"എനിക്ക് പേടിയാവുന്നു അമ്മേ.. അയാൾ വരും... വന്നാൽ" "മോളിങ്ങനെ പേടിക്കല്ലേ. അമ്മയല്ലേ പറയുന്നത്. ആരും മോളെ ഒന്നും ചെയ്യില്ല." അടുപ്പിലെ തീക്കനലുകളുടെ ചൂടിൽ നന്നേ വിയർത്തിരുന്നു. പക്ഷേ അതിലും വലിയൊരു അഗ്നികുണ്ഡം ഉള്ളിൽ എരിയുന്നുണ്ട്. എന്തുവന്നാലും കുട്ടികളുടെ മുൻപിൽ പതറാൻ പാടില്ല. തീനാളങ്ങളിലേക്കു നോക്കി നിൽക്കെ ഉള്ളിലെ പക ആളിക്കത്തി.

"എനിക്ക് പേടിയാവുന്നു അമ്മേ.. അയാൾ വരും... വന്നാൽ" "മോളിങ്ങനെ പേടിക്കല്ലേ. അമ്മയല്ലേ പറയുന്നത്. ആരും മോളെ ഒന്നും ചെയ്യില്ല." അടുപ്പിലെ തീക്കനലുകളുടെ ചൂടിൽ നന്നേ വിയർത്തിരുന്നു. പക്ഷേ അതിലും വലിയൊരു അഗ്നികുണ്ഡം ഉള്ളിൽ എരിയുന്നുണ്ട്. എന്തുവന്നാലും കുട്ടികളുടെ മുൻപിൽ പതറാൻ പാടില്ല. തീനാളങ്ങളിലേക്കു നോക്കി നിൽക്കെ ഉള്ളിലെ പക ആളിക്കത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"എനിക്ക് പേടിയാവുന്നു അമ്മേ.. അയാൾ വരും... വന്നാൽ" "മോളിങ്ങനെ പേടിക്കല്ലേ. അമ്മയല്ലേ പറയുന്നത്. ആരും മോളെ ഒന്നും ചെയ്യില്ല." അടുപ്പിലെ തീക്കനലുകളുടെ ചൂടിൽ നന്നേ വിയർത്തിരുന്നു. പക്ഷേ അതിലും വലിയൊരു അഗ്നികുണ്ഡം ഉള്ളിൽ എരിയുന്നുണ്ട്. എന്തുവന്നാലും കുട്ടികളുടെ മുൻപിൽ പതറാൻ പാടില്ല. തീനാളങ്ങളിലേക്കു നോക്കി നിൽക്കെ ഉള്ളിലെ പക ആളിക്കത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൈവനിയതികൾ (കഥ)

വെളിച്ചെണ്ണയിൽ ഉള്ളിയും തക്കാളിയും മസാലയും ഉടഞ്ഞുചേർന്നു വായിൽ വെള്ളമൂറുന്ന നറുമണം അടുക്കളയിലെങ്ങും നിറഞ്ഞു നിന്നു. കഴുകിവാരി വെച്ചിരുന്ന ഇറച്ചിക്കഷണങ്ങൾ വെന്തമസാലയിലേക്കു വാരിയിട്ട്, വിറകുകൊള്ളികൾ ഒതുക്കി അടുപ്പിലെ തീയൊന്നു കുറച്ചു. ചെറുതീയിൽ വെന്താലേ ഇറച്ചിക്കറിക്ക് സ്വാദ് വരൂ. മറ്റേ അടുപ്പിലിരുന്ന കപ്പ ഉടയ്ക്കാൻ വേവായിട്ടുണ്ട്. അരകല്ലിൽ പുഴുക്കിനുള്ള അരപ്പ് ഒതുക്കിയെടുത്തു. വെന്ത കപ്പ വെള്ളം ഊറ്റിക്കളഞ്ഞു അരപ്പുചേർത്തു നന്നായി ഉടച്ചുകൊണ്ടിരിക്കുമ്പോഴാണ് വിച്ചു അരികിലായി വന്നു നിന്നത്. "അമ്മ ഇന്നെന്തിനാ കപ്പയും കോഴിക്കറിയും ഉണ്ടാക്കിയത്." അവന്റെ നോട്ടം ഉരുളിയിലെ ഇറച്ചിക്കഷണങ്ങളിലാണ്. "അതെന്താ വിച്ചൂട്ടൻ അങ്ങനെ ചോദിച്ചത്." "എന്തെങ്കിലും വിശേഷം ഉള്ളപ്പോൾ അല്ലേ അമ്മ ഇറച്ചിക്കറി വെയ്ക്കുന്നത്. ഇന്നെന്താ വിശേഷം." "ഇന്ന് അച്ഛൻ വരുമല്ലോ... അതു തന്നെ വിശേഷം." "അച്ഛൻ വര്വോ...." അവന്റെ കുഞ്ഞുകണ്ണുകളിൽ ഭയം നിറഞ്ഞു. ഒൻപതുവയസ്സുകാരന്റെ കണ്ണിലെ ഭയത്തിന്റെ ആഴം കണ്ടപ്പോൾ ആത്മനിന്ദ തോന്നി. "അച്ഛൻ വരുന്നതിനു മുൻപ് മോനും ചേച്ചിയും കഴിച്ചിട്ട് താഴേ വീട്ടിൽ മിനിയാന്റിയുടെ അടുത്തിരുന്നോണം കേട്ടോ. രാവിലെ അമ്മ വിളിക്കാൻ വരാം, അന്നേരം ഇങ്ങോട്ടു വന്നാൽ മതി." "അച്ഛനിന്നും അമ്മേ തല്ലുവോ." "ഏയ് ...ഇല്ല. ഇനി അച്ഛൻ അമ്മയേം നിങ്ങളേം ഒന്നും ഉപദ്രവിക്കില്ല കേട്ടോ."

