‘‘പെങ്ങളെ കെട്ടുന്നോടാ; ചീത്ത വിളിച്ച് അച്ഛൻ എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു’’, മദ്യത്തിന്റെ ഗന്ധം...
ചെമ്പകം (കഥ)
മൂക്കിനേക്കാൾ ഉയരത്തിൽ പൊങ്ങിനിൽക്കുന്ന മീശയിലെ ഒന്നുരണ്ട് വെള്ളി രോമങ്ങൾ, കണ്ണിലെ കരടുപോലെ ഇടക്കിടക്കെന്റെ കോൺസെൻട്രേഷൻ തെറ്റിച്ചുകൊണ്ടിരുന്നു. സീരിയസ് ആയ സംസാരത്തിനിടക്കൊക്കെ ഇതിങ്ങനെ ഇളം കാറ്റേറ്റ് ഇളകികൊണ്ടിരിക്കും. ഈ നരച്ച സിൽവർ രോമങ്ങളുടെ നിഴല് കണ്ടാൽ മതി ടോട്ടലി ബ്ലാക്ക് ഔട്ട് ആകുന്ന ഫീലിംഗ്.
കമിൻങ് കുംഭത്തിൽ വയസ്സ് തർട്ടി ഏയ്റ്റ് കഴിയും. കൂടെ പഠിച്ചോരൊക്കെ കല്യാണം കഴിച്ച് സുഖമെന്ന് മറ്റുള്ളവർക്ക് തോന്നുന്ന ഡെക്കറേഷനോട് കൂടി ജീവിക്കുന്നു. നെഞ്ചിൻ നടുവിലെ കുഴിമാത്രം വലുതായികൊണ്ടിരിക്കുന്ന ഞാനും അവർക്കിടയിൽ ജീവിക്കുന്നു. പത്താം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ സ്ഥിരമായി ടീച്ചറുടെ പ്രഹരത്തിന് പാത്രീ ഭവിച്ചിരുന്ന, അബ്ദുറഹ്മാന്റെ രണ്ടാമത്തെ മോൻ ഉണ്ണ്യേട്ടന്റെ പീടിയടടുത്ത് വെച്ച്. എന്റെ മുഖത്ത് നോക്കി ചുണ്ടിൽ ഹാൻസ് തിരുകി. ‘താണ്ഡവ’ത്തിൽ മഴയത്ത് ലാലേട്ടന്റെ ഇടികൊള്ളാൻ തമിഴ്‌നാട്ടിൽ നിന്ന് ട്രെയിൻ പിടിച്ചു വന്ന, ചുണ്ടത്ത് നീരു വന്ന അലക്സിനെ പ്പോലെ എന്നെ നോക്കി. മുന്നിൽ തൂങ്ങിക്കിടക്കുന്ന ചെമ്പൻ നിറത്തിലുള്ള മുടി ഗാന്ധർവ്വത്തിലെ നായികയെ പോലെ ഊതി പറത്തി അവന്റെ പൾസർ ബൈക്കെടുത്ത് പോയി.
എടലംകുന്ന് സ്കൂളിൽ കൂടെ പഠിച്ച പെൺകുട്ടികളിൽ ചിലരുടെ മക്കളുടെ കല്യാണം ക്ഷണിക്കാൻ എന്റെ വീട് തപ്പി പിടിച്ച് വന്നിരിക്കുന്നു. കൂട്ടത്തിലെ അമ്മൂമ്മയായവള് പേരക്കുട്ടീടെ ചോറൂണ് വേറെങ്ങും സ്ഥലമില്ലാതെ ഇരുനിലംകോട് അമ്പലത്തിൽ വെച്ചിരിക്കുന്നു. അതിന്റെ ഫോട്ടോകൾ പള്ളത്ത് ഹരിയേട്ടൻ മാനേജർ ആയ വാട്സാപ്പ് ഗ്രൂപ്പായ കാഞ്ഞിരശ്ശേരി ഫ്രണ്ട്‌സിൽ കൊണ്ടിടുന്നു. മകളുടെ കുട്ടിക്ക് കുത്തിവെപ്പിന് പോകുമ്പോൾ ചായക്കടയിലെ മാതൃഭൂമി പേപ്പറിൽ വരനെ ആവശ്യമുണ്ട് കോളങ്ങൾ തിരയുന്ന ഈയുള്ളവനെ തോണ്ടി വിളിച്ച് പോളിയോ കുത്തുകൊണ്ടവനെ കാണിക്കുന്നു. കുത്തിയ നഴ്സിനെയും കുത്താൻ ഓർഡറിട്ട ഡോക്ടറെയും ഹോസ്പിറ്റലിൽ കൊണ്ടുപോയ അമ്മൂമ്മയെയെയും മനസ്സിൽ തെറിപറഞ്ഞ നാൽപത്തഞ്ച് ദിവസം മാത്രം പ്രായമായ ആ ‘യുവാവ്’ ഏതോ മനസിലാകാത്ത ഭാഷയിൽ എന്നേം തെറിപറഞ്ഞു കരഞ്ഞു.
