വില്ലൻ, ചതി, കൊലപാതകം; അച്ഛൻ പറഞ്ഞ കഥ തന്റെ ജീവിതമാണെന്ന് അവൾ അറിഞ്ഞപ്പോൾ വൈകിപ്പോയി..
ഇത് പോലൊരു വേല നടന്ന ദിവസമായിരുന്നു ജാനകിയുടെ അമ്മ വസുധയെയും കാണാതായത്. എത്രയൊക്കെ തിരഞ്ഞും കണ്ടെത്താൻ കഴിഞ്ഞില്ല. സാധാരണ വേലദിവസം രാത്രി കാണാതാകുന്നവരെയൊന്നും പിന്നീടാ നാട്ടിലാരും കണ്ടിട്ടില്ല. പക്ഷെ പതിവിനു വിപരീതമായി പിറ്റേ ദിവസം വലിയം തോട്ടിൽ വസുധയുടെ ശവം പൊന്തി.
ഇത് പോലൊരു വേല നടന്ന ദിവസമായിരുന്നു ജാനകിയുടെ അമ്മ വസുധയെയും കാണാതായത്. എത്രയൊക്കെ തിരഞ്ഞും കണ്ടെത്താൻ കഴിഞ്ഞില്ല. സാധാരണ വേലദിവസം രാത്രി കാണാതാകുന്നവരെയൊന്നും പിന്നീടാ നാട്ടിലാരും കണ്ടിട്ടില്ല. പക്ഷെ പതിവിനു വിപരീതമായി പിറ്റേ ദിവസം വലിയം തോട്ടിൽ വസുധയുടെ ശവം പൊന്തി.
ഇത് പോലൊരു വേല നടന്ന ദിവസമായിരുന്നു ജാനകിയുടെ അമ്മ വസുധയെയും കാണാതായത്. എത്രയൊക്കെ തിരഞ്ഞും കണ്ടെത്താൻ കഴിഞ്ഞില്ല. സാധാരണ വേലദിവസം രാത്രി കാണാതാകുന്നവരെയൊന്നും പിന്നീടാ നാട്ടിലാരും കണ്ടിട്ടില്ല. പക്ഷെ പതിവിനു വിപരീതമായി പിറ്റേ ദിവസം വലിയം തോട്ടിൽ വസുധയുടെ ശവം പൊന്തി.
കുന്നിൻ മുകളിൽ മഴ പതിയെ വിടപറഞ്ഞു പോവുകയായിരുന്നു. ജാനകി അവളുടെ മുറിയിലെ ജനാലക്കരികിലിരുന്ന് പുറത്തേക്ക് നോക്കി. മഴ പെയ്തൊഴിഞ്ഞ പുതുമണ്ണിന്റെ മണം ഇതുവരെ വിട്ടു മാറിയിട്ടില്ല. അവൾ ഒന്ന് കൂടി ആ മണം വലിച്ചെടുത്തു ആസ്വദിച്ചു. പുറത്തേക്ക് നോക്കുമ്പോൾ കറുകറുത്ത ഇരുട്ടാണ്. ചിന്തിച്ചു ചിന്തിച്ചു കാടുകയറിത്തുടങ്ങിയപ്പോഴാണ് പെട്ടെന്നവളുടെ പുറകിൽ ഒരു തട്ട് കിട്ടിയത്; ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കൗസല്യ, ജാനകിയുടെ അച്ഛമ്മയാണ്. "എന്താ ജാനിക്കുട്ടിയെ, ഇന്നുറങ്ങുന്നില്ലേ?" "അച്ഛൻ വന്നില്ലാലോ അച്ഛമ്മേ?" "അച്ഛൻ വന്നോളും, നീയുറങ്ങാൻ നോക്ക് മോളെ" "ഞാൻ അച്ഛൻ വന്നിട്ടുറങ്ങിക്കോളാം" "ഇനിയും നീ ഇങ്ങനെ വാശി പിടിക്കരുത്, നീയിപ്പോൾ കൊച്ചുകുട്ടിയൊന്നുമല്ല. ഈ വരണത് നിന്റെ പത്താമത്തെ പിറന്നാളാ…" "അത് കൊണ്ടെന്താ? എനിക്കച്ഛനെ കാണാതെ ഉറക്കം വരില്ലെന്നച്ഛമ്മക്ക് അറിയാമല്ലോ?" കൗസല്യ വാത്സല്യത്തോടെ ജാനകിയെ നോക്കി.