'ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു...',ഒരു ഭാര്യയ്ക്കും താങ്ങാനാവാത്ത വാക്കുകൾ; വഞ്ചന
"ഞാൻ ഒരു വിവാഹം കൂടി കഴിക്കാൻ പോവുകയാണ്. കുറച്ചു നാളായി ഞാനിക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. എന്തായാലും ഇനി വെച്ചു നീട്ടേണ്ടെന്നാണ് എന്റെ തീരുമാനം." ശ്വാസം നിലച്ചതു പോലെ തോന്നി അവർക്ക്. തന്റെ ഹൃദയം സ്തംഭിച്ചിരിക്കുന്നു.
"ഞാൻ ഒരു വിവാഹം കൂടി കഴിക്കാൻ പോവുകയാണ്. കുറച്ചു നാളായി ഞാനിക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. എന്തായാലും ഇനി വെച്ചു നീട്ടേണ്ടെന്നാണ് എന്റെ തീരുമാനം." ശ്വാസം നിലച്ചതു പോലെ തോന്നി അവർക്ക്. തന്റെ ഹൃദയം സ്തംഭിച്ചിരിക്കുന്നു.
"ഞാൻ ഒരു വിവാഹം കൂടി കഴിക്കാൻ പോവുകയാണ്. കുറച്ചു നാളായി ഞാനിക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. എന്തായാലും ഇനി വെച്ചു നീട്ടേണ്ടെന്നാണ് എന്റെ തീരുമാനം." ശ്വാസം നിലച്ചതു പോലെ തോന്നി അവർക്ക്. തന്റെ ഹൃദയം സ്തംഭിച്ചിരിക്കുന്നു.
രാത്രി ഏറെ വൈകിയാണയാൾ ഷൂട്ടിങ് കഴിഞ്ഞെത്തിയത്. അയാളുടെ ഭാര്യ അയാളേയും കാത്തിരിക്കുന്നുണ്ടായിരുന്നു. അതാ സ്ത്രീയുടെ പിറന്നാൾ ദിനമായിരുന്നു. അവർ നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടായിരുന്നു. പതിവിലും പതിന്മടങ്ങ് അഴകോടെയും ഊർജ്ജസ്വലതയോടെയും തന്നെ തന്റെ ഭർത്താവ് കാണണമെന്ന് എല്ലാ പിറന്നാൾ ദിവസത്തേയുമെന്ന പോലെ അന്നും അവർ ആഗ്രഹിച്ചിരുന്നു. നിറഞ്ഞ ചിരിയോടെയാണ് അവർ അയാൾക്ക് മുന്നിൽ പ്രത്യക്ഷയായത്. ഉച്ചക്ക് ഊണു കഴിക്കാനെത്താമെന്ന് അയാൾ ഏറ്റിരുന്നതാണ്. സമീപ പ്രദേശത്തു തന്നെയായിരുന്നു ഷൂട്ടിങ്. ഒരു പഴയ മനയിൽ. അയാൾ എത്താമെന്ന് പറഞ്ഞതു കൊണ്ടു തന്നെ വിഭവ സമൃദ്ധമായ പിറന്നാൾ സദ്യ അവർ ഒരുക്കി വെച്ചു. റെഡ് വെൽവെറ്റിന്റെ ഒരു കേക്കും വാങ്ങി. ഭർത്താവ് വന്നിട്ട് അയാളുമൊത്ത് പിറന്നാൾ ആഘോഷിക്കാൻ അവരുടെ മനസ്സ് വെമ്പി. പഴയ പിറന്നാളോർമ്മകളുടെ മധുരിമയിലേക്കവർ മയങ്ങി വീണു. അങ്ങനെ ഉച്ചയായി. അയാൾ വന്നില്ലെന്ന് മാത്രമല്ല ഒന്ന് വിളിക്കുക കൂടി ചെയ്തില്ല. അതവർ സാരമാക്കിയില്ല. കൃത്യമായ ഒരിടവേള ലഭിച്ചു കാണില്ല. തിരക്കിട്ടു തീർക്കുന്ന ഷെഡ്യൂൾ ആയിരിക്കാം. ജോലി ചെയ്തു തീർക്കാനുള്ള വ്യഗ്രതയിൽ വിട്ടു പോയിട്ടുണ്ടാകാം. അവർ ചിന്തിച്ചു. വൈകിട്ട് നേരത്തേ വരുമെന്ന് കരുതി സമാധാനിച്ചു. വിലമതിക്കാനാവാത്ത ഒരു പിറന്നാൾ സമ്മാനവും അവർ പ്രതീക്ഷിച്ചു. വൈകുന്നേരമായി. സന്ധ്യയായി. രാത്രിയായി. അയാൾ വന്നില്ല. ഷൂട്ടിങ് നീണ്ടു പോകാം. ടേക്കുകൾ ശരിയാകാതെ വന്നാൽ, ഒരുക്കങ്ങൾ പൂർത്തിയാകാൻ സമയമെടുത്താലൊക്കെ ഷൂട്ടിങ് തീരാൻ വൈകും. ഇക്കാര്യം അവർക്കറിയാം. അതേക്കുറിച്ചെല്ലാം അവരോടയാൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് അരിശമൊന്നും തോന്നിയില്ല. അവർക്ക് സങ്കടമൊന്നും വന്നില്ല.
