അസമയത്ത് വാതിലിൽ മുട്ടുമ്പോൾ അത് ഭർത്താവാണെന്ന് ഒരിക്കലും കരുതിയില്ല; അവൾ സ്തംഭിച്ചു നിന്നു...
അതിജീവനം (കഥ)
മധുവിധുവിന്റെ നല്ല നാളുകൾക്ക് ശേഷം നന്ദൻ മടക്കയാത്രയ്ക്കൊരുങ്ങുകയാണ്. മീനു അലക്കി തേച്ച കുറെ ഡ്രസ്സുമായി റൂമിലേക്കെത്തി. കയ്യിലിരുന്ന തുണികൾ നന്ദനെ ഏൽപിച്ച് അൽപ്പം മാറി നിന്നു. കണ്ണുകൾ നനഞ്ഞിറങ്ങുന്നത് തടയുവാനായില്ലെങ്കിലും അത് നന്ദനറിയാതിരിക്കാൻ അവൾ നന്നെ പാടുപെട്ടു.
‘‘എത്രപെട്ടന്നാ ദിവസങ്ങൾ പോയത് അല്ലെ മീനൂ..? ഞാൻ പോയാൽ അമ്മയുടെ കാര്യം ഒക്കെ നോക്കിക്കോണം കേട്ടോ. ഇടയ്ക്ക് നിന്റെ വീട്ടിലും പോയി അവരെയൊക്കെ ഒന്നു കണ്ടുവാ.ഞാൻ അവിടെ ചെന്നാലുടൻ നിന്നെ കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യാം’’
നന്ദൻ പെട്ടി ഒരുക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടേയിരുന്നു.
‘‘മീനൂ, നീയെന്താ ഒന്നും മിണ്ടാത്തത്’’. അയാൾ തലയുയർത്തി നോക്കി. അപ്പോഴാണ് നിയന്ത്രണമില്ലാതെ ഒഴുകുന്ന ആ കണ്ണുകൾ നന്ദൻ ശ്രദ്ധിച്ചത്. അയാൾ അവൾക്കരികിലെത്തി.
‘‘ഏയ്, മീനൂ, എന്തായിത്? ഇങ്ങനെയാണോ നീയെന്നെ യാത്രയാക്കുന്നത്?’’
അവൾ തേങ്ങിക്കൊണ്ട് ആ തോളിലേക്ക് ചാഞ്ഞു. നന്ദൻ താനണിയിച്ച മോതിരക്കൈ തന്റെ കൈകളിൽ എടുത്തു. മൈലാഞ്ചി ചോപ്പ് ഇനിയും മാഞ്ഞിട്ടില്ല. നന്ദന് വിഷമം തോന്നി. അയാൾ അവളുടെ തല ഉയർത്തിപ്പിടിച്ചു. നിറഞ്ഞ കണ്ണുകൾ തുടച്ചു. നെറുകയിലെ കുങ്കുമം തുടച്ചു വൃത്തിയാക്കി.
‘‘എന്താ മീനൂ ഇത്, എനിക്ക് വിഷമമില്ലെന്നാണോ നീ കരുതുന്നത്...പോയല്ലെ പറ്റൂ? എത്രയും പെട്ടന്ന് ഞാൻ നിന്നെയും കൊണ്ടുപോകും അങ്ങ് കെനിയയിലേക്ക്. അതുവരെ മോളൊന്ന് ക്ഷമിക്ക്.’’
‘‘എനിക്കറിയാം, നന്ദേട്ടൻ ചുമ്മാ പറയുന്നതാ, എന്നെ സമാധാനിപ്പിക്കാൻ.’’
‘‘എടീ മണ്ടൂസെ, നിന്നെ പിരിഞ്ഞിരിക്കാൻ ഇനി എനിക്കും ആവില്ല’’
മീനു: ‘‘സത്യം’’
‘‘മം, സത്യം, നീ വേഗം ചെന്ന് ബാക്കി സാധനങ്ങൾ കൂടി എടുത്തോണ്ടുവന്നേ, ദേ, ഈ രാത്രി കൂടിയേ എനിക്കുള്ളു. അത് വെറുതെ ഇങ്ങനെ കരഞ്ഞ് കളയല്ലേ എന്റെ മീനൂ’’
നന്ദൻ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് കാതുകളിൽ എന്തോ മന്ത്രിച്ചു.
അത് കേട്ട മീനൂ നാണിച്ച് വിടർന്ന മുഖവുമായി മുറിയിൽ നിന്നും പുറത്തേക്ക് പോയി.
അപ്പോഴാണ് നന്ദന്റെ ഫോൺ ശബ്ദിച്ചത്.
ജോലിസ്ഥലത്ത് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നമ്പറാണ്.
നന്ദൻ ഫോണെടുത്തു.
‘‘എന്താടാ ഈ നേരത്ത്? ’’
അവർ രണ്ടുപേരുണ്ട് സ്പീക്കർ ഓൺ ചെയ്താണ് സംസാരം.
