‘മറ്റൊരാളുടെ തോളിൽ ചാരി കിടന്നാണ് തന്റെ ഭാര്യ ആ മെസ്സേജ് അയച്ചതെന്ന് അയാൾ അറിഞ്ഞതേയില്ല’
വിനോദിനെ പറ്റി പറഞ്ഞപ്പോൾ ജസ്റ്റീനയുടെ ഹൃദയമിടുപ്പു വർധിച്ചതും കണ്ണുകൾ വിടർന്നതും കവിളുകൾ തുടുത്തതും ബിനോയ് വർഗീസ് അറിഞ്ഞില്ല.. പറഞ്ഞ പോലെ ഡൊമസ്റ്റിക് ടെർമിനലിലെ ഡി 2 എൻട്രൻസിൽ വിനോദ് അവരെ കാത്തു നിന്നിരുന്നു.
വിനോദിനെ പറ്റി പറഞ്ഞപ്പോൾ ജസ്റ്റീനയുടെ ഹൃദയമിടുപ്പു വർധിച്ചതും കണ്ണുകൾ വിടർന്നതും കവിളുകൾ തുടുത്തതും ബിനോയ് വർഗീസ് അറിഞ്ഞില്ല.. പറഞ്ഞ പോലെ ഡൊമസ്റ്റിക് ടെർമിനലിലെ ഡി 2 എൻട്രൻസിൽ വിനോദ് അവരെ കാത്തു നിന്നിരുന്നു.
വിനോദിനെ പറ്റി പറഞ്ഞപ്പോൾ ജസ്റ്റീനയുടെ ഹൃദയമിടുപ്പു വർധിച്ചതും കണ്ണുകൾ വിടർന്നതും കവിളുകൾ തുടുത്തതും ബിനോയ് വർഗീസ് അറിഞ്ഞില്ല.. പറഞ്ഞ പോലെ ഡൊമസ്റ്റിക് ടെർമിനലിലെ ഡി 2 എൻട്രൻസിൽ വിനോദ് അവരെ കാത്തു നിന്നിരുന്നു.
ട്രെൻഡ്‌സ് (കഥ)
അപ്പ്രൂവ്ഡ്.
രണ്ടു ദിവസത്തെ ലീവും ഇന്നേക്ക് വൺ അവർ പെർമിഷനും. ഇൻബോക്സിൽ മാനേജർ അഡ്മിനിസ്‌ട്രേഷന്റെ റിപ്ലൈ മെയിൽ കണ്ടപ്പോൾ ജസ്റ്റീന കുര്യൻ ജോസെഫിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.
സമയം നാലു മണി.
സിസ്റ്റം ഷട്ട് ഡൗൺ ചെയ്തു ബാഗെടുത്ത് ജസ്റ്റീന വേഗം പുറത്തേക്കിറങ്ങി. വേളാച്ചേരിയിലെ താൻ ജോലി ചെയ്യുന്ന ഐ റ്റി കമ്പനിയിൽ നിന്നും, വീട് വരെ തന്റെ റെഡ് പോളോ കാറിൽ ചെന്നൈയിലെ തിരക്കിലൂടെ ഡ്രൈവ് ചെയ്യുന്നത് എന്നും ജസ്റ്റീനക്ക് ഒരു ഹരമായിരുന്നു. ഇന്ന് വളരെയേറെ സന്തോഷവും.
യാത്രക്കിടെ പിസ്സ ഹട്ടിൽ കയറി ഒരു ചിക്കൻ ഗോൾഡൻ ഡിലൈറ്റ് പിസ്സ വാങ്ങിക്കാൻ ജസ്റ്റീന മറന്നില്ല.
സിഗ്ഗിയിൽ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുമെങ്കിലും ഓഫീസിൽ നിന്നും വരുമ്പോൾ മക്കൾക്കിഷ്ട്ടപെട്ട എന്തെങ്കിലും സ്നാക്സ് ഐറ്റം വാങ്ങി കയ്യിൽ കരുതാൻ അവൾ ഒരിക്കലും മറക്കാറില്ല.