മുപ്പത്തിയഞ്ചു വർഷത്തിനിടെ ആദ്യമായാണ് അയാൾ കൂടെയില്ലാതെ ഒരു പിറന്നാൾ ദിനം കടന്നു പോകുന്നത് എന്നോർത്തപ്പോൾ ഒരു ചെറിയ നൊമ്പരം, ഒരു വിങ്ങൽ അവരിൽ രൂഢമൂലമായി എന്നത് സത്യമാണ്. എന്നാൽ ഭർത്താവിനോട് അലോഹ്യം കാട്ടാനോ, അയാളെ പഴിക്കാനോ അവർ തയാറല്ലായിരുന്നു. അയാൾ അവരെ സംബന്ധിച്ച് ദൈവമാണ്. അവർക്ക് അയാൾ പറയുന്നതാണ് ശരി. ഇന്നോളം അയാളുടെ താൽപര്യങ്ങൾക്കോ ഇഷ്ടങ്ങൾക്കോ കടകവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ല. കാത്തിരിപ്പുകൾക്കൊടുവിൽ അയാൾ വന്നപ്പോൾ അയാളെ ഊഷ്മളമായി വരവേൽക്കാൻ അവർ ആഗ്രഹിച്ചു. അതിനൊരുങ്ങുകയും ചെയ്തു. എന്നാൽ അയാൾ അവരുടെ മുഖത്തേക്കൊന്ന് നോക്കുക കൂടി ചെയ്തില്ല! അയാൾ അവരിൽ നിന്നും മുഖം തിരിച്ചു. ഒരക്ഷരം പോലും ഉരിയാടിയില്ല. അവരാകെ വല്ലാതായി. കിടപ്പറയിലേക്ക് പോയ ഭർത്താവിന് പിന്നാലെ എന്തു പറ്റി എന്ന ചോദ്യവുമായി ചെന്ന അവർ കണ്ടത് അയാൾ തന്റെ ബാഗിൽ നിന്നും വിലയേറിയ വിദേശമദ്യം പുറത്തെടുക്കുന്നതാണ്. അന്ധാളിപ്പോടെ അവർ രണ്ടടി പിന്നോട്ട് വെച്ചു. അവരാകെ ഉലഞ്ഞു പോയി. തകർന്നു പോയി. വല്ലാത്തൊരു തളർച്ചയുടെ ചതുപ്പിലേക്ക് വഴുതിപ്പോയി. അവർ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
അന്നോളം തന്റെ ഭർത്താവ് മദ്യപിക്കുന്നത് അവർ കണ്ടിട്ടില്ല. അയാൾ വിശ്വസിക്കുന്ന ആദർശത്തിനും ജീവിതസംഹിതക്കും നിരക്കാത്ത പ്രവർത്തിയായിരുന്നു അത്. ഇപ്പോഴെന്താണിങ്ങനെ എന്നവർ വേപഥു പൂണ്ടു. അവർ അയാളെ സമീപിച്ചു. മദ്യപാനത്തിൽ നിന്നും പിന്തിരിയാൻ യാചിച്ചു. ആസുരമായ നോട്ടത്തോടെ അയാൾ അവരെ അസഭ്യം പറഞ്ഞു. അവരെ തട്ടിയകറ്റി. തള്ളിമാറ്റി. "ഇത് എന്റെ തികച്ചും വ്യക്തിപരമായ കാര്യമാണ്. ഇതിൽ നീ ഇടപെടേണ്ട. മദ്യം കഴിക്കാത്തവർക്കായി ഒരു സ്വർഗവും ആരും ആർക്കു വേണ്ടിയും പടച്ചു വെച്ചിട്ടില്ല ഒരിടത്തും." അയാൾ അലറി. ആ വീട് കുലുങ്ങി. ദയനീയമായ തേങ്ങലോടെ അവർ മോഹാലസ്യപ്പെട്ടു വീണു. വാങ്ങിക്കൊണ്ടു വന്ന മദ്യം