‘‘അളിയാ, നീയവിടെ എന്തെടുക്കവാ? ദേ ഇവിടെ ഓഫീസിനടുത്ത് നല്ലൊരു സാധനം വന്നിട്ടുണ്ട്. നീ ഒന്ന് പെട്ടന്നു വാ എന്നിട്ട് വേണം നമുക്ക് പഴയതുപോലൊന്ന് ആർമാദിക്കാൻ’’
‘‘ദേ, ഹരീഷേ, ഞാനിനി ആ പരിപാടിയ്ക്കൊന്നും ഇല്ല. ഇവിടെ എന്നെ മാത്രം വിശ്വസിച്ചിരിക്കുന്ന ഒരു പെണ്ണുണ്ട്. എന്റെ മീനു. അവളൊരു പാവമാണ്. അവളെ മറന്ന് എനിക്കിനി ഒന്നും വേണ്ട. ചെയത തെറ്റുകൾ തിരുത്താനാവില്ല. പക്ഷെ, ഇനിയുള്ള കാലം അവൾക്കു മാത്രമായി ജീവിക്കണം’’
‘‘ദേണ്ടടാ, ഇവനെന്നാ ശ്രീരാമനായത്.നമ്മളറിഞ്ഞില്ലല്ലോ’’
‘‘ങാ, അല്ലേലും ചിലവൻമാരിങ്ങനെയാടാ, കല്ല്യാണം കഴിഞ്ഞാൽ ഉടനെ തുടങ്ങും ഹരിശ്ചന്ദ്രന് പഠിക്കാൻ’’
രണ്ടു പേരും മാറി മാറി കളിയാക്കുന്നുണ്ട്. നന്ദൻ ഫോൺ കട് ചെയ്തു. വേർപാടിന്റെ ദുഖവുമായി ആ രാത്രി കഴിഞ്ഞു പോയി.
എയർപോർട്ടിൽ നിന്നും പിരിയുമ്പോൾ നന്ദൻ ഒന്നേ ആ മുഖത്തേക്ക് നോക്കിയുള്ളു. മീനുവിന്റെ മുഖം കരഞ്ഞ് തുടുത്തിരുന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ നടന്നു.
ഭാരമുള്ള മനസു മായിട്ടാണ് നന്ദൻ തിരികെ കെനിയയിൽ എത്തിയത്. റൂമിൽ എത്തിയ ഉടൻ മീനുവിനെ വിളിച്ചു.
‘‘മീനൂ, എന്തെടുക്കാ നീ, ഞാൻ എത്തിട്ടൊ’’, നന്ദന് മറുപടിയായി ഒരു തേങ്ങൽ മാത്രമാണ് കേട്ടത്.
‘‘മീനൂ, നല്ല ക്ഷീണമുണ്ട്, ഞാൻ നാളെ വിളിക്കാം’’.
‘‘ഇടയ്ക്കിടയ്ക്ക് വിളിയ്ക്കണേ നന്ദേട്ടാ’’
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
‘‘നീയെന്നെക്കൂടി വിഷമിപ്പിക്കല്ലെ മീനൂ’’
‘‘ഏയ് ഇല്ല, നന്ദേട്ടൻ ഇടയ്ക്ക് വിളിച്ചാൽ മതി.’’
അവൾ പെട്ടന്ന് സങ്കടം ഉള്ളിലൊതുക്കി.
‘‘മം, ഐ റിയലി മിസ് യൂ മീനൂ, ഗുഡ്നൈറ്റ്’’
അയാൾ ഫോണിലൂടെ അവൾക്ക് ഒരു ചുംബനം കൈമാറി.
അടുത്ത നാൾ ജോലിക്കെത്തിയ നന്ദനെ ഓഫീസിൽ എല്ലാവരും ചേർന്ന് കളിയാക്കി.
‘‘നന്ദാ, എന്തു പറയുന്നു പുതിയ ജീവിതം?, ട്രീറ്റ് വേണം ട്ടൊ’’
‘‘ഓ.. അതിനെന്താ ആവാല്ലോ, വീക്കെന്റ് ആവട്ടെ’’
നന്ദൻ തന്റെ സീറ്റിൽ ഇരുന്ന് ജോലി തുടങ്ങി.
എന്തോ വല്ലാത്ത ഒരു അസ്വസ്ഥത. പറയാനാവാത്ത ഒരു ക്ഷീണം. കുറെ ദിവസം ലീവിൽ നല്ല മടി പിടിച്ചിരിക്കുന്നു. നന്ദൻ ഓർത്തു. കുറെ നേരം ശ്രമിച്ചെങ്കിലും തുടരാനാവുന്നില്ല. ഒരു തലകറക്കം പോലെ, നന്ദൻ ടേബിളിലേക്ക് ചാഞ്ഞു.
‘‘നന്ദൻ എന്തുപറ്റി, ഡോക്ടറിനെ വിളിക്കണോ, ഞാൻ വന്ന മുതൽ ശ്രദ്ധിക്കുകയാണ്. എന്തെങ്കിലും വയ്യായ ഉണ്ടോ?’’
അടുത്ത ടേബിളിലെ സുഹൃത്ത് ഹരീഷ് ചോദിച്ചു.
‘‘ഏയ് ഒന്നൂല്ല, ഇന്നലെ നാട്ടിൽ നിന്ന് വന്നതല്ലേ ഉള്ളു, കാലാവസ്ഥയുടെ മാറ്റമായിരിക്കും.ശരിയാവും.’’
‘‘ഓ..ഒകെ’’
ഹരീഷ് തിരികെ തന്റെ ചെയറിലേക്കിരുന്നു.
തുടർന്നുള്ള ദിവസങ്ങൾ നന്ദൻ വല്ലാതെ പ്രയാസപ്പെട്ടു. ചെറിയ അസ്വസ്ഥത വിട്ടുമാറാത്ത ചുമയായി മാറി. തുടരെയുള്ള ചുമ കൂടെയുള്ളവരെ വല്ലാതെ വെറുപ്പിക്കുന്നുണ്ടെന്ന് മനസിലാക്കിയ നന്ദൻ അത് മറയ്ക്കാൻ നന്നേ പാടു പെട്ടു.