“പാവം.. അമ്മയില്ലാത്ത കുഞ്ഞല്ലേ? അച്ഛനാണല്ലോ അവൾക്കെല്ലാം, ആ.. എന്തെങ്കിലും ആകട്ടെ!” കൗസല്യ മനസ്സിൽ കരുതി. "എന്നാൽ ആ ജനാലയെങ്കിലും അടക്ക്.. എന്തൊരു ഇരുട്ടാ പുറത്ത്.. ഇന്ന് വേല നടന്ന ദിവസാ.. അറിയാലോ! നിനക്ക് പേടിയില്ലേ പെണ്ണെ?" "പിന്നെ എല്ലാരും അച്ഛമ്മയെ പോലെ പേടിത്തൂറികളാകോ? ഞാൻ പൊലീസുകാരൻ രവിയുടെ മോളാ" ജാനകി അഭിമാനത്തിൽ പറഞ്ഞു. "നീ ആ രവിടെ മോളാണെങ്കിൽ ഞാനാ രവിയെ പെറ്റ തള്ളയാ. എന്റെ മോൾ ആ ജനൽ അങ്ങോട്ടടച്ചാട്ടെ..." "അപ്പോൾ അച്ഛമ്മയും രാവുണ്ണിപണിക്കർ പറഞ്ഞത് വിശ്വസിക്കുന്നുണ്ടോ?" "അല്ലേൽ നീ തന്നെ പറ, ഈ കാണാതാകുന്നവരൊക്കെ ഇതെങ്ങോട്ടാ പോകുന്നെ? എന്തുകൊണ്ടാണ് ഒരിക്കൽ കാണാതായവരെ പിന്നെയാരും കാണാത്തത്?" അത് കേട്ടതും ജാനകിയുടെ മുഖം വിഷാദത്തിലേക്കു തിരികെ പോയി.
ഇത് പോലൊരു വേല നടന്ന ദിവസമായിരുന്നു ജാനകിയുടെ അമ്മ വസുധയെയും കാണാതായത്. എത്രയൊക്കെ തിരഞ്ഞും കണ്ടെത്താൻ കഴിഞ്ഞില്ല. സാധാരണ വേലദിവസം രാത്രി കാണാതാകുന്നവരെയൊന്നും പിന്നീടാ നാട്ടിലാരും കണ്ടിട്ടില്ല. പക്ഷെ പതിവിനു വിപരീതമായി പിറ്റേ ദിവസം വലിയം തോട്ടിൽ വസുധയുടെ ശവം പൊന്തി. ആരും ബലം പ്രയോഗിച്ചതിന്റെയോ കൊല്ലാൻ ശ്രമിച്ചതിന്റെയോ യാതൊരു തെളിവും പൊലീസിന് കിട്ടിയില്ല. തനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണിതൊക്കെ നടന്നതെങ്കിലും ഇന്നലെ നടന്ന പോലെ എല്ലാം ജാനകിക്കോർമ്മയുണ്ട്. പെട്ടന്നൊരു ദിവസം ഒന്നും പറയാതെ അമ്മ പോയത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അമ്മയെ ആലോചിക്കും തോറും ജാനകിക്ക് ഉള്ളു നീറുന്ന പോലെ തോന്നി. ഇതൊക്കെകണ്ടു കൊണ്ട് നിന്ന കൗസല്യയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ലെന്നു തോന്നി. "ഇനി പഴയതോരൊന്ന് ഓർത്തെടുക്കാൻ നിക്കണ്ട, പോയി കിടന്നുറങ്ങാൻ നോക്ക്.. ആ ജനൽ കൂട്ടിയടച്ചേക്ക്..." ഇതും പറഞ്ഞു കൊണ്ട് കൗസല്യ സ്വയം ജനൽ വലിച്ചടച്ചു. "ഞാൻ കുറച്ചേരം കൂടി ഇവിടിരിക്കട്ടെ അച്ഛമ്മേ.." ജാനകി കൊഞ്ചലോടെ ചോദിച്ചു. "പെണ്ണെ നിന്നു കൊഞ്ചാതെ പോയുറങ്ങു. ഇന്ന് തന്നെ നിനക്ക് ഇരുട്ടും നോക്കിയിരിക്കണമല്ലേ? ആ രാവുണ്ണിപണിക്കർ പറഞ്ഞത് നീയും കേട്ടതല്ലേ? ഇന്നും ഒരാളെ കാണാതാകും.. ഉറപ്പാ.. ഞാനാ ചെറുക്കന്റടുത്ത് നേരത്തെ വീട്ടിൽ കേറാൻ പറഞ്ഞതാ.. അപ്പൊ അവനു നാട്ടുകാരെ സേവിക്കണതാലോ മുഖ്യം?" "അച്ഛമ്മ കരിനാക്കെടുത്തോരോന്നു വളയ്ക്കാതെ.. അച്ഛൻ ഇപ്പൊ എത്തുമെന്നെന്നെ വിളിച്ചു പറഞ്ഞതാ..." "വന്നാ അവനു കൊള്ളാം. നാട്ടുകാരെല്ലാം വീട്ടിൽ കയറി വാതിലും പൂട്ടിയിരുപ്പാ ഇവിടത്തെ രക്ഷകൻ മാത്രം പുറത്ത്, അവൻ ഇന്നിങ്ങോട്ട് വരട്ടെ..."
