' ഞാൻ നിന്നെ മറക്കാൻ പോകുന്നു..';വീട്ടിൽ എതിർപ്പ്, മറ്റൊരാളുമായി വിവാഹം, പക്ഷേ വിധിയുടെ ക്രൂരത അവസാനിച്ചില്ല
ഇളം നീല ഗൗണണിഞ്ഞ് മേൽക്കൂരയിലെ ഏതോ ബിന്ദുവിൽ കണ്ണു പാവിക്കിടന്നിരുന്ന അവൾക്ക് എന്റെ ശബ്‌നത്തിന്റെ വിദൂരച്ഛായ പോലുമില്ലെന്ന് എനിക്ക് തോന്നിപ്പോയി. ശൂന്യവും തിളക്കമറ്റതുമായ കണ്ണുകൾ. കരുവാളിച്ചതും വലിഞ്ഞു മുറുകിയതുമായ മുഖം.
ഇളം നീല ഗൗണണിഞ്ഞ് മേൽക്കൂരയിലെ ഏതോ ബിന്ദുവിൽ കണ്ണു പാവിക്കിടന്നിരുന്ന അവൾക്ക് എന്റെ ശബ്‌നത്തിന്റെ വിദൂരച്ഛായ പോലുമില്ലെന്ന് എനിക്ക് തോന്നിപ്പോയി. ശൂന്യവും തിളക്കമറ്റതുമായ കണ്ണുകൾ. കരുവാളിച്ചതും വലിഞ്ഞു മുറുകിയതുമായ മുഖം.
ഇളം നീല ഗൗണണിഞ്ഞ് മേൽക്കൂരയിലെ ഏതോ ബിന്ദുവിൽ കണ്ണു പാവിക്കിടന്നിരുന്ന അവൾക്ക് എന്റെ ശബ്‌നത്തിന്റെ വിദൂരച്ഛായ പോലുമില്ലെന്ന് എനിക്ക് തോന്നിപ്പോയി. ശൂന്യവും തിളക്കമറ്റതുമായ കണ്ണുകൾ. കരുവാളിച്ചതും വലിഞ്ഞു മുറുകിയതുമായ മുഖം.
അവൾ വന്നത് ട്രെയിനിലായിരുന്നെങ്കിലും മടക്കം ബസിലായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് എറണാകുളം സൗത്തിൽ നിന്നും കണ്ണൂർക്ക് പുറപ്പെടുന്ന വോൾവോ ബസിൽ. ബസ് പിടിക്കാൻ കലൂരിലെ എന്റെ അപ്പാർട്ട്മെന്റിൽ നിന്നും നടന്നു പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. കിലോമീറ്ററുകളോളം നടക്കേണ്ടി വരുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങളാ തീരുമാനമെടുത്തത്. അല്ലെങ്കിലും മറ്റുള്ളവർക്ക് വിചിത്രമായി തോന്നിയേക്കാവുന്ന തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് ഞങ്ങളുടെ പതിവും രസവുമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ ശരികളും വഴികളും ഉണ്ടായിരുന്നു. നവംബറിലെ മഞ്ഞു പെയ്യുന്ന ആ പുലർകാലം, കൈകോർത്ത് പിടിച്ച് നടന്നു നീങ്ങിയ ഞങ്ങളിൽ സുഖകരമായ കുളിരിന്റെ കവിത പെയ്തു. അഭൗമമായ സൗരഭ്യം ചൊരിഞ്ഞു. മനോഹരമായ, ആർദ്രവും മാദകവുമായ ഒരു പകലും രാത്രിയും പിന്നിട്ടിരുന്നു ഞങ്ങൾ. ഒന്നിച്ചു ചേരലിന്റെ, പങ്കുവെക്കലിന്റെ നിരവധി മുഹൂർത്തങ്ങളുടെ മധുര തീവ്രതകളിലൂടെ യാത്ര ചെയ്തെത്തുകയായിരുന്നു ആ തണുത്ത പുലരിയിലേക്കു ഞങ്ങൾ. സോഡിയം വേപ്പർ ലാമ്പുകളുടെ മഞ്ഞ വെട്ടം വീണ നിരത്തിൽ ഞങ്ങളല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ഒരു മനുഷ്യനും ഞങ്ങളെ കടന്ന് പോയില്ല. ഒരു വാഹനവും അതിലേ വന്നില്ല. ആ പുലർകാലവും, പ്രധാന നിരത്തും ഞങ്ങൾക്ക് മാത്രമെന്ന പോലെ. പുലരിയുടെ ആലാപനം എപ്പോഴുമെന്ന പോലെ എന്നിൽ സർഗാത്മകമായ ഒരുണർവുണ്ടാക്കിയിരുന്നു. ഞാൻ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ ഏറെ താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി. അവളെന്റെ സംസാരം ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. ആ മുഖത്തെ വിളർച്ച ഒരു പതർച്ചയോടെ ഞാൻ മനസ്സിലാക്കി. ഏതോ ചിന്തയുടേയോ വിഷാദത്തിന്റെയോ വിമൂകമായ ആഴങ്ങളിലാണവളെന്ന് എനിക്ക് തോന്നി. ഒരു സ്വപ്‌നാടകയെപ്പോലെ അവളെന്നെ തൊട്ടുരുമ്മി നടക്കുക മാത്രമാണ്.
"എന്തു പറ്റി ശബ്നം? എന്താ ഒരു വല്ലായ്മ പോലെ?" ഞാൻ ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. മടങ്ങിപ്പോകുന്നതിന്റെ പ്രയാസം അലട്ടുന്നതു കൊണ്ടാകാം ആ മൗനവും ഭാവമാറ്റവുമെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചു ഞാൻ. മറ്റൊന്നുമാവല്ലേ എന്ന് പ്രാർഥിക്കുകയും ചെയ്തു. ഫാർമസി കവലയിൽ നിന്നും എം.ജി റോഡിലേക്കുള്ള തിരിവിൽ വെച്ച് അവൾ പെട്ടെന്ന് നിന്നു. നിറഞ്ഞ മിഴികളോടെ എന്റെ കണ്ണുകളിൽ കണ്ണ് കോർത്ത് കൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു കൊണ്ട് ഒരു മന്ത്രണം പോലെ അവൾ പറഞ്ഞു: "നിനക്കോർമ്മയുണ്ടോ എന്നെനിക്കറിയില്ല. ഇവിടെ വെച്ചാണ് നമ്മൾ ആദ്യമായി കണ്ടു മുട്ടിയത്. "അക്ഷരം പ്രതി ശരിയായിരുന്നു! പത്തു വർഷം മുൻപ് ഒരു വെയിലില്ലാത്ത മദ്ധ്യാഹ്നത്തിൽ ആ മൂന്നും കൂടിയ കവലയിൽ വെച്ചാണ് ഞങ്ങളാദ്യമായി കണ്ടു മുട്ടിയത്. എന്നാൽ അവൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്കതോർമ്മിക്കാൻ സാധിച്ചത്. തീർച്ചയായും ഞാൻ മറന്നു പോയിരുന്നു. പലപ്പോഴും അതുവഴി കടന്നു പോകുന്നവനായിരുന്നു ഞാൻ. ഒരിക്കൽ പോലും ഓർക്കാൻ കഴിഞ്ഞിരുന്നില്ല. ഞാനാ ദിവസത്തെ ഓർത്തു വെക്കണമായിരുന്നു. ആ കവലയുമായി വൈകാരികമായ ഒരടുപ്പം സൂക്ഷിക്കണമായിരുന്നു. കാരണം ആ ദിവസമാണ്, ആ കവലയാണ് എനിക്കെന്റെ പ്രിയ സഖിയെ സമ്മാനിച്ചത്. എന്നേയും അവളേയും ചേരും പടി ചേർത്തത്. ഞങ്ങൾക്ക് പരസ്പരം പൂരിപ്പിക്കാൻ നിമിത്തമായത്. ഞാൻ എന്നെത്തന്നെ ശാസിച്ചു. എന്റെ മറവിയെ പഴിച്ചു. ഞാനവളോട് മാപ്പപേക്ഷിച്ചു. സ്നേഹക്കുറവിൽ നിന്നും സംഭവിച്ച മറവിയല്ല അതെന്ന് ഞാനവളോട് ആവർത്തിച്ചു പറഞ്ഞു. പുരുഷന്മാർ പൊതുവെ ഇത്തരം കാര്യങ്ങൾ ഓർത്തു വെക്കുന്നതിൽ പരാജയമാണെന്ന് പറഞ്ഞ് അവളെന്നെ ആശ്വസിപ്പിച്ചു.
