' ഞാനോടിച്ച ട്രെയിനിനു മുന്നിൽ ചാടിയാണ് അയാൾ മരിച്ചത്, ആ വ്യക്തി ഇന്നു രാവിലെ എന്നെ കാണാൻ വന്നിരുന്നു..'
പൊടുന്നനെയാണയാൾ ട്രെയിനിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എവിടെയോ മറഞ്ഞു നിന്നതിനു ശേഷമുള്ള ഒരു ചാടി വീഴലായിരുന്നു ശരിക്കുമത്. അടുത്തെങ്ങും സ്റ്റേഷനോ ജനവാസമേഖലകളോ ഇല്ലാത്തതിനാൽ നല്ല വേഗതയിലാണ് ഞാൻ ഓടിച്ചത്.
പൊടുന്നനെയാണയാൾ ട്രെയിനിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എവിടെയോ മറഞ്ഞു നിന്നതിനു ശേഷമുള്ള ഒരു ചാടി വീഴലായിരുന്നു ശരിക്കുമത്. അടുത്തെങ്ങും സ്റ്റേഷനോ ജനവാസമേഖലകളോ ഇല്ലാത്തതിനാൽ നല്ല വേഗതയിലാണ് ഞാൻ ഓടിച്ചത്.
പൊടുന്നനെയാണയാൾ ട്രെയിനിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എവിടെയോ മറഞ്ഞു നിന്നതിനു ശേഷമുള്ള ഒരു ചാടി വീഴലായിരുന്നു ശരിക്കുമത്. അടുത്തെങ്ങും സ്റ്റേഷനോ ജനവാസമേഖലകളോ ഇല്ലാത്തതിനാൽ നല്ല വേഗതയിലാണ് ഞാൻ ഓടിച്ചത്.
എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ എല്ലാം അവസാനിക്കുകയും ചെയ്തു! ഞൊടിയിടയിൽ എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. ഒരുപക്ഷേ സാധിക്കുമായിരുന്നിരിക്കാം. അത്തരത്തിൽ സൂക്ഷ്മതയുടേയും മനസ്സാന്നിധ്യത്തിന്റെയും പ്രതീകങ്ങളായി വീരേതിഹാസങ്ങൾ രചിച്ചവർ എനിക്കു മുൻപേ കടന്നു പോയിട്ടുണ്ടാകാം. എന്നാൽ എനിക്കൊന്നിനും കഴിഞ്ഞില്ല. ഞാൻ മരവിച്ചിരുന്നു പോയി. ഞാൻ തളർന്നവനും ബോധരഹിതനുമായിപ്പോയി.
ലോക്കോ പൈലറ്റായതിനു ശേഷം ആദ്യമായി ഒരു പാസഞ്ചർ ട്രെയിൻ ഓടിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. ഞാൻ എന്നെത്തന്നെ മറന്ന് ആനന്ദനൃത്തം ചവിട്ടി. കാരണം പാസഞ്ചർ ട്രെയിനുകൾ എന്നും എന്നെ മോഹിപ്പിച്ചിരുന്നു. ഓരോ സ്റ്റേഷനും അവയെ വരവേൽക്കുന്നു. പ്രകാശം കൊണ്ടും, ജനബാഹുല്യം കൊണ്ടും, ശബ്ദങ്ങൾ കൊണ്ടും, നിറഞ്ഞ ചാരുബെഞ്ചുകൾ കൊണ്ടും. അവ ഓടിയെത്തുന്നത് അനേകമനേകം കാത്തിരിപ്പുകളിലേക്കാണ്. അന്നോളം ഞാനൊരു ചരക്കു തീവണ്ടി ഡ്രൈവറായിരുന്നു. മൂകവും ഇരുണ്ടതും നിർജീവവുമായ ബോഗികളിൽ അജ്ഞാതവും നിഗൂഢവുമായ ചാക്കുകെട്ടുകളും വഹിച്ചു നീങ്ങുന്ന ചരക്കുവണ്ടികൾ എന്റെ ദുഃസ്വപ്നങ്ങളിലെ പ്രധാന കഥാപാത്രങ്ങളായി വിലസാറുണ്ട്. അതുകൊണ്ടു തന്നെ എനിക്കവയോട് തെല്ലും മതിപ്പില്ലായിരുന്നു. ഒരു ചെന്നിക്കുത്തോടെയും മനംപുരട്ടലോടെയുമല്ലാതെ എനിക്കവയെ കാണാനോ അവയെക്കുറിച്ച് ചിന്തിക്കാനോ പറ്റിയിരുന്നില്ല. എന്നാൽ ലോക്കോ പൈലറ്റായി നിയമനം ലഭിക്കുന്ന ഏതൊരാൾക്കും ആദ്യം കിട്ടുന്ന എൻജിൻ കാബിൻ ചരക്കുവണ്ടിയുടേതായിരിക്കും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റെയിൽവേ രൂപപ്പെടുത്തിയ ഒരു കീഴ്‌വഴക്കമാണത്.
