ഓഫിസിൽ കണിശക്കാരി, കുടുംബജീവിതം ദുരിതമയം; ശരീരം നിറയെ മുറിവുകളുമായി വന്ന മേലുദ്യോഗസ്ഥ
ഒരുപാടുനാളുകൾക്ക് ശേഷം ഒരു പ്രഭാതത്തിലാണ് ചേച്ചിയുടെ കോൾ വീണ്ടുമെന്നിലേക്കെത്തുന്നത്. പതിവിലും വിപരീതമായി നല്ല സന്തോഷത്തോടെയാണവർ എന്നോടത് ചോദിച്ചത് "രമ്യ ഞാനൊരു കല്യാണം കഴിച്ചാലോ?"
ഒരുപാടുനാളുകൾക്ക് ശേഷം ഒരു പ്രഭാതത്തിലാണ് ചേച്ചിയുടെ കോൾ വീണ്ടുമെന്നിലേക്കെത്തുന്നത്. പതിവിലും വിപരീതമായി നല്ല സന്തോഷത്തോടെയാണവർ എന്നോടത് ചോദിച്ചത് "രമ്യ ഞാനൊരു കല്യാണം കഴിച്ചാലോ?"
ഒരുപാടുനാളുകൾക്ക് ശേഷം ഒരു പ്രഭാതത്തിലാണ് ചേച്ചിയുടെ കോൾ വീണ്ടുമെന്നിലേക്കെത്തുന്നത്. പതിവിലും വിപരീതമായി നല്ല സന്തോഷത്തോടെയാണവർ എന്നോടത് ചോദിച്ചത് "രമ്യ ഞാനൊരു കല്യാണം കഴിച്ചാലോ?"
തൃശ്ശൂരിൽനിന്നും പാലക്കാട്ടെക്കുള്ള യാത്രാമധ്യേയുള്ള ഒരു ഭക്ഷണശാലയിലിരുന്ന് ഞാൻ പഴയൊരു മലയാള സിനിമാഗാനത്തിൽ ലയിച്ച് ചായ കുടിക്കുമ്പോഴാണ് പുറകിൽ നിന്നൊരു വിളിയെന്റെ കാതിൽ തുളഞ്ഞു കയറിയത്. രമ്യാ... രമ്യാ... നല്ല പരിചിതമായ ശബ്ദം. കുടിക്കുന്ന ചായ മേശമേൽവെച്ച് ഞാൻ തിരിഞ്ഞുനോക്കി. വിനയചേച്ചി! ചേച്ചി അപ്പോഴെക്കും അടുത്ത് വന്നെന്റെ കൈകൾചേർത്ത് പിടിച്ചിരുന്നു. "ചേച്ചി എന്താ ഇവിടെ?" ഞാൻ ചോദിച്ചു. "ഞാൻ ഏട്ടന്റെ വീട്ടിൽപോകുന്ന വഴിയാണ്. അപ്പോഴാ മോൾക്കൊരു ബിരിയാണി കഴിക്കണമെന്ന് പറഞ്ഞത്." ചേച്ചീടെ മോൾ ആനന്ദി എന്നെ നോക്കി ചിരിച്ചു. ഇതാണ് ചേട്ടൻ. ഏറെ സന്തോഷത്തോടെ അവർ ഭർത്താവിനെ എനിക്ക് പരിചയപ്പെടുത്തി. ഇത്തിരിനേരം കൊണ്ട് തന്നെ ഞങ്ങൾ ഒത്തിരി വിശേഷങ്ങൾ പങ്കുവെച്ചു. അവർ കളിച്ച കുറെയധികം ഡാൻസ് വീഡിയോകളെന്നെ കാണിച്ചു. ഒടുവിലവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ നിറഞ്ഞ മനസ്സോടെ കൈവീശി. അവർ പോയശേഷവും അവരുടെ സന്തോഷം നിറഞ്ഞ പുഞ്ചിരിയും, മനോഹരമായി വാരിച്ചുറ്റിയ സാരിയും, വർത്തമാനങ്ങളുമൊക്കെ എന്റെ മനസ്സിൽ പറ്റിനിന്നു.