ADVERTISEMENT

കട്ടിളപ്പടിയിൽ ചാരിനിന്നു വൈഷു ഭയത്തോടെ നോക്കുന്നത് കൺകോണുകളാൽ കണ്ടു. എന്റെ മറുപടിയിൽ ആശ്വാസം കണ്ടെത്തി വിച്ചു അടുക്കള മുറ്റത്തേക്കിറങ്ങി. അവന്റെ നോട്ടം  പഞ്ചായത്തു റോഡിന്റെ അങ്ങേയറ്റത്തേക്കാണ്. സന്ധ്യ മയങ്ങുന്നേയുള്ളൂ. ഇരുട്ടിനെ കീറിമുറിച്ചു ബൈക്കിന്റെ ഇരമ്പം ഏതു നിമിഷവും മുറ്റത്തേക്ക് എത്താം. വൈഷു അരികിലേക്ക് വന്നു എന്നോടൊട്ടി നിന്നു. "എനിക്ക് പേടിയാവുന്നു അമ്മേ.. അയാൾ വരും... വന്നാൽ" "മോളിങ്ങനെ പേടിക്കല്ലേ. അമ്മയല്ലേ പറയുന്നത്. ആരും മോളെ ഒന്നും ചെയ്യില്ല." അടുപ്പിലെ തീക്കനലുകളുടെ ചൂടിൽ നന്നേ വിയർത്തിരുന്നു. പക്ഷേ അതിലും വലിയൊരു അഗ്നികുണ്ഡം ഉള്ളിൽ എരിയുന്നുണ്ട്. എന്തുവന്നാലും കുട്ടികളുടെ മുൻപിൽ പതറാൻ പാടില്ല. തീനാളങ്ങളിലേക്കു നോക്കി നിൽക്കെ ഉള്ളിലെ പക ആളിക്കത്തി. കറി വെന്തു പാകമായിട്ടുണ്ട്. "മോളു വിച്ചുവിനെ വിളിച്ചിട്ടു വാ. വന്നു രണ്ടുപേരും നിറയെ കഴിച്ചേ" രണ്ടു പാത്രങ്ങളിൽ കുട്ടികൾക്ക് കപ്പയും ഇറച്ചിയും വിളമ്പി. ചൂട് വകവെയ്ക്കാതെ വിച്ചു ആർത്തിയോടെ കഴിക്കുന്നുണ്ട്. വൈഷു ആശങ്കയും ഭയവും കണ്ണിൽ നിറച്ചു എന്നെ നോക്കിയിരിക്കുന്നുണ്ട്. അവളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങളുണ്ട്. അതിനെ വളരാൻ അനുവദിച്ചു കൂടാ, കണക്കുകൂട്ടലുകളൊക്കെ തെറ്റും. ഒരു പ്ലേറ്റിൽ കുറച്ചു കപ്പയും കറിയും വിളമ്പി കുട്ടികൾക്കൊപ്പം ഇരുന്നു. ഇനിയിങ്ങനെയൊരു നേരം ഉണ്ടായില്ലെങ്കിലോ. അവരോട് കളിപറഞ്ഞു സാവധാനം കഴിച്ചു. അത് കണ്ടിട്ട് വൈഷുവിന്റെ മുഖവും തെളിഞ്ഞിട്ടുണ്ട്. ചെറിയൊരു തൂക്കുപാത്രത്തിൽ കുറച്ചു കോഴിക്കറി പകർന്നു വെച്ചു. "വൈഷു... അമ്മ ഒന്ന് കുളിച്ചിട്ടു വരാം. അച്ഛൻ വരികയാണെങ്കിൽ പെട്ടെന്ന് തന്നെ മിനിയാന്റിയുടെ വീട്ടിലേക്കു പൊയ്ക്കോണം. പോവുമ്പോൾ ആ തൂക്കുപാത്രം കൂടി എടുത്തേക്കണം. അവർക്കുള്ള പങ്കാണ്."

പുറത്തെ കുളിമുറിയിൽ പെട്ടെന്ന് കുളിച്ചു വേഷം മാറി വന്നു. തേക്കാത്ത ഭിത്തിയുടെ ഒരുകോണിൽ തറച്ച പലകയ്ക്ക് മേൽ ഉപവിഷ്ടരായിരിക്കുന്ന ദൈവങ്ങളുടെ  നിറം മങ്ങിയ ഫോട്ടോകൾക്ക് മുൻപിൽ കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ച ചെറിയ നിലവിളക്കിൽ തിരി തെളിയിച്ചു വെറുതെ നോക്കിനിന്നു. എവിടെയോ കേട്ട പരസ്യവാചകം മനസ്സിലേക്കോടി വന്നു. ഓരോരുത്തർക്കും പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ. ഇന്നോളം എന്റെ പ്രാർഥനകൾക്ക് നേരെ കണ്ണടച്ചിട്ടേയുള്ളൂ. ഇന്നിപ്പോൾ ദൈവത്തിനോടാണോ ചെകുത്താനോടാണോ സഹായം അഭ്യർഥിക്കേണ്ടിയത്. അത്രത്തോളം വിചിത്രമാണല്ലോ ഇന്നത്തെ പ്രാർഥന. അയാൾ വരുന്നതിനു മുൻപ് തയാറെടുപ്പുകൾ ബാക്കിയുണ്ട്. ബൈക്ക് മുറ്റത്തേക്ക് വരുന്ന ശബ്ദം കേട്ടു. കുട്ടികൾക്കു പോകാൻ പറ്റിയിട്ടുണ്ടാവില്ല. അടുക്കളയിലേക്കോടി ചെന്നു. ഊഹം തെറ്റിയിട്ടില്ല. ഒരുമൂലയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന വൈഷുവിനു മുൻപിൽ ഒരു വഷളൻ ചിരിയോടെ അയാൾ നിൽക്കുന്നുണ്ട്. മേലാസകലം എരിഞ്ഞു കയറുന്നുണ്ടെങ്കിലും ഒന്നുമറിയാത്തതു പോലെ മോളെ വിളിച്ചുകൊണ്ട് അങ്ങോട്ട് ചെന്നു. "ഇന്നെന്താടീ ഒരു ആഘോഷം. രാത്രിയിൽ സൽക്കരിക്കാൻ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ" മൂടികൾ ഓരോന്നായി തുറന്നു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു. ആ ചോദ്യത്തിലെ വ്യംഗ്യം മനസ്സിലായില്ലെന്ന് മനഃപൂർവം നടിച്ചു. "ചെറിയ പൂവനെ അങ്ങു കൊന്നു. പിടക്കോഴികൾക്കു ഭയങ്കര ശല്യം." "അത് തരക്കേടില്ല.... ഇളം ഇറച്ചിക്ക് പ്രത്യേക സ്വാദാ." വൈഷുവിനെ കണ്ണുകൾ കൊണ്ടുഴിഞ്ഞു പ്രത്യേക താളത്തിൽ അയാൾ പറഞ്ഞു. “ഞാനൊന്നു കുളിച്ചിട്ടു വരാം.. കഴിക്കാൻ വിളമ്പിക്കോ." പോകുന്ന പോക്കിൽ അരയിൽ നിന്നും മദ്യക്കുപ്പിയൊരെണ്ണം മേശയിലേക്കു എടുത്തു വെയ്ക്കുന്നത് കണ്ടു. "മക്കൾ വേഗം പൊക്കോ" കുട്ടികളെ അയാൾ കാണാതെ ടോർച്ചും കൊടുത്തു കയ്യാലയിറക്കി താഴേ വീട്ടിലേക്കു പറഞ്ഞയച്ചു. വൈഷു ദയനീയമായി പലപ്രാവശ്യം തിരിഞ്ഞു നോക്കുന്നത് കണ്ടു.

ADVERTISEMENT

അയാൾ കുളിച്ചു വരുന്നതിനു മുൻപേ ചെയ്തു തീർക്കാൻ പണികളുണ്ട്. തോർത്തും ചുറ്റി കിണറ്റുകരയിൽ നിന്ന് വെള്ളം കോരി തലവഴി ഒഴിക്കുന്നത് ഒരുമാത്ര നോക്കി നിന്നു. സ്റ്റീൽ പാത്രത്തിൽ ചോറും കപ്പയും വിളമ്പി വെച്ചു. കുഴിയൻ പാത്രത്തിൽ കറി വിളമ്പിയിട്ടു പുറത്തേക്കു ഒന്നുകൂടി കണ്ണോടിച്ചു. സോപ്പ് തേച്ചു വിസ്തരിച്ചുള്ള കുളിയാണ്, കഴിയാൻ സമയമെടുക്കും. പാതകത്തിനടിയിലെ ടിന്നുകളിലൊന്നിൽ നിന്നും ചെറിയൊരു കുപ്പി കൈയിലെടുത്തു. അതിലുണ്ടായിരുന്ന ദ്രാവകം മുഴുവനും ഇറച്ചിക്കറിയിൽ ചേർത്തു നന്നായി ഇളക്കി. നന്നേ ബുദ്ധിമുട്ടിയാണ് ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇത് തരപ്പെടുത്തിയത്. കുപ്പി ചാരം കൂട്ടിവെച്ചിരുന്ന പഴയ അലുമിനിയം ബക്കറ്റിലേക്കു താഴ്ത്തി വെച്ചു. പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടരുത്. നേർത്തൊരു രൂക്ഷഗന്ധം ഇറച്ചിമണത്തെക്കാളും മുന്നിട്ട് നിൽക്കുന്നുണ്ട്. പതിവില്ലാതെ ഇന്ന് കുടിക്കാതെയാണ് വന്നിരിക്കുന്നതും. അല്ലെങ്കിൽ കുടിച്ചു ലക്കുകെട്ടാണ് വരുന്നത്. ആ പരുവത്തിൽ ആയിരുന്നെങ്കിൽ ഈ മണത്തിന്റെ വ്യത്യാസം മനസ്സിലാകില്ലായിരുന്നു. തൽക്കാലം പ്രാർഥിക്കുക മാത്രമേ നിവർത്തിയുള്ളൂ. അയാൾ കുളികഴിഞ്ഞു മുണ്ടുമാറ്റി വരുന്നത് കണ്ടു. വിളമ്പി വെച്ചിരുന്നതൊക്കെ മേശയിലേക്കു വെയ്ക്കുമ്പോൾ ഉള്ളിലെ സംഭ്രമം പുറത്തു കാട്ടാതിരിക്കാൻ ശ്രദ്ധിച്ചു. "അവളെന്തിയെടീ" "പഠിക്കുന്നു" "കൊറേ പഠിച്ചിട്ടെന്തിനാ. അവൾക്ക് വേറെ പലതിലും അല്ല്യോ താൽപര്യം. സീരിയലിൽ അഭിനയിപ്പിക്കാൻ താൽപര്യം ഉണ്ടോന്നു എന്നോടൊരാൾ ചോദിച്ചു. ആയിക്കോട്ടേന്നു ഞാൻ പറഞ്ഞു. അവളെ ഒന്ന് അവിടം വരെ കൊണ്ടുചെല്ലാൻ പറഞ്ഞിട്ടുണ്ട്. നാളെ പോണം, രാവിലെ ഒരുങ്ങി നിൽക്കാൻ പറഞ്ഞേക്ക്." അയാളുടെ കണ്ണുകളിൽ തൃഷ്ണയുടെ വേലിയേറ്റം കണ്ടു. ഇതിനു പിന്നിലെ ഉദ്ദേശം എന്തായിരിക്കുമെന്ന വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഇപ്പോൾ ക്ഷമ കാണിക്കുന്നതാണ് ബുദ്ധി, ഒരു വാഗ്വാദത്തിനുള്ള സമയമല്ല. അയാൾ പറഞ്ഞതിനൊക്കെയും സമ്മതമെന്നു അറിയിച്ചു കൊണ്ട് വെറുതെ മൂളി.

കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കാൻ തുടങ്ങുന്നത് കണ്ടു. നിമിഷങ്ങൾ എണ്ണി കാത്തു നിന്നു. കൃത്യം ആ സമയത്തു തന്നെ മേശമേലിരുന്ന മൊബൈലൊന്നു മൂളി.  പേര് കണ്ടതും അയാൾ ധൃതിയിൽ ഫോൺ എടുക്കുന്നതും സംസാരിക്കുന്നതും കണ്ടു. "ഇതൊക്കെയൊന്ന് അടച്ചു വെച്ചേക്ക്. ഞാൻ പോയിട്ട് ഉടനെ വരും" ഷർട്ടിന്റെ കുടുക്കുകൾ ഇട്ടു ബൈക്കിന്റെ താക്കോലുമായി ധൃതിയിൽ ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു. ബൈക്കിന്റെ ഹെഡ് ലൈറ്റുകൾ അകന്നു പോകുന്നതൊരു ഇച്ഛാഭംഗത്തോടെ നോക്കിനിന്നു. കതക് കുറ്റിയിട്ട് കട്ടിലിന്മേൽ പോയിരുന്നു. ആ ഫോൺ വന്നില്ലായിരുന്നുവെങ്കിൽ എല്ലാം ഉദ്ദേശിച്ചത് പോലെ നടക്കുമായിരുന്നു. ഇന്നിനി വരുമോയെന്നു പോലും ഉറപ്പില്ല. പെട്ടെന്ന് കരണ്ടു പോയി, ചുറ്റും ഇരുട്ട് പരന്നു. അവിടെ നിന്നും എഴുന്നേൽക്കാനോ മെഴുകുതിരി കൊളുത്തിവെയ്ക്കാനോ തോന്നിയില്ല. ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളിൽ ഇതേപോലെ ഇരുട്ട് കട്ടപിടിച്ചു നിൽക്കുന്നു. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. തന്നെക്കാളും പതിമൂന്നു വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു അയാൾക്ക്‌. പേര് രഘുനാഥൻ, ഫാക്ടറിയിൽ മെക്കാനിക്കാണെന്നാണ് ബ്രോക്കർ പറഞ്ഞത്. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ അമ്മാവന്റെ വീട്ടിലെ അഭയാർഥികളായിരുന്നു അമ്മയും ഞാനും. ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു ചുമതല തീർക്കണമെന്നേ അമ്മാവൻ കരുതിയിരുന്നുള്ളൂ. കല്യാണദിവസം രാത്രി മുതൽ തുടങ്ങിയ കൊടിയ യാതനകളാണ് പതിനാലുകൊല്ലമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഒരു മോളും മോനും ജനിച്ചു. പതിമൂന്നു വയസ്സുകാരി വൈഷ്‌ണവിയും ഒൻപതു വയസ്സുകാരൻ വൈശാഖും. കടുത്ത സംശയരോഗിയാണ് അയാൾ. പുറത്തിറങ്ങാനോ ആരോടെങ്കിലും സംസാരിക്കാനോ അനുവാദമില്ല. അങ്ങനെ എന്തെങ്കിലും കണ്ടുപോയാൽ അന്ന് പിന്നെ കാളരാത്രിയാണ്. ഫാക്ടറിയിലെ പണിയൊന്നുമല്ല, നടേശൻ മുതലാളിയുടെ ഗുണ്ടയാണ്‌. ആ സ്വാധീനം ഉപയോഗിച്ച് ഏത് കേസിൽനിന്നും നിഷ്പ്രയാസം തലയൂരും. നാട്ടുകാർക്കൊക്കെ ഭയവും വെറുപ്പുമാണ് രഘുനാഥനെ. ഈ വീട്ടിൽ എന്ത് നടന്നാലും ആരും തിരിഞ്ഞുനോക്കുക പോലുമില്ല. പിന്നെയും ലേശം മനഃസാക്ഷിയുള്ളത് താഴെവീട്ടിലെ മിനിക്കാണ്. തീരെ സഹികെടുമ്പോൾ മക്കളെ അയാൾ കാണാതെ അങ്ങോട്ട് പറഞ്ഞുവിടും. ഞാനൊരാൾ മാത്രം അടിയും ചവിട്ടും കൊണ്ടാൽ മതിയല്ലോ.

ADVERTISEMENT

മോൾ ഉണ്ടായപ്പോൾ തുടങ്ങിയ സംശയമാണ്. ഇരുണ്ടനിറക്കാരായ ഞങ്ങൾ ഇരുവരെയും പോലെയല്ല അവൾ. വെളുത്തു തുടുത്തു നീണ്ടമുടിയും വിടർന്ന കണ്ണുകളുമൊക്കെയായി ഒരു സുന്ദരിക്കുട്ടിയാണ് വൈഷു. എന്റെ അമ്മയുടെ നിറവും ശരീരപ്രകൃതിയുമാണ് അവൾക്കു കിട്ടിയിരിക്കുന്നത്. അവൾ തന്റെ മകൾ അല്ലെന്നാണ് രഘുനാഥന്റെ സംശയം. ആദ്യമൊക്കെ അവളോട് വെറുപ്പായിരുന്നുവെങ്കിൽ വൈഷു ഋതുമതിയായതിനു ശേഷം ആസക്തി നിറഞ്ഞ കണ്ണുകളോടെയാണ് സ്വന്തം ചോരയെ  അയാൾ കാണുന്നത്. അയാളിലെ മാറ്റങ്ങളെ എനിക്ക് തിരിച്ചറിയാനായില്ല. കഴിഞ്ഞദിവസം മോളുടെ ക്ലാസ്സ് ടീച്ചർ ഒന്ന് കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ അച്ഛൻ അവളോട് മോശമായി പെരുമാറുന്നുവെന്നു വൈഷു പറഞ്ഞുവത്രേ. ഭൂമി പിളർന്നു താഴേക്ക് പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാണ് ആ നിമിഷം ആഗ്രഹിച്ചത്. അന്ന് രാത്രി അവളോട് അയാൾ കാണിക്കുന്ന വൈകൃതങ്ങളെപ്പറ്റി മോളെന്നോട് കരഞ്ഞു പറഞ്ഞു. അതേപ്പറ്റി ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയാണ്. "പത്തു പതിമൂന്നു കൊല്ലമായി തീറ്റിപ്പോറ്റുന്നതല്ലേ. അത് ഞാൻ മുതലാക്കും." ആ നിമിഷം മുതൽ ഉള്ളിൽ എരിയുന്ന പകയാണ്. എങ്ങനെയും എന്റെ മകളെ അയാളിൽ നിന്നും രക്ഷിക്കണം. അയാൾ ഭിക്ഷപോലെ വല്ലപ്പോഴും എറിഞ്ഞുതരുന്ന ഏതാനും നോട്ടുകളാണ് ആകെയുള്ള മാർഗ്ഗം. എന്ത് ജോലിയും ചെയ്യാൻ തയാറാണ്. പക്ഷേ വീടിനു പുറത്തിറങ്ങാൻ പോലും അയാളുടെ അനുവാദം വേണം. എന്നും വീട്ടിലേക്കു വരവുണ്ടാകില്ല, എന്നാലും ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായി അറിയുന്നുണ്ടാവും. വാരാന്ത്യങ്ങളിൽ മിക്കവാറും വരും, ഈയിടെയായി പ്രത്യേകിച്ചും.

എന്റെ നരകജീവിതം കണ്ട്‌ നെഞ്ചുപൊട്ടിയാണ് അമ്മ മരിച്ചത്. വളരെ യാദൃച്ഛികമായാണ് വൈഷുവിനു വിലപറഞ്ഞുറപ്പിച്ച തെളിവ് അയാളുടെ മൊബൈലിൽ ദൈവം കാട്ടിത്തന്നത്. എന്റെ കുഞ്ഞിനെ ആ നരാധമനിൽ നിന്ന് രക്ഷിക്കണം അത് മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ. അയാളെ കൊല്ലുക എന്നുള്ളതല്ലാതെ അതിനു മറ്റൊരു മാർഗ്ഗവും കാണുന്നില്ല. ഒരുപാട് ആലോചിച്ചു തയാറാക്കിയ പ്ലാൻ ആയിരുന്നു. അഥവാ ജയിലിൽ പോകേണ്ടിവന്നാലും കുട്ടികളെ ഏൽപിക്കാൻ ഒരു അനാഥാലയം കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു, അയാൾ വന്നതേയില്ല. നാളെ വൈഷുവിനെ അയാൾ കൊണ്ടുപോകാൻ ശ്രമിക്കും. കായബലം കൊണ്ട് തനിക്കയാളെ തടയാൻ കഴിയില്ല. ചിന്താഭാരം കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു. വാതിലിൽ ആരോ തുടരെ തുടരെ തട്ടി വിളിക്കുന്നത് കേട്ടാണ് ഉണർന്നത്. പെട്ടെന്ന് എഴുന്നേറ്റപ്പോൾ സ്ഥലകാലബോധം കിട്ടിയില്ല. നേരം വെളുത്തോ. മുറിയിൽ ലൈറ്റുണ്ട്, പതിനൊന്നര ആയിട്ടേയുള്ളൂ. മൂടിവച്ച ആഹാരം അതേപടി ഇരിക്കുന്നത് കണ്ടപ്പോൾ ഉള്ളു നീറി. വീണ്ടും ആരോ വിളിക്കുന്നുണ്ട്. അയാൾ തിരികെ വന്നതാകും. പുറത്താരൊക്കെയോ സംസാരിക്കുന്നു, ഒറ്റക്കല്ല ആളെയും കൂട്ടിയാണ് വന്നിരിക്കുന്നത്. വെട്ടുകത്തി കൈയ്യിലെടുത്തു വെച്ചു, മറ്റേക്കൈ കൊണ്ട് ജനൽ പാളി തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി. ജനൽ വാതിൽക്കൽ എന്റെ മുഖം കണ്ടതും മുറ്റത്തെ സംസാരം നിലച്ചു. ടോർച്ചിന്റെ വെളിച്ചത്തിൽ അയാളുടെ ചില സുഹൃത്തുക്കളെ കണ്ടു, ഒപ്പം അയൽവക്കക്കാരുമുണ്ട്.