ഏതാണ്ട് രണ്ടു വർഷത്തോളം ഞാൻ ചരക്കുവണ്ടികളോടിച്ചു. ഏകാന്തവും വിരസവുമായ ജോലി സമയങ്ങൾ ഉൾപ്പെട്ട ദിനരാത്രങ്ങളിലൂടെ ജീവിതം മുന്നോട്ടു നീങ്ങുകയായിരുന്നു. പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റാവുക എന്ന ലക്ഷ്യവും ആഗ്രഹവുമായിരുന്നു മനസ്സ് നിറയെ. മേലുദ്യോഗസ്ഥരിൽ നിന്നും സ്ഥാനക്കയറ്റത്തിന്റെ വിവരം കേൾക്കാൻ എന്റെ കാതുകൾ വെമ്പൽ കൊണ്ടു. ഓരോ സൈൻ ഓഫിനു ശേഷവും അടുത്ത സൈൻ ഇൻ ഒരു പാസഞ്ചർ ട്രെയിനിന്റെ സാരഥിയായിക്കൊണ്ടായിരിക്കണേ എന്ന പ്രാർഥന ചുണ്ടിൽ വിതുമ്പി നിന്നു. ഒടുവിൽ ഇരുട്ടിന്റെ സാഗരം നീന്തിക്കടന്നവന്റെ മുന്നിൽ പ്രകാശത്തിന്റെ തുരുത്ത് പ്രത്യക്ഷമാവുക തന്നെ ചെയ്തു. എന്നാൽ ഒരു പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റായിക്കൊണ്ടുള്ള എന്റെ ആദ്യ യാത്ര ഒരു ദുരന്തമാകുമെന്ന്- കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചെങ്കിലും- ഞാൻ സ്വപ്നേപി കരുതിയില്ല. അത്രമാത്രം ഭീതിതവും ഭയാനകവുമായ ഒരു സംഭവമായിരുന്നു അത്. ഒരു മനുഷ്യശരീരം ചിന്നഭിന്നമാകുന്ന കാഴ്ച്ച....! ഒരു നിമിഷത്തെ മാത്രം അലർച്ചയിൽ ഒരു ജീവൻ പൊലിയുന്ന കാഴ്ച്ച....!
പിടക്കുന്നതും രക്തം വാർന്നൊഴുകുന്നതുമായ മാംസതുണ്ടുകളുടെ ദയനീയവും മൂകവുമായ വിലാപത്തിൽ എനിക്കെന്നെത്തന്നെ നഷ്ടമാവുകയായിരുന്നു. വല്ലാത്തൊരുതരം അന്ധതയും ബധിരതയും എന്നെ ബാധിച്ചു. എന്റെ നാഡികൾ തളർന്നു. കഠിനദാഹത്താൽ എന്റെ ചുണ്ടുകൾ വിറച്ചു. പേശികൾക്ക് ബലം നഷ്ടപ്പെട്ടു. വിദ്യുത് പ്രഹരമേറ്റതു പോലെ മനസ്സ് പിടഞ്ഞു. സ്തംഭനത്തിലേക്കെന്ന പോലെ ഹൃദയം അസാധാരണമാം വിധം മിടിച്ചു. സർവം കീഴ്മേൽ മറിയുന്നതായി തോന്നിയതിന്റെ അടുത്ത നിമിഷം ഞാൻ എൻജിൻ കാബിനിലെ എന്റെ ഇരിപ്പിടത്തിൽ നിന്നും താഴേക്ക് കുമിഞ്ഞു വീണു. മണിക്കൂറുകളെടുത്തു എനിക്ക് സ്ഥലകാലബോധം തിരികെ ലഭിക്കാൻ. ഞാൻ പൂർവസ്ഥിതി പ്രാപിക്കാൻ കാബിനിൽ കുഴഞ്ഞു വീണ എന്നെ സഹപ്രവർത്തകർ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എനിക്ക് ചുറ്റും ആശങ്കയോടെ അവർ നിലയുറപ്പിച്ചിരുന്നു. അവരിലേറ്റവും ചെറുപ്പം ഞാനായിരുന്നു. അതിന്റെ ഒരു വാത്സല്യവും കരുതലും അവർക്കെന്നോടുണ്ടായിരുന്നു.
