വഴിതെറ്റി എത്തിയത് കാട്ടിനകത്തെ പഴയ തറവാട്ടിൽ; ഇരുളിൽ തിളങ്ങുന്ന കണ്ണുകൾ, ദുരൂഹതകൾ
ഒരു ചൂണ്ടുപലക പോലും ഇല്ലാത്ത വഴിയിലൂടെ മനക്കണക്കിൽ ജീപ്പോടിച്ച ഞാൻ ചെന്നെത്തിയത് വലിയൊരു മരത്തിനു താഴെയായിരുന്നു. വഴിയവസാനിച്ചെന്നു മനസ്സിലാക്കിയ ഞാൻ വേറൊരു സത്യം കൂടി അറിഞ്ഞു. ചതുപ്പുപോലെയുള്ള ആ വഴിയിൽ ജീപ്പിന്റെ പിൻചക്രം താണിരിക്കുന്നു. ഏറെ പരിശ്രമിച്ചെങ്കിലും ചക്രം കൂട്ടാക്കിയില്ല.
ഒരു ചൂണ്ടുപലക പോലും ഇല്ലാത്ത വഴിയിലൂടെ മനക്കണക്കിൽ ജീപ്പോടിച്ച ഞാൻ ചെന്നെത്തിയത് വലിയൊരു മരത്തിനു താഴെയായിരുന്നു. വഴിയവസാനിച്ചെന്നു മനസ്സിലാക്കിയ ഞാൻ വേറൊരു സത്യം കൂടി അറിഞ്ഞു. ചതുപ്പുപോലെയുള്ള ആ വഴിയിൽ ജീപ്പിന്റെ പിൻചക്രം താണിരിക്കുന്നു. ഏറെ പരിശ്രമിച്ചെങ്കിലും ചക്രം കൂട്ടാക്കിയില്ല.
ഒരു ചൂണ്ടുപലക പോലും ഇല്ലാത്ത വഴിയിലൂടെ മനക്കണക്കിൽ ജീപ്പോടിച്ച ഞാൻ ചെന്നെത്തിയത് വലിയൊരു മരത്തിനു താഴെയായിരുന്നു. വഴിയവസാനിച്ചെന്നു മനസ്സിലാക്കിയ ഞാൻ വേറൊരു സത്യം കൂടി അറിഞ്ഞു. ചതുപ്പുപോലെയുള്ള ആ വഴിയിൽ ജീപ്പിന്റെ പിൻചക്രം താണിരിക്കുന്നു. ഏറെ പരിശ്രമിച്ചെങ്കിലും ചക്രം കൂട്ടാക്കിയില്ല.
ലണ്ടനിൽ വിക്ടോറിയ റയിൽവേ സ്റ്റേഷനിൽ സുപ്പീരിയർ പദവിയിൽ ജോലി നോക്കുന്ന സാമുവൽ അഗസ്റ്റിനും റോസ്‌മരിയ സാമുവലിനും കേരളത്തിൽ ഒരേയൊരു വേരുമാത്രമേ ഉണ്ടായിരുന്നുള്ളു.. പള്ളിയറയ്ക്കൽ തറവാട്. കോതമംഗലത്തുനിന്നും പതിനഞ്ചുകിലോമീറ്റർ ഉള്ളിലേക്കുമാറി സ്വച്ഛസുന്ദരമായ ഒരു വനത്തിനുള്ളിലാണ് പള്ളിയറയ്ക്കൽ തറവാട് സ്ഥിതി ചെയ്യുന്നത്. വനം എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് തണുപ്പും ഇരുട്ടും നിറഞ്ഞ, എന്നാൽ നിശബ്ദമായ, തേക്കുമരങ്ങൾകൊണ്ട് സമൃദ്ധമായ ഒരിടം എന്നുമാത്രമാണ്. പഴയ മഹീന്ദ്ര ജീപ്പുകൊണ്ട് എത്തിച്ചേരാവുന്ന (ഇപ്പോൾ ഥാറിനും ജീപ്പ് കോമ്പസിനുമൊക്കെ ഒരു സ്കോപ്പുണ്ട് )ഈ തറവാട്ടിൽ രണ്ടേ രണ്ടു അന്തേവാസികളാണ് ഇന്നുള്ളത്. കുട്ടൻ എന്ന് വിളിപ്പേരുള്ള വാസുവും ഒരു പേരിടാത്ത നായയും... മൂന്നാറിലേക്കുള്ള എന്റെ യാത്രകളിൽ ഞാനവിടെ കേറിയേ പോകാറുള്ളൂ.. വാസുക്കുട്ടനും ഞാനും തമ്മിലുള്ള പരിജയത്തിനു പിന്നിൽ ഒരു ഓർമയുണ്ട്. നാല് വർഷം മുൻപ് ഉറ്റസുഹൃത്തായ ബാലന്റെ പഴയ മഹീന്ദ്ര ജീപ്പെടുത്തു തൃശ്ശൂരിൽനിന്നും മൂന്നാറിലേക്കുള്ള ആദ്യ യാത്രയിൽ കോതമംഗലത്തുനിന്നും വഴിതെറ്റിയാണ് ഈ ബംഗ്ലാവിലേക്ക് ഞാനെത്തുന്നത്..
