‘അയാളുടെ കാറിൽ എപ്പോഴും ഒന്നുരണ്ടു പെണ്ണുങ്ങളെ കാണാം, മോളോട് ഒന്നു ശ്രദ്ധിക്കാൻ പറയണം’
കഴിഞ്ഞമാസം ട്രഷറിയിൽ വന്നപ്പോൾ മരുമോന്റെ കൂടെ ഒരു പെണ്ണ് കാറിന്റെ മുൻസീറ്റിൽ വന്നിറങ്ങിയത് എന്റെ മുമ്പിലായിരുന്നു. ഋഷികേശിന് എന്നെ കണ്ടിട്ടു പക്ഷേ മനസ്സിലായില്ല. അന്നു വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാറിൽ മടങ്ങുമ്പോഴും അയാളുടെ കാറിൽ ഒന്നുരണ്ടു പെണ്ണുങ്ങളെ കണ്ടു.
കഴിഞ്ഞമാസം ട്രഷറിയിൽ വന്നപ്പോൾ മരുമോന്റെ കൂടെ ഒരു പെണ്ണ് കാറിന്റെ മുൻസീറ്റിൽ വന്നിറങ്ങിയത് എന്റെ മുമ്പിലായിരുന്നു. ഋഷികേശിന് എന്നെ കണ്ടിട്ടു പക്ഷേ മനസ്സിലായില്ല. അന്നു വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാറിൽ മടങ്ങുമ്പോഴും അയാളുടെ കാറിൽ ഒന്നുരണ്ടു പെണ്ണുങ്ങളെ കണ്ടു.
കഴിഞ്ഞമാസം ട്രഷറിയിൽ വന്നപ്പോൾ മരുമോന്റെ കൂടെ ഒരു പെണ്ണ് കാറിന്റെ മുൻസീറ്റിൽ വന്നിറങ്ങിയത് എന്റെ മുമ്പിലായിരുന്നു. ഋഷികേശിന് എന്നെ കണ്ടിട്ടു പക്ഷേ മനസ്സിലായില്ല. അന്നു വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാറിൽ മടങ്ങുമ്പോഴും അയാളുടെ കാറിൽ ഒന്നുരണ്ടു പെണ്ണുങ്ങളെ കണ്ടു.
നന്ദിനിയുടെ പാക്കേജ് (കഥ)
വൈകിട്ട് മീനമാസത്തിലെ കൊടും ചൂടിനെ കുളിർപ്പിച്ച് സാമാന്യം നല്ല മഴത്തുളളികൾ തൊടിയിലും മുറ്റത്തുമൊക്കെ പതിച്ചിട്ടും സൗദാമിനിയമ്മയുടെ മനസ്സ് തണുത്തില്ല. മഴയുടെ ആരവത്തിൽ പൊട്ടിമുളച്ച പുതുമണ്ണിന്റെ മണം മൂക്കിനെ അലോസരപ്പെടുത്തിയപ്പോൾ ഉമ്മറത്തു നിന്ന് എഴുന്നേറ്റ് മെല്ലെ അടുക്കളയിലേക്ക് നടന്നപ്പോഴും അഭിമാനത്തിനേറ്റ ക്ഷതം അവരെ അലട്ടി കൊണ്ടിരുന്നു.
ഗ്യാസ് ഓണാക്കി ചായ അടുപ്പിൽ വെച്ച് പകലത്തെ അത്യുഷ്ണം വിയർപ്പിൽ മുക്കിയ തുണികൾ മാറ്റി തിരികെ വന്നപ്പോഴേക്ക് മഴത്തുള്ളി കിലുക്കം ചെറുതായി കുറഞ്ഞു വന്നിരുന്നു. ഫോണെടുത്തു നന്ദിനിയെ വിളിച്ചു വിവരം പറഞ്ഞാലോന്ന് ഒരുവേള സൗദാമിനിയമ്മക്ക് തോന്നിയതാണ്. പിന്നെ ആലോചിച്ചപ്പോൾ അതു വേണ്ടന്ന് തോന്നി. എല്ലാം നേരിലാകാമെന്നു വെച്ചു, എന്നാലല്ലേ ഋശികേശിന്റെ മുഖത്തെ വിളർച്ച തനിക്ക് നേരിട്ട് കാണാനും ഒന്നുരണ്ടു കൂട്ടം പറയാനും പറ്റുള്ളൂ!!. നാളെ രാവിലെ നടക്കാൻ പോകുന്ന സമയം അങ്കത്തിന് കുറിച്ച സുഖത്തിൽ സൗദാമിനിയമ്മ തല ചായ്ച്ചു കിടന്നു.
