അമ്മിയിൽ അരച്ച മൈലാഞ്ചി മണവും, പുത്തനുടുപ്പുകളും, നോമ്പുതുറ വിഭവങ്ങളും; കുട്ടിക്കാലത്തെ റമസാൻ ഓർമകൾ
ഓരോ റമസാനിലും വെള്ള മുണ്ടും വെള്ള തട്ടവും റോസ്പുള്ളി കുപ്പായവും കാതിൽ നിറയെ വെള്ളി അലിക്കത്തുകളുമിട്ടു ഒരു വലിയ ഭാണ്ഡവും തൂക്കി വരുന്ന അമ്മായിയുടെ കഥ പറച്ചിലുകൾ ഞങ്ങൾക്കെന്നും കൗതുകമാണ്. അത്തറിന്റെ മണമാണ് അമ്മായിക്ക്.
ഓരോ റമസാനിലും വെള്ള മുണ്ടും വെള്ള തട്ടവും റോസ്പുള്ളി കുപ്പായവും കാതിൽ നിറയെ വെള്ളി അലിക്കത്തുകളുമിട്ടു ഒരു വലിയ ഭാണ്ഡവും തൂക്കി വരുന്ന അമ്മായിയുടെ കഥ പറച്ചിലുകൾ ഞങ്ങൾക്കെന്നും കൗതുകമാണ്. അത്തറിന്റെ മണമാണ് അമ്മായിക്ക്.
ഓരോ റമസാനിലും വെള്ള മുണ്ടും വെള്ള തട്ടവും റോസ്പുള്ളി കുപ്പായവും കാതിൽ നിറയെ വെള്ളി അലിക്കത്തുകളുമിട്ടു ഒരു വലിയ ഭാണ്ഡവും തൂക്കി വരുന്ന അമ്മായിയുടെ കഥ പറച്ചിലുകൾ ഞങ്ങൾക്കെന്നും കൗതുകമാണ്. അത്തറിന്റെ മണമാണ് അമ്മായിക്ക്.
റമസാൻ പുണ്യങ്ങളുടെ പൂക്കാലം!! ആത്മസമർപ്പണത്തിന്റെ നിറ സാഫല്യവുമായ് വീണ്ടുമൊരു പുണ്യമാസം കൂടെ സമാഗതമായിരിക്കുകയാണ്. ഭൗതികതയുടെ ലഹരി ആലസ്യങ്ങളിൽ നിന്നുണർന്ന് മെയ്യും മനസും തേച്ചുരച്ചു ശുദ്ധികലശം വരുത്തി പുണ്യങ്ങളുടെ പൂക്കാലത്തിനായ് പൊന്നമ്പിളി വാനിൽ പുഞ്ചിരി തൂകുന്നതും കാത്തിരിക്കുന്ന നാൾ. ഇന്നത്തേക്കാളേറെ അന്ന് റമസാനെ ഒരു ഉത്സവം പോലെയാണ് വരവേറ്റിരുന്നത്. മുന്നൊരുക്കങ്ങൾ ഓരോ വീട്ടിലും ദിവസങ്ങൾക്ക് മുൻപേ തന്നെ തുടങ്ങിയിരിക്കും. വീട് വൃത്തിയാക്കലും നനച്ചു കുളിയും ഇഫ്താറിനുള്ള അരിപൊടിച്ച് വറുക്കലും ജോറായിരിക്കും. വാനിൽ റമസാനമ്പിളി പൂത്തു തുടങ്ങിയാൽ പിന്നെ പെണ്ണുങ്ങൾ അത്താഴവും മുത്താഴവും ഒരുക്കുവാനുള്ള ധൃതിയിലായിരിക്കും. ആണുങ്ങൾ തറാവീഹ് നിസ്കാരത്തിനായി പള്ളിയിലേക്കു പുറപ്പെടും.. അവരിറങ്ങി കഴിഞ്ഞാൽ ഭക്ഷണമെല്ലാം ഒരുക്കി വച്ചു സ്ത്രീകളും പെണ്മക്കളും അടുത്ത വീട്ടിലേക്ക് തറാവീഹിനായ് ഒത്തുകൂടും. നോമ്പ് കാലമായാൽ പൊതുവെ കേൾക്കാറുള്ള ശബ്ദകോലാഹലങ്ങൾ എങ്ങോട്ടോ പോയ് മറഞ്ഞിരിക്കും. പകരം ഖുർആൻ പാരായണവും തസ്ബീഹും തഹ് ലീലുമായ് അന്തരീക്ഷം ശബ്ദമുഖരിതമാകും.
