‘ഉണ്ടായിരുന്ന പണിയും കളഞ്ഞ് കഴിഞ്ഞ കുറേ നാളായി കഥയെഴുത്തായിരുന്നു, എന്നിട്ടും...’
അച്ചായന്റെ കവിതകൾ ശ്രദ്ധിക്കാറുണ്ടെന്നും സമകാലിക വിഷയങ്ങളിലെ മൗലികാഭിപ്രായങ്ങളും പ്രതിബദ്ധതയും നിഴലിക്കുന്ന അച്ചായന്റെ കവിതകൾ മരവിച്ച സമൂഹമന:സാക്ഷിയ്ക്ക് ശരിക്കുമൊരു ഉണർത്തുപാട്ടാണെന്നുമൊക്കെയായിരുന്നു തിരുവനന്തോരത്തുകാരന്റെ ഉദ്ബോധനങ്ങൾ.
അച്ചായന്റെ കവിതകൾ ശ്രദ്ധിക്കാറുണ്ടെന്നും സമകാലിക വിഷയങ്ങളിലെ മൗലികാഭിപ്രായങ്ങളും പ്രതിബദ്ധതയും നിഴലിക്കുന്ന അച്ചായന്റെ കവിതകൾ മരവിച്ച സമൂഹമന:സാക്ഷിയ്ക്ക് ശരിക്കുമൊരു ഉണർത്തുപാട്ടാണെന്നുമൊക്കെയായിരുന്നു തിരുവനന്തോരത്തുകാരന്റെ ഉദ്ബോധനങ്ങൾ.
അച്ചായന്റെ കവിതകൾ ശ്രദ്ധിക്കാറുണ്ടെന്നും സമകാലിക വിഷയങ്ങളിലെ മൗലികാഭിപ്രായങ്ങളും പ്രതിബദ്ധതയും നിഴലിക്കുന്ന അച്ചായന്റെ കവിതകൾ മരവിച്ച സമൂഹമന:സാക്ഷിയ്ക്ക് ശരിക്കുമൊരു ഉണർത്തുപാട്ടാണെന്നുമൊക്കെയായിരുന്നു തിരുവനന്തോരത്തുകാരന്റെ ഉദ്ബോധനങ്ങൾ.
കഥാകൃത്തുക്കൾ ഉണ്ടാകുന്നത്...! (കഥ)
വല്ലാത്ത ദേഷ്യവുമായാണ് തോമാച്ചായൻ വീട്ടിലോട്ട് ചെന്നു കയറിയതുതന്നെ. നന്നായി ശ്രദ്ധചെലുത്തിയിട്ടും ഉണ്ടെന്ന് മുഖഭാവത്തിൽ നിന്നും പിന്നെ കുമുകുമാ അടിച്ചുകയറുന്ന മണത്തിൽ നിന്നും വ്യക്തവുമാണ്. ചെന്നപാടെ അത്താഴത്തിനു മുന്നിൽ ചടഞ്ഞിരുന്നു. അന്നാമ്മ പതിവുപോലെ മീൻ കറിയിൽ ഉപ്പ് കൂടിപ്പോയതിന്റേയും തോരൻ ലേശം കരിഞ്ഞുപോയതിന്റേയും ഒക്കെ ന്യായം വിളമ്പാൻ തുടങ്ങിയപ്പോൾ അവരുടെ മൂരി ശൃംഗാരത്തിന് ചെവി കൊടുക്കാതെ ചോറുപാത്രം ഇടതുകൈയ്യാൽ തട്ടിത്തെറിപ്പിച്ചു. സാമാന്യം ഉച്ചത്തിൽ ഒരു തെറിയും പറഞ്ഞ് എഴുന്നേറ്റപ്പോൾ ഒത്തിരി കുർബ്ബാനകൾ ഒന്നിച്ചു കൂടിയിട്ടുള്ള അന്നാമ്മയ്ക്ക് എന്തോ പന്തികേട് മണത്തു.
‘എന്നതാ ഇവന്റെയൊക്കെ വിചാരം....കുന്ദേരയോ...കാഫ്കയോ ആണെന്നായിരിക്കും ആ പന്ന#$@%*&#...ന്റെ ധാരണ’. കലിയടങ്ങാതെ അച്ചായൻ നിന്നുകിതച്ചു.