സത്യം പറഞ്ഞാൽ മടുത്തു.
റിട്ടയേർഡ് ആകുമ്പോൾ കിട്ടിയ പൈസോണ്ട് രണ്ട് പെങ്ങൻമാരേം കെട്ടിച്ചു വിട്ടിട്ട് അച്ഛൻ സ്വസ്ഥമായി പെൻഷനും വാങ്ങി ഉള്ള സ്ഥലത്ത് കൃഷിയൊക്കെ ചെയ്ത്, പതിവ്പോലെ കേന്ദ്രത്തിലെ ബിജെപിയെയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും, ഞങ്ങടെ പഞ്ചായത്തിലെ കോൺഗ്രസ് സർക്കാരിനെയും വിമർശിച്ച് അമ്മയോടൊത്ത് ഹാപ്പിയായ് ജീവിക്കുന്നു. പവിത്രത്തിലെ തിലകനും ശ്രീവിദ്യയും ആകാനുള്ള സകലവിധ സാധ്യതയും മുന്നിൽ കണ്ട സഹോദരിമാർ എന്റെ ഈ മുപ്പത്തിയെട്ടാം വയസ്സിൽ ഇനി അവരുടെ വക ഒരു തൊട്ടിൽ കെട്ടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ എന്റെ ഒരു കണ്ണ് അവരിൽ വേണമെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു.
എന്തായാലും ചേട്ടച്ഛനായി വാഴ വെട്ടി പ്രാന്തനായി നടക്കാൻ എന്നെ കിട്ടില്ല. എനിക്ക് കല്യാണം കഴിക്കണം. ജാതകത്തിൽ ചൊവ്വാ ദോഷമുണ്ട് എന്ന് രാമകൃഷ്ണൻ പണിക്കർ പറഞ്ഞ അന്ന് തന്നെ എന്റെ പകുതി ജീവൻ പോയി. അന്നാണ് ഞാനാദ്യമായി സിഗരറ്റ് വലിച്ചത്. പിന്നീടത് സ്ഥിരമായി ഇനി ചൊവ്വാ ദോഷം മാറിയാലും വലി നിർത്താനാവാത്ത അവസ്ഥയിലായിരിക്കുന്നു.
ചൊവ്വാ ദോഷമുള്ള ജാതകങ്ങൾ തിരഞ്ഞ് പിടിച്ച് പെണ്ണുകാണൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാ പെണ്ണുങ്ങളേം എനിക്കിഷ്ടമാകുന്നുണ്ട്. സൗന്ദര്യം എനിക്കൊരു വിഷയവും മാനദണ്ഡവുമല്ല, പെണ്ണായാൽ മതി. ഞാനനുഭവിക്കുന്ന ‘വായസ്സികമായ’ അവഹേളനങ്ങൾക്ക് ഒരറുതി വരുന്ന ദിവസമാണ് എന്റെ മനസ്സിൽ മുഴുവൻ.