നോമ്പെടുക്കുന്ന ദിവസം വീട്ടിൽ പ്രത്യേക പരിഗണന ലഭിക്കും എന്നത് കൊണ്ട് തന്നെ കുഞ്ഞായിരിക്കുമ്പോഴെ നോമ്പെടുക്കുവാൻ ഒരുപാട് ഇഷ്ടമായിരുന്നു. വാഴയിലയിൽ കട്ടിയിൽ പരത്തി വേവിച്ചെടുക്കുന്ന ഓട്ടു പത്തിൽ (ടയർ പത്തിരി) ഞങ്ങളുടെ നാട്ടിൽ നോമ്പ് കാലങ്ങളിൽ നിർബന്ധമാണ്. നാലുമണി ആവുമ്പോഴേക്കും ഞങ്ങള് കുട്ടികൾ നോമ്പെടുത്ത് തളർന്നിരിക്കും. അപ്പോഴാവും പത്തിൽവെന്ത വാഴയിലയുടെ ഗന്ധം വീടിനു ചുറ്റും നിറഞ്ഞു നിൽക്കുന്നത്. പിന്നെ ക്ഷീണമൊക്കെ പമ്പകടക്കും. നോമ്പല്ലാത്ത കാലത്തും വാഴയില കരിയുന്ന മണമടിച്ചാൽ നോമ്പിന്റെ മണമെന്ന് പറഞ്ഞു ഞങ്ങൾ അടുക്കളയിലേക്ക് ഓടിയെത്തും. ഇന്നും നോമ്പിന്റെ ഗന്ധവും രുചിയും ഓട്ടു പത്തിലും ബീഫ് വരട്ടിയതും ആണെന്ന് തോന്നാറുണ്ട്. മുപ്പത് ദിവസങ്ങളിൽ ആദ്യത്തെ പത്ത് കുട്ട്യേക്ക് ന്നും, രണ്ടാമത്തേത് മദ്ധ്യവയസ്‌കർക്കെന്നും മൂന്നാമത്തെ പത്ത് വർദ്ധക്യമായവർക്കെന്നും ഉമ്മാമയൊക്കെ ഇടയ്ക്കു കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു. ആദ്യത്തെ പത്ത് കഴിഞ്ഞാൽ നിയ്യത്ത് പറഞ്ഞു തരാൻ ഉപ്പച്ചിയെ നിർബന്ധിക്കുമ്പോ ന്റെ കുട്ടി തളർന്നുന്നും ഇത് വല്ല്യോരെ പത്തെന്നും ഉപ്പച്ചി പറയും.
