രണ്ട് ദിവസമായി അച്ഛനെ കുളിപ്പിച്ചിട്ട്. മേലാകെ ഒരു മൊരി. എണ്ണയും സോപ്പും തേച്ചൊന്ന് നന്നായി കഴുകിയാല്‍ അത് ചെറിയ ശകലങ്ങളായി അടര്‍ന്നുപോകുന്നതറിയില്ല. ഈയിടെയായി ശരീരത്തില്‍ മരണത്തിന്റെ ഗന്ധമുണ്ട്. അത് വായില്‍ നിന്നാണോ തൊലിയില്‍ നിന്നാണോ എന്നറിയില്ല.

രണ്ട് ദിവസമായി അച്ഛനെ കുളിപ്പിച്ചിട്ട്. മേലാകെ ഒരു മൊരി. എണ്ണയും സോപ്പും തേച്ചൊന്ന് നന്നായി കഴുകിയാല്‍ അത് ചെറിയ ശകലങ്ങളായി അടര്‍ന്നുപോകുന്നതറിയില്ല. ഈയിടെയായി ശരീരത്തില്‍ മരണത്തിന്റെ ഗന്ധമുണ്ട്. അത് വായില്‍ നിന്നാണോ തൊലിയില്‍ നിന്നാണോ എന്നറിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസമായി അച്ഛനെ കുളിപ്പിച്ചിട്ട്. മേലാകെ ഒരു മൊരി. എണ്ണയും സോപ്പും തേച്ചൊന്ന് നന്നായി കഴുകിയാല്‍ അത് ചെറിയ ശകലങ്ങളായി അടര്‍ന്നുപോകുന്നതറിയില്ല. ഈയിടെയായി ശരീരത്തില്‍ മരണത്തിന്റെ ഗന്ധമുണ്ട്. അത് വായില്‍ നിന്നാണോ തൊലിയില്‍ നിന്നാണോ എന്നറിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുദ്ധമയൂരി (കഥ)

അജിതയുടെ അമ്മ മരിച്ച വിവരം രാവിലെ തന്നെ ഗ്രൂപ്പിലിട്ടിരുന്നു. രതീഷും സൂരജും ഷംസുവും കൂടി സന്ധ്യയോടെയാണ് പോയത്. സംസ്‌കാരമൊക്കെ കഴിയട്ടെ എന്ന് കരുതി വൈകിച്ചതാണോ, എല്ലാ തിരക്കുകളും കഴിയട്ടെ എന്ന് തീരുമാനിച്ചതാണോ എന്തോ. അയ്യപ്പന്‍ കുട്ടിയുടെ വീടിന് മുന്നിലൂടെയാണ് അജിതയുടെ വീട്ടിലേക്ക് പോകുന്നത്. ‘‘അയ്യപ്പങ്കുട്ടീ വാ’’ എന്ന് പറഞ്ഞ് സൂരജാണ് കൂടെക്കൂട്ടിയത്. തെക്കുമ്മുറി ഷാപ്പില്‍ നിന്ന് കുടിച്ച കള്ള് വായിലൂടെയും, വിയര്‍പ്പായി ത്വക്കിലൂടെയും പുറത്തേക്ക് വമിച്ച് കാറാകെ നിറഞ്ഞു. അജിതയുടെ വീട്ടിലെത്തിയതോടെ രതീഷ് നേതൃത്വം ഏറ്റു. അമ്മയ്‌ക്കെത്ര വയസ്സുണ്ടായിരുന്നു. കിടപ്പായിരുന്നോ. നിങ്ങള്‍ എത്ര മക്കളാണ്. ഇനി ചടങ്ങുകളൊക്കെ എന്നാണ് തുടങ്ങിയ അനുഷ്ഠാന ചോദ്യങ്ങള്‍ അവന്‍ ഒന്നൊന്നായി ചോദിച്ചുതീര്‍ത്തു. ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞശേഷം അജിത ദുഖാചരണത്തില്‍ നിന്ന് വേഗത്തില്‍ പുറത്തുചാടി. പിന്നെ സ്‌കൂള്‍ കാലം സ്മരിച്ചു. കളിയായി ചിരിയായി.