അഞ്ച് വർഷങ്ങൾക്കു മുമ്പാണ് ഞാൻ ആദ്യമായി ചേച്ചിയെ കാണുന്നത്. അന്നവരെന്റെ മേലുദ്യോഗസ്ഥയായിരുന്നു. എന്തിനും ഏതിനും എന്റെ ഒപ്പമുള്ള പുരുഷകേസരികളായ സഹപ്രവർത്തകർക്ക് സ്ത്രീകളെക്കാൾ പരിഗണന ചേച്ചി നൽകിയിരുന്നു. ചേച്ചിയുടെ ഈ പ്രവണതയെ പലപ്പോഴും ഞാൻ നഖശിഖാന്തം എതിർത്തിരുന്നു. അതിനാൽതന്നെ ചേച്ചിക്കെന്നോട് ദേഷ്യമുണ്ടാവുക സ്വഭാവികം. ഞാനെന്നും ചേച്ചിയുടെ കണ്ണിലൊരു പ്രശ്നക്കാരിയായിരുന്നു. എങ്കിലും ഞാനെഴുതുന്ന എഴുത്തുകളും കവിതകളും വായിക്കുവാൻ അവർക്കിഷ്ടമായിരുന്നു. ചേച്ചി എനിക്ക് ധാരാളം പുസ്തകങ്ങൾ സമ്മാനിക്കുമായിരുന്നു. നാളുകൾ കടന്നുപോയി ഒരു വൈകുന്നേരം ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ചേച്ചി കയറിവന്നു. അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് ഞാൻ പെട്ടെന്ന് കൂണുപോലെ എഴുന്നേറ്റ് നിന്നു ചോദിച്ചു "എന്താ ചേച്ചി?" എന്തിനായിരിക്കും ചേച്ചി ഈ സമയത്ത് ഇവിടെ വന്നത്. എന്റെ ഉള്ളാകെ ആടിയുലഞ്ഞു. "രമ്യ ഞാനിന്ന് ഇവിടെ താമസിച്ചോട്ടെ?" ഉള്ളിലെ ഭയം അടക്കിപ്പിടിച്ച് ഞാൻ മറുപടി പറഞ്ഞു "അതിനെന്താ ചേച്ചി താമസിച്ചോളു."
ഞാൻ പെട്ടെന്നവർക്കിരിക്കാനുള്ള കസേരയിട്ടുകൊടുത്തു ഒപ്പമൊരു ചൂടു ചായയും. ചായ കുടിച്ചശേഷവും അവർ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കിയിരുന്നു. ചെറിയ പേടിയൊടെയാണെങ്കിലും ഞാൻ ചോദിച്ചു "ചേച്ചി എന്താ ആലോചിക്കണെ?" "ഒന്നുമില്ല" അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ അവരുടെ ചുണ്ടുകൾ അനങ്ങുന്നത് ഞാൻ നോക്കിനിന്നു. "കുറെ നാളുകൾക്ക് ശേഷം വീണ്ടും ഞാൻ കഴിഞ്ഞാഴ്ച്ചയാണ് നാട്ടിൽ പോയത്. ഇന്നാണ് ലീവ് കഴിഞ്ഞെത്തിയത്. വല്ലാത്ത അവസ്ഥയാണ് നാട്ടിൽ. ഒരുദിവസം പോലും ഭർത്താവ് സ്വൈരം തന്നിട്ടില്ല. നല്ല കുടിയാണ്. ഇന്നലെയൊക്കെ നല്ല ഫിറ്റായിരുന്നു. എന്നെ കുറെ അടിക്കുകയും, ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു." അതുപറഞ്ഞതും അവർ സാരിയുടെ ബ്ലൗസഴിച്ചതും ഒരുമിച്ചായിരുന്നു. എന്തിനാണെന്നറിയാതെ ഞാൻ പകച്ചു നിൽക്കുമ്പോഴാണ് ചേച്ചി അവരുടെ മുറിവു പറ്റിയ മാറിടം എന്നെ കാണിച്ചത്. ഞാൻ കണ്ണ്പൊത്തി. "ഇന്നലെ രാത്രി അയാൾ കടിച്ചുമുറിച്ചതാണ്." അതു പറയുമ്പോൾ അവരുടെ വാക്കുകളിൽ വേദനയും, ദേഷ്യവും, വെറുപ്പും നിറഞ്ഞു തുളുമ്പിയിരുന്നു. പിന്നീടവർ കൈകൾ ഉയർത്തിക്കാണിച്ചു രക്തം കട്ടപിടിച്ച നീലിച്ച പാടുകൾ എന്നെ നോക്കി കണ്ണുരുട്ടി.