Read Also: രാത്രി തകർന്നുവീണ ചുവരിനപ്പുറത്ത് കൊമ്പൻ, കൈക്കുഞ്ഞുമായി അവർ ഓടി; നിലയ്ക്കാത്ത ചിന്നംവിളികൾ
'നവയ്ത്തു സൗമഇദിൻ' എന്ന് തുടങ്ങുന്ന, ഉപ്പച്ചി ചൊല്ലിത്തരുന്ന നിയ്യത്തിൽ ആണ് ഒരു ദിവസത്തെ നോമ്പ് ഞങ്ങൾ നോറ്റു തുടങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്ക് ഞാനും അനിയത്തിമാരും ക്ഷീണിച്ച് അടുക്കളയിൽ സ്ഥാനം പിടിക്കും. വയ്യ, ദാഹിക്കുന്നുവെന്ന് പറയുമ്പോ ഉപ്പ ദേ പത്തു സലാത്ത് ചൊല്ലുമ്പോഴേക്കും ബാങ്ക് വിളിക്കുമെന്ന് പറഞ്ഞു ഞങ്ങളുടെ ശ്രദ്ധ മാറ്റും. അങ്ങനെ ഒന്ന്, രണ്ട് എന്ന് പറഞ്ഞു ചൊല്ലി സ്വലാത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കും. അന്നത്തെ നോമ്പ് തീരാറാവുമ്പോൾ ക്ഷീണം മൂത്ത് നാളെ എടുക്കില്ലെന്ന് ഞാൻ ഉറപ്പിക്കും. 'അള്ളാഹു അക്ബർ' എന്ന് മനോഹരമായ ബാങ്കിന്റെ അലയൊലികൾ പള്ളി മിനാരത്തിൽ നിന്നുയരുമ്പോൾ കാരക്കയ്ക്കൊപ്പം മധുരവും പുളിയും ഇടകലർന്ന നാരങ്ങാ വെള്ളത്തിൽ തുടങ്ങി വിവിധ വിഭവങ്ങളാൽ തീൻ മേശ നിറയും. ദാഹവും വിശപ്പും മാറിയാൽ നോമ്പെടുക്കുന്നില്ല എന്ന തീരുമാനം ഞങ്ങൾ കുട്ടികൾതന്നെ മാറ്റി പറയും. ആരാ മുപ്പതും നോൽക്കുക എന്ന മത്സരം ആയിരിക്കും മുന്നോട്ടുള്ള ഓരോ ദിവസങ്ങളിലും.
ഇരുപത്തി ഏഴാം നോമ്പിന് കിട്ടുന്ന സക്കാത്ത് പൈസയും, ചെറിയ പെരുന്നാളും, പുത്തനുടുപ്പുകളും, അമ്മിയിൽ അരച്ച മൈലാഞ്ചി മണവും, പെരുന്നാൾ വിഭവങ്ങളും, നോമ്പ് ഒന്നിനേ തൊട്ട് മനസ്സിലേക്ക് പ്രതീക്ഷയുടെ വസന്തം നിറയ്ക്കും. ഇരുപത്തി ഏഴാം നോമ്പിന് ഓരോ പണക്കാരന്റെയും വീട്ടുമുറ്റത്തും സക്കാത്ത് വാങ്ങാൻ കുട്ടികളുടെയും വല്ല്യവരുടെയും നീണ്ട നിരകൾ ഉണ്ടാവും. ഒരു വീട്ടിൽ നിന്നടുത്ത വീട്ടിലേക്ക് അങ്ങനെ വീടുകളിൽ സക്കാത്തിന് വരുന്ന ആളുകളുടെ ബഹളങ്ങളാൽ അന്ന് സജീവമാകും. കൂട്ടുകാരെല്ലാം സക്കാത്തിനായ് പല പല വീടുകളിൽ കയറി ഇറങ്ങും. ഉപ്പച്ചി, നിങ്ങൾക്ക് അങ്ങനെ വീട് കയറി ഇറങ്ങി കിട്ടുന്നതിലേറെ ഞാൻ തരാമെന്ന് പറഞ്ഞു ഞങ്ങളെ മാത്രം എവിടേക്കും വിട്ടിരുന്നില്ല. ഒരു രൂപയുടെയും, രണ്ട് രൂപയുടെയും നോട്ടുകൾ കൂട്ടുകാർ പാവാടയുടെ പോക്കറ്റിൽ നിന്നും എടുത്തു കാണിക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരും. എന്നാൽ അന്ന് വൈകുന്നേരമായാൽ അവർക്ക് കിട്ടിയതിലേറെ പൈസ എനിക്കും അനിയത്തിമാർക്കും സക്കാത്തായി ഉപ്പച്ചി കൈയ്യിൽ വച്ചുതരുമ്പോൾ ഞങ്ങളുടെ സങ്കടപെയ്ത്തിൽ സന്തോഷം വന്ന് നിറയും.
