രാത്രി തകർന്നുവീണ ചുവരിനപ്പുറത്ത് കൊമ്പൻ, കൈക്കുഞ്ഞുമായി അവർ ഓടി; നിലയ്ക്കാത്ത ചിന്നംവിളികൾ
കല്ലുരുണ്ടു വന്ന ദിശയിലേക്ക് ഞെട്ടി തിരിഞ്ഞ ചിന്നവൻ കണ്ടു, ഇരുട്ടിലും ദൃശ്യമാകുന്ന ഉയർന്നു നിൽക്കുന്ന രണ്ട് നീണ്ട വെളുത്ത കൊമ്പുകൾ മസ്തകത്തോളം ഉയരത്തിൽ. കൈയ്യും കാലും കോച്ചി വലിച്ച് ഒരു നിമിഷം ചുരുങ്ങിപ്പോയി അയാൾ. മലയിറങ്ങി പാഞ്ഞുവരുന്ന ഒറ്റയാൻ! പിന്നെ സർവശക്തിയുമെടുത്ത് മുമ്പോട്ടു പാഞ്ഞു...
കല്ലുരുണ്ടു വന്ന ദിശയിലേക്ക് ഞെട്ടി തിരിഞ്ഞ ചിന്നവൻ കണ്ടു, ഇരുട്ടിലും ദൃശ്യമാകുന്ന ഉയർന്നു നിൽക്കുന്ന രണ്ട് നീണ്ട വെളുത്ത കൊമ്പുകൾ മസ്തകത്തോളം ഉയരത്തിൽ. കൈയ്യും കാലും കോച്ചി വലിച്ച് ഒരു നിമിഷം ചുരുങ്ങിപ്പോയി അയാൾ. മലയിറങ്ങി പാഞ്ഞുവരുന്ന ഒറ്റയാൻ! പിന്നെ സർവശക്തിയുമെടുത്ത് മുമ്പോട്ടു പാഞ്ഞു...
കല്ലുരുണ്ടു വന്ന ദിശയിലേക്ക് ഞെട്ടി തിരിഞ്ഞ ചിന്നവൻ കണ്ടു, ഇരുട്ടിലും ദൃശ്യമാകുന്ന ഉയർന്നു നിൽക്കുന്ന രണ്ട് നീണ്ട വെളുത്ത കൊമ്പുകൾ മസ്തകത്തോളം ഉയരത്തിൽ. കൈയ്യും കാലും കോച്ചി വലിച്ച് ഒരു നിമിഷം ചുരുങ്ങിപ്പോയി അയാൾ. മലയിറങ്ങി പാഞ്ഞുവരുന്ന ഒറ്റയാൻ! പിന്നെ സർവശക്തിയുമെടുത്ത് മുമ്പോട്ടു പാഞ്ഞു...
ആന കുടുംബം മേയാൻ ഇറങ്ങുന്നത് എന്നും സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. രണ്ടോ മൂന്നോ പിടിയാനകളും പല ഉയരത്തിലുള്ള കുഞ്ഞ് ആനകളും ആണ് മധുര പുല്ല് പറിച്ചു തിന്നും കൊണ്ട് നടക്കുന്നത്. വലിയ ചെവികൾ ചലിപ്പിക്കാതെ തെല്ലകലെ മാറി നിൽപ്പുണ്ട് ചെമ്മണ്ണിൽ കുളികഴിഞ്ഞ ഒരു കൊമ്പൻ! ഉപദ്രവകാരികളല്ലാത്ത ആനക്കൂട്ടത്തെ തൊട്ടടുത്ത് കാണാൻ കഴിയുന്നത് കൊണ്ട് കാറുകൾ റോഡരികിൽ ഒതുക്കി നിർത്തി യാത്രികർ കൂട്ടം കൂടും. മാട്ടു ഫാമിലെ വാച്ചർ ആരെയും പുല്ല്മൊട്ടയിലേക്ക് ഇറങ്ങാൻ അനുവദിക്കുകയില്ല. മനുഷ്യർ കയറിയാൽ പുൽ കൃഷി നശിച്ചു പോകുകയുള്ളൂ, മൃഗങ്ങൾ മേഞ്ഞു തിന്നുന്തോറും പുല്ല് വളർന്നു വരികയാണ് ചെയ്യുന്നത്. കൈ മുട്ടോളം മൈലാഞ്ചി കോലം വരച്ചിരുന്ന ഒരു നവവധു വരനോട് ചേർന്നുനിന്നു. "ഭയപ്പെട വേണ്ട... അതുക ഒന്നും ചെയ്യാത്..." അവളെ തന്നോട് ചേർത്തു പിടിച്ച വരനോട് ആയി ചിന്നവൻ പറഞ്ഞു. ചിന്നവന് ക്യാരറ്റ് കച്ചവടമാണ്. ഇലയോട് കൂടിയ ഫ്രഷ് ക്യാരറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് അയാൾ ചോദിച്ചു: "വേണുമാ...? 20 രൂപ താൻ..." "മേടിച്ചു കാറിൽ ഇരിപ്പുണ്ട്", പുഞ്ചിരിയോടെ അവൾ ഹിന്ദിയിൽ മൊഴിഞ്ഞു. ക്യാരറ്റും ചോളവും കരിക്കും എല്ലാം ഏതോ കച്ചവടക്കാരൻ കൊണ്ടുവന്ന് വിൽക്കാൻ ഏൽപ്പിച്ചിരിക്കുകയാണ്. ചിന്നവനെ പോലെ വേറെയും കുറേപ്പേർ അവിടവിടെയായി വിറ്റും കൊണ്ട് നടക്കുന്നുണ്ട്.
