ അന്ന് ഭുവനേശ്വറിൽ നിന്നും കൽക്കത്തയിലേക്ക് ട്രെയിൻ കേറാൻ പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. നല്ല ഇരുട്ടുണ്ട്, തണുപ്പും ഉണ്ടായിരുന്നിരിക്കണം .
പല റെയിൽവേ സ്റ്റേഷനിലും നാം പൊതുവെ കാണുന്നകാഴ്ചകൾ പോലെ അവിടെയും നിറയെ ആളുകൾ ഒറ്റയ്ക്കും കൂട്ടമായും അവിടവിടങ്ങളിലായി കിട്ടിയ സ്ഥലത്തായി ഉറങ്ങുന്നുണ്ടായിരുന്നു. അതിൽ ചിലപ്പോൾ പല ഭാഷക്കാരും, ദേശക്കാരും, വേറെ ഇടങ്ങളിലേക്ക് പോകേണ്ടവരും തലചായ്ക്കാൻ ഇടമില്ലാത്തവരും എല്ലാം ഉണ്ടായിരിക്കണം.
അമ്മയും അച്ഛനും അവരുടെ കൂടെ ഉള്ള ഒരു ഗ്രൂപ്പ് ആളുകളും വളരെ കുറച്ച നിമിഷങ്ങൾ മാത്രമേ അവിടെ ആ റെയിൽവേ സ്റ്റേഷനു മുന്നിൽ ചിലവഴിച്ചുള്ളൂ. അതിനിടയിൽ ആ കൂട്ടത്തിൽ അമ്മയുടെ കണ്ണുടക്കിയത് ഒരു ചെറിയ നോർത്ത് ഇന്ത്യൻ ഫാമിലിയുടെ ഉറക്കത്തിലാണ്.
റെയിൽവേ പോലീസ് രാവിലെ വടിയുമായി വന്ന് എഴുന്നേൽപ്പിക്കുന്നതുവരെ ഉള്ള ഉറക്കമേ ഇവർക്ക് വിധിച്ചിട്ടുള്ളൂ. മിക്കവരും നേരം വെളുക്കല്ലേ എന്ന് വിചാരിക്കുന്നവരാകും. ഒരുപാടുപേർക്കിടയിൽ ഒരു അച്ഛനും അയാളുടെ അടുത്ത് അമ്മയും അമ്മയുടെ അപ്പുറത്ത് ഒരു ചെറിയ കുഞ്ഞും ഉറങ്ങിക്കിടന്നിരുന്നു .ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നറിയില്ല കാരണം നന്നേ മുഷിഞ്ഞവസ്ത്രവും ഒരിക്കലും വെട്ടിയിരിക്കാൻ സാധ്യതയില്ലാത്ത തലമുടിയും.
അമ്മ പറഞ്ഞത് വച്ച 2 ഓ 3 ഓ വയസുള്ളകുട്ടിയാവണം.അവൾ അല്ലെകിൽ അവൻ പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റ് നല്ല കരച്ചിൽ ആയി. തൊട്ടടുത്തുള്ള അച്ഛനും അമ്മയും എന്ന് കരുതാവുന്ന രണ്ട് പേരും ഒന്നും അറിയ്യുന്നതെ ഇല്ല...
കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിൽ ആയിക്കൊണ്ടിരുന്നു. ആ കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ മുതൽ ആ അച്ഛനോ അമ്മയോ ഒന്ന് എണീക്കാത്തതെന്തേ? കരച്ചിൽ കേൾക്കാത്തതെന്തേ ? എന്ന് എന്റെ അമ്മ നോക്കിക്കൊണ്ടിരുന്നു.
ആ കുട്ടി അപ്പോളും കരഞ്ഞു കൊണ്ടേ ഇരുന്നു.... അവർ സുഖ നിദ്രയിലും. പാവം ചിലപ്പോൾ വിശന്നിട്ടാവും അല്ലെങ്കിൽ ദാഹിക്കുന്നുണ്ടാകും അതുമല്ലെങ്കിൽ വയറുവേദനയോ മറ്റോ ആയിരിക്കണം. പെട്ടന്ന് ആ അച്ഛൻ കണ്ണ് തുറന്ന് നോക്കി. കുട്ടി കരയുന്നത് കണ്ടതും അമ്മയുടെ അപ്പുറത്തുള്ള കുഞ്ഞിനെ കാല് വീശി ഒരു അടി വച്ചു കൊടുത്തു.ആ കുട്ടി ഉരുണ്ട് വീണു. വീണിടത്ത് കിടന്ന് വീണ്ടും കരഞ്ഞു .അതും ഒരു ജീവിതം.
ആ അമ്മ ഒന്ന് എണീറ്റിരുന്നെകിൽ..
വീണ്ടും കരച്ചിൽ നിർത്താതായപ്പോൾ അയാൾ ഉറക്കച്ചടവിൽ അടുത്തുള്ള തുണികെട്ടിൽ കയ്യിട്ട് ഒരു പാത്രത്തിൽ എന്തോ എടുത്ത് കുഞ്ഞിന് നേരെ നീട്ടി. അതുകണ്ടതും കുട്ടി കരച്ചിൽ നിർത്തി വേഗം വാങ്ങി കുടിച്ചു.
വിശപ്പിന്റെ വിളിതന്നെ.. ഇതും ഒരു മനുഷ്യജന്മം പക്ഷേ... മൃഗങ്ങളുടെ പരിഗണനയേ ആ കുഞ്ഞിനുള്ളു എന്നതാണ് യാഥാർഥ്യം.
അപ്പോളേക്കും പോകാൻ ഉള്ള സമയം അതിക്രമിച്ചിരുന്നു. ആ കുഞ്ഞിനെ നോക്കി നോക്കി അമ്മ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു.
English Summary: Kunjurakkam Story By Neethu Cholakkatte