"നീ അന്നിട്ട ഷർട്ടിന്റെ നിറം പോലും എനിക്കോർമ്മയുണ്ട്. എന്നാൽ അന്നത്തെ എന്റെ ചുരിദാറിന്റെ നിറമെന്തായിരുന്നു എന്ന് ചോദിച്ചാൽ നീ കുഴങ്ങും." അവൾ ഒരു നേർത്ത ചിരിയോടെ തുടർന്നു. "തീയതി, നിറം, സ്ഥല സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഓർത്തു വെക്കാൻ സ്ത്രീകൾക്ക് അസാമാന്യവും അത്ഭുതകരവുമായ വിരുതും സാമർഥ്യവുമുണ്ട്. അതവൾക്ക് തിരക്കുകളില്ലാത്തതു കൊണ്ടല്ല. മറ്റൊന്നും ഓർത്തു വെക്കാനില്ലാഞ്ഞിട്ടുമല്ല. പ്രകൃതിയുടെ വരദാനമായ ഒരു സിദ്ധിയാണത്." അവൾ പറഞ്ഞു കൊണ്ടിരുന്നു. ആദ്യമായി തമ്മിൽ കണ്ട ദിവസത്തെക്കുറിച്ചു മറന്നു പോയ ഞാൻ പക്ഷേ പ്രധാനപ്പെട്ട മറ്റൊരു ദിവസം ഓർമയിൽ സൂക്ഷിച്ചിരുന്നു. ആ ദിവസം എന്റെ മനസ്സിൽ മനോഹരമായ ഒരു പല്ലവിയുടെ, പ്രശോഭിതമായ ഒരു മന്ദസ്മിതത്തിന്റെ അനിർവചനീയമായ അനുഭൂതിയായി നിലകൊണ്ടിരുന്നു. ഒരു പെരുന്നാൾ സുദിനമായിരുന്നു അത്. ആദ്യമായ് കണ്ടതിനു ശേഷം വിരുന്നെത്തിയ ആദ്യത്തെ പെരുന്നാൾ. മറൈൻ ഡ്രൈവിൽ ഒരുക്കിയ ഈദ്ഗാഹിൽ വെച്ച് ഞങ്ങൾ പരസ്പരം മനസ്സ് തുറന്നു. തമ്മിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു. പെരുന്നാളാഘോഷത്തിന്റെ ഭാഗമായ പ്രഘോഷണ വാക്യങ്ങളും, പ്രകീർത്തന മന്ത്രങ്ങളും ഞങ്ങളെ അനുഗ്രഹിച്ചു. കായൽ അതിന്റെ സംഗീതം കൊണ്ടും കാറ്റിന്റെ തണുപ്പ് കൊണ്ടും ഞങ്ങൾക്ക് മംഗളങ്ങൾ നേർന്നു. അന്നവിടെ വെച്ച് ഞാനവൾക്കെന്റെ ആദ്യത്തെ അനുരാഗോപഹാരം നൽകി. ഡയമണ്ടിന്റെ ചാരുതയാർന്ന ഒരു മോതിരം! അന്നോളം സ്വരുക്കൂട്ടിവെച്ച പോക്കറ്റ് മണി കൊണ്ട് വാങ്ങിയത്.
ഞാനാ ദിവസത്തെക്കുറിച്ച് അവളോട് പറഞ്ഞു.ആ ദിവസത്തിന്റെ ഓർമ്മ എന്നിലുണർത്തുന്ന വികാരങ്ങളെക്കുറിച്ച് പറഞ്ഞു. അവൾ വല്ലാത്തൊരാവേശത്തോടെ എന്നെ ഇറുകെപ്പുൽകി. പതിവു പോലെ എന്നിലെ ഗോൾഡ് ഫ്ലേക് സിഗരറ്റിന്റെ ഗന്ധത്തിൽ അവൾ മിഴി പൂട്ടി അലിഞ്ഞു. അവളുടെ നിശ്വാസത്തിന്റെ സുഗന്ധം എന്റെ നാസികയിൽ വസന്തം തീർക്കാനാരംഭിച്ചു. ആദ്യ സമാഗമം മുതൽ എനിക്ക് പരിചിതവും എന്നെ ഉന്മത്തനാക്കുന്നതുമായ സ്വർഗീയ സുഗന്ധം. ഞാൻ അവിടെ വെച്ച്, ആദ്യമായി എന്റെ പ്രിയസ്നേഹിതയെ കണ്ടു മുട്ടിയ ആ തിരിവിൽ വെച്ച്, പാടുന്ന പുലരിയേയും, അതിന്റെ മഞ്ഞിനേയും, ഉറങ്ങുന്ന കെട്ടിടങ്ങളേയും, വിജനമായ നിരത്തിനേയും, കറുത്ത ആകാശത്തേയും സാക്ഷിയാക്കി അവളുടെ മൂർദ്ധാവിൽ ചുണ്ടു ചേർത്തു. കുളി കഴിഞ്ഞിട്ടേറെയായിരുന്നില്ല എന്നതിനാൽ അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ എന്റെ മുഖത്ത് നനവും തണുപ്പും പകർന്നു. രണ്ടു ശരീരങ്ങളിലും കുളിരു വിതറിക്കൊണ്ട് ഒരു മന്ദമാരുതൻ കടന്നു പോയി. പത്തു വർഷം മുൻപ് പതിനേഴിന്റെ കൗതുകങ്ങളും, കൗശലങ്ങളും, കാമനകളും ആഘോഷിച്ചു നടന്ന ഒരാൺകുട്ടിയും പെൺകുട്ടിയും നഗരത്തിലെ ഒരു വലിയ കവലയിൽ വെച്ച് കണ്ടുമുട്ടി. അടുത്തടുത്ത സ്‌കൂളുകളിൽ പഠിച്ചിരുന്നവർ. ബാനർജി റോഡിന്റെ അപ്പുറവും ഇപ്പുറവും ബസ് കാത്തു നിന്നിരുന്നവർ. ബസ്റ്റോപ്പിലെത്തിയാൽ അവന്റെ കണ്ണുകൾക്ക് അവളെ കാണണമായിരുന്നു. അവൾക്ക് അവനേയും. മനസ്സിന്റെ അദൃശ്യകരങ്ങൾ കോർത്തു പിടിച്ച് അനുരാഗത്തിന്റെ വൻകരകളിലൂടെ അവർ നടക്കാനാരംഭിച്ചത് അവർക്ക് ചുറ്റുമുള്ള ഒരാളും അറിഞ്ഞില്ല. രഹസ്യ പ്രണയത്തിന്റെ രസം നുകരുകയായിരുന്നു അവർ.
