ആലാ ഷബാബ (കഥ)

‘‘യാ അസർ... ബഹറുൽ മയ്യിത്തിലെ തെളിനീരിന്റെ രുചി പോലെ നിന്റെ ചുണ്ടുകൾക്ക് ഉപ്പ് രസമാണല്ലോ’’...

തലയ്ക്കു മുകളിലൂടെയിട്ട നനുത്ത മൂടുപടം മാറ്റി തിളങ്ങുന്ന പൂച്ചക്കണ്ണുകൾ കൊണ്ടവൾ അവനെ നോക്കി.

ചുംബനത്തിന്റെ ആലസ്യത്തിൽ അവളുടെ ചുരുണ്ട ചെമ്പൻമുടിക്കു താഴെ കിടക്കുമ്പോൾ അവളുടെ അധരങ്ങൾ വീണ്ടും അവന്റെ ചുണ്ടുകളെ വിഴുങ്ങി.

‘‘ഹാ.. താഷിഫാ... വേദനിക്കുന്നു... ചാവുകടലിന്റെ ഉപ്പുരസമല്ലത്... നീ കടിച്ചു പൊട്ടിച്ച ചുണ്ടിലെ ചോരയുടെ രുചിയാണ്’’

വായിൽ ചോരയുടെ ചവർപ്പ് കൂടിയപ്പോൾ അവൻ അവളെ തള്ളി മാറ്റാൻ ഒരുങ്ങിയെങ്കിലും നസറാ താഴ്‌വരയിലെ ചുഴലിക്കാറ്റിന്റെ ആവേശമായിരുന്നു അവളുടെ ചുണ്ടുകൾക്ക് .

മുഖത്ത് ഭാരം കൂടി ഞെരിഞ്ഞമരുന്നു .

‘‘യാ അള്ളാ.. വിടൂ താഷിഫാ...ഭ്രാന്തായോ നിനക്ക്..?’’

സർവ്വശക്തിയുമെടുത്ത്  തള്ളിമാറ്റിയിട്ടും മാറാതെ വന്നപ്പോൾ അവൻ മയക്കത്തിൽ നിന്നും ഞെട്ടിയുണരവേ കണ്ടത് തന്റെ മുഖത്തു നിന്നും മാറുന്ന ചോരയും മണലും പറ്റിപ്പിടിച്ച ലാടം തറച്ചൊരു ബൂട്ടിന്റെ അടിഭാഗമായിരുന്നു.

അകലെ എവിടെയോ ടാങ്കറുകളുടെ ഭയാനകമായ ശബ്ദം കൂടി കേട്ടപ്പോൾ ഒരു നിമിഷം കൊണ്ടവൻ ബോധമണ്ഡലത്തിലേക്കു തിരിച്ചു വന്നു.

ഗംബൂട്ടിന്റെ ചവിട്ടിനേക്കാളും തന്നെ വേദനിപ്പിച്ചത്  മുഖത്തു വന്നു വീണ പ്രിയ പ്രണയിനി താഷിഫാ കാത്തൂണിന്റെ തുപ്പലും ശാപവാക്കുകളുമായിരുന്നു.

‘‘ അസർ തലാൽ... നീ മനുഷ്യനല്ല പിശാചാണ്... ചെകുത്താൻ... നിന്റെ അനിയത്തിയുടെ പ്രായം പോലുമില്ലായിരുന്നല്ലോടാ അവൾക്ക്... പോ... ഇനി നമ്മൾ കാണരുത് .. നമ്മുടെ ജനതയ്ക്ക് മോചനം കിട്ടിയാലും ജന്നത്തിന്റെ ഹദീഖയിൽ വെച്ച് നിന്നെ കണ്ടുമുട്ടിയാലും നിനക്ക് മാപ്പില്ലാ.... അത്രയ്ക്കും ഭയക്കുന്നു നിന്നെ ...അത്രയ്ക്കും വെറുക്കുന്ന ഞാൻ നിന്നെ ... ദൂരെ പോ...’’

മുഖത്തെ മുറിവിൽ തൊട്ടപ്പോൾ കൈകളിൽ പറ്റിയ ചോര കണ്ടിട്ടും അവന്റെ കണ്ണിൽ വേദനയ്ക്കു പകരം കനലാണെരിഞ്ഞത്.

എത്ര ദിനരാത്രങ്ങൾ കഴിഞ്ഞു എന്നു പോലും അറിയുന്നില്ല.