Read also: പരീക്ഷ ജയിക്കാൻ ഇംഗ്ലിഷിൽ സംസാരിക്കണം; തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ ധ്യാനിച്ച് ഒരു മുട്ടൻ ഡയലോഗ്
ഞാൻ എന്തു പറയണമെന്നറിയാതെ അവരുടെ മുമ്പിലിരുന്നു. "ഭർത്താവിന്റെ അച്ഛനും അമ്മയും നല്ല വഴക്കായിരുന്നു. എന്റെ സ്വർണ്ണം മുഴുവൻ അവർ വാങ്ങി മുപ്പതുപവൻ സ്വർണ്ണം ഉണ്ടായിരുന്നു. ഇനിയും സ്വർണ്ണം വേണത്രേ. ഞാനെവിടുന്നുണ്ടാക്കാനാണ്. ഇതു മുക്കാണ്" അവരുടെ കഴുത്തിലെ നിറം മങ്ങിത്തുടങ്ങിയ മാല കൈകളിലെടുത്തു കാണിച്ചു. "അയാളിന്ന് ശരിയാവും നാളെ ശരിയാവുമെന്ന് വിചാരിച്ച് ഞാൻ ദിവസങ്ങളെണ്ണി കഴിയുകയാണ്. മോൾക്കും ഇപ്പോൾ അയാളെ വെറുപ്പാണ്. അവളെപ്പോഴും എന്റെ ചേച്ചീടെ വീട്ടിൽ നിൽക്കാനാണ് ഇഷ്ടം. കൂടെ ജോലി ചെയ്യുന്നവരൊക്കെ എന്നെ സാമ്പത്തിക അച്ചടക്കമില്ലാത്തവളായും ഭർത്താവിനെ അനുസരിക്കാത്തവളുമായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ഞാൻ ഇങ്ങനെ സാരിയെടുത്ത് കൂട്ടുന്നത് എന്തിനാണന്നറിയുമോ രമ്യയ്ക്ക്? എന്റെ വിഷമങ്ങൾ മാറ്റാനാണ്. ഇതൊക്കെ പറഞ്ഞാൽ നിനക്ക് മനസ്സിലാവും എന്നെനിക്കുറപ്പുള്ളതുകൊണ്ടാണ് നിന്നോട് ഞാനിതൊക്കെപ്പറയുന്നത്. നീ ധാരാളം വായിക്കുന്നവളാണല്ലോ." ഓഫിസിലെ ചായ ചർച്ചകൾക്കിടയിൽ ചേച്ചിയെക്കുറിച്ചുള്ള സഹപ്രവർത്തകരുടെ കമന്റുകളെന്റെ ഹൃദയത്തെ ആ നേരത്ത് കീറിമുറിക്കുന്നുണ്ടായിരുന്നു.
"ഇത്രയും കഷ്ടപ്പെട്ടെന്തിനാ ചേച്ചി ഭർത്താവിനെ സഹിക്കുന്നത് ഡിവോഴ്സ് ചെയ്തൂടെ." ഞാൻ തിരിച്ചു ചോദിച്ചു. "അതൊന്നും അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. സമൂഹവും, വീട്ടുകാരും, സഹപ്രവർത്തകരുമെല്ലാം നമ്മളെ കുറ്റപ്പെടുത്തും. പിന്നെ മോൾടെ അച്ഛനല്ലേ," അവരുടെ മറുപടിയിൽ നിന്ന് നിസ്സഹായതയും, ഒരുതരം നിരാശയും തെറിച്ചുവീണു. ആ ദിവസം അങ്ങനെ അവസാനിച്ചു. പിന്നീട് ചേച്ചി എന്റെ ഫ്ലാറ്റിലെ സ്ഥിരം അതിഥിയായി. അവരുടെ ദാമ്പത്ത്യത്തിന്റെ കയ്പ്പേറിയ പല യാഥാർഥ്യങ്ങളുമെന്നോടവർ പലപ്പോഴും പങ്കുവെച്ചു. ചേച്ചിക്ക് വല്ലാതെ വിഷമം വരുന്ന ദിവസങ്ങളിൽ ഞങ്ങൾ പല തുണിക്കടകളിലും കയറിയിറങ്ങി ധാരാളം വില കൂടിയ വസ്ത്രങ്ങൾ വാങ്ങി. വലിയ ഹോട്ടലുകളിൽ നിന്ന് പലതരത്തിലുള്ള ഭക്ഷണം കഴിച്ചു. ദിവസങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ട് പേരുടെ കണ്ണുകളിലും വർണ്ണിക്കാനാവാത്തൊരു നിരാശയും, ശൂന്യതയും തളംകെട്ടിനിന്നിരുന്നു. ദിവസങ്ങളൂർന്നു വീണുകൊണ്ടിരുന്നു. ഞാൻ നാട്ടിൽ ജോലിയും യാത്രകളുമൊക്കെയായി തിരക്കിലായി. ഒരു ദിവസം പോലും മുടങ്ങാതിരുന്ന ഞങ്ങളുടെ ഫോൺ കോളുകൾ വല്ലപ്പോഴുമായി.
Read also: മരണം കാത്ത് കിടക്കുന്ന ആ സ്ത്രീ പതിയെപ്പറഞ്ഞു, 'നിന്റെ അമ്മയെ ഞാൻ കൊന്നതാണ്, എല്ലാം എന്റെ തെറ്റ്...'