അന്നുള്ള കവലയല്ല ഇന്നുള്ളത്. പത്ത് വർഷം കൊണ്ട് അതിശയകരമായ വ്യത്യാസങ്ങൾ വന്നിരിക്കുന്നു. കെട്ടും മട്ടും മാറിയിരിക്കുന്നു. അതുപോലെത്തന്നെ ആ കുട്ടികളും ഒരുപാട് മാറിയിരിക്കുന്നു. അവർ മുതിർന്നവരായി. കാലത്തിന്റെ സമതലങ്ങളിലൂടെ, ചതുപ്പുകളിലൂടെ, ഗിരിമാർഗങ്ങളിലൂടെ, ഉഷ്ണമിതോഷ്ണ മേഖലകളിലൂടെ അവർ യാത്ര ചെയ്തിരിക്കുന്നു. ഇപ്പോഴവർ ജീവിതമെന്ന വാക്കിന്റെ അർഥമറിയുന്നവരാണ്. ആ വാക്കിന്റെ ആഴവും പരപ്പും നിർവചനങ്ങളും നാനാർഥങ്ങളും അറിയുന്നവരാണ്. അവൻ ഒന്ന് തടിച്ച്, കട്ടി മീശയും, വിരിഞ്ഞ മാറും, കനത്ത ശബ്ദവും, ഊർജസ്വലതയുമൊക്കെയുള്ള ഒത്ത ഒരു പുരുഷനായിരിക്കുന്നു. ഐ.ടി പാർക്കിലെ ഉദ്യോഗസ്ഥനായിരിക്കുന്നു. അന്നത്തെ കുടുക്കപ്പെൺകുട്ടി ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു. വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥയായിരിക്കുന്നു. ചുരുക്കത്തിൽ നല്ല വിദ്യാഭ്യാസവും ജോലിയും സൗന്ദര്യവുമെല്ലാമുള്ള യുവമിഥുനങ്ങളായിരിക്കുന്നു രണ്ടാളും.. എന്റെ നെഞ്ചിൽ മുഖം ചേർത്ത് നിമിഷങ്ങളോളം അവൾ നിന്നു. അവൾ ചെറുതായൊന്ന് തേങ്ങി. ഒരുപക്ഷേ അതെനിക്ക് തോന്നിയതാവാനും മതി. എന്തായാലും തുടർന്നവൾ പറഞ്ഞ വാക്കുകൾ എന്നിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്തു! ചക്രവാതമായ് ആ വാക്കുകളെന്നിൽ ആഞ്ഞടിച്ചു. സുദർശനചക്രമായ് ആ വാക്കുകളെന്റെ ആത്മാവിന്റെ ശിരസ്സറുത്തു. എനിക്കെന്റെ തല പൊട്ടിപ്പിളരുന്നതുപോലെ തോന്നി. ചുഴലി ബാധിച്ചവനെ പോലെ ഞാൻ വിറക്കാൻ തുടങ്ങി. വീണുപോകാതിരിക്കാൻ ഞാൻ തൊട്ടടുത്ത വിളക്കുകാലിൽ കൈ താങ്ങി. അത്രമേൽ വേദനാജനകമായിരുന്നു എന്നെ സംബന്ധിച്ച് ആ വാക്കുകൾ. ഒരിക്കലും അവളിൽ നിന്നും കേൾക്കേണ്ടി വരില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്ന വാക്കുകൾ. ഒരിക്കലും അവളിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കാതിരുന്ന വാക്കുകൾ.
എന്താണ് പറഞ്ഞതെന്ന് ഒരിക്കൽക്കൂടി ആവർത്തിക്കാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു. അവൾ അരുതാത്തത് പറഞ്ഞതാണെന്ന് എനിക്ക് തോന്നിയതാണെങ്കിലോ. എന്നാൽ തീർച്ചയായും ആ വാക്കുകൾ എന്റെ തോന്നലായിരുന്നില്ല. അവൾ ഒരിക്കൽക്കൂടി അത് പറയുന്നത് സ്പഷ്ടമായി ഞാൻ കേട്ടു. അതിപ്രകാരമായിരുന്നു. "ഞാനിനി നിന്നെ കാണാൻ വരില്ല ഇദ്‌രീസ്. ഞാനുള്ളിടത്തേക്ക് നിന്നെ ക്ഷണിക്കുകയുമില്ല. ഞാൻ നിന്നെ മറക്കാൻ പോകുന്നു. നീയെന്ന ഉന്മാദത്തെ, നീ തന്ന സമാനതകളില്ലാത്ത ആനന്ദത്തെ, നിന്റെ കരവലയത്തിന്റെ സുരക്ഷിതത്വത്തെ, നിന്റെ ധന്യമായ സാന്ത്വനത്തെ... അങ്ങനെ എല്ലാമെല്ലാം ഞാൻ മറക്കാൻ പോകുന്നു. ഈ കവലയിൽ നിന്നാണല്ലോ നാമെല്ലാം തുടങ്ങിയത്. ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിക്കട്ടെ. നീ മടങ്ങിക്കൊള്ളൂ. ബാക്കി ദൂരം ഞാൻ തനിച്ചു പൊയ്ക്കൊള്ളാം." ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ തിരിഞ്ഞു നടന്നിരുന്നു. ഞാനവളെ വിളിച്ചു. അവൾ തിരിഞ്ഞു നോക്കിയില്ല. ഞാനവളുടെ പിന്നാലെ ചെന്ന് അവളെ പിടിച്ചു നിർത്താൻ ശ്രമിച്ചു. അവൾ കുതറി മാറി. എന്നെ വെട്ടിയൊഴിഞ്ഞോടി. പിന്നെ ഇരുളിൽ അപ്രത്യക്ഷയായി. നിമിഷനേരം കൊണ്ട് സർവ്വവും നഷ്ടമായവനെപ്പോലെ ഞാൻ ഫുട്പാത്തിലിരുന്നു. ഞാനവളുടെ പേര് വിളിച്ചു കരഞ്ഞു. എന്റെ അലമുറ കേട്ട് കോർപറേഷന്റെ കുപ്പത്തൊട്ടികളിൽ അലസനിദ്രയിലാണ്ടു കിടന്നിരുന്ന നായ്ക്കളെഴുന്നേറ്റോടി. കടത്തിണ്ണകളിൽ കീറച്ചാക്ക് പുതച്ചുറങ്ങുന്ന നാടോടികൾ ഞെട്ടിയുണർന്നെന്നെ പുലഭ്യം പറഞ്ഞു. അവരിലെ കുട്ടികൾ കല്ലെറിഞ്ഞെന്നെ അവിടെ നിന്നും തുരത്തി.
സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ തെരുവിലൂടെ ഉഴറി നടന്നു. ഐ.ടിക്കാരൻ എന്ന നിലയിൽ ഗമയിൽ കാറോടിച്ചു പോകുന്ന വഴികളിലൂടെ തോരാത്ത കണ്ണീരുമായി ഞാൻ അലഞ്ഞു തിരിഞ്ഞു. കൂടെക്കൂടെ എന്റെ വിറക്കുന്ന വിരലുകൾ ഭ്രാന്തമായ വേഗത്തിൽ അവളുടെ നമ്പർ ഡയൽ ചെയ്തുകൊണ്ടിരുന്നു. എന്നാൽ അവൾ ഫോൺ അറ്റൻഡ് ചെയ്തതേയില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നതേയില്ലയിരുന്നു. അതുവരെ നടന്നതിന്റെ തുടർച്ചയായിരുന്നില്ലല്ലോ ഒന്നും. അപ്പാർട്മെന്റിൽ നിന്നും ഇറങ്ങും വരെ അവൾ ഉല്ലാസവതിയായിരുന്നു. നടത്തം തുടങ്ങിയതു മുതൽ മാത്രമാണ് എനിക്കവളിൽ ചില മാറ്റങ്ങൾ കാണാൻ സാധിച്ചത്. തീർച്ചയായും ഞാനവൾക്ക് അറപ്പുണ്ടാക്കുന്ന, വെറുപ്പും ദേഷ്യവുമുണ്ടാക്കുന്ന യാതൊന്നും ചെയ്തിരുന്നില്ല. ആശയവിനിമയങ്ങൾ സുതാര്യവും പ്രണയാർദ്രവുമായിരുന്നു. തീരുമാനങ്ങളൊന്നും തന്നെ ഏകപക്ഷീയമായിരുന്നില്ല. ഒരുമിച്ചു ചേരുമ്പോഴുള്ള പതിവനുസരിച്ച് ഞാൻ സ്വയം ഒരുത്സവമായി മാറുകയും അവളെ ആ ഉത്സവലഹരിയിലേക്ക്, ആഘോഷനൃത്തങ്ങളിലേക്ക് ആനയിക്കുകയുമായിരുന്നു. അവളുടെ ഓരോ അണുവും ത്രസിച്ചു. ആനന്ദത്തിന്റെ ഏഴു സാഗരങ്ങൾക്കും അപ്പുറത്തേക്ക് ഞാനവളെ കൈപിടിച്ചു കൊണ്ടുപോയി. ഒരു സ്ത്രീക്ക് എത്രത്തോളം ആനന്ദവതിയാകാമോ അത്രത്തോളവും അതിലേറെയും ആനന്ദവതിയായിരുന്നു അവൾ. ഒരു പകലും, രാത്രിയും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. രണ്ടാം ശനിയാഴ്ചയായതിനാൽ ഏറെക്കുറെ വിജനമായ നഗരവീഥികളിലൂടെ ഞാൻ അതിവേഗം ബുള്ളറ്റ് പായിച്ചു. നിർത്താതെ സംസാരിച്ചു കൊണ്ടും, ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടും അവൾ എനിക്ക് പിന്നിൽ എന്നെ ചുറ്റിപ്പിടിച്ചിരുന്നു. മേനകയിലെ ബിരിയാണി ഹട്ടിലും,ബ്രോഡ്‌വേയിലെ സ്നാക്സ് ബാറിലും, ബോൾഗാട്ടി ദ്വീപിലെ കാൻഡിൽലൈറ്റ് ഡിന്നർ കഫേയിലുമെല്ലാം ഞങ്ങൾ കൊച്ചിയുടെ വൈവിധ്യവും വ്യത്യസ്തവുമായ രുചിപ്പെരുമകളുടെ പൊരുളുകളന്വേഷിച്ചു.