ബോധമില്ലാതെ എത്ര ദിവസം. ഇവിടെ ഈ പട്ടാള ക്യാമ്പിൽ .

ഈ ദിവസങ്ങളത്രയും ഗ്വാണ്ടനാമോയെ വെല്ലുന്ന രീതിയിൽ അവർ തന്റെ ശരീരം നുറുക്കിയിട്ടുണ്ട്.

‘‘നിലത്തിട്ടു ചവിട്ടാതെ എണീപ്പിച്ചു നിർത്തെടാ നായെ ... ’’

പ്രതീകാത്മക ചിത്രം

രോഷത്തോടെ അലറിയപ്പോൾ ചവിട്ടാനാഞ്ഞവനെ തടഞ്ഞു കൊണ്ട് മറ്റൊരുത്തൻ തൂക്കിയെടുത്തു.

പിശാചിന്റെ മുഖമുള്ള ആ പട്ടാളക്കാരൻ തന്റെ മുഖത്തേക്കു നോക്കി കിതച്ചു.

‘‘കുറച്ചു വെള്ളമെങ്കിലും താ...’’

മുഖത്തെ വസൂരിപ്പാടിലേക്കു നോക്കി മുരണ്ടപ്പോൾ അവൻ ആഞ്ഞു തള്ളുകയാണുണ്ടായത്.

ഹൃദയമിടിപ്പു പോലെ കേട്ട ബൂട്ടിന്റെ ശബ്ദത്തിൽ പട്ടാളക്കാർ ജാഗരൂകരാകവേ മൂക്കുകുത്തി മണ്ണിൽ കമിഴ്ന്നു വീണ മുഖത്തിനടുത്താ ബൂട്സിന്റ ശബ്ദം നിലച്ചു.

കഴുകന്റെ കണ്ണുകളുള്ള സ്ക്വാഡ്രൺ ലീഡർ കുനിഞ്ഞ് പിന്നിലേക്കു ബന്ധിക്കപ്പെട്ട കൈ അടക്കം പിടിച്ചുയർത്തിയപ്പോൾ ജീവൻ പറിഞ്ഞു പോകുന്ന വേദന തോന്നി.

‘‘വിലങ്ങഴിക്കെടാ നായെ ... ഹഗാനാ പട്ടാളക്കാരൻ കണ്ണിൽ ചോരയില്ലാത്തവനാണെങ്കിലും ധൈര്യശാലിയെന്ന് കേട്ടിട്ടുണ്ടല്ലോ... അതോ ഒരു പതിനേഴുകാരനെപ്പോലും ഭയമാണോ നിനക്ക്..?’’

പല്ലുകൾ ഞെരിഞ്ഞമർന്ന ആ വായിൽ നിന്നും വാക്കുകൾ മുരണ്ടു. 

‘‘കൊണ്ടു പോ... ചിതറിത്തെറിക്കണം തലയോട്ടി.. ഉടൽ മതി എനിക്കിവിടെ ... ’’

മുന്നോട്ടു വന്ന പട്ടാളക്കാരനെ തടഞ്ഞു കൊണ്ട് നേരത്തെ തന്നെ പിടിച്ചു തള്ളിയ പിശാചിന്റെ മുഖമുള്ളവൻ പിടിച്ചു വലിച്ചുകൊണ്ടു പോയി. വിലാപങ്ങളുടെ നാടിന്റെ നെഞ്ചകം കീറിപ്പിളർന്നു കൊണ്ടു പായുന്ന ട്രക്കിലിരിക്കുമ്പോൾ ലവലേശം ഭയം തോന്നിയില്ല. മരണം മുമ്പിലുണ്ട് എന്നറിഞ്ഞിട്ടും ഒട്ടും പതറിയില്ല.

വീടിന്റെ ഉമ്മറത്തിരുന്ന ഉമ്മയും ഒമ്പതു മാസം പ്രായമുള്ള അനിയത്തിയും ചിതറിത്തെറിക്കുന്നത് കണ്ടൊരുത്തന് അതിലും ഭീകര കാഴ്ച്ച ഇനിയെന്ത്. ജനിച്ച വീടും നാടും അഭിമാനവും നഷ്ടപ്പെട്ട് പലായനം ചെയ്തവരുടെ മണ്ണിലൂടെ മിലിട്ടറിട്രക്ക് നീങ്ങുമ്പോൾ മനസ്സിലോർത്തു.തുകൽ കച്ചവടക്കാരുടെ തിരക്കുപിടിച്ച  നഗരം വിജനമായിരിക്കുന്നു. മധുര പലഹാരങ്ങൾ മണത്തിരുന്ന തെരുവുകൾ ഇപ്പോൾ മനുഷ്യമാംസത്തിന്റെ ഗന്ധം മണക്കുന്നു.

