‘നിങ്ങളുടെ തീരുമാനം തന്നെയായിരുന്നു ശരി, നമ്മളായിട്ടവരുടെ ബാല്യം നശിപ്പിക്കരുത്!’
ഞാനിന്നു വീണ്ടും വെളിമാനം സ്കൂളിൽ പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം. മോനെ എൽപിയിൽ നിന്നു യുപിയിലേക്കു ചേർക്കാൻ പോയതാണ്. വീടിനടുത്തുള്ള ‘ആയിഷയിൽ’ അപ്പർ പ്രൈമറി ആരംഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഞാനും സെലീനയും തമ്മിൽ ഇന്നലെ ചെറിയൊരു കശപിശയുണ്ടായി. ‘‘മോനെ അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലിഷ് മീഡിയത്തിൽ
ഞാനിന്നു വീണ്ടും വെളിമാനം സ്കൂളിൽ പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം. മോനെ എൽപിയിൽ നിന്നു യുപിയിലേക്കു ചേർക്കാൻ പോയതാണ്. വീടിനടുത്തുള്ള ‘ആയിഷയിൽ’ അപ്പർ പ്രൈമറി ആരംഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഞാനും സെലീനയും തമ്മിൽ ഇന്നലെ ചെറിയൊരു കശപിശയുണ്ടായി. ‘‘മോനെ അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലിഷ് മീഡിയത്തിൽ
ഞാനിന്നു വീണ്ടും വെളിമാനം സ്കൂളിൽ പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം. മോനെ എൽപിയിൽ നിന്നു യുപിയിലേക്കു ചേർക്കാൻ പോയതാണ്. വീടിനടുത്തുള്ള ‘ആയിഷയിൽ’ അപ്പർ പ്രൈമറി ആരംഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഞാനും സെലീനയും തമ്മിൽ ഇന്നലെ ചെറിയൊരു കശപിശയുണ്ടായി. ‘‘മോനെ അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലിഷ് മീഡിയത്തിൽ
ഞാനിന്നു വീണ്ടും വെളിമാനം സ്കൂളിൽ പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം. മോനെ എൽപിയിൽ നിന്നു യുപിയിലേക്കു ചേർക്കാൻ പോയതാണ്. വീടിനടുത്തുള്ള ‘ആയിഷയിൽ’ അപ്പർ പ്രൈമറി ആരംഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഞാനും സെലീനയും തമ്മിൽ ഇന്നലെ ചെറിയൊരു കശപിശയുണ്ടായി.
‘‘മോനെ അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലിഷ് മീഡിയത്തിൽ വിട്ടാ മതി. ഞാനിന്നലെ ഇംഗ്ലിഷ് മിഡിയം സ്കൂളിലെ ഹെഡ്മിസ്ട്രിസുമായി ഫോണിൽ സംസാരിച്ചായിരുന്നു. സ്കൂൾ ഫീസടക്കം പത്തായിരം അഡ്വാൻസ് കൊടുത്താ മതി. ബാക്കി ഇയർ എൻഡിനു മുൻപും. അവരുടെ സ്കൂൾ ബസ് വന്നു കൂട്ടിക്കൊണ്ട് പൊക്കോളും.’’ കുരിശു വരയും കഴിഞ്ഞത്താഴം കഴിക്കുമ്പോൾ അവളെന്നോട് പറഞ്ഞു.
‘‘വേണ്ട അവൻ വെളിമാനത്തു പഠിക്കട്ടെ. നാളെ അഡ്മിഷൻ തുടങ്ങുവാണ്.’’
‘‘ഹോ നിങ്ങടെ ഒടുക്കത്തെയൊരു പിശുക്ക്. ഇനി ചെക്കൻ മലയാളം പഠിച്ചിട്ട് എന്നാത്തിനാ.... ‘സീബീസീൽ’(C.B.S.E) പോയി നാലക്ഷരം പഠിച്ചാൽ വലുതാകുമ്പോ അതിന്റെ ഗുണമുണ്ടാകും.’’
ഞാൻ മിണ്ടാതെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ എനിക്കതിൽ മാറ്റമില്ല. കൊച്ചിലെ മുതലേയുള്ള ശീലമാണ്. അവൾക്കും അതു നന്നായിട്ടറിയാം. എന്നിട്ടാണ്...
