മുന്നോട്ടു നയിക്കുവാനുള്ള ധൈര്യവും അറിവും പകരുന്ന ശക്തിയാണ് ഗുരു
സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലെയും ഈ കാലഘട്ടത്തിലെയും ഗുരുശിഷ്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്. ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയെഴുതി മികച്ച മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു അക്കാലത്തെ ഗുരു.
സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലെയും ഈ കാലഘട്ടത്തിലെയും ഗുരുശിഷ്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്. ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയെഴുതി മികച്ച മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു അക്കാലത്തെ ഗുരു.
സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലെയും ഈ കാലഘട്ടത്തിലെയും ഗുരുശിഷ്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്. ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയെഴുതി മികച്ച മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു അക്കാലത്തെ ഗുരു.
സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലെയും ഈ കാലഘട്ടത്തിലെയും ഗുരുശിഷ്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്. ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയെഴുതി മികച്ച മാർക്കു വാങ്ങാൻ ഒരു കൂട്ടിയെ പരിശീലിപ്പിച്ച് പണം വാങ്ങി പോകുന്നതല്ലായിരുന്നു അക്കാലത്തെ ഗുരു. അതുപോലെത്തന്നെ പഠന സമയം കഴിഞ്ഞ് പുറത്തുകടന്നാൽ അധ്യാപകന്റെ രൂപത്തെയും സ്വഭാവങ്ങളെയും വിമർശിക്കാനും, ശിക്ഷയോ ഉപദേശമോ അധ്യാപകൻ നൽകിയാൽ പ്രതികാരം ചെയ്യുവാനും അദ്ദേഹത്തിനെതിരെ മാതാപിതാക്കളെ കൊണ്ട് നിയമനടപടികൾ എടുപ്പിക്കാനും ധൈര്യം കാണിച്ചിരുന്ന ഒരുവനായിരുന്നില്ല ശിഷ്യൻ. അവനെ സംബന്ധിച്ചിടത്തോളം ഒരു ജീവിതം പടുത്തുയർത്തി ഭംഗിയായി മുന്നോട്ടു നയിക്കുവാനുള്ള ധൈര്യവും അറിവും പകരുന്ന ശക്തിയാണ് ഗുരു.
ആരാണ് ഗുരു? ‘ഗു’ എന്ന ശബ്ദത്തിന് അന്ധകാരം എന്നും ‘രു’ എന്ന ശബ്ദത്തിന് അകറ്റുക എന്നുമാണ് അർഥം. അല്ലെങ്കിൽ വെളിച്ചം കൊണ്ട് (അറിവിനാൽ) അന്ധകാരത്തിനെ (അജ്ഞതയെ) ഇല്ലാതാക്കുന്നവൻ ഗുരു. തമസ്സിനെ അകറ്റി ജ്യോതിസ്സ് നൽകുന്നവൻ ഗുരു.
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ
സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്ക് അവലംബമാകുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരൻമാരുടെ, ത്രിമൂർത്തികളുടെ സമന്വയമായ ഗുരുവിനെ നമസ്കരിക്കുന്നു. ഗുരു എന്നത് ഒരു വ്യക്തിയല്ല, ഒരു തത്വമാണ് അതുകൊണ്ടാണ് വന്ദേ ഗുരു പരമ്പര എന്ന് ഗുരുവന്ദനത്തിൽ പറയുന്നത്.
പണ്ടത്തെ ഗുരുകുല വിദ്യഭ്യാസത്തിൽ, ഗുരുവിനൊപ്പം സമയം ചെലവഴിച്ച്, ഗുരുവിന്റെ ജീവിതത്തെ നോക്കിക്കണ്ട്, സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതു മനസ്സിലാക്കി, ഗുരു പകരുന്ന വിദ്യ അഭ്യസിക്കുന്നു. ഇതിലൂടെ ശിഷ്യൻ പഠിക്കുന്നത് ഒരു വിഷയമല്ല, ഒരു പുസ്തകമല്ല, മറിച്ച് ഒരു ജീവിതമാണ്.
ഗുരുനാഥന്മാരെ സ്മരിക്കുവാൻ പരമ്പരാഗതമായി ‘ഗുരുപൂർണ്ണിമ’ എന്ന ഒരു അവസരം ഉപയോഗിക്കുന്നുണ്ടെങ്കിലും സെപ്റ്റംബർ അഞ്ചിനെ അധ്യാപക ദിനം അല്ലെങ്കിൽ ഗുരുനാഥദിനമായി ഇന്ത്യയിൽ ആചരിച്ചു പോരുന്നു. ദാർശനികൻ, തത്വചിന്തകൻ, ഗ്രന്ഥകാരൻ, അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ. അദ്ദേഹത്തോടുള്ള ബഹുമാനാർഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ ഇന്ത്യയിൽ ആഘോഷിച്ചു പോരുന്നു. നാൽപതുവർഷക്കാലം അധ്യയനത്തിനായി ചെലവഴിച്ച അദ്ദേഹം ലോകത്തെ പഠിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു പാഠശാലയായാണ് കണക്കാക്കിയിരുന്നത്. വിദ്യാർഥികൾക്കെന്നും അദ്ദേഹം മാർഗ്ഗദർശിയായിരുന്നു.
