ഇക്കണോമിസ്റ്റ് (കഥ)

ഔദ്യോഗിക വസതിയുടെ പൂമുഖത്തു ഉലാത്തിക്കൊണ്ടിരുന്ന സചിവോത്തമന്റെ മനസ്സ് കലുഷിതമായിരു ന്നു. അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ജനങ്ങളോട് എന്ത് സമാധാനം പറയും. ദൈവങ്ങൾക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി മനുഷ്യർക്കുവേണ്ടി വല്ലതും ചെയ്യാതെ വോട്ട് ചോദിച്ചു ചെല്ലാൻ പറ്റുമോ,. അത് കൊണ്ട് ഉടനെ എന്തേലും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

സബ്‌സിഡികൾ, ദാരിദ്യ്ര നിർമാർജന പദ്ധതികൾ, പുതിയ തൊഴിലവസരങ്ങൾ. പക്ഷേ പാക്കേജ് എന്ന് പറയാൻ പോലുമുള്ള ശേഷി ഖജനാവിനില്ല. ആകാശം മുട്ടുന്ന പ്രതിമകൾ നമുക്ക് വിശ്വാസികളുടെ പിന്തുണ മാത്രമല്ല കൂടുതൽ ടൂറിസ്റ്റുകളെയും അങ്ങനെ കൂടുതൽ വിദേശ നാണ്യവും കൂടുതൽ നിക്ഷപവും തരുമെന്ന് ഉപദേശിച്ച ഇക്കണോമിസ്റ്റ് നയപരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജി വെച്ച് വിദേശത്തെ പഴയ ജോലിയിലേക്ക് തിരിച്ചു പോയി. 

ഇനി എന്ത് ചെയ്യും. മേശപ്പുറത്തു കിടന്ന പത്രത്തിന്റെ തലക്കെട്ടിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. പ്രതിമയ്ക്കു ള്ളിലെ മാറാല തൂക്കാൻ നിയമിച്ച സ്വച്ഛ രാജ്യ വോളന്റീർമാർ ഇനി ശമ്പളം തന്നില്ലേൽ മാറാല തൂക്കില്ല എന്ന് പ്രഖ്യാപിച്ചു സമരത്തിലേക്ക്. കോപത്തോടെ സചിവോത്തമൻ ആ പത്രം എടുത്തു തിരിച്ചിട്ടു. പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന പരസ്യത്തിലെ സ്വന്തം മുഖ കാന്തിയിൽ അത്ഭുതപ്പെട്ടുകൊണ്ട് സചിവോത്തമൻ വീണ്ടും ഉലാത്തുവാൻ തുടങ്ങി. 

“കുറെ നേരമായല്ലോ, എന്താ ഇപ്പോൾ പ്രശ്നം.”

അടുക്കളയിൽ കയറി ഒരു  തോരൻ ഉലത്താൻ പോലും ഇഷ്ടമില്ലാത്ത സചിവോത്തമ ഭാര്യക്ക് ഈ നീണ്ടുനിൽക്കുന്ന ഉലാത്തൽ രംഗം അത്ര പിടിക്കുന്നില്ല. സചിവോത്തമൻമാർ ഉലാത്തുന്നത് നൂറ്റാണ്ടുകളായി ഉള്ള പാരമ്പര്യമാണ്. ഭരണാധികാരികളെ ഇങ്ങനെ ഉലാത്തുവാൻ ദൈവം നിയോഗിച്ചിട്ടുള്ളതാകുന്നു.  സചിവോത്തമൻ തന്റെ ഭാര്യാരത്നത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ആ മുഖദർശനം തനിക്കു എന്നും ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

പൂജാമുറിയിലേക്കു ഭാര്യയുടെ ഇഷ്ടദേവന്റെ വിഗ്രഹം വാങ്ങിയപ്പോൾ ആ മുഖത്തുണ്ടായ സന്തോഷമാണ് തന്റെ ഭരണ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിമ നിർമാണ നയത്തിന് അടിത്തറ ഇട്ടതു. നിർമിച്ചു കൊണ്ടിരുന്ന പ്രതിമകളും, പുതുതായി പ്രഖ്യാപിച്ച പ്രതിമകളും ചേർന്നാണ്  കഴിഞ്ഞ അഞ്ചു വർഷവും തന്നെ തുണച്ചതും. പക്ഷെ ഇപ്പോഴത്തെ പ്രശ്നം ഒരു ഇക്കണോമിസ്റ്റിനു മാത്രമേ കൈകാര്യം ചെയ്യാനാവൂ.

പ്രശ്‍നങ്ങൾ പഠിക്കുവാനും, പരിഹാരം നിർദ്ദേശിക്കുവാനും  സ്ത്രീകൾക്കുള്ള സ്വാഭാവിക കഴിവ് ഇക്കാര്യത്തിൽ എത്രമാത്രം പ്രയോജനം ചെയ്യുമെന്നറിയില്ല. എന്നിരുന്നാലും ചർച്ച ചെയ്യാൻ ഒരാളെ കിട്ടിയല്ലോ. ഉലാത്തൽ നിർത്തി സചിവോത്തമൻ ഉപവിഷ്ടനായി. 

