‘പരസ്പര വിശ്വാസത്തിലൂന്നിയ ആത്മാർത്ഥ സ്നേഹം, അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ പാസ് വേഡ്’
നമ്മുടെ കണ്ണൊന്ന് നനഞ്ഞാൽ, മനസ്സൊന്ന് വേദനിച്ചാൽ അത് മനസ്സിലാക്കുന്നയാൾ കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും മനോഹരം. ആ മനോഹാരിതയാണ് എനിക്കിന്നിവിടെ നഷ്ടമായിരിക്കുന്നത്. വിവരിക്കാനാവാത്ത വേദനയാണ് വിരഹം.
നമ്മുടെ കണ്ണൊന്ന് നനഞ്ഞാൽ, മനസ്സൊന്ന് വേദനിച്ചാൽ അത് മനസ്സിലാക്കുന്നയാൾ കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും മനോഹരം. ആ മനോഹാരിതയാണ് എനിക്കിന്നിവിടെ നഷ്ടമായിരിക്കുന്നത്. വിവരിക്കാനാവാത്ത വേദനയാണ് വിരഹം.
നമ്മുടെ കണ്ണൊന്ന് നനഞ്ഞാൽ, മനസ്സൊന്ന് വേദനിച്ചാൽ അത് മനസ്സിലാക്കുന്നയാൾ കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും മനോഹരം. ആ മനോഹാരിതയാണ് എനിക്കിന്നിവിടെ നഷ്ടമായിരിക്കുന്നത്. വിവരിക്കാനാവാത്ത വേദനയാണ് വിരഹം.
പ്രത്യാഗമനം (കഥ)
എല്ലാ സാധനങ്ങളും കെട്ടിപ്പെറുക്കി അയച്ചു. വീട് ഒരിക്കൽ കൂടി നോക്കി കണ്ട ശേഷം ജയലക്ഷ്മി എന്ന ഞാനും പുറപ്പെട്ടു. ഇങ്ങനെ ഒരു തിരിച്ചു പോക്ക് എന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും വിധി എന്നെ?......
ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ നാട്ടിലെ ബ്ലോക്ക് ഓഫീസർ ആയി വന്ന ഭാനുസാറ് ഞങ്ങളുടെ തന്നെ പുരയിടത്തിലെ ചാവടിപ്പുര എന്ന് പറയുന്ന വീട്ടിൽ താമസത്തിന് വന്നത്. എങ്ങനെയോ എപ്പോഴോ ഞാനും സാറും തമ്മിൽ അകലാനാവാത്ത വിധം അടുത്തു. ഒറ്റപ്പാലത്തെ പഴയ നമ്പൂരി ഇല്ലത്തെ കുട്ടി വരത്തനായ നായരോടൊപ്പം ചിന്തിക്കാനേ പറ്റാത്ത കാലമായിരുന്നു അത്. കീരിക്കാട്ട് മനയ്ക്കലെ ഉത്രൻ നമ്പൂരിയുമായിട്ട് എന്റെ വേളി ഉറപ്പിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾ പോലും അറിയാതെ ഒരു നിമിത്തം പോലെ, ജൻമ സുകൃതം പോലെ ഞങ്ങളിൽ അലിഞ്ഞ സ്നേഹത്തെ നഷ്ടപ്പെടുത്താൻ സാധിക്കാതെ ആണ് ഭാനുസാർ ഞാനുമായി രായ്ക്ക് രാമാനം കടന്നുകളഞ്ഞത്. ആ വാശിക്ക് എന്നെ പിണ്ഡം വച്ച് പുറത്താക്കിയ അപ്പൻ തിരുമേനി അനുജത്തി രാജലക്ഷ്മിയെ ഉത്രൻ തിരുമേനിയുടെ വേളിയാക്കി.