മുഴുവൻ ആരോടോ വാശി തീർക്കാനെന്ന പോലെ അയാൾ കുടിച്ചു തീർത്തു. ശേഷം കിടക്കയിലേക്ക് മറിഞ്ഞു. പിന്നെ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി. അയാൾക്കായി വിളമ്പി വെക്കപ്പെട്ട സദ്യ തീൻമേശമേൽ അനാഥമായിരുന്നു. ഫ്രിഡ്ജ് എന്ന മോർച്ചറിയിൽ റെഡ് വെൽവെറ്റ് കേക്കിന്റെ മൃതശരീരം മരിച്ചു കിടന്നു. അവരെ രണ്ടുപേരേയും ഉൾക്കൊള്ളുന്ന ആ വീടിനകത്തും പുറത്തും ഇരുട്ടിന്റെ കറുത്ത തിരകൾ ഇരമ്പിയാർത്തു.
തൊണ്ണൂറുകളിലെ തച്ചു മാതൃകയിലുള്ള ഒരു വീടായിരുന്നു അത്. വിശാലമായ മുറികളും നിലക്കണ്ണാടികളും തേക്കിന്റെ ഉരുപ്പടികളും മറ്റ് ആഢംബര സൗകര്യങ്ങളും ആ വീട്ടിലുണ്ടായിരുന്നു. ജോലി ചെയ്ത് വർഷങ്ങളിലൂടെ വളർത്തിയെടുത്ത സമ്പാദ്യം കൊണ്ടാണയാളാ വീട് പണിതത്. ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപ്. ഇത്രയും വർഷങ്ങൾക്കിടെ ആദ്യമായാണ് അവിടെ അയാളുടെ ശബ്ദമുയരുന്നത്. മദ്യത്തിന്റെ ഗന്ധം പരക്കുന്നത്. ആ അന്തരീക്ഷം മലീമസമാകുന്നത്. അയാളും ഭാര്യയും ചേർന്ന് മൂന്ന് ആൺകുട്ടികൾക്ക് ജന്മം കൊടുത്തു. അവരെ വളർത്തി വലുതാക്കി. പഠിപ്പിച്ചു യോഗ്യന്മാരാക്കി. വിവാഹം ചെയ്യിച്ചു. മൂവരും കുടുംബ സമേതം അറബ് രാഷ്ട്രങ്ങളിൽ സ്ഥിരതാമസമാണ്. ഏറ്റവും ഒടുവിൽ പോയ കൊല്ലം ഇളയ മകൻ കൂടി വിദേശത്തേക്ക് പോയതോടെ ആ വീട് വല്ലാത്തൊരു മൂകതയിലേക്ക് കുമിഞ്ഞു വീണു. അവിടെ ഭാര്യയും ഭർത്താവും മാത്രം അവശേഷിച്ചു. ഇരുവരുടേയും പതിഞ്ഞ ശബ്ദത്തിലുള്ള സംഭാഷണങ്ങളും നിശ്വാസങ്ങളും മാത്രം അവശേഷിച്ചു. ഷൂട്ടിങ് കഴിഞ്ഞ് പരമാവധി വേഗത്തിൽ തിരികെ വീട്ടിലെത്താൻ ആദ്യമൊക്കെ അയാൾ ശ്രമിച്ചിരുന്നു. ഭാര്യ വീട്ടിൽ തനിച്ചാണല്ലോ എന്ന ചിന്ത അയാളെ ഖിന്നനാക്കിയിരുന്നു. ദൂരസ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾ വേണ്ടെന്നു വെക്കുക പതിവായിരുന്നു. എന്നാൽ അടുത്തിടെയായി വല്ലാത്തൊരു മാറ്റം അയാളിൽ രൂഢമൂലമാകുവാൻ തുടങ്ങുന്നത് വ്യസനത്തോടെ അവർ ശ്രദ്ധിച്ചിരുന്നു.
