നൃത്തം ചെയ്യുന്നവൾ (കഥ)

സ്വർഗ്ഗത്തിലെ അനേകായിരം മാർബിൾമാളികകളിലൊന്നിന്റെ പതിമൂന്നാം നിലയിലിരുന്ന്* റൂമി തന്റെ ദൂരദർശിനിക്കുഴൽ അക്ഷമനായി തിരിച്ചുകൊണ്ടിരുന്നു.

‘നീയെന്താണീ ചെയ്യുന്നത്?’

എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

‘ഭൂമിയിൽ ഞാനൊരാളെ കണ്ടെത്തിയിരിക്കുന്നു. അവളെപ്പറ്റി കൂടുതലറിയാൻ ശ്രമിക്കുകയാണ്.’

ഒട്ടും താൽപര്യമില്ലാത്ത പോലെ മറുപടി.

‘അവൾ?’ ഞാനാക്കൈകൾ തട്ടി മാറ്റി കുഴലിലൂടെ താഴേക്ക്നോക്കി.

ഞാനറിയുന്ന സ്ഥലം!

അതേ വീട്

അതേ  കിടപ്പുമുറി 

അതേ  ജനലോരം 

അതേ ......നോട്ടം.

‘ഹേയ്, നീയെന്തിനെന്റെ ഭാര്യയെ നോക്കുന്നു?’

വിതുമ്പിപ്പോകാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചതുകൊണ്ടാവണം, എന്റ‌െ ശബ്ദം തീർത്തും പരുഷമായിരുന്നു.

ചോദ്യം പ്രതീക്ഷിച്ചിട്ടെന്നപോലെ റൂമി പൊട്ടിച്ചിരിച്ചു.

‘നിന്റെ ഭാര്യയോ, അതെങ്ങനെ? വിധവ എന്നു പറയ്’

‘ശരി, നീയെന്തിനവളെ തുറിച്ചു നോക്കുന്നു?’

എനിക്കു വീണ്ടും നിയന്ത്രണം വിട്ടു.

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം റൂമി പറഞ്ഞു:

‘അറിയുമോ, നിന്റെയോർമ്മകളുടെ തീയിനെ അവളൊടുവിൽ നിർവീര്യമാക്കിയിരിക്കുന്നു.

ഇന്നവൾ ശാന്തയായൊഴുകുന്നു; അല്ല,ഉറങ്ങുന്നു. എൻറെ വാക്കുകൾ പുതച്ച്.. അതിന്റെയാഴങ്ങളിൽ ലയിച്ച്

ഊദ് കത്തിച്ചുവെച്ച സുഗന്ധക്കാറ്റിലും എന്നിൽ വിയർപ്പു പൊടിഞ്ഞു.

റൂമി തുടർന്നു,

‘ഓർമ്മകളുടെ ഉടുപ്പുപേക്ഷിച്ച അവൾ ഇന്ന് അങ്ങേയറ്റം ശാന്തയാണ്.നോക്കൂ, ജാലകത്തിനപ്പുറമുള്ള  

ആ വരണ്ട പാടങ്ങളെല്ലാം അവളുടെ ദൃഷ്ടികളിൽ സമുദ്രമായ് അലയടിക്കുന്നു. സ്വന്തം നഗ്നതയാൽ ആ മഹാസമുദ്രത്തെ അധീനതയിലാക്കി അതിൻറെ ചുവട്ടിലിരുന്ന്  അവൾ എനിക്കായൊരു കാവ്യം രചിക്കും’

ഞാൻ അസ്വസ്ഥനായി, ദുഃഖിതനും.

അവളെപ്പോലെ തന്നെ,ആ ഓർമ്മകളും പതുങ്ങിവന്ന് പിന്നിൽനിന്നുമെന്നെ മുറുകെപ്പുണരുന്നു.

ഒരു നിമിഷം..!

കണ്ണീർ ഉറവപൊട്ടുന്നതറിഞ്ഞ ഞാൻ കണ്ണുകളിറുക്കിയടച്ചു.

അപ്പോഴേക്കും രണ്ടു തുള്ളികൾ പുറപ്പെട്ട്, റൂമിയുടെ മടിയിലേക്കുതിർന്നു വീണു!

ഒന്ന് ഞെട്ടിയ റൂമി ചിരിച്ചുകൊണ്ടെഴുന്നേറ്റു പറഞ്ഞു.

‘നീ വിഷമിക്കേണ്ട; കാവ്യരചന പൂർത്തീകരിച്ച ശേഷം തൂവലുകളെല്ലാം പൊഴിച്ചുകളഞ്ഞ് അവൾ നിന്നിലേക്കു തന്നെ പറന്നുവരും.’

ഒലീവെണ്ണ  നിറച്ച വിളക്കുകൾ എല്ലായിടവും തെളിഞ്ഞു.

                                       

(* റൂമി 13-ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്)

English Summary : Nirtham Cheyyunnaval Story By Suresh Narayanan