എന്റെ വീട്ടുകാർ എന്നെ ഉപേക്ഷിച്ചെങ്കിലും ഏകമകൻ വിളിച്ചു കൊണ്ടുവന്ന മരുമകളെ മകളായി തന്നെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സ്വീകരിച്ചു. ശൂന്യമായ എന്റെ കൈകളിലും ഒന്നേയുണ്ടായിരുന്നുള്ളു അവർക്കായി നൽകാൻ സ്വാർത്ഥതയില്ലാത്ത ഹൃദയം നിറഞ്ഞ സ്നേഹം. പിന്നീടുള്ള ഞങ്ങളുടെ ദാമ്പത്യ ജീവിതം സുന്ദര സുരഭിലമായിരുന്നു. ആ വല്ലരിയിൽ രണ്ട് പൂമൊട്ടുകൾ. യദുവും, യശോദയും. രണ്ടാളും നന്നായി പഠിക്കുന്നവർ. രണ്ട് പേരും എഞ്ചിനീയറിങ്ങ് തന്നെ തിരഞ്ഞെടുത്തു. ഇതിനിടയിൽ ഭാനു സാറിന്റെ അച്ഛനും, അമ്മയും പിതൃലോകം പൂകി.
യശോദയുടെ വിവാഹം അമേരിക്കയിൽ ജോലിയുള്ള ഡോക്ടർ രഘുരാമനും ആയിട്ട് നടന്നു. അവർക്ക് രണ്ടു കുട്ടികൾ. യദുവിന്റെ വിവാഹം അവന്റെ കൂടെ ജോലി ചെയ്തിരുന്ന ഭാവികയുമായും.. അവർ രണ്ടാളും ബാംഗ്ലൂരിൽ എഞ്ചിനീയർമാർ. പിന്നീടവരും പറന്നു അമേരിക്കയിലേയ്ക്ക്.
അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഞങ്ങളുടെ ഭാഗ്യത്തെ കുറിച്ച് വാഴ്ത്തിപ്പാടി. നല്ല സ്വഭാവമുള്ള കുട്ടികളും തങ്കത്തിന് സുഗന്ധം എന്നതുപോലെ തന്നെ കിട്ടിയ മരുമക്കളും ചേർന്ന സന്തോഷം മാത്രം വിളയാടുന്ന കുടുംബം. രണ്ടു കൂട്ടരും സ്വന്തമായി വീട് വാങ്ങിയപ്പോൾ ഞങ്ങളും പോയി അമേരിക്കയിലെ അവരുടെ വീടുകളും ജീവിതവും കാണാൻ. പിന്നീടുള്ള ഓരോ വർഷത്തിലും നാട്ടിലേയ്ക്കുള്ള അവരുടെ വരവു മുതൽ തിരികെ പോകുന്ന സമയംവരെ ഉത്സവത്തിമിർപ്പായിരുന്നു ഞങ്ങൾക്ക്.
കൊറോണ അധികരിച്ച സമയത്താണ് ഭാനു സാറിന് രാത്രിയിൽ നെഞ്ച് വേദന വന്നത്. അടുത്ത വീട്ടിലെ ആളുകളെ വിളിച്ചു വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വെളുപ്പിനെ അഞ്ച് മണിയായപ്പോൾ എന്നിൽ മരണം ബാധിക്കാത്ത കാലത്തോളം നിന്നോടുള്ള ഇഷ്ടത്തിനും മരണമുണ്ടാവില്ല എന്ന് എന്നോട് പറഞ്ഞിരുന്ന എന്റെ പ്രാണന്റെ പ്രാണനായിരുന്ന ഭാനു സാർ എല്ലാം ഉപേക്ഷിച്ച് പോയി. എനിക്കത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
സൂര്യപ്രകാശത്തിന് നേരേ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് ഞാൻ ഭാനു സാറിൽ ചാഞ്ഞത്. തനിക്ക് സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരാൻ കഴിയുന്ന പുരഷനിലേയ്ക്ക് പെൺമനസ്സും ഹൃദയവും മെല്ലെ മെല്ലെ ലയിക്കും. ഒരു പുരുഷനിൽ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളാണ് അവനാൽ കളങ്കരഹിതമായി താൻ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലും ആ കരവലയത്തിൽ താൻ സുരക്ഷിതയാണെന്നുള്ള വിശ്വാസവും. അതവളിൽ ആത്മവിശ്വാസം പകർന്നു തരും. ആ ആത്മവിശ്വാസമാണ് എനിക്കിന്നിവിടെ നഷ്ടമായിരിക്കുന്നത്. കരുതലും തിരുത്തലും നൽകുന്ന ബന്ധങ്ങൾ ഭാഗ്യമാണ്. ആ ഭാഗ്യമായിരുന്നു എനിക്കെന്റെ ഭാനുസാർ. പരസ്പര വിശ്വാസത്തിലൂന്നിയ ആത്മാർത്ഥ സ്നേഹം, അതായിരുന്നു കണ്ട നാൾ മുതലുള്ള ഞങ്ങളുടെ ബന്ധത്തിലെ പാസ് വേഡ്. നമ്മുടെ കണ്ണൊന്ന് നനഞ്ഞാൽ, മനസ്സൊന്ന് വേദനിച്ചാൽ അത് മനസ്സിലാക്കുന്നയാൾ കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും മനോഹരം. ആ മനോഹാരിതയാണ് എനിക്കിന്നിവിടെ നഷ്ടമായിരിക്കുന്നത്. വിവരിക്കാനാവാത്ത വേദനയാണ് വിരഹം.