ഒരു ലോക്കോ പൈലറ്റ് ഇത്തരം ഉള്ളുലക്കുന്ന കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടവനാണെന്ന യാഥാർഥ്യത്തിന്റെ ഉളിനഖം എന്റെ ചങ്കു പിളർത്തി. മനുഷ്യന്റെ പച്ചമാംസം കൊത്തിവലിക്കുന്ന കഴുകൻ എന്റെ നിദ്രകളിൽ പറന്നെത്തുകയും ഭീകരമായ ചിറകടികളോടെ എന്നിലേക്ക് ഇരമ്പിയാർക്കുകയും തീക്ഷ്ണമായ നോട്ടം കൊണ്ടെന്നെ മുറിവേൽപ്പിക്കുകയും ചെയ്തു. സ്ഥാനക്കയറ്റം ലഭിച്ച സന്തോഷത്തിന്റെ സങ്കീർത്തനങ്ങളിൽ അപസ്വരം കലർന്നു കഴിഞ്ഞിരുന്നു. പിരിമുറുക്കത്തിന്റെ സങ്കീർണതകൾ എന്റെ നേർക്ക് വാതായനങ്ങൾ തുറന്നു കഴിഞ്ഞിരുന്നു. മനോഹരമായ ഒരു രാജിക്കത്തെഴുതുന്നതിനെക്കുറിച്ചായി എന്റെ ചിന്ത. തൊണ്ണൂറ്റിയാറ് മണിക്കൂർ നിരീക്ഷണത്തിനു ശേഷം ഡോക്ടർ എന്നെ ഡിസ്ചാർജ് ചെയ്തു. ഏറ്റവും ഇഷ്ടപ്പെട്ടവരുമായി ഇടപഴകിയും പ്രിയതരമായ കാര്യങ്ങളിൽ മുഴുകിയും മാനസികാരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹം ഉപദേശിച്ചു. മറ്റു കുഴപ്പങ്ങളൊന്നും കാണുന്നില്ലെന്ന് വിശദീകരിച്ചു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഞാനാ മനുഷ്യനെക്കുറിച്ച് ചിന്തിച്ചു. ഞാനോടിച്ച ട്രെയിനിടിച്ചു മരിച്ച ആ മനുഷ്യനെക്കുറിച്ച്.
പൊടുന്നനെയാണയാൾ ട്രെയിനിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എവിടെയോ മറഞ്ഞു നിന്നതിനു ശേഷമുള്ള ഒരു ചാടി വീഴലായിരുന്നു ശരിക്കുമത്. അടുത്തെങ്ങും സ്റ്റേഷനോ ജനവാസമേഖലകളോ ഇല്ലാത്തതിനാൽ നല്ല വേഗതയിലാണ് ഞാൻ ഓടിച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്തെന്ത് പ്രശ്നങ്ങളായിരിക്കും ആ മനുഷ്യന് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടാവുക? ആത്മഹത്യ ചെയ്തതിലൂടെ എന്തെന്ത് പ്രശ്നങ്ങൾക്കായിരിക്കും അയാൾ പരിഹാരം കണ്ടിട്ടുണ്ടാവുക? ആരാണ് ആ മനുഷ്യൻ? അയാളെവിടെ നിന്ന് വന്നു? എങ്ങനെ ആരോരുമില്ലാത്ത ആ പ്രദേശത്തെത്തിപ്പെട്ടു? പൊടുന്നനെ ഒരു രൂപം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. എവിടെ നിന്നോ അതിരാവിലെ ക്വാർട്ടേഴ്സിന്റെ വാതിൽക്കൽ വന്ന് മുട്ടി വിളിച്ച ഒരാൾ. ആ മനുഷ്യൻ തന്നെയാണോ ട്രെയിനിനു മുന്നിൽ..? രണ്ടു പേരുടേയും രൂപസാദൃശ്യമായിരുന്നു എന്നെക്കൊണ്ടങ്ങനെ ചിന്തിപ്പിച്ചത്. ഉയരവും വണ്ണവും വസ്ത്രവുമെല്ലാം ഒരുപോലെയായിരുന്നല്ലോ എന്ന് അത്ഭുതത്തോടെ ഞാൻ ഓർത്തെടുത്തു. അത് രണ്ടും രണ്ടുപേരായിരുന്നില്ല മറിച്ച് ഒരാൾ തന്നെയായിരിക്കാമെന്ന നിഗമനത്തിലേക്ക് ഒരുൾക്കിടിലത്തോടെ ഞാൻ എത്തിച്ചേർന്നു..!