കുറച്ചു നേരത്തേക്ക് പിറുപിറുക്കലുകൾ അടുക്കളയിൽ പാത്രങ്ങളോടു കലമ്പി. ഞാനതു ശ്രദ്ധിക്കാത്ത മട്ടിൽ കട്ടിലിൽ പോയി കിടന്നു. പുതപ്പിനുള്ളിൽ അശ്വിൻ കൂർക്കം വലിക്കുന്നു. അവന്റെ നെറുകയിലൊന്നു മുത്തി. എന്തോ സ്വപ്നം കണ്ടിട്ടാവണം ഒരു പാൽ പുഞ്ചിരി അവന്റെ മുഖത്തു വിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സെലീന വന്നപ്പുറെ കിടന്നതറിഞ്ഞു.
‘‘പഠിച്ച സ്കൂളിനോടുള്ള ഗൃഹാതുരത്വമായിരിക്കും... അതോ മലയാളം പഠിപ്പിച്ചിട്ടിനി മോനെ വല്ല മലയാളം മുൻഷിയും ആക്കാമെന്ന് നേർച്ചയുണ്ടോ? എഴുത്തിന്റെ അസുഖം പിന്നെ പാരമ്പര്യമാണല്ലോ.’’
മറുപടിയായി ലൈറ്റണച്ചു. കനത്ത ഇരുട്ടിന്റെ സർപ്പം വാപിളർന്ന് ശബ്ദങ്ങളെയെല്ലാം വിഴുങ്ങി. എന്തുകൊണ്ടാണ് അശ്വിനെ സർക്കാർ സ്കൂളിൽ തന്നെ ചേർക്കാൻ താൻ വാശി പിടിക്കുന്നത്? അവൾ ചോദിച്ച ചോദ്യം ഞാനെന്നോടുതന്നെ ചോദിച്ചു. താൻ പഠിച്ച അതേ സ്കൂളിൽ മോൻ പഠിക്കണമെന്ന സ്വാർഥത തന്നെയല്ലേ അതിനു കാരണം.. അതു ശരിയാണോ? അവന്റെ ഫ്യൂച്ചറവിടെ ഭദ്രമായിരിക്കുമോ? ചില ചോദ്യങ്ങൾക്കുത്തരമില്ല. വെളിമാനത്തും ഇംഗ്ലിഷ് മീഡിയമുണ്ട്. അഞ്ചു മുതലെല്ലാ ക്ലാസ്സുകളിലെയും ‘എ’ ഡിവിഷനുകൾ അതിനായി റിസർവ് ചെയ്തിരിക്കുന്നു. അവൾ കൂടുതൽ നിർബന്ധിച്ചാലങ്ങനെ ചെയ്യാം. ഞാനെന്നെ തന്നെ സമാശ്വസിപ്പിച്ചു. പക്ഷേ.... ഈ പക്ഷേയൊരു പ്രശ്നക്കാരനാണ്. എല്ലാ ഉത്തരങ്ങളുടെയും അറ്റത്തതു കുറേ കുത്തുകൾ പിന്നെയും സമ്മാനിക്കും!
കൈ നീട്ടി ജനാല തുറന്നു. ഇരുമ്പഴികൾക്കിടയിലൂടെ കടന്നു വന്ന നിലാവിന്റെയൊരു തുണ്ട് കൈയിൽ തട്ടി കടന്നുപോയി. പുറത്ത് നക്ഷത്രങ്ങളില്ലാത്ത നീലാകാശത്തിൽ പൂർണ്ണചന്ദ്രൻ വിളറിനിൽക്കുന്നു. തിരുവോസ്തിപോലെ പ്രകാശം വമിക്കുന്ന ചന്ദ്രന്റെയുള്ളിൽ ഒരു സ്കൂൾ കുട്ടിയെ കൈപിടിച്ചു നടന്നുപോകുന്ന ഒരമ്മയുടെ നിഴൽ ചിത്രം! മുൻപും ഇത്തരം വിചിത്രമായ കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. മകനെ മടിയിലിരുത്തിയ ഒരു മാതാവിനെ, ആട്ടിൻ പറ്റങ്ങൾ മേയ്ച്ചു കൊണ്ടുപോകുന്ന ഇടയനെ, നീണ്ടതാടിയുള്ള അപ്പൂപ്പനെ... അങ്ങനെ നീളുമാ ലിസ്റ്റ്. നിലാവിൽ കുളിച്ച നരച്ച മോഹങ്ങളെന്നും പറയാം.