പിന്നീടുള്ള നാളുകൾ നന്ദന് ആകാംക്ഷയും, ഭീതിയുമാണ് സമ്മാനിച്ചത്. ദേഹം ശോഷിച്ച പോലൊരു തോന്നൽ സ്വയം കണ്ണാടിയ്ക്ക് മുന്നിൽ പലതവണ തന്റെ ആരോഗ്യം വിലയിരുത്തി. പ്രത്യേക കാരണങ്ങൾ ഒന്നും തന്നെയില്ലാതെ ദേഹത്ത് അവിടവിടെയായി പുണ്ണുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ അതിന്റെ കാരണങ്ങൾ ആലോചിച്ച് തലപുകച്ചു. പുറത്തൂന്നും കഴിക്കുന്ന ആഹാരത്തിൽ സംശയങ്ങൾ ഉടലെടുത്തു. ഹോട്ടലും, ഭക്ഷണവും മാറ്റി നോക്കി.സോപ്പുകൾ മാറ്റി ഉപയോഗിച്ചു. ആകാംക്ഷയും ഭയവും ഒരു തരം മാനസിക വിഭ്രാന്തിയിലേക്ക് വഴി മാറി. അവ ഉറക്കമില്ലാത്ത ഭയപ്പെടുത്തുന്ന രാത്രികൾ സമ്മാനിച്ചു.
എന്തുകൊണ്ടോ ഭാര്യ മീനുവിന്റെ ഫോൺകോളുകൾ നന്ദൻ ഏറെ ഭയന്നു. മധുവിധു തീരും മുൻപെ ഉപേക്ഷിച്ചു പോരേണ്ടിവന്ന പെണ്ണിനോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ പോലും ആവുന്നില്ലല്ലോ എന്ന ചിന്ത മാനസീകമായി ഏറെ തളർത്തി. അത് സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. പതിവുപോലെ അന്നും മീനുവിന്റെ വീഡിയോകോൾ വന്നു.
നന്ദൻ അത് മനപൂർവ്വം കട്ട് ചെയ്ത് തിരികെ വിളിച്ചു.
എന്താ കോൾ കട്ട് ചെയ്ത്? ഞാനൊന്ന് കാണാൻ വിളിച്ചതാ. അവൾ പരിഭവം പറഞ്ഞു.
മം, വേഗം പറയ്, അൽപം തിരക്കിലാ ഞാൻ.
‘‘നന്ദേട്ടൻ എവിടെയാ?’’
അയാൾ വല്ലാതെ പരിഭ്രാന്തനായി. സ്വയം പഴിച്ചു. മുറിയിൽ ഇരുന്നുകൊണ്ട് ഓഫീസിലാണെന്ന് നുണപറഞ്ഞു. തിരക്കഭിനിയിച്ചു.
‘‘എന്താ മീനൂ ഞാനിവിടെ നല്ല തിരക്കിലാ’’ വേഗം പറയ്.
‘‘നന്ദേട്ടന് എന്താ പറ്റിയേ? രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു. എന്നോട് ശരിക്ക് സംസാരിക്കുന്നില്ല. ശബ്ദം ഒക്കെ വല്ലാതിരിക്കുന്നല്ലോ?’’
‘‘ഏയ് അങ്ങിനെ ഒന്നൂല്ല്യ, എന്താന്നറിയില്ല രണ്ടു ദിവസായി വല്ലാത്ത ക്ഷീണം പോലെ’’
‘‘അസുഖം ഒന്നും വെച്ചിരിക്കണ്ട നന്ദേട്ടാ, ഡോക്ടറിനെ കാണിക്കൂ.’’
‘‘മം, കാണാം.’’
‘‘അതേയ്, നന്ദേട്ടാ...ഞാനൊരു വിശേഷം പറയാനാ വിളിച്ച്.’’
‘‘എന്താ മീനൂ?’’
‘‘ഊഹിക്കാമോ?’’
‘‘നീ ടെൻഷനടിപ്പിക്കാതെ കാര്യം പറയെന്റെ മീനൂ’’
നന്ദന്റെ വാക്കുകൾ അൽപ്പം പരുക്കനായി തോന്നി മീനൂന്.
‘‘ഏയ് ഒന്നുല്ല്യ, അത്... അത് ഇങ്ങനെ ഒരു സാഹചരത്തിൽ പറയാനുള്ളതല്ല നന്ദേട്ടാ.ഞാനത് പറയുമ്പോൾ എനിക്ക് നന്ദേട്ടന്റെ മുഖം കാണണം. നമൾക്കിടയിൽ വേറൊരു ടെൻഷനും ഉണ്ടാവരുത്.നന്ദേട്ടൻ ഡോക്ടറിനെ കണ്ടിട്ട് വിളിക്കൂ’’
‘‘മം, നീ ദേഹം നോക്കണം കേട്ടോ,നേരത്തിന് ഭക്ഷണം ഒക്കെ കഴിക്കണേ മീനൂ’’
നന്ദൻ പതിവു പോലെ ഫോണിലൂടെ അവൾക്ക് ഒരു ചുംബനം നൽകി.
അന്ന് രാത്രി നന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ തന്നെ ഒരു ഡോക്ടറിനെ കാണാനുള്ള ഉറച്ച ഒരു തീരുമാനവുമായി നേരം വെളുപ്പിച്ചു.
രാവിലെ തന്നെ നന്ദൻ ഒരുങ്ങി എത്തിയത് ഒരു ഡോക്ടറുടെ മുന്നിൽ ആണ്.
ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന നന്ദന്റെ വിറയാർന്ന വാക്കുകളെ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിൽ .
അയാളുടെ ശരീരത്തിൽ പ്രത്യക്ഷമായ വ്രണങ്ങൾ അദ്ദേഹത്തിന്റെ കണ്ണുകൾ പകർത്തി. പതിയെ ഡോക്ടർ നന്ദനോട് സംസാരിച്ച് തുടങ്ങി.