പ്രതീകാത്മക ചിത്രം

ട്രക്കിന്റെ മുരൾച്ചയിൽ ചെറിയ കൂരകളുടെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടികൾ അകത്തേക്കോടി.അകത്തു നിന്നും ഹിജാബിന്റെ വിടവിലൂടെ നോക്കുന്ന സ്ത്രീകളുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു. ബിഷ്റി മലഞ്ചെരിവിലൂടെ പൊടിപറത്തിക്കൊണ്ടു പാഞ്ഞ ട്രക്കിലിരുന്ന് നാഥനെ ഉരുവിട്ടു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ച് മരണത്തിലേക്കുള്ള നിമിഷങ്ങളെണ്ണവേ സിദാർ കാടുകൾക്കരികെ ഒരു മുരൾച്ചയോടെ വണ്ടി നിന്നു.

പിശാചിന്റെ മുഖമുള്ളവൻ ധൃതിവെക്കാതെ ചുറ്റും ഒന്നു കണ്ണോടിച്ചു.

ബെൽറ്റിൽ നിന്നും പിസ്റ്റൾ അടർത്തിയെടുത്ത് സജ്ജമെന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി തന്നെ നോക്കിയപ്പോൾ വലിഞ്ഞു മുറുകിയ അയാളുടെ മുഖം ഒന്നുകൂടി പൈശാചികമായി അവനു തോന്നി.തോൽബാഗിലെ വെള്ളം വായിലേക്കു കമഴ്ത്തിയതു കണ്ടപ്പോൾ  തൊണ്ട കൂടുതൽ വരണ്ടു. അയാൾ അടുത്തുവന്ന്  മുഖത്തേക്ക് ഉറ്റുനോക്കിയ ശേഷം കയ്യിലെ വിലങ്ങഴിച്ചു.

അറുക്കാൻ തയ്യാറാക്കി നിർത്തിയ അറവുമൃഗത്തിനു നേർക്കെന്നെ പോലെ തുകൽ സഞ്ചി നീട്ടിയപ്പോൾ  ആർത്തിയോടെ വായിലേക്ക് കമഴ്ത്തിയതും പൊടുന്നനെയുള്ള അയാളുടെ ചോദ്യം  വെള്ളം തൊണ്ടക്കുഴിയിൽ തടഞ്ഞു നിർത്തി.!

‘‘അവളെ അറുത്തു മുറിച്ചിടുമ്പോൾ വിറയ്ക്കാത്ത നിന്റെ കൈ ഇപ്പോൾ വല്ലാതെ വിറയ്ക്കുന്നു.?’’

മൂന്നു ദിവസം മുഴുവനുള്ള ദാഹം ശമിച്ചപ്പോൾ അയാളെ നോക്കി ശ്വാസം ഉള്ളിലേക്കാവാഹിക്കവേ യൂഫ്രട്ടീസും ബറാദയും കടന്നു പറന്നെത്തിയ കാറ്റിലെ ചോരയുടെ ഗന്ധം വീണ്ടും മൂക്കിലേക്കടിച്ചു കയറി.

 കിതപ്പടങ്ങി.

നീണ്ട മൗനത്തിന്റെ നിമിഷങ്ങളിൽ അങ്ങു ദൂരെ തീജ്വാലകൾ പോലെ തോന്നിച്ച ചുവന്ന ഷീറ്റുകൊണ്ടു മറച്ച അഭയാർത്ഥി ക്യാമ്പുകൾക്കു മുകളിൽ ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തുകളെ കണ്ടു അവൻ.

‘‘അറിയുമോ നിങ്ങൾക്കവളെ’’...?

നിങ്ങൾക്കെന്നല്ല ആർക്കുമറിയില്ല...

ഈ ലോകത്തിന്റെ കണ്ണീരായിരുന്നു അവൾ...

എന്റെ ഷബാബ... 

 പിറക്കാതെ പോയ എന്റെ കുഞ്ഞനുജത്തി ആലാ ഷബാബ ...!