രാത്രിയൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ വീണ്ടും കുട്ടിയെ കൈപിടിച്ചു നടക്കുന്ന അതേ മാതാവ്. തിരക്കുള്ള ഒരു നഗരമായിരുന്നത്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞ കുറേ മനുഷ്യർ വിജനമായ പാതയിലൂടെ തിരക്കിട്ടു നടക്കുന്നു. തീപ്പെട്ടിക്കൂടുകൾ പോലെ ശ്വാസംമുട്ടി തിങ്ങി നിരന്നുനിൽക്കുന്ന കെട്ടിടങ്ങൾ. അതിലെ ഒരു കെട്ടിടത്തിന്റെ നേർക്കാണാ സ്ത്രീ മകനെയും കൊണ്ടുനടക്കുന്നത്. അവിടെ ആകാശമില്ല. തീപ്പെട്ടിക്കൂടുകൾക്കു മുകളിൽ ഇരുട്ട് കറുത്തുകിടന്നു. ചുവന്ന നിറത്തിൽ പഴുത്തയൊരു തീക്കട്ട പോലെയാണു കെട്ടിടം. അടുത്തേക്കു ചെല്ലുംതോറും അസഹനീയമായ ചൂട് വർദ്ധിച്ചു വന്നു. കുട്ടിയുടെ മുഖം വിയർത്തൊലിക്കുന്നുണ്ട്, പക്ഷേ ആ സ്ത്രീയതൊന്നും ശ്രദ്ധിക്കുന്നില്ല. കറുത്ത കരിങ്കൽ കെട്ടിന്റെ ഗേറ്റ് തള്ളിത്തുറന്നവർ അകത്തേക്കു പ്രവേശിച്ചു. ചൂടേറ്റ് കരിഞ്ഞുണങ്ങി നിൽക്കുന്ന അക്കേഷ്യ മരങ്ങൾ. ഇരതിരിലും നിറങ്ങൾ നഷ്ടപ്പെട്ട സൂര്യകാന്തികൾ കാറ്റിലിളകി. കുട്ടി അവയിലൊരെണ്ണത്തിൽ വിരൽ തൊട്ടതും ചാരമായി പൊടിഞ്ഞതു നിലത്തേക്കു പതിച്ചു. അവൻ ഞെട്ടി കൈപിൻവലിച്ചു. പൊള്ളലേറ്റ് വിരൽ തിണർത്തു.
ചുവന്നയൊരു കണ്ണാടിക്കൂടാണാ കെട്ടിടം. അടുത്തേക്കു ചെല്ലുന്തോറും കണ്ണാടിയിൽ വരകൾ വീണു. സമചതുരത്തിലുള്ള അനേകം വരകൾ കെട്ടിടത്തെ കുഞ്ഞുകുഞ്ഞു ചതുരക്കഷ്ണങ്ങളായി വേർതിരിച്ചിരിക്കുന്നു. ചതുരക്കഷ്ണങ്ങളുടെ ചില്ലുമറയ്ക്കപ്പുറെനിന്ന് കടന്നൽക്കൂടിളകിയതുപോലെയുള്ള മർമ്മരങ്ങൾ. കുട്ടി ഞെട്ടി മുകളിലേക്കു കയറി. അമ്മയപ്പോൾ സ്റ്റെപ്പുകൾ കയറാൻ തുടങ്ങുകയായിരുന്നു. പഴുത്തു തിളങ്ങുന്ന കണ്ണാടിക്കുള്ളിൽ നിന്നും ഒരായിരം കൈകൾ തന്റെ നേരെ വീശുന്നതവൻ കണ്ടു.
‘‘ഇവിടെ നിൽക്കണ്ട.’’
‘‘ഓടിക്കോ.’’
‘‘വേഗം പൊക്കോ.’’
‘‘ഇത് തീക്കടലാണ്.’’
