' ആയിരം ഉറുപ്പിക ചിലവാക്യാ ആയിരം പുസ്തകം കിട്ടണ ഒരു ഐഡിയണ്ട്, കാച്യാലോ...'
Mail This Article
അവാർഡ് (കഥ)
"മ്മടെ വായനശാലേയ്ക്ക് കൊറച്ചു പുസ്തകങ്ങൾ വേണല്ലോ എന്താണൊരു വഴിന്റെ ദേവസ്യേ..?"
''നായരേട്ടാ... ഒരു ആയിരം ഉറുപ്പിക ചിലവാക്ക്യാ... ഒരു ആയിരം പുസ്തകം കിട്ടണ ഒരു ഐഡിയണ്ട്.. മ്മടേല്...! ഒന്നങ്ങ് ട് കാച്ച്യാലോന്നാ...!?''
"ഹെയ്.. അതെന്തൂട്ട്ണാടാ ദേവസ്യേ...?"
"ഹെയ് അതൊക്കെ ണ്ട്.....ഒക്കെ പുദ്യേ എഴുത്തുകാരുടെ ആഗ്രഹ പുസ്തകാവും ന്നു മാത്രം ന്താ.. ങ്ങടെ അഭിപ്രായം..? അത് പോരെ..?''
''അപ്പൊ ഒരു പുസ്തകത്തിന് ഒരു ഉറുപ്പിയോ അതെന്താ ദേവസ്യേ അത്ര വല്ല്യ വിദ്യ...?''
''അതൊക്കെ ഒരു സൂത്രപ്പണ്യേല്ലേന്ന്... പിന്നെ ഇതൊക്കെ ഇപ്പൊ മ്മടെ നാട്ടില് സാധാരണ നടക്കണ കാര്യാന്ന്... അല്ല....മ്മളായിട്ട് എന്തിനാ വേണ്ടാക്കിണെ..?''
''കാര്യം ന്താന്നു വച്ചാ തൊറന്ന് പറഢോ വാലും തലേം ഇല്ലാണ്ടെ ദ് എന്ത് മനസ്സിലാവാൻ അത്രക്കും ബുദ്ധി ഉണ്ടായിരുന്നൂ...ച്ചാ ഈ വായനശാലേല് ങ്ങനെ ഇരിയ്ക്കണ്ട ഗതികേട് നിയ്ക്ക് വരില്ലാലോ..!?''
''നമ്മക്ക് ഒരു ആയിരം ഉറുപ്പിക മുടക്കി നാളെ പത്രത്തിൽ ഒരു പരസ്യം കൊടുക്കാം..!"
"എന്തൂട്ട്ണ് പരസ്യാന്ന്...?"
"അവാർഡിനായി ഇത്തിരി പുദ്യേ ആളോൾ ടെ... പുദ്യേ രചനകള് ക്ഷണിക്കുണൂ...ന്ന്..! ഒരാൾക്ക് അവരോരുടെ എത്ര തരം പുസ്തകം വേണേലും അയയ്ക്കാം ന്നും പരസ്യത്തില് വയ്ക്കണം. വായിയ്ക്കണോരും അയയ്ക്കണോരും പുദ്യേ ആളോൾക്ക് വേണ്ട്യല്ലേ ന്നു ധരിച്ചോളും...!"
"അപ്പോ പഴേ ആളോൾ ടെ വേണ്ടേ..?"
"അവരിങ്ങനെ ള്ള സൂത്രത്തില് ഇപ്പോ വീഴില്ല നായരേട്ടാ"
''ഉം.... ശര്യാ പഠിച്ചിട്ടുണ്ടാവും...! അല്ല അതിപ്പോ ആരുടെ പേരിൽ കൊടുക്കും.. എന്റേം നിന്റെക്കെ പേര് വച്ചാ പട്ടിയ്ക്കൂടി വേണ്ടുവരില്ലാല്ലോ മാത്രല്ല കൊടുക്കാനും പറ്റില്ലാലോ നാട്ടാര് മ്മടെ മേത്ത് കണക്ക് പെരുക്കില്ലേടോ..!?"
''ഹെയ് വെഷമിയ്ക്കാണ്ടിരിന്നേ..മ്മടെ ചാക്കുണ്ണ്യാശാനില്ലേ ..? ഹെയ്...ന്നാള് പടായി ചൊമരില് തൂങ്ങി കെടക്കണ മ്മടെ ആ പഴേ സേനാനി..!"
" ആ ഉവ്വ് മനസ്സിലായി ന്നിട്ട്..?"