"അച്ഛമ്മ ചുമ്മാ അച്ഛനെ വഴക്കു പറയാൻ നിൽക്കണ്ട. അച്ഛൻ കഴിഞ്ഞ തവണ എല്ലാരേം അങ്ങനെ ശ്രദ്ധിച്ചത് കൊണ്ടാ ആരെയും കാണാതാകാതിരുന്നത്." "ഓ.. നിന്റെ അച്ഛൻ വലിയ ആളു തന്നെ. സമ്മതിച്ചു." "എന്താ സംശയം? എന്റച്ഛനെ പോലെ ധൈര്യം ഈ നാട്ടിൽ വേറാർക്കാ ഉള്ളേ?" പെട്ടെന്നാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. "അച്ഛനാകും…" എന്നും പറഞ്ഞു കൊണ്ട് ജാനകി വാതിലിന്റെ അടുത്തേക്കു ഓടി. "നിക്ക് പെണ്ണെ… ആരാണെന്ന് നോക്കീട്ടു വാതിൽ തുറന്നാൽ മതി." അത് കേട്ടതും ജാനകി ഒന്നു മടിച്ചു നിന്നു. "അപ്പൊ പേടിയൊക്കെയുണ്ടല്ലേ?" കൗസല്യ ചിരിച്ചു കൊണ്ടു വാതിൽ തുറന്നു കൊണ്ടു പറഞ്ഞു. "നിന്റെ അച്ഛൻ തന്നെയാ ഞാൻ ജനലിൽ കൂടി കണ്ടു." ജാനകി ദേഷ്യത്തിൽ കൗസല്യയെ നോക്കി കൊണ്ടു നിന്നു. രവി അകത്തേക്ക് കയറിയതും ജാനകി ഓടി വന്നു രവിയെ കെട്ടിപ്പിടിച്ചു. "അച്ഛനെന്താച്ഛാ വൈകിയേ?" "ഇന്നത്തെ ദിവസത്തെ കുറിച്ച് മോൾക്കറിയണതല്ലേ?" രവി ജാനകിയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു. "അത് കൊണ്ടാ എനിക്ക് കൂടുതൽ പേടിയായത്. എന്നേം ഈ പെൺകൊച്ചിനേം തനിച്ചാക്കി ഈ പാതിരാത്രി വരെ നിനക്ക് നാട് നന്നാക്കണമല്ലേ?" കൗസല്യ പരിഭവത്തോടെ അവരുടെ സ്നേഹ പ്രകടനം കണ്ടു കൊണ്ട് ചോദിച്ചു. "അമ്മയെന്താ ഒന്നും അറിയാത്ത പോലെ പറയണേ... അമ്മയ്ക്കറിഞ്ഞു കൂടെ? ഈ രാത്രി ആരും തനിച്ചു പുറത്തുണ്ടാകരുതേയെന്നാണ് ഇപ്പോൾ പോലും എന്റെ പ്രാർഥന." "എന്റെ പൊന്നച്ഛമ്മേ ഇനിയേലും അച്ഛനെ വഴക്കു പറയാതിരി. അച്ഛൻ വന്നല്ലോ? ബാക്കി ചീത്ത നാളെയാകാം." ജാനകി കൗസല്യയെ മുറിയിലേക്ക് ചെറുതായി ഉന്തി കൊണ്ട് പറഞ്ഞു. "ഓ.. ഞാൻ ഇനി ഒന്നും പറയാനില്ലേ!! ഇനി നിങ്ങൾ അച്ഛനായി മോളായി." കൗസല്യ കെറുവിച്ചുകൊണ്ടകത്തേക്ക് കയറി പോയി.