‘‘ഇതിലെ ചൂട് നിന്നെ പൊള്ളിക്കും.’’
‘‘ഓടി രക്ഷപെട്ടോ’’
ഒരായിരം കടന്നലുകൾ അവന്റെ ചെവിയിലിരമ്പി. ‘‘ഓടിക്കോ, ഓടിക്കോ, ഓടിക്കോ...’’
ഒരു ചൂരൽ വീശുന്ന ശബ്ദം, പിന്നെ നിശബ്ദത. തീക്കാറ്റ് മുഖത്തേക്കു വീശി. അവൻ ഞെട്ടി തലതിരിച്ചു, മുൻപിലൊരു കന്യാസ്ത്രി. അവരുടെ കണ്ണുകൾ തീത്തുണ്ടുകൾ. അവരമ്മയോടു സംസാരിക്കുകയാണ്. അവരെ ചൂടൊന്നും ഏക്കാത്ത മട്ടാണ്. അവരുടെ വായിൽ നിന്നുമാണാ തീക്കാറ്റ് വീശുന്നത്. അവരായിരിക്കാം പ്രിൻസിപ്പാൾ.
‘‘ഡിസിപ്ലിൻ, ഡിസിപ്ലിനാണിവിടെ പ്രധാന്യം, ആരും, ആരെയും ശ്രദ്ധിക്കില്ല. സ്വന്തം കാര്യം നോക്കി പഠിച്ചോളുക. ടിഫിനോ വെള്ളമോ ഷെയർ ചെയ്യാൻ പാടില്ല.’’ അവരമ്മയോടു പറയുന്നു.
‘‘ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂ, അല്ലെങ്കിൽ...’’
കന്യാസ്ത്രി അവനെ നോക്കി. അവരുടെ കൈയിൽ ജ്വലിക്കുന്ന ചൂരൽ. ഒരു നിമിഷം.... അവനമ്മയുടെ കൈകൾ തട്ടിമാറ്റി കുതറിയോടി. ചുട്ടു പഴുത്ത കനൽക്കട്ടയിൽ ചവിട്ടി പാദങ്ങൾ വെന്തു. പുറകിലാരൊക്കെയോ ഓടിവരുന്ന ശബ്ദം.
‘‘ഓടിക്കോ ഓടിക്കോ...’’
വീണ്ടും ചെവിയിൽ ഒരായിരം മർമ്മരങ്ങൾ. സെക്യൂരിറ്റി അലാം നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. അതാ കറുത്ത ഇരുമ്പു ഗേറ്റടയുന്നു... അതിനു മുൻപേ പുറത്തു കടക്കണം. അവൻ സർവ്വശക്തിയുമെടുത്തോടി. അടയുന്നതിനും മുന്നേ അവന്റെ കുഞ്ഞുശരീരം ഗേറ്റ് കടന്നു. ചുവന്ന നിറത്തിലുള്ള തീത്തുമ്പികൾ അവനു ചുറ്റും പറന്നു. പിന്നാലെ ഓടിവന്നവർ അടഞ്ഞ ഗേറ്റിനുള്ളിൽ നിന്നാക്രോശിച്ചു. അട്ടഹാസങ്ങൾ, കുഞ്ഞു ശബ്ദത്തിലുയരുന്ന നിർത്താതെയുള്ള നിലവിളികൾ. ‘‘രക്ഷപെടൂ ,രക്ഷപെടൂ... ഇത് തീക്കടലാണ്.’’ പുറകിലെന്തോ അടർന്നുവീഴുന്ന ശബ്ദം. കറുത്തഗേറ്റിനുമുകളിൽ പതിപ്പിച്ചിരുന്ന വലിയൊരു ഇരുമ്പുബോർഡ് നിലം പതിച്ചതാണ്. നിലത്തു വീണതിലെ അക്ഷരങ്ങൾ ചുവന്നു. നിലാവിനെയൊരു കറുത്തമേഘത്തിന്റെ നിഴൽ പൊതിഞ്ഞു. ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. ടൈംപീസ് നിർത്താതെയടിക്കുന്നു. നേരം നാലുമണി. എന്തായിരുന്നു ആ ബോർഡിലെ അക്ഷരങ്ങൾ? അലാം ഓഫ് ചെയ്ത് ഓർക്കാൻ ശ്രമിച്ചുകൊണ്ട് വീണ്ടും മയങ്ങി.