ആനക്കൂട്ടത്തെ നോക്കിനിൽക്കുന്ന സഞ്ചാരികളോട് ആനക്കഥകൾ പറയാൻ വലിയ ഉത്സാഹമാണ് ചിന്നവന്. ഏതെങ്കിലും യുവമിഥുനങ്ങളോട് കഥ പറയുമ്പോൾ ചുറ്റും നിൽക്കുന്നവരും തന്നെ സാകൂതം ശ്രദ്ധിക്കുന്നുണ്ടെന്ന് അവനറിയാം, അതുതന്നെയാണ് അവന്റെ സന്തോഷവും. "ഇവിടൊക്കെ പണ്ടുണ്ടായിരുന്ന സായിപ്പുമാരെയും മദാമ്മകളെയും പോലെതന്നെയാണ് ആന കൂട്ടവും." രണ്ടുമൂന്ന് കാറുകൾക്ക് അപ്പുറത്ത് നിന്നിരുന്ന കാഴ്ചക്കാരോടായി ചിന്നവൻ പറഞ്ഞു. "ചുണ്ടത്ത് ചായം തേച്ച് തലയൽപ്പം ഉയർത്തിപ്പിടിച്ച് വെള്ളക്കാരികൾ കുട്ടികളുമൊത്ത് ഷോപ്പിംഗ് നടത്തുന്നത് പോലെ മധുര പുല്ലു പറിച്ചു തിന്നും കൊണ്ട് പിടിയാനകൾ കൂട്ടംചേർന്ന് നടക്കും. ചുരുട്ടും വലിച്ച് പുകയൂതി നെഞ്ചുംവിരിച്ച് നിൽക്കുന്ന സംരക്ഷകനായ സായിപ്പിനെ പോലെ കൊമ്പൻ ചെറിയൊരു അകലം പാലിച്ച് അവിടെയൊക്കെ തന്നെ ഉണ്ടാകും." കൊമ്പൻ ഒന്ന് ചിന്നം വിളിച്ചു. ശബ്ദം മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചപ്പോൾ, ചിലർ കാറുകൾ ഓടിച്ചുപോയി. വൈകാതെ തന്നെ മറ്റു സഞ്ചാരികളുമായി വന്ന വാഹനങ്ങൾ ആ ഒഴിവു ഇടങ്ങളിൽ സ്ഥലം പിടിച്ചു. റോഡിനിരുവശത്തും തീറ്റപ്പുൽകൃഷി ആണ്. ഒരു വശത്ത് മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന പച്ചപ്പുൽ മൊട്ടക്കുന്നുകൾ. മറുവശത്ത് ജലാശയത്തോളം ഇറങ്ങിച്ചെല്ലുന്ന തീറ്റപ്പുൽ പാടം. ഒന്നോ രണ്ടോ മരങ്ങൾ വലിയ കുടകൾ നിവർത്തി വച്ചതുപോലെ അങ്ങിങ്ങായുണ്ട്. മരങ്ങൾക്ക് കീഴേ പുല്ലിൻമേൽ കൊച്ച് നിഴൽ തുരുത്തുകൾ.
Read Also: ' ഇനി ഞാൻ സ്കൂളിലേക്ക് പോവില്ലമ്മേ...'; മകളുടെ അവസ്ഥയ്ക്ക് പരിഹാരം കാണണം: ജീവിതം മാറ്റിയ ഡോക്ടർ
പുൽ പാടത്തേക്കിറങ്ങി മേഘങ്ങളെ നോക്കി കൂകി വിളിച്ച് ഒന്ന് ഓടാൻ ഏതു സഞ്ചാരിക്കും തോന്നിപ്പോകും. ആരും അതിക്രമിച്ച് കയറാതിരിക്കാൻ റോഡരികു തോറും മേരവേലി അടിച്ചു വെച്ചിരിക്കുകയാണ്. കാറുകൾ റോഡരുകിൽ മരവേലിയോട് ചേർത്തുനിർത്തി സഞ്ചാരികൾ ഇറങ്ങി നിൽക്കുന്നു. ജലാശയത്തിന് അക്കരെ കൂറ്റനൊരു മലയാണ്. മലയടിവാരത്തിൽ ദൂരക്കാഴ്ചയായി കുഞ്ഞുകുഞ്ഞു കുടിലുകൾ... തികച്ചും വേറിട്ടതാണ് അവിടെ ജീവിക്കുന്നവരുടെ ലോകം... ഭാഷയിലും വേഷത്തിലും വ്യത്യസ്തരായവർ.. നാട്ടിലേക്ക് ഇറങ്ങി വരാത്തവർ... പാറക്കെട്ടിൽ നിന്ന് തേൻ എടുക്കുന്നവർ.. ചിന്നവന്റെ വീട് അവിടെയാണ്, കീക്കുടിയിൽ. കീക്കുടി തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലമാണ്. ജലാശയത്തിന് അക്കരെ കീക്കുടിയിലെ കൃഷിത്തോട്ടങ്ങൾക്കപ്പുറം വനമാണ്. വനത്തിനുമപ്പുറമാണ് വലിയ മല. ഭീമാകാരമായ ഒരു പാറയാണ് മലയായി മാറിയിരിക്കുന്നത്. ചിന്നവൻ വീട്ടിൽനിന്നിറങ്ങി ജലാശയത്തിന് അരികിലൂടെ നടന്ന് അതവസാനിക്കുന്നിടത്ത് ചെന്ന് അക്കരെ കടന്ന് തിരിച്ചു പിന്നെയും കുറെ ദൂരം അതിന് അരികുപറ്റി നടന്നു വേണം കാറുകൾ സഞ്ചരിക്കുന്ന പ്രധാനപാതയിൽ എത്താൻ. ചങ്ങാടമുണ്ട്, അത് അക്കരെ കടക്കാൻ കള്ളത്തടി വെട്ടുകാരും കഞ്ചാവ് കൃഷിക്കാരും തയാറാക്കി ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ഗവൺമെന്റ് അധികാരികളുടെ വാഹനങ്ങൾ ജലാശയത്തിന് അരികിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഇളകിമറിഞ്ഞ് പൊടിപിടിച്ച് കീക്കുടിയിൽ എത്തുമ്പോഴേക്കും, ചങ്ങാടം തുഴഞ്ഞ് അക്കരെയെത്തി രക്ഷപ്പെട്ടിട്ടുണ്ടാവും കള്ളത്തടി വെട്ടുകാർ. റോഡിൽ ഒരിടത്തുനിന്ന് നോക്കിയാലും ചങ്ങാടം കണ്ണിൽ പെടുകയില്ല. റേഷൻ കടവരെയുണ്ട്, ഒരു മഴ പെയ്തു പോയാൽ ചെളിക്കുളമായി മാറുന്ന മൺപാത. വെയിൽ കാലത്ത് പൊടിയോട് പൊടി!
റേഷൻകട മുക്കിൽ എല്ലാം കിട്ടും- തീപ്പെട്ടി മുതൽ ചാരായം വരെ എന്തും. വൈകുന്നേരം കൈ നിറയെ കാശുമായി ചിന്നവൻ റേഷൻകടയ്ക്കൽ എത്തുമ്പോൾ, കാട്ടിൽ തേനെടുക്കാൻ പോയവരും, കൃഷിപ്പണി കഴിഞ്ഞവരും എല്ലാം അവിടെ കൂടിയിട്ടുണ്ടാവും. പിന്നെ ഒന്ന് മിനുങ്ങിയിട്ടാണ് അവർ വീടണയുക. രാത്രി മൃഗങ്ങളുടേത് മാത്രമാണ്.. ആനയും കടുവയും കാട്ടുപോത്തും എല്ലാം കാത്തുനിൽക്കുകയാണ്... രാത്രിയിലെ വിഹാരത്തിന് വേണ്ടി. ആരും അവർക്ക് തടസ്സമാകാറില്ല... പിറ്റേന്ന് രാവിലെ അയാൾ മൺപാതയിലൂടെ നടന്നു തുടങ്ങുമ്പോൾ കാണാം, വഴിനീളെ ചൂട് മാറാത്ത ആന പിണ്ടങ്ങൾ.! ചിന്നവൻ കുഞ്ഞായിരുന്നപ്പോഴാണ്, ഒരു ദിവസം രണ്ട് മുഴുത്ത വരിക്കച്ചക്കപ്പഴവുമായി താത്ത കയറിവന്നു. പാട്ടി ചിന്നവനെ തൊട്ടിലിൽ ആട്ടി ഉറക്കുകയായിരുന്നു. ചിന്നവന് ആറുമാസം പ്രായമായപ്പോഴേ അവന്റെ അപ്പൻ വേറൊരു കുടിയിലേക്ക് വേറൊരുത്തിയോടൊപ്പം പൊറുതി തുടങ്ങിയിരുന്നു. പിന്നെയും ഒരു ആറുമാസം കഴിഞ്ഞപ്പോൾ, പാലുകുടി മാറാത്ത ചിന്നവനെ പാട്ടിയുടെ കൈയ്യിൽ ഏൽപ്പിച്ച് അവന്റെ അമ്മയും വേറൊരു പൊറുതിക്ക് പോയി. ഇതൊക്കെ കുടികളിൽ സർവസാധാരണമാണ്. താത്ത രാത്രി ഉറങ്ങുവാൻ തൂക്കുമരത്തിലേക്ക് പോകും. കൃഷി തോട്ടങ്ങളുടെ നടുവിലെ വലിയൊരു പാറയിൽ രാത്രി കാവൽ കാക്കുവാൻ ഊഴം ഇട്ടാണ് ആണുങ്ങൾ പോകുന്നത്. ചിന്നവൻ ഉറങ്ങി കഴിഞ്ഞപ്പോൾ പാട്ടിയും കിടന്നു. ഉറക്കം പെട്ടെന്ന് വരികയാണ്. നിശബ്ദമായ രാവിൽ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത സുഖസുഷുപ്തി. കോടികൾ സമ്പാദിച്ചവർ പോലും വിലകൊടുത്തു വാങ്ങാൻ വിഷമിക്കുന്ന സൗഭാഗ്യം.