"അപ്പോൾ ഞാൻ കുളിച്ചിട്ടു വരാം." "അച്ഛൻ ഇന്നെന്നെ കോവിലിൽ കൊണ്ട് പോകാമെന്ന് പറഞ്ഞു പറ്റിച്ചില്ലേ?" "അയ്യോ മോളെ, അച്ഛൻ മറന്നു പോയി!" "ങും… അതോണ്ട് ഞാൻ അച്ഛനോട് പിണക്കാ." ജാനകി മുഖം തിരിച്ചു നിന്നു. "ഈ പിണക്കം എന്ത് തന്നാലാ മാറാ?" "ഒന്നും തരേണ്ട, പക്ഷെ ഒരു കഥ പറഞ്ഞന്നാൽ ചെലപ്പോ മാറുമായിരിക്കും." "ഓഹോ… അപ്പോൾ കണ്ടിഷൻ ഒക്കെ ഉണ്ട്. വേറെ വഴിയില്ലലോ? ആ.... ആദ്യം അച്ഛൻ ഒന്ന് കുളിക്കട്ടെ." "കുളിയൊക്കെ പിന്നെ… അച്ഛന്റെ കഥ കേട്ടുറങ്ങാനാ ഞാൻ കാത്തിരുന്നെ." രവിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. "നിന്റെ അച്ഛമ്മ പറയണ പോലെ നിന്റെ വാശി കൂടി കൂടി വരാണല്ലോ." "അച്ഛമ്മ അങ്ങനെ പറഞ്ഞോ? ചോയ്ക്കണല്ലോ?" "ആ ഇനി ഈ രാത്രി തല്ലുണ്ടാക്കാൻ പൊക്കോ. ഇങ്ങു വാ… നിനക്കിപ്പോൾ ഒരു കഥ കേൾക്കണം. അത്രയല്ലേ ഉള്ളൂ." രവി മെല്ലെ കൗസല്യയുടെ മുറിയിലേക്ക് പോകാനൊരുങ്ങിയ ജാനകിയുടെ മുടിയിൽ വലിച്ചു. "ആ... വേദനിക്കണു അച്ഛാ..." "എന്നാ വാ… എനിക്ക് നിന്നെ ഒന്നുറക്കിയിട്ട് വേണം ഒന്ന് പോയി കുളിക്കാൻ." ഇതും പറഞ്ഞു കൊണ്ട് രവി ജാനകിയുടെ മുറിയിലേക്കു കയറി.
ജാനകി വേഗം തന്റെ കട്ടിലിൽ കയറിയിരുന്നു അടുത്ത് കിടന്നിരുന്ന ഒരു തലയിണയുമെടുത്തു കൊണ്ട് കഥ കേൾക്കാൻ തയാറായി ഇരുന്നു. "നീ പാൽ കുടിച്ചോ?" "ഇല്ല. പിന്നെ കുടിക്കാം. ആദ്യം കഥ…" "പറ്റില്ല. ആദ്യം പാൽ! ഞാൻ ഇപ്പൊ കൊണ്ട് വരാം." രവി അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാൽ കൊണ്ട് വന്നു ജാനകിക്ക് നേരെ നീട്ടി. "ഇന്ന് വേണ്ടച്ഛാ..." "കഥ കേക്കണമെങ്കിൽ വേഗം പാൽ കുടിക്ക് അച്ഛന്റെ വാവ" ജാനകി ഇഷ്ടത്തോടെയല്ലെങ്കിലും രവി കൊണ്ട് വന്ന പാൽ മുഴുവൻ കുടിച്ചു തീർത്തു. "ഇന്നപ്പോ രാജകുമാരിയുടെയാണോ കാട്ടിലെ സിംഹത്തിന്റെയാണോ കഥ?" "ഇന്നിത് രണ്ടുമല്ല. ഇന്ന് പണ്ടുപണ്ട് ഒരു നാട്ടിൽ നടന്ന കഥ പറയാം." "എഹ്! എന്റെ അച്ഛനിതെന്തു പറ്റി? ഞാൻ കരുതിയത് അച്ഛനാ രണ്ടു കഥ മാത്രമേ അറിയുള്ളൂവെന്നാ..." രവി മറുപടിയൊന്നും പറയാതെ ജാനകിയെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് നിന്ന് പുഞ്ചിരിച്ചു. "അപ്പോ കഥ തുടങ്ങാം.?" "ആ..." "കഥക്കിടയിൽ സംശയം തോന്നിയാൽ ചോദിക്കാമല്ലോ?" "പറ്റില്ലാന്ന് പറഞ്ഞാലും എന്റെ മോൾ ചോദിക്കാതിരിക്കില്ലല്ലോ?" ജാനകി രവിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. രവി കഥ പറയാൻ തുടങ്ങുകയായിരുന്നു.