പിറ്റേന്നു മോന്റെ അഡ്മിഷനായി സ്കൂളിലേക്കു പോയി. ക്ലാസ്സുകൾ നാളെയാരംഭിക്കുകയാണ്. സെലീനയും എന്റെയൊപ്പമുണ്ടായിരുന്നു. എന്തോ അവളൊന്നും പറഞ്ഞില്ല. എന്തു വേണമെങ്കിലും ആയിക്കോ എന്നൊരു മട്ട്. പഴയ സ്കൂൾ! ചരൽ വിരിച്ച മുറ്റത്തിനു തണൽ പാകി മതിലിനോട് ചേർന്നുനിൽക്കുന്ന കൂറ്റൻ മാവുകൾ. ഞാൻ പഠിക്കുമ്പോഴവ ചെറു മരങ്ങളായിരുന്നു. അവയുടെ ചുവട്ടിലെ സിമന്റു വൃത്തങ്ങളിലിരുന്ന് എത്രയോ മാമ്പഴങ്ങൾ രുചിച്ചിരിക്കുന്നു. നോക്കി നിൽക്കുമ്പോൾ അവിടെ രമേശനും, രമണിയും, ഫ്രാൻസിസുമൊക്കെ വീണ്ടുമിരിക്കുന്നതുപോലെ.
‘‘അയ്യോ... ജോമോന്റെ ഷർട്ടിൽ ചാറാവുന്നാ.’’ രമണി പറയുന്നു. അറിയാതെ ഷർട്ടിലേക്കു നോക്കി. കൈവെള്ളയിൽ നിന്നുമൂർന്ന് പശപശപ്പുള്ള മാമ്പഴച്ചാറ് കൈ മുട്ടുവഴി ഹൃദയത്തിൽ വീണൊട്ടിക്കിടന്നു!
‘‘സ്വപ്നം കണ്ടിരിക്കാതെ ഇറങ്ങി വാ മനുഷ്യാ.’’ - സെലീനയാണ്.
അവർ പുറത്തിറങ്ങി എനിക്കുവേണ്ടി കാത്തു നിൽക്കുകയായിരുന്നു. ചെറിയൊരു ചിരിയോടെ ഡോർ തുറന്നിറങ്ങി. ചരൽമുറ്റം മുറിച്ചു സ്കൂളിന്റെ ഓഫീസ് ലക്ഷ്യമാക്കി നടന്നു. നീളൻവരാന്തയിൽ കുട്ടികളുമായി വന്ന രക്ഷിതാക്കൾ നിൽക്കുന്നുണ്ടായിരുന്നു. അഡ്മിഷൻ എടുത്തവർ കുറച്ചുമാറിയുള്ള സ്റ്റേജിൽ വർത്തമാനം പറഞ്ഞിരുന്നു. വിവിധ നിറങ്ങളണിഞ്ഞ അവരുടെ കുട്ടികൾ മുറ്റത്ത് ചിത്രശലഭങ്ങളെപ്പോലെ ഓടി കളിക്കുന്നു.
സ്കൂളിനു കാര്യമായ മാറ്റങ്ങളില്ല. നാലുകെട്ടും നടുമുറ്റവും പോലെയാണ് സ്കൂളിന്റെ ഘടന. ഒരുവശത്ത് നീളത്തിൽ മതിലാണ്. മാവുകൾ നിൽക്കുന്നിടം. ഇന്നവിടം പാർക്കിംഗ് ഏരിയയും, പ്ലേഗ്രൗണ്ടും കൂടിയാക്കി മാറ്റിയിരിക്കുന്നു. ഇരുമ്പുചങ്ങലയിൽ കോർത്ത മഞ്ഞ ഊഞ്ഞാലിൽ രണ്ടു പക്ഷികൾ കൊക്കുരുമ്മി.