ഭാരതീയ പുരാണങ്ങൾ പരിശോധിക്കുമ്പോൾ കാണുന്നത്, അന്ന് കുട്ടികൾ സകല വിദ്യയും അഭ്യസിച്ചിരുന്നത് ഗുരുമുഖത്തുനിന്നുമാണ്. ഗുരുകുലവിദ്യാഭ്യാസം എന്നത് ഗുരുവും ശിഷ്യന്മാരും തമ്മിൽ ശരിയായ ആത്മബന്ധം പുലർത്തുന്ന ഒരു വിദ്യാഭ്യാസ രീതിയായിരുന്നു. ഗുരുവിനെ ശിഷ്യന്മാർ വന്ദിച്ചിരുന്നു, ആരാധിച്ചിരുന്നു, അനുസരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. അന്ന് ഗുരു ശിഷ്യനു നൽകിയിരുന്നത് വെറും വിദ്യാഭ്യാസമല്ല, ജീവിതം മുന്നോട്ടു നയിക്കുവാനുള്ള ധാർമികമായ മാർഗദർശനമാണ്. അതുകൊണ്ടുതന്നെ ശിഷ്യനെ സംബന്ധിച്ചിടത്തോളം എന്നും മനസ്സിൽ അണയാതെ നിൽക്കുന്ന വിളക്കാണ് ഗുരു. ഗുരുവിനുവേണ്ടി എന്തും ത്യജിക്കാൻ അന്നത്തെ ശിഷ്യന്മാർ സന്നദ്ധരായിരുന്നു. മഹാഭാരതത്തിലെ ഏകലവ്യന്റെ കഥ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.
പണത്തിനും സ്ഥാനമാനങ്ങൾക്കും ആൾസ്വാധീനത്തിനും വേണ്ടി വേദികളിൽ പക്ഷഭേദം കാണിക്കുന്ന ഈ കാലഘട്ടത്തിലെ ചില അധ്യാപകരെപ്പോലെ ആയിരുന്നു ദ്രോണാചാര്യർ എങ്കിലും ഗുരുവിനെ ബഹുമാനിക്കുന്ന, അദ്ദേഹത്തിനുവേണ്ടി എന്തും ത്യജിക്കുന്ന ഒരു ഉത്തമ ശിഷ്യനായിരുന്നു ഏകലവ്യൻ. താഴ്ന്ന കുലത്തിൽ പിറന്നവനാണ് എന്ന കാരണം പറഞ്ഞ് തനിക്കു ശിഷ്യത്വം നിഷേധിച്ചപ്പോൾ ദ്രോണാചാര്യരെ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിച്ച് വിദ്യ അഭ്യസിച്ചവനാണ് ഏകലവ്യൻ. അവിടെ ആ ബാലന്റെ മനസ്സിൽ പതിഞ്ഞ ഗുരു സങ്കൽപത്തിന്റെ ശക്തമായ ഭാവമാണ് വില്ലാളിവീരനായ, ഉന്നതകുലജാതനായ, ദ്രോണാചാര്യർക്ക് പ്രിയനായ അർജ്ജുനൻ എന്ന ശിഷ്യനോടൊപ്പം ഏകലവ്യനെ നിപുണനാക്കിയത്. അർജ്ജുനനും സഹോദരന്മാരും നായാട്ടിനായി കാട്ടിലെത്തിയപ്പോഴാണ് തനിയ്‌ക്കെതിരെ കുരച്ചുവരുന്ന ഒരു നായ്‌ക്കെതിരെ ‘ശബ്ദഭേരി’ എന്ന അസ്ത്രവിദ്യ പ്രയോഗിച്ച കാട്ടുയുവാവിനെ ശ്രദ്ധിക്കാൻ ഇടയായത്. തനിക്കു ദ്രോണാചാര്യർ ഉപദേശിച്ചുതന്ന ഈ അസ്ത്രവിദ്യ കാട്ടുയുവാവ് പ്രയോഗിച്ചത് ഉന്നതകുലജാതനും വില്ലാളിവീരനും എന്ന അഹന്ത ഉള്ളിലുറങ്ങുന്ന അർജ്ജുനനിൽ ആശങ്ക ഉണർത്തി. ദ്രോണാചാര്യരുടെ ശിക്ഷണത്തിൽ വിദ്യ വശത്താക്കിയില്ല എങ്കിലും തന്റെ ഗുരു ദ്രോണാചാര്യർ ആണെന്ന് നിസ്സംശയം ഏകലവ്യൻ പറഞ്ഞതിൽ നിറയെ ഗുരുഭക്തിയായിരുന്നു. അസ്ത്രവിദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത തള്ളവിരൽ മുറിക്കുന്നത് തന്നെ കൊലചെയ്യുന്നതിന് തുല്യമാണെന്നറിഞ്ഞിട്ടും സ്വാർഥനായ അർജ്ജുനനന്റെ നിർദ്ദേശപ്രകാരം ഗുരു ആവശ്യപ്പെട്ട തള്ളവിരൽ മുറിച്ചു നൽകാൻ തയ്യാറായ ഏകലവ്യൻ ത്യാഗത്തിന്റെയും ഗുരുഭക്തിയുടെയും ഉത്തമ ഉദാഹരണമാണെന്നതാണ് ഗുരുശിഷ്യ ബന്ധത്തിൽ ഈ കഥയ്ക്കുള്ള പ്രാധാന്യം.
