ഒറ്റപ്പെൺമഴ പെയ്യുമ്പോൾ...
ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയതു കൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തന്റെ ജീവിതം ഒരിക്കൽകൂടി ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. മലയാളത്തിലെ യുവ എഴുത്തുകാരി ദീപ
ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയതു കൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തന്റെ ജീവിതം ഒരിക്കൽകൂടി ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. മലയാളത്തിലെ യുവ എഴുത്തുകാരി ദീപ
ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയതു കൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തന്റെ ജീവിതം ഒരിക്കൽകൂടി ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. മലയാളത്തിലെ യുവ എഴുത്തുകാരി ദീപ
ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയതു കൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തന്റെ ജീവിതം ഒരിക്കൽകൂടി ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. മലയാളത്തിലെ യുവ എഴുത്തുകാരി ദീപ നിശാന്തിന്റെ ഓർമ്മകൾ പറയുന്ന പുസ്തകമാണ് ‘നനഞ്ഞു തീർത്ത മഴകൾ’. എഴുത്തുകാരിയും അധ്യാപികയുമായ ഗ്രന്ഥകാരിയുടെ ശൈശവ, ബാല്യ, വിദ്യാർഥി, ദാമ്പത്യ ജീവിതങ്ങളൊക്കെയും ഒട്ടും നിറം മങ്ങാതെ പകർത്തിയെഴുതിയ പുസ്തകമാണിത്.
പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ഥകാരി പറയുന്നുണ്ട് ‘മഴ നനയും പോൽ എന്നെ കേട്ടാലും’ എന്ന്. പുസ്തകത്താളുകൾ മറിക്കുന്തോറും മഴ മാത്രമല്ല, അതോടൊപ്പമുള്ള ഇടിമിന്നലും കൊടുങ്കാറ്റും മഴക്കുളിരും എല്ലാം അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നു.
ടീച്ചറുടെ ബിഎഡ് കാലത്തെ അധ്യാപനനുഭവത്തിൽ പറയുന്നുണ്ട് ഉച്ചക്കഞ്ഞി കിട്ടാനായിട്ട് മാത്രം സ്കൂളിലേക്ക് വരുന്ന കുട്ടികളെക്കുറിച്ച്. അതുപോലെ അനാഥത്വത്തിന്റെ ദുഃഖഭാരങ്ങളിൽ നിന്നും വിദ്യാലയത്തിലേക്കെത്തുന്ന സങ്കടക്കണ്ണീരിനാൽ തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞുങ്ങളെക്കുറിച്ചും. അധ്യാപനത്തിന്റെ ആദ്യാനുഭവം നൽകിയ വിദ്യാർഥിക്കൂട്ടത്തിൽ നിന്നുള്ള ഒരുവനായിരുന്നു ടീച്ചർക്ക്, ‘ക്ലാസ്സ് രസല്ലാച്ചാ ശബ്ദമുണ്ടാക്കും’ എന്ന് ഭാവി അധ്യാപന കാലത്തേക്കുള്ള ‘ഉപദേശം’ നൽകിയത്. ക്ലാസ്സിൽ പലപ്പോഴും ശബ്ദുണ്ടാക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളിൽ പലർക്കും കളങ്കരഹിതമായി സ്നേഹം കൈമാറാൻ പറ്റുന്നുണ്ടെന്ന് അധ്യായത്തിന്റെ അവസാനം ടീച്ചർ സമർത്ഥിക്കുന്നുണ്ട്.
പുസ്തകത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് ബാല്യകാലാനുഭവങ്ങൾ ടീച്ചർ ഒരുപാടെഴുതി എന്നത്. കുഞ്ഞിലെ പരസ്പരമുള്ള ദേഷ്യവും കുശുമ്പും കുസൃതിയുമെല്ലാം സജുവും സോജയുമൊത്തുള്ള കുട്ടിക്കാലം നമുക്ക് വല്ലാതെ പറഞ്ഞു തരുന്നുണ്ട്. നിഷ്കളങ്കമായ ടീച്ചറുടെ കുട്ടിക്കാലം വായനക്കാർക്ക് പരിചയമുള്ള സാഹചര്യങ്ങളിൽ നിന്നായിട്ട് പോലും ഓർമ്മകൾക്ക് മങ്ങലേൽക്കാതെ എഴുതുന്നതിൽ ഗ്രന്ഥകാരി വിജയിച്ചിട്ടുണ്ട്.