കോണുകൾ തമ്മിൽ ചേർന്ന രണ്ടു നീളൻ കെട്ടിടങ്ങൾ.. അവയിൽ നീലയും വെള്ളയും നിറത്തിൽ ഒരു തീവണ്ടി കുതിച്ചു പായുന്നു. കമ്പാർട്ടുമെന്റുകളായി ക്ലാസ്സ്മുറികൾ. ജനാലകൾക്കു മഞ്ഞനിറം. തീവണ്ടിയുടെ തല മതിലിൽ തട്ടിത്തകർന്ന് രാക്ഷസനെപോലെ വാ പൊളിച്ചുനിൽക്കുന്നു. ആ തലയാണ് സ്റ്റേജ്!
‘‘തീർച്ചയായും ഈ ഐഡിയ ഉദിച്ചവൻ ഒരു കലാകാരനാണ്. കുട്ടികളുടെ മനസ്സുള്ളവൻ!’’ - വരാന്തയിൽ ഊഴം കാത്തുനിൽക്കുമ്പോൾ ഞാൻ പറഞ്ഞു.
‘‘നിങ്ങളെ പോലെ’’. അവളൂറിച്ചിരിച്ചു.
കുറച്ചുനേരത്തിനുശേഷം ഞങ്ങളെ അകത്തേക്കു വിളിപ്പിച്ചു. പഴയ അതേ ഓഫീസ് മുറി. തടി മേശകൾക്കു പകരം നീല നിറത്തിലുള്ള ഇരുമ്പു ടേബിളുകൾ. ടൈലിട്ട തറയിൽ ചെരുപ്പിടാതെ നിൽക്കുമ്പോൾ പഴയൊരു തണുപ്പില്ലെന്നു തോന്നി. പണ്ട്, പരുക്കനിട്ട ഈ മുറിയിലേക്കു കയറിയിരുന്നതും ചെരുപ്പുകൾ പുറത്തൂരി വച്ചിട്ടായിരുന്നു. ചൂരലെടുക്കാനോ, ചോക്കെടുക്കാനോ, കോപ്പി ബുക്ക് വയ്ക്കാനോ... ചൂരലുകൾ വയ്ക്കാറുള്ള മൂലയിലേക്കു നോട്ടം പാളി. ഭിത്തിയിലിരുന്നു ജോസ് സാറെന്നെ നോക്കി ചിരിച്ചു. മനസ്സിൽ ഭയത്തിന്റെ വലിയൊരു മഞ്ഞുകട്ട പൊടിഞ്ഞു തൂകുന്നു. ഒരു നിമിഷം ഞാൻ ഏഴാം ക്ലാസിലെ ജോമോനായി. ഇന്നവിടെ വിശാലമായ ടേബിളാണ്. അവിടുന്നാണ് അഡ്മിഷനെടുക്കേണ്ടത്. കംപ്യുട്ടറിനുപുറകിൽ തടിച്ചൊരു സ്ത്രീ വിവരങ്ങൾ ‘ഫയലിലേക്ക്’ കോപ്പി ചെയ്യുന്നു.
‘‘ജോമോനെന്നെ അറിയുമോ?’’ തീർത്തും ആകസ്മികമായ ചോദ്യം!
‘രമണി. അല്ല ... രമണി ടീച്ചർ!’
ഓർമ്മയിലൊരു വളപ്പൊട്ടുടഞ്ഞു. കൈമുട്ടിൽ ഒലിച്ചിറങ്ങുന്ന മാമ്പഴച്ചാർ! യാദൃശ്ചികതകൾ എത്ര മനോഹരം. ഒട്ടും പ്രതീക്ഷിക്കാതെ വെളുപ്പിനു കാണുന്ന പാൽ പോലൊരു സ്വപ്നം.
‘‘ഞാനിവിടെ രണ്ടുവർഷമായി. ഹസ് പുറത്താണ്. മോളെ ഇവിടെ ചേർത്തു. നമ്മൾ പഠിച്ച സ്കൂളിൽ മക്കളെ ചേർക്കുന്നതിന്റെ സന്തോഷമൊന്നു വേറെ തന്നെയാ... അല്ലേ ജോമോനേ?’’