Read also: കുഞ്ഞ് പെണ്ണായതിൽ പരിഭവം, അച്ഛന്റെ ഛായയില്ലെന്ന് പരാതി; ഭർതൃവീട്ടിലെ അതിരുവിട്ട കുത്തുവാക്കുകൾ
വൈകിയെത്തുന്നതും ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്നതുമെല്ലാം അയാളെ സംബന്ധിച്ച് സാധാരണ സംഗതികളായിക്കഴിഞ്ഞെന്ന വസ്തുത വേദനയോടെ അവർ തിരിച്ചറിഞ്ഞിരുന്നു. അയാൾ അവരുടെ കോളുകളോട് പ്രതികരിക്കുന്നത് കുറഞ്ഞു വന്നു. അവരുടെ അന്വേഷണങ്ങളോട് വിമുഖത കാട്ടുന്നത് കൂടി വന്നു. അവർ നിശബ്ദയായി കരയുക മാത്രം ചെയ്തു. മക്കൾ വിളിക്കുമ്പോൾ പോലും ഒന്നും പറയാതെ അവർ എല്ലാം സഹിക്കുകയായിരുന്നു. ഏകാന്തവും വിരസവും നിഷ്ക്രിയവുമായ ദിവസങ്ങളാണ് അവരെ കടന്നു പൊയ്ക്കൊണ്ടിരുന്നത്. മടുപ്പും അലസതയും നിറയ്ക്കുന്ന ദിവസങ്ങൾ. അതവരെ സംബന്ധിച്ച് ഒരു പുതിയ കാര്യമൊന്നുമായിരുന്നില്ല. കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി അവരീ ഏകാന്തത അനുഭവിക്കുന്നു. ഭർത്താവും കുട്ടികളും അവരുടെ കാര്യങ്ങളുമായി രാവിലെ പൊയ്ക്കഴിഞ്ഞാൽ ഏതൊരു വീട്ടമ്മയേയും പോലെ അവരും തനിച്ചായിരുന്നു. എന്നാൽ അപ്പോഴെല്ലാം ഊഷ്മളമായ സ്നേഹവും മധുരമുള്ള അനുരാഗവുമായി ഭർത്താവ് അവരെ ചേർത്ത് പിടിച്ചിരുന്നു. അയാളുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ മറ്റൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികളിൽ ഗൗരവതരമായ മാറ്റങ്ങൾ വന്നിരിക്കുന്നു. ഒറ്റയ്ക്കാവുന്ന രാത്രികളെ അവർക്ക് ഭയമായിരുന്നു. തുണയില്ലാതെ രാത്രി ആ വലിയ വീട്ടിൽ കഴിച്ചുകൂട്ടുക എന്നത് ദുസ്സഹമായിരുന്നു. നരകതുല്യവും. ഒറ്റപ്പെടലിന്റെ നോവിൽ ഉറങ്ങാനാവാതെ രാത്രി വെളുപ്പിക്കാൻ അവർ നന്നേ പ്രയാസപ്പെട്ടിരുന്നു.