രാവിലെ മുതൽ ടൗണിലും സിവിൽ സ്റ്റേഷനിലുമായി അലഞ്ഞു തിരിഞ്ഞതിന്റെ ക്ഷീണം മെല്ലെ മെല്ലെ കൺപോളകളിൽ എത്തുമ്പോഴും ട്രഷറി ഓഫീസർ പരിഷ്ക്കാരി പെണ്ണ് ലൈഫ് സർട്ടിഫിക്കറ്റിനു വേണ്ടി വാശി പിടിച്ചു സംസാരിക്കുന്നത് ഓർമ്മയിൽ മുഴങ്ങി കൊണ്ടിരുന്നു. എല്ലാ വർഷവും കൊടുക്കേണ്ടതാണെങ്കിലും താനതു വിട്ടുപോയിരുന്നു. കോവിഡ് കാലമായതിനാൽ പുറത്തിറങ്ങുന്നത് തന്നെ വളരെ കുറഞ്ഞിരിക്കുന്നു. ഇപ്പോ പെൻഷൻ വാങ്ങാൻ അങ്ങനെ പണ്ടത്തെപ്പോലെ സ്ഥിരമായി പോകാറില്ല. കൂട്ടുകാരെയും ഒന്നിച്ചു വർക്ക് ചെയ്തിരുന്നവരെയുമൊക്കെ കാണാൻ പറ്റുന്ന ഒരവസരമാണ് നഷ്ടപ്പെടുന്നത്. അതോർത്താണ് ഇന്ന് ട്രഷറിയിൽ ചെന്നത്. ‘‘സൗദാമിനി ടീച്ചറെ ഈ വഴിയൊക്കെ മറന്നോ’’ സൂപ്രണ്ട് പരിചയം പുതുക്കി. ‘‘ലൈഫ് സർട്ടിഫിക്കറ്റ് വേണമെന്ന് ട്രഷറി ഓഫീസർ പറയുന്നുണ്ട്, ടീച്ചർ ഒന്നു കയറി കണ്ടേക്കൂ.’’ നേരിട്ടു വന്നാൽ അതിന്റെ ആവശ്യമില്ലാത്തതു കൊണ്ട് ട്രഷറി ഓഫീസറെ കാണാമെന്ന് വെച്ചു.
പുതിയ ആളാണെന്ന് തോന്നുന്നു. പക്ഷേ അകത്തു ക്യാബിനിൽ ഇരുന്ന സുന്ദരിയായ ട്രഷറി ഓഫീസർ അമ്പിനും വില്ലിനും അടുക്കാതെ സർട്ടിഫിക്കറ്റിനു വേണ്ടി വാശി പിടിച്ചപ്പോൾ അല്പം പരിഭവം തോന്നാതിരുന്നില്ല, ‘‘ടീച്ചറെ എന്തായി നടന്നില്ലേ!’’ തിരിച്ചറങ്ങിയപ്പോൾ സൂപ്രണ്ട് മുന്നിൽ. ഓഫീസർ പെങ്കൊച്ചിന്റെ ജാഡയും നിർബന്ധബുദ്ധിയും പിടിക്കാതിരുന്നതിനാൽ മറുപടി മുഖത്തു നിന്ന് വായിച്ചെടുത്തിട്ടാവണം പരിഹാരം പറഞ്ഞു തന്നത്. ‘‘ഋഷികേശൻ സാർ ഇവിടെ സിവിൽ സ്റ്റേഷനിലുണ്ടല്ലോ, ടീച്ചർ ഒരു ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി കൊണ്ടുപോരെ, നമുക്ക് ഉച്ച കഴിഞ്ഞ് ശരിയാക്കാം.’’
