മൂന്ന് മെഴുകുതിരികൾ (കഥ)

ഇന്നും സ്കൂളിൽ വൈകിയേ എത്തുകയുള്ളൂ എന്നു ചിന്തിച്ച് ധൃതിയിൽ ചോറ്റുപാത്രം എടുത്ത് ബാഗിനക ത്ത് വെക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മച്ചിയുടെ വിളി.

‘‘ജോയിക്കുട്ടി നീ ഇതുവരെ ഇറങ്ങിയില്ലേടാ. കൃത്യനിഷ്ഠ എന്താണെന്ന് പഠിച്ചിട്ടില്ലല്ലോ. എന്നാണോ ഇവൻ ഇതൊക്കെ പഠിക്കുന്നത്. പത്തിലാന്നൊരു വിചാരം പോലുമില്ല’’

അമ്മച്ചി ഇടയ്ക്കിങ്ങനെ പറയുന്നതു കൊണ്ട് എനിക്ക് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. പത്താം ക്ലാസിൽ ആയേ പിന്നെ അമ്മച്ചിക്ക് ഭയങ്കര ആധിയാ. 

‘‘ ഞാൻ ഇറങ്ങുവാ അമ്മച്ചി’’ ജോയിക്കുട്ടി ഒച്ചത്തിൽ പറഞ്ഞു.

ബാഗും തോളിലിട്ട്, മുറ്റത്ത് ചിതറി കിടന്ന ചെരുപ്പുകൾ തപ്പിയെടുത്ത് ഇറങ്ങുമ്പോൾ കുത്തിറക്കത്തിലുള്ള വീടിന്റെ അരികിലൂടെ പോണമല്ലോ എന്ന ഭയം മനസ്സിലെപ്പഴോ ഒന്നു കടന്നുപോയി.

കുന്നിൻ പുറത്ത് നിന്ന് നോക്കിയാൽ അകലെ നീലാകാശത്ത് നിരയൊപ്പിച്ച് വെള്ളകൊക്കുകൾ പറന്നു പോകുന്നതു കാണാം. അസംബ്ലി കഴിഞ്ഞ് നിരയായി ക്ലാസിലേക്ക് പോകുന്ന കുട്ടികളെ പോലെ, പാടത്തേക്കുള്ള അവയുടെ പോക്ക് എന്തു രസമാ കാണാൻ. നിഴലുകൾക്കൊപ്പം ഞാൻ വേഗത്തിൽ നടന്നു. ഇന്നു തോമസു മാഷിന്റെ ശകാരം കേൾക്കാം, ഉറപ്പാ. ഞാൻ മനസ്സിൽ പറഞ്ഞു.

ചേരകൾ അതിരുതാണ്ടുന്നതു പോലെ പാമ്പും തേളും കീരിയും നിറഞ്ഞ പറമ്പുകൾ താണ്ടി സ്കൂളിലേ ക്കുള്ള യാത്ര. കണക്കിലെ കുറുക്കുവഴി പോലെ താമസിച്ച് ഇറങ്ങുമ്പോൾ പെട്ടെന്ന് എത്താനുള്ള കുറുക്കുവഴി. വഴി നീളെ കാട്ടുപൂക്കളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. കുത്തിറക്കത്തിൽ വിജനമായ ചെമ്മൺപാതയിൽ വൻമരങ്ങൾക്കും കാടുകൾക്കും ഇടയിൽ, വെട്ടുകല്ലുകൾ കൊണ്ട് ഉയർത്തി കെട്ടിയ ചുറ്റുമതിലിനുള്ളിൽ ഏകാന്തമായിരിക്കുന്ന വീട്. 

പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് ഞാനാ വൃദ്ധനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വഴിയിലെയും മുറ്റത്തെയും കരിയിലകൾ, ദിവസവും തൂത്ത് വൃത്തിയാക്കുകയാണയാൾ. ഈ വഴിയിലൂടെ പോകുമ്പോഴെല്ലാം വൃദ്ധനെ കാണാം. മെലിഞ്ഞുണങ്ങിയ കറുത്ത ശരീരത്തിൽ എല്ലുകളെല്ലാം അതിന്റെ സ്ഥാനത്ത് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. 

