പപ്പേട്ടൻ വെറുമൊരു ആനയല്ല (ഓർമ്മക്കുറിപ്പ്)

പോക്കറ്റിൽ കിടന്ന് ഫോൺ തുരുതുരാ വിറക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ എടുത്തത്. സ്‌ക്രീനിൽ വാട്സ്ആപ്പ് മെസേജിന്റെ നോട്ടിഫിക്കേഷൻ. ഒന്നാംക്ലാസ് മുതൽ ബി എഡ് വരെയുള്ള  ഗ്രൂപ്പുണ്ട് വാട്സാപ്പിൽ. ഒരു പണിയും ഇല്ലാതെ കുത്തികുത്തി ഇരിക്കുന്ന കുറെ എണ്ണം ഉണ്ടല്ലോ കേശവന്മാമന്മാരും മാമിമാരുമായി.

സ്വപ്നംകണ്ടതും ദാനംകിട്ടിയതും വെട്ടിപ്പിടിച്ചതുമായ പോസ്റ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി വിജ്ഞാനവിളംബരം നടത്തുന്നവർ.അതുകൊണ്ടു തന്നെ പലഗ്രൂപ്പുകളും നിശബ്ദമാക്കിയിട്ടിരിക്കുക യാണ്.ഫോണിന്റെ ലോക്ക് ഓൺ ചെയ്തതോടെ മെസേജുകളുടെ കുത്തൊഴുക്കായിരുന്നു.അതിൽ പ്രവാസിഗ്രൂപ്പിൽ ഒരു ഓൺലൈൻ ചാനലിന്റെ വാർത്ത ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു.വാർത്ത കണ്ടയുടനെ കെ.പിയെ ആണ് ആദ്യം വിളിച്ചത്.

‘‘ഉദയേട്ടാ മനോജാണ്...ആഭേരി…...സത്യാണോ?’’

‘‘പപ്പേട്ടൻ പോയെടോ.......ഞാൻ ആനക്കോട്ടയിലുണ്ട്....പപ്പേട്ടന്റെ അടുത്തുണ്ട്’’

ഇത്രയും ക്ഷീണിതമായി ഉദയേട്ടന്റെ ശബ്ദം കേട്ടിട്ടില്ല.ഫോൺ വച്ചു കുറച്ചുനേരം ദൂരേക്ക് നോക്കിയിരുന്നു

മരിച്ചത് (ചെരിഞ്ഞു എന്ന് എഴുതാൻ തോന്നുന്നില്ല) വെറുമൊരു ആനയല്ല...ഞങ്ങളുടെ അഹങ്കാരമാണ്. ഓരോ ഗുരുവായൂരുകാരനും അലങ്കാരമായി കൊണ്ട് നടക്കുന്ന അഹങ്കാരം. ആനകളുമായുള്ള ബന്ധം ആരംഭിക്കുന്നത് ഗുരുവായൂർ എ യു പി സ്‌കൂളിലെ(വൈദ്യർടെ സ്‌കൂൾ) പഠനകാലത്താണ്.

സ്‌കൂളിന് സമീപത്താണ് ശീവേലിപ്പറമ്പ്. അമ്പലത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ആനകളെ കെട്ടുന്നത് ആ പറമ്പിലാണ്. ചിലപ്പോൾ എണ്ണം കൂടുതലും ഉണ്ടായേക്കാം. പനമ്പട്ട തുമ്പിക്കയ്യി ലിട്ട് വീശി തിന്നുന്നത് നോക്കിനിൽക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. ഞങ്ങൾ....... ഞാൻ (കാക്കത്തൂറി), വിജയരാജ്(വിക്കൻരാജ്) അനിലേഷ് (ആനക്കുട്ടി) രാജീവ്(വെല്ലിമൂക്കൻ) അനിൽ(മൂക്കൊലിയൻ) ഗോപിനാഥൻ(കോഴിക്കുട്ടി) റെജി(പോത്തൻ) എന്നിവർ മാനേജരുടെ കണ്ണുംവെട്ടിച്ചു കുളത്തിന്റെ മണ്ടയ്ക്കലിലൂടെ റോഡിലിറങ്ങി ശീവേലിപ്പറമ്പിൽ ചെന്ന് നിൽക്കും.കൂട്ടത്തിൽ രാജീവിനു ആനകളെ പേടിയാണ്. നന്ദൻ,വലിയകേശവൻ,ലക്ഷ്മിക്കുട്ടി,മുകുന്ദൻ....ഓരോ ദിവസവും ഓരോരോ ആനകൾ.