‘‘നന്ദൻ താങ്കൾ എത്ര നാളായി ഇവിടെ ?’’
‘‘നാല് വർഷമായി സാർ.’’
‘‘മാരീഡാണോ?’’
‘‘യെസ്, ജസ്റ്റ് മാരീഡാണ്’’
‘‘വൈഫ്..?’’
‘‘ഇല്ല, അവൾ ഇപ്പോൾ ഇവിടെ എന്റെ കൂടെയില്ല’’
‘‘മം, ഒക്കെ, നമുക്ക് ബ്ലഡ് ഒന്ന് ചെക്ക് ചെയ്യാം’’
‘‘ശരി, ഡോക്ടർ’’
ബ്ലഡ് പരിശോധനയ്ക്ക് കൊടുത്ത ശേഷമുള്ള നന്ദന്റെ നിമിഷങ്ങൾ ഏറെ ഭയാനകമായിരുന്നു. ഒടുവിൽ ഡോക്ടർക്ക് മുന്നിൽ ബ്ലഡ് റിപോർട്ടുമായി നന്ദൻ എത്തി. റിസൽട്ട് പരിശോധിച്ച ഡോക്ടർ നന്ദന്റെ മുഖത്തേക്കൊന്ന് ദയനീയമായി നോക്കി.നന്ദൻ അദ്ദേഹത്തിന് മുന്നിൽ ഇരുന്ന് വിയർക്കുന്നത് ഡോക്ടർ ശ്രദ്ധിച്ചു.
‘‘സോറി നന്ദൻ, എങ്ങനെ പറയണമെന്നെനിക്കറിയില്ല. ഈ നാട്ടിലെ ആൺ വർഗ്ഗം ചെന്നെത്തുന്ന അപകടകരമായ ഒരു പാതയിലാണിപ്പോൾ താങ്കളും’’.
ആഫ്രിക്കയിലെ കെനിയ, എയ്ഡ്സ് രോഗികൾ ഏറെ ഉള്ള സ്ഥലമാണെന്ന് തനിക്കറിയാം.താനും എത്രയോ എയ്ഡസ് രോഗികൾക്ക് വേണ്ടിയുള്ള സാമ്പത്തികസഹായത്തിന്റെ ഭാഗമായിട്ടുണ്ട് താൻ ഭയന്നതും അതുതന്നെയാണ്. ഒടുവിൽ തനിക്കും അതുതന്നെ സംഭവിച്ചിരിക്കുന്നു.നന്ദന്റെ മുഖം ഭയത്തെ നേരിടുന്ന നിമിഷങ്ങളായിരുന്നു അത്.
‘‘യെസ് മിസ്റ്റർ നന്ദൻ, ബ്ലഡ് റിപ്പോർട്ടിൽ HIV പോസിറ്റീവാണ്’’
‘‘സാ...ർ’’
നന്ദന്റെ ചുണ്ടുകൾ വാക്കുകൾ തേടി വിതുമ്പി.
‘‘എന്തുപറയണമെന്ന് എനിക്കറിയുന്നില്ല നന്ദൻ.താങ്കളെപ്പോലുള്ള വിദ്യാഭ്യാസ സമ്പന്നർക്ക് എങ്ങിനെ ഈ തെറ്റ് പറ്റുന്നു എന്നെനിക്കറിയുന്നില്ല’’
‘‘സാർ, അപ്പോൾ എന്റെ വൈഫിന്..??’’
‘‘മം, തീർച്ചയായും ചാൻസ് ഉണ്ട് നന്ദൻ. അവർക്കുള്ള പരിശോധനയും, ചികിൽസയും എത്രയും പെട്ടെന്ന് ചെയ്യുക.’’
രണ്ടു കൈകൊണ്ടും തലമുടി കോതി ഒരു ഭ്രാന്തനെപ്പോലെ അവിടെ നിന്നും ഇറങ്ങി നടന്ന നന്ദനെ ഡോക്ടർ തിരികെ വിളിച്ചു.
‘‘നന്ദൻ’’
നന്ദൻ തിരിഞ്ഞു നോക്കി.
‘‘നന്ദൻ, ഈ അസുഖത്തിന് ചികിൽസയേക്കാൾ ആവശ്യം ആത്മധൈര്യമാണ്. ചെറുത്തു നിൽക്കാനുള്ള കഴിവ് നേടുകയാണെങ്കിൽ ഒരുപക്ഷേ, താങ്കൾക്കിതിനെ നേരിടാനാവും.’’
ഡോക്ടറുടെ ആശ്വാസവാക്കുകൾ നന്ദന് ഒട്ടും സമാധാനം ഏകിയില്ല. ഭൂതകാലത്തിലെ വിവരക്കേടുകളും, എടുത്തുചാട്ടവും, ചോരത്തിളപ്പും എല്ലാം അപ്പോൾ വലിയ ഒരഗനികുണ്ഡമായി മനസിൽ കത്തിയുയരാൻ തുടങ്ങിയിരുന്നു.
എങ്ങനെയൊക്കെയോ നന്ദൻ തന്റെ മുറിയിൽ എത്തി.ഒരു സാധാരണ വ്യക്തിത്വം മാനസിക വിഭ്രാന്തിയിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങിയിരുന്നു അപ്പോൾ.