പ്രതീകാത്മക ചിത്രം

മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് പ്രാകൃത മനുഷ്യരെ പോലെ കൈയിൽ  മുഷിഞ്ഞ ചാക്കുമായി ദിവസവും വഴിയിലും മുറ്റത്തുമായൊക്കെ കാണാം. എവിടെയൊ വായിച്ചു കേട്ട കഥകളിൽ, അനാദികാലം മുമ്പ് ജീവിച്ചവരുടെ ചലനങ്ങൾ. എന്നെ കണ്ടാൽ ദൂരേക്ക് പെട്ടെന്ന് മറയും. അജ്ഞാത ശക്തികൾ വൃദ്ധന്റെ മുഖം എന്റെ മനസിൽ നിന്നും ഓർത്തെടുക്കാൻ കഴിയാത്തവിധം പറിച്ചു മാറ്റുന്നതായി തോന്നി.

ഒരിക്കൽ പോലും ഈ വീടിന്റെ മുറ്റത്തും പറമ്പിലും മറ്റാളുകളെ കണ്ടിരുന്നില്ല. വൃദ്ധനെ കൂടാതെ വീടിന്റെ മുക്കിനും മൂലയിലും ആരുടെയൊക്കെയോ അദൃശ്യസാന്നിധ്യം ഉള്ളതായി എനിക്കു തോന്നി. ഈ പ്രദേശത്താകമാനം ഉറങ്ങി കിടക്കുന്ന ഒരു നിശബദതയാണ്. 

വൃദ്ധനെന്തിനാണ് എന്നെ കാണുമ്പോൾ ബോധപൂർവ്വം വീടിനകത്തേക്ക് മറയുന്നതെന്ന് വെറുതെ ഓർത്തു പോകാതിരുന്നില്ല. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ലായിരുന്നു. എന്റെ തോന്നലുകൾ മാത്രമാവാം എന്നു വിചാരിച്ചു. പലനാളുകൾ പിന്നിട്ടപ്പോൾ ഈ മനുഷ്യന്റെ ചില ഭാവങ്ങൾ, പെരുമാറ്റങ്ങൾ എന്നിൽ സംശയങ്ങളുടെ കെട്ടുകൾ അഴിച്ചു. 

നിഗൂഡമായ ഈ പ്രദേശത്ത് വൃദ്ധൻ ഒറ്റയ്ക്കാണോ താമസം? എന്തിനാണ് മുറതെറ്റാതെ വഴിയിലെ കരിയിലകൾ പെറുക്കുന്നത്? ദിവസങ്ങൾ കഴിയുംതോറും എന്റെ മനസ്സിൽ, ചോദ്യങ്ങളുടെ പുസ്തകത്താ ളുകൾ തുറന്നു. വല്യപരീക്ഷയിൽ ചോദ്യക്കടലാസിലെ ചോദ്യങ്ങൾ പോലെ പല ചോദ്യങ്ങളും എന്റെ മനസ്സിൽ ഒരോന്നായി വന്നു തുടങ്ങി. എന്റെ സംശയങ്ങൾ കൂടി വന്നപ്പോൾ സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള കടയിലെ സുകുമാരൻചേട്ടനോട് ചോദിക്കാൻ തീരുമാനിച്ചു.

‘‘മണ്ണാത്തിക്കുന്നിന്റെ താഴെ കുത്തിറക്കിൽ ചുറ്റിനും മതിൽ കെട്ടിയ വീട്ടിൽ ആരാ താമസിക്കുന്നത്?’’

വട്ടുസോഡായിൽ വിരലമർത്തി ചെറിയ ശബ്ദത്തോടു കൂടി പൊട്ടിച്ചു കൊണ്ട് ഗ്ലാസുകളിലേക്ക് ഒഴിക്കുമ്പോൾ എന്നെ ഒന്നുനോക്കി. കടയുടെ അരികിൽ നിന്നവർ   അപരിചിതമായ ചില വാർത്തകൾ കേട്ടതു പോലെ...

‘‘അവിടെയോ... വർഷങ്ങൾക്കു മുമ്പ് ആരൊക്കെയോ താമസിച്ചിരുന്നു. എന്റെയൊക്കെ ചെറുപ്പത്തിൽ. ഇപ്പോഴ് അവിടാരും താമസമില്ല, വർഷങ്ങളായി അടഞ്ഞുകിടക്കുകയാ’’. അല്ല.... എന്തോ ചോദിക്കണമെന്ന ഭാവത്തിൽ നിർത്തി. ചുറ്റും കൂടി നിന്നവരിൽ എന്തോ, ഒരു ഭാവമാറ്റം പോലെ. ഞാൻ പതിയെ അവിടെ നിന്നു നടന്നപ്പോൾ അരികിൽ നിന്നവർ എന്തോ അടക്കം പറയുന്നത് കേട്ടു.