ഋഷികേശ് മകളുടെ ഭർത്താവാണ്. കുടുംബ വീട്ടിനടുത്താണ് മകളും ഭർത്താവും താമസം. മകൾക്ക് ജോലിയൊന്നുമില്ലാത്തതിനാൽ മിക്കപ്പോഴും ഭർത്താവിനോടൊപ്പം ജോലിസ്ഥലങ്ങളിലായിരുന്നു താമസം. ഇപ്പോൾ മലബാർ സർവീസ് കഴിഞ്ഞ് ജില്ലാ ആസ്ഥാനത്ത് എത്തിയിട്ട് കഷ്ടിച്ച് രണ്ടു മാസം ആയി കാണുകയേയുള്ളു. എന്തിനും അല്പം സംശയ വാസന കൂടെയുള്ള ആളായതിനാൽ മോൾ ഭർത്താവിനൊപ്പം ജോലി സ്ഥലം ചുറ്റുന്നതിന് സൗദാമിനിയമ്മയ്ക്കും സമ്മതമായിരുന്നു.
‘‘സൗദാമിനി എന്താണ് ആലോചിച്ചുനിൽക്കുന്നത്?’’ ട്രഷറി വരാന്തയിൽ തന്നെ പിന്നിൽ നിന്ന് ചേർത്ത് പിടിച്ച ആളെ കണ്ട് സൗദാമിനി ടീച്ചറുടെ മുഖത്ത് പുഞ്ചിരി വിടർന്നു. കൂടെ ഒരുമിച്ച് ജോലി ചെയ്ത് ഒരേ ദിവസം സർവീസിൽ നിന്നു റിട്ടയർ ചെയ്ത മാലിനി ടീച്ചർ. പരിഭവങ്ങളും പരാതികളും പറഞ്ഞു കഴിഞ്ഞപ്പോൾ ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ടു പിരിയാമെന്നായി ടീച്ചർ. ഉച്ചക്ക് ശേഷം ഋഷികേശിന്റെ ഓഫീസിൽ കയറി ലൈഫ് സർട്ടിഫിക്കറ്റും വാങ്ങി ട്രഷറിയിൽ എത്താമെന്നുറച്ചാണ് ടൗണിലേക്ക് മാലതി ടീച്ചറുമായി പോയത്.
കോവിഡ് വാക്സിൻ എത്തിയതിന്റെ ഉറപ്പിലാണെന്ന് തോന്നുന്നു നഗരവും തെരുവുകളുമെല്ലാം വീണ്ടും ജനനിബിഡമായിരിക്കുന്നു. ഏതേലും സാദാ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാമെന്ന് മാലിനി പറഞ്ഞുവെങ്കിലും സൗദാമിനി ടീച്ചർക്ക് സമ്മതമായില്ല. തന്നെ കൂട്ടാതെ മോനും മോളുമൊക്കെ ഫാമിലിയായി വൈകുന്നേരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ പാർട്ടിക്ക് പോകുന്നത് അറിയാവുന്നതു കൊണ്ട് അത്തരമൊന്നിലാണ് കൂട്ടുകാരിയുമൊത്ത് ടീച്ചർ എത്തിയത്. ‘‘വസ്ത്രധാരണത്തിന്റെ പേരിലൊക്കെ പലസ്ഥലങ്ങളിലും കസ്റ്റമേഴ്സിനെ നിയന്ത്രിക്കുന്നത് നമ്മുടെ നാട്ടിലും ഉണ്ടെന്നാ തോന്നുന്നത് ടീച്ചറെ’’, സമയമേറെ ആയിട്ടും സപ്ലെയറെ കാണാത്തതുകൊണ്ട് മാലിനി ടീച്ചർ ആത്മഗതം ചെയ്യുന്നത് കേട്ടപ്പോൾ ടീച്ചറുടെ ചുണ്ടിൽ ചിരി വിടർന്നു.