"പണ്ട് പണ്ട് ഒരു നാട്ടിൽ മാണിക്യൻ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മാണിക്യൻ ആ നാട്ടിൽ ചെയ്യാത്ത വ്യാപാരങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാജാവിന്റെ ഖജനാവിനേക്കാൾ കൂടുതൽ പണം മാണിക്യന്റെ കൈയ്യിലുണ്ടെന്നൊരു ചൊല്ല് തന്നെ നാട്ടിലുണ്ടായിരുന്നു. ഇത് രാജാവിന്റെ ഉള്ളിലും മാണിക്യനോട് പക വളർത്തിയെങ്കിലും രാജാവത് പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് ഒരാവശ്യവുമായി മാണിക്യന്റെ വീട്ടിലേക്ക് ദൂതയച്ചു." "എന്ത് ദൂത്?" "രാജാവിന് മാണിക്യന്റെ മകൾ രത്‌നാവതിയെ വിവാഹം ചെയ്തു നൽകണമെന്നായിരുന്നു രാജാവിന്റെ ആവശ്യം." "രത്നാവതിയെ കുറിച്ച് അച്ഛൻ പറഞ്ഞില്ലാലോ?" "മാണിക്യന്റെ ഏക മകളായിരുന്നു രത്നാവതി. അതി സുന്ദരി!!!" "അത്രക്കും ഭംഗിയുണ്ടായിരുന്നോ?" "കറുകറുത്ത കണ്ണുകൾ… മുട്ടോളം കിടക്കുന്ന മുടിയിഴകൾ, മിന്നുന്ന മേനി അങ്ങനെ അതിസുന്ദരിയായിരുന്നു രത്നാവതി." "ഐശ്വര്യ റായെ പോലെ? അല്ലെ അച്ഛാ?" "നിന്റെ ഐശ്വര്യ റായെക്കാളും സുന്ദരിയായിരുന്നു രത്നാവതി." "ഓഹോ, എന്നിട്ട്?" "രാജാവിന്റെ ആവശ്യം കേട്ടതും മാണിക്യത്തിന് ദേഷ്യം വന്നു. തന്റെ ഏക മകളായ രത്നാവതിയെ മാണിക്യൻ ലോകത്ത് മറ്റെന്തിനേക്കാളും സ്നേഹിച്ചിരുന്നു. തന്റെ മകളെ മാത്രമല്ല, അവളിലൂടെ തന്റെ സ്വത്ത് മുഴുവൻ കൈക്കലാക്കാനാണ് രാജാവ് ആഗ്രഹിക്കുന്നതെന്ന് മാണിക്യന് മനസ്സിലായി. രാജാവിനെ എതിർത്തു സംസാരിച്ചാൽ അതൊരു കാരണമാക്കി തന്നെയും കുടുംബത്തെയും നാട് കടത്തുകയും അത് വഴി തന്റെ സ്വത്ത് രാജാവിന് കൈക്കലാക്കുകയും ചെയ്യാം. മാണിക്യൻ നല്ലപോലെ ആലോചിച്ചൊരു പോംവഴി കണ്ടെത്തി. അങ്ങനെ രാജാവ് ധൂതയച്ച ദിവസം തന്നെ മാണിക്യൻ ഒരു സൂത്രം ചെയ്തു." "എന്ത് സൂത്രം?"