Read Also: ' ഇനി ഞാൻ സ്കൂളിലേക്ക് പോവില്ലമ്മേ...'; മകളുടെ അവസ്ഥയ്ക്ക് പരിഹാരം കാണണം: ജീവിതം മാറ്റിയ ഡോക്ടർ
എന്റെ നോമ്പ് ഓർമ്മയിൽ ഏറ്റവും മനോഹരവും, ഇന്നും ചുണ്ടിൽ പുഞ്ചിരിനിറയ്ക്കുന്നതും ഒത്തിരി ദൂരങ്ങൾ താണ്ടി വടി കുത്തിപ്പിടിച്ച് നടന്നു വരുന്ന അകന്ന ബന്ധത്തിലുള്ള ഒരു അമ്മായിയായിരുന്നു. ഓരോ റമസാനിലും വെള്ള മുണ്ടും വെള്ള തട്ടവും റോസ്പുള്ളി കുപ്പായവും കാതിൽ നിറയെ വെള്ളി അലിക്കത്തുകളുമിട്ടു ഒരു വലിയ ഭാണ്ഡവും തൂക്കി വരുന്ന അമ്മായിയുടെ കഥ പറച്ചിലുകൾ ഞങ്ങൾക്കെന്നും കൗതുകമാണ്. അത്തറിന്റെ മണമാണ് അമ്മായിക്ക്. വന്ന് കേറിയനേരം തൊട്ട് ഒരുപാട് നാട്ട് വർത്താനങ്ങൾ പറയാൻ ഉണ്ടാകും മുപ്പത്ത്യാർക്ക്. നാട്ടിൽ ബന്ധുക്കൾ ഒരുപാട്പേർ ഉണ്ടെങ്കിലും അധിക ദിവസവുമവർ തങ്ങുക ഞങ്ങളുടെ വീട്ടിലാണ്. പൊതുവെ നോമ്പെന്ന് കേട്ടാൽ സന്തോഷിക്കുന്ന ഞങ്ങൾക്ക് സ്കൂൾ വിട്ട് വരുന്ന വഴി അമ്മായി വന്നെന്ന വാർത്ത കേട്ടാൽ ഇരട്ടി സന്തോഷമാകും. വന്നപാടെ ഞങ്ങൾ അമ്മായിയുടെ സൊറ പറയലുകൾക്ക് ഒപ്പം കൂടും. പെരുന്നാളിന്റെ രണ്ട് ദിവസം മുന്നെ വരെ അമ്മായി വീട്ടിൽ തങ്ങും. ഉപ്പ കൊടുക്കുന്ന നൂറിന്റെ നോട്ടുകളും വാങ്ങി ഇറങ്ങാൻ നിൽക്കുമ്പോൾ അരയിൽ നിന്നൊരു തുണി പാക്ക് എടുത്തു അതിൽ നിന്ന് ഞങ്ങൾക്ക് സ്വർണ്ണ നിറത്തിലുള്ള അഞ്ച് രൂപയുടെ അത്തർ മണമുള്ള തുട്ടുകൾ തരും. പെരുന്നാൾ കഴിഞ്ഞ് പോകാമെന്ന് ഞാനും അനിയത്തിമാരും നിർബന്ധിക്കുമെങ്കിലും ഞാനിടയ്ക്ക് വരാമെന്നു പറഞ്ഞു അമ്മായി തിരിഞ്ഞ് നോക്കാതെ നടന്നകലും. ഒത്തിരി സങ്കടത്തോടെ അമ്മായി ദൂരെ മറയുവോളം ഞങ്ങൾ നോക്കി നിൽക്കും. നോമ്പ് കാലമല്ലാതെ അമ്മായിയെ ഞാൻ കണ്ടിട്ടേയില്ല. തീരെ കിടപ്പിലാകും വരെ ഓരോ നോമ്പിനും അമ്മായി വീട്ടിലേക്ക് വരുമായിരുന്നു.