രാത്രി യാത്രയിൽ അതിയായ കമ്പമുള്ള ഞാൻ കോതമംഗലത്തു എത്തുന്നത് രാത്രി എട്ടരയ്ക്കാണ്. അൽപദൂരം മുന്നോട്ടുപോയപ്പോൾ, റോഡുപണിയാണെന്നും വലത്തോട്ട് തിരിഞ്ഞുപോകണമെന്നും ഒരു ബോർഡും കുറെ വീപ്പകളും കണ്ടു. ആ വഴിയേ എങ്ങനെപോണം എന്ന് ചോദിക്കാൻപോലും ഒരു മനുഷ്യക്കുട്ടി അവിടെ ഉണ്ടായിരുന്നില്ല. മുക്കാൽ ടാങ്ക് ഡീസലിന്റെ ബലത്തിൽ വലത്തോട്ട് വണ്ടിതിരിച്ചു.. പോകെപ്പോകെ വഴിയുടെ വീതിയും സുഖവും കുറയുന്നതിനൊപ്പം തണുപ്പും കൂടിക്കൂടി വന്നു. ഒരു ചൂണ്ടുപലക പോലും ഇല്ലാത്ത വഴിയിലൂടെ മനക്കണക്കിൽ ജീപ്പോടിച്ച ഞാൻ ചെന്നെത്തിയത് വലിയൊരു മരത്തിനു താഴെയായിരുന്നു. വഴിയവസാനിച്ചെന്നു മനസ്സിലാക്കിയ ഞാൻ വേറൊരു സത്യം കൂടി അറിഞ്ഞു. ചതുപ്പുപോലെയുള്ള ആ വഴിയിൽ ജീപ്പിന്റെ പിൻചക്രം താണിരിക്കുന്നു. ഏറെ പരിശ്രമിച്ചെങ്കിലും ചക്രം കൂട്ടാക്കിയില്ല. മൂന്നാർക്കു വെച്ചുപിടിക്കാൻ തോന്നിയ എന്റെ മനസ്സിനെ പഴിച്ചു ഞാൻ സ്റ്റീയറിങ്ങും പിടിച്ചങ്ങനെ ഇരുന്നു.. പുറത്തിറങ്ങാൻ എന്തോ ഒരു മടി. തണുപ്പിനെ അതിജീവിക്കാൻ ഒരു സിഗരറ്റുപോലും കൈയ്യിലില്ലാതെ ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്..