Read Also: നാടുകാണാൻ യാത്ര, എതിർവശത്ത് വന്നിരുന്നത് സുന്ദരിയായ പെൺകുട്ടി, പരസ്പരം കൈമാറുന്ന പുഞ്ചിരികൾ
പെട്ടെന്നായിരുന്നു വീടിന്റെ ചുമര് ഇടിഞ്ഞുവീണത്. മുട്ടത്തോട് പൊടിയുന്നത് പോലെ മൺകട്ടകൾ അടർന്നുവീണു. വിടവിലൂടെ അകത്തേക്ക് പ്രവേശിച്ചത് കൊമ്പും തുമ്പിക്കൈയും പാതി മസ്തകവും...! പാട്ടി സ്വയമറിയാതെ ഒരു അലറിക്കരച്ചിൽ പുറത്തേക്ക് വന്നു. തൊട്ടു മുമ്പിൽ ഒറ്റയാൻ! തുമ്പിക്കൈ എന്തോ പരതുകയാണ്. കൈ ഒന്ന് എത്തിച്ചാൽ തൊട്ടിലിൽ തൊടും. പാട്ടി അലറി കരഞ്ഞു കൊണ്ട് തൊട്ടിലിൽ കിടന്ന ചിന്നവനെ വാരിയെടുത്ത് പുറകുവശത്തെ വാതിൽ തുറന്ന് ഇരുട്ടിലേക്ക് ഓടി.. പയർ മുളച്ചു നിൽക്കുന്ന തടങ്ങൾ ചാടിക്കടന്ന്... മഞ്ഞിലലിഞ്ഞുചേർന്ന നിലാവെളിച്ചത്തിലൂടെ ചിന്നവനെ മാറോടു ചേർത്തു പിടിച്ച് എങ്ങോട്ടെന്നില്ലാതെ പാട്ടി ഓടിക്കൊണ്ടേയിരുന്നു. രാത്രിയിൽ ചുറ്റിനടന്ന കൊമ്പനെ എവിടെനിന്നോ വന്ന വരിക്കച്ചക്കപഴത്തിന്റെ ഗന്ധം കൊതിപ്പിച്ചതാണ്. ഒരു ചെറു ശബ്ദംപോലും ഉണ്ടാക്കാതെ ഒറ്റയാൻ മണം തേടിനടന്നു. ചിന്നവനു വേണ്ടി താത്ത കൊണ്ടുവന്ന ചക്കപ്പഴം വീടിന്റെ മൂലയിൽ വച്ച് ചാക്കിട്ട് പുതപ്പിച്ചു വച്ചിരിക്കുകയായിരുന്നു പാട്ടി. നീട്ടിയ തുമ്പിക്കൈ മണത്തിന്റെ ഉറവിടം കണ്ടെത്തി. മുറിയുടെ മൂലയോളം തുമ്പിക്കൈ എത്താത്തതുകൊണ്ട് മുമ്പോട്ട് ഒന്ന് ആഞ്ഞതാണ് കൊമ്പൻ, അല്ലാതെ വീട് പൊളിക്കണം എന്നൊന്നും അവൻ ഉദ്ദേശിച്ചിരുന്നതേയില്ല. പാട്ടിയുടെ അലർച്ചയും, ചിന്നവന്റെ കരച്ചിലും, ഒറ്റയാന്റ ചിഹ്നം വിളിയും എല്ലാം അന്ന് രാത്രി കീക്കുടിയെ ഉണർത്തി. പാറപ്പുറത്ത് കാവൽ കിടന്നവർ പാട്ട കൊട്ടിയും പന്തംകൊളുത്തിയും കൊണ്ട് ഓടി വന്നപ്പോഴേക്കും ചക്കപ്പഴം മുഴുവനും അകത്താക്കിയ കൊമ്പൻ ജലാശയം കടന്ന് അക്കരെ എത്തിയിരുന്നു. "എൻ ഉയിരെ കൊടുത്ത് ഞാൻ പിള്ളയെ കാപ്പാത്തിയിറുക്ക്..." ചിന്നവനെ പിടിച്ചുകൊണ്ടുപോകാനാണ് ഒറ്റയാൻ വന്നത് എന്നാണ് പാട്ടി എല്ലാവരോടും പറയുന്നത്.
