‘ഇതാരാണെന്ന്’ ചോദിച്ച അതിഥിയോട്; ‘ഇത് തറവാട്ടിലുള്ളതാ’ എന്ന് ജാള്യതയോടെ മരുമകൾ പറഞ്ഞപ്പോൾ...
ങ്കാറ (കഥ)
‘‘ങ്കാറ... ങ്കാറ..’’
കയ്യിൽ കുറച്ചു നാണയങ്ങൾ നീട്ടി പാച്ചു പറഞ്ഞു.
വിറകടുപ്പിൽ നിന്നുയർന്ന പുക ചിത്രം വരച്ച ചുമരിലെ വളഞ്ഞൊരു കമ്പിയിൽ കൃത്യമായ അളവിൽ മുറിച്ചു തൂക്കിയിട്ട പഴയ പത്രത്താളുകളിൽ നിന്നൊന്ന് വലിച്ചെടുത്ത് അതിൽ നാലു ചൂട് പൊറാട്ട ചുരുട്ടി പൊതിഞ്ഞു ചായക്കടക്കാരൻ അവനു നൽകി. ഒപ്പം മറു കയ്യിൽ നിന്നും നാണയങ്ങളെടുത്ത് നൂലിഴകകൾ പുറത്തേക്ക് ചാടി അരികു കീറിയ അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരിച്ചിട്ട് ചായക്കടക്കാരൻ തിരിച്ചു നടന്നു.
ചൂടുചായ ഊതിക്കുടിച്ച് പുറത്തെ കാഴ്ച്ചകളിൽ കണ്ണോടിച്ച് ഇരുന്നിരുന്ന ഒരാൾ ഇത് കണ്ടു അത്ഭുതം കൂറി. ഇതേത് ഭാഷ!
ഒന്നും മനസ്സിലാവാതെയുള്ള നോട്ടം കണ്ടിട്ടാവണം, സമോവറിനകത്തെ മാളത്തിലെ കൊച്ചു കപ്പിൽ തൂങ്ങിക്കിടന്ന തുണിസഞ്ചിയിൽ നിന്നും സത്തിനൊപ്പം നൂഴ്ന്നിറങ്ങിയ നേർത്ത തേയിലപ്പൊടിയും കുറച്ചു പതയും ശേഷിച്ച കാലി ഗ്ലാസ്സ് ചൂണ്ടുവിരലിട്ട് തള്ളവിരലാൽ പൊക്കിയെടുക്കുമ്പോൾ ചായക്കടക്കാരൻ വിശദീകരിച്ചു കൊടുത്തു.
‘‘അതാണ് നമ്മുടെ ഫൈസൽ. പാവമാണ്.. ഞങ്ങളൊക്കെ പാച്ചു എന്നു വിളിക്കും. അപ്പുറത്തെ കെട്ടിടത്തിന് പിന്നിലായിട്ടാണ് വീട്. സംസാരശേഷി കുറവാണ്. പൊറോട്ടയ്ക്ക് അവൻ പറയുന്നത് ങ്കാറ എന്നാണ്. അങ്ങനെ ഓരോന്നിനും അവൻ തന്നെ അവന്റെ ഭാഷയിൽ വിളിക്കുന്ന പേരുകളുണ്ട്. അല്ലെങ്കിൽത്തന്നെ എന്തിനാ ഭാഷ. മനസ്സറിഞ്ഞാൽ ആവശ്യങ്ങളും അറിയും’’
പാച്ചുവിൻറെ ഭാഷ മനസ്സിലാകുന്നത് ചായക്കടക്കാരനെപ്പോലെ ചില കച്ചവടക്കാരും അയൽവാസികളും വീട്ടുകാരും മാത്രമാണ്. എങ്കിലും അവന്റെ മനസ്സറിഞ്ഞ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് അവന്റെ ഉമ്മ മാത്രമാണ്. അവന്റെ നോട്ടത്തിൽ തന്നെ അവർ ആവശ്യങ്ങൾ മനസ്സിലാക്കും.