രണ്ടുവള്ളിയുള്ള ലൂണാറിന്റെ ചെരുപ്പുകൾ ടപ് ടപ് എന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ജീപ്പിനടുത്തേക്ക് നടന്നടുക്കുന്നു... ശബ്ദം നിലച്ചു. എട്ടുകട്ടയുടെ ടോർച്ചും, തലയിൽ വിലങ്ങനെ തോർത്തും കെട്ടിയ ഒരു രൂപം ജീപ്പിനുള്ളിലേക്ക് തലയിട്ടുകൊണ്ട് ചോദിച്ചു. "ആരാ.. എന്താ ഈ രാത്രിയിൽ ഇവിടെ പരിപാടി?" നിങ്ങളാരാണെന്ന് ഞാൻ തിരിച്ചുചോദിച്ചതും ടോർച്ചു കത്തിച്ചു അയാൾ സ്വന്തം മുഖത്തേക്ക് പിടിച്ചു.. ഇരുട്ടിൽ മുഖം മാത്രം തെളിഞ്ഞപ്പോൾ എന്റെയുള്ളൊന്നു കാളി.. എന്റെ പരിഭ്രമം കണ്ടിട്ടാവണം "സാറ് വന്നേ.. ഈ സ്ഥലത്തു ഇങ്ങനെ നിക്കണ്ട.. ജീപ്പീന്നു വേണ്ടതൊക്കെയെടുത്തു കൂടെപോര്.." എന്ന് പറഞ്ഞു. "അപ്പൊ ജീപ്പോ?" എന്ന് ഞാൻ ചോദിച്ചു മുഴുമിപ്പിക്കുംമുന്നേ "അതൊക്കെ നാളെ എടുക്കാം സാറേ.. സാറ് പേടിക്കണ്ട" എന്ന് പറഞ്ഞു. എന്തെന്നില്ലാത്ത ഒരു സമാധാനം.. കൂടെ ഇയാളാരാണെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അറിയാത്തതിനാലുള്ള ഭയവും. ഒരു മൊബൈലും ലൈറ്ററും പേഴ്‌സുമല്ലാതെ മറ്റൊന്നും സത്യം പറഞ്ഞാൽ എടുക്കാനുണ്ടായിരുന്നില്ല. അയാളുടെ ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ കൂടെ നടന്നു. അയാൾ നിശ്ശബ്ദനായിരുന്നു. പോകുന്ന വഴിയിലൊന്നും ഒരു വീടുപോലും ഉണ്ടായിരുന്നില്ലെന്നത് അതിശയത്തിനൊപ്പം അൽപം ഭയവും ഉളവാക്കി.
ഒരു നായയുടെ കുര കേട്ട് നേരെ നോക്കിയപ്പോഴാണ് ഒരു കൂറ്റൻ ബംഗ്ലാവ് (അങ്ങനെതന്നെ വിശേഷിപ്പിക്കണം)കണ്ടത്. പഴക്കമേറെയുണ്ടെന്ന് തോന്നിക്കുമെങ്കിലും സാമാന്യം പ്രൗഢിയോടെ തന്നെയാണ് അതിന്റെ നിൽപ്പ്. മുറ്റത്തു അയാളെ കാത്തുനിൽക്കുകയാണ് ആ നായ. കൂടെവന്ന എന്നെ അത്ര ബോധിച്ചിട്ടില്ലെന്ന വിധത്തിൽ നായ ഒന്നു മുരണ്ടുകൊണ്ട് അയാളുടെ ഒപ്പം അകത്തേക്ക് കയറി, കൂടെ ഞാനും. അയാൾ കൈയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും നാല് കെട്ടു വെള്ളക്കാജയും ഒരു തീപ്പെട്ടിയും എടുത്തു മേശപ്പുറത്തുവെച്ചു അകത്തേക്ക് പോയി. എന്ത് ചെയ്യണമെന്ന് പിടിത്തമില്ലാതെ ഞാൻ അവിടെത്തന്നെ നിന്നു. കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാൻ പറ്റുമോയെന്നു നോക്കാൻ മൊബൈലെടുത്തപ്പോൾ അതും വെടിതീർന്നു.. റേൻജ് തീരെയില്ല. "ന്റെ വടക്കുന്നാഥാ, എന്നെ നീ തന്നെ കാക്കണേ" എന്ന് മനസ്സിൽ പ്രാർഥിച്ചു നിൽക്കുമ്പോഴാണ് കാവൽ നിർത്തിയപോലെ ആ നായ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അതോടെ ഉള്ള ഗ്യാസും പോയി. ആ കൊടുംതണുപ്പത്തും ഞാൻ വിയർത്തുതുടങ്ങി. അയാൾ തിരിച്ചുവന്നു മേശപ്പുറത്തുനിന്നും ഒരു കെട്ടു ബീഡിയുമെടുത്തു പുറത്തെ തിണ്ണയിൽ പോയിരുന്നു. എന്നോട് അവിടെ വന്നിരിക്കാൻ ആംഗ്യം കാണിച്ചു.