"അയാളുടെ പേരിൽ ഒന്നങ്ങട് കാച്ചാന്നേയ്...! അവാർഡ് കാച്ച്യോ.. കൊടുത്തോ... ന്നൊന്നും അയാളിപ്പോ കുഴീന്നു വന്നു ചോയ്ക്കാൻ പോണില്ല്യാലോ ന്താ...?"
''ഉം സംഗതി കലക്കനാ ന്നാലും ഏൽക്ക്വോ...ന്നാ അവസാനം കയ്യീന്ന് ആയിരം ഉറുപ്പ്യ പോയീ... പുസ്തകം കിട്ട്യേതുല്ല്യാച്ചാൽ...?''
"കണക്കായി... ഉറുപ്പി കയ്യീന്നെറക്കാനോ അതിനിത്തിരി പുളിക്കും... നാളെ ഒരു പിരിവിനങ്ങട് ഇറങ്ങാം അത് പക്ഷേ പരസ്യത്തിനാന്നു മാത്രേ പറയാവൂ. അവാർഡ് പേപ്പറിൽ വരുമ്പോൾ അറിഞ്ഞാ....മതീല്ലോ''
''അപ്പൊ ഇത് ജനറൽ ബോഡി വിളിച്ചു തീരുമാനിക്കണ്ടേ ദേവസ്യേ..?''
''ഹേയ് ... അതൊന്നും വേണ്ട നായരേട്ടാ.. മ്മള് ഇന്ന് അംഗങ്ങളോട് ഫോണിലൂടെ ങ്ങ് ട് പറയും... ന്നിട്ട് നാളെ ഒരു പിരിവിനങ്ങട് എറങ്ങും... പിരിഞ്ഞത് എത്രേച്ചാലും ആയിരം ഉറുപ്പിക എറക്കി ഒരു പരസ്യങ്ങ് ട് കൊടുക്കും. നിങ്ങള് കണ്ടോളിൻ പിന്നെ അടുത്ത ദിവസം മൊതല് പുസ്തകങ്ങൾടെ പെരുമഴേവും..."
"അപ്പോ ഈ അവാർഡ്...?"
" ഹെയ്... അതിപ്പോ അയച്ചോര് ആദ്യം അവാർഡ് കിട്ടീല്ലന്നല്ലേ കരുതൂ...ന്ന്...! കൊറച്ചീസം കഴിയുമ്പഴ് അവര് അതുപോലെ വേറെരു അവാർഡിനായിട്ടങ്ങട് അവര് ടെ വേറെ പുസ്തകം അങ്ങ് ട് അയയ്ക്കും അതോടെമ്മക്കയച്ചത് അവരങ്ങ് ട് മറക്കും ന്ന്...''
''ഹോ വെറുതേല്ല ന്റെ ദേവസ്യേ നിന്നെ എല്ലാരും തൊരപ്പൻ ന്ന് വിളിക്കണത് ട്ടാ...ഹൊ എന്തൂട്ട്ണ് കാഞ്ഞൊരു ബുദ്ധി.!''
"ന്നാ ഇപ്പോന്നെ ങ്ങട് തൊടങ്ങാ ല്ലേ.?"
"അദെന്നെ...!"
പിന്നെ കുറച്ചു ദിവസങ്ങൾ വായനശാലയിൽ കഥയും കവിതയും നിരൂപണങ്ങളുമായി പലവിധ തരത്തിൽ പല വിധ എഴുത്തുകാരുടെ ആഗ്രഹ പുസ്തകങ്ങളുടെ പെരുമഴ തന്നെയായിരുന്നു...! പുസ്തകങ്ങൾ ആയിരമല്ല...രണ്ടായിരവും കഴിഞ്ഞു പിന്നെയും വന്നു കൊണ്ടിരുന്നു...! രചനകൾ സ്വീകരിക്കാൻ ഉള്ള അവസാനതീയതിയും അവാർഡ് പ്രഖ്യാപിക്കാൻ തീരുമാനിച്ച ആദ്യത്തെ തീയതിയും അവർ പലവട്ടം മാറ്റി..!
അവസാനം പുസ്തകങ്ങൾ മതി എന്നു തോന്നിയപ്പോൾ അവർ ഒരു അവാർഡ് പ്രഖ്യാപിച്ചു..! അങ്ങകലെ... തിഹാർ ജയിലിലെ ഒറ്റമുറിയിൽ, കൊടും കുറ്റവാളിയായ ഒരു മലയാളി, ആരും കാണാതിരുന്നെഴുതിയ "സൂത്രന്റെ തന്ത്രങ്ങൾ" എന്നു പേരുള്ള മനോഹരമായ രചനക്ക് അയ്യായിരം രൂപയും ഒരു പ്രശസ്തി പത്രവും!