മൂത്ത അളിയന് പെണ്ണിനെ ഇഷ്ടമായാൽ രണ്ടാമത്തെ പെങ്ങൾക്ക് പിടിക്കില്ല, പക്ഷെ അച്ഛൻ എന്റെ കൂടെനിന്നു. ആള് മുത്താണ്, ഞാനെന്ത് ചെയ്താലും ഇഷ്ടവുമാണ്. രണ്ടാമത്തെ അളിയന് ഇഷ്ടമായപ്പോൾ മൂത്ത പെങ്ങൾ ഒടക്കി. മൂത്ത പെങ്ങളും, രണ്ടാമത്തെ പെങ്ങളും ഓക്കേ പറഞ്ഞപ്പോൾ അളിയന്മാർ ഒറ്റകെട്ടായി എതിർത്തു.
കുമ്പളങ്ങാട് പോയി കണ്ട പെണ്ണിനെ എല്ലാവർക്കും ഇഷ്ടായി അപ്പോളാണ് അതുവരെ എന്റെ കല്യാണം നടക്കാത്തതിന് വഴിപാടും നേർച്ചയും നടത്തിവന്നിരുന്ന അമ്മ ഇടപെട്ടത് പെണ്ണിന്റെ അമ്മ മുടി കറുപ്പിച്ചിരിക്കുന്നു എന്നതായിരുന്നു എതിർപ്പിന് കാരണം. അങ്ങനെ അതും മുടങ്ങി.
മാട്രിമോണി സൈറ്റിൽ അയ്യായിരം അടച്ച് രജിസ്റ്റർ ചെയ്തിട്ട് മൂന്നു പ്രാവശ്യം റിന്യൂ ചെയ്ത് വീണ്ടും ടെൻ തൗസൻഡ് പോയി കിട്ടി. പെങ്ങന്മാർക്കും അളിയന്മാർക്കും അവരുടെ ശക്തി പുറത്തെടുക്കാൻ അവസരം കൊടുക്കാതെ മാട്രിമോണി സൈറ്റിലെ സുന്ദരികൾ തന്നെ എന്നെ റിജെക്ട് ചെയ്തുകൊണ്ടിരുന്നു.
ഇജ്ജാതി ഇടപെടലുകൾ തകൃതിയായി നടക്കുമ്പോൾ വല്ലപ്പോളും രണ്ടെണ്ണം അടിക്കാൻ കമ്പനി കൂടുന്ന അച്ഛനായിരുന്നു ആകെയുള്ള സപ്പോർട്ട്.
ഇതുവരെ വന്ന നാൽപ്പത്തഞ്ച് ആലോചനകളും അച്ഛന് സമ്മതമായിരുന്നു പക്ഷെ എന്ത് ചെയ്യാം കുടുംബത്തെ വിശ്വാസവോട്ടെടുപ്പിൽ അതിദാരുണമായി പരാജയപ്പെട്ട് എന്നോടൊപ്പം രാജി വെച്ച് പുറത്ത് പോവാനായിരുന്നു ആ പാവത്തിന്റെ വിധി.
അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ചമ്മലായ ഞാൻ ആളുറങ്ങി കിടക്കുമ്പോൾ പണ്ടത്തെ നായകൻ നാട് വിടുമ്പോൾ അച്ഛന്റെ കാല് പിടിക്കുന്ന പോലെ പോയി ഇടക്കിടക്ക് സെന്റിമെന്റ്സ് അടിച്ചോണ്ടിരുന്നു.
മാസങ്ങൾ പോയി ചാരിനിന്ന ഭാരം താങ്ങാനാവാതെ വർഷങ്ങൾ മൂക്കുംകുത്തി മറിഞ്ഞുവീണുകൊണ്ടിരുന്നു. നേരത്തെ പോയി കണ്ട പെണ്ണിന്റെ അമ്മയെപോലെ ഞാനും തല കറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രശ്‌ന പരിഹാരത്തിന് അച്ഛന്റെ ഉപദേശപ്രകാരം രാമകൃഷ്ണ പണിക്കരെ പോയി കാണുന്നു. കുറെ നേരത്തെ കണ്ണടച്ചുള്ള ഗണിക്കലിനും, പല്ലി ചിലക്കലിനും ശേഷം പെട്ടെന്ന് കണ്ണുതുറന്ന് ചതുരകളങ്ങളിൽനിന്ന് രണ്ട് കവടി എടുത്ത് മാറ്റി ദൂരെ വെക്കുന്നു. കയ്യിലുള്ള പുസ്തകത്തിൽ എന്തോ കുറിക്കുന്നു, വീണ്ടും ആദ്യം വരച്ച കള്ളികളിൽ മുൻപ് മാറ്റി വെച്ച കവടികൾ തിരിച്ചു വെക്കുന്നു.