ADVERTISEMENT

 

‘‘ഈ അയ്യപ്പങ്കുട്ടില്ലേ... അവന്‍ ഹിസ്റ്ററീം ഇംഗ്ലീഷും ഒക്കെ ഉറക്കെ വായിക്കും. ഇവന്റെ വീട്ടില് കേക്കും. അപ്പൊ അമ്മ ന്നെ ചീത്ത പറീം... അണക്കെന്താ ഇങ്ങനെ പടിച്ചാല് ന്ന് ചോയിക്കും. ഇവന്‍ നല്ല പടിപ്പാര്‍ന്നു.’’

 

പിന്നെ അജിത രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളിലേക്ക് കടന്നു.

ADVERTISEMENT

‘‘ഇങ്ങക്കൊന്നും ഓര്‍മ്മല്ലേ... അല്ലെങ്കിലും അങ്ങനേണ്. പടിച്ച് വല്യേ നെലേല് എത്ത്യോര്ക്ക് സ്‌കൂളില് പടിച്ചതൊന്നും ഓര്‍മണ്ടാവില്ല... ല്ലേ... അയ്യപ്പങ്കുട്ട്യേ..’’

 

രതീഷിന് ബോറടിക്കുന്നുണ്ടായിരുന്നു. വേഗത്തില്‍ ചടങ്ങ് തീര്‍ത്ത് പുറത്തിറങ്ങി. അയ്യപ്പന്‍കുട്ടിയേയും കള്ളിന്റെ പുളിച്ച മണത്തേയും അകത്തിട്ട്, വിന്‍ഡ് ഷീല്‍ഡ് ഉയര്‍ത്തി എസി നിറച്ച്, വീണ്ടും കാറ് നീങ്ങി. അയ്യപ്പന്‍കുട്ടി വീട്ടിലേക്ക് വിളിച്ചു.

‘‘അച്ചന്‍ വയ്യാതെ കെടക്ക്ാണ്. തെങ്ങുമ്മന്ന് വീണതാ. 14 കൊല്ലായി.’’

ADVERTISEMENT

 

‘‘പിന്നെ വരാം... മരിച്ച വീട്ടില്‍ പോയിട്ട് വരുമ്പൊ വയ്യാതെ കെടക്കണ ആളെ കാണാമ്പാടില്ല.’’ ഒഴികഴിവിന് വിശ്വാസത്തിന്റെ കൂട്ട് കിട്ടി.

‘‘ഇനി മരിച്ചാല്‍ വരുമായിരിക്കും. അജിതേടെ വീട്ടില് വന്ന പോലെ’’ എന്ന് പറയണമെന്ന് അയ്യപ്പങ്കുട്ടിക്ക് തോന്നി. ‘‘എന്നാല്‍ അങ്ങനെയാവട്ടെ’’ എന്ന് പറഞ്ഞ് അവന്‍ പിന്‍വാങ്ങുകയും ചെയ്തു.  

 

ഫോണ്‍ നമ്പര്‍ വാങ്ങി ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ രതീഷ് മറന്നില്ല.

 

അന്നുമുതലാണ് അയ്യപ്പന്‍ കുട്ടി ഗ്രൂപ്പില്‍ അംഗമായത്. വേണ്ടില്ലായിരുന്നു. മരണം, രോഗം, പ്രമോഷന്‍, മക്കളുടെ കല്യാണം, അഡ്മിഷന്‍, സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനല്‍ തുടങ്ങി എന്തും ഗ്രൂപ്പില്‍ വിഷയമായി. യാത്രകളിലെ സെല്‍ഫികള്‍, വിലകൂടിയ ബ്രാന്‍ഡുകളുടെ കവര്‍ചിത്രങ്ങള്‍, ഐസിന്റെ സ്വര്‍ണക്കട്ടകള്‍ തിളങ്ങുന്ന ഗ്ലാസ്... പലവിധത്തില്‍ ആഡംബരം നിറഞ്ഞു. അതിലും നിന്നില്ല. അയ്യപ്പങ്കുട്ടി കള്ളുകുടിക്കുന്നത് നിര്‍ത്തിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. ഡിഗ്രി വരെ പഠിച്ചിട്ടും ജോലിക്കൊന്നും പോകാത്ത നിരുത്തരവാദിത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ വേറൊരു കമ്മീഷന്‍ ! എല്ലാത്തിന്റെയും ചുമതല വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ സൂരജിനാണ്.

‘‘നീയിങ്ങനെ നടന്നാ മത്യോ... പത്ത് നാല്‍പ്പത് വയസ്സ് കഴിഞ്ഞില്ലേ... ആ ഷംസൂനെ ഒക്കെ നോക്ക്.. പഠിക്കാന്‍ മോശായിരുന്നെങ്കിലും അവനിപ്പൊ വല്യേ കോണ്‍ട്രാക്ടറൊക്കെ ആയി. എന്താ കാശ്!’’