"സുമിത്രേ... കതകൊന്നു തുറന്നേ. ഒരുകാര്യം പറയാനുണ്ട്" കിഴക്കേതിലെ ബാബുവേട്ടനാണ്. വെട്ടുകത്തി മാറ്റിവെച്ചു കതകു തുറന്നു മുറ്റത്തേക്ക് ചെന്നു. "അത് മോളേ... രഘുവിനൊരു ആക്‌സിഡന്റ്, കുറച്ചു സീരിയസാണ്. ഒന്നാശുപത്രി വരെ പെട്ടെന്ന് പോകണം." സ്വപ്നം കാണുകയാണോ എന്നാണ് സംശയിച്ചത്. കുറെ നിമിഷങ്ങൾ പകച്ച മുഖത്തോടെ അവരെ നോക്കിനിന്നു. പിന്നെ വീടിനുള്ളിലേക്ക് ഓടിക്കയറി. ദൈവങ്ങൾക്ക് മുന്നിൽ ഒരുമാത്ര കൈകൂപ്പി നിന്നു. എന്നെ കൊലയാളി ആക്കിയില്ലല്ലോ... നന്ദി. ജീവനോടെ അവൻ ഈ വീടിന്റെ പടി കടക്കരുതേയെന്നൊരു മൗനപ്രാർഥനയും കൂടി ഉണ്ടായിരുന്നു. ആദ്യം തന്നെ  ചോറും കറികളും കൂടി  ഒരു പ്ലാസ്റ്റിക്കിൽ കെട്ടി കൂടയിലേക്കിട്ടു, തിടുക്കത്തിൽ വേഷം മാറി വന്നു. സങ്കടത്തിന്റെ മുഖാവരണമണിഞ്ഞിരുന്നു, അതിനു മാറ്റു കൂട്ടുവാനെന്നോണം ഏതാനും കണ്ണുനീർതുള്ളികളും. അത് ആനന്ദാശ്രുക്കളായിരുന്നുവെന്നു മറ്റാരുമറിഞ്ഞില്ല. ഒപ്പമുള്ളവർ കാരണമറിയാതെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു. അത് കേൾക്കുമ്പോൾ അയാൾ തീർത്തും ഗുരുതരാവസ്ഥയിലാണെന്നു മനസ്സിലായി. നടേശൻ മുതലാളി വിളിപ്പിച്ചിട്ടു അത്യാവശ്യമായി പോയതാണ്. എതിർദിശയിൽ നിന്നു വന്ന ഒരു ബസുമായി കൂട്ടിയിടിച്ചു. ഇപ്പോൾ വെന്റിലേറ്ററിലാണ്. ദൈവം ഉണ്ടെന്നുള്ളതിനു ഇതിൽപരം വലിയ എന്തു തെളിവ് വേണം. അയാൾ തിരിച്ചു വരരുത്, അത്രേയുള്ളു പ്രാർഥന. ഒരു രാവും പകലും അങ്ങനെ കടന്നുപോയി. താഴേവീട്ടിലെ മിനി മക്കളെ രാവിലെ ആശുപത്രിയിലേക്ക് കൊണ്ട് വന്നിരുന്നു. സങ്കടത്തെക്കാളേറെ സന്തോഷമാണ് കുട്ടികളുടെ മനസ്സിലും. പിറ്റേന്ന് ഡോക്ടർ എന്നെ മുറിയിലേക്ക് വിളിപ്പിച്ചു.