വീട്ടിൽ കയറി ചെല്ലുമ്പോൾ ടി വിയുടെ മുന്നിലിരിക്കുന്ന ജസ്റ്റീനയുടെ മത്തായി എന്ന് വിളിക്കുന്ന ഏഴു വയസുകാരൻ മകൻ ആരോൺ ബിനോയ് വർഗീസ് ഓടി വന്ന് അവൾക്കൊരു ഉമ്മ തരണമെങ്കിൽ കയ്യിൽ എന്തെങ്കിലും കരുതിയിരിക്കണം.
പക്ഷേ, പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ ആൻഡ്രിയ ജസ്റ്റീന ബിനോയ് ഇപ്പോൾ ആ ശീലങ്ങൾ എല്ലാം മാറ്റി തന്റെ റൂമിലേക്ക് ഒതുങ്ങി പോയിരിക്കുന്നു. ജസ്റ്റീനയുടെ ഭർത്താവ് ബിനോയ് വർഗീസ് ഓഫീസിൽ നിന്നും വീട്ടിൽ എത്താൻ സാധാരണ എട്ടു മണി എങ്കിലും ആകാറുണ്ട് .
പക്ഷേ ഇന്ന് ഏഴു മണിക്ക് മുന്നേ വരണമെന്ന് ബിനോയിയോട് രാവിലെ ജസ്റ്റീന പറഞ്ഞിരുന്നു.
കാരണം രാത്രി ഒൻപതു മണിക്കുള്ള ഫ്ലൈറ്റിന് ജസ്റ്റീനക്കിന്നു ബംഗ്ലൂർക്ക് പോകണം. ഏഴരക്കെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണമെങ്കിൽ ബിനോയ് ഏഴു മണിക്ക് വന്നു ജസ്റ്റിനയെ ഡ്രോപ്പ് ചെയ്താലേ സാധിക്കൂ.
ബംഗളൂരുവിലെ സിഗ്നേച്ചർ ക്ലബ് റിസോർട്ടിൽ നാളെ നടക്കുന്ന ജസ്റ്റീനയുടെ പ്രിയ സുഹൃത്ത് അരുൺ ദാസ് ഹോസ്റ്റ് ചെയ്യുന്ന ഗെറ്റ് ടുഗതർ പാർട്ടിയിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും 2K റോയൽസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഫ്രണ്ട്‌സ് എല്ലാവരും വരുന്നുണ്ട്.
ടെൻത് സ്റ്റാൻഡേർഡിൽ കൂടെ പഠിച്ചവരെയെല്ലാം തേടി പിടിച്ചു രണ്ടു വർഷം മുൻപ്, ജസ്റ്റീന ആരംഭിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആണ് 2K റോയൽസ്. പണ്ട് മുതലേ എന്തിലും പുതുമ സൃഷ്ടിക്കുന്ന ജസ്റ്റീന കഴിഞ്ഞ മാസം തങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ച വിർച്വൽ ഗെറ്റ്ടുഗതർ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. അക്കാരണത്താൽ നാളെത്തെ ഗെറ്റ്ടുഗതർ പാർട്ടിയിലെ മിന്നുന്ന താരം ജസ്റ്റീന ആയിരിക്കും എന്നതിൽ ഒരു തർക്കവും ഇല്ല.
ഇത്തവണത്തെ ഗെറ്റ് ടുഗതറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബാംഗ്ലൂരിലെ ഇലക്ട്രോണിക്സ് സിറ്റിയിലെ എയ്‌റോ സ്പേസ് ഹാർഡ് വെയർ ഇൻഡസ്ട്രിയലിസ്റ്റ് അരുൺദാസ് പങ്കെടുക്കുന്നവർക്കെല്ലാം എയർ ടിക്കറ്റും, സിഗ്നേച്ചർ ക്ലബ് റിസോർട്ടിൽ രണ്ടു ദിവസത്തെ താമസമടക്കം എല്ലാ ചിലവും സ്പോൺസർ ചെയ്യുന്നു.