ഗുരുവായൂർ പത്മനാഭൻ

ഒരു ദിവസം. വേങ്ങേരി ഉണ്ണിനമ്പൂതിരി അനിലേഷ് ഒരാനയെ ചൂണ്ടിപ്പറഞ്ഞു ‘‘ ഇതാണ് പത്മനാഭൻ..എന്റെ രാമപ്പൻ ഇന്ന് ശീവേലിക്ക് ഇവന്റെ പുറത്തായിരുന്നു’’ (ഉപനയനചടങ്ങുകളുടെ ഭാഗമായി കാതിൽ കമ്മലിട്ട് വന്നതിനു അവനെ കളിയാക്കിയപ്പോൾ ഇനി അമ്പലത്തിലെ പായസം കൊണ്ടുവന്നു തരില്ല എന്ന് ശപഥം ചെയ്തത്, ചന്ദ്രു മാഷ്ടെ മുളംകൊട്ടയിലെ ലുലു മാളിൽ നിന്ന് തേൻ നിലാവ് വാങ്ങിക്കൊടുത്ത് എല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കിയിട്ടുള്ള ദിവസമായിരുന്നു അന്ന്),

ഒരു ആത്മബന്ധത്തിന്റെ തുടക്കം അവിടെ നിന്നാണ്. ഒറ്റച്ചങ്ങല കിലുക്കി തലയുയർത്തി പോകുമ്പോൾ ആ പോക്കിന് അകമ്പടി സേവിച്ചു. ഏഴാം ക്ലാസ് കഴിയുന്നത് വരെ ക്ഷേത്രപ്പരിസരത്ത് പപ്പേട്ടനെ കണ്ടാൽ അണുവിട മാറാതെ നോക്കിനിൽക്കും. പാപ്പാൻമാരോട് സമ്മതം ചോദിച്ചു തൊട്ടു തലോടും... വാലിൽ…. കാലിൽ….തുമ്പികൈയിൽ….കൊമ്പിൽ.

ഹൈസ്‌കൂൾ പഠനം അപ്പുമാഷ്‌ടെ സ്‌കൂളിൽ ആയതുകൊണ്ട് ആനകളുമായുള്ള ചങ്ങാത്തത്തിന് ഒരു ഇടവേളവന്നു. പിന്നെ കോളേജ്‌കാലം. കൂട്ടുകാരുമൊത്ത് പൂരപ്പറമ്പുകൾ കറങ്ങിനടക്കുന്ന കാലം. എവിടെ പോയാലും കൂട്ടിയെഴുന്നള്ളിപ്പ് കാണാതെ മടങ്ങില്ല. ഒട്ടുമിക്കയിടത്തും പപ്പേട്ടൻ ഉണ്ടാകും. കോലം വച്ച് മേളത്തിനൊത്ത് ചെവിയും വാലും ആട്ടിയങ്ങനെ ആൾക്കൂട്ടത്തെ ഹരം കൊള്ളിച്ച്.

പഴയ ഓർമ്മയിൽ പപ്പേട്ടന്റെ അടുത്ത് ചെല്ലും....

‘‘പപ്പേട്ടാ’’ ന്ന് വിളിക്കും. കേട്ടയുടനെ തിരിഞ്ഞു നോക്കും.

‘‘ഓർമ്മയുണ്ടോ?’’

‘‘ നിന്നെയൊക്കെ എങ്ങനെ മറക്കാനാടാ, പാപ്പാന്മാരെ സോപ്പിട്ട് എനിക്കുള്ള പഴക്കുലയിൽനിന്നു പഴം തിന്നിരുന്ന വിരുതനല്ലേ നീ’’ എന്ന് ഓർമിച്ചുകൊണ്ട് തലയാട്ടും. പാപ്പാന്മാരോട് ചോദിച്ചു ഒന്ന് തൊട്ടു തലോടും. എന്നിട്ട് കൈ മണക്കും. ആനച്ചൂര് സിരകളെ ഉന്മാദത്തിലാഴ്ത്തും.

ഏകാദശിക്കാലത്ത് പെരുവനം കുട്ടേട്ടന്റെ മേളം കേട്ട് കൊടിമരത്തിന്റെ അടുത്ത് ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ശിരസ്സിലേറ്റി ചെവിയാട്ടി നിൽക്കുന്ന നിൽക്കുന്ന പപ്പേട്ടൻ... ആനക്കോട്ടയിലെ പൂഴിമണ്ണിൽ കുളിച്ചു ഇത്തിരി കുറുമ്പനായി നിൽക്കുന്ന പപ്പേട്ടൻ....ഏതിനാവും ഭംഗി കൂടുതൽ?