"മാണിക്യൻ അന്ന് തന്നെ ആരുമറിയാതെ രത്നാവതിയുടെ വിവാഹം നടത്തി. രാജാവ് അയച്ച ദൂതിനു മറുപടിയായി രത്നാവതിയുടെ വിവാഹം കഴിഞ്ഞു പോയെന്ന് എഴുതി അയക്കുകയും ചെയ്തു." "കൊള്ളാലോ മാണിക്യൻ! എന്നിട്ട് ആരാ രത്നാവതിയെ കല്യാണം കഴിച്ചെ?" "പെട്ടന്ന് ആരുമറിയാതെ കല്യാണം നടത്തുന്നതിനായി ഒരു പാവപ്പെട്ട വീട്ടിലെ പയ്യനെയായിരുന്നു മാണിക്യൻ രത്നവതിക്കായി കണ്ടെത്തിയത്. അവനായിരുന്നു ചാരുചന്ദ്രൻ. എന്നാൽ രത്നാവതിയുടെ അമ്മയായ പത്മാവതിയ്ക്ക് ഈ വിവാഹം ഇഷ്ടമുണ്ടായിരുന്നില്ല. തന്റെ മകളുടെ സൗന്ദര്യത്തിനും അന്തസ്സിനും ചേരാത്ത ഒരുത്തനായാണ് ചാരുചന്ദ്രനെ പത്മാവതി കണ്ടത്. എന്നാൽ വയസ്സനായ രാജാവിനു തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത് അവളുടെ ഭാവി നശിപ്പിക്കുന്നതിനേക്കാൾ ഭേദം ഇതാണെന്നു പത്മാവതിയും ആശ്വസിച്ചു." "ചാരുചന്ദ്രന് രത്നാവതിയെ ഇഷ്ടമായിരുന്നോ?" "രത്നാവതിയെ ആഗ്രഹിക്കാത്തതായി ആ നാട്ടിൽ ആരുമുണ്ടായിരുന്നില്ല. ചാരുചന്ദ്രൻ തനിക്ക് കിട്ടിയ മഹാഭാഗ്യമായിട്ടായിരുന്നു രത്നാവതിയെ കണ്ടത്. എന്നാൽ..." "എന്നാൽ?" "എന്നാൽ ചാരുചന്ദ്രൻ രത്‌നാവതിയെ വിവാഹം ചെയ്യുമ്പോൾ മറ്റൊരാൾക്ക് കൂടി അത് ഇഷ്ടമായിരുന്നില്ല..." "ഞാൻ പറയാം… രത്നാവതിയുടെ മുറപയ്യനാകുമല്ലേ?" "അല്ല." രവി ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്നാൽ ചാരുചന്ദ്രനെ സ്നേഹിച്ച വല്ല പെൺകുട്ടികളുമാകും?" "അല്ല." "പിന്നെയാരാ?" "പുറമെ ചാരുചന്ദ്രനോട് മകനെ പോലെ ഇഷ്ടം കാണിച്ചിരുന്നുവെങ്കിലും തന്റെ അരുമ മകളെ ചാരുചന്ദ്രനെ പോലെ ഒരു പാവപ്പെട്ടവന് വിവാഹം ചെയ്‌തു നൽകേണ്ടി വരുന്നതിൽ മാണിക്യന്റെ മനസ്സ് പുകയുകയായിരുന്നു." "ഓഹോ!"
"ചാരുചന്ദ്രൻ ഒരു പാവപ്പെട്ട വീട്ടിലെ ആയിരുന്നത് കൊണ്ട്, ചാരുചന്ദ്രന് എന്ത് സംഭവിച്ചാലും തന്നെ ചോദ്യം ചെയ്യാൻ ആരും വരില്ലെന്ന് മാണിക്യന് ഉറപ്പായിരുന്നു." "അപ്പോൾ ചാരുചന്ദ്രനെ കൊല്ലാനായിരുന്നോ പ്ലാൻ?" "മ്മ്മ്... പക്ഷെ അതിനായി മാണിക്യൻ പുറമെ സ്നേഹം കാണിച്ചു കൊണ്ട് കാത്തിരുന്നു. അതിനിടയിൽ ചാരുചന്ദ്രനും രത്നാവതിക്കും ഒരു മകൻ പിറന്നു. എന്നാലും മാണിക്യത്തിന് ആ കുഞ്ഞിനെയോ ചാരുചന്ദ്രനെയോ മനസ്സ് തുറന്നു സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞു പിറന്നതോടെ മാണിക്യൻ ചാരുചന്ദ്രനെ കൊല്ലാൻ ഇതാണ് പറ്റിയ സമയമെന്നു മനസ്സിലായി. ഇപ്പോൾ ജനങ്ങൾക്കിടയിൽ എല്ലാവരുടെയും ഇടയിൽ ചാരുചന്ദ്രനെ മാണിക്യൻ മകനെ പോലെ സ്വീകരിച്ചുവെന്ന ധാരണ വളർന്നിരുന്നു. ഇനി ചാരുചന്ദ്രന് എന്ത് സംഭവിച്ചാലും തന്നെ ആരും സംശയിക്കില്ലെന്നു മാണിക്യന് ഉറപ്പായിരുന്നു. ചാരുചന്ദ്രന്റെ മരണത്തിനു കുറച്ചു നാൾക്കു ശേഷം ആ കുഞ്ഞിനേയും…" "എന്നിട്ട് ചാരുചന്ദ്രനെ മാണിക്യൻ കൊന്നോ?" "അന്നൊരു പൗർണ്ണമി ദിവസമായിരുന്നു. അവരുടെ നാട്ടിൽ എങ്ങും കെങ്കേമമായി ആഘോഷങ്ങൾ നടക്കുന്ന ദിവസം. അന്നെല്ലാവരും തിരക്കിലാകുന്നത് കൊണ്ട് ആരും തന്നെ എന്ത് നടന്നാലും അറിയില്ലെന്ന് മാണിക്യന് തോന്നി. മാത്രമല്ല കുറെ കാലങ്ങളായി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നു പോകുന്ന അയൽനാട്ടിലെ ആളുകളുമായി മാണിക്യന്റെ നാട്ടിലെ ആളുകൾ വഴക്കു കൂടുകയും, അതിന്റെ പേരിൽ വാക്കേറ്റങ്ങളുണ്ടായി തമ്മിൽ തല്ലി ചാകുന്നവരും കുറെയുണ്ടായിരുന്നു. ചാരുചന്ദ്രന്റ മരണവും അതിന്റെ മറവിൽ ആരുമറിയാതെ നടത്താമെന്നും മാണിക്യൻ മനസ്സിൽ കണക്കുകൂട്ടി." "എന്നിട്ട്?"