“ ഉയർന്നു വരുന്ന ദാരിദ്യം-പട്ടിണി ഇതാണ് പ്രശ്നം, വിശപ്പു സഹിക്കാൻ വയ്യാഞ്ഞിട്ട് കുഞ്ഞുങ്ങൾ മണ്ണ് തിന്നുന്നു എന്നൊക്കെയാ പത്രക്കാർ എഴുതിവിടുന്നത്.- പൊവെർട്ടി  ഇറാഡിക്കേഷൻ പദ്ധതികൾ വേണം...ഈ വരുന്ന സഭാ സമ്മേളനത്തിൽ പ്രഖ്യാപിക്കണം. എന്നിട്ടു വേണം അടുത്ത തിരഞ്ഞെടുപ്പിന് ഇറങ്ങുവാൻ... പുതിയ പദ്ധതികൾ എന്തേലും? 

“ഉയർന്നു വരാൻ പട്ടിണി എന്നത് ഡാമിലെ ജലനിരപ്പൊന്നുമല്ലലോ.”

ആശ്വാസ വചനം!  ശരിയാണ്, ഇത്രേം ഉലാത്തണ്ടായിരുന്നു. കൂടുതൽ ക്രീയാത്മകമായ നിർദേശങ്ങൾക്ക്  വേണ്ടി സചിവോത്തമൻ കാതോർത്തു. 

‘‘പ്രീഡിഗ്രി ക്ലാസ്സിലെ എക്കണോമിക്സ് പുസ്തകത്തിൽ പഠിച്ചതാ, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള വരവ് ജനങ്ങൾക്കില്ലാത്ത അവസ്ഥയാണ് ദാരിദ്ര്യം അഥവാ പൊവെർട്ടി. ദാരിദ്ര്യം ഇല്ലാതെയാക്കാൻ  ജനങ്ങളുടെ സാമ്പത്തിക വരുമാനം വർധിപ്പിക്കാനുള്ള നടപടി സർക്കാരിൽ നിന്ന് ഉണ്ടാവണം. നിങ്ങൾക്ക് അതിനുള്ള പാങ്ങില്ല - അതാണ് പ്രശ്നം’’

ഭാര്യയുടെ സ്വരത്തിലെ ദൃഢത നൽകിയ ധൈര്യത്തോടെ സചിവോത്തമൻ ഒന്ന് നിവർന്നു  ഇരുന്ന്‌  ചെവികൾ കൂർപ്പിച്ചു.

‘‘ഇനി പരിഹാരം. ഞാൻ പറയുന്ന ലൈനിൽ ഒന്നാലോചിച്ചു നോക്ക്. നമ്മൾ പഠിച്ചിരുന്ന കാലത്തു ഭക്ഷണം, വസ്ത്രം, പാർപ്പിടം- ഇവ ആയിരുന്നു അടിസ്ഥാന സൗകര്യങ്ങൾ.” 

മൂന്നാം ക്ലാസിൽ  മൂന്നു  വർഷം പഠിച്ച പാഠം സചിവോത്തമന്റെ മനസ്സിലും  മുഖത്തും തെളിഞ്ഞു വന്നു.   

“നിങ്ങൾക്ക് മുൻപേ ഈ കസേരയിലിരുന്ന ചിലർ പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം, വൃത്തിയുള്ള പരിസ്ഥിതി ഒക്കെ അടിസ്ഥാന സൗകര്യങ്ങളിൽ കൂട്ടിച്ചേർത്തു, അവയൊക്കെ ജനങ്ങളുടെ അവകാശമാക്കി പ്രഖ്യാപിച്ചു. ഇതെല്ലം കൂട്ടി മുട്ടിക്കാൻ പറ്റാതെ ആ ചുവന്ന വരയുടെ അടിയിലേക്ക് കൂടുതൽ ആളുകൾ വീണുപോയതാ.”

‘‘അപ്പൊ ഇനി’’…. സചിവോത്തമൻ വെടിവെക്കാനായി തോക്കിൽ കയറിയെങ്കിലും ഭാര്യയുടെ കണ്ണുകളിൽ ഒരു സാമ്പത്തിക ഉപദേശകയുടെ നോട്ടം കണ്ടു പിൻവലിഞ്ഞു. 

‘‘ അടിസ്ഥാന സൗകര്യങ്ങളുടെ ലിസ്റ്റിൽ വായുവും വെള്ളവും മാത്രമേ ഉള്ളൂ എങ്കിൽ  വരുമാനം കുറവ് മതിയല്ലോ,  ദാരിദ്ര്യത്തിന്റെ നിരപ്പ് താഴില്ലേ...’’

മതി ഇത്രയും  കേട്ടാൽ മതി. ഇനി എന്തുചെയ്യണമെന്ന് സചിവോത്തമനു നന്നായി അറിയാം.. ആരുമറിയാതെ ഒരു  ജി.ഒ  ഇറക്കണം, എന്നിട്ട് ചരിത്രത്തിൽ ആദ്യമായി ദാരിദ്ര്യ രേഖ താഴ്ത്തുവാൻ സാധിച്ചതിനെക്കുറിച്ച് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യം,  എല്ലാ മണ്ഡലങ്ങളിലും ആഘോഷങ്ങൾ. പൊതു സമ്മേളനങ്ങൾ. പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്റെ പടം വെച്ച് വേണം പോസ്റ്ററുകളും പരസ്യങ്ങളും.

‘‘എടീ നീയാ നമ്മുടെ കല്യാണ ആൽബം ഇങ്ങെടുത്തേ, അതിൽ നിന്നെ കാണാൻ നല്ല ചേലുണ്ട്’’

English Summary : Economist Story By Bijoy s Palakkunnel