വൈകിയെത്തിയ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണ് മാലിനി ടീച്ചർ പുറത്തേക്ക് കൈ ചൂണ്ടിയത്. ‘‘നമ്മുടെ ഋഷികേശല്ലേ അത്!’’ ഹോട്ടലിലെ ഗ്ലാസ് പാർട്ടീഷനു പുറകിലായി നന്ദിനിയുടെ കാറിന്റെ അതേ കളറിലുള്ള കാറിന്റെ സമീപത്തായി ഋഷികേശിനെ പോലൊരാൾ, മാസ്ക്കിട്ടതു കൊണ്ട് വ്യക്തമല്ല, കൂടെ കുറച്ചു പെണ്ണുങ്ങളും... ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയതാണെന്നു തോന്നുന്നു. ഓഫീസിൽ ഉള്ളവരായിരിക്കും. കാർ മുന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ ഓടി വന്നു ഫ്രണ്ട് ഡോർ തുറന്നകത്തേക്കു കയറിയ ആളെക്കണ്ട് സൗദാമിനി ടീച്ചർക്ക് എവിടെയോ പരിചയം തോന്നി. പുതിയ ട്രഷറി ആഫീസറല്ലേ അത്!!
സൗദാമിനി ടീച്ചർക്ക് ചെറിയ നീരസം തോന്നാതിരുന്നില്ല. താൻ ജില്ലാ ട്രഷറിയിൽ പോകുന്ന കാര്യമൊക്കെ രണ്ടു ദിവസം മുൻപ് വീട്ടിൽ വന്നപ്പോൾ ഋഷികേശിനോട് പറഞ്ഞതാണ്. കോവിഡ് കാലമായിട്ട് പോലും കാറിൽ പോകാമെന്ന് ഒന്നു ചോദിക്കുക പോലും ചെയ്യാത്തതിന്റെ പേരിൽ അവർക്ക് അമർഷം തോന്നി. തിരികെ സിവിൽ സ്റ്റേഷനിലേക്ക് ടീച്ചറുമൊത്തു നടന്നുകയറുമ്പോഴും ഋഷികേശിനോടുള്ള പരിഭവം ടീച്ചറുടെ ഉള്ളിൽ അലിഞ്ഞു തീർന്നില്ലായിരുന്നു.
സിവിൽ സ്റ്റേഷനിലെ മൂന്നാമത്തെ നിലയിലെ പൊതുമരാമത്തുവകുപ്പിന്റെ ആഫീസിലെ ഋഷികേശിന്റെ ക്യാബിനിൽ എത്തിയെങ്കിലും സാറിപ്പോൾ ഇറങ്ങിയെന്ന ഓഫീസ് അസിസ്റ്റന്റിന്റെ മറുപടിയാണ് കാത്തിരുന്നത്. മാലിനിക്ക് പരിചയമുള്ള ഒരു ആഫീസറുടെ കൈയ്യിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റും വാങ്ങി ട്രഷറിയിൽ കൊടുത്തു മടങ്ങുമ്പോൾ മാലിനി ടീച്ചർ പറഞ്ഞ കാര്യമാണ് ടീച്ചറുടെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നത്.
‘‘ടീച്ചർ നന്ദിനിയോടൊന്ന് ശ്രദ്ധിക്കാൻ പറയണം. കഴിഞ്ഞമാസം ട്രഷറിയിൽ വന്നപ്പോൾ മരുമോന്റെ കൂടെ ഒരു പെണ്ണ് കാറിന്റെ മുൻസീറ്റിൽ വന്നിറങ്ങിയത് എന്റെ മുമ്പിലായിരുന്നു. ഋഷികേശിന് എന്നെ കണ്ടിട്ടു പക്ഷേ മനസ്സിലായില്ല. അന്നു വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാറിൽ മടങ്ങുമ്പോഴും അയാളുടെ കാറിൽ ഒന്നുരണ്ടു പെണ്ണുങ്ങളെ കണ്ടു. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അങ്ങനെ പറ്റിക്കാൻ സമ്മതിക്കരുത്.’’ മാലിനി ടീച്ചറിലെ പോരാളിയെ ഓർമ്മിച്ചെടുത്തെങ്കിലും പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് ടീച്ചർക്ക് മനസ്സിലായി.