ചെയ്യുന്ന നന്മകളും സ്നേഹപ്രകടനങ്ങളും കാണുമ്പോൾ ഇവൻ/ഇവൾ ബുദ്ധിവൈകല്യമുള്ള ആളാന്നോ എന്ന് നമുക്ക് സംശയം തോന്നിക്കുന്ന ചില മനുഷ്യരെയെങ്കിലും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ടീച്ചറുടെ ജീവിതത്തിൽ അവർ കണ്ടുമുട്ടിയ, അങ്ങിനെയുള്ള ഒരാളാണ് വറീതാപ്ല. ഒരിക്കൽ ടീച്ചർ കോളേജിൽ പഠിക്കുന്ന സമയത്ത് രാവിലെ കോളേജിലേക്ക് ബസ് കയറാൻ റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ നല്ല വേഗതയിൽ തൊട്ടടുത്തു കൂടെ ഒരു കാർ പാഞ്ഞു പോയി. റോട്ടിലുണ്ടായിരുന്ന ഒരു കുഴിയിലെ ചെളി ടീച്ചറുടെ ചുരിദാറിലേക്ക് തെറിപ്പിച്ചാണ് കാർ നീങ്ങിപ്പോയത്. തിരികെ വീട്ടിലേക്ക് പോയി ഡ്രസ്സ് മാറി വീണ്ടും കോളേജിലേക്ക് പോവാൻ റോട്ടിലിറങ്ങിയപ്പോഴാണ് ദേഹം മുഴുവൻ ചെളിയുമായി വറീതാപ്ല നിൽക്കുന്നത് കണ്ടത്. ആ കുഴി അയാൾ മണ്ണിട്ട് മൂടിയിട്ടുണ്ട്. ‘ഇനി ചെളി തെറിക്കൂലാ ട്ടോ’ എന്ന് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചത് ആ ‘നല്ല സുഖമില്ലാത്ത’ വറീതാപ്ലയായിരുന്നു.
നമ്മുടെ ജീവിതത്തിൽ സന്തോഷവും നർമ്മവും നിറയ്ക്കാൻ ഓടിയെത്തുന്ന ചില മനുഷ്യരുണ്ട്. അത്തരം ആളുകൾ നഷ്ടപ്പെടുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. വളരെ ദുരൂഹമോ അപകടകരമോ ആയ സാഹചര്യത്തിൽ അവർ മരിക്കുമ്പോൾ ഉള്ള് നോവും. കണ്ണു കലങ്ങും. ടീച്ചറുടെ വീട്ടുവളപ്പിലെ തെങ്ങുകയറ്റക്കാരൻ വാസു, നിറയെ പൊട്ടിച്ചിരികളുള്ള (നിറയെ കുട്ടികളുള്ള) വീട് സ്വപ്നം കണ്ട ആളായിരുന്നു. അവസാനം ആ വീട്ടിൽ ഒരിക്കലും പൊട്ടിച്ചിരി ഉണ്ടാകാത്ത വിധം തന്റെ കുഞ്ഞുങ്ങളെ അനാഥമാക്കി അയാൾ ഭാര്യയെ വെട്ടിക്കൊന്ന് സ്വയം തൂങ്ങി മരിക്കുകയായിരുന്നു. മനസാക്ഷി തോറ്റുപോകുന്ന ചില മഞ്ഞവെയിൽ മരണങ്ങൾ.
വീട്ടിലെ പെൺകുട്ടികളുടെ പ്രായപൂർത്തിയാവൽ ആഘോഷമാക്കിയിരുന്ന ഒരു കാലം മലയാളിക്കും ഉണ്ടായിരുന്നു. കൂട്ടുകുടുംബങ്ങളിലാണെങ്കിൽ അതിന്റെ തോത് കൂടുകയും ചെയ്യും. വയസ്സറിയിച്ചത് ആഘോഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കില്ല. കുറേ വിലക്കുകളും അവൾക്ക് മീതെ വന്നു വീഴുകയാണ്. കൗമാരകാലത്ത് തനിക്കുണ്ടായിരുന്ന സമാന അനുഭവം പുസ്തകത്തിലൂടെ പങ്കുവെക്കാൻ, ജീവിതത്തിൽ ശരിയെന്ന് തോന്നിയ സ്വന്തം തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകിയ ടീച്ചറും മറന്നില്ല.