ദിവസങ്ങൾ കഴിയുംതോറും ആ വീടിനെ പറ്റിയും വൃദ്ധനെ പറ്റിയും കുടുതൽ  അറിയണമെന്ന് തോന്നി. എന്നിലെ ചോദ്യങ്ങൾക്ക് ആർക്കും കൃത്യമായൊരുത്തരം ഇല്ലായിരുന്നു. പലരും കഥകൾ സ്വയം മെനഞ്ഞെടുത്തു. വീടിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടോ എന്നറിയാൻ എനിക്ക് ആകാംക്ഷയായി. തനിച്ച് പോകാൻ പേടി കാരണം ക്ലാസിലെ ഏറ്റവും ധൈര്യമുള്ള കൂട്ടുകാരൻ ശ്യാമിനെയും കൂട്ടി ഒരിക്കൽ പോയി.

പ്രതീകാത്മക ചിത്രം

ഞങ്ങളെ കണ്ടപാടെ വൃദ്ധൻ വീടിനുള്ളിലേക്ക് കയറി കതകടച്ചു. വീടിന്റെ കതകുകളും ജനൽ പാളികളും, അകത്തളങ്ങൾ കാണാത്ത പോലെ അടഞ്ഞാണ് കിടന്നത്. ഒരിക്കൽ പോലും തുറക്കാത്ത നിരവധി ജനാലകൾ. ഇവിടെ ചുറ്റിനുമുള്ള മരങ്ങൾ ആർക്കുവേണ്ടിയോ കാവൽ നിൽക്കുന്നപോലെ. പക്ഷികൾ ആരുടെയൊക്കെയോ ആജ്ഞകൾ അനുസരിക്കുന്നതുപോലെ. നാലു ഭാഗത്തും കരിമ്പനകൾ ഉഗ്രരൂപം പൂണ്ട് ഉയർന്നു നിൽക്കുന്നു. പടിഞ്ഞാറുനിന്നും ചെറുതായി കാറ്റു വീശുന്നുണ്ടായിരുന്നു. ഒരുതരം വശ്യഗന്ധം നിറഞ്ഞ കാറ്റ്.

പല പ്രാവശ്യം ഞാനും ശ്യാമും ഈ വീട്ടിൽ വന്നിട്ടും, ഒരിക്കൽ പോലും ഈ വൃദ്ധനോട് സംസാരിക്കാൻ സാധിച്ചില്ല. പകൽ സമയം ആരെയും കാണാത്തതു കൊണ്ട് രാത്രിയിൽ അവിടേക്ക് പോയി. അകലേന്ന് നോക്കിയാൽ വീടിന്റെ ഒരു വശത്ത് മങ്ങിയ പ്രകാശം കാണാം. ഈ പ്രദേശത്ത് പ്രകൃതിക്ക് പ്രത്യേക ഭാവമാറ്റമാണ്. ആരുടെയൊക്കെയോ അധീനതയിലാണ് ഇവിടം എന്ന് തോന്നിപോകും. വലിയ ചിറകുകൾ അടിച്ച് കടവാവലുകൾ പറന്നു പോകുന്നത് രാത്രിയുടെ അരണ്ട വെളിച്ചത്തിൽ കണ്ടു. സ്കൂളിലേക്കുള്ള യാത്രയിൽ മണ്ണാത്തിക്കുന്നിന്റെ ഇറക്കത്തിലുളള വഴിയിലൂടെ പോകരുതെന്ന് അമ്മച്ചി പലപ്പോഴും പറഞ്ഞ കാര്യം ഞാൻ ഓർത്തെടുത്തു.