 

ആ താരതമ്യം അയ്യപ്പന്‍കുട്ടിക്ക് രസിച്ചു.

 

‘‘നീ നല്ലപോലെ പഠിച്ചിരുന്നതല്ലേ.... അതുമല്ല, കിട്ടുന്ന പുസ്തകമൊക്കെ വായിച്ച് നല്ല വിവരണ്ടായിരുന്നതല്ലേ... നിനക്കെന്താ പറ്റിയത്...’’

അയ്യപ്പങ്കുട്ടി ഉത്തരം പറഞ്ഞില്ല.

 

അച്ചന്‍ വിളിക്കുന്നു. ബാഗില്‍ വീണ്ടും മൂത്രം നിറഞ്ഞിട്ടുണ്ട്. മുറിവ് കെട്ടാനുണ്ട്. നന്നായി വെന്ത ചോറ് വായില്‍കൊടുത്ത് കഴിപ്പിക്കാനുണ്ട്. വാപ്പുക്കയുടെ തോട്ടത്തിലെ 30 തെങ്ങില്‍ കയറിയതിന്റെ 1200 രൂപയുണ്ട് കയ്യില്‍. നാല് മണിക്കിറങ്ങണം. തെക്കുമ്മുറി ഷാപ്പില്‍ പോണം. കുടി മാത്രമല്ല. അബ്ബാസും റാഫിയും കുട്ടനും ഷാപ്പിലുണ്ടാവും. ഇത്തിരി രാഷ്ട്രീയം പറയാം. നാട്ടിലെ വിശേഷങ്ങള്‍ കേള്‍ക്കാം. ഷാപ്പിലെ അപ്പവും കറിയും വാങ്ങിപ്പോന്നാല്‍ അച്ചന്റെ കാര്യവും സമാധാനപ്പെടും. കൗണ്‍സിലര്‍ എന്ന ഗ്രാമമുഖ്യന്റെ കണ്ണില്‍പെട്ടാല്‍ തീരും. അയ്യപ്പന്‍കുട്ടിയുടെ മാത്രമല്ല, എല്ലാവരുടെയും കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമുണ്ട് അവന്. പണ്ടത്തെ പോലെയല്ല. മറ്റുള്ളോരുടെ മുന്നില്‍ വച്ച് ‘എടാ.. പടാ’ന്നൊന്നും വിളിക്കാന്‍ പറ്റില്ല. ഇടയ്ക്കിടയ്ക്ക് ഷാപ്പില്‍ കയറിവരാന്‍ അവന് അധികാരമുണ്ട്. ചെത്തുതൊഴിലാളി യൂണിയന്റെ ചാര്‍ജുണ്ടത്രേ. ഷാപ്പിനുള്ളില്‍ സൗമ്യനാണ്. പതുക്കെ പുറത്ത് വിളിച്ചുകൊണ്ടുപോയിട്ടാണ് ഉപദേശം. അതും താണ ശബ്ദത്തില്‍. എന്തിനാണ് കുടിച്ചുനശിക്കുന്നത് എന്ന ഉപദേശത്തിന്റെ ചേറ്റുകത്തി മെല്ലെ പുറത്തെടുക്കും.

 

 

രണ്ട് ദിവസമായി അച്ഛനെ കുളിപ്പിച്ചിട്ട്. മേലാകെ ഒരു മൊരി. എണ്ണയും സോപ്പും തേച്ചൊന്ന് നന്നായി കഴുകിയാല്‍ അത് ചെറിയ ശകലങ്ങളായി അടര്‍ന്നുപോകുന്നതറിയില്ല. ഈയിടെയായി ശരീരത്തില്‍ മരണത്തിന്റെ ഗന്ധമുണ്ട്. അത് വായില്‍ നിന്നാണോ തൊലിയില്‍ നിന്നാണോ എന്നറിയില്ല. അതൊരു വെറും തോന്നലല്ലെങ്കില്‍ ഈ ദുരിതത്തില്‍ നിന്ന് ഇരുവര്‍ക്കും ആശ്വാസമാകുമായിരുന്നു എന്ന് ചിന്തിക്കുകയും തൊട്ടടുത്ത നിമിഷം അതിലെ അധാര്‍മികതയോര്‍ത്ത് സ്വയം തിരുത്തുകയും ശാസിക്കുകയും ചെയ്ത് അച്ചനെ തോര്‍ത്തിത്തുടപ്പിച്ച് കട്ടിലിലേക്ക് ചായ്ച്ചിരുത്തി.  