തോക്കും പീരങ്കിയും സ്ഫോടകവസ്തുക്കളും കൊണ്ട് എന്റെ പാവം ജനതയുടെ നേരെ നരനായാട്ടു നടത്തുമ്പോൾ നിങ്ങൾ കണ്ട കുറ്റമെന്താണ് ഞങ്ങളിൽ .? നിങ്ങളുടെ വിശ്വാസം തെറ്റിക്കുന്നു എന്നോ? നിങ്ങളുടെ ദൈവത്തെ ധിക്കരിക്കുന്നു എന്നോ? ഒരു നേരത്തെ വിശപ്പടക്കാൻ കൊടുക്കാൻ പോലും ഗതിയില്ലാതെ ഉമ്മമാർ വീടിനു പുറത്ത് കളിക്കാൻ വിടുന്ന കുഞ്ഞുങ്ങളാണോ സാർ തീവ്രവാദികൾ..?

നിങ്ങൾ വെടിയുതിർക്കുമ്പോൾ എന്റെ ഷബാബയും കുഞ്ഞായിരുന്നില്ലേ സർ ...? അറ്റുപോയ വലത്തെ കാലിനു പകരം തകരടിന്നും മരക്കഷണവും ചേർത്ത് കെട്ടിയ കൃത്രിമക്കാലും കൊണ്ട് അഞ്ചു വർഷം ജീവിച്ചിട്ടും അവൾ കരഞ്ഞിട്ടില്ല സാർ...

പക്ഷേ...

അവന്റെ വാക്കുകളിൽ സങ്കടവും കനലുമെരിഞ്ഞു. ശ്വാസമെടുക്കാൻ  പാടുപെട്ട്  ഒന്നു കൂടെ കിതച്ച്

അഭയാർത്ഥി ക്യാമ്പിലെ കൂട്ടക്കരച്ചിലുകൾക്കിടയിൽ നിന്നും നിങ്ങളൂടെ പട്ടാളക്കാർ പിടിച്ചു കൊണ്ടുപോയി 

ദിവസവും പത്തും ഇരുപതും പേർ പീഡിപ്പിക്കുമ്പോൾ കരയാൻ പോലും ശക്തിയില്ലായിരുന്നല്ലോ സർ എന്റെ ഷബാബക്ക്...

പ്രതീകാത്മക ചിത്രം

‘‘വെറും പതിനൊന്നു വയസ്സുള്ള ആ ഇളം മേനിയിൽ എന്ത് ആനന്ദമാണ് സർ നിങ്ങളുടെ പട്ടാളക്കാർക്ക് കിട്ടിയത്..? ഒരു തുള്ളി വെള്ളമെങ്കിലും അവളുടെ വായിൽ ഇറ്റിച്ചു കൊടുക്കാൻ തോന്നാതിരിക്കാൻ മാത്രം ക്രൂരരായിപ്പോയല്ലോ നിങ്ങൾ. ജനനേന്ദ്രിയത്തിലും ഇളം മാറിലും വ്രണം വന്ന് പഴുത്ത ഒരു കുഞ്ഞു ശരീരത്തിൽ വീണ്ടും വീണ്ടും പേക്കൂത്തു നടത്തുമ്പോൾ ഒരിക്കൽ പോലും ചിന്തിച്ചില്ലല്ലോ അതും മജ്ജയും മാംസവും വേദനയുമുള്ള ഒരു മനുഷ്യജീവിയാണെന്ന്’’

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .

 അവൻ മിഴികൾ ഇറുക്കിയടച്ചു.

ഭയാനകമായ മൗനം ചുറ്റും പൊതിഞ്ഞു .

ആ നിമിഷങ്ങൾ

 കൺമുമ്പിൽ തെളിഞ്ഞു വന്നു.

അവസാനത്തെ ആളും ദേഹത്തു നിന്നെണീറ്റു പോയപ്പോൾ തൊണ്ടയിലെ വരൾച്ച മാറ്റാൻ മുറിഞ്ഞു തൂങ്ങിയ  ചുണ്ടിലെ ചോര കുടിച്ചിറക്കി അലറിക്കരഞ്ഞ അവളെ കയ്യിൽ വാരിയെടുക്കുമ്പോൾ കീറിയ വസ്ത്രത്തിനുള്ളിലൂടെ കണ്ടു പഴുത്തൊലിക്കുന്ന ജനനേന്ദ്രിയം...!

"ഭായി ജാൻ... 

എനിക്കു വയ്യ ഭായി ജാൻ..