അതുകൊണ്ടു തന്നെ ഭൂരിഭാഗം അംഗങ്ങളും ഈ ഗെറ്റ് ടുഗതറിൽ പങ്കെടുക്കുന്നുമുണ്ട്.
പോർട്ടിക്കോയിൽ കാർ പാർക്ക് ചെയ്ത്, ജസ്റ്റീന തിടുക്കത്തിൽ ചാരിയിട്ട വാതിൽ തുറന്ന് അകത്തേയ്ക്കു ചെന്നപ്പോൾ മകൻ ആരോൺ പതിവുപോലെ ടിവി ക്കു മുന്നിൽ തന്നെ. മമ്മിയെ കണ്ട് ഓടിവന്നു കയ്യിലിരുന്ന പിസ്സ പാക്കറ്റ് വാങ്ങിച്ച അവൻ ജസ്റ്റീനയുടെ കവിളത്ത് സ്നേഹ വായ്‌പോടെ ഒരു ഉമ്മ നൽകി പറഞ്ഞു.
“താങ്ക്സ് മമ്മി”
“എടാ മത്തായീ ചേച്ചിക്ക് കൂടെ കൊടുക്കണേ” അവൾ ഓർമിപ്പിച്ചു
“അപ്പൊ മമ്മിക്കും പാപ്പാക്കും വേണ്ടേ” ? അവന്റെ സംശയം.
“വേണ്ട, മക്കൾ കഴിച്ചോളൂ”
പിസ്സ പാക്കറ്റ് തുറന്നതിന്റെ മണമടിച്ചിട്ടോ അതോ അവരുടെ ശബ്ദം കേട്ടിട്ടോ എന്തോ അന്നേരം മകൾ ആൻഡ്രിയ തന്റെ റൂമിനു പുറത്തേയ്ക്കു വന്നു.
“എന്തായിരുന്നു പരിപാടി ? പഠിക്കായിരുന്നോ ?”. ജസ്റ്റീന ആൻഡ്രിയയോട് ചോദിച്ചു.
‘‘മമ്മീ കഴിഞ്ഞ ദിവസം പപ്പ വാങ്ങി തന്ന മാത്തമാറ്റിക്സ് ആപ്പ് സൂപ്പറാ കേട്ടോ, ഞാൻ അതിൽ കുറച്ചു പ്രോബ്ലെംസ് സോൾവ് ചെയ്യാരുന്നു. പരസ്യത്തിൽ പറയണ പോലെ ടപ്പേ ടപ്പേന്നല്ലേ അൻസേഴ്സ് കിട്ടുന്നെ ..’’
ജസ്റ്റീന അതിന് മറുപടി ഒന്നും കൊടുത്തില്ല.
സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു
ഡിന്നർ റെഡി ആക്കണം, യാത്രക്ക് വേണ്ടതെല്ലാം പാക്ക് ചെയ്യണം. ജസ്റ്റീന മുഖം കഴുകി ധൃതിയിൽ നേരെ കിച്ചണിലേക്കു പോയി. ഫ്രിഡ്ജ് തുറന്ന് ഫ്രീസറിൽ നിന്നും ചിക്കൻ എടുത്തു പുറത്തു വെച്ചു, ഒപ്പം പെപ്പർ ചിക്കൻ ഉണ്ടാക്കുന്നതിനാവശ്യമായതെല്ലാം. എന്തായാലും ഹാഫ് കുക്കുഡ് ചപ്പാത്തി പാക്കറ്റ് വാങ്ങിയത് നന്നായി. ചൂടാക്കി എടുത്താൽ മതിയല്ലോ. ജെസ്റ്റീന ഓർത്തു.
ഡിന്നർ ഒരുക്കുന്നതിനിടക്ക് അവൾ ഫോൺ എടുത്തു വാട്ട്സ്ആപ്പ് നോക്കി. ഇല്ല, പുതിയ മെസ്സേജുകൾ ഒന്നും തന്നെ ഇല്ല. അടുപ്പത്തു പാല് തിളപ്പിക്കാൻ വെച്ചാൽ ഇടയ്ക്കിടയ്ക്ക് പോയി നോക്കുന്ന പോലെ ആയി ഇപ്പോൾ വാട്സ്ആപ്പ്. ഇടയ്ക്കിടയ്ക്ക് നോക്കിയില്ലയെങ്കിൽ ഒരു സമാധാനവും ഇല്ല മനസ്സിന്. ഇടക്കെപ്പോഴോ ബിനോയ് വർഗീസിന്റെ കാൾ വന്നപ്പോൾ അവൾ പറഞ്ഞു.