 

എല്ലാം ഒറ്റയടിക്ക് തീര്‍ത്ത് കോലായിലിട്ട ബഞ്ചില്‍ ചാഞ്ഞ് വീണ്ടും ഫോണ്‍ നോക്കിക്കിടന്നു. സ്‌കൂള്‍ ഗ്രൂപ്പിലേക്ക് കയറിയപ്പോള്‍ നിറയെ കാലും കയ്യും പൂക്കളും പുഷ്പവൃഷ്ടിയും. ബാലകൃഷ്ണന്റെ പോസ്റ്റിനുതാഴെയാണ് മേളം. അവന്റെ വീട്ടിലെ കിലുകിലുക്കി പൂത്തു. പൂത്തിട്ട് കുറച്ചായി. ഇപ്പഴാണ് പൂമ്പാറ്റകള്‍ വന്നത്. കരിനീലിക്കടുവയാണത്രേ. ബാലകൃഷ്ണന്‍ വലിയ പ്രകൃതിസ്‌നേഹിയാണ്. പലതരം പുരസ്‌കാരങ്ങള്‍ നേടിയവനാണ്. ഇങ്ങനെ എന്തെങ്കിലും പടം നിറച്ച് സോഷ്യല്‍ മീഡിയയില്‍ കയ്യടിവാങ്ങാനും നല്ല മിടുക്കാണ്. അത് കാണുമ്പോള്‍ അയ്യപ്പന്‍കുട്ടിക്ക് ചൊറിഞ്ഞുവരും. എത്ര ദേഷ്യം വന്നാലും ഒന്നും പറയാറില്ല. ഒന്നാമത് മനസ്സില്‍ വന്നതുമുഴുവന്‍ അക്ഷരം തെറ്റാതെ എഴുതാന്‍ കഴിയുന്നില്ല. പണ്ട് രമണിടീച്ചര്‍ എണീപ്പിച്ചുനിര്‍ത്തുമ്പോഴത്തെ അപമാനത്തില്‍ നിന്ന് മുപ്പതുകൊല്ലം കഴിഞ്ഞിട്ടും മോചനമുണ്ടായിട്ടില്ല. 

 

കള്ള് കന്നാസുമായി അച്ചനെ സഹായിക്കാന്‍ പോയതാണ്. കന്നാസ് തുളുമ്പി കുപ്പായത്തിലും ട്രൗസറിലും കള്ള് വീണു. മാറ്റാനൊന്നും നേരമില്ലാത്തതുകൊണ്ടോ അതോ മാറ്റാന്‍ വേറെയില്ലാത്തതുകൊണ്ടോ നേരെ സ്‌കൂളിലേക്ക് പാഞ്ഞു. പത്ത് കഴിഞ്ഞ് പോരും വരെ ടീച്ചര്‍ ആ കള്ളിന്റെ പുളിപ്പ് ക്ലാസിലാകെ പരത്തിക്കൊണ്ടിരുന്നു. ഈ ഗ്രൂപ്പിലെത്തുമ്പോള്‍ കോംപ്ലക്‌സ് മുഴുവന്‍ മനസ്സിലേക്ക് തിരിച്ചുവരും. അപ്പൊ വാക്കുകള്‍ വിരലുകള്‍ക്ക് വഴങ്ങാതാവും. പലരും വലിയ ജോലിക്കാരാണ്. മുനിസിപ്പല്‍ കൗണ്‍സിലറുണ്ട്. മണ്ഡലം പ്രസിഡന്റുണ്ട്. നാളെ എന്തെങ്കിലും സഹായ പദ്ധതികള്‍ക്ക് വേണ്ടി ചെല്ലുമ്പോള്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് കിട്ടേണ്ട അടിസ്ഥാന പരിഗണനപോലും ഒരു പ്രകോപനം കൊണ്ട് പോകണ്ടല്ലോ എന്ന ചിന്തകൂടിയാവുമ്പോള്‍ അയ്യപ്പന്‍കുട്ടി ഒക്കെ ഉള്ളിലൊതുക്കും. ഭൂതത്തെ മാത്രം ഓര്‍ത്തല്ല, വര്‍ത്തമാനവും ഭാവിയുമോര്‍ത്താണ്.  