ബസിറങ്ങി റോഡു ക്രോസ് ചെയ്യാൻ നില്ക്കുമ്പോൾ കടന്നുപോയ നീല കാറിലേക്ക് ടീച്ചറുടെ കണ്ണ് ഉത്കണ്ഠാപൂർവ്വം നോട്ടമയച്ചു... ഫ്രണ്ട് സീറ്റിൽ ഋഷികേശിനോടൊപ്പം ഇരിക്കുന്ന ചുരിദാറുകാരിക്ക് നന്ദിനിയുടെ ഛായയില്ല !!!. ടീച്ചറുടെ മനസ്സിലും മേലെ മാനത്തും കാർമേഘങ്ങൾ മെല്ലെ മെല്ലെ ഉരുണ്ടുകൂടാൻ തുടങ്ങി.
രാവിലെ എഴുന്നേറ്റ് ചായ കുടിച്ചെന്നു വരുത്തിയാണ് നന്ദിനിയെ കാണാനിറങ്ങിയത്. ഋഷികേശ് ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് അവിടെ എത്തണമെന്നുള്ളതിനാൽ രാവിലത്തെ പ്രാതൽ പരിപാടികൾ ഒന്നും തുടങ്ങിവെച്ചില്ല. മകനും മരുമകളും സ്ഥലത്തില്ലാത്തത് ഒരു വേള നന്നായെന്ന് ടീച്ചർക്ക് തോന്നി. ഋഷികേശ് രാവിലെ ഓഫീസിൽ പോകുന്ന തിരക്കിലായതു കൊണ്ട് മോളെ അടുക്കളയിൽ സൗകര്യമായി കിട്ടിയപ്പോൾ സൗദാമിനി ടീച്ചർ മുരടനക്കി. ‘‘കോവിഡായതുകൊണ്ട് ദിനംപ്രതിയുള്ള ഈ കാർ യാത്ര മുതലാകുമോ? ശമ്പളം മുഴുവൻ പെട്രോളടിച്ചു കളയുവാന്നോ!! കാറിൽ പെണ്ണുങ്ങളടക്കം കറക്കത്തിനു കേറുകയും ചെയ്യും’’ മൊത്തവും വിട്ടു പറഞ്ഞ് അവളെ പ്രാന്തുപിടിപ്പിക്കേണ്ടന്ന് തോന്നി ടീച്ചർക്ക്.
‘‘എന്തോ ചെയ്യാനാ അമ്മാ ഒറ്റ ശമ്പളം ഉളേളാർക്ക് ജീവിക്കാൻ പറ്റിയ കാലമാണോ ഇത്. പിന്നെ കോവിഡ് കാലമായതു കൊണ്ട് ചേട്ടന്റെ അമ്മയൊക്കെ സുഖമല്ലാതിരിക്കുന്നത് കൊണ്ട് ബസ്സിൽ പോകാനും വയ്യ. അതോണ്ട് ഞാൻ ഏട്ടനോട് ഒരു ബുദ്ധി പറഞ്ഞു, കാറിൽ പോകാൻ മൂന്നുനാലു പേരെ സംഘടിപ്പിക്കാൻ. ഇപ്പോ അഞ്ചു പേരൊണ്ട് ദിവസം നൂറു രൂപ വെച്ചു തരും നമ്മുടെ പെട്രോൾ ചിലവൊക്കെ അങ്ങനെ മാനേജ് ചെയ്യും, പിന്നെ പെണ്ണുങ്ങളെ സെലക്ട് ചെയ്തോണ്ട് ബാറിൽ കേറാതെ ഇങ്ങെത്തുകയും ചെയ്യും’’ നന്ദിനി മോളുടെ കോവിഡാനന്തര സാമ്പത്തിക ആസൂത്രണത്തിനു മുമ്പിൽ കിളി പോയ ടീച്ചർ മരുമോനു കൊണ്ടുപോകാനുള്ള ചോറുപാത്രം മുറുക്കി അടച്ചു, പെട്ടന്ന് തുറന്നു വരാത്ത വിധം!
English Summary: Nandhiniyude package, Malayalam short story