എന്റെ നിഗമനം ശരിവെച്ചു കൊണ്ട് കാറിലെ റേഡിയോ ഒരു പ്രമുഖ വ്യക്തിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള വിവരം പുറത്തു വിട്ടു! ദിവസങ്ങളെടുത്തിരിക്കുന്നു ആളെ തിരിച്ചറിയാൻ...!! വല്ലാത്തൊരു നോവ് എന്റെ കാലിലെ വിരലുകളിൽ നിന്നും മുകളിലേക്ക് പടർന്ന് വ്യാപിക്കാൻ തുടങ്ങി. എന്റെ ശരീരം വിറകൊള്ളാനും വിയർക്കാനും തുടങ്ങി. കാറിനകത്തെ എ.സിയുടെ തണുപ്പ് എനിക്ക് ആസ്വാദ്യകരമായി തോന്നിയതേയില്ല. ആദ്യമായി ഒരു പാസഞ്ചർ ട്രെയിൻ ഓടിക്കാൻ പോകുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളിലായിരുന്നു അയാൾ ക്വാർട്ടേഴ്സിലേക്ക് വരുമ്പോൾ ഞാൻ. എന്നെ കാണാനായി മാത്രമാണ് വന്നതെന്ന് പറഞ്ഞു.ഞാൻ ആശ്ചര്യപ്പെട്ടു.ഒരു മുഖപരിചയവുമില്ലാത്ത എനിക്ക് തീർത്തും അപരിചിതനായ ഒരാൾ എന്നെ കാണാൻ എന്റെ ക്വാർട്ടേഴ്സിൽ എത്തിയിരിക്കുന്നു! മനസ്സ് ഉത്സാഹത്തിലും ഉണർവിലും പ്രശാന്തതയിലുമെല്ലാമായിരുന്നത് കൊണ്ട്, അതുകൊണ്ട് മാത്രം ഞാനയാളോട് മാന്യമായി പെരുമാറി. കയറിയിരിക്കാൻ പറഞ്ഞു. കാപ്പിയിട്ട് കൊടുത്തു. എവിടെനിന്നുമാണ് വരുന്നതെന്ന് അന്വേഷിച്ചു. എനിക്ക് തീർച്ചയായും തിരക്കുണ്ടായിരുന്നു. അധികം വൈകാതെ സ്റ്റേഷനിലെത്തണമായിരുന്നു. സൈൻ ഇൻ ചെയ്യണമായിരുന്നു. എന്നാൽ ഞാൻ തിരക്ക് കൂട്ടിയില്ല. റെയിൽവേ എനിക്കായ് അനുവദിച്ച ക്വാർട്ടേഴ്സിലേക്ക് എന്നെത്തിരക്കി വന്ന ആദ്യ മനുഷ്യനായിരുന്നു അയാൾ. ആ ഒരു പരിഗണന അയാൾക്ക് നൽകാനായിരുന്നു എന്റെ തീരുമാനം.