‘‘മ്മ.. മ്മ’’
‘‘അവിടെ ഇരിക്ക് പാച്ചൂ. കറിയും പാത്രവും ഇപ്പൊ കൊണ്ടുവരാട്ടാ’’ അവന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കാതെ തന്നെ ഉമ്മ പറഞ്ഞു. അവർ കറിയുടെ അവസാന മിനുക്കു പണിയിലാണ്. ചീനച്ചട്ടിയിലെ ചൂടുള്ള വെളിച്ചെണ്ണയ്ക്ക് നീര് കടം കൊടുത്ത്, ചെറിയുള്ളി സ്വർണ്ണം വാങ്ങിയപ്പോൾ വേപ്പില നീര് വറ്റി ഞെരിഞ്ഞമരാൻ തയാറെടുത്തു.
‘‘മ്മ’’ അടുക്കളയിൽ നിന്നുമുയർന്ന ഗന്ധം ക്ഷമയെ പരീക്ഷിക്കാനൊരുങ്ങിയപ്പോൾ പാച്ചുവിൻറെ വിളി ഉച്ചത്തിലായി.
‘‘ദാ’’
അവന്റെ മുമ്പിലേക്ക് കറിയും പാത്രവും വെച്ച് അകത്തെ മുറിയിലേക്ക് പോയ ഉമ്മ തിരിച്ചു വരുമ്പോൾ കയ്യിൽ രണ്ടു ഗുളികകളുണ്ടായിരുന്നു.
‘‘ഭക്ഷണത്തിനു ശേഷം ഇത് കഴിക്കണം ട്ടാ’’ ഉമ്മ ഒരു ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു കൊണ്ട് അവനോട് പറഞ്ഞു. അവൻ പൊറോട്ടയും കറിയും കൂട്ടിക്കുഴക്കുന്ന തിരക്കിലായിരുന്നു.
ആർത്തിയോടെ അവൻ കഴിക്കുന്നതും നോക്കി അവർ അടുക്കള വാതിലിൽ ചാരി നിന്നു.
പാച്ചുവിൻറെ സഹോദരനും സഹോദരിയും അടുത്തടുത്ത് തന്നെയാണ് താമസം.
‘‘ഉമ്മാക്കും അവനും അവിടെ വന്നു നിന്നു കൂടെ. അവിടെയാകുമ്പോൾ ഗ്യാസടുപ്പും വാഷിംഗ് മെഷീനും എല്ലാ സൗകര്യങ്ങളുമുണ്ട്. ഈ പഴയ വീട്ടിൽ നിൽക്കണോ’’ അവർ പലവട്ടം ഉമ്മയെ വിളിച്ചതാണ്.
വന്നുകയറിയ മരുമകൾക്കും മരുമകനുമൊന്നും അവനെ മനസ്സിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ മാത്രമാണ് ആ വിളികൾ മന:പ്പൂർവ്വം അവർ വിസ്മരിച്ചത്. കഠിനമായ വിശപ്പും ചില ആഹാരങ്ങളോടുള്ള അവന്റെ ഇഷ്ടവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് ഉറപ്പാണ്. പിന്നെ അവൻ പറഞ്ഞത് മനസ്സിലാകണം എന്നുമില്ല.
ഒരിക്കൽ മകന്റെ വീട്ടിൽ നടന്നൊരു വിരുന്നിൽ പാച്ചുവിനെ ചൂണ്ടി ‘ഇതാരാണെന്ന്’ ചോദിച്ച അതിഥിയോട് ‘ഇത് തറവാട്ടിലുള്ളതാ’ എന്ന് സ്വല്പം ജാള്യതയോടെ മരുമകൾ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്. അതിനു ശേഷം അവർ ആ വീട്ടിൽ പോയിട്ടില്ല. അങ്ങോട്ട് പോകരുതെന്ന് പാച്ചുവിനോട് ശട്ടം കെട്ടിയിട്ടുമുണ്ട്.