അധിനിവേശങ്ങളുടെ, ഐതിഹാസികമായ പോരാട്ടങ്ങളുടെ, നൂറ്റാണ്ടുകളിലൂടെയുള്ള യാത്രയുടെ നൂറുനൂറ് കഥകൾ നെഞ്ചിലടക്കിപ്പിടിച്ച് ആലസ്യം നിറഞ്ഞ മന്ദഹാസം ചൂടി നിൽക്കുന്ന ഫോർട്ട്കൊച്ചിയുടെ കടൽക്കരയിൽ, പൗരാണികമായ ഉല്ലാസമന്ദിരത്തിലെ ഉന്മാദശയ്യയിൽ മാദകലീലകളുടെ മാസ്മരലഹരിയിലലിഞ്ഞു. സുദീർഘവും വന്യവുമായ ഇഴുകിച്ചേരലുകളും അതിനു ശേഷമുള്ള കടലിലെ കുളിയും ഞങ്ങളെ കൂടുതൽ ചെറുപ്പമാക്കി. അനാമികവും അപരിചിതവുമായ ഉന്മാദവും പ്രസരിപ്പും അത് ഞങ്ങളിൽ സൃഷ്ടിച്ചു. കലൂരിലെ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആവേശത്തിരയിൽ ആറാടുകകൂടി ചെയ്തിട്ടാണ് ഞങ്ങൾ എന്റെ അപ്പാർട്മെന്റിൽ തിരിച്ചെത്തിയത്. അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ, മഞ്ഞിൽ, മാർബിൾ തറയിൽ ആകാശം നോക്കിക്കിടന്ന് അനുരാഗത്തിന്റെ തീക്ഷ്ണമായ സ്പന്ദനങ്ങൾ കൈമാറിയാണ് ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതിയത്. സുഖകരമായ ആ ഉറക്കത്തിൽ നിന്നും ഉണർന്നാണ് ബസ് പിടിക്കാൻ ഞങ്ങൾ സൗത്തിലേക്കുള്ള നടത്തമാരംഭിച്ചത്. ആഘോഷിക്കാൻ ഞങ്ങൾ തിരഞ്ഞെടുത്ത ആ ദിവസമായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും പിറന്നാൾ. വ്യത്യസ്ത വർഷങ്ങളിലെ ഒരേ മാസത്തിൽ, ഒരേ ദിവസത്തിൽ ജനിച്ചവരായിരുന്നു ഞങ്ങൾ. അവളേക്കാൾ രണ്ട് വയസ്സിന് മൂത്തതായിരുന്നു ഞാൻ. ഞങ്ങൾ ഒരേ രാശിയിൽ പെട്ടവരായിരുന്നു. സമാനമനസ്ക്കരും. വർഷങ്ങളിലൂടെ പ്രണയത്തിന്റെ നവരസങ്ങൾ അനുഭവിച്ചറിഞ്ഞു ഞങ്ങൾ. അതിന്റെ ഋതുസംക്രമണങ്ങളിലൂടെ യാത്ര ചെയ്തു. അതിന്റെ സപ്ത സാഗരങ്ങളിലും നീന്തി. അതിന്റെ സപ്ത സ്വരങ്ങളിലും പാടി. അതിന്റെ സപ്‌ത വർണങ്ങളും അണിഞ്ഞു. അതിന്റെ സപ്ത നാഡികളിലും ജ്വലിച്ചു. അതിന്റെ സമസ്ത പൊരുളുകളിലൂടെയും അലഞ്ഞു.
എന്നാൽ അതുപോലൊരു ദിവസം, ഒരു ജന്മദിനം അന്നോളം ഞങ്ങളെക്കടന്ന് പോയിട്ടില്ലായിരുന്നു. അത്രത്തോളം സുന്ദരമായ മുഹൂർത്തങ്ങളായിരുന്നല്ലോ ആ ദിവസം ഞങ്ങൾക്കായി കാത്തുവെച്ചത്. ആരെയും ഭയക്കാതെ, പരിധികളിലേക്ക് ചുരുങ്ങാതെ സ്വതന്ത്രരായി നഗരത്തിലൂടെ വിഹരിക്കുക എന്നത് സദാചാര ഗുണ്ടായിസത്തിന്റെ സമകാലികത്തിൽ ഒരു വിപ്ലവം തന്നെയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളിടത്തെല്ലാം പോയി. ഞങ്ങൾക്കിഷ്ടമുള്ളതെല്ലാം ചെയ്തു. ആരും ചോദിക്കാൻ വന്നില്ല. ഒരു ആകാശവും പൊട്ടിവീണില്ല. ഭൂമി ചെറുതായിട്ടൊന്ന് ഉലയുക പോലും ചെയ്തില്ല. തീർച്ചയായും ഞങ്ങൾക്ക് മുന്നിൽ വിശുദ്ധമായ കൽപ്പനകളുണ്ടായിരുന്നു. സദാചാരത്തിന്റെ അനശ്വരമാതൃകകളുണ്ടായിരുന്നു. ഉദാത്തവും സമ്പൂർണവും മാനവീകവുമായ ഒരു സംസ്കാരത്തിന്റെ പാരമ്പര്യമുണ്ടായിരുന്നു. അതിനെയൊന്നും നിരാകരിക്കുന്നവരായിരുന്നില്ല ഞങ്ങൾ. പരിഹസിക്കുന്നവരോ തള്ളിപ്പറയുന്നവരോ താഴ്ത്തിക്കെട്ടുന്നവരോ ആയിരുന്നില്ല. മറിച്ച് അതർഹിക്കുന്ന പരിഗണനയും ബഹുമാനവും നൽകുന്നവരായിരുന്നു. അനുധാവനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. ആ ദിവസത്തേയും അതിനു മുൻപുള്ള മറ്റനേകം ദിവസങ്ങളിലേയും ഞങ്ങളുടെ കൂടിച്ചേരലുകൾ പാപമാണെങ്കിൽ ആ പാപത്തിന്റെ ശമ്പളം ലഭിക്കുക ഞങ്ങൾക്കായിരിക്കില്ല എന്ന വിശ്വാസക്കാരായിരുന്നു ഞങ്ങൾ. മറിച്ച് ഞങ്ങളെ വിവാഹത്തിലൂടെ ഒന്നിക്കാൻ അനുവദിക്കാത്തവർക്കായിരിക്കും. സമ്പത്തിന്റെ തുലാസുകളിൽ ഞങ്ങളെ തുലനം ചെയ്ത് നോക്കിയവർക്ക്. കാരണം സ്നേഹിക്കുന്നവരെ തമ്മിലകറ്റാൻ പറഞ്ഞൊരു വേദവും അവതരിച്ചിട്ടില്ല. അത്തരം അധ്യാപനങ്ങളുമായി ഒരു അവതാരപുരുഷനും രംഗപ്രവേശം ചെയ്തിട്ടുമില്ല.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന്റെ അന്ന് വൈകുന്നേരം അവൾ എനിക്കരികിൽ വന്നു. അവൾ എന്നോടിപ്രകാരം ആവശ്യപ്പെട്ടു: "ഇദ്‌രീസ്, നീ എന്നെ ഒരു കന്യകയല്ലാതാക്കണം." ഉറച്ച ശബ്ദത്തിൽ ഒരുവിധ സങ്കോചവും കൂടാതെ അവൾക്കത് പറയാൻ സാധിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു. അവളുടെ ധൈര്യം എന്നെ അമ്പരപ്പിച്ചു. ഞാൻ പറഞ്ഞു: "നിന്റെ അഭീഷ്ടങ്ങളും അഭിലാഷങ്ങളും പരിഗണിക്കാതിരുന്ന വീട്ടുകാരോട് വാശി തീർക്കാൻ കണ്ടെത്തിയ മാർഗമേതായാലും കൊള്ളാം. നോക്കൂ ഒരു കല്യാണപ്പെണ്ണിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്താനുള്ള ചങ്കുറപ്പൊന്നും എനിക്കില്ല ശബ്നം." "ഞാൻ ആവശ്യപ്പെട്ടിട്ടാണല്ലോ." "എന്നാലും അതൊന്നും വേണ്ട. ശരിയാവില്ല." ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എന്നാൽ അവൾക്ക് വിടാനുള്ള ഭാവമൊന്നും ഉണ്ടായിരുന്നില്ല. അവൾ എന്നോട് ചേർന്ന് നിന്നു. മുഖം എന്റെ നെഞ്ചിലമർത്തി. അവൾ പറഞ്ഞു: "ഇപ്പോൾ ഞാൻ നിന്റെ ഹൃദയത്തോടാണ് സംസാരിക്കുന്നത്. എടാ നിശ്ചയമായും ഇതെന്റെ വാശിയല്ല. പ്രതികാരവുമല്ല. മോഹമാണ്. ഞാനേറെ സ്നേഹിക്കുന്ന എന്നെ നന്നായറിയാവുന്ന ആണൊരുത്തൻ തന്നെ അത് നിർവഹിക്കണമെന്ന മോഹം. ഏത് പെൺകുട്ടിയാണ് അങ്ങനെ മോഹിക്കാത്തത്? ഇദ്‌രീസ്, നീ തന്നെയാണതിനർഹൻ." പ്രണയത്തിന്റെ വെയിലിൽ പൊള്ളി ദാഹിക്കുന്ന മനസ്സും ശരീരവുമായി സ്വയം സമർപ്പിക്കാൻ വെമ്പി നിൽക്കുന്ന അവളിലെ പെണ്ണിന് വഴങ്ങുകയല്ലാതെ എനിക്ക് മറ്റുമാർഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ പിന്നെ എതിർവാദങ്ങളൊന്നും തന്നെ ഉന്നയിച്ചില്ല. ഞാനറിയാതെ തന്നെ എന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു. എന്റെ മനസ്സ് മന്ത്രിച്ചു: "പ്രിയപ്പെട്ടവളേ.. ഞാൻ നിന്നിൽ പൊരുത്തപ്പെട്ടിരിക്കുന്നു. നിനക്കെന്റെ വിരിപ്പിലേക്ക് സ്വാഗതം." മണിക്കൂറുകൾക്ക് ശേഷം പോകാൻ നേരം വിതുമ്പലോടെ അവൾ പറഞ്ഞു: "ഇദ്‌രീസ്,ഞാൻ ഇഷ്ടത്തോടെ ആർക്കെങ്കിലും വിധേയപ്പെടുകയാണെങ്കിൽ അത് ദാ ഇതുപോലെ നിനക്ക് മാത്രമായിരിക്കും. ഞാനൊരു മാതാവാകുകയാണെങ്കിൽ അത് നിന്റെ കുഞ്ഞുങ്ങളുടെ മാത്രമായിരിക്കും. ഇതെന്റെ വാക്കാണ്. എന്റെ പരിശുദ്ധി കൊണ്ട് ഞാൻ നിന്നിലടയാളപ്പെടുത്തുന്ന എന്റെ വാക്ക്."
കൃത്യം രണ്ടാഴ്ച്ചയ്ക്ക് ശേഷമുള്ള ഒരു വ്യാഴാഴ്‌ച്ച ദിവസം അവളുടെ നിക്കാഹ് കഴിഞ്ഞു. മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ, ദഫ് മുട്ടിന്റെ താളങ്ങളിൽ, ഊദിന്റെ അത്തർമണങ്ങളിൽ, മലബാർ ബിരിയാണിയുടെ രുചിഗന്ധങ്ങളിൽ, മൈലാഞ്ചിയുടേയും മുല്ലപ്പൂമാലകളുടേയും വശ്യമന്ദഹാസങ്ങളിൽ, മഹറിന്റെ പൊന്നും കിലുക്കത്തിൽ ഒരു നാട് മുഴുവൻ അലിഞ്ഞു ചേർന്ന ഒരു പത്രാസ് കല്യാണം! ഒരു നാട് മുഴുവൻ തന്റെ കല്യാണം കൊണ്ടാടുമ്പോൾ അവളുടെ മനസ്സ് എന്റെ മനസ്സിനോട് ചേർന്നിരുന്നു. ഞങ്ങളുടെ മനസുകൾ നാഗങ്ങളായി ഇഴഞ്ഞടുക്കുകയും പിണഞ്ഞുകിടക്കുകയും ചെയ്തു. എന്റെ ചുണ്ടുകൾ, നഷ്ടബോധത്തിൽ തേങ്ങിക്കരഞ്ഞ എന്നെ തലോടിക്കൊണ്ടൊരിക്കലവൾ പറഞ്ഞ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു: "കരയാതെടാ ചെക്കാ നീ.. നിന്റെ ശബ്നം ഒരു യാത്ര പോയതാണെന്ന് മാത്രം കരുതിയാൽ മതി. ഉടൻ മടങ്ങിയെത്താനുള്ള ഒരു യാത്ര." അവൾ എം.ജി റോഡിൽ അപ്രത്യക്ഷയായ പുലരിയിലും എന്റെ ചുണ്ടുകൾ ഇതേ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. അതിലൂടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് താൽക്കാലികമായെങ്കിലും എനിക്കെന്നെത്തന്നെ ബോധ്യപ്പെടുത്താനാവുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കിൽ വിരഹ ദുഃഖത്തിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെടുമെന്നത് തീർച്ചയായിരുന്നു. ആ വാക്കുകൾ എന്നെ സംബന്ധിച്ച് ഒരു മന്ത്രം തന്നെയായിരുന്നു. പിരിമുറുക്കങ്ങളെ നേർപ്പിച്ചു കളയുന്ന ഒരു മന്ത്രം. അതെന്നെ എപ്പോഴുമെന്ന പോലെ മെല്ലെ മെല്ലെ ശാന്തനാക്കി. എന്നിലെ വിഭ്രാന്തി ഒന്നടങ്ങി. എന്നിലെ ഉന്മാദി ഒന്ന് മയങ്ങി. ഞാൻ കരച്ചിൽ നിർത്തി. നിരത്തിലൂടെയുള്ള അലച്ചിൽ അവസാനിപ്പിച്ചു. കണ്ണ് തിരുമ്മി ഉണരാൻ തുടങ്ങിയ നഗരത്തിന്റെ ഒരു ഇടവഴിയിൽ നിന്നും ഇരമ്പി വന്ന ഓട്ടോയിൽ കയറി ഞാൻ എന്റെ അപ്പാർട്മെന്റിൽ തിരികെയെത്തി. ദിനചര്യകളിൽ മുഴുകി. ഏതോ ഒരു നശിച്ച നിമിഷത്തിൽ അകാരണമായുണ്ടായ ക്ഷോഭത്തിൽ അവൾക്കങ്ങനെയൊക്കെ പറയാനും പ്രവർത്തിക്കാനും തോന്നി എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. ബസിൽ ഒരുറക്കം കഴിഞ്ഞുണർന്ന് അവളെന്നെ വിളിക്കുമെന്നും മധുരമായി സംസാരിക്കുമെന്നും ഞാൻ കരുതി.
