ADVERTISEMENT

നിന്റെ പേരും നാളും 

പറയാതൊരു ശേഷക്രീയ ചെയ്യണം,

മോതിര വിരലിൽ 

സ്മൃതികളുടെ ദർഭ ചേർത്തിണക്കിപ്പവിത്രം 

ചാർത്തി ബലിദർപ്പണം നടത്തണം.

 

തൂശനിലയിൽ തൂകിയിട്ടനി-

ന്നോർമ്മകൾക്ക് മീതെ

ആദ്യത്തെ ഉരുള വെക്കണം.

രണ്ടാമത്തേത് -

പറയാതെ കൊന്ന വാക്കുകൾക്കും,

പകുത്ത് വെച്ച സ്നേഹത്തിനും,

ഉയിരറ്റ കിനാക്കൾക്കുമായി 

നേദിക്കണം..

 

ഒടുവിലത്തേത് -

എരിഞ്ഞുറഞ്ഞ ഹൃദയത്തിനും,

ചൊല്ലിമറന്ന പ്രാർഥനകൾക്കും വെച്ച്;

ആത്മാവിൽനിന്നൊരിറ്റ് കണ്ണീരതിൽ-

തളിച്ച് പിൻ വാങ്ങി തിരിഞ്ഞ് നിന്ന്

ബലിക്കാക്കകൾക്കായി കൈകൊട്ടണം..

 

ശെഷിച്ചതൊക്കെയും വാരിക്കൂട്ടി

നിനക്കേറ്റവും പ്രിയപ്പെട്ട

പുഷ്പ്പങ്ങൾ നിറച്ച് 

നിളയുടെ വേലിയിറക്കങ്ങളിലേക്ക്

ഒഴുക്കിവിടണം.

അടർന്ന പൂവുകളത്രയും

 

ഓളങ്ങൾക്കുമീതേ -

പരന്നാത്മാക്കളേത്തേടി

അകലുമ്പോൾ

അവയെ പിൻ തുടർന്നെനിക്ക്

 

നിന്നിലേക്കെത്തണം.,

നിളയുടെ മൗനസങ്കേതങ്ങളിൽ

വെച്ചെനിക്ക് നീ മോക്ഷമേകണം..

 

ശേഷം,

പതിനാറുദിനരാത്രങ്ങൾ.!!

ഉദകക്രിയകളേറ്റുവാങ്ങി ഉറവ

വറ്റിയൊരാ മണൽതിട്ടകൾ

 

മറ്റൊരു ശ്രാദ്ധത്തിനായ് 

കാത്തിരിക്കും..

പേരറിയാത്തൊരുവന്റെ മോക്ഷത്തിനായി!

 

പ്രണയം മരിച്ചു വെണ്ണീറായ 

നദിക്കരയിലപ്പോഴും

 

വീശുന്നുണ്ടായിരിക്കും;

ചന്ദനത്തിരിയുടെ മണമുള്ള 

ഒരു കാറ്റ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com