എന്തെങ്കിലും ശല്യങ്ങളുള്ള വീടാണെങ്കിൽ ഈ പ്രദേശത്ത് ഭയപ്പെടുത്തുന്ന ചില ശക്തികൾ കാണേണ്ടതല്ലേ. എന്റെ ചിന്ത ആ വഴിക്കും പോകാതിരുന്നില്ല.വൃദ്ധൻ ആർക്കു വേണ്ടിയാണീ കാവൽ എന്നറിയണമെന്ന് ഞാൻ നിശ്ചയിച്ചു. വീടിനുള്ളിൽ ആരോടൊക്കെയോ വൃദ്ധൻ ഒറ്റയ്ക്ക് സംസാരിക്കുന്നു. കതകിൽ തട്ടിയപ്പോൾ സംസാരം പെട്ടെന്ന് നിലച്ചതു പോലെ. വീണ്ടും നിശബ്ദത നിഴലിച്ചു നിൽക്കുന്നു.

കൊളുത്തുകൾ നഷ്ടപ്പെട്ട ജനൽ പാളികളിലൂടെ ഞങ്ങൾ തിരഞ്ഞു നടന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ മുറിയിൽ കൂട്ടി ഇട്ടിരിക്കുന്നു. പൊട്ടിയ പിഞ്ഞാണ പാത്രങ്ങൾ പലയിടത്തും കാണാം. പണ്ടെങ്ങോ മരണപ്പെട്ട ഒരു സ്ത്രീയുടെ ഛായാചിത്രം ഭിത്തിയിൽ തൂങ്ങി കിടക്കുന്നു. മങ്ങിയ വെളിച്ചത്തിൽ ജനനമരണ തീയതികൾ പ്രയാസപ്പെട്ട് ഞാൻ വായിച്ചെടുത്തു. വർഷങ്ങൾക്കു മുൻപെപ്പഴോ ഉള്ള ഒരു തീയതിയാണ് ഏഴുതിയിരിക്കുന്നത്.

വ്യത്യസ്ത സമയങ്ങളിൽ ചലിക്കുന്ന നിരവധി ക്ലോക്കുകൾ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്നു. ചിലതൊക്കെ സമയത്തെ പുറകോട്ട് കൊണ്ടു പോകുന്നു. ഒരു ക്ലോക്കിൽ മാത്രം ശരിയായ സമയം കാണിക്കുന്നു. കത്തിയമർന്ന മെഴുകുതിരിയുടെ ബാക്കി ഭാഗങ്ങൾ മേശപ്പുറത്ത് പലയിടത്തായി കാണാം. മുറിക്കുള്ളിൽ അണയാത്ത ഒരു മെഴുകുതിരി എന്നിൽ ആശ്ചര്യമുളവാക്കി. പൊട്ടിയ ജനൽപാളികൾക്കിടയിലൂടെ മറ്റൊരു മുറിയുടെ ഉൾവശം കണ്ടു. 

കടവാവലുകളുടെ കാഷ്ടങ്ങൾ നിറഞ്ഞ വാതിൽപ്പടികളും ജനൽ പാളികളും. ഇവിടെയൊന്നും വൃത്തിയാക്കാതെ എന്തിനാണീ വൃദ്ധൻ വഴിയിലെയും മുറ്റത്തെയും കരിയിലകൾ പെറുക്കുന്നത്? ഞാൻ അങ്ങനെ ചിന്താക്കാതിരുന്നില്ല.ആ രാതിയിൽ ഞങ്ങൾക്ക് വീടിനെ പറ്റിയും വൃദ്ധനെ പറ്റിയും ദൂരുഹമായ ചിലതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. ഓണപരീക്ഷയുടെ ധൃതിയിൽ സ്കൂളിലേക്കുള്ള യാത്രകൾ വളരെ വേഗത്തിലായിരുന്നു. ചുറ്റുപ്പാടുകൾ മറന്ന് സ്കൂളിലേക്ക് അതിവേഗം നടന്നു.

പിന്നെയും പലനാൾ കഴിഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇപ്പോൾ വൃദ്ധനെ വഴിയിൽ  കാണുന്നില്ല. വൃദ്ധൻ എവിടെയെങ്കിലും പോയതാണോ? പല വട്ടം ഞാൻ ചിന്തിച്ചു. മാവിന്റെയും പുളിമരത്തിന്റെയും ഇലകൾ വീണ് ഈ പ്രദേശമാകെ നിറഞ്ഞു. വിളക്കു കൊളുത്താത്ത സർപ്പക്കാവു പോലെ. വീടിനെ ലക്ഷ്യമാക്കി നടന്നു. പിന്നീടങ്ങോട്ട് വീടിനകത്ത് എന്തൊക്കെ സംഭവിക്കുന്നതെന്ന് അറിയാൻ കാത്തിരുന്നു. ജനൽ പാളികളുടെ ഇടയിലൂടെ ഞാൻ വീണ്ടും തിരഞ്ഞു.