ഭഗവത്ഗീതയിലെ അർജ്ജുനവിഷാദയോഗത്തിൽ, നിഷ്ക്രിയനായിരുന്ന അർജ്ജുനന് മാർഗ്ഗദർശനം നൽകുന്ന കൃഷ്ണന്റെ ഗുരുഭാവം കാണാൻ കഴിയും. മാർഗ്ഗദർശിയായ കൃഷ്ണൻ എല്ലാ ഉപദേശങ്ങളും നൽകി അർജ്ജുനന്റെ വിഷാദത്തിൽ വെളിച്ചം പകർന്നതിനുശേഷം അർജ്ജുനനോടു ചോദിക്കുന്നുണ്ട് (ഭഗവത് ഗീത പതിനെട്ടാം അദ്ധ്യായം ശ്ലോകം 72 ) ‘അർജ്ജുനാ ഞാൻ ഇതുവരെ ഉപദേശിച്ചതെല്ലാം ഏകാഗ്രമായ മനസ്സോടെ നീ കേട്ടുവോ? അജ്ഞാനം നിമിത്തം നിനക്കുണ്ടായ വ്യാമോഹം നീങ്ങിയോ?’ വിദ്യയെല്ലാം പകർന്നു കൊടുത്തതിനുശേഷം അത് പ്രായോഗികമാക്കാൻ ശിഷ്യന് കഴിയുന്നുണ്ടോ എന്ന ഈ ഉറപ്പുവരുത്തലിലാണ് ഒരു ഗുരുവിന്റെ യഥാർഥ ഗുണം എടുത്തുകാണിക്കുന്നത്
ഒരുപാട് പ്രതീക്ഷകളോടെ വിദ്യാലയത്തിലേക്കു പ്രവേശിക്കുന്ന ഓരോ വിദ്യാർഥിയെയും ജീവിത വിജയം കൈവരിക്കാൻ പ്രാപ്തരാക്കുക, നല്ല മാർഗ്ഗങ്ങളിലൂടെ മാത്രം നയിക്കുക എന്നത് ഒരു അധ്യാപകന്റെ കർത്തവ്യമാണ്. ഒരു കുട്ടിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ മാതാപിതാക്കളുടേതിനു തുല്യമായ പങ്ക് അധ്യാപകർക്കും ഉണ്ടെന്നു പറയാം. ‘വിദ്യാലയത്തിന്റെ പടിവാതിൽ തുറക്കുന്നവൻ കാരാഗൃഹത്തിന്റെ വാതിൽ അടക്കുന്നു’ എന്നൊരു ചൊല്ലുണ്ട്. അജ്‌ഞത മനുഷ്യരെ തെറ്റുകളുടെ ലോകത്തേക്ക് നയിക്കുന്നു. വിദ്യാഭ്യാസം, അറിവ് ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു. ഭാരതത്തിന്റെ ഭാവി യുവാക്കളുടെ കരങ്ങളിലാണെന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞതുപോലെ നല്ലൊരു ഗുരു ശിഷ്യ ബന്ധത്തിനു മാത്രമേ രാജ്യനന്മയ്ക്കുവേണ്ട നല്ലൊരു തലമുറയെ വാർത്തെടുക്കാനാകൂ.