പുസ്തകത്തിൽ, ടീച്ചർ ഷാർജയിൽ പോയപ്പോൾ ഉണ്ടായ പനിയനുഭവം പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്. ഒരായിരം പനിക്കാലങ്ങൾ എനിക്കു നിന്നോടൊത്ത് പനിച്ചു കിടക്കണം...ഒരൊറ്റ പുതപ്പിനുള്ളിൽ എന്നെഴുതിയ പഴയ ആശംസാ കാർഡ് ഓർമയിൽ ചുരുൾ നിവർന്നു. നാലാക്കി മടക്കി ഭദ്രമായി ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചാലും ഓർമ്മത്താളുകൾ ഇടക്കിടെ മടക്കുകൾ സ്വയം നിവർത്തി നിവർന്നു മുന്നിൽ നിൽക്കും. ഒറ്റപ്പുതപ്പിനുള്ളിൽ പനിക്കാലം സ്വപ്നം കണ്ട ആളാണ് ‘അമ്മേടെ അടുത്ത്ന്ന് നീങ്ങിക്കിടന്നേ… പനി പകരണ്ടാ’ ന്നും പറഞ്ഞ് മക്കളെയും കൂട്ടി ഓടിയൊളിച്ചത്. എനിക്ക് ചിരി വന്നു. ജീവിതത്തിൽ പ്രാക്ടിക്കൽ ഇടനാഴികളിലെവിടെയോ വെച്ച് പ്രണയം ചിലപ്പോൾ കളഞ്ഞു പോവും അല്ലേ…
അമ്മമാരുണ്ടെങ്കിലേ നമുക്ക് സ്വസ്ഥമായ പനിക്കാലം ഉണ്ടാകൂ. അമ്മയ്ക്കു മാത്രമേ മാറോടു ചേർത്തടക്കിപ്പിടിച്ച് നമ്മുടെ പനിച്ചൂടിനെ ഒപ്പിയെടുക്കിനാവൂ. എന്നാൽ ഒരമ്മയാകുമ്പോഴേക്കും ഒരു പെണ്ണിന് നഷ്ടമാകുന്നതും ഇതല്ലേ. പനിച്ചൂട് ശരീരത്തിൽ തിളച്ച് തറിയുമ്പോഴും അടുപ്പിലെ ചൂടും ഏറ്റുവാങ്ങേണ്ടവളാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് എനിക്ക് പുട്ടു മതി എന്ന് ധ്യാനും എനിക്കു ദോശ എന്ന് ആര്യക്കുട്ടിയും വിളിച്ച് പറഞ്ഞപ്പോൾ ജാഗ്രതയോടെ അടുക്കളയെ സമീപിക്കുന്ന ദീപ ടീച്ചർ.
കേൾക്കുന്നവന് ഒരു കുഴപ്പവുമില്ലെങ്കിൽ പോലും അത് കാണുന്ന നമ്മെ ചൊടിപ്പിക്കുന്ന ചില ദേഷ്യപ്പെടലുകൾ നമ്മുടെ ചുറ്റും സംഭവിക്കാറുണ്ട്. കേൾവിക്കാരന് വേണ്ടി ദേഷ്യപ്പെടുന്ന ആളോട് സംസാരിച്ചിട്ട് അയാളുടെ ചീത്ത കേൾക്കുമ്പോൾ വേണ്ടായിരുന്നെന്ന് തോന്നുന്ന ചില ഘട്ടങ്ങൾ പലരുടെയും പോലെ ടീച്ചറുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. തോൽക്കുമെന്നുറപ്പുള്ളപ്പോഴും തർക്കത്തിൽ പങ്കെടുത്ത് തോൽക്കുന്നതാണ് ഉറപ്പുള്ള വിജയത്തേക്കാൾ നല്ലത് എന്ന ടീച്ചറുടെ നിലപാട് ജീവിതരേഖയിൽ വരച്ചിടുന്നുണ്ട്.
പ്രണയബന്ധം വീട്ടിലറിയുമ്പോഴുണ്ടാകുന്ന സ്വാഭാവിക എതിർപ്പുകൾ അനുഭവിച്ച ദീപാ നിശാന്തിന് ജീവിതത്തോട് ചേർത്ത് പറയാനുള്ളത് പ്രണയിക്കപ്പെടുക എന്നത് ഒരു യോഗ്യതയാണെന്നാണ്. ഒരാളും പ്രണയിക്കാത്ത പെണ്ണായിരിക്കുക എന്നത് എങ്ങിനെയാണ് യോഗ്യതയാകുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് പ്രണയം പറഞ്ഞ അധ്യായം അവസാനിപ്പിക്കുന്നത്. സ്വയം കെട്ടിയിടപ്പെട്ടവർക്ക് മറ്റുള്ളവരെല്ലാം അഴിച്ചുവിട്ട താന്തോന്നികളാണ് എന്ന് തോന്നുന്നിടത്താണ് പലർക്കും അന്യന്റെ ജീവിതത്തിലെ പല ‘സന്തോഷങ്ങളെ’യും ഉൾക്കൊള്ളാൻ പറ്റാതാവുന്നത്.
കാലഹരണപ്പെട്ട ചിന്തകൾക്കുമേൽ റീത്തു വെക്കാൻ പറഞ്ഞുകൊണ്ട് പരിഷ്ക്കാരം പറയുന്ന ടീച്ചർ, ഒരു പ്രണയ മഴ പെയ്തൊഴിയുന്നിടത്താണ് പുസ്തകം അവസാനിപ്പിക്കുന്നത്. ‘വിവാദങ്ങളെയും’ യാഥാർഥ്യങ്ങളെയും വഴിയിൽ നിന്ന് മാറ്റി നിർത്തിയിട്ട് മഴ നനയാൻ ചെന്ന എനിക്ക് ഇപ്പോഴും ഹൃദയത്തിൽ ഈർപ്പം നില നിർത്താൻ, ചില മഴത്തുള്ളികൾ ഉള്ളിലേക്കിറങ്ങാൻ പുസ്തകം സഹായിച്ചിട്ടുണ്ട്.
English Summary : Nananju Theertha Mazhakal book written by Deepa Nisanth