വേദനിക്കുന്നു ഭായി ജാൻ..."

അവളുടെ മുഖത്തേക്കു നോക്കുവാൻ കഴിയാതെ മുഖം തിരിക്കുമ്പോൾ പുറത്ത് മറ്റൊരു ട്രക്ക് വന്നു നിന്ന ശബ്ദം കേട്ടു ...!

ഷബാബയുടെ ഉടൽ ഭീതിയാൽ വിറച്ചു.

"ഭായി ജാൻ... അവർ വരുന്നു... അവർ വരുന്നു.. "

അവളുടെ പിടി മുറുകിക്കൊണ്ടിരുന്നു.

"ഭായി ജാൻ... എനിക്ക് വേദന താങ്ങാനാവുന്നില്ല ഭായി ജാൻ... എന്നെ ഒന്ന് കൊന്ന് തരൂ ഭായി ജാൻ..."

അവന്റെ ഇരുകവിളിലും പിടിച്ചവൾ നിലവിളിച്ചു.

‘‘യാ... അള്ളാ... എനിക്കിത് കാണാൻ വയ്യാ’’

അടുത്തടുത്തു വരുന്ന ബൂട്ട്സിന്റെ ശബ്ദം...!

‘‘ഭായി ജാൻ... എന്നെ കൊന്നു തരൂ... എന്നെ’’

പ്രതീകാത്മക ചിത്രം

അവളുടെ ശബ്ദം നേർത്തു വന്നു.

വേദനയോടെ അവന്റെ മുഖം മാന്തിപ്പറിച്ചു.

ചുമരിലെ ആണിയിൽ തൂക്കിയിട്ട അരപ്പട്ടയുടെ സൈഡിൽ തിരുകി വെച്ച കഠാരയിലേക്ക് അവന്റെ കൈകൾ നീണ്ടു. ബൂട്സിന്റെ ശബ്ദം അടുത്തടുത്തുവന്നു.

അവൻ അവളുടെ കണ്ണുകൾ പൊത്തി.

‘‘നാഥനെ ഉരുവിട്ടു കൊള്ളുക ...കുഞ്ഞേ... മാപ്പ്... മാപ്പ്’’

മുകളിലേക്ക് തലയുയർത്തി കണ്ണുകൾ ഇറുക്കിയടച്ചു.

‘‘യാ അള്ളാഹ്’’...

 പാപിയാണ് ഞാൻ ...

 ‘‘പാപിയാണ് ഞാൻ ...’’

തിളങ്ങുന്ന കഠാര ആ ഇളം കഴുത്തിൽ അങ്ങോട്ടുമിങ്ങോട്ടും പുളഞ്ഞു...! ചോര ദേഹത്തേക്ക് ചീറ്റിത്തെറിച്ചപ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു.പറഞ്ഞു തീർന്നതും കിതപ്പോടെ അവൻ പിശാചിനെ ഉറ്റുനോക്കി.

അയാളുടെ കണ്ണുകൾ അപ്പോഴും ക്രൂരമായി തിളങ്ങുന്നുണ്ടായിരുന്നു. പതുക്കെപ്പതുക്കെ അവന്റെ കിതപ്പടങ്ങി.

ചോരയും മണലും മരുഭൂജലവും പറ്റിപ്പിടിച്ച ചുണ്ട് അമർത്തിത്തുടച്ചു കൊണ്ടവൻ പുച്ഛത്തോടെ അയാളെ നോക്കി.

‘‘പ്രിയപ്പെട്ടവരാരെങ്കിലും കൺമുന്നിൽ പിടഞ്ഞു തീരുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ’’...?

‘‘പതിനൊന്നു വയസ്സായ ഒരു മകളുണ്ടോ നിങ്ങൾക്ക്..?’’

അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛം നിറഞ്ഞു. 

ഒരു നിമിഷത്തെ മൗനത്തിനു ശേഷം -

‘‘മകൻ’’... !

‘‘നിന്റെ പ്രായത്തിലുള്ളവൻ’’...

‘‘നിന്റെ ആളുകൾ ഛിന്നഭിന്നമാക്കിയ പ്രിയപുത്രൻ’’

അവിശ്വസനീയതയോടെ ഉറ്റുനോക്കിയത് ശ്രദ്ധിക്കാതെ അയാൾ തുടർന്നു.