ശട്ടങ്ങൾ പലതുമുണ്ടെങ്കിലും ചിലതൊക്കെ പാച്ചു തെറ്റിക്കാറുണ്ട്. അവന്റെ ഇഷ്ട വിനോദം അമ്പലപ്പറമ്പിലിരുന്ന് കളി കാണലാണ്. ഊണിന് ശേഷം സന്ധ്യ വരെ അവന്റെ വിഹാരം അവിടെയാണ്. റബ്ബർ ചെരുപ്പിന്റെ വള്ളികളിൽ കിടന്ന് നീരു വന്നു വീർത്ത കാലുകൾ ആയാസപ്പെട്ട് നീക്കി, ഇതുവരെ ഇസ്തിരിപ്പെട്ടി കാണാത്തതിനാൽ മുകളിലേക്ക് ചുരുണ്ടു കയറിയ ഷർട്ടിനുള്ളിൽ നിന്നു പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന വയറും താങ്ങി, ആരേയും കൂസാതെയുള്ള അവന്റെ നടത്തം ആരിലും കൗതുകം സൃഷ്ടിക്കും..
ഒച്ചവെച്ചും കളിക്കാൻ വന്നവർ വാങ്ങിക്കൊടുക്കുന്ന സർബത്തും പഫ്‌സും കേക്കും കഴിച്ചും അവനവിടെ കൂടും. കളിക്കിടെ സംഭവിക്കുന്ന കശപിശയിൽ വേണ്ടപ്പെട്ടവരുണ്ടെങ്കിൽ അവനിടപെടും. ന്യായം തങ്ങളുടെ പക്ഷത്താണെങ്കിലും പാച്ചുവിൻറെ ശക്തിയറിയാവുന്നത് കൊണ്ട് എതിർപക്ഷം പിന്മാറും. അവന്റെ വേണ്ടപ്പെട്ടവർ അങ്ങനെ രക്ഷപ്പെടും. സർബത്തും കേക്കും പഫ്‌സുമൊക്കെ അതിന്റെ പ്രത്യുപകാരം കൂടിയാണ്.
‘‘അവന് നിങ്ങളൊന്നും വാങ്ങിക്കൊടുക്കരുത്. അല്ലെങ്കിൽ തന്നെ തടി ഓവറാണ്.. കൊളസ്ട്രോളും ഷുഗറും ഒക്കെ വളരെ കൂടുതലും’’ അമ്പലപ്പറമ്പിൽ സ്ഥിരം വരുന്നവരോട് പാച്ചുവിൻറെ ജ്യേഷ്ഠൻ പലവുരു പറഞ്ഞതാണ്. എങ്കിലും കൊതിയോടെയുള്ള അവന്റെ നോട്ടം കാണുമ്പോൾ ആ ഭീഷണി എല്ലാവരും മറക്കും.
‘‘നിന്നെ ഞാൻ അറുത്ത് പാച്ചുവിന് പൊരിച്ചു കൊടുക്കും’’ ഏറെ സമയത്തെ പരിശ്രമത്തിനു ശേഷം കൂട്ടിൽ കയറിയ പൂവൻ കോഴിയെ നോക്കി പാച്ചുവിന്റെ ഉമ്മ കലിപൂണ്ടു.
കോഴിക്കൂട് അടച്ച് കൊളുത്തിട്ട് പുറത്തെ പൈപ്പിൽ നിന്നും കയ്യും കാലും മുഖവുമൊക്കെ കഴുകി വീട്ടിനകത്തേക്ക് കയറിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന പാച്ചുവിനെ കണ്ടത്.
‘‘ഇന്നെന്താ വന്ന പാടെ കിടക്കുന്നെ’’ അവർ ചോദിച്ചു.
മറുപടിയൊന്നും കേൾക്കാതെയായപ്പാൾ അവർ പാച്ചുവിൻറെ അരികിൽ വന്നിരുന്നു കൊണ്ട് തോളിൽ കൈവെച്ചു. പാച്ചു അവർക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നുകൊണ്ട് ഉമ്മയുടെ വലതു കൈ എടുത്ത് നെറ്റിയിൽ അമർത്തി. അവന്റെ നെറ്റിയിലെ ചൂട് അവരുടെ കൈകളിലേക്ക് പ്രവഹിച്ചു.
‘‘നല്ല പനിയുണ്ടല്ലോ.. തല വേദനിക്കുന്നുണ്ടോ?’’
അവൻ തല കുലുക്കുക മാത്രം ചെയ്തു.
‘‘സാരല്യ.. മ്മ കഞ്ഞിയുണ്ടാക്കി തരാം.. മോൻ കിടന്നോട്ടാ’’
അവൻ തിരിഞ്ഞു കിടന്നു.