കുഞ്ഞിനെ തൊട്ടിലിൽ നിന്ന് എടുത്ത് ആനക്കാട്ടിലൂടെ ഓടുവാൻ പാട്ടിക്കുണ്ടായ ധൈര്യത്തെ എല്ലാവരും വാഴ്ത്തും. കീക്കുടിയിലെ എല്ലാ വീട്ടുകാർക്കും കാണും ഇത്തരം ഓരോ കഥകൾ പറയാൻ, രാത്രിയിൽ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തെ അവർ തടയാൻ പോകാറില്ല. തെളിനീർ ഒഴുകുന്ന പുഴയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ അവർ സോപ്പ് ഉപയോഗിക്കാത്തത് പുഴവെള്ളം മൃഗങ്ങളുടെ കുടിവെള്ളം ആണെന്നതുകൊണ്ട് കൂടിയാണ്. മൃഗങ്ങൾ തങ്ങളുടെ ചുറ്റുവട്ടത്തു നിന്നും അകന്നു പോകാൻ അവർ ആഗ്രഹിക്കുന്നതേ ഇല്ല എന്നതാണ് സത്യം. സഞ്ചാരികളുടെ തിരക്ക് കുറയുകയാണ്. മൂന്ന് മണി കഴിഞ്ഞാൽ പിന്നെ ജലാശയ പരിസരത്തുനിന്നും അവരുടെ മടക്കയാത്രയാണ്. ചിന്നവനും കച്ചവടം മതിയാക്കി കണക്ക് ഏൽപ്പിച്ച് മടങ്ങുകയാണ്. മൺപാതയിലൂടെ ജലാശയത്തിന് അരികിലൂടെ അയാൾ നടക്കുമ്പോൾ അകലെ പ്രധാന നിരത്തിലൂടെ മടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ വരിവരിയായി ഒഴുകിനീങ്ങുന്നത് കാണാം. വെയിലുതാഴുന്നതോടെ അന്തരീക്ഷത്തിൽ തണുപ്പ് കൂടി കൂടി വരുന്നു. അങ്ങകലെ നക്ഷത്ര വെളിച്ചം പോലെ കീക്കുടിയിലെ കുടിലുകളുടെ മുറ്റത്ത് വിറക് അടുപ്പുകൾ എരിഞ്ഞു തുടങ്ങുന്നത് ചിന്നവൻ കണ്ടു. റേഷൻകടവരെ നീളുന്ന വിജനമായ മൺപാതയിലൂടെയുള്ള ഈ മടക്കയാത്ര എന്നും വിരസമായാണ് അയാൾക്ക് അനുഭവപ്പെടാറ്. ഒരു മുഴുത്ത മുയൽ ചിന്നവന്റെ പാതയ്ക്ക് കുറുകെ ഓടിപ്പോയി. വിശാലമായൊരു മൈതാനത്തിന്റ ഒത്ത നടുക്കായി ഒരു പാലം മാത്രം ഉയർന്നു നിൽക്കുന്നിടത്ത് ജലാശയം അവസാനിക്കുന്നു. ഇനി മറുകര കടന്നു നടക്കണം ഇത്രയും തന്നെ ദൂരം. ഒരു കൊച്ചരുവി പോലുമില്ലാത്തിടത്ത് എന്തിനാണീ പാലം എന്ന് തോന്നിപ്പോകും ആദ്യം കാണുന്നവർക്ക്. മഴക്കാലത്ത് ജലാശയം നിറഞ്ഞു തുളുമ്പുമ്പോൾ ഈ മൈതാനം മുഴുവൻ വെള്ളത്തിനടിയിലാകും. അപ്പോൾ മാത്രമാണ് രണ്ട് മലയടിവാരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പാലം ഒരു തുണയാകുന്നത്. പാലത്തെ ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ ചിന്നവൻ വേഗം നടന്നു.
Read Also: ' എന്റെ കൊച്ച് ജീവനോടെ ഉണ്ടെന്ന് ഞാൻ എങ്ങനെ അറിയും സാറേ, എനിക്കവളെ കാണണം '; അച്ഛന്റെ കണ്ണീര്‍
ഇക്കരെ ഇരുട്ടിന്റെ ശബ്ദത്തിന് കനം കൂടിയിരിക്കുന്നു. കരിയിലകളെ ഇളക്കിക്കൊണ്ട് ഒരു വലിയ കരിങ്കല്ല് ഉരുണ്ടു വന്ന് അയാളുടെ മുൻപിൽ വീണു. കല്ലുരുണ്ടു വന്ന ദിശയിലേക്ക് ഞെട്ടി തിരിഞ്ഞ ചിന്നവൻ കണ്ടു, ഇരുട്ടിലും ദൃശ്യമാകുന്ന ഉയർന്നു നിൽക്കുന്ന രണ്ട് നീണ്ട വെളുത്ത കൊമ്പുകൾ മസ്തകത്തോളം ഉയരത്തിൽ. കൈയ്യും കാലും കോച്ചി വലിച്ച് ഒരു നിമിഷം ചുരുങ്ങിപ്പോയി അയാൾ. മലയിറങ്ങി പാഞ്ഞുവരുന്ന ഒറ്റയാൻ! പിന്നെ സർവശക്തിയുമെടുത്ത് മുമ്പോട്ടു പാഞ്ഞു... മനസ്സിന്റെ വേഗത്തിനൊപ്പം ചലിക്കാനാവാതെ പോയ കാലുകൾ കൂട്ടിയിടിച്ച് അയാൾ നിലത്തു വീണു. മണ്ണിൽ പുതച്ചു കളിക്കുന്ന കാട്ടുമൃഗം കരണം മറിയുന്നത് പോലെ അയാൾ വഴിയിൽ മുന്നോട്ടു ഉരുണ്ടു. ചാടിയെഴുന്നേറ്റു വീണ്ടും ഓടാൻ ശ്രമിക്കുന്നതിനിടയിൽ ചിന്നവൻ ശരിക്കു കണ്ടു- തുരത്തി വരുന്ന കൊമ്പന്റെ വലിപ്പം. കാതടപ്പിക്കുന്ന ശബ്ദത്തിൽ കേട്ടു ചിന്നം വിളിയൊച്ച. വീട്ടിലേക്കെടുത്ത, അവശേഷിച്ച ക്യാരറ്റുകളടങ്ങിയ തുണിസഞ്ചി അലറി കരഞ്ഞു കൊണ്ട് അയാൾ ആ മൃഗത്തിന്റെ നേർക്ക് വലിച്ചെറിഞ്ഞു. ഏറിന്റെ ആയത്തിൽ ചിന്നവൻ പിന്നെയും കാലുതെറ്റി വീണു. മരണ ഭയത്തോടെ അയാൾ തിരിഞ്ഞു നോക്കുമ്പോൾ, വലിച്ചെറിഞ്ഞ തുണിസഞ്ചിയിൽ പരതിക്കൊണ്ട് ഒറ്റയാൻ ഒരുനിമിഷം നിന്നിരിക്കുന്നു. മതിയായിരുന്നു, ആ ചെറിയ ഇടവേള. അയാൾക്ക് ധൈര്യം വീണ്ടെടുക്കാനും പുലിയെ പോലെ പാഞ്ഞോടാനും. ചിന്നവൻ തിരിച്ചെത്തിയിട്ടില്ല എന്നും, വഴിയിൽ കേട്ട ചിന്നംവിളിയൊച്ച അത്ര പന്തിയല്ല എന്നും ഉടനെ തിരിച്ചറിഞ്ഞ് 'റേഷൻ കടയ്ക്ക് മുമ്പിലെ കൂട്ടം' അന്നേരം തന്നെ കൊളുത്തിയ പന്തങ്ങളും കൊട്ടാനുള്ള പാട്ടുകളുമായി വഴിയിലേക്ക് ഓടി ഇറങ്ങിയിരുന്നു. അവരുടെ നടുവിലേക്ക് കീറി പറിഞ്ഞ വസ്ത്രങ്ങളോടെ, ദേഹമാസകലം പൂഴി പടർന്ന്, ചോരയൊലിക്കുന്ന മുറിവുകളുമായി ചിന്നവൻ വന്നുവീണു! ഒരുകൂട്ടം ചിന്നവനെ പൊക്കിക്കൊണ്ട് കുടിയിലേക്കും മറ്റൊരു കൂട്ടം ആനയെ തുരത്താനായി വഴിയിലേക്കും പാഞ്ഞു.