‘‘സ്ഫോടന സ്ഥലത്ത്  അലമുറകളുടെയും കൂട്ടക്കരച്ചിലുകളുടെയും ഇടയിൽ മകനെ തെരഞ്ഞ ഒരച്ഛൻ ചവിട്ടി നിന്നത് തെറിച്ചു പോയിട്ടും  ചൂടുവിട്ടുമാറാത്ത അവന്റെ കുഞ്ഞുകൈകളിലായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടൽ ഊഹിക്കാമോ നിനക്ക്..?’’

പൈശാചികമായ ആ മുഖത്തിന് ഒട്ടും ചേരാത്ത ഒരു ദയനീയത കണ്ടു അവനപ്പോൾ.

അയാളുടെ മുഖത്ത് ആത്മനിന്ദ പ്രതിഫലിച്ചു.

‘‘അങ്ങോട്ടും ഇങ്ങോട്ടും ബോംബെറിഞ്ഞും വെടിയുതിർത്തും തീരട്ടെ...

സലാവുദീന്റെ കുടീരത്തിനു ചുറ്റും ശവങ്ങൾ കുന്നുകൂടട്ടെ...

മുല്ലപ്പൂക്കളുടെ നഗരം ചോരപ്പൂക്കളുടെ നരകമായി മാറട്ടെ...

 സർവ്വം നശിക്കട്ടെ... ’’

രണ്ടു പേർക്കും ഇടയിൽ വാക്കുകൾ മുറിഞ്ഞു.

ബിഷ്റി മലയ്ക്കുമപ്പുറം സൂര്യന് ചൂടു കുറഞ്ഞു.

ട്രക്കിന്റെ സീറ്റിൽ നിന്നും അയാൾ ഗൺ എടുത്തു.

അവന്റെ അടുത്തുവന്നു നിന്നപ്പോൾ അയാളുടെ മുഖം വല്ലാതെ വിളറിയിരുന്നെങ്കിലും അവന്റെ മുഖം

നിശ്ചയദാർഢ്യവും ധീരതയും സ്ഫുരിക്കുന്നുണ്ടായിരുന്നു. അയാൾ ചുറ്റും കണ്ണോടിക്കുന്നതു കണ്ടപ്പോൾ

അവൻ നെഞ്ചുവിരിച്ച് കൈകൾ പിന്നിലേക്കു കെട്ടി കണ്ണടച്ചു.

നിമിഷങ്ങൾ.

അവന്റെ ഹൃദയം എൺപത് പ്രാവശ്യം മിടിക്കുന്നതു വരെ കാറ്റു പോലും ബിഷ്റി മലകളിൽ തട്ടി നിന്നു.

കാത്ത്വാൻ തടാകം നിശ്ചലം നിന്നു.

ചെവിയിൽ ഒരു മന്ത്രണം.

‘‘പോ’’

അവിശ്വസനീയതയോടെ അവൻ കണ്ണു തുറന്നു.

ചെകുത്താന്റെ മുഖം മാലാഖയെപ്പോലെ പ്രകാശിക്കുന്നു.

‘‘ഓടിപ്പോ’’

രക്തവും മാംസവും ചിതറാത്ത ഒരു ലോകവും നിന്റെ ജനതയുടെ മോചനവുമുണ്ടാകുമ്പോൾ അത് കാണാൻ നീയുണ്ടാവണം"

അവൻ മടിച്ചു നിന്നു.

‘‘പോ’’

ഗോലാൻ കുന്നുകളി ൽ ഇരുട്ടു പരക്കുന്നു...

ആലാ ഷബാബ (കഥ)

 ദൈവം അനുഗ്രഹിക്കും...

അവന്റെ കണ്ണുകൾ അന്നാദ്യമായി നിറഞ്ഞു.

 അയാളുടെ പരുപരുത്ത കൈകളിൽ ചുംബിച്ച ശേഷം ഓടി.

ദൂരെ...

ദൂരെയെത്തിയതും പിന്നിൽ ഒരു വെടി ശബ്ദം കേട്ടു .!!!

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.!

  ശിരസ്സു ചിതറിത്തെറിച്ച്,

 കാറ്റു പിടിച്ച പോലെ ആടിയശേഷം പൊടി മണ്ണിലേക്കു വീഴുന്നൊരു ശരീരം...!

എവിടെയോ കഴുകന്റെ ചിറകടിയൊച്ച കേൾക്കുന്നുണ്ടായിരുന്നു.

 English Summary: Aala Shababa Story By Salim Padinjattum Muri