ഗുരുവായൂർ പത്മനാഭൻ

എനിക്കിഷ്ടം ആനക്കോട്ടയിൽ ഒറ്റച്ചങ്ങലയിൽ തോട്ടിയൊന്നുമില്ലാതെ നിൽക്കുന്ന പപ്പേട്ടനെയാണ്. ഒരിക്കൽ ആനക്കോട്ടയിൽ പോയപ്പോൾ പപ്പേട്ടൻ നീരിലാണ്. ചെന്നിയിൽനിന്നും നീരൊഴുകിയതിന്റെ പാടുകൾ പക്ഷേ ..അത്രമേൽ ശാന്തൻ. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിപ്പോയി. മറ്റൊരിക്കൽ പപ്പേട്ടൻ നീരാടുന്നസമയമായിരുന്നു. ഇടത് കൊമ്പ് തേച്ചു മിനുക്കുകയായിരിക്കുന്നു ഒന്നാം പാപ്പാൻ. ചകിരികൊണ്ട് ആ കാൽ വണ്ണകളിൽ ഉരക്കുവാനുള്ള ഭാഗ്യം കൂടി ഉണ്ടായി.

പപ്പേട്ടനെ പുറത്തേക്ക് എഴുന്നള്ളിക്കാൻ പറഞ്ഞയക്കേണ്ടതില്ല എന്ന തീരുമാനത്തെ എല്ലാവരും നഖശിഖാന്തം എതിർത്തപ്പോൾ ആ തീരുമാനത്തിനോട് എന്റെ മനസ്സ് ചേർന്നുനിന്നു. കാരണം പപ്പേട്ടന് വയസ്സാവാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം അനിലേഷ് (വേങ്ങേരി) പതിവില്ലാതെ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. അനിലേഷിന്റെ വാക്കുകൾ...

‘‘ ഗുരുവായൂർ പദ്മനാഭന്റെ ആരോഗ്യസ്ഥിതി വർദ്ധക്യസഹജമായ കാരണം കുറച്ച് മോശമാണ്.

അവനെ ചികിത്സിക്കുന്ന ആവണപറമ്പ് തിരുമേനി കുറുന്തോട്ടി കഷായം കൊടുക്കുവാൻ നിർദ്ദേശിച്ചു.

കുറുന്തോട്ടിക്ക് വേണ്ടി അവിടെയുള്ള ജീവനക്കാർ അന്വേഷിച്ച് അലയുകയും നിരാശരായി മടങ്ങുകയും ചെയ്തു. ദേവസ്വം അധികൃതർ തിരച്ചിനായി പല ദിക്കുകളിൽ അന്വേഷിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ

ഗുരുവായൂർ പത്മനാഭൻ

ഗുരുവായൂരപ്പന് കുറുന്തോട്ടി കൊണ്ട് തുലാഭാരവുമായി ഒരു ഭക്തൻ വരുകയും കഷായത്തിന് വേണ്ടതായ കുറുന്തോട്ടി ലഭിക്കുകയും ചെയ്തു. ഭഗവാന്റെ ലീലാവിലാസം. ഗുരുപവനപുരാധീശാ. ശരണം’’

ഉള്ളൊന്നു തേങ്ങിപ്പോയി. എങ്കിലും മരുന്നിന്നുള്ള കുറുന്തോട്ടികിട്ടിയല്ലോ. ഇനി എല്ലാം ശരിയാകും. ഏപ്രിൽ 24ന് നാട്ടിൽ വരുന്നുണ്ട്. അമ്മയുടെ ശ്രാദ്ധത്തിന്. വന്നാൽ എന്തായാലും ആനക്കോട്ടയിൽ പോയി പപ്പേട്ടനെ കാണണം ന്ന് വിചാരിച്ചിരുന്നു. പപ്പേട്ടാ....അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ല.ആ പാദങ്ങളിൽ ഒന്ന് നമസ്കരിക്കാൻ കഴിഞ്ഞില്ല.

എന്നാലും മനസ്സിലുണ്ട്.... ഒറ്റ ചങ്ങല കിലുക്കി കിഴക്കേനടയിലെ ശീവേലിപ്പറമ്പിൽനിന്നും ക്ഷേത്രത്തിലേക്ക് പോകുന്ന പപ്പേട്ടനും പിറകിൽ പച്ച ട്രൗസറും വെള്ള ഷർട്ടും ഇട്ട് പിന്തുടരുന്ന ഒരു കുട്ടിയും.

English Summary : In Memories Of Guruvayoor Padmanabhan