വാതിലുകൾ വലിയ ശബ്ദത്തോടെ ശക്തമായി തള്ളിത്തുറന്ന് നന്ദൻ അകത്ത് കടന്നു. ദേഷ്യം അടക്കാ നാവാതെ ഉറക്കെ നിലവിളിച്ചു. മുന്നിൽ കണ്ട ബുക്സും, റിമോട്ടും എല്ലാം എടുത്ത് ആഞ്ഞ് വീശി. ബെഡിലെ തുണികളെല്ലാം വലിച്ച് താഴെയിട്ടു.ഒടുവിൽ ഇട്ടിരുന്ന ഷർട്ട് വലിച്ചു കീറി.സ്വയം കൈകളും, കവിളുകളും എല്ലാം ഭയത്തോടെ തലോടി നോക്കി. തികച്ചും ഒരു ഭ്രാന്തന്റെ അവസ്ഥയിലേക്ക് മാറിയ നന്ദൻ പെട്ടെന്ന് ബാത്റൂമിലേക്ക് കയറി.
ഷവറിനടിയിൽ ഏറെ നേരം നനഞ്ഞിരുന്നു. തിരികെ മുറിയിലെത്തി. വെള്ളം ഇറ്റുന്ന തല തുടക്കാതെ ചിന്തകൾക്ക് കടിഞ്ഞാണിടാനുമാവാതെ മരണത്തെ വരെ മുഖാമുഖം കാണുവാൻ തുടങ്ങി. ഒരു ആത്മഹത്യയെ കുറിച്ചുള്ള പദ്ധതികൾ മാത്രമായിരുന്നു അപ്പോൾ ആ മനസിൽ. പക്ഷേ ഇടയ്ക്ക് കയറി വന്ന മീനുവിന്റെ നിഷ്കളങ്കമായ മുഖം അതിന് ഒരു തടസ്സമായി.
ചിന്തകളെ പിൻതിരിപ്പിച്ചുകൊണ്ട് മീനുവിന്റെ ഫോൺകോൾ വന്നു. നന്ദൻ ഫോൺ കട്ടാക്കി. വീണ്ടും വീണ്ടും മീനു വിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ശബ്ദം ഒന്ന് ഒരുക്കിയെടുത്ത് സംസാരിക്കാനുള്ള തയ്യാറെടുപ്പോടെ നന്ദന്റെ വിറയ്ക്കുന്ന കൈകൾ ആ ഫോണിലേക്ക് നീണ്ടു. ഏറെ നേരത്തെ ആശയകുഴപ്പത്തിനൊടുവിൽ നന്ദൻ കോൾ എടുത്തു.
‘‘ങും, പറയ് മീനൂ’’
‘‘എത്ര നേരായി നന്ദേട്ടാ ഞാൻ വിളിക്കുന്നു? എന്താ ഫോൺ ഫോണെടുക്കാത്തെ? ഡോക്ടറെന്താ പറഞ്ഞത്?’’
‘‘ഏയ്...കുഴപ്പമൊന്നുമില്ല മീനൂ’’
‘‘സത്യം?’’
‘‘മം, സത്യം. നീയെന്താ വിശേഷം പറയാനുണ്ടെന്ന് പറഞ്ഞത്?’’
‘‘ങും, വല്ലാത്ത ടെൻഷനിലായിരുന്നല്ലോ നന്ദേട്ടൻ. അതാ അപ്പോൾ പറയാതിരുന്നത്.ഇനി പറയാം.’’
‘‘മം, എന്റെ മീനൂ, നീ സസ്പെൻസ് കളഞ്ഞിട്ട് കാര്യം പറയ്.’’
‘‘അത്, പിന്നെ...നന്ദേട്ടാ, നന്ദേട്ടൻ... ഒരച്ഛനാവാൻ പോകുന്നു.’’
‘‘ഏയ്, നീ....ചുമ്മ എന്തെങ്കിലും പറയല്ലെ മീനൂ. അവൾക്ക് തമാശ പറയാൻ കണ്ടൊരു നേരം’’
നന്ദന്റെ മട്ടും ഭാവവും ഒക്കെ മാറി.കണ്ണുകൾ തനിയെ നിറഞ്ഞു.
‘‘കു...കുട്ടിയും, ചട്ടിയും ഒന്നും ഇപ്പോൾ വേണ്ട. കല്ല്യാണം കഴിഞ്ഞ് രണ്ട് മാസമല്ലെ ആയുള്ളു’’
നന്ദൻ ഉച്ചത്തിൽ നിലവിളിച്ചു.
ഒരച്ഛനാവാൻ പോകുന്നു എന്നറിയുമ്പോൾ തുള്ളിച്ചാടുന്ന നന്ദന്റെ ചിത്രം മനസിൽ പതിച്ച മീനു തീരെ പ്രതീക്ഷിക്കാത്തൊരു മറുപടിയായിരുന്നു അത്.
‘‘എന്റെ നന്ദേട്ടൻ ഇങനെയല്ല.എന്നിൽ നിന്നെന്തോ ഒളിക്കുന്നുണ്ട്.എന്താ ഏട്ടാ ജോലിയിൽ എന്തെങ്കിലും..?’’
‘‘ഓ...ഒളിക്കാനും മറയ്ക്കാനും ഒക്കെ എന്തിരിക്കുന്നു.’’