“ധൃതി ഒന്നും കൂട്ടേണ്ട, ഏഴേ കാലോടെ എത്തിയാൽ മതി. ഇവിടെ എന്റെ കിച്ചൻ വർക്ക് എല്ലാം തീർന്നു.”
ജസ്റ്റീന കുളി കഴിഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്തപ്പോഴേക്കും ബിനോയ് വന്നിരുന്നു.
“ഒരു ക്ലൈന്റ്, പറഞ്ഞു വിടാൻ ഒത്തിരി പണിപ്പെട്ടു. പക്ഷേ ഒരു ഗുണം ഉണ്ടായി, നീ ബാംഗ്ലൂർ പോകുമ്പോൾ എനിക്ക്കൂട്ടിനൊരു സാധനം കിട്ടി.”
തന്റെ ബാഗിൽ നിന്നും ജോണി വാക്കറിന്റെ ഒരു ഫുൾ ബോട്ടിൽ എടുത്തു അവളെ കാണിച്ച് ബിനോയ് പറഞ്ഞു.
‘‘അപ്പൊ ഞാൻ പോയാൽ അതാണ് അച്ചായന്റെ പ്ലാൻ അല്ലെ’’ ജസ്റ്റീനയുടെ മുഖം കോപം കൊണ്ടു തുടുത്തു.
ബിനോയ് വർഗീസ് മദ്യപിക്കുന്നത് ജസ്റ്റീനക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമല്ല.
“എപ്പോഴും ഒന്നുമില്ലല്ലോ ജസ്റ്റീനാ.. നീ പോയാൽ അറുബോറാ ഇവിടെ .. നീ ബാംഗളൂരിൽ അടിച്ചു പൊളിക്കുമ്പോൾ എനിക്കും വേണ്ടേ ഒരു സന്തോഷം. പോരാത്തതിന് നാളെ ഞായറാഴ്ചയും.വേണേൽ നിന്നോട് പറയാതെ കൂട്ടുകാരോടൊത്ത് എനിക്കിതാകമായിരുന്നു. ബട്ട്, ഞാൻ നിന്നോട്പറഞ്ഞല്ലോ.”
ബിനോയ് വിനയാനിതനായി പറഞ്ഞു.
ബിനോയ് വർഗീസ് എന്ന തന്റെ പാവം ഭർത്താവിന്റെ വിളറിയ മുഖം കണ്ടപ്പോൾ ജസ്റ്റീനക്ക് ഉള്ളിൽ ചിരി പൊട്ടി, പക്ഷേ മുഖത്തെ ദേഷ്യഭാവം മാറ്റാതെ ജസ്റ്റീന പറഞ്ഞു.
“കൂട്ടുകാരെ ഒന്നും കള്ള് കുടിക്കാൻ ഇങ്ങോട്ടു കൂട്ടിയേക്കരുത്. പ്രായ പൂർത്തിയായ ഒരു പെൺകുട്ടി ഉള്ള വീടാ ഇത്, അത് മറക്കേണ്ട”
ടേബിളിലെ പെൻസ്റ്റാന്റിൽ നിന്നും ഒരു പെർമനെന്റ് മാർക്കർ എടുത്തു ബിനോയിയുടെ കയ്യിലെ ബോട്ടിലിന്റെ നടുവിലായി മാർക്ക് ചെയ്ത് ജസ്റ്റീന തുടർന്നു.