എന്നാൽ അവൾ വിളിച്ചില്ലെന്ന് മാത്രമല്ല, എന്റെ വിളികളോട് പ്രതികരിക്കുകയും ചെയ്തില്ല. പ്രായേണ അവളുടെ നമ്പർ സ്വിച്ച്ഡ് ഓഫുമായി. ദിവസങ്ങൾ നീങ്ങി. അവളുടെ വിളി പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ നിമിഷവും ഞാൻ ജീവിച്ചത്. എന്നാൽ അവളുടെ വിളിയൊന്നും വരികയുണ്ടായില്ല. കൃത്യമായ ഇടവേളകളിൽ ഞാൻ അവളെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എന്റെ ശ്രമങ്ങളെല്ലാം വിഫലമായിക്കൊണ്ടിരുന്നു. ഞാൻ അവളുടെ ഓഫിസിലേക്ക് വിളിച്ചു. അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് മാത്രം അറിയാൻ സാധിച്ചു. അവളുടെ വീട്ടുകാരുമായി ഞാനത്ര രസത്തിലല്ലാതിരുന്നതുകൊണ്ടുതന്നെ അവളെക്കുറിച്ച് അവരോട് അന്വേഷിക്കാമെന്നത് ഒരടഞ്ഞ അധ്യായം മാത്രമായിരുന്നു. എന്റെ ഉള്ളിന്റെയുള്ളിൽ ഒരു അപായ സിഗ്നലിന്റെ ഭീതിതമായ ചുവപ്പു വെട്ടം വീണു കഴിഞ്ഞിരുന്നു. അശുഭ ചിന്തകൾ എന്നിൽ തലപൊക്കാൻ തുടങ്ങി. ശരിയായി ജോലി ചെയ്യാനോ നല്ല പോലെ ഭക്ഷണം കഴിക്കാനോ മറ്റുള്ളവരുമായി സ്വാഭാവികമായ രീതിയിൽ ഇടപഴകാനോ പറ്റാതായിത്തുടങ്ങി. അവളെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന്, അവളില്ലാത്ത എന്റെ ജീവിതം എന്തു മാത്രം ഏകാന്തവും, വിരസവും, നരകതുല്യവുമാണെന്ന് ഞാനൊരിക്കൽക്കൂടി തിരിച്ചറിയുകയായിരുന്നു. മൂന്ന് മാസത്തോളം ഞാൻ എങ്ങനെയും കഴിച്ചു കൂട്ടി. ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്ന് ബോധ്യമായ നിമിഷത്തിൽ ഞാനവളെത്തേടി പുറപ്പെട്ടു. ആദ്യം അവളുടെ വൈറ്റിലയിലെ വീട്ടിൽ ചെന്നു. അവിടെയാരുമുണ്ടായിരുന്നില്ല. ഞാനവളുടെ ബന്ധുക്കളുടേയും മിത്രങ്ങളുടേയും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി. ഒടുവിൽ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ സുഖമില്ലാതെ കിടപ്പിലാണെന്നറിയാൻ കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ആരിൽ നിന്നും ലഭ്യമായതുമില്ല. ഞാൻ അവധിയെടുത്ത് കണ്ണൂർക്ക് തിരിച്ചു. കണ്ണൂർ ടൗണിൽ തന്നെയായിരുന്നു അവളുടെ ക്വാർട്ടേഴ്‌സ്. ഞാൻ പലവട്ടം അവിടെ പോവുകയും അവളോടൊത്ത് കഴിയുകയും ചെയ്തിട്ടുണ്ടായിരുന്നു. അവളുടെ വിവാഹമോചനത്തിനും മെന്റൽ സാനിറ്റോറിയത്തിലെ ചികിത്സകൾക്കുമെല്ലാം ശേഷമായിരുന്നു അത്.
ഞാൻ ചെല്ലുമ്പോൾ ആ സർക്കാർ മന്ദിരത്തെയും അവിടത്തെ അന്തരീക്ഷത്തേയും വല്ലാത്തൊരു വിഷാദം ചൂഴ്ന്നു നിന്നിരുന്നു. അവളുടെ വീട്ടുകാരും അടുത്ത ബന്ധുക്കളും അകത്തും പുറത്തുമായി ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളും വീർത്ത് കെട്ടിയ കൺതടങ്ങളും പതിഞ്ഞ ശബ്ദത്തിലുള്ള ആശയവിനിമയങ്ങളുമായി അവരവിടെ നിൽക്കുന്നത് കാണുന്ന ആർക്കും ചിലതൊക്കെ ഊഹിക്കാൻ കഴിയുമായിരുന്നു. അവൾക്കെന്തോ ആപത്ത് പിണഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യത്തിനു മുന്നിൽ ഞാൻ തളരാൻ തുടങ്ങി. അതുവരെ ഇല്ലാതിരുന്ന ഒരു വിങ്ങൽ എന്റെ തൊണ്ടക്കുഴിയിൽ പിടുത്തമിട്ടു. പടികടന്നു ചെന്ന എന്നിലേക്ക് അവിടെക്കൂടി നിന്നവരുടെ കണ്ണുകൾ പാറി വീഴുന്നത് ഞാനറിഞ്ഞു. ആരെയും ശ്രദ്ധിക്കാതെ ഒരാളുടെയും മുഖത്ത് നോക്കാതെ ഞാൻ ക്വാർട്ടേഴ്സിന്റെ ഉമ്മറത്തേക്ക് കയറി. അല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവിടെ നിൽക്കുന്നവരാരും എന്നെ അഭിവാദ്യം ചെയ്യുകയോ കുരവയിട്ട് സ്വീകരിക്കുകയോ ചെയ്യില്ല എന്നെനിക്കറിയാമായിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അവരെന്നെ തടയുന്നില്ലെന്നേയുള്ളൂ. ദേഹോപദ്രവമേൽപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്നേയുള്ളൂ. എന്നു കരുതി അവരിൽ നിന്നും മാന്യതയും മര്യാദയും പ്രതീക്ഷിക്കുന്നത് തികഞ്ഞ അബദ്ധമാണെന്ന് എനിക്കറിയാമായിരുന്നു. ആ സർക്കാർ മന്ദിരത്തിന്റെ വെളുത്ത ടൈൽ പാവിയ ഉമ്മറത്തേക്ക് കയറിയപ്പോൾ എനിക്കോർമ്മ വന്നത് മട്ടാഞ്ചേരിയിലെ ഒരു മെന്റൽ സാനിറ്റോറിയതിന്റെ ഉമ്മറത്തെത്തിയതാണ്. ആ സ്ഥാപനത്തിന്റെ ഉമ്മറവും വെളുത്ത ടൈൽ പാവിയതായിരുന്നു. അവിടെയും ഞാനെത്തിയത് അവളെ കാണാനായിരുന്നു. അന്നും ഇതേ ആളുകൾ ഇതേ മ്ലാനതയോടെ അവിടെ സന്നിഹിതരായിരുന്നു. അവളുടെ വിവാഹ വാർഷിക ദിനമായിരുന്നു അത്. ആദ്യത്തെ വിവാഹ വാർഷിക ദിനം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽത്തന്നെ അവളുടെ മനസ്സിന്റെ താളം തെറ്റി എന്നർഥം. അത്ര നീചനും നരാധമനുമായിരുന്നു അവൾക്കായി അവളുടെ വീട്ടുകാർ കണ്ടെത്തിയ വരൻ. സമ്പന്നമായ പാരമ്പര്യമുള്ള ഒരു വലിയ തറവാട്ടിൽ നിന്നായിരുന്നു അയാളുടെ വരവ്. എന്നാൽ അതിന്റെ കുലീനത്വമൊന്നും അയാളിലുണ്ടായിരുന്നില്ല. രാത്രികളിൽ മദ്യപിച്ചെത്തി അയാളവളെ നിരന്തരം ദ്രോഹിച്ചു. അവൾ കാൺകെ വീട്ടിലെ കിടപ്പറയിൽ അഭിസാരികകളുമൊത്ത് രതിവൈകൃതങ്ങൾ നടത്തി. തന്റെ അതിഥികൾക്കും മേലധികാരികൾക്കും കാണിക്കയാവാൻ അയാളവളെ നിർബന്ധിച്ചു. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ! അവളെല്ലാം നിശബ്ദം സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല.