‘‘വേണ്ട നന്ദേട്ടാ, എന്താണ് പ്രശ്നം എന്നെനിയ്ക്കറിയില്ല. പക്ഷേ, നന്ദേട്ടനെ എന്തോ അലട്ടുന്നുണ്ടെന്ന് എനിക്കറിയാം.ഒരു മാസമേ ഞാനാ നെഞ്ചിലെ ചൂടുപറ്റി കിടന്നിട്ടുള്ളുവെങ്കിലും ആ നെഞ്ചിടിപ്പിന്റെ താളം ഒന്നുമാറിയാൽ എനിക്കറിയാം. എത്ര വലിയ പ്രശ്നമായാലും ഈ മീനു നന്ദേട്ടനോടൊപ്പം ഉണ്ടാവും. എന്തുതന്നെയായാലും നമുക്കത് ഒരുമിച്ച് നേരിടാം. അവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇങ്ങോട്ടു പോരൂ.ഉള്ളതുകൊണ്ട് ഇവിടെ സന്തോഷമായി കഴിയാം.നമുക്കൊരു കുഞ്ഞുണ്ടാവാൻ പോവുകയാണ്. ആ കുഞ്ഞുമൊത്ത് നന്ദേട്ടനോടൊപ്പം കൊച്ചു, കൊച്ചു സ്വപനങ്ങളുമായി സന്തോഷത്തോടെ ജീവിക്കണം എനിക്ക്. അത് മാത്രമാണ് എന്റെ ആഗ്രഹം.’’
‘‘മം, എനിക്കറിയാം നിന്നെ, നീയീ സമയത്ത് ടെൻഷനാവല്ലെ മീനൂ.’’
മീനൂ ഫോൺ കട് ചെയ്തു.
മീനുവിന്റെ വാക്കുകൾ നന്ദനൽപ്പം കരുത്തേകുന്നവയായിരുന്നു. നെഞ്ചിൽ ആളിക്കത്തിയിരുന്ന തീയിന്റെ ചൂട് അൽപ്പമൊന്ന് ശമിച്ചു. അടുത്ത ദിവസം നന്ദൻ ഓഫീസിൽ എത്തി. എംഡിയുടെ മുന്നിലേക്ക് തന്റെ രാജിക്കത്ത് നീട്ടി.
‘‘Resignation??? എന്തുപറ്റി നന്ദൻ?പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം?’’
‘‘ഏയ് പെട്ടന്നൊന്നുമല്ല സാർ, നല്ലപോലെ ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണിത്. എനിയ്ക്ക് ഇനിയുള്ള കാലം ഭാര്യയും കുടുംബവും ഒക്കെയായി നാട്ടിൽ കഴിയണമെന്നാണ് ആഗ്രഹം.’’
‘‘ഓ..അതാണോ കാര്യം?’’
നോക്കൂ നന്ദൻ, ഇത് എടുത്തു ചാട്ടമാണ്. കല്ല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ അതാണ് ഇങ്ങനെ ഒരു തോന്നൽ. അതിന് വൈഫിനെ ഇങ്ങോട്ട് കൊണ്ടുവന്നാൽ പോരെ?’’
അല്ല, അത് ശരിയാവില്ല സാർ, എനിക്ക് നാട്ടിലേക്ക് പോണം. തീരുമാനത്തിൽ മാറ്റമില്ല.
ഒടുവിൽ നന്ദന്റെ ഉറച്ച തീരുമാനത്തിന് അദ്ദേഹം സമ്മതം മൂളി.
മഴയുള്ള ഒരു അർദ്ധ രാത്രി നന്ദൻ പെട്ടിയുമായി നാട്ടിലെത്തി. അസമയത്ത് വാതിലിൽ മുട്ടുമ്പോൾ അത് ഭർത്താവാണെന്ന് ഒരിക്കലും മീനു കരുതിയില്ല. വാതിൽ തുറന്ന് നന്ദനെ കണ്ട അവൾ കുറച്ച് നേരം സ്തംഭിച്ചു നിന്നു പോയി. പക്ഷേ പ്രതീക്ഷിച്ച സ്നേഹ പ്രകടനങ്ങൾ ഒന്നും തന്നെ അയാളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. മാത്രമല്ല വീട്ടിനകത്തേയ്ക്ക് കയറി ഉറ്റവരേയും, ഗർഭിണിയായ മീനുവിനേയും കണ്ട നന്ദന്റെ മുഖം പെയ്യാൻ വെമ്പുന്ന കാർമേഘം കണക്കെ ഇരുണ്ടിരുന്നു.
പെട്ടന്നുള്ള വരവും, രാത്രിയിൽ, കിടപ്പറയിൽപ്പോലും മുഖം തരാതെയുള്ള സംസാരവും മീനുവിന് ഏറെ സംശയങ്ങൾ ഉണ്ടാക്കി. മഴ മണ്ണിൽ പതിയുന്ന ആ ശബ്ദത്തിന് കാതോർത്ത് അവൾ നേരം വെളുപ്പിച്ചു. താൻ കരുതിയതിനേക്കാളൊക്കെ ഏറെയാണ് നന്ദന്റെ മാനസീകാവസ്ഥ എന്നവൾ ഊഹിച്ചു.
ഏറെ നാൾകഴിഞ്ഞെത്തിയ ഭർത്താവിൽ നിന്നും ഉണ്ടായ പെരുമാറ്റം അവളെ വല്ലാതെ വിഷമിപ്പിച്ചു. രാവിലെ ചായക്കപ്പുമായി നന്ദനരികിൽ എത്തി.
‘‘ചായ’’
‘‘മം, അവിടെ വെച്ചിട്ട് പൊയ്ക്കോളൂ’’
അത് കൂടിയായപ്പോൾ മീനുവിന് പിടിച്ച് നിൽക്കാനായില്ല.അവൾ അവനരികിലേക്ക് ചേർന്നു നിന്നു.