മക്കൾ രണ്ടാളും അച്ഛന്റെ മരണവിവരം അറിഞ്ഞപ്പോൾ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു. ഞാനെന്ത് സംസാരിക്കാൻ? ഒന്നും പറയാനില്ലായിരുന്നു എനിക്ക്. കൊറോണ എന്ന ഭീകരന്റെ കൈപ്പിടിയിൽ അമരുമെന്ന് ഭയക്കുന്ന ലോകത്ത് ഒരിടത്തു നിന്നും എന്റെ മക്കൾ അടക്കമുള്ള മറ്റെല്ലാ പ്രവാസികൾക്കും എത്ര ആഗ്രഹിച്ചാലും സ്വന്തം രാജ്യത്തേയ്ക്ക് ഈ സമയത്ത് വരാൻ കഴിയില്ല എന്ന സത്യവും എനിക്കറിയാമായിരുന്നു.
നിർജീവമായ ഭാനു സാറിന്റെ മുഖത്ത് നോക്കി അതിലും മരവിച്ച മനസ്സുമായി ഇരിക്കുമ്പോൾ ഞാൻ ഒരുപാടാഗ്രഹിച്ചു എന്റെ മക്കളെ ഒന്നു കാണാൻ. ഭാനു സാറിന്റെ ആത്മാവും എന്നോടങ്ങനെ പറയുന്നതു പോലെ തോന്നി. അപ്പോഴും ഞാനാ ആത്മാവിനോട് ചോദിച്ചു എന്തേ എന്നെ മാത്രം ഒറ്റയ്ക്കാക്കി പോയി? മാസ്കിട്ട എന്റെ മുഖത്തെ വികാരം ആ ആത്മാവ് കണ്ടുവോ? ഭാഗ്യം ഭാനു സാറിന് മാത്രം മാസ്ക് വയ്ക്കേണ്ടതില്ലാതിരുന്നത് കൊണ്ട് ആ അവസാന നിമിഷങ്ങളിലും എനിയ്ക്ക് എന്റെ ഭാനു സാറിന്റെ മുഖത്ത് തന്നെ നോക്കിയിരുന്ന് അദ്ദേഹത്തിന്റെ ഉറക്കം കാണാൻ സാധിച്ചു.
വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആരൊക്കെയാണെന്ന് ആർക്കും മനസ്സിലായില്ല. എല്ലാവരും മാസ്കും ധരിച്ച് കൊറോണ ഭീകരനെ ഭയന്ന് സാമൂഹിക അകലം പാലിച്ചു നിന്നു. മരണ വീടായിട്ടും അധികമാരും അവിടെ തങ്ങിയില്ല. അതിനിടയിൽ മറ്റൊരു സംസാരം കേട്ടു. രാധാമണി സുമതിയെ നോക്കി ചിരിച്ചിട്ട് സുമതി ശ്രദ്ധിച്ചില്ല എന്നു പറഞ്ഞു. മാസ്ക് വച്ചതുകൊണ്ട് സുമതിക്കത് മനസ്സിലാകാഞ്ഞിട്ടാണ് അല്ലേ?. എന്റെ അടുത്തിരുന്ന ഭാനു സാറിന്റെ അകന്ന ബന്ധത്തിലെ പ്രസന്നചേച്ചി ഇടയ്ക്കിടെ എഴുന്നേറ്റ് പോയി സാനിറ്റൈസർ കൊണ്ട് കൈകൾ ശുദ്ധമാക്കുന്നത് കണ്ടപ്പോൾ ആരോ ഒരു കുപ്പി സാനിറ്റൈസർ ഞങ്ങൾ ഇരുന്നയിടത്ത് കൊണ്ടു വച്ചു. ഞാൻ മയങ്ങുകയാണെന്ന് കരുതിയായിരിക്കും പ്രസന്ന ചേച്ചി ആരോടോ അടക്കിയ ശബ്ദത്തിൽ പറയുന്നതു കേട്ടു
‘‘ഞാനാദ്യം ഓർത്തത് ഭാനു കൊറോണ വന്ന് മരിച്ചതായിരിക്കും എന്നാണ്. ഹാർട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിച്ച ശേഷമാണ് വന്നത്. വരാതിരിക്കുന്നത് എങ്ങനെയാണ്? ഇവരല്ലേ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുത്തിയത്. ഇളയവൻ പ്രവീണിനെ കൂടി അവർ അമേരിക്കയിലേയ്ക്ക് കൊണ്ടു പോകാം എന്നേറ്റിരുന്നതാണ്. അപ്പോഴാണ് ഈ നശിച്ച കൊറോണ !’’
ഒറ്റപ്പാലത്തു നിന്നും സ്വന്തം കൂടപ്പിറപ്പായ രാജി വന്ന് ഒരു ഭയവും ഇല്ലാതെ ഓപ്പോളേന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ആണ് അതുവരെ തടഞ്ഞുവച്ചിരുന്ന സങ്കടം അണപൊട്ടിയതുപോലെ ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞത്.
മക്കൾക്ക് രണ്ടാൾക്കും വരാൻ സാധിക്കാത്തതിനാൽ അവർക്ക് കാണാൻ എല്ലാ ചടങ്ങുകളുടേയും വീഡിയോ എടുക്കാൻ വന്നപ്പോൾ മാത്രം ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ‘‘ഒന്നും വേണ്ട. അവർക്ക് അവിടെയിരുന്ന് കണ്ടാസ്വദിക്കാൻ ഇത് ആഘോഷമല്ല. അവരുടെ അച്ഛന്റെ മരണം ആണ്. ഞാനിത് സമ്മതിക്കില്ല’’ എന്ന് പറഞ്ഞപ്പോൾ ആരോ ഒന്നും വേണ്ട എന്ന് പറയുന്നത് കേട്ടു.
രണ്ട് മക്കളും നാല് കൊച്ചുമക്കളും ഉണ്ടായിട്ടും അവരുടെ സ്ഥാനത്ത് നിന്ന് കർമ്മം ചെയ്തത് പ്രവീൺ ആണ്. ഭാനു സാർ തെക്കേപ്പറമ്പിലൊരുക്കിയ ചിതയിലേയ്ക്ക് പോയി...
പിന്നീടുള്ള ദിവസങ്ങളിൽ ഓരോരുത്തരുടെയും ജിജ്ഞാസയ്ക്ക് ഞാനെന്തു മറുപടി പറയാൻ? അവർ തന്നെ ഉത്തരവും കണ്ടെത്തി. ജയലക്ഷ്മിക്ക് എന്താ പണത്തിന് ഒരു കുറവും ഇല്ലല്ലോ. ഇത്ര വലിയ വീടും, സൗകര്യവും അതിലൊക്കെ ഉപരി എന്തെന്ത് വേണം എന്ന് ചോദിച്ച് സ്നേഹത്തിന്റെ നിറകുടങ്ങളായ മക്കളും മരുമക്കളും. ഭാനു ഉള്ളപ്പോൾ കഴിഞ്ഞതിലും നന്നായി രണ്ടു മക്കളുടേയും കൂടെ അമേരിക്കയിൽ കഴിയാമല്ലോ. അതിനും വേണം ഒരു ഭാഗ്യം! പിന്നീടവരെല്ലാം നാട്ടുകാരിൽ ചിലർ ഒറ്റപ്പെട്ടപ്പോൾ മക്കളുടെ കൂടെ വിദേശത്ത് പോയ കഥകളിലേയ്ക്ക് ഊളിയിട്ടപ്പോൾ ഞാൻ മാത്രം ഭാനു സാറില്ലാതെ തരിശാക്കപ്പെട്ട മനസ്സിന്റെ ശൂന്യതയിലേയ്ക്കും ......