"മാണിക്യൻ വീട്ടിലെ എല്ലാവരെയും അമ്പലത്തിലേക്ക് പറഞ്ഞു വിട്ടു. ചാരുചന്ദ്രനോട് മാത്രം രഹസ്യമായി ആരോടും പറയാതെ, തന്നെ കാടിനടുത്തു വന്നു കാണാൻ പറഞ്ഞു." "ചാരുചന്ദ്രൻ പോയോ എന്നിട്ട്?" ജാനകി പേടിയോടെ ചോദിച്ചു. രവി ഒന്നും മിണ്ടാതെ ജാനകിയെ നോക്കി ചിരിച്ചു. "ചാരുചന്ദ്രനെ കൊല്ലാൻ ഒരു കത്തിയുമായി കാടിനടുത്തുള്ള തോടിനരികിലേക്ക് ചെന്ന മാണിക്യൻ കണ്ടത് അവിടെ മരിച്ചു കിടക്കുന്ന ചാരുചന്ദ്രനെ ആയിരുന്നു..." "അതാരാ… വേറെയാരാ അയാളെ കൊന്നത്?" "മറ്റാരുമല്ല... രത്‌നാവതി തന്നെയായിരുന്നു അത്…!" "അപ്പൊ രത്നാവതിക്കും ചാരുചന്ദ്രനെ ഇഷ്ടമുണ്ടായിരുന്നില്ലേ?" "രത്നാവതിയും അവളുടെ അച്ഛനെ പോലെ തന്നെ ചാരുചന്ദ്രനെയും അവർക്കുണ്ടായ കുഞ്ഞിനേയും വെറുത്തിരുന്നു. ചാരുചന്ദ്രൻ പെട്ടെന്ന് മരണപ്പെട്ടാൽ എല്ലാവരും സംശയിക്കുമെന്നതിനാൽ അവളും മാണിക്യനെ പോലെ തന്നെ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു." "പാവം ചാരുചന്ദ്രൻ!! അയാളെന്തു തെറ്റുചെയ്തു! ഇതെന്തു കഥയാണച്ഛാ?" "ബാക്കി പറയണ്ടേ?" "വേണ്ടാ… എനിക്കുറക്കം വരണു. ആ രാജകുമാരിടെ കഥ മതിയായിരുന്നു." എന്നും പറഞ്ഞു കൊണ്ട് ജാനകി കിടക്കയിലേക്ക് മറിഞ്ഞു. രവി പതിയെ ചിരിച്ചു കൊണ്ട് മുറിയുടെ പുറത്തേക്ക് നടന്നു.