‘‘നന്ദേട്ടൻ... പോയപോലെയല്ല തിരിച്ചെത്തിയിരിക്കുന്നത്.വരുന്ന വിവരം ഒന്നു പറഞ്ഞുപോലുമില്ല. ഗർഭിണിയാണെന്നറിയുമ്പോൾ ഒരു ഭർത്താവിൽ നിന്നും ലോകത്തേതു ഭാര്യയും ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഞാൻ പ്രതീക്ഷിച്ചു.പക്ഷേ അതേ കുറിച്ച് ഒരു വാക്കുപോലും നന്ദേട്ടൻ എന്നോട് ചോദിച്ചില്ല. എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ ഉണ്ട്. ഞാൻ നന്ദേട്ടന്റെ ഭാര്യയാണ്. എന്തു തന്നെയായാലും അതെനിക്കറിയണം.ഈ ടെൻഷൻ ഇനി വയ്യ, ഇത് നമ്മുടെ കുഞ്ഞനെക്കൂടി ബാധിക്കും.’’
അവൾ പൊട്ടിക്കരഞ്ഞു.
‘‘മീനൂ പ്ലീസ്, കരയരുത്. നീയാ വാതിലുകൾ അടയ്ക്ക് ഞാൻ എല്ലാം പറയാം. എനിക്കും മനസിന്റെ ഭാരം ഒന്നിറക്കണം’’
മീനു വാതിലുകൾ അടച്ചു താഴിട്ടു.
‘‘ഇനി പറയൂ,എന്താ നന്ദേട്ടന്റെ പ്രശ്നം?’’
‘‘മീനു...അത്’’
‘‘നന്ദേട്ടാ, പ്ലീസ്, ഈ നാടകം മതയാക്കൂ, എനിക്ക് താങ്ങാനാവുന്നതിലപ്പുറമാണിത്. ഞാൻ പറഞ്ഞല്ലോ, ഞാനുണ്ടാവും കൂടെ, എനിയ്ക്കെല്ലാം അറിയണം പറയൂ’’
ആ മുറിയ്ക്കുള്ളിൽ നന്ദൻ മനസ്സു തുറന്നപ്പോൾ പുറത്തു പെയ്തിരുന്ന രാമഴ പോലെ നന്ദന്റെ മനസ്സും മീനുവിന്റെ മനസിന്റെ മുറ്റത്ത് പെയ്തു തോർന്നു. പെയ്തിറങ്ങിയ വാക്കുകളിൽ തന്റെ താലിയുടെ കെട്ടുറപ്പ് നേർത്തു നേർത്തു വരുന്നതായി മീനുവിന് തോന്നി. വെറുപ്പും, പുച്ഛവും,ദേഷ്യവും, നിസ്സാഹയതയും ദയയും എല്ലാം ചേർന്ന നവരസങ്ങളുടെ സമ്മേളനമായിരുന്നു അപ്പോൾ മീനുവിന്റെ മനസിൽ.
തീരുമാനങ്ങളെടുക്കാനാവാതെ കത്തുന്ന കടലിന്റെ നടുവിൽ ഒറ്റയ്ക്കായപോലൊരു പ്രതീതി. പലവർണ്ണങ്ങളുള്ള സ്വപ്നക്കുമിളകൾ തന്റെ മുന്നിൽ പറന്നു വന്നു പൊട്ടിച്ചിതറിക്കൊണ്ടേയിരുന്നു. ഇടയിലെപ്പൊഴോ, അവളറിയാതെ ഒരു ജീവൻ തുടിയ്ക്കുന്ന അടിവയറ്റിൽ തന്റെ കൈകൾ ചേർത്തു വച്ചു. ആ കണ്ണിൽ നിന്ന് അപ്പോൾ ഒലിച്ചിറങ്ങിയത് രക്തമാണെന്ന് നന്ദന് തോന്നി.
ഏറെ നേരത്തെ വൈകാരിക നിമിഷങ്ങൾക്കൊടുവിൽ ആ വാതിലുകൾ തുറന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആ ജനലയ്ക്കരികിൽ നിന്ന് ദൂരേയ്ക്ക് നോക്കി. രാത്രിമഴ കഴിഞ്ഞ് മങ്ങിയ വെളിച്ചവുമായെത്തിയ സൂര്യൻ അപ്പോൾ പതിയെ തെളിയാൻ തുടങ്ങിയിരുന്നു.
നന്ദൻ പതിയെ എഴുന്നേറ്റ് മീനുവിന്റെ അരികിൽ എത്തി.
‘‘മീനൂ, എന്തെങ്കിലും പറയ്, എന്നെ നിനക്ക് ശിക്ഷിക്കാം...അതെങ്കിലും ചെയ്യൂ.എനിക്ക് ഭ്രാന്ത് പിടിയ്ക്കുന്ന പോലുണ്ട്’’.
മീനു ഒന്നും മിണ്ടിയില്ല.
അയാൾ അവളുടെ കാലുകളിൽ വീണു. കണ്ണുനീർ ആ കാലുകളെ നനയിച്ചു.
‘‘നന്ദേട്ടൻ...എണീക്കൂ’’
മീനൂ തന്റെ കണ്ണുകൾ തുടച്ചു. അൽപ്പം ധ്യൈരം സംഭരിച്ച് സംസാരിച്ചു തുടങ്ങി.
‘‘ നമ്മുടെ ഇപ്പോഴുള്ള അവസ്ഥ നമ്മുടെ കുഞ്ഞിനെ ബാധിക്കും. തെറ്റ്....പറ്റിപ്പോയി...അത്... ഞാൻ ക്ഷമിച്ചില്ലെങ്കിൽ പിന്നെ നന്ദേട്ടന്റെ ഭാര്യ എന്ന പദവിയ്ക്ക് ഞാൻ അർഹയല്ല. ദൈവം നമുക്ക് തന്ന ഈ പരീക്ഷണത്തെ നമുക്ക് സന്തോഷം കൊണ്ട് നേരിടാം. മിച്ചമുള്ള ജീവിതം മറ്റുള്ളവരെപ്പോലെ തന്നെ നമ്മളും ജീവിക്കും’’
ഒഴുകുന്ന കണ്ണുകളുമായി നന്ദൻ അവളെ ഇറുക്കിയണച്ചു.