 

ഗ്രൂപ്പിലെ പ്രമുഖരുടെ ജീവിതം മുഴുവന്‍ ആഘോഷമാണ്. കള്ളുകുടി, വിവാഹവാര്‍ഷികം, പിറന്നാള്‍. പുതിയ കാറ് വാങ്ങിയത്. ചക്ക വേരില്‍ കായ്ച്ചത്. ഗ്രൂപ്പിലെ സുന്ദരിയുടെ കയ്യില്‍ കറിക്കത്തി കൊള്ളുമ്പോഴാണ് ആ മുറിവിനുതാഴെ ടേക് കെയറുകള്‍ ഒന്നൊന്നായി നിറയുന്നത്. പാടത്തിറങ്ങിയാല്‍, കുളത്തില്‍ നീന്തിയാല്‍, വരമ്പത്ത് നിന്നാല്‍ പോലും ആര്‍പ്പുവിളികളുയരും.

 

എടോ ബാലകൃഷ്ണാ... എന്റെ വീട്ടിലും പൂമ്പാറ്റയും വണ്ടുമുണ്ട്. നാരകത്തില്‍ നാരകക്കാളി. കൊന്നയില്‍ മഞ്ഞപ്പാപ്പാത്തി. വയല്‍ച്ചുള്ളിയില്‍ മയില്‍ക്കണ്ണി, ഇലമുളച്ചിയില്‍ ചെങ്കോമാളി.... അയ്യപ്പന്‍കുട്ടിയുടെ വിരല്‍ത്തുമ്പില്‍ മറുപടി തുടിച്ചു. കിളികളെയും പൂമ്പാറ്റകളെയും കുറിച്ച് നന്നായറിയാം. അത് സ്‌കൂളില്‍ പഠിച്ചതല്ല. വേണുവേട്ടന്‍ പഠിപ്പിച്ചതാണ്. ബാല്യം കറങ്ങിനടന്ന ഈ പുഴക്കരയും. തെങ്ങില്‍ കയറാന്‍ തളപ്പ് കെട്ടുമ്പോഴും കുരുമുളക് പറിക്കാന്‍ മുളങ്കുറ്റി ചാരുമ്പോഴും ഇപ്പോഴും അവരെ കണ്ടുമുട്ടാറുണ്ട്. ഇടയ്ക്ക് സംശയം തോന്നുമ്പോള്‍ ഗൂഗിളില്‍ പരതാറുമുണ്ട്.

 

ലതയാണ് പുതിയൊരു വിഡിയോ ഗ്രൂപ്പില്‍ പോസ്റ്റിയത്. ബോളിവുഡ് നടിയുടെ പുതിയ ഗെറ്റപ്പ്. മേക്ക് ഓവര്‍... അപ്പോഴേക്കും വന്നു മനോജിന്റെ കമന്റ്.

‘‘നമുക്കും ഈ പ്രായമെത്തുമ്പോള്‍ ഇങ്ങനെ ചെറുപ്പമായിരിക്കാം. ആറ്റിറ്റ്യൂഡാണ് പ്രശ്നം.’’

അയ്യപ്പന്‍കുട്ടി സ്വന്തം തൊലിയിലേക്ക് നോക്കി. കണ്ണാടി നോക്കാതെ തന്നെ നെറ്റിയിലെ ചുളിവറിയാം. നരയറിയാം. വായ് തുറന്നുനോക്കാതെ തന്നെ ബീഡിക്കറയറിയാം. 67 വയസ്സുള്ള അച്ചനെ നോക്കി. അമ്പത്തിമൂന്നാമത്തെ വയസ്സിലാണ് തെങ്ങില്‍ നിന്ന് പിടിവിട്ട് നേരെ മെഡിക്കല്‍ കോളജിലേക്ക് വണ്ടികയറിയത്. അന്നുമുതല്‍ ഇതേ കിടപ്പാണ്. ആറ്റിറ്റ്യൂഡാണ് പ്രശ്നം. അന്നുമുതല്‍ അയ്യപ്പന്‍കുട്ടിയും ആറ്റിറ്റ്യൂഡ് മാറ്റി. ഷാര്‍ജയിലെ ജോലിവിട്ട് നാട്ടിലെത്തി. എഴുപത്തിരണ്ട് വയസ്സുള്ള ബോളിവുഡ് നടിയുടെ തൊലിയിലും വസ്ത്രത്തിലും ആറ്റിറ്റ്യൂഡിലും മാറിമാറി നോക്കി. പിന്നെ എല്ലിന്‍കൂടില്‍ വലിഞ്ഞുമുറുകിയിട്ടും ചുളി നിവരാത്ത അച്ചന്റെ തൊലിക്കപ്പുറം അനന്തത കാണാതെ കാഴ്ച അവസാനിച്ചു.  