‘‘കഞ്ഞിക്കൊപ്പം പപ്പടം വേണോ മുട്ടപൊരിച്ചത് വേണോ’’ അടുക്കളയിലേക്ക് പോകും മുമ്പ് അവർ ചോദിച്ചു.
‘‘ട്ട’’
അവന്റെ ശബ്ദം നേർത്തിരുന്നു.
ഉച്ചയ്ക്ക് മിച്ചം വന്ന ചോറിൽ ഉപ്പിട്ട് ചുടുവെള്ളമൊഴിച്ച് തയാറാക്കിയ കഞ്ഞിയും മുട്ടപൊരിച്ചതുമായി ഉമ്മ വരുമ്പോഴേക്ക് പാച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതിയിരുന്നു. വലിയ ശബ്ദത്തിലുള്ള അവന്റെ കൂർക്കം വലി കേട്ട് അവർ അതെല്ലാം അകത്ത് ടേബിളിൽ കൊണ്ടു പോയി മൂടി വെച്ചു. തിരിച്ചു വന്നു അവർ അവന്റെ അരികിലിരുന്നു. വലതു കൈകൊണ്ട് അവന്റെ തലമുടിയിൽ പതിയെ വിരലുകളോടിച്ചു. കൂർക്കം വലിയുടെ ശബ്ദം അൽപം കുറഞ്ഞു.
അവനോടൊപ്പം ചുമരിനോട് ചേർന്ന് കിടന്ന പുതപ്പെടുത്ത് അവനെ പുതപ്പിച്ചു.. താഴെ ഒരു പായ വിരിച്ച് മുറിയിലെ വെളിച്ചമണച്ച് ഫാൻ ഓൺ ചെയ്തു അവരും കിടന്നു. ഫാനിനൊപ്പം പാച്ചുവും കൂർക്കം വലിച്ച് മത്സരം തുടങ്ങി..
ഒന്നും കഴിക്കാതെ കിടന്നത് കൊണ്ടാവണം അർദ്ധ രാത്രിയിൽ അവർ ഉറക്കമുണർന്നു. ജനവാതിൽ വഴി അകത്തേക്ക് വന്ന നിലാവിന്റെ നേർത്ത വെളിച്ചത്തിൽ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന പാച്ചുവിനെ കാണാം. മുറിയിൽ ഫാനിന്റെ ശബ്ദം മാത്രം.
അവർ എഴുന്നേറ്റ് അവന്റെ അരികിൽ വന്നിരുന്നു കൊണ്ട് അവന്റെ നെറ്റിയിൽ കൈവെച്ചു.
തണുപ്പ്!
അവർ പെട്ടെന്ന് കൈ വലിച്ചെടുത്തു. കട്ടിലിൽ നിന്നെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു.
‘‘പാച്ചൂ’’ അവർ മകനെ കുലുക്കി വിളിച്ചു.
ടേബിളിൽ മൂടി വെച്ച കഞ്ഞിക്കും മുട്ട പൊരിച്ചതിനും ചുറ്റും കൂറകൾ റോന്ത് ചുറ്റുമ്പോൾ വീടിനു പുറത്ത് ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു.
അകത്തെ മുറിയിലിരുന്ന് നോവിന്റെ കണ്ണീർ പൂക്കളർപ്പിച്ച് കൊണ്ട് ആ ഉമ്മ ദൈവത്തിനോട് പ്രാർത്ഥിച്ചു.
‘‘ദൈവമേ.. എനിക്ക് ശേഷം എന്റെ പാച്ചുവിന് ആരുമുണ്ടാകില്ലല്ലോ.. എന്നേക്കാൾ മുമ്പ് എന്റെ പാച്ചുവിനെ വിളിക്കേണമേ എന്ന എന്റെ പ്രാർത്ഥന നീ കേട്ടു.. ഇനി ഈ ലോകത്ത് എനിക്കാരുമില്ല, എന്നെയും കൂടി എത്രയും വേഗം നിന്റെയും അവന്റെയും അരികിലേക്ക് വിളിക്കേണമേ...!’’
English Summary : Ingara Story By Rafees Maranchery