ഒടുവിൽ എല്ലാവരും എല്ലാമറിഞ്ഞത് അവളുടെ സമനില തെറ്റിയപ്പോൾ മാത്രമാണ്. പുടവകളുരിഞ്ഞെറിഞ്ഞ് അവളിലെ ഭ്രാന്തി തൊടിയിലൂടെ ഓടി. ആർക്കും തിരിയാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് തളർന്നു വീണു! ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ അനാവരണം ചെയ്യപ്പെടുകയായിരുന്നു. ക്രൂരമായ പീഡനങ്ങളുടെ ഉള്ളുലക്കുന്ന കഥകൾ പുറം ലോകമറിയുകയായിരുന്നു. അവൾക്കായി അയാളെ കണ്ടെത്തിയവർ വിരൽ കടിച്ചു പോവുകയായിരുന്നു. അവളെ പ്രണയിച്ചതിന്റെ പേരിൽ, വിവാഹം ചെയ്യാൻ ആഗ്രഹിച്ചതിന്റെ പേരിൽ എന്നെ ദേഹോപദ്രവമേൽപ്പിക്കാൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയവർ തളർന്നിരുന്ന് പോവുകയായിരുന്നു. എന്റെ സാമീപ്യമാണവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. സ്ഥിരതയിലേക്ക് തിരികെക്കൊണ്ടെത്തിച്ചത്. എന്നെ കാണുമ്പോഴുള്ള അവളുടെ പോസിറ്റിവായ ചലനങ്ങളും പ്രതികരണങ്ങളും തിരിച്ചറിഞ്ഞ ഡോക്ടർമാർ ഞാൻ അവൾക്കരികിൽ തുടരണമെന്ന് നിർദേശിക്കുകയായിരുന്നു. ഞാനവളുടെ അരികെത്തന്നെയിരുന്നു. അവളുടെ ശുശ്രൂഷകൾ ഏറ്റെടുത്തു. തമ്മിൽ കാണുന്നതും മിണ്ടുന്നതും വിലക്കിയ ഒരാളും പടഹധ്വനിയുയർത്തിയില്ല. ചന്ദ്രഹാസമിളക്കിയില്ല. നമ്രശിരസ്ക്കരും മൂകരുമായി നിൽക്കുക മാത്രം ചെയ്തു. ഞാൻ അടുത്തുള്ളപ്പോൾ അവൾ ഭയന്ന് നിലവിളിച്ചില്ല. ഭിത്തികളോട് പിച്ചും പേയും പറഞ്ഞില്ല. കുതറിയോടാൻ ശ്രമിച്ചില്ല. നിർജീവമായ കണ്ണുകൾ അകലങ്ങളിൽ നട്ട് നിശ്ചേഷ്ടയായിരുന്നില്ല. എന്നിലേക്ക് ചേർന്ന്, എന്നിലെ സിഗരറ്റിന്റെ ഗന്ധമാസ്വദിച്ച് അവൾ ഒതുങ്ങിക്കൂടി. അമ്മച്ചിറകിനടിയിലെ പാവം കിളിക്കുഞ്ഞിനെപ്പോലെ. മെന്റൽ സാനിറ്റോറിയത്തിൽ നിന്നും അവൾ മടങ്ങിയെത്തിയത് കൂടുതൽ കരുത്തും ഊർജവും ധിഷണയുമൊക്കെയുള്ള ഒരു സ്ത്രീയായിട്ടായിരുന്നു. അതിവേഗം അവൾക്ക് വിവാഹമോചനം അനുവദിക്കപ്പെട്ടു. അവൾക്കായി ഒരു വൻതുക ജീവനാംശവും കോടതി വിധിച്ചു. എന്നാൽ ആ തുക സ്വീകരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. "പെണ്ണ് കൂട്ടിക്കൊടുത്ത് ആ തെമ്മാടിയുണ്ടാക്കിയ നാറുന്ന കാശ് എനിക്ക് വേണ്ട." ഇതായിരുന്നു അവളുടെ നിലപാട്.
അധികം വൈകാതെ തന്നെ അവൾക്ക് വാണിജ്യനികുതി വകുപ്പിൽ ഉദ്യോഗം സമ്പാദിക്കാനായി. ആദ്യ പോസ്റ്റിങ് പാലക്കാടായിരുന്നു. പിന്നീടാണ് കണ്ണൂർക്ക് ട്രാൻസ്ഫറായത്. ഇനി നമുക്ക് വിവാഹിതരാകാമെന്ന എന്റെ അഭിപ്രായത്തോട് അവൾ വിയോജിക്കുകയാണുണ്ടായത്. അവൾ പറഞ്ഞു: "അന്ന് നമ്മെ തടയേണ്ടായിരുന്നു എന്ന ഒരു തോന്നലും കുറ്റബോധവും എല്ലാവരിലുമുണ്ട്. അതുകൊണ്ടു തന്നെ വിവാഹത്തിന് പറ്റിയ സമയമാണിത്. തികച്ചും അനുകൂലമായ അന്തരീക്ഷം. മാത്രമല്ല, നമുക്ക് നല്ല ഉദ്യോഗമുണ്ട്. പണമുണ്ട്. ഒരാളും നമ്മെ തൊടാൻ ധൈര്യപ്പെടില്ല. നമ്മുടെ ഭാഗധേയം നിർണയിക്കാനുള്ള സ്വാതന്ത്ര്യവും പാങ്ങും ഇപ്പോൾ നമുക്കുണ്ട്. എന്നാൽ വിവാഹം...! അത് വേണ്ട ഇദ്‌രീസ്. വിവാഹം എന്ന വാക്കിനോടുള്ള മോഹം കലർന്ന ആരാധന എന്നിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഭർത്താവ് എന്ന വാക്കിനോടുണ്ടായിരുന്ന ഭക്തി നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഭാര്യാപദവിയോട് ഇന്നെനിക്ക് പുച്ഛമാണ്. കുടുംബം എന്നത് ഒരു വലിയ തമാശയാണെന്ന് തോന്നിപ്പോകുന്നു. അത്രമാത്രം വിഷലിപ്തവും മലീമസവുമായ അനുഭവങ്ങളാണല്ലോ വിവാഹം എനിക്ക് സമ്മാനിച്ചത്. അതുകൊണ്ട് നമുക്ക് വിവാഹിതരാകേണ്ട. ഒരു ഭാര്യയും ഭർത്താവുമായി കലഹിച്ചും മത്സരിച്ചും മേന്മ നടിച്ചും നമുക്ക് നമ്മുടെ ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തേണ്ട. വിദ്യാഭ്യാസത്തിനോ, ആധുനീകതക്കോ, നാഗരീകതക്കോ, ആഴമേറിയ പ്രണയത്തിനു പോലുമോ ഭാര്യയും ഭർത്താവുമായി മാറുന്ന രണ്ട് വ്യക്തികളെ ഇപ്പറഞ്ഞ ദുഷിപ്പുകളിൽ നിന്നും മുക്തമാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. വിവാഹിതരാകാതെ തന്നെ നമുക്ക് തമ്മിൽ കാണാമല്ലോ. ഒന്നിച്ചു കഴിയാമല്ലോ. എനിക്ക് നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാമല്ലോ. അതാണ് എനിക്ക് സന്തോഷകരമായിത്തോന്നുന്നത്. എന്റെ തുടർന്നങ്ങോട്ടുള്ള മാനസീകാരോഗ്യത്തിനും അതുതന്നെയാണ് നല്ലതെന്ന് തോന്നുന്നു.ഹൃദയങ്ങളുടെ ഐക്യപ്പെടലും ആത്മാവുകളുടെ ആശ്ലേഷവുമാണല്ലോ പ്രധാനം. നീ എന്ത് പറയുന്നു ?" "നൂറു വട്ടം സമ്മതം." ഞാൻ ആവേശത്തോടെ പറഞ്ഞു. എന്റെ പ്രിയപ്പെട്ടവൾ എന്നിലേക്ക് മടങ്ങിയെത്തിരിക്കുന്നു. അവളൊരു യാത്ര പോയതായിരുന്നല്ലോ. ഉടനെ മടങ്ങിയെത്താനുള്ള ഒരു യാത്ര.