അവൾ തന്റെ മനസിൽ മിന്നിമാഞ്ഞു കൊണ്ടിരുന്ന വികാരവ്യതിയാനങ്ങൾ മിഴികൾക്കുള്ളിലൊതുക്കി ആരും കാണാതെ ആഞ്ഞടച്ചു.
വേനലും മഴയുമായെത്തിയ വർഷങ്ങൾ നന്ദനും മീനുവിനും ആത്മധൈര്യം പകർന്നു നീങ്ങി.
വർഷങ്ങളെ അതിജീവിച്ച ദാമ്പത്യത്തിലെ ഒരുനാൾ...
‘‘മീനൂ, മോൻ റെഡിയായോ?’’
‘‘ങാ,ദേ, അവനെ ഷൂ ഇടിക്കാ’’
‘‘അവന്റെ മെഡിസിൻ വയ്ക്കാൻ മറക്കല്ലെ’’
‘‘അതൊക്കെ വച്ചു, നന്ദേട്ടനൊന്ന് വന്നെ മോന് നേരാവുന്നു.’’
നന്ദൻ ഒരുങ്ങി എത്തി. മോനെ വാരിയെടുത്ത് ഉമ്മ വച്ചു.
‘‘ഡാഡി, റ്റാറ്റാ’’
‘‘മം, ബൈ മോനൂ’’
‘‘ഡാഡിടെ മോൻ മരുന്ന് കഴിക്കാൻ മറക്കരുത് ട്ടൊ’’
വീണ്ടും നന്ദൻ കുഞ്ഞിനെ ഉമ്മ വെച്ചു.
‘‘ദേ, വാൻ വന്നു. മോൻ വന്നേ’’
മീനൂ അവന്റെ കൈ പിടിച്ച് റോഡിലേക്ക് നടന്നു. ആ വാനിൽ കയറ്റി ഇരുത്തി തിരികെ മടങ്ങി.
‘‘ങാ, മീനൂ ഞാനിറങ്ങുന്നു...., പിന്നെ നീയാ ലാപ്ടോപിന്റെ ചാർജ്ജർ ബാഗിൽ വച്ചോ? കഴിഞ്ഞ തവണ മീറ്റിങിന് ചാർജ്ജർ ഇല്ലാതെ വല്ലാതെ ബുദ്ധിമുട്ടി’’
‘‘ഓ എല്ലാം വെച്ചിട്ടുണ്ട് നന്ദേട്ടാ’’
മീനൂ നന്ദന്റെ മൊബൈൽ അയാളുടെ പോക്കറ്റിൽ ഇട്ടുകൊടുത്തു.
അയാൾ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ച് യാത്ര പറഞ്ഞിറങ്ങി.
പതിവു പോലെ വലിയൊരു സദസ്സായിരുന്നു. അന്നും നന്ദനെ കാത്തിരുന്നത്.പ്രതീക്ഷയും, വിശ്വാസവും നഷ്ടപെട്ടവർ അതിജിവനത്തിനായി നന്ദന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു.
നന്ദൻ സംസാരിച്ചു തുടങ്ങി....
‘‘ പല സാഹചര്യങ്ങളിൽ അറിയാതെ വലിയൊരു ചുഴിയിൽ പെട്ടുപോയവരാണ് നാമെല്ലാവരും. നിങ്ങളുടെ ജീവതത്തിന്റെ ഓരോ തോൽവിയും ഇനി വലിയൊരു ജയത്തിന്റെ ആദ്യ പടവുകൾ ആയിരിക്കട്ടെ. തോൽവിയിൽ നിന്ന് ജയത്തിലേക്ക് ഏറെ ദൂരമില്ലെന്ന് നമ്മൾ നമ്മുടെ ജീവിതം കൊണ്ട് തെളിയിക്കണം.തെറ്റു ചെയ്യാത്തവരായി ആരും ഇല്ല. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റിന് ഒരായുസു മുഴുവൻ ഉരുകിത്തീരേണ്ടതല്ല. എന്റെ ഒരേ ഒരു തെറ്റിനെ എന്റെ ഭാര്യ അംഗീകരിച്ചതാണ്എന്റെ വിജയം. അവൾ അന്നതിന് തയ്യാറായില്ലെങ്കിൽ ഞാൻ ഇന്ന് അഭിമാനത്തോടെ നിങ്ങൾക്ക് മുൻപിൽ ഈ വേദിയിൽ നിൽക്കില്ലായിരുന്നു. നിങ്ങളോടൊപ്പമുള്ള ഉറ്റവർക്കും നിങ്ങളെ മനസിലാക്കാനും, പൊറുക്കാനും, ചേർത്ത് നിർത്താനും കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.ഇത്രയും പറഞ്ഞു കൊണ്ട് ഞാനന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. നന്ദി നമസ്കാരം’’
നന്ദന്റെ വാക്കുകൾ ജീവിതയാത്രയിൽ എപ്പൊഴോ, എങ്ങനെയൊക്കെയോ ആഴമളക്കാനാവാത്ത അഴുക്കുചാലുകളിൽ വീണ് കരപറ്റാനാവാതെ അലയുന്ന ആ സദസിലെ ഓരോരുത്തരുത്തർക്കും തിരുത്തലുകളുടെ, നല്ല നാളെയുടെ, പ്രതീക്ഷയുടെ, അതിജീവനത്തിന്റെ ദൈവവാക്കുകൾ ആയിരുന്നു.
English Summary : Athijeevanam Story By suguna santhosh