മക്കൾ രണ്ടാളും വിളിച്ചു. കൊറോണക്കാലം കഴിഞ്ഞാൽ ഗ്രീൻ കാർഡ് ശരിയാക്കിയ ശേഷം അമ്മയ്ക്ക് ഞങ്ങളുടെ കൂടെ നിൽക്കാം. അതു വരെ അമ്മയുടെ വേണ്ട കാര്യങ്ങൾ നോക്കാൻ ഒന്നോ രണ്ടോ പേരെ കൂടെ നിർത്താം. പക്ഷേ! എനിക്ക് പണ്ട് മക്കളുടെയടുത്ത് ചെന്ന് നിന്നപ്പോൾ അവരുടെ തിരക്ക് കണ്ടപ്പോൾ ഉണ്ടായ വീർപ്പുമുട്ടലിനേക്കാൾ വലിയ വീർപ്പുമുട്ടലായിരുന്നു ഭാനു സാറില്ലാത്ത ആ വലിയ വീട്ടിൽ. ഇനി വയ്യ! ഇവിടെ താമസിക്കാൻ. അവരോടത് പറഞ്ഞപ്പോൾ അവർ തന്നെ അതിന് പരിഹാരവും കണ്ടു. വീട് വിൽക്കുക.
എന്നോടുള്ള വാശിക്ക് അപ്പൻ തിരുമേനി ഇല്ലവും സ്ഥലങ്ങളും നിലവും അടക്കം എല്ലാം രാജലക്ഷ്മിയുടെ പേരിൽ എഴുതി വച്ചിട്ടാണ് ഉത്രൻ തിരുമേനിയുമായുള്ള വേളി നടത്തിയത്. പിന്നീടാണ് ഉത്രൻ തിരുമേനിയുടെ സ്വഭാവ വിശേഷം വെളിവായത്. പലയിടത്തും ബാന്ധവങ്ങൾ. അതിലൊക്കെ കുട്ടികളും. അപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു.
രാജിയുടെ പേരിലുളള ഇല്ലം പണയ വസ്തുവാക്കിയതൊഴികെ ബാക്കിയെല്ലാം അയാൾ വിറ്റു നശിപ്പിച്ചിരുന്നു. ഇല്ലം വിൽക്കാൻ സമ്മതിക്കാതെ വന്നപ്പോൾ അയാൾ പുതുതായി ബാന്ധവം സ്ഥാപിച്ച ശൂദ്രസ്ത്രീയുമായി നാടുവിട്ടു. ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ നമ്മൾ ജയിച്ചു എന്ന് വരാം.എന്നാൽ ചതിയനായ മിത്രത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഉറപ്പായും തോറ്റു പോകും. ആ തോൽവിയിലായ അപ്പൻ തിരുമേനിയും ആകെ തകർന്ന് കിടപ്പിലായി. നമ്മൾ ഒരിക്കൽ നഷ്ടപ്പെടുത്തി കളഞ്ഞത് പിന്നീട് എന്നെങ്കിലും തിരിച്ചു വേണമെന്ന് തോന്നിയാൽ തിരിച്ചു കിട്ടാൻ പ്രയാസമായിരിക്കും. കാരണം ഈ ലോകത്ത് മനുഷ്യനേക്കാൾ വാശി മറ്റാർക്കും ഇല്ല. അതായിരുന്നു അപ്പൻ തിരുമേനിക്ക് മരിച്ചതിനു തുല്യമായി കണക്കാക്കി പടിയടച്ച് പിണ്ഡം വച്ച മകളായ ജയലക്ഷ്മി എന്ന ഞാനും.. പ്രാകൃതമായ ആചാരാനുഷ്ഠാനത്തിന്റെ പേരിൽ എന്നെ തിരിച്ചുവിളിക്കാൻ ഒരിക്കലും സാധിക്കില്ലായിരുന്നു