അയാൾ തന്റെ ലെതർബാഗിൽ നിന്നും ഒരു പൊതിയെടുത്ത് എനിക്ക് നേരെ നീട്ടി. "ഇത് വാങ്ങൂ..." അയാൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു. ഞാനാ പൊതി വാങ്ങി തുറന്നു നോക്കി. അതിൽ ചുവന്ന അലുവയായിരുന്നു. അയാൾ പറഞ്ഞു: "ഇന്ന് ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ ജ്യേഷ്‌ഠന്റെ ഓർമ്മ ദിവസമാണ്. മൂന്ന് വർഷം മുൻപ് ഇതേ ദിവസമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. അൾസർ മൂർച്ഛിച്ച്, വേദന കൊണ്ട് പുളഞ്ഞ്...."-ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. സ്വയമറിയാതെ ഞാനയാൾക്കരികിലേക്ക് നീങ്ങി. മെല്ലെ ആ ചുമലിൽ തട്ടി. ഒരു നിശ്വാസത്തോടെ അയാൾ തുടർന്ന് പറഞ്ഞു: "അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പലഹാരമായിരുന്നു ചുവന്ന അലുവ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓർമ്മ ദിവസം ഞാനീ വിഭവം വിതരണം ചെയ്യും. എത്തിച്ചേരാൻ കഴിയുന്നിടത്തെല്ലാം എത്തി പരമാവധി ആളുകൾക്ക് കൊടുക്കും. കാരണം എന്റെ ജ്യേഷ്‌ഠൻ ഒരു സാധാരണക്കാരനായിരുന്നില്ല. ഈ നാട്ടുകാരുടെ പ്രിയപ്പെട്ട സിനിമാ താരമായിരുന്നു. അവരാണ് അദ്ദേഹത്തെ വളർത്തിയത്. അവരുടെ സ്നേഹവും കൈയ്യടികളുമാണ് അദ്ദേഹത്തെ വാനോളമുയർത്തിയത്. രാജ്യത്തോളം വലുതാക്കിയത്. നിത്യഹരിതനായകൻ എന്ന് അവരദ്ദേഹത്തെ ഓമനിച്ചു വിളിച്ചു. ഞങ്ങൾ കുടുംബക്കാരേക്കാൾ അദ്ദേഹത്തിൽ അവകാശം ഈ നാട്ടുകാർക്കുണ്ട് എന്നെനിക്കു തോന്നാറുണ്ട്. അതുതന്നെയാണ് യാഥാർഥ്യവും."
എന്റെ കണ്ണുകൾ അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ തറച്ചു നിൽക്കുകയാണ്. അത്ഭുതകൗതുകങ്ങളുടെ ഒരു വലയത്തിൽ ഞാനകപ്പെട്ടു പോയിരിക്കുകയാണ്. നിത്യഹരിതനായകന്റെ അനുജൻ! എന്റെ കണ്ണുകൾ തേടിയത് ആ പഴയ നായകനെയാണ്. സൗന്ദര്യവും ചുറുചുറുക്കുമുള്ള അനുരാഗദേവനെയാണ്. എന്നാൽ ഞാൻ കാണുന്നത് ഒട്ടിയ കവിളുകളാണ്.നര ബാധിച്ചതും അലസവുമായ താടിരോമങ്ങളാണ്. സ്ഥൂല ശരീരമാണ്. എങ്കിലും ആ പഴയ പ്രൗഢിയുടെയും പ്രതാപത്തിന്റെയും ആഭിജാത്യത്തിന്റെയും മിന്നലൊളികൾ ആ മുഖത്തു നിന്നും എനിക്ക് കണ്ടെടുക്കാൻ കഴിഞ്ഞു. "എന്നാലും മനുഷ്യൻ ഇങ്ങനെയൊക്കെ മാറിപ്പോകുമോ?"-എന്റെ ചോദ്യം എന്നോട് തന്നെയായിരുന്നു. അതൊരു ആത്മഗതമായിരുന്നു. എന്നാൽ അതയാൾ കേട്ടു. അയാൾ പറഞ്ഞു:"മാറും മോനേ... ഇതിൽക്കൂടുതൽ മാറും. ചിലർക്ക് ജീവിതം കടുപ്പമായിരിക്കും. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ അതവരെ തിരിച്ചറിയാനാകാത്ത വിധം മാറ്റിക്കളയും." അയാൾ ഒന്ന് വിറച്ചു. കിതച്ചു. ശക്തിയായി ചുമച്ചു. പിന്നെ കരയാനാരംഭിച്ചു. എന്റെ കൈകൾ വീണ്ടും ആ ചുമലിലേക്ക് നീണ്ടു.