‘‘നിങ്ങളെ അപ്പോ കണ്ടാൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലുണ്ടായിരുന്നു..’’ സ്റ്റേജിലെ തിരക്കുകളിലേക്കുപോകാതെ തീവണ്ടിയുടെ ഒറ്റപ്പെട്ട വരാന്തയിൽ രമണിയെ കാത്തിരിക്കുമ്പോൾ വാമഭാഗം വീണ്ടുമെന്നെ കളിയാക്കി. മുൻപിലെ മാവിന്റെ ചുവട്ടിൽ അശ്വിനും, അവന്തികയും അവരുടെ ലോകത്ത് വർത്തമാനം പറഞ്ഞിരിക്കുന്നു. അവന്തിക രമണിയുടെ മോളാണ്. അവരെപ്പോഴേ കൂട്ടായി കഴിഞ്ഞു!
‘‘കോ ഇൻസിഡൻസ്. അല്ലാതെന്ത്!’’ ഞാൻ പറഞ്ഞു.
‘‘ഹാ..നിങ്ങളുടെ ഡിസിഷൻ തന്നെയായിരുന്നു ശരി! വലിയ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒക്കെ കൊണ്ടുചേർത്താൽ കുറച്ചിംഗ്ലീഷു പഠിക്കാന്നല്ലാതെ വല്ല ഗുണോമുണ്ടോ.... നമ്മളായിട്ടവരുടെ ബാല്യം നശിപ്പിക്കരുത്!’’
‘‘ഓ.. ഇപ്പോഴാണോ നിനക്കു ബോധോദയം കിട്ടുന്നത്.’’
രമണി ടീച്ചർ വരാന്തയുടെ അങ്ങേത്തലയ്ക്കൽ നിന്നും നടന്നു വരുന്നുണ്ടായിരുന്നു. അവൾ കൂടി വന്നിട്ടു വേണം ഈ പൊട്ടിക്കാളിക്കറിയാത്ത സർക്കാർ സ്കൂളിന്റെ പഞ്ചസാര പാത്രം കുടഞ്ഞിടാൻ.
‘‘ദേ അത് നോക്കൂ’’ അവളെന്നെ വീണ്ടും തോണ്ടി. അവിടെ ഒരു മാമ്പഴത്തിന്റെ ഇരുമൂലകൾ കടിച്ചീമ്പുന്ന അശ്വിനും അവന്തികയും. കുഞ്ഞുകൈകളിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴച്ചാർ!
‘ജോമോനേ തുടച്ചു കള.’ ഓർമ്മയിൽ വീണ്ടും വള കിലുങ്ങി. ആകാശത്ത് റ ആകൃതിയിലൊരു മഴവില്ല് വിരിയുന്നു. പൊട്ടിയ വളക്കഷണം പോലെ!
‘‘ഇതൊക്കെ നീ പറഞ്ഞ സ്കൂളിൽ നടക്കുമോ..’
‘അതൊരു തീക്കടലാണെന്നേ. അവിടുത്തെ പ്രിൻസിപ്പാളൊരു മൊശട്ടു കന്യാസ്ത്രിയും. രാവിലെ തങ്കമണി വിളിച്ചപ്പോൾ പറഞ്ഞതാ.’’
‘തീക്കടൽ!’ ഒരു സ്വപ്നത്തിലെന്ന പോലെയാണവളുടെ വാക്കുകൾ കേട്ടത്. ‘ഓടിക്കോ’ എന്ന് ഒരായിരം കുഞ്ഞാറ്റകൾ കാതിൽ ചിലയ്ക്കുന്നതുപോലെ! കടന്നൽ കൂടിരമ്പം... എവിടെയാണത് മുൻപ് കേട്ടിട്ടുള്ളത്? ഞാനോർക്കാൻ ശ്രമിച്ചു. ചരൽവിരിച്ച മുറ്റത്തു കൈകൾ വിരിച്ചുനിന്ന കന്യാമാതാവ് എന്നെ നോക്കി ചിരിച്ചു. മാതാവിനു മുകളിൽ നരച്ചയാകാശത്ത് മഴമേഘങ്ങളുരുണ്ടുകൂടി. അതിലൊരു കുഞ്ഞുമേഘം കൂട്ടത്തിൽ നിന്നുമടർന്നുമാറി കാറ്റിനൊത്ത് ദൂരേക്കു പറന്നു! ആ മേഘത്തിനൊരു സ്കൂൾ കുട്ടിയുടെ രൂപമുണ്ടോ?
Content Summary: Malayalam short story written by Grince George