Read also: ഓഫിസിൽ കണിശക്കാരി, കുടുംബജീവിതം ദുരിതമയം; ശരീരം നിറയെ മുറിവുകളുമായി വന്ന മേലുദ്യോഗസ്ഥ
ഭർത്താവിനുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഒരു നല്ല ഭാര്യ എളുപ്പം തിരിച്ചറിയും. മോശമായ മാറ്റമാണെങ്കിൽ അതിലേറ്റവും ദുഃഖിക്കുന്നതും ഭാര്യയായിരിക്കും. അത്തരമൊരു ദുഃഖം തന്നെ വന്നു പൊതിഞ്ഞപ്പോൾ അവർ വല്ലാതെ കിതച്ചു പോയി. ആ ഘട്ടത്തെ എങ്ങനെ മറികടക്കണമെന്നറിയാതെ അവർ കുഴങ്ങി. ആശയവിനിമയത്തിലും സ്‌നേഹപ്രകടനത്തിലും ഒരു കുറവും വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധ വെച്ചു. എന്നാൽ ഓരോ ദിവസം കഴിയുന്തോറും തന്റെ ഭർത്താവ് തന്നിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം തന്നെ തുറിച്ചു നോക്കുന്നത് അവരറിഞ്ഞു. അതിന്റെ കാരണമറിയാതെ അവർ വിതുമ്പി. സിനിമാ വ്യവസായത്തിന്റെ മനം മയക്കുന്ന പൊലിമയിലും ലഹരിയിലും ആമഗ്നനായവനാവല്ലേ തന്റെ ഭർത്താവെന്ന പ്രാർഥനയിൽ മുഴുകി. ഒടുവിൽ, എല്ലാത്തിനുമൊടുവിൽ അന്നു രാത്രി ഭർത്താവിൽ നിന്നുണ്ടായ മോശം അനുഭവം താങ്ങാനുള്ള ത്രാണി നഷ്ടപ്പെട്ട് വീണു പോവുകയായിരുന്നു അവർ.
നേരം പുലർന്നു. രാവിന്റെ ഏതോ യാമത്തിൽ ബോധത്തിലേക്ക് മടങ്ങിയെത്തിയ അവർ പുലരുവോളം കരയുകയായിരുന്നു. അവർക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യമാണ് നടന്നത്. ഉറക്കമില്ലായ്മയും കരച്ചിലും മൂലം അവരുടെ കണ്ണുകൾ ചുവന്നും കൺതടങ്ങൾ വീർത്തുമിരുന്നു. മനസ്സിന്റെ ഭാരം അവരുടെ ശരീരം മുഴുവൻ അസ്വസ്ഥതകളായി രൂപാന്തരപ്പെട്ടിരുന്നു. അയാളാകട്ടെ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ കുളിച്ചു വന്നു. കുറച്ചു നേരം പത്രം വായിച്ച് ഷൂട്ടിന് പോകാനൊരുങ്ങി. അവർ ചായയുമായി അയാൾക്കരികിലെത്തി. ദയനീയമായി അവർ അയാളെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകി. "എന്തപരാധമാണ് ഞാൻ ചെയ്തത്?! എന്നെയിങ്ങനെ ശിക്ഷിക്കാൻ? സ്നേഹിക്കുകയും സേവിക്കുകയും മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. വണങ്ങുകയും വഴങ്ങുകയും മാത്രമേ ചെയ്തിട്ടുള്ളൂ." അവരുടെ മൗനം അയാളോട് കരഞ്ഞു പറഞ്ഞു. "ചായ വേണ്ട. ഞാൻ സെറ്റിൽ ചെന്നിട്ട് കഴിച്ചോളാം." അവരുടെ മുഖത്തേക്ക് നോക്കാതെ സ്വരം കടുപ്പിച്ചയാൾ പറഞ്ഞു. അവർ വിതുമ്പലോടെ തിരിച്ചു നടന്നു. "ഒന്ന് നിന്നേ...." അയാളത് പറഞ്ഞതും അവർ സ്വിച്ച് ഇട്ടതു പോലെ നിന്നു. അതാണവർക്കു ശീലം.അതാണവരുടെ സംസ്ക്കാരം. ഭർത്താവ് പറയുന്നതിനപ്പുറത്തേക്ക് അവർക്ക് ഒന്നുമില്ല.