ഞാൻ ക്വാർട്ടേഴ്സിന്റെ ഉമ്മറത്തു നിന്നും അകത്തേക്ക് കയറി. നല്ലതു പോലെ വെളിച്ചവും വായു സഞ്ചാരവുമൊക്കെയുള്ള പ്രധാന മുറിയിലായിരുന്നു അവളുണ്ടായിരുന്നത്. മുറിയിൽ പുൽത്തൈലത്തിന്റെ ഗന്ധം തങ്ങി നിന്നു. അവൾക്കരികിൽ സൈനബ് എന്ന ഒരു ഹോം നേഴ്‌സ് മാത്രമാണുണ്ടായിരുന്നത്. ആ സ്ത്രീയായിരുന്നു അവളോടൊപ്പം ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നതും വെച്ച് വിളമ്പിയിരുന്നതും മറ്റും. അവർ അവളുടെ ഒരകന്ന ബന്ധു കൂടിയായിരുന്നു. എന്റെ പ്രിയപ്പെട്ടവളിലേക്ക് നോക്കിയ ഞാൻ നടുങ്ങി വിറച്ചു. ഇളം നീല ഗൗണണിഞ്ഞ് മേൽക്കൂരയിലെ ഏതോ ബിന്ദുവിൽ കണ്ണു പാവിക്കിടന്നിരുന്ന അവൾക്ക് എന്റെ ശബ്‌നത്തിന്റെ വിദൂരച്ഛായ പോലുമില്ലെന്ന് എനിക്ക് തോന്നിപ്പോയി. ശൂന്യവും തിളക്കമറ്റതുമായ കണ്ണുകൾ. കരുവാളിച്ചതും വലിഞ്ഞു മുറുകിയതുമായ മുഖം. തുടുപ്പും തുടിപ്പും നഷ്ടപ്പെട്ട് വരണ്ടുണങ്ങിപ്പോയ ചുണ്ടുകൾ. വികൃതമായ ഒരുതരം മെലിച്ചിലിലേക്ക് രൂപാന്തരപ്പെട്ട ശരീരം. അനേകം പകലിരവുകളിൽ ഞങ്ങളുടെ ആനന്ദകൂജനങ്ങൾ വട്ടം കറങ്ങിയ ആ മുറിയിൽ അവളാ കിടപ്പ് കിടക്കുന്നത് കണ്ട് എന്റെ ചങ്കു തകർന്നു! ഞാൻ മരവിച്ചു നിന്നു. അവളെന്നിലേക്ക് മുഖം തിരിച്ചെന്നെ നോക്കിയില്ല. അതേ കിടപ്പ് തുടർന്നു. ചോദ്യഭാവത്തിൽ ഞാൻ സൈനബിനെ നോക്കി. പൊട്ടി വന്ന കരച്ചിൽ ചുണ്ടു കടിച്ചമർത്തി പതർച്ചയോടെ അവൾ പറഞ്ഞു: "ഡിമൻഷ്യയാണ് സാറേ. നാള് കുറച്ചായത്രേ തുടങ്ങിയിട്ട്. എന്നാൽ ശബ്നം അതാരോടും പറഞ്ഞില്ല. ഇപ്പോൾ ഫൈനൽ സ്റ്റേജും കടന്നു പോയിരിക്കുന്നു. ഓർമ്മകൾ മുഴുവൻ നശിച്ചിരിക്കുന്നു. ആരെയും തിരിച്ചറിയാനാവാതെ സ്വന്തം പേര് പോലും ഓർക്കാനാവാതെ..." സൈനബ് വിതുമ്പി. അടുത്ത അരമണിക്കൂർ നേരം എന്തൊക്കെയാണെന്നിൽ സംഭവിച്ചതെന്നോ ഏതെല്ലാം അവസ്ഥകളിലൂടെയാണ് ഞാൻ കടന്നു പോയതെന്നോ എനിക്കറിയില്ല. കുഴഞ്ഞു വീഴുകയും കണ്ടു നിൽക്കുന്നവരിൽ ഭയമുളവാക്കും വിധം പിടഞ്ഞുകൊണ്ടിരുന്നെന്നും പിച്ചും പേയും പറഞ്ഞുവെന്നും വല്ലാതെ വിയർത്തുവെന്നുമൊക്കെ പിന്നീട് സൈനബ് പറഞ്ഞാണറിഞ്ഞത്. ആഘാതം അത്ര വലുതായിരുന്നു...! ബോധം തിരികെ ലഭിക്കുമ്പോൾ എനിക്കൊരൽപ്പജീവനേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നു തന്നെ പറയാം. അത്രയേറെ ക്ഷീണിതനായിക്കഴിഞ്ഞിരുന്നു ഞാൻ. പൊട്ടിക്കരയുവാനല്ലാതെ മറ്റൊന്നിനും എനിക്കാകുമായിരുന്നില്ല. പ്രപഞ്ചനാഥന്റെ അലംഘനീയമായ വിധിക്കു മുന്നിൽ മനുഷ്യൻ നിസ്സഹായനും നിസ്സാരനുമാണ്.
ഞാൻ കട്ടിലിന്റെ അരികിൽ മുട്ടുകുത്തി. എന്റെ വിറയാർന്ന കൈകൾ അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചു. എന്നെയും എന്റെ ഓർമ്മകളെയും വിട്ടുപോകരുതെന്ന് ഞാനവളോട് യാചിച്ചു. വിരഹത്തിന്റെ ഗ്രീഷ്മത്തിലേക്കെന്നെ തള്ളിവിടരുതെന്ന് കേണു. എന്റെ കണ്ണുനീർ അവളുടെ കവിളിൽ വീണു. ഒരപരിചിതനെയെന്നോണം അവൾ എന്നെ തുറിച്ചു നോക്കുക മാത്രം ചെയ്തു. "ഞാൻ നിന്നെ മറക്കാൻ പോകുന്നു. നീയെന്ന ഉന്മാദത്തെ, നീ തന്ന സമാനതകളില്ലാത്ത ആനന്ദത്തെ, നിന്റെ കരവലയത്തിന്റെ സുരക്ഷിതത്വത്തെ, നിന്റെ ധന്യമായ സാന്ത്വനത്തെ.. അങ്ങനെ എല്ലാമെല്ലാം ഞാൻ മറക്കാൻ പോകുന്നു." തമ്മിലാദ്യം കണ്ട കവലയിൽ വെച്ച് അവളവസാനമായി പറഞ്ഞിട്ടു പോയ ഈ വാക്കുകൾ എന്നിലൊരു സമുദ്രമായി ഇളകാനും ഇരമ്പാനും തുടങ്ങി. അതിന്റെ പൊരുളരികുകളിൽ വിഭ്രാന്തമായ ഒരു നീറ്റൽ കാറ്റായി മാറിപ്പോയി ഞാൻ. പൊടുന്നനെ അവളുടെ കൃഷ്ണമണികൾ മെല്ലെ ചലിക്കാൻ തുടങ്ങുന്നത് ഞാൻ കണ്ടു. അവളുടെ നാസിക വിടരാൻ തുടങ്ങുന്നത് ഞാൻ കണ്ടു. അവളെന്നിലെ സിഗരറ്റിന്റെ ഗന്ധം ആസ്വദിക്കാൻ തുടങ്ങുകയാണ്! തനിക്കേറ്റവും പ്രിയങ്കരമായ ആ ഗന്ധത്തിലേക്ക് അവൾ തല ഉയർത്തി. അവളെന്റെ മുഖത്തേക്ക് അവളുടെ മുഖം ചേർത്ത് വെച്ചു. ആ ഗന്ധവുമായുള്ള തന്റെ ഇഴയടുപ്പത്തെക്കുറിച്ച് ഓർക്കാൻ പോലുമാകാതെ ഞരങ്ങിക്കരയുന്ന എന്റെ പ്രാണപ്രിയയെ ഞാനെന്നോട് ചേർത്തണച്ചു. "ഇത് ഞാനാണ് മോളേ... നിന്റെ മാത്രം ഇദ്‌രീസ്..." ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു. എന്റെ പിടയുന്ന ഹൃദയം അവളോട് സംവദിച്ചു കൊണ്ടിരുന്നു: "ശബ്നം.. കരയുന്ന മനസ്സോടെയാണ് നീ അന്നെന്നെ വിട്ട് പോയതല്ലേ. എം.ജി റോഡിലെ ഇരുട്ടിലും ബസിലെ തണുപ്പിലും ഈ മുറിയിലെ ഏകാന്തതയിലും നീ അനുഭവിച്ച വ്യഥയും പിരിമുറുക്കവും ഞാൻ തിരിച്ചറിയുന്നു. ഈ ലോകത്തെയാകെ അപരിചിതമാക്കിക്കളയുന്ന രോഗത്തിന്റെ ഭീകരാവസ്ഥയോർത്ത് നീ സങ്കടപ്പെട്ടത് ഞാൻ കാണുന്നു. ഒരു വഞ്ചകിയെപ്പോലെ സംസാരിച്ച് ഇരുളിൽ മറഞ്ഞാൽ ഞാൻ ശുണ്ഠികയറി വാശിയോടെ കോപത്തോടെ നിന്നിൽ നിന്നും മുഖം തിരിക്കുമെന്ന് നീ കരുതിയല്ലേ. അത് നിന്റെ സ്വാർഥതയായിരുന്നു. എന്നാലെങ്കിലും ഞാൻ നിന്നെയോർത്ത് കണ്ണീർവാർക്കരുതെന്ന വേദനിക്കരുതെന്ന സ്വാർഥത." ആരെയും ശ്രദ്ധിക്കാതെ ഒരാളുടെയും മുഖത്ത് നോക്കാതെ ഞാനാ വിഷാദം പുതച്ചു നിൽക്കുന്ന ക്വാർട്ടേഴ്സിനെയും അവിടത്തെ അന്തരീക്ഷത്തെയും പിന്നിലാക്കി എന്റെ വാഹനം ലക്ഷ്യമാക്കി നടന്നു. ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ എന്റെ കൈകളിൽ അവളെന്നെ നോക്കിക്കിടന്നു....എന്നെ മാത്രം....!
Content Summary: Malayalam Short Story ' Yugmam ' Written by Abdul Basith Kuttimakkal