പ്രതീകാത്മക ചിത്രം

വൃദ്ധനെ ഒരിടത്തും കാണാൻ കഴിഞ്ഞില്ല. പലയിടത്തും തിരിയില്ലാത്ത തൂക്കുവിളക്കുകൾ. പല മുറികളിലും ഞാൻ തിരഞ്ഞു. മൂന്നു മെഴുകുതിരികൾ കത്തുന്ന മറ്റൊരു മുറി ഞാൻ കണ്ടു. ഉരുകി തീർന്നു കൊണ്ടിരിക്കുന്ന മൂന്നു മെഴുകുതിരികൾ. ആരും ഇല്ലാത്ത വീട്ടിൽ മെഴുകുതിരികൾ കത്തിച്ചത് ആരായിരിക്കും. ഈ മെഴുകുതിരികൾ എന്തിനേയൊക്കെയോ സൂചിപ്പിക്കുന്നതായിരിക്കാം എന്നെനിക്ക് തോന്നി. പെട്ടെന്നാണ് എന്റെ നോട്ടം സ്ത്രീയുടെ ചിത്രത്തോടു ചേർന്ന് മറ്റൊരു ചിത്രം കണ്ടത്. വഴിയിൽ കാണുന്ന അതേ വൃദ്ധന്റെ ചിത്രം ഭിത്തിയിൽ തൂങ്ങി കിടക്കുന്നത് പ്രയാസപ്പെട്ട് ഓർത്തെടുത്തു. ചിത്രത്തിന്റെ അടിയിൽ എഴുതിയ തീയതി വായിച്ചതിൽ നിന്നു വൃദ്ധൻ മരിച്ചിട്ട് നാലുനാൾ പിന്നിട്ടു എന്ന സത്യം ഉൾക്കിടിലത്തോട് ഞാൻ തിരിച്ചറിഞ്ഞു. 

ജോയിക്കുട്ടി ഒരുവേള സ്തബ്ധനായി. ഉമിനീരിറക്കാൻപോലും മറന്നു. ഭയത്തിന്റെ വേലിയേറ്റത്തിലൂടെ പോയ എന്റെ മനസിൽ പെട്ടെന്നാണ് മറ്റൊരു ചിന്ത വന്നത്. വൃദ്ധൻ മരിച്ചിട്ടുണ്ടെങ്കിൽ ഇവിടെ ശവം മറവു ചെയ്യുന്നതിന് ആളുകൾ കൂടേണ്ടതല്ലേ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ വഴിയിൽ കൂടി നടന്നു പോയതാണല്ലോ. എന്റെ ചിന്തകളിൽ നിഗൂഢതയുടെ വാതായനങ്ങൾ തുറന്നു.

ഈ വൃദ്ധന്റെ ശരീരം ആര് കൊണ്ടു പോയി. വീടിനകത്തെ ഏകനായി സംസാരിച്ചത് പണ്ടെങ്ങോ മരിച്ചു പോയവരുടെ ആന്മാക്കളായിരിക്കും. അങ്ങനെയെങ്കിൽ വൃദ്ധന്റെ ശരീരം ആത്മാക്കൾ എടുത്തു പോയിട്ടുണ്ടാകുമോ? ഇത്രയും നാളും വൃദ്ധൻ അകത്തുള്ള ആത്മാക്കൾക്കു വേണ്ടിയായിരുന്നോ വീടു കാത്തതും, മുറ്റത്തെയും വഴിയിലെയും കരിയിലകൾ വാരിയതും. അതോ ഞാൻ കണ്ട ഈ മനുഷ്യൻ മിഥ്യയോ യാഥാർത്യമോ.... അങ്ങനെയാണെങ്കിൽ ഈ വീട്ടിൽ നിറയെ ശരീരമില്ലാത്ത ആൾരൂപങ്ങളായിരിക്കും. എന്റെ ചിന്തക്കൾക്ക് കനം കൂടി വന്നു. ചിന്തകൾ പല വഴികളിലൂടെ സഞ്ചരിച്ചു. എങ്ങും എത്താത്ത വഴിത്താരകളിലൂടെ...

English Summary : Moonnu Mezhukuthirikal Story By Cecil Mathew