ഉത്സവങ്ങളിൽ തിടമ്പേറ്റി നിർത്താറുള്ള തേച്ചു കുളിപ്പിച്ച ആനയെ പോലെയല്ല, സഞ്ചാരികൾക്ക് മുമ്പിൽ പുല്ലു മേയുന്ന പാവത്താൻമാരെ പോലെയും അല്ല. ഒറ്റയാൻ! മദിച്ചു നടക്കുന്ന കാട്ടാന കരുത്തിന്റെ നേ൪രൂപമാണ്. വന്യമായ ഒരു ഉത്സാഹത്തിൽ തുള്ളി തുള്ളി ആണ് അവന്റെ നിൽപ്പ്പോലും. കണ്ണിൽ കണ്ടതെല്ലാം യഥേഷ്ടം തിന്നും കുടിച്ചും ആരോഗ്യം കൊണ്ട് തുടിച്ചു നിൽക്കുകയായിരിക്കും അവന്റെ പേശികൾ എല്ലാം. പതുക്കെ ആയിരിക്കില്ല, വെട്ടിത്തിരിയുമ്പോൾ അവന്റെ ശരീരം മുഴുവനും ഞൊടിയിടയിൽ തിരിഞ്ഞു വരും. മസ്തകം കുലുക്കുമ്പോൾ, വിശാലമായ ചെവികൾ വിറപ്പിക്കുമ്പോൾ, ദേഹത്തു നിന്ന് പൊടിമണ്ണ് കുടഞ്ഞു കളയുമ്പോൾ - ആരായാലും ഭയന്നു പോകും. കൂട്ടരുടെ മുമ്പിൽ തളർന്നുവീണ ചിന്നൻ ബോധംകെട്ടു പോയിരുന്നു. അടുത്ത രണ്ടു മൂന്നു ദിവസം ചിന്നവൻ പുറത്തേക്കൊന്നും ഇറങ്ങിയതേയില്ല. പൊടിപറത്തി പാഞ്ഞുവന്ന കാട്ടാന തന്നെ കൊല്ലാൻ എത്തിയ കാലൻ ആണെന്ന് അയാൾക്ക് തോന്നി. പകൽ ഉറക്കത്തിലും അയാൾ ഭയന്ന് നിലവിളിച്ചുണർന്ന് പായിൽ കുത്തിയിരുന്നു. പാടി പതം പറഞ്ഞു കരഞ്ഞ് പാട്ടി മാത്രം അയാളുടെ കാൽക്കലിരുന്നു. മൺ വഴിയിലെ കരിയിലകൾ ചവിട്ടി അരച്ച് ഭൂമി കുലുക്കി കലിയിളകി വന്ന കാട്ടുകൊമ്പൻ, ഓർമ്മകളിലെ ഒരു നിലാവ് തെളിഞ്ഞ രാത്രിയിൽ പയർ മുളച്ചു നിന്ന തടങ്ങൾ ചാടിക്കടന്ന് തന്നെ മാറോടു ചേർത്ത് ഓടിയ പാട്ടിയുടെ കരലാളനങ്ങളിൽ കുടിയിൽ ആശ്വസിച്ചു കിടന്നു. കരിയിലകളെ ഇളക്കിക്കൊണ്ട് പാഞ്ഞുവന്ന ആ മുഴുത്ത കരിങ്കല്ല് തന്റെ ശ്രദ്ധയാകർഷിച്ചില്ലായിരുന്നെങ്കിൽ...! പാഞ്ഞുവന്ന കൊമ്പനെക്കാൾ മുമ്പിൽ ആ കല്ല് ഉരുണ്ടു വന്നില്ലായിരുന്നു എങ്കിൽ...!
പിന്നീട് അവിടമാകെ തിരഞ്ഞെങ്കിലും അങ്ങനെയൊരു കല്ല് ചിന്നവന് പിന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. തന്റെ ഇടതുവശത്തുകൂടി അതിവേഗം ഉരുണ്ടു പോയ ആ കരിങ്കല്ല് കുറ്റിച്ചെടികൾക്കിടയിൽ പോയി തങ്ങി നിന്നിരുന്നു. കരിയിലകളുടെ ശബ്ദം നിലച്ച ശേഷമാണ് മറുവശത്തു നിന്നും കൊമ്പന്റെ ശബ്ദം ഉയർന്നു കേട്ടത്. പിന്നെ എങ്ങോട്ട് പോകാനാണ് ആ കരിങ്കല്ല്! കൃഷിത്തോട്ടങ്ങളും കടന്നു വനത്തിലേക്ക് എത്തും മുമ്പ് ചുടുകാട് ആണ്. ചത്തുപോയ മുപ്പാട്ടന്മാർ ഉറങ്ങുന്ന ചുടുകാടിനപ്പുറം കൊടും കാടിനുള്ളിൽ ഒരു കോവിൽ ഉണ്ട്. ആണ്ടിലൊരിക്കൽ മാത്രം ആണുങ്ങൾ ചെല്ലുന്ന കോവിൽ. വെള്ളപൂശിയ പടുകൂറ്റൻ ഒരു മരത്തിന് ചുവട്ടിൽ നാട്ടി നിർത്തിയിരിക്കുന്ന ഒരു കല്ല്; ചുവന്ന പട്ട് ചുറ്റിയിട്ടുണ്ട്. മരത്തിൻ ചുവട്ടിൽ മാത്രം പുല്ലുകൾ കിളിർത്തിട്ട് ഉണ്ടായിരുന്നില്ല. നിലത്ത് എല്ലാം മഞ്ഞൾപൊടി തൂകിയിരിക്കുന്നത് പോലെ. ആ വലിയ മരത്തണലിൽ ഇലകൾ കൊഴിഞ്ഞു വീഴാതിരിക്കുന്നതിൽ ചിന്നവന് അതിശയം തോന്നി. നിലത്തൊഴുകി പടർന്നിരിക്കുന്ന എണ്ണയുടെ നനവ് അയാളുടെ പാദങ്ങളെ തണുപ്പിച്ചു. ആരും ഇവിടെത്തോളം കയറി വരാത്തതാണ്, പെട്ടെന്ന് അയാൾ തിരിഞ്ഞോടി. പാദങ്ങൾക്കടിയിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദം മാത്രം അയാളെ പിന്തുടർന്നു. പയറുപാടങ്ങളിൽ പകലുകൾ ചിലവഴിച്ചു പോന്ന ചിന്നവൻ വിശ്രമിച്ച് ഇരിക്കുമ്പോൾ അകലെ തടാകത്തിന് അക്കരെ സഞ്ചാരികളുടെ വാഹനങ്ങൾ നിരനിരയായി മടങ്ങുന്നത് കണ്ടു. പയറു മുളച്ചു വരുമ്പോൾ തടത്തിൽ നീളൻ കമ്പുകൾ ഊന്നണം. വരിവരിയായി ഊന്നികൊടുത്തിരിക്കുന്ന വരിസ കമ്പുകളിൽ പയറു വള്ളി പടരും. കായ്ക്കുമ്പോൾ കുലകുലയായിട്ടായിരിക്കും വിളവ്. സമയാസമയം ലഭിക്കുന്ന മഴയിൽ ജലാശയത്തിൽ നിന്നും അടിഞ്ഞു കയറുന്ന എക്കലും വളവും, മലയുച്ചിയിൽ ശേഖരിക്കപ്പെട്ട് അരുവികളിലൂടെ ഒഴുകിവരുന്ന വെള്ളവും കീക്കുടിയിലെ മണ്ണിനെ പൊന്നാക്കുന്നു.