Read Also: പരീക്ഷ ജയിക്കാൻ ഇംഗ്ലിഷിൽ സംസാരിക്കണം; തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ ധ്യാനിച്ച് ഒരു മുട്ടൻ ഡയലോഗ്
"ഞാൻ ഒരു വിവാഹം കൂടി കഴിക്കാൻ പോവുകയാണ്. കുറച്ചു നാളായി ഞാനിക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. എന്തായാലും ഇനി വെച്ചു നീട്ടേണ്ടെന്നാണ് എന്റെ തീരുമാനം." ശ്വാസം നിലച്ചതു പോലെ തോന്നി അവർക്ക്. തന്റെ ഹൃദയം സ്തംഭിച്ചിരിക്കുന്നു. സിരകളിലും ധമനികളിലും രക്തം കട്ട പിടിച്ചിരിക്കുന്നു. തന്റെ ലോകം ഇരുൾ മൂടപ്പെട്ടിരിക്കുന്നു. തന്റെ ജീവിതം ഇവിടെ തീരുകയാണ്. അവരുടെ കൈയ്യിൽ നിന്നും ഗ്ലാസ് താഴെ വീണ് ചിതറി. തളർച്ചയോടെ അവർ ഏറ്റവുമടുത്തുള്ള കസേരയിലേക്കിരുന്നു. അയാൾ മറ്റൊരു കസേരയിൽ അവർക്കരികിലായിരുന്നു. സ്വരം മയപ്പെടുത്തി, ചുണ്ടിൽ ചിരി വരുത്തി പറഞ്ഞു: "നീ പ്രയാസപ്പെടുകയൊന്നും വേണ്ട. നിന്നെ ഞാൻ ഉപേക്ഷിക്കുകയും മറ്റുമില്ല. ഈ വീടും പുരയിടവും നിനക്കുള്ളതാണ്. നിനക്ക് വേണ്ടതെല്ലാം ഇവിടെയെത്തും. സുഖമായി കഴിയാം. ഞാൻ സിറ്റിയിലൊരു അപ്പാർട്മെന്റ് വാങ്ങി താമസം അങ്ങോട്ട് മാറ്റുകയാണ്. സിറ്റിയിൽ താമസിക്കുന്നതാണ് എന്റെ സിനിമാ കരിയറിനും നല്ലത്." ഒരു മരണാസന്നയുടേതെന്നപോലെ അവരുടെ കണ്ണുകൾ മിഴിഞ്ഞു. എവിടെയുമുറക്കാതെ കൃഷ്ണമണികൾ അലക്ഷ്യമായി ചലിച്ചു. രക്തസമ്മർദ്ദമുയർന്ന് അവർക്ക് തലകറങ്ങി.
അയാൾ തുടർന്നു "നിനക്കറിയാലോ, ഈ അറുപതാം വയസ്സിലും ഞാൻ ആരോഗ്യവാനാണ്. ഉന്മേഷമുള്ളവനാണ്. എന്റെ ഉണർച്ചകളിലേക്ക് പഴയതു പോലെ മറ്റൊരു ഉണർച്ചയായെത്താൻ നിനക്കാവുന്നില്ല. നൂറു നൂറു രോഗങ്ങളും മരുന്നും ആത്മീയതയുമൊക്കെയായി നീ ശരിക്കുമൊരു കിഴവിയായിരിക്കുന്നു. എനിക്ക് അനുരൂപയല്ലാത്ത വിധം നിന്റെ ശരീരം വളയുകയും, പേശികൾ അയയുകയും ചെയ്തിരിക്കുന്നു. നിന്നെ കാണുമ്പോൾ ഇപ്പോഴെനിക്ക് മരണത്തെയാണ് ഓർമ്മ വരിക. എന്റെ പ്രായത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു പോകും. എനിക്ക് ക്ഷീണം തോന്നിപ്പോകും. ഇനിയും നിനക്കൊപ്പം കഴിഞ്ഞാൽ എന്റെ മനസ്സിൽ നിന്നും യൗവ്വനം കുടിയൊഴിഞ്ഞേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. വാർധക്യത്തിന്റെ ചിതലുകൾ എന്നേയും കാർന്നു തിന്നാൻ തുടങ്ങിയേക്കുമെന്ന് ഞാൻ സന്ദേഹപ്പെടുന്നു." പ്രമുഖ നിർമ്മാണ കമ്പനിയുടെ ഒരു പ്രൊഡക്ഷൻ വാഹനം ആ വീടിന് മുന്നിൽ വന്നു നിന്നു ഹോൺ മുഴക്കി. അയാൾ ജനലരികിലേക്ക് ചെന്ന് ഉടനെ വരാം എന്ന അർഥത്തിൽ ഡ്രൈവറെ നോക്കി ആംഗ്യം കാട്ടി. ശേഷം കസേരയിൽ വന്നിരുന്നു. "പ്രൊഡക്ഷൻ വണ്ടിയാണ്. എന്നെ ലൊക്കേഷനിൽ ഡ്രോപ്പ് ചെയ്യാൻ വന്നതാണ്." അയാൾ പറഞ്ഞു. ഏങ്ങിയേങ്ങി കരയുകയായിരുന്നു അവർ.
അയാൾ അവരുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു "നീ കാണുന്നില്ലേ... ഞാനിപ്പോൾ ആ പഴയ ബാങ്ക് ക്ലാർക്കല്ല. ഒരു സിനിമാനടനാണ്. ഒരു നടൻ എന്നതിനപ്പുറം ഒരു താരമാണ്. വിപണിമൂല്യമുള്ള ഒരു താരം. വിജയാഘോഷ പാർട്ടികളിലും, താരനിശകളിലും എന്നോടൊട്ടി നിന്ന് ലഹരി നുകർന്ന്, മറ്റൊരു ലഹരിയായി നുരഞ്ഞു പൊന്താൻ എനിക്ക് നീ പോര. അക്കാര്യം നിനക്കും അറിയാം. അതുകൊണ്ട് ഞാനതിന് പറ്റിയ ഒരാളെ കണ്ടെത്തിയിരിക്കുന്നു. എല്ലാ അർഥത്തിലും എന്നെ തൃപ്തനും, സന്തുഷ്ടനുമാക്കുന്ന ഒരുവൾ. പുതിയ കാലത്തിൽ ജനിക്കുകയും വളരുകയും ചെയ്ത, സൗന്ദര്യവും ചുറുചുറുക്കും, സിനിമാ ബന്ധവുമുള്ള മുപ്പത്തിരണ്ടുകാരിയായ ഒരു മദനിക. അവളിലെ വന്യസ്വപ്നങ്ങളിലെ പൗരുഷം ഞാനാണ്. യൗവ്വനം മധുരിതമാക്കാൻ ഞാൻ കൂടെ വേണം എന്ന നിലപാടിലാണവൾ. എന്തായാലും ഞങ്ങൾ ഒന്നിക്കാൻ പോവുകയാണ്. അത് നിന്നെ അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം." അയാൾ എഴുന്നേറ്റു. പുറത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു "പഠിച്ചിറങ്ങിയ സമയത്ത് രാഷ്ട്രീയത്തിൽ വളരാൻ എല്ലാ സാഹചര്യവുമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് ബാങ്കുദ്യോഗം തെരെഞ്ഞെടുത്തവനാണ് ഞാൻ. റിട്ടയർമെന്റിനു ശേഷം ഉള്ളിലെ കലാകാരനെ തൃപ്തിപ്പെടുത്താൻ സിനിമാ നടനായത്, ബാങ്കുദ്യോഗത്തിന് ശ്രമിക്കുന്നവരെ പരിശീലിപ്പിക്കുന്ന ഇൻസ്ട്രക്ടർ ആവാനുള്ള പ്രമുഖ കോച്ചിങ് സെന്ററുകളുടെ ക്ഷണം നിരസിച്ചു കൊണ്ടാണ്. എന്റെ എല്ലാ തീരുമാനങ്ങളും ശരിയായിരുന്നു എന്ന് കാലം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രണ്ടാമതൊരു വിവാഹം എന്ന എന്റെയീ തീരുമാനവും തെറ്റാവില്ലെന്ന തീർച്ച എനിക്കുണ്ട്." അവരുടെ തേങ്ങലുകളെ പിന്നിലാക്കി അയാൾ തന്നെ കാത്തു കിടക്കുന്ന പ്രൊഡക്ഷൻ വാഹനത്തിനു നേരെ വേഗത്തിൽ നടന്നു.
Content Summary: Malayalam Short Story ' Kariveppila ' Written by Abdul Basith Kuttimakkal