ജാതി-മത ഭേതമില്ലാതെ എല്ലാരും നോമ്പ് കാലത്തെ ബഹുമാനിക്കുന്നു എന്നെനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. മൂന്നിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ട് വരുന്നവഴി ഒരു ഇരുപത്തി ഏഴാം നോമ്പിന് റോഡരികിൽ വണ്ടി നിർത്തി ഒരു ചേട്ടൻ അടുത്തേക്ക് വിളിച്ചു. നോമ്പുണ്ടോന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാൻ തലകുലുക്കിയപ്പോൾ സക്കാത്തെന്ന് പറഞ്ഞു ചേട്ടൻ ചുവന്ന ഇരുപത് രൂപയുടെ നോട്ട് എനിക്കും ഒപ്പമുണ്ടായിരുന്ന താത്തയ്ക്കും നേരെ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും ആ ചേട്ടൻ നിർബന്ധിച്ചപ്പോൾ താത്ത വാങ്ങിക്കോളാൻ പറഞ്ഞു. ഇരുപത് രൂപാ നോട്ട് കൈയ്യിൽ കിട്ടിയപ്പോൾ അന്നുണ്ടായ സന്തോഷം ഇന്നും ഓർമ്മകളിൽ നിറയുന്നു. ഞങ്ങളുടെ മടി കണ്ടിട്ടാണ് തോന്നുന്നു അന്നാ ചേട്ടൻ ഖുർആനിലെ ചില വാക്യങ്ങളും അതിന്റെ അർഥങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്നു. നോമ്പ് കാലങ്ങളിൽ മറ്റു മതത്തിലെ കൂട്ടുകാരും നോമ്പെടുത്ത് ഞങ്ങൾക്കൊപ്പം കൂടും. അയൽപക്കത്തെ സുലോചന ചേച്ചി ഇഫ്താറിന് കഴിക്കാൻ പഴങ്ങളും മറ്റും ഓരോ നോമ്പിനും വീട്ടിലെത്തിക്കും. റമസാൻ എത്തുമ്പോൾ ഞങ്ങളെക്കാൾ സന്തോഷം ഏട്ടത്തിക്ക് ആണെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.
Read Also: ക്ലാസിലിരുന്ന് ഉറക്കം, ഭീകരമായ സ്വപ്നങ്ങൾ; തലയിലെന്തോ വീണ വേദനയിൽ കണ്ണ് തുറന്നപ്പോൾ മുന്നിൽ ടീച്ചർ
നോമ്പിന്റെ ഒരുമാസം മുന്നെത്തന്നെ അടുത്ത മാസം നിങ്ങൾക്ക് നോമ്പല്ലേന്നും ഒരുക്കങ്ങളൊക്കെ തുടങ്ങേണ്ട എന്നും ഉമ്മയെ ഓർമ്മപ്പെടുത്തുന്നത് തന്നെ ചിലപ്പോൾ സുലോചനചേച്ചി ആവും. അധിക നോമ്പുകൾക്കും അവരുടെ എന്തെങ്കിലും ഒരു വിഭവം ഇഫ്താർ നേരങ്ങളിൽ ഞങ്ങളു പ്ലേറ്റിൽ കാണും. മാത്രവുമല്ല നോമ്പ് തുറ നേരങ്ങളിൽ ഞങ്ങൾക്കൊപ്പം കൂടും. തമാശകളും പൊട്ടിച്ചിരികളുമായി സജീവമാകും അങ്ങനെ അങ്ങനെ തീന്മേശയിൽ ജീരക കഞ്ഞിയുടെയും തേങ്ങാപാലിൽ മുക്കിയെടുത്ത ടയർ പത്തിരിയുടേം വിവിധ പലഹാരങ്ങളുടെയും മിശ്രഗന്ധങ്ങൾക്കൊപ്പം കുടുംബാഗങ്ങളുടെയെല്ലാം സ്നേഹം നിറഞ്ഞ ഒത്തുചേരലുകൾ കൂടിയാകുമ്പോൾ ഓരോ ഇഫ്ത്താർ വൈകുന്നേരങ്ങളും മനോഹരമാകും. എത്ര അടുക്കും ചിട്ടയും ഇല്ലാത്തവൻ ആണെങ്കിൽ കൂടി റമസാനെ ഹാർദവമായി സ്വഗതം ചെയ്യും എന്നത് ഈ മാസത്തിന്റെ മാത്രമൊരു ഒരു പ്രത്യേകതയാണ്...
Content Summary: Malayalam Memoir ' Nombormakal ' Written by Safu Wayanad