അദ്ദേഹത്തിന്. അപ്പൻ നമ്പൂരിയുടെ വാക്കുകളിലും, തീരുമാനത്തിലും നിന്ന് അണുവിട ചലിക്കാത്ത അമ്മയും പ്രായത്തിന്റെ അസ്കിതയിൽ ക്ഷീണിതയായിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കെട്ടുറപ്പിൽ സായിപ്പിന്റെ സംസ്കാരത്തിൽ തിരക്കുകളുടെയും ജോലി ഭാരത്തിന്റെ ടെൻഷന്റേയും കൂടെ മാത്രം ജീവിക്കുന്ന, വന്ന് വന്ന് എന്ത് കാര്യത്തിനാണ് ടെൻഷൻ അടിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലേയ്ക്ക് മാറി തിരക്ക് പിടിച്ചോടുന്ന പുതു തലമുറയുടെ കൂടെപ്പോയി, എന്റെ നാട് വിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ തൊട്ടിലിൽ കൂട്ടിലടച്ച പോലെ കിടന്ന് മരിക്കാൻ ഞാനില്ല.......
ഇപ്പോഴെന്റെ മക്കൾക്ക് എന്നോടുള്ള ഈ സ്നേഹം ഇല്ലാതാക്കാൻ ഞാനില്ല... ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റുകളേക്കാൾ പ്രധാനം മനസ്സിലാക്കലുകൾ ആണ്. ജീവിതത്തിൽ ചിലപ്പോൾ തോറ്റു പോയേക്കാം, ഒറ്റപ്പെട്ടേക്കാം, അവഗണിക്കപ്പെട്ടേക്കാം എങ്കിലും ഒന്നിനും ആരുടേയും കാല് പിടിക്കാൻ അവസരം ഉണ്ടാക്കരുത്. അത് മക്കളുടെ അടുത്തായാലും. ഔദാര്യം കൈപ്പറ്റിയാൽ അടിമത്തം അനുഭവിക്കേണ്ടി വരും.
എന്റെ മക്കൾ അടക്കമുള്ള പുതുതലമുറയോട് എനിക്കൊന്നേ പറയാനുള്ളൂ. ‘‘ജീവിത സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കും. മാറ്റങ്ങൾക്കിടയിലും മാറാതിരിക്കേണ്ടത് മനസ്സാണ്. മാറ്റി നിർത്താതെ നോക്കേണ്ടത് മനസ്സറിഞ്ഞ് നമ്മളെ സ്നേഹിച്ചവരെയാണ്. ലോകത്ത് എവിടെ ആയിരുന്നാലും നിങ്ങൾ തിരക്കിൽ നിന്നും തിരക്കിലേയ്ക്ക് പോകുമ്പോൾ ഒരു നിമിഷം പ്രിയപ്പെട്ടവരെ ഓർക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ തിരക്ക് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അവരെ തിരിച്ചുകിട്ടണമെന്നില്ല.’’ അതു കൊണ്ട് ഞാൻ പുറപ്പെടുകയാണ് മക്കൾ വരുമ്പോൾ നിമഞ്ജനം ചെയ്യാനുള്ള അവരുടെ അച്ഛന്റെ, എന്റെ ഭാനു സാറിൻ്റെ ചിതാഭസ്മവുമായി ....