 

ഫോണ്‍ നോക്കിയിരുന്നാല്‍ പറ്റില്ല. കുറച്ച് മുള്ളീലക്കുരു പൊട്ടിക്കണം. ഇപ്പൊ കൊടുത്താല്‍ മലഞ്ചരക്ക് പീടികയില്‍ നിന്ന് ചെറിയൊരു കാശ് കിട്ടും. തൊടിയില്‍ നിന്ന് കിട്ടുന്നതൊന്നും കളയാറില്ല. കുരുമുളക് പറിക്കാനെന്ന പോലെ മുണ്ടുകൊണ്ടൊരു ബാക്ക് പാക്ക് സെറ്റാക്കി. പതുക്കെ മുള്ളീലത്തില്‍ കയറിപ്പറ്റി. നിറയെ മുള്ളാണ്. മുറിയാതെ ശ്രദ്ധയോടെ ചില്ലകള്‍ പകര്‍ന്നു. രണ്ട് കൊമ്പില്‍ നിന്ന് കുരു പറിച്ചപ്പോഴേക്കും മേലാകെ ചൊറിഞ്ഞുതടിച്ചു. ഇലകളില്‍ നിശാശലഭങ്ങള്‍ മുട്ടയിട്ട് വച്ചത് പുഴുവായിരിക്കുന്നു. ചൊറിയമ്പുഴു യുദ്ധം. മുള്ളീലക്കുരുവും തിണര്‍പ്പും മുള്ളുകൊണ്ട നീറ്റലുമായി അയ്യപ്പങ്കുട്ടി നേരെ താഴേക്ക് കുതിച്ചു. പണ്ട് മുള്ളുതടയാതെയാണ് അച്ചന്‍ താഴോട്ട് പതിച്ചത്. ചെന്നുവീണത് നേരെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്. വഴിയില്‍ തടസ്സം പിടിക്കാന്‍ മുള്‍ച്ചില്ലകളുണ്ടെന്നോര്‍ത്ത് അയാള്‍ ആശ്വസിച്ചു. രമേശന്‍ പൂശാലി കാവടിയെടുത്ത് വന്നപ്പോള്‍ കൊടുത്ത ഭസ്മം മേലാകെ പൂശി, ചൊറിമാറാന്‍ കാത്തു.  

 

വീണ്ടും ബാലകൃഷ്ണന്റെ പോസ്റ്റ്. ചട്ടിയില്‍ വളര്‍ത്തിയ ചെടിയില്‍ പുതിയ പൂമ്പാറ്റകളുടെ വര്‍ണ ചിത്രങ്ങള്‍. നടുവില്‍ മയില്‍പ്പച്ച. അതിനുപുറമെ ഇളം നീല. ചിറകറ്റത്ത് കറുപ്പ്. ബുദ്ധമയൂരി. നടുവിലെ മയില്‍പ്പച്ച ചിതറിത്തെറിച്ച് ഇളം നീലയിലും കറുപ്പിലും പടര്‍ന്നിട്ടുണ്ട്. നിറം പ്രാപിക്കാനാവാതെ പുഴുപ്പുറത്ത് വിടര്‍ന്നുനിന്ന മുള്ളുകള്‍ ഇപ്പോഴും മുള്ളിലമരത്തില്‍ നിന്ന് നൂലില്‍ തൂങ്ങിയിറങ്ങുന്നുണ്ട്. അത് നിസ്സഹായമായക്കിടക്കുന്ന ശരീരമാകെ തിണര്‍പ്പിക്കുന്നുണ്ട്. നിശാശലഭങ്ങളെയും കമ്പിളിപ്പുഴുക്കളെയും പടിപ്പുറത്താക്കി, വര്‍ണശലഭങ്ങളെ മാത്രം ആകര്‍ഷിക്കുന്ന മിടുമിടുക്കില്‍ ആ ഗൃഹാതുരക്കൂട്ടായ്മയാകെ പൂത്തുലയുന്നതും നോക്കി അയ്യപ്പന്‍കുട്ടി ചൊറിഞ്ഞുകിടന്നു.

 

English Summary: Budhamayoori – Malayalam short story by I. R. Prasad