സംസ്കൃതത്തിൽ പിറുപിറുക്കുന്നു, വിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ കണക്ക് കൂട്ടുന്നു. ‘‘അടുത്ത തിങ്കളാഴ്ച കാലത്ത് ഒമ്പതിനും പത്തിനുമിടക്കുള്ള ശുഭമുഹൂർത്തത്തിൽ മുറ്റത്തെ ചെമ്പകമരത്തിനെ വിവാഹം കഴിക്കുക’’ പതിനാല് ദിവസത്തിനകം വിവാഹം ഉറപ്പിച്ചിരിക്കും. പറഞ്ഞ പൈസ എണ്ണിവാങ്ങി പണിക്കര് ചില ഏലസുകൾ എനിക്ക് വിൽക്കുന്നു. പരിഹാര കർമ്മത്തിന്റെ അഡ്വാൻസ് അയ്യായിരം വേറെയും.
രണ്ടളിയന്മാരും, പെങ്ങന്മാരും അമ്മയും ആദ്യമായി ഒരേപോലെ ഹാപ്പിയാകുന്നു. ഇനിയിവർ തമ്മിൽ, കല്യാണം കഴിക്കുന്ന മരം തിരഞ്ഞെടുക്കുന്നതിൽ കശപിശയുണ്ടാകുമെന്ന എന്റെ പേടിയും,വീട്ടുകാർക്ക് ഒരവസരവുമാണ് പണിക്കര് ‘ചെമ്പകമരം’ എന്ന് ആദ്യമേ പറഞ്ഞ് ഇല്ലാതാക്കിയത്.
അച്ഛൻ ആള് മുത്താണ്, ഞാനെന്ത് ചെയ്താലും ഇഷ്ടവുമാണ്. വീടിന് പുറത്തിറങ്ങുമ്പോളും വരുമ്പോളുമൊക്കെ എന്റെ ശ്രദ്ധ ഇടക്കിടക്ക് ആ ചെമ്പക മരത്തിന് നേരെയാകാൻ തുടങ്ങിയിരിക്കുന്നു. ഞാൻ നോക്കുമ്പോളൊക്കെ നാണം കൊണ്ട് ആ കവിൾചില്ലകൾ ചുവക്കുന്ന പോലെ എനിക്ക് തോന്നാൻ തുടങ്ങിരിക്കുന്നു. നല്ല കാറ്റത്ത് ഓരോ ചെമ്പകപ്പൂവിതളുകൾ എനിക്കായി കൊഴിച്ചിടുന്ന പോലെയെനിക്ക് തോന്നാൻ തുടങ്ങിരിക്കുന്നു.
പണ്ട് നസീർസാറൊക്കെ മരത്തിനു ചുറ്റും ചെയ്തത് ഞാനീ മരവുമായി ചെയ്യേണ്ടിവരുമോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്തായാലും പതിനാല് ദിവസങ്ങൾ കഴിഞ്ഞാൽ കല്യാണം നടക്കുമല്ലോ ചെമ്പകമെങ്കിൽ ചെമ്പകം ആടലോടകമായാലും ഞാൻ കെട്ടും. മുറ്റത്തെ ചെമ്പകത്തിന് മുന്നിൽ ചെറിയ നിറപറയും അലങ്കാരങ്ങളുമൊരുങ്ങുന്നു താലി ചരട് പൂജിച് വെച്ചിരിക്കുന്നു. അളിയന്മാരും കുടുംബവും എത്തിയിരിക്കുന്നു. അമ്മ നിലവിളക്ക് കൊളുത്തുന്നു എല്ലാവരും സന്തോഷത്തോടെ ചിരിച്ചോണ്ട് നിൽക്കുന്നു.