ചിന്നവനെ തേടി അക്കരെ നിന്നും ആരും എത്തിയിരുന്നില്ല. അയാൾക്ക് അതിൽ സങ്കടം തോന്നി. കുടിക്കാരെ ആരും പരിഗണിക്കുന്നില്ല, മനുഷ്യന്റെ വില പോലും ഇല്ല. കുടിയിൽ ആവട്ടെ എല്ലാവർക്കും പരസ്പരം അറിയാം. ഒരാളുടെ അസാന്നിധ്യം പോലും കുടിയുടെ പരിസരം തിരിച്ചറിയാതിരിക്കില്ല. കരിക്കും ക്യാരറ്റും എല്ലാം വിൽക്കാൻ മറ്റാരെങ്കിലും ഒക്കെ വന്ന് കാണണം. ജലാശയത്തിന് അരികുപറ്റി പൊടി പറക്കുന്ന മൺപാതയിലൂടെ ചൂടാറാത്ത ആനപിണ്ടങ്ങളും കടന്ന് അത്ര ദൂരത്തോളം ചിന്നവനല്ലാതെ ആരാണ് പോയിട്ടുള്ളത്? അക്കരെ കച്ചവടവും ആഘോഷങ്ങളും മാത്രമാണുള്ളത്. ഈ കുടിയിൽ എന്താണ് ഇല്ലാത്തത്? അയാൾ സ്വയം ചോദിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും അങ്ങോട്ടേക്ക് ആകർഷിക്കുന്ന എന്തോ ഉണ്ട്. അയാൾക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്ന എന്തോ ഒന്ന്..! ആ 'എന്തോ ഒന്ന്' അൽപ്പ ദിവസങ്ങൾക്ക് ശേഷം അയാളെ പിന്നേയും മൺപാതയിലൂടെ നടത്തിച്ചു. അവിടവിടെ ചൂടാറാതെ കിടന്ന ആനപ്പിണ്ടങ്ങളുടെ ചൂര് അയാളെ ഉന്മത്തനാക്കി. തലയ്ക്കു മുകളിലേക്ക് ചിതറിവീണതെന്തെന്നറിയാൻ അയാൾ ഞെട്ടി തലയുയർത്തി നോക്കി നിന്നു. ആകാശത്തോളം ഉയർന്നു നിൽക്കുന്ന മരത്തിന്റെ തളിർത്ത കൊമ്പുകളിൽ രണ്ട് ഇണക്കിളികൾ! അയാളുടെ നടുക്കം അറിയാതെ കണ്ണികൾ കൊത്തി കൊറിക്കുകയാണ്. പ്രണയിനികൾക്ക് പരിസരബോധം കുറവാണ്- സഞ്ചാരികൾക്കും കിളികൾക്ക് ആണെങ്കിൽ കൂടിയും. അക്കരയുള്ളവർ അറിഞ്ഞിരുന്നു ചിന്നവനെ ആനയോടിച്ച വിവരമൊക്കെ, ആറേഴു മാസം ആയതോടെ അവർ അവനെ മറന്നു തുടങ്ങിയിരുന്നു. "നീ ചത്തില്ലേടാ ...."ഇലയുള്ള ക്യാരറ്റ് തട്ടിൽ ആക്കി ചിന്നവന്റെ കൈയ്യിൽ കൊടുത്തു കൊണ്ട് മൊത്തക്കച്ചവടക്കാരൻ ഇക്കാ ചോദിച്ചു. 'വെള്ളം അടിച്ചു പൂസായി ആനയ്ക്ക് മുൻപിൽ പോയി പെട്ടെന്നും ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടു' എന്നും ആണ് അക്കരക്കാർ പറഞ്ഞുകേട്ടു വച്ചിരിക്കുന്നത്. "തണ്ണിയടിച്ച് കാടുതെണ്ടാതെ ഇരുട്ടുന്മുമ്പ് കുടിയിൽ പോയി കിടക്കണം". ഇക്കാ വിളിച്ചുപറഞ്ഞു.
ആദ്യത്തെ രണ്ടു മൂന്ന് ദിവസങ്ങൾ ചിന്നവന് കച്ചവടം ചെയ്യാൻ വലിയ ഉത്സാഹം ഒന്നും തോന്നിയതേയില്ല. ഐസ്ക്രീംകാരനും, ബലൂൺകാരനും എല്ലാം കഥകേൾക്കാൻ അയാളെ കണ്ട് ചിരിച്ചെങ്കിലും ചിന്നവൻ ആർക്കും മുഖം കൊടുത്തില്ല 'കാണുമ്പോൾ മാത്രമുള്ള സ്നേഹം' അയാൾക്ക് വേണ്ടായിരുന്നു. പതുക്കെ പതുക്കെ അയാൾ പഴയ അവസ്ഥയിലേക്ക് മടങ്ങിവന്നു, ഇപ്പോൾ അയാളുടെ ചുറ്റും സഞ്ചാരികളുടെ കൂട്ടം രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. "ക്യാരറ്റ് വേണുമാ... 20 രൂപ താൻ..." അവധിക്കാലം തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. ജലാശയത്തിലെ പരിസരം എല്ലാം ആളുകൾ നിറഞ്ഞിരിക്കുന്നു. റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ പോലും കഴിയാത്ത തിരക്ക്. ഇനി കച്ചവടക്കാർക്ക് എല്ലാം ചാകരയാണ്. കൈനിറയെ പണം ആകും, ഓരോ സീസണും കഴിയുമ്പോൾ അവരെല്ലാം വളരുകയാണ്. വീടിന് ഒരു മുറി കൂടി പണിതു ചേർക്കുന്നവർ.. കെട്ടിക്കാറായ മകൾക്കുവേണ്ടി ഒരുതരി കൂടി പൊന്ന് ചേർക്കുന്നവർ.. ചിന്നവന് അങ്ങനയൊന്നുമില്ല, കിട്ടുന്ന കാശ് ഒക്കെ പാട്ടിയുടെ കൈയ്യിൽ ഏൽപ്പിക്കും. അവർ എന്തുചെയ്യുന്നു എന്നുകൂടി അന്വേഷിക്കാറില്ല. ഒറ്റയാനായി നടക്കുന്ന ചിന്നവൻ ഒരു പെണ്ണ് കെട്ടി കാണണമെന്നുണ്ട് പാട്ടിക്ക്. അവന്റെ പ്രായത്തിൽ ഉള്ളവർക്ക് കുടിയിൽ രണ്ട് മക്കളെങ്കിലും ആയിട്ടുണ്ടാവും. അതാണ് നാട്ട് നടപ്പ്. വയസ്സറിയിച്ച് മിനുങ്ങി നിൽക്കുന്ന ഏതെങ്കിലും ഒരുത്തിയെ കുടിയിലേക്ക് വിളിച്ചുകൊണ്ട് വരികയാണ്. കെട്ട് എല്ലാവരെയും അറിയിച്ച് പിന്നെ. ചിന്നവൻ ആരെയും അടുപ്പിക്കുന്നില്ല. മുഖമുയർത്തി ഒരുത്തിയെ നോക്കാറ് പോലുമില്ല, കൊതിതീരും മുമ്പേ ചുണ്ടിലെ പാൽ മധുരം അടർത്തിമാറ്റി പോയ അമ്മയെ മനസ്സിൽ നിന്നും നുള്ളിയെറിഞ്ഞതിനാൽ ആയിരിക്കാം, പെണ്ണുങ്ങളെ ഒരു മദപ്പാട് അകലെയാണ് അയാൾ നിർത്തി പോന്നത്.