ഗുരുവിന് ആർഷഭാരതം പരമോന്നത സ്ഥാനം നൽകിയിരുന്നു. ഒരാൾ പരമമായ മുക്തിയും മോചനവും നേടുന്നത് ഗുരുവിലൂടെയാണ്. നമ്മുടെ ഉപനിഷത്തുക്കളുടെ വാക്യാർഥം തന്നെ ഭക്തിയോടെ അടുത്തിരിക്കുക എന്നാണ്. ശിഷ്യർ ഭക്തിപൂർവ്വം ഗുരുവിന്റെ അടുത്തിരുന്നു വിദ്യ അഭ്യസിച്ചിരുന്നു. ഉപനിഷത്തിന് രഹസ്യമായ അധ്യാപനം എന്നും അർഥം പറയുന്നുണ്ട്. ഭാരത സംസ്‌കാര പ്രകാരം ഗുരുവിനെ ഈശ്വരതുല്യനായി കാണുന്നു. ഗുരു നമ്മുടെ നിതാന്ത സാന്നിധ്യമാണ്. ഒരു സമയം അവൻ ശിഷ്യൻ, പിന്നെ അവൻ ഗുരു. ഓരോരുത്തരും അവരുടെ അറിവുകൾ പങ്കു വയ്ക്കുമ്പോൾ അവർ ഗുരുസ്ഥാനീയരാകുന്നു.
എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസകാലം. കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ എത്രയോ സന്തോഷകരമായ ഓർമകളാണ് ഉണരുന്നത്. പാഠശാലയിലേക്ക് അച്ഛന്റെയോ അമ്മയുടെയോ കൈ പിടിച്ച നടന്ന അനുഭവം. വാസ്തവത്തിൽ മഹത്തായ അറിവ് നേടാനുള്ള നമ്മുടെ ആദ്യത്തെ പടിയാണ് അതെന്നറിയാതെ നിറയെ കൂട്ടുകാരുമായി കളിക്കാം എന്ന ഉത്‍സാഹത്തോടെ അന്ന് ചവിട്ടി കയറിയ സ്‌കൂളിന്റെ പടികൾ ജീവിതത്തിലേക്കുള്ള ചുവടുവയ്പുകളായിരുന്നു എന്ന തിരിച്ചറിവ് പിന്നീട് നമ്മൾക്കുണ്ടാകുന്നു. അച്ഛൻ, അമ്മ എന്ന മഹത്തായ രണ്ടു വാക്കുകളിലും അടങ്ങിയിരിക്കുന്ന, കുഞ്ഞിക്കൈകൾക്ക് വഴങ്ങാത്ത ‘അ’ എന്ന അക്ഷരത്തിൽ നിന്നാണ് നമ്മൾ നമ്മുടെ ആദ്യാക്ഷരം ആരംഭിക്കുന്നത്.
ജീവിതയാത്രയിൽ മുന്നോട്ടു നടക്കുമ്പോൾ എപ്പോഴെങ്കിലും ഒരു അധ്യാപകനെ ഓർക്കാത്ത ആരും ഉണ്ടാകില്ല. എന്നിരുന്നാലും ഒരു അധ്യാപകൻ നമ്മുടെ ജീവിതത്തിലെ ഇത്രയും പ്രാധാന്യമർഹിക്കുന്ന ഘടകമാണെന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല.
വിദ്യാഭ്യാസം വെറും കച്ചവടമായും ഗുരുശിഷ്യ ബന്ധങ്ങൾ വ്യക്തിവൈരാഗ്യങ്ങളും പകപോക്കലുകളും ആയി മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അടർത്തിമാറ്റാനാകാത്ത ഗുരു ശിഷ്യ ബന്ധങ്ങളെ കുറിച്ച് അധ്യാപകരും കുട്ടികളും ബോധവാന്മാരാകേണ്ടതുണ്ട്. അധ്യാപകരുടെ കുട്ടികളോടുള്ള സാമീപ്യം, മാതാപിതാക്കൾക്ക് അധ്യാപകരോടുള്ള വിശ്വാസം എന്നിവ ഈ കാലഘട്ടത്തിൽ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാക്കുന്നു. ഇവ രണ്ടും പവിത്രമാക്കാനുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ശപഥമാകട്ടെ ഈ അധ്യാപകദിനം.
അധ്യാപകദിനം എന്ന ഒരു ചിന്തയിലൂടെത്തന്നെ തന്നെ ഞാൻ ഇഷ്ടപ്പെട്ട കുറെ അധ്യാപകരെ കുറിച്ചുള്ള സ്മരണകൾ കടന്നുപോയി. എന്നോടൊപ്പം നിങ്ങളോരോരുത്തരും നമുക്ക് ആദ്യാക്ഷരം കുറിച്ച അധ്യാപകരെ സ്മരിയ്ക്കുമെന്നു കരുതുന്നു.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യദിവസം നമ്മൾ ഓരോരുത്തരും ഉരുവിട്ട ' ‘നമസ്കാരം ടീച്ചർ' എന്ന അഭിവാദ്യം നമ്മൾക്കെല്ലാവർക്കും നമ്മുടെ അധ്യാപകർക്കായി ഇന്നൊരിക്കൽ കൂടി ഉരുവിടാം.
English Summary : What are the qualities of a good teacher?