ഭക്തജനങ്ങളുടെ ഹൃദയത്തിൽ ഉദിക്കുന്നതും നാവിൽ ഉയരുന്നതുമായ പ്രാർഥനയാണു മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. സമസ്തജനങ്ങൾക്കും പ്രിയങ്കരനായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ഒന്നാം ലോകയുദ്ധകാലത്തു ചാപ്ലയിനായി ജോലി നോക്കിയ ആളാണ്. എല്ലായ്പോഴും ദൈവഹിതമാണ് ആ പുണ്യപുരുഷൻ അന്വേഷിച്ചിരുന്നത്. ജീവിതത്തിന്റെ അർഥവും ലക്ഷ്യവും ഭൂമിയിൽ ഈശ്വര തിരുമനസ്സ് നിറവേറ്റുന്നതിലാണ് അടങ്ങിയിരിക്കുന്നത് എന്നു ജോൺ മാർപാപ്പ പറയുമായിരുന്നു.

1915–ൽ ഇറ്റലി ഓസ്ട്രിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധം കൊടുമ്പിരിക്കൊണ്ട അവസരത്തിൽ അവിടെ സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട കഥാപുരുഷൻ ഡയറിയിൽ ഇങ്ങനെ എഴുതി: ‘‘നാളെ (മേയ് 24) യുദ്ധരംഗത്തേക്ക് എനിക്കു പോകേണ്ടിയിരിക്കുന്നു. അവർ എന്നെ എങ്ങോട്ടായിരിക്കുമോ അയയ്ക്കുക? ഒരുപക്ഷേ മുൻനിരയിൽ– ബെർഗാമോയിലേക്ക്. തിരിച്ചുവരാൻ എനിക്കിടവരുമോ? നിശ്ചയമില്ല. ഒരുപക്ഷേ, പടക്കളത്തിൽ പിടഞ്ഞുവീണു മരിക്കാനാവും ദൈവം നിശ്ചയിച്ചിട്ടുള്ളത്. എല്ലാം എന്റെ ചിന്തകൾക്കതീതമാണ്. എല്ലാക്കാര്യത്തിലും എല്ലായ്പോഴും ദൈവ തിരുമനസ്സ് പൂർത്തിയാകാൻ മാത്രം ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ മഹത്വത്തിനായി എന്റെ ജീവിത സർവസ്വവും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ദൈവഹിതം നിറവേറ്റപ്പെടുന്നതുവഴി മാത്രമേ ദൈവികാഹ്വാനത്തിന് എനിക്കു സത്യസന്ധമായ ഉത്തരം നൽകുവാൻ സാധിക്കയുള്ളു. മാതൃരാജ്യത്തോടും സഹോദരങ്ങളോടുമുള്ള എന്റെ സ്നേഹത്തിന്റെ മാറ്റു കാണിക്കുവാൻ സാധിക്കുകയുള്ളു. അത് ആഹ്ലാദപൂർണമായിരിക്കും. കർത്താവായ യേശുവേ, ഈ ആനന്ദം എപ്പോഴും എന്നിൽ നിലനിർത്തേണമേ. മറിയമേ, കരുണയുള്ള മാതാവേ, എല്ലാറ്റിലും ദൈവതിരുമനസ്സ് നിറവേറ്റുവാൻ അങ്ങ് എന്നെ സഹായിക്കണമേ.’’ യുദ്ധരംഗത്തേക്കു പോകാൻ നിർബന്ധിക്കപ്പെട്ടാൽ ആരുടെയും മനസ്സ് തരളിതമാകും. ആരെയും മരണഭയം ചഞ്ചലചിത്തരാക്കും. പക്ഷേ, എല്ലാക്കാര്യങ്ങളിലും ദൈവ തിരുമനസ്സ് നിറവേറട്ടെയെന്നു സദാ ഉരുവിട്ട ജോ‍ൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഹൃദയം ഹർഷപൂർണമായിരുന്നു.

ജീവിതത്തിൽ വിവിധ തരത്തിലുള്ള കഷ്ടപ്പാടുകളും പ്രതിസന്ധികളും പ്രയാസങ്ങളും നമുക്കു നേരിടേണ്ടിവരും. മനുഷ്യനെന്ന നിലയിൽ‌ ഇവ അനുഭവിച്ചേ തീരു. നിത്യമായ പരിഹാരം കണ്ടെത്താൻ മാനുഷിക മാർഗങ്ങൾ ഇല്ല. എന്നാൽ, ഈശ്വരവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹൃദയസമാധാനത്തിനു വഴിയുണ്ട്. എല്ലാം നിയന്ത്രിക്കുന്ന ദൈവത്തിന് അവൻ സമ്പൂർണമായി സമർപ്പണം ചെയ്യുന്നു. ജീവിത ക്ലേശങ്ങൾക്കു നേരേ നിരീശ്വരനു കണ്ടെത്താൻ കഴിയാത്ത വിശിഷ്ട ദർശനം ഈശ്വരവിശ്വാസി കൈവരിക്കുന്നു.