ഇപ്പോൾ കാര്യങ്ങളുടെ ഒരു രൂപരേഖ ഒത്തുവന്നിട്ടുണ്ട്. സംഗതി സാഹിത്യമാണ്. മെഡിക്കൽ റെപ്പിന്റെ പണിയും കളഞ്ഞ് കഴിഞ്ഞ കുറേ നാളായി കഥയെഴുത്തിന്റെ വല്ലാത്ത അസ്കിതയിലാണ് കക്ഷി. മുറ തെറ്റാത്ത സേവയുമുണ്ട്. അധികവും രാത്രിയിലാണെന്ന ഒരാശ്വാസം. നാലാൾ അറിയില്ലല്ലോ. ബുദ്ധി തെളിയാനാണെന്നാണ് പറയുന്നത്. പുകൾപെറ്റ പല എഴുത്തുകാരും തികഞ്ഞ കീടങ്ങളായിരുന്നത്രേ. കുറെയൊക്കെ അന്നാമ്മയും കേട്ടിരിക്കണു. അങ്ങനെയെങ്കിൽ അങ്ങനെ. അടുത്ത കുരുത്തോലപ്പെരുന്നാളിന് ഈശോ ജറൂസലേമിലേയ്ക്ക് നടന്നതുപോലെ തന്റെ നടപ്പ് അമ്പത്തിരണ്ടിലേയ്ക്കാകുന്നു എന്ന സത്യം അന്നാമ്മയ്ക്ക് തികഞ്ഞ ബോധ്യം ഉണ്ട്. അതുകൊണ്ടുതന്നെ അതിയാൻ കണ്ടത്തിൽ പൂട്ടിത്തളർന്നെത്തിയ ഉരുവിനെക്കൂട്ട് കിടക്കയിൽ ഉച്ചത്തിൽ മുക്രയിട്ടുറങ്ങിയെന്നും വച്ച് തനിക്ക് ഭൗതികവും ശാരീരികവുമായ വലിയ നഷ്ടങ്ങൾ ഒന്നുമില്ല എന്നറിയാവുന്ന പ്രായോഗികമതിയായ ഭാര്യയാണവർ. പിള്ളേരുടെ കാര്യം വെടക്കാവാതിരുന്നാൽ മതിയായിരുന്നു. പെമ്പിള്ളേരായതുകൊണ്ട് അപ്പച്ചന്റെ ‘കോപ്പിക്യാറ്റുകളായി’ക്കളയുമെന്ന ഭയം തത്കാലമില്ല. എന്നാലും കലികാലമാണ്. ഒറ്റയെണ്ണത്തിനേയും വിശ്വസിച്ചുകൂട.
ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ഏതാണ്ട് മൂന്നു വർഷങ്ങൾക്കുമുമ്പായിരുന്നു. പുള്ളിക്കാരന്റെ കൂട്ടത്തിൽ രസതന്ത്രത്തിന് കോളേജിലുണ്ടായിരുന്ന ഏതോ ഒരുത്തൻ തെണ്ടിത്തിരിഞ്ഞ് മതിയായപ്പോൾ ദൈവവിളി കേട്ടെന്നും പറഞ്ഞ് പോട്ടയിലോ കാശിക്കോ പോയി മാമോദീസയും വെഞ്ചരിപ്പും കഴിഞ്ഞ് താടിയും സ്വീകരിച്ചെത്തിയ ശേഷം കഥയും കവിതയുമൊക്കെ എഴുതിത്തുടങ്ങിയെന്നുള്ള പുത്തനറിവാണ് അച്ചായന്റെ ഈ ഉത്തേജനത്തിനു പിന്നിൽ. മഹോദയവും തിരുപ്പിറവിയും ഒക്കെ പതിവുപോലെ ഏതോ ദർബാറിൽ വച്ചായിരുന്നെങ്കിലും പിന്നെയങ്ങോട്ട് ഒരുത്സവം തന്നെയായിരുന്നു. കുട്ടിക്കാലത്ത് ഫാൻസി ഡ്രസ്സിനും കഥയ്ക്കും കവിതയ്ക്കുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഉളളിലെന്തോ തീപ്പൊരിയോ ചൂട്ടുകറ്റയോ വീണെന്നും അതങ്ങോട്ട് കത്തിപ്പിടിക്കുമെന്നും ഒക്കെപ്പറഞ്ഞുള്ള തനി പൂന്തുവിളയാടൽ. അതിനു പിന്നാലെ പേര് കേട്ടിട്ടുള്ളതും കേൾക്കാത്തതുമായ ആനുകാലികങ്ങളുടെ ഒരു നീണ്ട പടതന്നെ വീട്ടിലേയ്ക്ക് വരുത്തി തുടങ്ങി. കുറെ വായിച്ചും കടമെടുത്തും കവിതകളിലാണ് ആദ്യപ്രയോഗം തുടങ്ങിയത്. എളുപ്പവും അതാണല്ലോ. ഇതിനിടെ പത്രങ്ങളിലും വാരികകളിലുമൊക്കെ പയറ്റിത്തെളിഞ്ഞ് അടുത്തൂൺ പറ്റി വീട്ടിലിരിക്കുന്ന കുറേപ്പേരെ ‘മേപ്പടി സാഹിത്യഭൂഷൺ’ സുഹൃത്ത് പരിചയിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മുറയ്ക്ക് സത്കാരങ്ങൾ കൊഴുക്കവേ ബാങ്കിലെ നീക്കിയിരുപ്പിൽ കിഴുത്ത വീണു തുടങ്ങിയപ്പോൾ രണ്ട് പെമ്പിള്ളേരുടെ കൈപിടിച്ച് കൊടുക്കേണ്ടതാണെന്നൊന്ന് ഓർമ്മിപ്പിച്ചുപോയി. മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ പുഷ്കലകാലത്ത് എംവിഐ ആയിരുന്ന അപ്പച്ചൻ പൂത്ത കാശുണ്ടാക്കി വച്ചിട്ടുണ്ടല്ലോയെന്നും അതിന്റെ വീതം വാങ്ങിക്കൊണ്ടുവരാനിതുവരെ ആവശ്യപ്പെട്ടില്ലെന്നും മറുപടി വന്നുതുടങ്ങിയപ്പോൾ പിള്ളേരെത്തന്നെ ഓർത്തുതന്നെ അന്നാമ്മ അടങ്ങി.
അങ്ങനെയിരിക്കെയാണ് തോമാച്ചായന്റെ ഒരു കവിത ആദ്യമായി അച്ചടി മഷി പുരണ്ട് വന്നത്. പിന്നത്തെ പുകിലൊന്നും പറയാനുമില്ല. ദോഷം പറയരുതല്ലോ ഫോൺ നമ്പരും കൂടിച്ചേർത്തിരുന്നതുകൊണ്ട് അങ്ങ് പാലക്കാട്ടുനിന്നും വയനാട്ടിൽ നിന്നും ഒക്കെ രണ്ടുമൂന്നു പാവത്തുങ്ങൾ വിളിക്കുകയും നല്ല വാക്ക് പറയുകയും ചെയ്തു. പോരേ പൂരം! അംഗീകാരം ആയി ആദ്യമൊക്കെ തോന്നിയെങ്കിലും ശരിക്കുള്ള അപകടം പിന്നാലെ വരികയായിരുന്നു. പണ്ട് കുടിപള്ളിക്കൂടത്തിൽ ബെഞ്ചിൽ ഒരുമിച്ചിരുന്ന അന്നത്തെ ക്ളാസ്സ് മോനിട്ടറും ആജന്മ ശത്രുവുമായിരുന്ന കാടൻ പ്രേംനാഥ് വിളിച്ചു. ഇപ്പോൾ കാപ്പിരികളുടെ നാട്ടിൽ അങ്ങ് ‘ജിബൂട്ടിയിൽ’ ഏതോ പെട്രോളിയം കമ്പനിയിൽ അക്കൗണ്ടന്റ് ആണത്രേ. പത്രാധിപന്മാരെ ഒന്നു പരിചയപ്പെടുത്തിക്കൊടുക്കണം എന്നതാണ് ആവശ്യം. സൃഷ്ടികളുടെ പേറ്റുനോവ് സഹിയാതെ ഡേറ്റും കാത്തിരിക്കുകയാണത്ര അയാളും. ‘ഇല നക്കിയുടെ...!’ ആരാണ്ടും പറഞ്ഞ പഴഞ്ചൊല്ലാണ് ഓർമ വന്നത്!
പിറ്റേന്ന് രാത്രിയായപ്പോൾ ദാ വരുന്നു അടുത്ത വിളി. സാക്ഷാൽ ‘ആശാൻ പുരസ്കാര ജേതാവാ’ണെന്നാണത്രേ പരിചയപ്പെടുത്തിയത്. എന്നാൽ തത്സമയം ‘മഹാകവി’ പാർക്കിൻസൺ ബാധിച്ച് ആലപ്പുഴയിലെ ഏതോ ആശുപത്രിയിലാണുപോലും. ഉപജീവനത്തിനായി മറ്റുമാർഗ്ഗങ്ങൾ ഇല്ല. പ്രസിദ്ധീകരിച്ച കൃതികൾ വാങ്ങണം. വിപിപി ആയി അയച്ചുതരാം. അതുമല്ലെങ്കിൽ ആശുപത്രിച്ചിലവിന് സംഭാവന ചെയ്യണം എന്നാണപേക്ഷ. തികച്ചും ന്യായമായ ആവശ്യം. അപ്പോഴത്തെ ഒരു ആവേശത്തിൽ മൊബൈലിൽ നിന്നും ഉറുപ്പിക രൊക്കം രണ്ടായിരത്തഞ്ഞൂറ് ഗൂഗിൾപേ വഴി ‘മഹാകവിയുടെ’ ദുരിതാശ്വാസ നിധിയിലേയ്ക്ക് പറന്നു. അതിൽപ്പിന്നെ വിളിച്ചാൽ ആളുമില്ല അനക്കവുമില്ല. അന്നാമ്മയുടെ നമ്പരിൽനിന്നു പിറ്റേന്ന് വെറുതെ ഒന്നുവിളിച്ചുനോക്കി. ആളെത്തിരിച്ചറിഞ്ഞപ്പോൾ ഗുളിക കഴിച്ചുകിടക്കുകയാണെന്നും ശല്യപ്പെടുത്തരുതെന്നും ആശാൻ പുരസ്കൃതൻ വിനായാന്വിതനായി.
അടുത്ത വിളി കോഴിക്കോട്ടു നിന്നായിരുന്നു. ആരാധകൻ അച്ചായന്റെ സൃഷ്ടിയുടെ മഹത്വത്തെക്കുറിച്ച് വാചാലനായപ്പോഴാണ് അത്രയ്ക്കും ഉത്കൃഷ്ടസൃഷ്ടിയാണ് തന്റേതെന്ന ബോധ്യം വന്നതുതന്നെ. സുഖിച്ചുവെന്നുറപ്പായപ്പോൾ പിന്നത്തെ വിളിയിൽ ചോദ്യം എന്നുകാണാമെന്നായി. കാര്യം എന്താണെന്നു തെല്ലുഗൗരവത്തിൽ കേട്ടപ്പോൾ ‘ഓ... ഒന്നും അറിയാത്ത പോലെ…’ എന്ന് മറുതലയ്ക്കൽ പ്രത്യുത്പന്നമതിയാകുന്ന ശൃംഗാരി. പിന്നെ അമാന്തിച്ചില്ല. അടിച്ച റാക്കിന്റെ വളിച്ചമണം മാറാത്ത വാകൊണ്ട് പുളിച്ച തെറി വിളിച്ചു. പുരുഷത്വത്തെ ചോദ്യം ചെയ്യുന്നതു കേട്ടപ്പോൾ കിളവനായിപ്പോയെങ്കിലും അഭിമാനം വല്ലാണ്ട് വിജ്രംഭിച്ചതുപോലെ. ഇനി എന്തൊക്കെ കണ്ടാൽ ജീവിതം ഒടുങ്ങും ഈശോയേ...?