എന്റെ പ്രത്യാഗമനവും പ്രതീക്ഷിച്ചിരിക്കുന്ന മൂന്നാത്മാക്കൾ ഉള്ള ഞാൻ കടം ഒഴിവാക്കിയെടുത്ത രാജിയുടെ പേരിലുള്ള ഒറ്റപ്പാലത്തെ എന്റെ ഇല്ലത്തിലേയ്ക്ക്....ഇനിയും വൈകിയാൽ അപ്പനേയും അമ്മയേയും ഓർത്ത് ഞാനും ദുഃഖിക്കേണ്ടി വരും. പ്രായാധിക്യത്താലും, ആത്മ സംഘർഷത്താലും അവശരായ അവരെ നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ ആവോളം സ്നേഹവും സുഖ സൗകര്യങ്ങളും അവർക്ക് പകർന്നു നൽകി എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഇപ്പോൾ എനിക്ക് തോന്നുന്നു ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു പോക്ക് വേണമെന്ന് തോന്നിയാൽ അത് ബാല്യത്തിലേയ്ക്കാവണം. ചിരിക്കാൻ മാത്രമറിയാവുന്ന കളിച്ചുല്ലസിക്കുന്ന, ഉത്തരവാദിത്തം ഒട്ടുമില്ലാത്ത സ്വർഗ്ഗസമാനതയിലേയ്ക്ക്. തകർന്ന ഹൃദയങ്ങളേക്കാൾ എത്രയോ ഭേദമാണ് മുറിഞ്ഞ കാൽമുട്ടുകൾ....
വണ്ടി നിന്നപ്പോൾ ആണ് ചിന്തകളിൽ നിന്നുണർന്നത്. വല്ലാത്ത കൊതിയോടെ ഞാൻ കളിച്ചു വളർന്ന ഇല്ലത്തെയും ചുറ്റുപാടുകളേയും നോക്കിക്കൊണ്ട് വിവേചിച്ചറിയാനാകാത്ത വികാരങ്ങളുടെ വേലിയേറ്റത്തിൽ നിറഞ്ഞ കണ്ണുകളുമായി ഭാനു സാറിന്റെ ചിതാഭസ്മകലശം മാറത്തടുക്കിപ്പിടിച്ച് ഇറങ്ങിയപ്പോഴേയ്ക്കും സാറെന്നോട് പറയുന്നത് പോലെ തോന്നി.
‘‘ജയേ ഓരോ ജീവിതവും ഓരോ കഥകളാണ് അത്രമേൽ പ്രിയപ്പെട്ടവർക്ക് മാത്രമായ് വായിക്കാൻ കഴിയുന്ന കഥകൾ. അപ്പോഴും ചില വരികൾ ശൂന്യമായിരിക്കും അവനവന് മാത്രമായ് വായിക്കാൻ കഴിയുന്ന ചിലത്. നമ്മുടെ മക്കൾക്ക് നമ്മോട് സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ അവർ വരാതിരുന്നത് സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ടല്ലേ. നിനക്കും നിന്റെ ഇല്ലത്ത് വരാൻ ഇപ്പോഴല്ലേ സാഹചര്യം ഒരുങ്ങിയത്.
നമ്മുടെ മക്കൾ ചെയ്ത വലിയ കാര്യം അവർ നിനക്ക് വേണ്ടി തീരുമാനമെടുക്കാതെ നിന്റെ കംഫർട്ട് എന്താണെന്ന് നോക്കി നിന്നെ മനസ്സിലാക്കി മുന്നോട്ടു നയിച്ചു എന്നതാണ്. ഇവിടെ നിന്റെ ഇല്ലത്ത് നിനക്ക് കിട്ടുന്ന സമാധാനവും സുരക്ഷിതത്വവും സംതൃപ്തിയും ശാന്തിയും മറ്റൊരിടത്തും കിട്ടില്ല ജയേ. ധൈര്യമായി പോകൂ’’ എന്ന ഭാനു സാറിന്റെ വാക്കുകളാൽ ലഭിച്ച ശക്തിയിൽ ഞാൻ രാജിയുടെ കൈ പിടിച്ച് പക്ഷികൾ കൂടണയാൻ തുടങ്ങിയ ആ സായംസന്ധ്യയിൽ വിറയാർന്ന കാലടികളോടെ എന്റെ ഇല്ലത്തിലേയ്ക്കുള്ള പടവുകൾ ഒന്നൊന്നായി കയറി.
English Summary: Prethyagamanam, Malayalam short story