അങ്ങനെ ഒരുപാടുനാളുകൾക്ക് ശേഷം ഒരു പ്രഭാതത്തിലാണ് ചേച്ചിയുടെ കോൾ വീണ്ടുമെന്നിലേക്കെത്തുന്നത്. പതിവിലും വിപരീതമായി നല്ല സന്തോഷത്തോടെയാണവർ എന്നോടത് ചോദിച്ചത് "രമ്യ ഞാനൊരു കല്യാണം കഴിച്ചാലോ?" "അതിനെന്താ തീർച്ചയായും. ഡിവോഴ്സ് പ്രോസീജർ ഒക്കെ കഴിഞ്ഞില്ലേ പിന്നെന്താ. അയാളെ എന്നേ ഒഴിവാക്കേണ്ടതായിരുന്നു. ചേച്ചി ധൈര്യായി കല്യാണം കഴിക്ക് എന്റെ വക ഫുൾ സപ്പോർട്ടുണ്ടാവും." ഞാൻ നിറഞ്ഞ മനസ്സോടെ മറുപടി പറഞ്ഞു. അന്നവർ ഫോൺ കട്ട് ചെയ്യുമ്പോൾ പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു. പിന്നീടവർ എന്നെ വിളിക്കുന്നത് വിവാഹം ക്ഷണിക്കാനായിരുന്നു. പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷമവരുടെ വാക്കുകളിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരു കല്യാണം നിനക്കു വേണോ? എന്ന വീട്ടുകാരുടെയും, നാട്ടുകാരുടെയും, സഹപ്രവർത്തകരുടെയും ചോദ്യങ്ങളുടെ കുന്തമുനകൾ തന്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പലവട്ടം ആവർത്തിച്ച് പറഞ്ഞാണവർ അന്ന് ഫോൺ കട്ട് ചെയ്തത്. ചില തിരക്കുകൾ കാരണം എനിക്കാ വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. എങ്കിലും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
Read also: മീൻ മുള്ള് പോലൊരു സാധനം, അതും പിടിച്ച് പുരപ്പുറത്ത് കയറിയിരിക്കുന്ന ആളെക്കണ്ട് നാട്ടുകാർ അമ്പരന്നു!
വിവാഹശേഷം ചേച്ചി സ്വപ്നം കണ്ട ജീവിതം തന്നെയാണ് ചേച്ചിക്ക് ലഭിച്ചത് എന്നെനിക്ക് മനസ്സിലാക്കാൻ അധികനാൾ വേണ്ടിവന്നില്ല. എത്രയോ കാലത്തെ അഭിലാഷമായിരുന്നു ഡാൻസ് അഭ്യസിക്കുകയെന്നത്. ഭർത്താവ് തന്നെ മുൻകൈ എടുത്താണ് തന്നെ ഡാൻസ് സ്കൂളിൽ ചേർത്തതെന്ന് ചേച്ചിയെത്ര സന്തോഷത്തോടെയാണെന്നോ ഒരിക്കലെന്നോട് പങ്കുവെച്ചത്. ഓരോ തവണ വിളിക്കുമ്പോഴും ഭർത്താവിനെക്കുറിച്ചും, ഭർത്താവിന്റെ വീട്ടുകാരെക്കുറിച്ചും പറയാൻ ചേച്ചിക്ക് നൂറുനാവായിരുന്നു. ആരോഗ്യകരമല്ലാത്തൊരു ദാമ്പത്യം ഒരു സ്ത്രീജീവിതത്തെ എത്രത്തോളം തളർത്തുമെന്നതിനും, ആരോഗ്യകരമായ ദാമ്പത്യം ഒരു സ്ത്രീജീവിതത്തെ എത്രത്തോളം ഉയർത്തുമെന്നുള്ളതിനും ഉത്തമോദാഹരണമാണ് എന്റെ മുന്നിലൂടെ നടന്നുപോയ വിനയേച്ചിയുടെ ജീവിതം. ഇനി എനിക്കു പറയാനുള്ളത് എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളോടാണ്, ആരോഗ്യകരമായ ദാമ്പത്യമല്ല നിങ്ങൾക്ക് ലഭിച്ചതെങ്കിൽ ആരെയും ഗൗനിക്കാതെ, ഒരിക്കലും തിരിഞ്ഞു നോക്കാതെ എല്ലാവിധ ധൈര്യവും സംഭരിച്ച് ആ ദാമ്പത്യത്തിൽ നിന്ന് പടിയിറങ്ങണം. നിങ്ങളുടെ മുന്നിലുള്ള വഴികൾ കല്ലുകളും മുള്ളുകളും നിറഞ്ഞതായിരിക്കും. എന്നാൽ ആ വഴി ചെന്നവസാനിക്കുന്നത് സ്നേഹമസൃണമായൊരു ജീവിതത്തിലായിരിക്കും.
Content Summary: Malayalam Memoir ' Pennurukkangal ' Written by Remya Madathilthodi