“ആ വലിയ മനുഷ്യൻ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നശിപ്പിച്ചു കളഞ്ഞവനാണ് മോനേ ഞാൻ. സൗഹൃദത്തിന് വേണ്ടി ആണുങ്ങളെ കൂടെക്കൂട്ടി. ലഹരിക്ക് വേണ്ടി പെണ്ണുങ്ങളേയും. രണ്ടിലും സത്യമുണ്ടായിരുന്നില്ല. എല്ലാവരും എന്നെ പറ്റിച്ചു. എന്നെ ചതിച്ചു. കൊള്ളയടിച്ചു. ലൂസർ ആണ് ഞാൻ... എ റിയൽ ലൂസർ....! ഒന്നിനും കൊള്ളാത്തവൻ. നാട്ടുകാർക്കും, സിനിമാക്കാർക്കും,വീട്ടുകാർക്കുമൊക്കെ എന്നെ വേണ്ടാതായി. സകലരും എന്നെ ചീത്ത വിളിച്ചു. പുച്ഛിക്കുകയും പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ അപ്പോഴും എന്റെ ജ്യേഷ്‌ഠൻ എന്നെ ചേർത്ത് പിടിച്ചു. നിർമ്മാണക്കമ്പനി, ഔട്ട്ഡോർ യൂണിറ്റ്, റെക്കോർഡിങ് സ്റ്റുഡിയോ, ട്രാവൽ ഏജൻസി ഇങ്ങനെ നിരവധി സംരംഭങ്ങൾ അദ്ദേഹം എനിക്ക് വേണ്ടിത്തുടങ്ങി. എല്ലാം എന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴും എന്നിൽ നിന്നദ്ദേഹം മുഖം തിരിച്ചില്ല. എന്നോട് മുഖം കറുപ്പിച്ചില്ല. കടുപ്പിച്ചൊന്നും പറഞ്ഞില്ല. മരിക്കുന്നതിനു തൊട്ട് മുൻപ് എന്റെ രണ്ടു കൈയ്യും സ്വന്തം കൈകൾക്കുള്ളിലാക്കി മാറോട് ചേർത്ത് പിടിച്ച് എന്നോട് യാത്ര ചോദിച്ചു. എന്നെ വിട്ടുപിരിയുന്നതിലുള്ള വേദന ആ കണ്ണിലെ ചുവപ്പിൽ ഞാൻ കണ്ടു." ചുളിവുകൾ വീണ മുഖത്തൂടെ, താടിരോമങ്ങളെ നനച്ചു കൊണ്ട്, ധാരധാരയായി ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ട് അയാൾ പതിയെ എഴുന്നേറ്റു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഒരു മന്ത്രണം പോലെ പറഞ്ഞു."എന്റെ ജ്യേഷ്‌ഠന്റെ ഓർമ്മ ദിവസം മരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ ഖബറിനോട് ചേർത്ത് വേണം എന്റെ ഖബറെടുക്കാനെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്."
അയാൾ പുറത്തേക്കിറങ്ങി അൽപ്പ നേരം ഗേറ്റിനപ്പുറത്തെ പാളങ്ങളിലേക്ക് നോക്കി നിന്നു. പിന്നെ പറഞ്ഞു: "പടച്ചവൻ എന്തിനാണെന്നെ ഇങ്ങനെ ജീവിക്കാൻ വിട്ടിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഈ നശിച്ചവന് ഈ ലോകത്ത് എന്ത് ദൗത്യമാണ് ബാക്കിയുള്ളത്?" "പടച്ചവന്റെ യുക്തി നമുക്ക് മനസ്സിലാവില്ലല്ലോ." ഞാൻ പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ അയാൾ എന്നെ വെട്ടിത്തിരിഞ്ഞു നോക്കി. പിന്നെ വെറുതെ ഒന്ന് ചിരിച്ചു. നിഗൂഢമായ ഒരു ചിരി. "പതിനൊന്നേകാലിന്റെ കേരളാ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഒന്ന് കാണണമെന്ന് തോന്നി. സ്റ്റേഷനിലന്വേഷിച്ചപ്പോൾ പറഞ്ഞു ക്വാർട്ടേഴ്‌സ് ഇവിടെയാണെന്ന്. വന്നു. കണ്ടു. പരിചയപ്പെട്ടു. ധാരാളം സംസാരിച്ചു. ഇനി ഞാനിറങ്ങട്ടെ." അയാൾ ക്വാർട്ടേഴ്സിന്റെ പടികളിറങ്ങി. ഗേറ്റിനടുത്തെത്തി ഒന്ന് നിന്നു. പിന്നെ നിഗൂഢമായ ആ ചിരിയോടെ തെല്ലുറക്കെപ്പറഞ്ഞു: "നമ്മൾ ഒരിക്കൽക്കൂടി തമ്മിൽക്കാണും. അപ്പോൾ തിരിച്ചറിയാനാവാത്ത വിധം ഞാൻ പിന്നെയും മാറിപ്പോയിട്ടുണ്ടാകും."
Content Summary: Malayalam Short Story ' Chuvanna Aluvayile Novu ' written by Abdul Basith Kuttimakkal