ഉത്സവങ്ങളുടെ പത്ത് ദിവസങ്ങൾക്ക് വിജയദശമിയോടെയാണ് അവസാനമാകുന്നത്. അതോടെ സീസണും കഴിയും. ആയുധപൂജ തൊട്ട് തലേന്ന് ആയിരിക്കും. സമ്പാദ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ചാലകങ്ങൾ എല്ലാം ആയുധത്തിന്റെ ഗണത്തിൽ വരും. എല്ലാം പൂജയ്ക്ക് വെക്കേണം. വർക്ക് ഷോപ്പുകളിൽ സ്പാനറും പ്ലെയറും, കൃഷിപ്പണിക്കാർക്ക് തൂമ്പയും വാക്കത്തിയും, തുടങ്ങി ഓട്ടോറിക്ഷക്കാരന് വാഹനം തന്നെയും! ആയുധങ്ങളെല്ലാം അന്ന് പകൽ കഴുകിവൃത്തിയാക്കി അടുക്കിവെച്ച് വൈകുന്നേരം വിളക്കുവെക്കും. ഉപ്പു ചേർക്കാതെ കൊണ്ടകടല പുഴുങ്ങി ചിരവിയ തേങ്ങ ചേർത്ത് മലരിനോടൊപ്പം ഗുരുവിന് നേദിക്കും. കടലയുടെ കൊണ്ട ഗുരുവിന്റെ കുടുമിയെ ഓർമിപ്പിക്കുന്നു- ലോക ഗുരുവിനെ! തൊഴിൽ പഠിപ്പിച്ച ആശാന് കൈനീട്ടം കൊടുത്ത് കാലു തൊട്ടു തൊഴുന്നു. പുകയുന്ന ചന്ദനത്തിരികൾ അഴുകിയ ക്യാരറ്റ് ഇലകളുടെ നാറ്റത്തെ തുരത്തിയിരിക്കുന്നു. എല്ലായിടവും വൃത്തിയാക്കിയിട്ടുണ്ട്. ഇക്കയുടെ ക്യാരറ്റ് -കരിക്ക് ഷെഡ്‌ഡിന്റെ മൂലയിൽ മുരുകൻ വിളക്കുവച്ച് പൂജ കഴിച്ചു. ഭക്തിയോടെ കൂടി നിന്ന എല്ലാവർക്കും വാഴയില കീറുകളിൽ കൊണ്ടകടലയും മലരും പ്രസാദമായി മുരുകൻ വീതിച്ചു കൊടുത്തു. ഇനി നടക്കാൻ പോകുന്നതാണ് 'പ്രധാന പൂജ'. അതിനായിട്ടാണ് പകലെല്ലാം കൈമെയ് മറന്ന് കഴുകിയതും തുടച്ചതും വൃത്തിയാക്കിയതുമെല്ലാം. മദ്യകുപ്പികൾ തുറന്നു.. അടക്കവും ഒതുക്കവും ആയി ശിഷ്യഗണം ഭവ്യതയോടെ ഓരോരോ മൂലകളിലേക്ക് മാറുന്നു.. ഗ്ലാസുകൾ കൈമാറുന്നതിനോടൊപ്പം സങ്കടങ്ങളും പരിഭവങ്ങളും ഇടകലരുന്നു.. ചിന്നവന് ഒരു ഗ്ലാസ്സിൽ ഒഴിച്ചു കൊടുത്തിട്ട് മുരുകൻ ഗുരു പറഞ്ഞു: "കുടിച്ചിട്ട് നീ സീക്കിറം പോയിറ്... യാനക്കാട് വേറെ... നെനച്ചാലേ കൊലനടുംൻക് ത്..." ഇവിടെ മൂലയിൽ ഒതുങ്ങി പോയാൽ, ചിന്നവൻ ആണ് കാട്ടിലൂടെ നടക്കേണ്ടത്. മുരുകനും കുമാറും ഒക്കെ എത്ര വൈകിയാലും ട്രിപ്പ് ഓട്ടോകളിലോ ബൈക്കിലോ വീട്ടിലെത്തും. ചിന്നവന്റെ പങ്ക് അവർ കുപ്പിയിൽ പകർന്നു നൽകിയിരിക്കുകയാണ്.