“മൂന്നു ദിവസം അല്ലെ ഉള്ളൂ ... ഇത്രയും കുടിച്ചാൽ മതി”
പക്ഷേ ജസ്റ്റീന കാണാതെ താൻ കാറിനകത്തു സൂക്ഷിച്ചിരിക്കുന്ന മറ്റൊരു ബോട്ടിലിനെ ഓർത്തു ബിനോയ് വർഗീസ് അന്നേരം ഉള്ളിൽ ചിരിച്ചു. നീല ജീൻസും വൈറ്റ് ടോപ്പും ധരിച്ചു നിൽക്കുന്ന ജസ്റ്റീനക്ക് അലമാരയിൽ നിന്നും റെയ്ബാൻ ഗ്ലാസ് എടുത്തു കൊടുത്തിട്ടു ബിനോയ് പറഞ്ഞു.
“ശരി ശരി ഇറങ്ങാൻ നോക്ക്”
കത്തിപ്പാറ ബ്രിഡ്ജിനു മുകളിലൂടെ തന്റെ റെഡ് പോളോ കാർ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ജസ്റ്റീന പറഞ്ഞു.
“ഞാനിന്ന് ചെന്നൈയിലെ സ്ഥലങ്ങളെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടിരുന്നു. അതിൽ ഈ ഫ്ലൈ ഓവറിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്താണെന്നോ? ‘ദി ഫ്ലൈ ഓവർ ലൂക്സ് ലൈക് എ ബട്ടർഫ്‌ളൈ, ദി ട്രാഫിക് ലൂക്സ് ലൈക് എ കാറ്റെർ പില്ലർ.. ഇറ്റ് മൂവ്‌സ് ലൈക് എ സ്‌നൈൽ..’ എത്ര കറക്റ്റാ അല്ലെ ?”
മ്യൂസിക് പ്ലെയറിൽ അന്നേരം പ്ലൈ ചെയ്തുകൊണ്ടിരുന്ന അലെൻ വോക്കറുടെ
‘യു വേർ ദി ഷാഡോ ടു മൈ ലൈറ്റ് ’ എന്ന സോങ്ങിൽ നിന്നും തന്റെ ശ്രദ്ധ തിരിച്ചു ജസ്റ്റീന പറഞ്ഞത് ശരിയെന്നർത്ഥത്തിൽ ബിനോയ് തലയാട്ടി.
“പിന്നെ, തന്റെ ആലപ്പുഴക്കാരൻ കരുമാടിക്കുട്ടൻ വരുന്നില്ലേ ബാംഗ്ലൂർക്ക്”
കൈ എത്തിച്ചു മ്യൂസിക് പ്ലെയറിന്റെ വോളിയം കുറക്കുന്നതിനിടയിൽ ബിനോയ് വർഗീസ് ജസ്റ്റീനയോട് ചോദിച്ചു
“ഉണ്ടല്ലോ. ഗ്രൂപ്പിലെ ചെന്നൈ ടീമിൽ ഞാനും അവനുമല്ലേ ഉള്ളൂ. അവനിപ്പോൾ ഡിപ്പാർച്ചർ ടെർമിനലിലെ ഡി 2 എൻട്രൻസിൽ നിൽപുണ്ടാകും. പിന്നെ ഇത്തിരി കറുത്തതു കൊണ്ടാണോ അച്ചായൻ, വിനോദിനെ കരുമാടിക്കുട്ടൻ എന്ന് വിളിക്കുന്നത്?. അച്ചായനറിയാമോ ടെൻതിലെ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സ്മാർട്ട് ബോയ് വിനോദായിരുന്നു. ഇന്നും വിനോദിന്റെ അത്രയ്ക്ക് കഴിവുള്ള ആരും തന്നെയില്ല ഞങ്ങളുടെ കൂട്ടത്തിൽ. നല്ല പോലെ പാട്ടു പാടും, നല്ല കഥകളും കവിതകളും എഴുതും, അങ്ങനെ എന്തെല്ലാം കഴിവുകൾ”.
വിനോദിനെ പറ്റി പറഞ്ഞപ്പോൾ ജസ്റ്റീനയുടെ ഹൃദയമിടുപ്പു വർധിച്ചതും കണ്ണുകൾ വിടർന്നതും കവിളുകൾ തുടുത്തതും ബിനോയ് വർഗീസ് അറിഞ്ഞില്ല..