ദൈവപുത്രനായ ക്രിസ്തു തന്റെ മുമ്പിലുള്ള ഏറ്റവും കഠിനവും ദുർവഹവുമായ യാതന അറിയുന്നു. അപ്പോൾ ഏകാന്ത സ്ഥലത്തുപോയി പ്രാർഥിച്ചത് ‘‘എന്റെ ഇഷ്ടമല്ല, അങ്ങയുടെ തിരുവിഷ്ടം നിറവേറണമേ’’ എന്നായിരുന്നു. ആ പ്രാർഥനയുടെ പ്രചോദനമാണു ക്രിസ്തുഭക്തരെ നയിക്കുന്നത്. ദാവീദ് രാജാവ് തന്റെ ജീവിത ക്ലേശങ്ങളിൽ ദൈവഹിതത്തിനു സ്വയം സമർപ്പിച്ചു ഹൃദയശാന്തി കണ്ടെത്തിയ ആളാണ്. അദ്ദേഹം ഒരു സങ്കീർത്തനത്തിൽ ഇങ്ങനെ എഴുതി: ‘കർത്താവിനെ എപ്പോഴും എന്റെ മുന്നിൽ ഞാ‍ൻ നിർത്തുന്നു. എന്റെ വലം കൈയ്ക്കരികെ അവനുള്ളതിനാൽ ഞാൻ ചഞ്ചലചിത്തനാകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിക്കുന്നു. എന്റെ ഉള്ളം ആനന്ദിക്കുന്നു. എന്റെ ശരീരവും സുരക്ഷിതമായിരിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തിൽ ഉപേക്ഷിക്കുകയില്ല. ഭക്തൻ പടുകുഴി കാണാൻ അങ്ങ് അനുവദിക്കയില്ല. അവിടുന്ന് എനിക്ക് ജീവന്റെ വഴി കാണിച്ചുതന്നു. അവിടുത്തെ സന്നിധിയിൽ നിറവാർന്ന ആനന്ദമുണ്ട് (സങ്കീ. 16: 8 – 11).

90 വയസ്സുള്ള രോഗിയായ ഒരു ആശ്രമസ്ഥനെ കണ്ടകാര്യം ഒരാൾ രേഖപ്പെടുത്തുന്നു. കാഴ്ചശക്തി തീരെ കുറഞ്ഞു. ഒരു ശസ്ത്രക്രിയയ്ക്കുശേഷം അസ്വാസ്ഥ്യം നിമിത്തം മുറിക്കു പുറത്ത് ഇറങ്ങാൻ കഴിയുകയില്ല. കിടക്കമേൽ തന്നെ മുഴുവൻ സമയവും അസഹ്യമായ വേദന അനുഭവിച്ചു കിടക്കുമ്പോഴും അദ്ദേഹം സുസ്മേരവദനനായി കാണപ്പെട്ടത് ഒരു സന്ദർശകനെ വളരെ അദ്ഭുതപ്പെടുത്തി.

‘‘സഹോദരാ, വലിയ വേദനയുള്ളപ്പോഴും അങ്ങു സന്തോഷവാനായിരിക്കുന്നുവല്ലോ. ഇവയൊക്കെ നേരിടാൻ അങ്ങേക്ക് എങ്ങനെ കഴിയുന്നു.’’ ആ വൃദ്ധസന്യാസിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അദ്ദേഹം മെല്ലെ പറഞ്ഞു ‘‘ദൈവ തിരുമനസ്സ് നിറവേറട്ടെ’’ എന്നാണ്. ആ പുഞ്ചിരി, ഹൃദയത്തിൽ അനുഭവിക്കുന്ന പ്രശാന്തതയുടെയും വിശ്വാസ ഭദ്രതയുടെയും നിദർശനമാണ്. ആ ദീർഘമായ ജീവിതത്തിന്റെ ആകെത്തുകയായ ഒരു തത്വശാസ്ത്രത്തിൽ നിന്ന് ഉയർന്നതാണ്, ‘ദൈവമേ അങ്ങേ തിരുമനസ്സ് എന്നിൽ നിറവേറട്ടെ’ എന്നുള്ള പ്രാർഥന ദൈവത്തോടു ബന്ധം പുലർത്തുന്ന ആരുടെ നാവിൽ നിന്നും ഉയരേണ്ടതാണ്.


English summary: Positive Thoughts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT