എഴുതിത്തീരാത്ത ജീവിതം – കാവല്ലൂർ മുരളീധരൻ എഴുതിയ കഥ
Mail This Article
എഴുതിത്തീരാത്ത ജീവിതം (കഥ)
ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവന്റെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ. 'എഴുതി തീരാത്ത പുസ്തകമാണ് ജീവിതം' എന്നയാൾ അയാൾക്ക് തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തന്റെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു. എന്നാൽ ആ വാക്കുകൾ എന്നും അയാളെ എഴുതാൻ പ്രേരിപ്പിച്ചു. തന്നിൽ പുകഞ്ഞുയരുന്ന ചിന്തകളുടെ ഭൂതങ്ങളെ ആവാഹിച്ചെടുക്കാൻ ഓരോ നിമിഷവും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ നിന്നോ തുടങ്ങി എവിടെയും അവസാനിക്കാത്ത ചിന്തകൾ. കലുഷിതമായ ചിന്തകളുടെ തേരിലേറി ചാട്ടവാറിന്റെ പുളകിത ശബ്ദത്തിൽ പാഞ്ഞുപോകുമ്പോൾ, പൊട്ടിത്തെറിക്കാൻ വെമ്പുന്ന തലച്ചോറിനോട് അയാൾ എപ്പോഴും അടങ്ങൂ അടങ്ങൂ എന്നുറക്കെ വിളിച്ചു പറയാറുണ്ട്. നിനക്ക് നിന്നോട് തന്നെപ്പറയാനുള്ളത് എന്തിനാണ് ഉറക്കെ പറയുന്നതെന്ന് പ്രകൃതി ചോദിച്ചു. നീ സ്വയം നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചു ഈ ലോകത്തിനു ഒന്നും തന്നെ അറിയേണ്ട. നീ വിജയിച്ചോ, തോറ്റോ? അത് പറയുക. തോറ്റെന്നറിയുന്നതാണ് ലോകത്തിനു കൂടുതൽ ഇഷ്ടം, കാരണം ഇത് തോറ്റവരുടെ ഭൂമിയാണ്. അഥവാ നീ വിജയിച്ചാൽ തന്നെ അത് നീ പുറത്തു പറയാതെ ആഘോഷിക്കുക. വിജയിക്കുന്നവരെ ഞങ്ങൾക്കിഷ്ടമല്ല. അത് അസൂയയല്ല, തോറ്റു മാത്രം ജീവിച്ച ഞങ്ങൾക്ക് വിജയിക്കുന്നവരോട് വെറുപ്പാണ്. നിങ്ങൾക്ക് എന്നെ ഏതു വീക്ഷണകോണിലൂടെ വേണമെങ്കിലും നോക്കിക്കാണാം. എന്റെ ചിന്തകൾക്ക് കുഴപ്പമുണ്ടെന്ന് നിങ്ങളെക്കാൾ നന്നായി എനിക്ക് തന്നെ അറിയാം. എന്ന് കരുതി എനിക്ക് എന്റെ ജീവിതം മാറ്റാനാവില്ലല്ലോ.
ഈ മുറിയാണ് എനിക്കിപ്പോൾ ഏറെ ഇഷ്ടം, കാരണം ഈ മുറിക്ക് ജനാലകൾ ഇല്ല. പുറംലോകം നോക്കിക്കാണാത്തതിനാൽ ഞാൻ എന്റെ തന്നെ തടവിലാണ്. നാളെ അറിയാത്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാലും, ഞാൻ മുമ്പേ ശിക്ഷകൾ അനുഭവിച്ചു കഴിഞ്ഞെന്നു കോടതിയെ ബോധിപ്പിക്കുവാനാകും. കുറച്ചു കഴിഞ്ഞു ഞാൻ മാറില്ലെന്ന് എനിക്കൊരു ഉറപ്പുമില്ല. നിങ്ങൾക്ക് അരോചകമാകുമ്പോൾ നിങ്ങളെന്നെ തള്ളിക്കളയും. എല്ലാവർക്കും എല്ലാവരെയും എല്ലാകാലത്തും സഹിക്കാൻ കഴിയില്ല, എന്നെ പ്രത്യേകിച്ചും. നിങ്ങളിലൂടെ ഞാൻ ഒരു പ്രയാണം സൃഷ്ടിക്കും. അക്ഷരങ്ങളുടെ ഫണങ്ങൾ വിടർത്തി സീൽക്കാരങ്ങളോടെ ഞാൻ നിങ്ങളിലേക്ക് ഇഴഞ്ഞുവരും. നിങ്ങളുടെ പാദങ്ങളിലൂടെ ഞാൻ നിങ്ങളിലേക്ക് പടർന്നു കയറും. നിങ്ങളുടെ ഹൃദയവും ധമനിയും കീഴടക്കും. എന്നെ വായിച്ചു തീരുമ്പോൾ നിങ്ങൾക്ക് നിങ്ങളെ തന്നെ കാണാനാകും. ഓരോരുത്തരും ഭയപ്പെടുന്നത് അവനവന്റെ പ്രതിബിംബത്തെയാണ്. അവനവൻ എന്താണെന്ന് അവരവർക്കു മാത്രമേ അറിയൂ. ഒളിച്ചുവെക്കുന്ന നിഗൂഢ ചിന്തകളുടെ കൊടുമുടികൾ ആണ് നമ്മുടെ തലച്ചോറുകൾ. അവിടേക്ക് നാം ആർക്കും പ്രവേശനം നൽകാറില്ല.
ഞാൻ നിങ്ങളിലേക്കുള്ള യാത്രയിലാണ്. നിങ്ങൾ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ, നിങ്ങൾ ഒരിക്കലും നിങ്ങളെ തിരിച്ചറിയില്ല. എനിക്ക് എന്നെ വിവർത്തനം ചെയ്യാനറിയില്ല. പരാജിതന്റെ പാട്ടുകൾ എന്നും ഉച്ചത്തിലായിരിക്കും, അയാളുടെ ഉള്ളിലെങ്കിലും. മണൽക്കാറ്റിൽ ചുഴികളിൽ മണലിനൊപ്പം ചുറ്റിത്തിരിഞ്ഞു വെറും മണലായി മാറി തന്റെ അസ്തിത്വം നഷ്ടപ്പെടാൻ ചിലപ്പോഴെങ്കിലും അയാൾ കൊതിച്ചിരുന്നു. പ്രളയത്തിൽ മണ്ണിൽപുതഞ്ഞു ആരുമറിയാതെ മറഞ്ഞുപോകാൻ അയാൾക്ക് ഇഷ്ടമാണ്. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന് എന്തിനാണ് തെളിവുകൾ ബാക്കിവെക്കുന്നത്.