പറഞ്ഞ പോലെ ഡൊമസ്റ്റിക് ടെർമിനലിലെ ഡി 2 എൻട്രൻസിൽ വിനോദ് അവരെ കാത്തു നിന്നിരുന്നു. ഡ്രസ്സ് ചെയ്ത് ഒതുക്കി വെച്ച താടിയും, അണിഞ്ഞിരുന്ന കോട്ടൺ ജുബ്ബയും വിനോദിനൊരു റിയൽ മലയാളി ലുക്ക് നൽകിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും ജസ്റ്റീന പുറത്തിറങ്ങി തന്റെ ട്രോളി ബാഗ് എടുക്കുമ്പോൾ വിനോദ് കൈകൾ കൂപ്പി ബിനോയ് വർഗീസിനെ വിഷ് ചെയ്തു.
തിരിച്ചുള്ള ഡ്രൈവിങ്ങിൽ ബിനോയ് വർഗീസ് ജയിൽ മോചിതനായ തടവുപുള്ളിയുടെ ഉന്മാദത്തോടെ മ്യൂസിക് പ്ലെയറില്‍ അലെൻ വോക്കറുടെ സോങ് മാക്സിമം വോളിയം സെറ്റ് ചെയ്തു.
വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ മകൻ ആരോൺ അപ്പോഴും ടിവി ക്കു മുന്നിൽ തന്നെ.
“ചേച്ചി എവിടെടാ..?’’ ബിനോയ് മകനോട് ചോദിച്ചു
ആരോൺ അതിനു മറുപടിയായി ആൻഡ്രിയയുടെ റൂമിലേക്ക് വിരൽ ചൂണ്ടി.
“നിങ്ങൾ ഡിന്നർ കഴിച്ചോ?”
“കഴിച്ചല്ലോ, മമ്മീടെ ക്ലാസിക് പെപ്പർ ചിക്കനും ചപ്പാത്തിയും ഉണ്ട്. പപ്പയ്ക്ക് ഡയനിംഗ് ടേബിളിൽ വെച്ചിട്ടുണ്ട്.”
ടി വിയിൽ നിന്നും കണ്ണെടുക്കാതെ അവൻ പറഞ്ഞു.
ചപ്പാത്തിയും പെപ്പർ ചിക്കനും ജോണി വാക്കറും..
തന്റെ ഡിന്നർ കോമ്പിനേഷൻ ഓർത്തപ്പോൾ ബിനോയിയുടെ നാവിൽ കപ്പലോടി, ഉള്ളിലും. കുളിക്കാനായി ബാത്ത് റൂമിലേക്ക് പോകും മുൻപ് അയാൾ മകളുടെ മുറിയുടെ വാതിലിൽ തട്ടി.
“എന്താ പപ്പാ?”
“നീ എന്ത് ചെയ്യുകയാ അവിടെ ?”
താൻ ലാപ്‌ടോപ്പിൽ കണ്ടുകൊണ്ടിരുന്ന മൂവി മിനിമൈസ് ചെയ്ത്, മാത്സ് ആപ്പ് സ്‌ക്രീനിൽ, പാപ്പക്ക് കാണും വിധം ലാപ് ടോപ് തിരിച്ചു വെച്ച് അവൾ വാതിൽ തുറന്നു.
“പപ്പാ നല്ല സൂപ്പർ അപ്പാ ഇത്’’ ആൻഡ്രിയ പറഞ്ഞു.
“മതി മതി നാളെ ഞായറാഴ്ച അല്ലെ, ബാക്കി എല്ലാം ഇനി നാളെ നോക്കാം, ഓഫ് ചെയ്ത് കിടക്കാൻ നോക്ക്” അയാൾ മകളോട് പറഞ്ഞു.
“ശെരി പപ്പാ ..ഗുഡ് നൈറ്റ്”
ആൻഡ്രിയ തന്റെ റൂമിന്റെ വാതിൽ അടച്ചു വീണ്ടും അവളുടെ ലോകത്തിലേക്ക് തിരിച്ചു പോയി.