ജാനകി ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു. തിരിഞ്ഞു കിടക്കാൻ ശ്രമിച്ചപ്പോൾ കട്ടിലിനരികിലെ മേശപ്പുറത്തിരിക്കുന്ന അവളുടെ അമ്മയുടെ ചിത്രത്തിൽ അവളുടെ കൈ തട്ടി അത് താഴേക്ക് മറിഞ്ഞു. പെട്ടെന്ന് ജാനകിയുടെ മനസ്സിലേക്ക് പലതും കടന്നു വരാൻ തുടങ്ങി. "നിന്റെ അച്ഛൻ എത്ര വലിയ ജോലിയും പണവും പ്രതാപവുമൊക്കെ ഉള്ളവനാ! പിന്നെങ്ങനാണാവോ നിന്റെ അമ്മേടെ വലയിൽ വീണത്?" അപ്പുറത്തെ വീട്ടിലെ പ്രഭചേച്ചിയുടെ ആ വാക്കുകളാണ് ജാനകിയുടെ മനസ്സിലേക്ക് ആദ്യം വന്നത്. അന്ന് ഇത് കേട്ടതും തന്റെ രണ്ടാനമ്മയാകാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രഭചേച്ചിയോട് താൻ കെറുവിച്ചു പോവുകയാണ് ചെയ്തത്. ജാനകി അസ്വസ്ഥതയോടെ തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു.. അവളുടെ മനസ്സിലൂടെ ഓർമകളുടെ ഒരു കുത്തൊഴുക്ക് ആരംഭിക്കുകയായിരുന്നു. "നിന്റെ അച്ചാച്ചന്റെ നിർബന്ധമായിരുന്നു നിന്റെ അമ്മയെ തന്നെ അച്ഛൻ കല്യാണം കഴിക്കണമെന്ന്.. അന്നല്ലേൽ നിന്റെ അച്ചാച്ചൻ ആ സ്വത്തിന്റെ കേസിൽ കുടുങ്ങുമായിരുന്നു. നിന്റെ അമ്മയുടെ അച്ഛനായിരുന്നല്ലോ പ്രധാന സാക്ഷി. അങ്ങേരുടെ ആവശ്യമായിരുന്നു നിന്റെ അമ്മയും അച്ഛനും തമ്മിലുള്ള കല്യാണം. സത്യം പറയാല്ലോ! ആദ്യം എനിക്ക് നിന്റെ അമ്മയെ ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ എന്റെ മോന്റെ ഭാര്യയല്ലേ? എന്റെ പേരക്കുട്ടിയുടെ തള്ളയല്ലേ? വെറുക്കാൻ പറ്റോ? ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും അതിന്റെ ആയുസ്സ് തീർന്നു!" അച്ഛമ്മയുടെ വാക്കുകൾ അവളുടെ തലയിൽ മുഴങ്ങിക്കേട്ടു.
"അച്ഛമ്മ പറഞ്ഞതും.. തനിക്കു ചുറ്റുമുള്ള എല്ലാവരും പറയാൻ ശ്രമിച്ചതും... അപ്പോൾ... അച്ഛൻ.. അച്ഛൻ പറഞ്ഞത്.. രത്‌നാവതി... ചാരുചന്ദ്രൻ...!" ജാനകിക്കുള്ളിൽ ഭയം കൂടി കൂടി വന്നു. ജാനകി ഞെട്ടി എഴുന്നേറ്റപ്പോൾ തന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് നിശ്ചലനായിരിക്കുന്ന അച്ഛനെയാണ് കണ്ടത്. അവൾ ആ ഞെട്ടലിൽ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു. "മോളുറങ്ങിക്കോ!" അവളെ ചാരികിടത്തികൊണ്ട് അയാൾ പതിയെ അവളുടെ മുടിയിഴകളിൽ കൈവിരലോടിച്ചു. "എന്നിട്ട്.. എന്നിട്ട്... രത്നാവതിയുടെ കുഞ്ഞിനെന്താ പറ്റിയെ അച്ഛാ?" ജാനകി പതുക്കെ പേടിച്ചരണ്ട ശബ്ദത്തോടെ ചോദിച്ചു. "ചാരുചന്ദ്രന്റെ മരണത്തോടെ രത്‌നാവതി തന്റെ കുഞ്ഞിന്റെ മരണത്തിനായി കാത്തിരുന്നു. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ആ വീട്ടിലെ പിഞ്ചോമനയായി ആ കുഞ്ഞു വളർന്നു. അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ചാരുചന്ദ്രൻ മരിച്ച അതെ ദിവസം തന്നെ, അവരുടെ നാട്ടിലെ പൗർണമി ഉത്സവത്തിന്റെ അന്ന് തന്റെ കുഞ്ഞിനേയും കൊല്ലാനായി രത്നാവതി തീരുമാനിച്ചു!" രവി വികൃതമായി ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി. അപ്പോഴേക്കും ജാനകിയുടെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. മയക്കത്തിൽ കിടക്കയിലേക്ക് വീണു തുടങ്ങുമ്പോൾ രവിയുടെ പിന്നിൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിന്നിരുന്ന പ്രഭചേച്ചിയെ കണ്ടു കൊണ്ട് ജാനകിയുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.
Content Summary: Malayalam Short Story ' Oru Rathri Paranja Katha ' written by Anjana K.