ഏറ്റവും മഹത്തരമായ വിളി പിറ്റേന്നു രാത്രി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നാളേറെയായി അച്ചായന്റെ കവിതകൾ ശ്രദ്ധിക്കാറുണ്ടെന്നും സമകാലിക വിഷയങ്ങളിലെ മൗലികാഭിപ്രായങ്ങളും പ്രതിബദ്ധതയും നിഴലിക്കുന്ന അച്ചായന്റെ കവിതകൾ മരവിച്ച സമൂഹമന:സാക്ഷിയ്ക്ക് ശരിക്കുമൊരു ഉണർത്തുപാട്ടാണെന്നുമൊക്കെയായിരുന്നു തിരുവനന്തോരത്തുകാരന്റെ ഉദ്ബോധനങ്ങൾ. ഇത്തരം കവിതകളെ കാലം അടയാളപ്പെടുത്തി സൂക്ഷിക്കുമെന്നും മലയാള കാവ്യസപര്യയുടെ നെടുംപാതകളിൽ നാഴികക്കല്ലുകളാകും അവയൊക്കെയെന്നും! അച്ചായന് ചെവികളിൽ നിന്നും കിളിയല്ല ഒരു പക്ഷിക്കൂട്ടം തന്നെ പറന്നുപോകുന്നതുപോലെ തോന്നി. ജീവിതത്തിലാദ്യമായി അച്ചായൻ ‘അടിച്ച സാധനത്തെ’ത്തന്നെ സംശയിച്ചുപോയി. ഇനി എങ്ങാനും...?
അതും പോരാഞ്ഞ് മലയാളത്തിലെ ഒരു പ്രമുഖസാഹിത്യകാരന്റെ അത്തവണത്തെ ഓർമ്മ ദിവസാഘോഷത്തിൽ അച്ചായന്റെ കവിതാസമാഹാരം പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചടങ്ങുകളുടെ സംഘാടനത്തിനായി ഒരു ചെറിയ സംഖ്യ തരുന്നതിൽ വിരോധമില്ലല്ലോയെന്ന ചോദ്യം വന്നപ്പോഴാണ് സ്ഥലകാലഭ്രമത്തിൽ നിന്നും മോചിതനായതും ‘അകത്തുപോയ ചരക്കിനെ’ ഒരിക്കലെങ്കിലും സംശയിച്ചുപോയതിൽ അച്ചായൻ അനല്പമായ കുറ്റബോധത്തിനടിപ്പെട്ടതും.
ശരിക്കും അതോടെയാണ് കഥാസാഗരത്തിലേയ്ക്ക് അച്ചായൻ ഊളിയിട്ടുതുടങ്ങിയത്. പ്രശസ്തനാകാൻ ഒന്നുകൂടി പറ്റിയ വഴി കഥാകാരന്റെ ചേതനകളെ പിൻപറ്റുന്നതാണെന്നുള്ള തിരിച്ചറിവുകളായി. കവിതകൾക്ക് തത്കാലിക വിരാമം. കഥകൾ പടച്ചയച്ചശേഷം എവിടെ നിന്നൊക്കെയോ പത്രക്കാരുടെ നമ്പരുകൾ സംഘടിപ്പിച്ച് രാത്രിസേവയും കഴിഞ്ഞ് ഇറയത്തെ ചാരുകസേരയിൽക്കിടന്ന് വിളിയാരംഭിക്കും. ദോഷം പറയരുതല്ലോ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഒന്നുരണ്ടെണ്ണം അച്ചടിച്ചുവരികയും ചെയ്തു.
പതിവുപോലെ തലേന്ന് രാത്രി വാങ്ങിക്കൊണ്ടുവന്ന പൊതിയുമായി രാവിലെ ഇറങ്ങിയതാണിന്നും. കഥയും കവിതയും എഴുതുന്നതിൽ വച്ച് വരായ്ക ഒന്നും തന്നെ ഇല്ലെങ്കിലും ചിലവ് അസാരം നന്നായിട്ടുണ്ട്. അണ്ടിപ്പരിപ്പും ഈന്തപ്പഴവും പിസ്തയും ആപ്രിക്കോട്ടുമൊക്കെ വാങ്ങിക്കൊണ്ടുവരും. വിളിച്ചും പരിചയപ്പെട്ടും വച്ചിരിക്കുന്ന പത്രക്കാരേയും എഡിറ്ററന്മാരേയും വീട്ടിലും ഓഫീസിലും മുറയ്ക്ക് പോയിക്കണ്ട് കാണിക്കയർപ്പിച്ച് പരിചയപ്പെടുന്നത് എഴുത്തുകാരനായി പേരെടുക്കുന്നതിന്റെ ആദ്യപടിയാണത്രേ. കുപ്പികൾ തന്റെ സേവയ്ക്കുതന്നെ തികയാത്തതിനാൽ അത് കാഴ്ചവയ്ക്കുന്നതിൽ തത്ക്കാലം വിചാരമില്ലെന്നു തോന്നുന്നു. സിനിമയിലും സീരിയലിലും ഒക്കെ നടികളും നടന്മാരും ഇതും ഇതിലപ്പുറവും ചെയ്താണത്രേ പെരുമ നേടുന്നത്. പേരെടുത്തു കഴിഞ്ഞാൽപ്പിന്നെ അവരൊക്കെ പിന്നാലെവരും എന്നതാണ് അച്ചായനും പിൻപറ്റുന്ന അഭിജ്ഞമതം!