“എടാ മത്തായി ടിവി ഓഫ് ചെയ്തു പോയി കിടക്കെടാ” ടിവിയിൽ കണ്ണും നട്ടിരിക്കുന്ന മകനോട് അയാൾ പറഞ്ഞു.
“പപ്പാ പപ്പാ ഒരു സ്മാൾ റിക്വസ്റ്റ് പപ്പാ, ഞാനിന്ന് ഇവിടെ കിടന്നോട്ടെ പപ്പാ, ഇന്ന് മമ്മി ഇല്ലല്ലോ, മമ്മി ഉള്ളപ്പോൾ അധികം നേരം ട വി കാണാൻ സമ്മതിക്കില്ല. കുറച്ചു കഴിഞ്ഞു ഞാൻ ഓഫ് ചെയ്ത് ഇവിടെ കിടന്നു ഉറങ്ങിക്കോളാം പപ്പാ ... പ്ലീസ് പപ്പാ”.
“ശരി ശരി ഇന്നേക്ക് മാത്രം” അയാൾ അവനു സമ്മതം കൊടുത്തു.
ബിനോയ് വർഗീസ് കുളി കഴിഞ്ഞു തിരികെ വന്നപ്പോൾ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന റിമോട്ടുമായി സോഫയിൽ ആരോൺ ഉറങ്ങി കഴിഞ്ഞിരുന്നു.
ടി വി ഓഫ് ചെയ്‌ത് മകനെ എടുത്തു കട്ടിലിൽ കൊണ്ടു കിടത്തി.
തിരിച്ചു വരുമ്പോൾ ജസ്റ്റീന മാർക്ക് ചെയ്ത് ഏൽപ്പിച്ച ബോട്ടിൽ എടുക്കാൻ മറന്നില്ല.
എന്ത് തന്നെ ആയാലും ജസ്റ്റീനയുടെ പെപ്പെർ ചിക്കൻ ഒരു ഒന്നൊന്നര സാധനമാ. ചിക്കൻ ഐറ്റംസ് ഉണ്ടാക്കുന്നതിനുള്ള ജസ്റ്റീനയുടെ കഴിവിൽ അയാൾക്കന്നേരം അഭിമാനം തോന്നി.
പ്ലേറ്റിലേക്കു ചപ്പാത്തിയും ചിക്കനും, ഗ്ലാസ്സിലേക്കു സ്കോച്ചും പകരുന്ന നേരത്ത് വാൾ ക്ലോക്കിലെ കിളി ചിലച്ചു.
സമയം ഒൻപത്.
ജസ്റ്റീനയുടെ ഫ്ളൈറ്റ് ഇപ്പോൾ ടേക്ക് ഓഫ് ആയി കാണുമോ? അയാൾ മൊബൈൽ എടുത്തു ജസ്റ്റീനയുടെ നമ്പർ ഡയൽ ചെയ്തു. ഇല്ല, കാൾ കണക്ട് ആകുന്നില്ല. ഏറോപ്ലെയിൻ മോഡിൽ ഇട്ടു കാണും. അയാൾ സ്വയം കരുതി.
പൊടുന്നനെ അയാളുടെ മൊബൈലിൽ ഒരു വാട്സ് ആപ്പ് മെസ്സേജ് വന്നു. ഗ്ലാസ്സിലേക്കൊഴിച്ചു വെച്ച സ്കോച്ച് എടുത്തു തന്റെ വായിലേക്കൊഴിച്ചു അയാൾ അത് വായിച്ചു.
“വി ആർ സ്റ്റാർട്ടിങ് ടു ഫ്ലൈ ...”
ജസ്റ്റീന കുര്യൻ ജോസഫ്, ആലപ്പുഴക്കാരൻ വിനോദ് എന്ന കരുമാടികുട്ടന്റെ തോളിൽ ചാരി കിടന്നാണ് ആ മെസ്സേജ് അയച്ചതെന്ന് ബിനോയ് വർഗീസ് അന്നേരവും അറിഞ്ഞേയില്ല.
English Summary: Trends, Malayalam short story