പനിനീർ സ്റ്റീൽ കുപ്പിയിലാക്കി മുകളിൽ പറഞ്ഞ എന്റെ ടീമുകൾക്ക് മേൽ തളിക്കുന്നു ശേഷം ചെമ്പകത്തമരത്തിന് തൊട്ടടുത്ത ചെമ്പരത്തിക്കും റോസക്കും രണ്ടുതുള്ളി അപ്പുറത്തെ തെങ്ങിനും തളിക്കുന്നു. ഇതെന്തിന് എന്ന ഭാവത്തിൽ കണ്ണ് തുറിച്ച് നോക്കിയ മൂത്ത അളിയനെ നോക്കി പണിക്കർ ‘‘വധുവിന്റെ കൂടെയള്ള ആളുകളാണ്, അവരെയും പനിനീർ തളിച്ച് ശുദ്ധമാക്കണം’’എന്ന് പറഞ് കണ്ണടച്ചു നിന്നു.
അച്ഛന്റേം അമ്മയുടേം കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു. ഇതു വരെ കൂടെ കട്ടക്ക് നിന്ന അച്ഛ നോടുള്ള സ്നേഹാധിക്യം കാരണം ഞാൻ അച്ഛനെ ചേർത്ത് പിടിച്ചു കവിളിലൊരുമ്മ കൊടുത്തു.
മുഹൂർത്തമായിരിക്കുന്നു താലിചരട് എന്റെ കയ്യിൽ തരുന്നു. രണ്ട് പെങ്ങന്മാരും കേൾക്കാൻ ഒരു സുഖവുമില്ലാത്ത കുരവയിടുന്നു. ചെമ്പകത്തിന്റെ താഴത്തെ ചില്ലയിൽ താലികെട്ടാൻ ഞാൻ മുന്നോട്ടാഞ്ഞു.
പെട്ടെന്നാണ് അതുവരെ ചിരിച്ചോണ്ട് നിന്നിരുന്ന അച്ഛൻ അലറിക്കൊണ്ട് എന്റെ കയ്യിൽ നിന്ന് താലിച്ചരട് വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞത്. നിറപറയെടുത്ത് വീശിയെറിഞ്ഞു തൊട്ടടുത്തുള്ള കിണറ്റിൻ കരയിൽ പോയി വീണു.
എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. അദ്ദേഹം കഴിച്ച മദ്യത്തിന്റെ സുഗന്ധം എന്റെ മൂക്കിൽ വന്നടിച്ചു. മദ്യപിച്ചാലും അച്ഛൻ എന്നോടിങ്ങനെ ചെയ്യുമോ?. എന്നൊക്ക ആലോചിക്കുന്നതിന് മുൻപ് തന്നെ ‘‘പെങ്ങളെ കെട്ടുന്നോടാ ...... ’’ ന്ന് വിളിച്ച് എന്റെ ചെവിയടച്ച് ഒരു പൊട്ടിക്കലായിരുന്നു. ആള് നട്ടതാണത്രേ ആ ചെമ്പകം അപ്പൊ ന്റെ പെങ്ങളാത്രേ.
നാളെയെനിക്ക് നാൽപ്പത് വയസ്സ് തികയുന്നു. പെങ്ങന്മാർ പേടിച്ചപോലെ തന്നെ സംഭവിച്ചു. വീട്ടില് തൊട്ടിലൊന്ന് കെട്ടേണ്ടി വന്നു. എനിക്കും മുറ്റത്തെ ചെമ്പകമരത്തിനുമൊക്കെ ഒരനിയത്തിയുണ്ടായിരിക്കുന്നു.
ഇവിടത്തെ ക്രൂരനായ തിലകൻ നാടൊന്നുംവിടാതെ ചാരു കസേരയിൽ കിടന്ന് കേന്ദ്രത്തിനെ വിമർശിക്കുന്നു.
English Summary : Chempakam Story By Vinod Neettiyath