"സുമിത്രയോട് ഇങ്ങനെയൊരു കാര്യം പറയേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്." ഒരു മുഖവുരയോടെ ഡോക്ടർ തുടങ്ങി വെച്ചു. ഞാൻ കാതുകൂർപ്പിച്ചു കാത്തിരുന്നു. "രഘുനാഥന്റെ ആരോഗ്യനിലയിൽ പുരോഗതിയൊന്നുമില്ല. മസ്തിഷ്‌ക്കമരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയൊരു മടങ്ങിവരവ് സാധ്യമല്ല." ഉള്ളിൽ നുരഞ്ഞുപൊന്തുന്ന ആഹ്ലാദം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. കണ്ണീരണിഞ്ഞ മുഖവും ഇടറിയ സ്വരവുമായി മുഖമുയർത്തുമ്പോൾ നല്ലൊരു അഭിനേത്രിയാണെന്ന് സ്വയം അംഗീകരിച്ചു. "രഘുനാഥന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സുമിത്രക്ക് സമ്മതമുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്." ഇല്ല എന്ന അർഥത്തിൽ ശിരസ്സു ചലിപ്പിച്ചു. "നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. കണ്ണുകൾ, വൃക്കകൾ, കരൾ, ഹൃദയം ഇവക്കൊക്കെയായി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. മിക്കവരും മരണം മുന്നിൽക്കണ്ട് കഴിയുന്നവർ. അവയവദാനം എത്രയോ വലിയ പുണ്യ  പ്രവർത്തിയാണ്. ഒന്നാലോചിച്ചു നോക്കൂ, എത്ര പേരിലൂടെ നിങ്ങളുടെ ഭർത്താവ് പുനർജീവിക്കും." ഡോക്ടർ എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അത് തന്നെയാണ് എന്റെ പ്രശ്നമെന്ന് എങ്ങനെയാണു നിങ്ങളോട് പറയുക. ഭൂമിയിൽ അയാളുടേതായ ഒരു അടയാളങ്ങളും അവശേഷിക്കാൻ ഞാനോ എന്റെ മക്കളോ ആഗ്രഹിക്കുന്നില്ല. പിന്നെ അങ്ങനെയൊരു പുണ്യം... അതയാൾ ഒട്ടും അർഹിക്കുന്നില്ല. മരണാനന്തര ജീവിതം എന്നതൊരു വാസ്തവമാണെങ്കിൽ ഇങ്ങനെയൊരു പുണ്യത്തിന്റെ പേരിൽ ഒരു സൗജന്യങ്ങളും അയാൾക്ക്‌ ലഭിക്കരുത്. അതൊരു വാശിയായിരുന്നു. നടേശൻ മുതലാളി സഹായത്തിനു ഏർപ്പെടുത്തിയവരും നാട്ടുകാരിൽ ചിലരും വിവരങ്ങളറിയാൻ പുറത്തു കാത്തു നിൽക്കുന്നുണ്ട്. ഞാൻ അവയവദാനത്തിന് സമ്മതിക്കുന്നില്ല എന്ന വിവരം ഡോക്ടർ അവരോടും പങ്കുവെച്ചു. സ്നേഹമയിയായ ഭാര്യയുടെ മൂടുപടമണിഞ്ഞു എന്റെ മുൻപിലേക്ക് വന്ന ശുപാർശകളെ നിർദാക്ഷിണ്യം മടക്കി.

ആശുപത്രി വരാന്തയിൽ കുട്ടികളെയും ചുറ്റിപ്പിടിച്ചു കൂനിക്കൂടിയിരുന്ന എന്റെ മുൻപിലേക്ക് ആദ്യമെത്തിയത് വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധമായിരുന്നു. ഇരുകൈകളും കൂപ്പി എന്റെ മുൻപിലേക്ക് ഒരു യുവാവും യുവതിയും വന്നു. അവരുടെ രൂപത്തിലും ഭാവത്തിലും സമ്പന്നത വിളിച്ചോതുന്നുണ്ട്. അവരുടെ ഒരേയൊരു മകൻ ആരോമലിന് വിച്ചുവിന്റെ പ്രായമാണ്. ജന്മനാ ഹൃദയത്തിനു വൈകല്യവുമായി ജനിച്ച കുഞ്ഞാണ്. എത്രയും പെട്ടെന്ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയേ കഴിയൂ എന്നൊരവസ്ഥയിലാണ് കുട്ടി. രഘുനാഥന്റെ ഹൃദയം ആരോമലിനു ചേരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. അവനുവേണ്ടി അവർ എന്നോട് യാചിച്ചപ്പോൾ സാധ്യമല്ല എന്ന് പറയാനായില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവയവദാനത്തിനുള്ള സമ്മതപത്രികയിൽ ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. തുന്നിക്കെട്ടിയ അയാളുടെ ശരീരവുമായി വീട്ടിലേക്കു മടങ്ങും മുൻപ് കരളും കണ്ണും കിഡ്‌നിയുമൊക്കെ പകുത്തു കിട്ടിയ പലരും കൂപ്പിയ കൈകളും നിറഞ്ഞ കണ്ണുകളുമായി എന്റെ മുൻപിലേക്ക് വന്നു. "ഈ ജീവിതം കൊണ്ട് നിങ്ങളോടു കടപ്പെട്ടിരിക്കുന്നു സഹോദരീ. നിങ്ങളുടെ ഭർത്താവു ഞങ്ങൾക്ക് ദൈവത്തെ പോലെ കാണപ്പെട്ടവൻ." അത് കേൾക്കെ ഉള്ളിൽ ചിരിച്ചു. ദൈവത്തിന്റെ നിയതികൾ എത്ര വിചിത്രമാണ്. ആംബുലൻസിൽ ഇരിക്കുമ്പോൾ ഞാൻ ആലോചിച്ചു. ഇന്നലത്തെ ഒരു രാത്രി കൊണ്ട് മാറിമറിഞ്ഞത് എത്രയെത്ര ജീവിതങ്ങളാണ്. ചെകുത്താനെ പുണ്യാളനാക്കുന്ന കരവിരുത് ദൈവമേ നിനക്കല്ലാതെ മറ്റാർക്കു സാധ്യമാവും.

Content Summary: Malayalam Short Story ' Daivaniyathikal ' written by Sajitha Abhilash