വിചാര ശകലങ്ങളിൽ സ്വയം അലിഞ്ഞ് അന്നാമ്മ അന്നും പതിവുപോലെ ബാക്കി ആഹാരം ഒരു പാത്രത്തിലാക്കി പിന്നാമ്പുറത്തെ വാതിൽ തുറന്ന് കാത്തുനിന്നിരുന്ന ശുനകന്റെ ചരുവത്തിലേയ്ക്ക് പകർന്നു. അവൻ ആർത്തിയോടെ കപ്പുന്നത് കൗതുകത്തോടെ നോക്കിയും എന്തൊക്കെയോ ഓർത്തും നിന്ന ശേഷം കയറി പാത്രം കഴുകി വച്ച് അടുക്കള വാതിലുകൾ ചേർത്തടച്ചു കൊളുത്തിട്ടു. ദേഹശുദ്ധി വരുത്തി കട്ടിലിനരികിൽ ഇതികർത്തവ്യമൂഢയായി ഇരിക്കുമ്പോഴും അച്ചായൻ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെയിരിക്കുകയാണ്. ആകാംക്ഷയോടെ നോക്കിയ അന്നാമ്മയും ആ വരികൾ കണ്ടു.
‘‘പ്രമേയത്തിൽ പുതുമയില്ല. കഥ അതിവൈകാരികതയുടേയും നാടകീയതയുടേയും തലങ്ങളിലേയ്ക്ക് നീങ്ങുന്നതായി തോന്നി. സമകാലിക കഥകളുടെ ഭാവുകത്വവും പുതിയ എഴുത്തുരീതികളും പരിചയപ്പെടുക.’’ അച്ചായൻ പോയിക്കണ്ട ആരുടേയോ മറുപടിയാണ് വാട്ട്സാപ്പിൽ. ഉണ്ട. കഥ തള്ളിക്കളയുന്നുവെന്ന് പച്ചമലയാളത്തിൽ പറയാമായിരുന്നു. ഒടുക്കത്തെ കുറേ ഉപദേശങ്ങൾ.
മെഡിക്കൽ റെപ്പായി അപ്പോത്തിക്കിരികളുടെ പിന്നാലെ നടന്ന് ജീവിതത്തിൽ എണ്ണമറ്റ ചെരുപ്പുകളുടെ വാറു തേഞ്ഞവനും തുടകളുരഞ്ഞ് കാൽസറായിയുടെ ഇടുക്കുകൾ പിഞ്ഞിയവനും ക്ഷമയുടെ നെല്ലിപ്പലക പലപ്രാവശ്യം കണ്ടിട്ടും കുലുങ്ങാത്തവനുമായ തന്റെ അച്ചായന്റെ അപ്പോഴത്തെ അണ്ടികളഞ്ഞ അണ്ണാന്റെ മുഖഭാവവും നൈരാശ്യ-പരവേശങ്ങളും ഒക്കെക്കൂടി കണ്ടപ്പോൾ സ്വതേ ശാന്തശീലയും ജന്മനാ പതിവ്രതയുമായ അന്നാമ്മച്ചേടത്തിയ്ക്കും ഒരു ഉൾവിളിയുണ്ടായി. എവിടെയോ ഒരു പന്തം തന്നിലും ജ്വലിച്ചു തുടങ്ങിയതുപോലെ. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം എന്നാണല്ലോ പ്രമാണം. സ്വന്തം കണവനെ വച്ചുതന്നെ ‘കഥ ഒരണ്ണമങ്ങ് ചാമ്പിയാലോ’ എന്നൊരുതോന്നൽ. കണവനെ കളിയാക്കുന്നതായിപ്പോയാലോയെന്ന ചെറിയ ബേജാറും ഇല്ലാതെയുമില്ല. എന്തായാലും തത്കാലം അച്ചായൻ കാണണ്ട. അത്ര തന്നെ!
Content Summary : Kadhakrithukal Undakunnath, Malayalam short story