ലഹരിയുടെ ഓളങ്ങളിൽ നീന്തി തുടിക്കുമ്പോൾ മുരുകനും ചിന്നവനും എല്ലാം പകർന്നെടുക്കുന്ന സ്നേഹത്തിന് കൊടുംകാടിന്റെ നിറം കൈവരുന്നു. കുമാറും പറഞ്ഞു: "നീ പോയിറടാ.. യാനക്കാടടാ.." "കാട് നിറയെ യാനയാടാ.. അത് പോയിട്ട് പോകുത്.. നീ ഊത്തടാ." ചിന്നവന് അറിയാം കാടിനെ! എപ്പോഴും നടക്കുന്ന വഴിയല്ലേ, ആനയുടെ സാന്നിധ്യം മണത്ത് അറിയാൻ കഴിയും. ചെവികളും ജാഗ്രതയിലാണ്. പാട്ട കൊട്ടുന്ന ശബ്ദം എവിടെയെങ്കിലും ഉയരുന്നുണ്ടോ...? മുന്നറിയിപ്പു വിളികൾ പ്രതിധ്വനിക്കുന്നുണ്ടോ..? ചിന്നവൻ മൺപാതയിലേക്ക് കാലെടുത്തുവെച്ചപ്പോഴേ നന്നായി ഇരുട്ട് പരന്നിട്ടുണ്ടായിരുന്നു. "സീക്കിറം പോയിറടാ.. സീക്കിറം പോയിറടാ.." കൂട്ടരുടെ കുഴഞ്ഞ നാവുകൾ നിർബന്ധിച്ചതിനാലാണ്- അല്ലെങ്കിൽ സൗഹൃദത്തിന്റെ ഉന്മാദ ചരടുകൾ പൊട്ടിക്കുമായിരുന്നില്ല. തടാകത്തിന് അരികെ ഇരുട്ടു മാത്രമേയുള്ളൂ... മുമ്പിലായി ഓരോ ചെറുകുന്നിന്റെയും അരികുകൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വളവുകൾ തിരിഞ്ഞു ചെല്ലുമ്പോൾ വീണ്ടും ചെറു കുന്നുകൾ മുമ്പിൽ. ഇരുട്ട് പുതച്ച വൻമരങ്ങളിൽ നിന്നും ഉണങ്ങിയ ഇലകൾ അടർന്നു വീഴുന്നു! അങ്ങകലെ മൈതാനത്തിലെ പാലം ഒരു നിഴൽപോലെ കാണാം. അവിടെ എത്താൻ രണ്ടോമൂന്നോ വളവുകൾ തിരിഞ്ഞു ചെല്ലണം. ശബ്ദം ഏതുമില്ല... പാലം കടന്നാൽ പിന്നെ വളവു തിരിവുകൾ ഇല്ല. റേഷൻകടയോളം എത്തുന്നതിനുമുൻപ്- അന്ന് ആന ഇറങ്ങി വന്നിടത്ത് പിന്നീട് ഇന്നുവരെ ആനയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. തന്റെ കാലുകൾക്ക് കീഴിൽ ഞെരിഞ്ഞമരുന്ന കരിയിലകൾക്ക് പോലും ഇന്ന് ശബ്ദം ഇല്ലാത്തതുപോലെ. എല്ലാവരും എങ്ങോട്ടുപോയി ...? റേഷൻ കടയ്ക്കു മുൻപിൽ ആളനക്കം ഒന്നും ഇല്ല. കൂട്ടുകാർക്കായി അരയിൽ തിരുകി വെച്ചിരുന്ന മദ്യക്കുപ്പിയിൽ അയാൾ തെരുപ്പിടിച്ചു. "ശെ..." റേഷൻ കടയുടെ തറയിലിരുന്ന് കുപ്പിയിൽ അവശേഷിച്ചിരുന്നതും ചിന്നവൻ കുടിച്ചുതീർത്തു. ഇനി പടിക്കെട്ടുകൾ കയറി നിരപ്പിൽ ചെന്ന് കീഴെ ചെരുവിലെ വീട്ടിൽ ചെന്നു കിടന്നുറങ്ങിയാൽ മതി.
പടിക്കെട്ടുകൾ കാണാൻ കഴിയുന്നില്ല. ഏതിരുട്ടിലും ചിന്നവൻ വെളിച്ചമില്ലാതെ നടക്കുന്നതാണ്. ഇന്നത്തെ ഇരുട്ടിന് കനം അൽപം കൂടിയിരിക്കുന്നതുപോലെ. അരയിൽ തിരുകിയിരുന്ന സിഗരറ്റ് ലാമ്പിന്റെ മിന്നാമിന്നി ടോർച്ച് തെളിച്ചു, അയാൾ പടിക്കെട്ടുകൾ തിരിച്ചറിഞ്ഞു. മുന്നിൽ തെളിഞ്ഞ വെള്ളിവെളിച്ചത്തിനുള്ളിൽ മഞ്ഞിന്റെ നനുത്ത ജലകണങ്ങൾ പാറിക്കളിക്കുന്നു. വളരെ ചെറിയ വെളിച്ചമാണ്, കാലടികൾ കാണാം എന്നു മാത്രം. അവസാനത്തെ പടിയിലേക്ക് കാലെടുത്തു വച്ചപ്പോൾ, ആകാശത്തോളം ഉയരമുള്ള ഭീമാകാരമായ കരിമ്പാറപോലെ എന്തോ ഒന്ന് അയാൾക്കു മുമ്പിൽ തിരിഞ്ഞു വന്നു. തലച്ചോറിലേക്ക് കുത്തി തുളച്ചുകയറിയ ആനച്ചൂരിൽ പ്രജ്ഞ പിടയുമ്പോഴേക്കും തുമ്പിക്കൈ അയാളുടെ മുടി കുത്തിപ്പിടിച്ചു കഴിഞ്ഞിരുന്നു. ഓറഞ്ച് തൊലി ഉരിയുന്നതുപോലെ തലയോട്ടിയിൽനിന്നും മാംസം അടക്കം മുടി വേർപെട്ടു വന്നു. അയാളുടെ ആർത്തവിലാപം ആ മൃഗത്തെ പോലും ഭയപ്പെടുത്താൻ പോന്നതായിരുന്നു. പതിവില്ലാതെ, കീഴ് ചെരിവിലൂടെ നിരപ്പിൽ എത്തിയ കൊമ്പൻ പരിചയമില്ലാത്ത പടിക്കെട്ടുകൾക്ക് മുമ്പിൽ പകച്ചുനിന്ന നേരത്താണ്, മുമ്പിൽ മിന്നാമിന്നി വെളിച്ചമുള്ള ഏതോ ജീവി കാലുറയ്ക്കാതെ പടികയറി വന്നത്. ഉദ്വേഗത്തിൽ കൊമ്പൻ ഒന്ന് തിരിഞ്ഞു. അക്രമകാരി ആണോ എന്നറിയാൻ തുമ്പിക്കൈ നീട്ടി പിടിച്ചതാണ്. അപ്പോൾ കേട്ട ആർത്ത വിലാപം തിരിച്ചറിയാതെ മുൻ കാലുകൊണ്ട് തട്ടി നീക്കി എന്ത് ജീവിയാണെന്ന് നോക്കിയതാണ്. ഊക്കോടെ പതിച്ച തുമ്പിക്കൈയുടെ പ്രഹരവും മുൻകാലു കൊണ്ട് തട്ടി ഉരച്ച വേഗവും എല്ലാം ചിന്നവനെ കുഴച്ച മാവ് പോലെ ആക്കിയിരുന്നു. ചലനമറ്റ മാംസപിണ്ഡം കൊമ്പൻ പിന്നെയും കാലുകൊണ്ട് തട്ടി തിരിച്ചും മറിച്ചും നോക്കി. അല്ല... അപകടകാരിയല്ല.. അബദ്ധം പിണഞ്ഞിരിക്കുന്നു.. കൊമ്പൻ അത്യുച്ചത്തിൽ ചിന്നം വിളിച്ചു. മലമടക്കുകളിൽ ആ ശബ്ദം പ്രതിധ്വനിച്ചു. പാറപ്പുറത്തെ പാട്ടകൾ ഉണർന്നു തുടികൊട്ടി. പന്തങ്ങൾ വീണ്ടും ജ്വലിച്ചുയർന്നു. ഓടിക്കൂടി കൊമ്പന്റെ മുൻപിലെത്തി തെല്ലകലം പാലിച്ചു നിന്ന കീക്കുടിക്കാരുടെ മുമ്പിൽ തലയുയർത്തിപ്പിടിച്ച് കൊമ്പൻ നിന്നു. ചെവി അൽപംപോലും ആടാതെ. രണ്ടുമൂന്നു വട്ടം കൂടി കൊമ്പൻ ഉറക്കെ ചിന്നം വിളിച്ചു.
Content Summary: Malayalam Short Story ' Kaadinte Makan ' Written by Satheesh Kumar O. P.