Read also: ' കുളിമുറിയിൽ തെന്നി വീണതാണ്, ഇപ്പോൾ അവൾക്ക് ഞങ്ങളെ ആരെയും ഓർമയില്ല...'; ദീർഘനിശ്വാസങ്ങൾ
തലയിൽകെട്ടിയ തോർത്തഴിച്ച് തോളത്തിട്ട് ബീഡിയൊരെണ്ണം കത്തിച്ചു ഒരൊറ്റ ചോദ്യമാണ് "എന്താ ഇവിടെ കാര്യം?" മൂന്നാറിന് പോവുകയാണെന്നും ഒറ്റയ്ക്കാണ് യാത്രയെന്നും ആദ്യ യാത്രയാണെന്നും തൃശൂരാണ് സ്വദേശമെന്നും ഞാൻ പറഞ്ഞപ്പോൾ, അയാളുടെ മുഖത്തു ഒരു ശാന്തഭാവം റാന്തൽവെളിച്ചത്തിൽ ഞാൻ കണ്ടു. തേക്ക് മോഷ്ടിക്കാൻ വരുന്ന ചില അന്യനാട്ടുകാരുടെ ശല്യം ഇവിടുണ്ടെന്നും അതാണെന്ന് സംശയിച്ചാണ് ആദ്യം കടുത്ത രീതിയിൽ സംസാരിച്ചതെന്നും കുലീനമായി പറഞ്ഞപ്പോൾ, നെഞ്ചിൽനിന്ന് ഒരു പാറക്കല്ലിറക്കിവെച്ച സുഖം. സംസാരത്തിനിടയിൽ ചോദിക്കാതെതന്നെ ഒരു ബീഡി എനിക്ക് തരികയും ഞാനത് കത്തിക്കുകയും ചെയ്തു. അമ്പതിനു മീതെ പ്രായം തോന്നിക്കുന്ന അയാൾക്ക് നടൻ വിനായകന്റെ നല്ല ഛായ ഉണ്ടായിരുന്നു. വാസുക്കുട്ടനെന്നാണ് പേരെന്നും കുട്ടനെന്നാണ് എല്ലാരും വിളിക്കുകയെന്നും നിഷ്കളങ്കമായി അയാൾ പറഞ്ഞപ്പോൾ.. ഏറ്റവുമടുത്ത ചങ്ങാതിയുടെ വീട്ടിലിരിക്കുന്ന ഒരു സുഖം എനിക്കനുഭവിക്കാൻ കഴിഞ്ഞു. സംസാരങ്ങൾക്കിടയിൽ അയാൾ ഈ തറവാടിന്റെ കാര്യസ്ഥനാണെന്നും, സാമുവൽ അഗസ്റ്റിൻ എന്ന, ലണ്ടനിൽ സ്ഥിരതാമസമുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയറയ്ക്കൽ തറവാടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കുട്ടൻ അവിവാഹിതനാണ്. സ്വന്തമാണെന്നു പറയാൻ ആ നായയും എട്ടുകട്ടയുടെ ടോർച്ചും മാത്രം.
സമയം നന്നേ ഇരുട്ടിയപ്പോൾ ഞങ്ങൾ റാന്തലുമെടുത്തു ഉമ്മറത്തേക്ക് നടന്നു. റാന്തൽ മേശപ്പുറത്തു വെച്ച്, കൊണ്ടുവന്ന സഞ്ചിയിൽനിന്നും ഭക്ഷണമെടുത്തു ഒരു പങ്കെനിക്കും ഒരു പങ്ക് കുട്ടനും ബാക്കി നായക്കും നൽകി. ധാരാളം മുറികളുള്ള ആ ബംഗ്ലാവിൽ വാസുക്കുട്ടൻ കിടക്കുന്നതിനപ്പുറത്തെ മുറി എനിക്ക് തുറന്നുതന്നു. പൊടിയൊക്കെത്തട്ടി കുടഞ്ഞുവിരിച്ചു ഒരു റാന്തലും കൂടി എനിക്കായി കത്തിച്ചുവെച്ചു. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു ഒരു ജഗ്ഗിൽ വെള്ളവും തന്നു കുട്ടൻ സ്വന്തം റൂമിലേക്ക് പോയി. ഞാൻ കട്ടിലിലിരുന്നുകൊണ്ട് റാന്തലിലേക്കു വരുന്ന പ്രാണികളുടെ നൃത്തം നോക്കിയിരിക്കുമ്പോഴാണ് കുട്ടൻ വീണ്ടും തിരികെവരുന്നത്.. "എന്താ കുട്ടാ" എന്ന് ഞാൻ ചോദിച്ചപ്പോൾ "ഒന്നുമില്ല സാറേ, ഇതിവിടെ ഇരുന്നോട്ടെ.." എന്നുപറഞ്ഞു ഒരു പൂജിച്ചുകെട്ടിയ ചെമ്പുതകിടും ഒരു കൊന്തയും മേശപ്പുറത്തു വെച്ചു... ഇതെന്തിനാണെന്നു ചോദിക്കാനൊരവസരം പോലും തരാതെ കുട്ടൻ തിരിഞ്ഞു നടന്നു. കുട്ടന്റെ ചില പ്രവൃത്തികളിലുള്ള ദുരൂഹത എന്തായിരിക്കാം എന്ന് ചിന്തിച്ചു ചിന്തിച്ചു, ഒരു ചീവിടിന്റെ ശബ്ദം പോലും തുണയ്ക്കില്ലാതെ, രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. ഡൂപ്ലിക്കേറ്റിന്റെ നാടെന്ന് പുറമെയുള്ളവർ വിശേഷിപ്പിക്കുന്ന കുന്നംകുളത്തിനടുത്ത്, ചിറളയത്തെ എന്റെ വീട്ടിൽ, പൂവങ്കോഴിയുടെ കരച്ചിൽ കേട്ടുണരാറുള്ള ഞാൻ ഉണർന്നത് ആ നായയുടെ ഗംഭീരമായ ബഹളം കേട്ടാണ്.
റാന്തലിനടുത്ത് ചത്തുകിടക്കുന്ന പ്രാണികളെ തോളത്തേറ്റി കൊണ്ടുപോകുന്ന ഉറുമ്പുകളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട്.. ഞാൻ ജനാല തുറന്നു പുറത്തേക്കു നോക്കി. യജമാനനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു ആരോടെന്നില്ലാതെ ചേഷ്ടകൾ കാണിക്കുന്ന നായയെയാണ് എനിക്ക് കാണാൻ സാധിച്ചത്. ആ നായ "ഇംഗ്ലീഷ് കൂക്കാർസ്പാനിയൽ "എന്നയിനത്തിൽപെട്ട വിദേശ ബ്രീഡാണെന്നു മനസ്സിലാക്കാൻ പുലർച്ചയുടെ ഇളംവെളിച്ചം വേണ്ടിവന്നു. ആരോടാണ് അത് വാലാട്ടുന്നത് എന്ന് കണ്ടുപിടിക്കാൻ ജനലഴികളിലൂടെ എത്തിനോക്കുമ്പോഴാണ് "സാറേ" എന്ന കുട്ടന്റെ വിളി. അപ്പോഴേക്കും നായ അവിടെനിന്നും അപ്രത്യക്ഷമായിരുന്നു. കൗതുകം ബാക്കിവെച്ചു റൂമിനുപുറത്തേക്ക് നടക്കുമ്പോൾ മറ്റൊന്നുകൂടി ഞാൻ ശ്രദ്ധിച്ചു. ഇന്നലെ കുട്ടൻ കൊണ്ടുവെച്ച തകിടും കുരിശുമൊന്നും അവിടെയില്ല. രണ്ടാമതും കുട്ടന്റെ വിളി കേട്ടപ്പോൾ നേരെ ഉമ്മറത്തേക്ക് നടന്നു. ഏലക്കായിട്ട നല്ല കാപ്പിയുടെ മണം. ഒരു ഹാഫ്കൈ ബനിയനും കാവിമുണ്ടും സ്വെറ്ററും ധരിച്ചു വെള്ളക്കാജയും വലിച്ചു കാപ്പിയുണ്ടാക്കികൊണ്ടിരിക്കുകയാണ് നമ്മുടെ കുട്ടൻ. സമയം ഏഴരയോടടുത്തെങ്കിലും ഇളം വെളിച്ചത്തിന്റെ മാസ്മരികതയാണ് എങ്ങും. ഏലക്കായ ചതച്ചു കാപ്പിയിലേക്ക് പകരുന്നത് ഏറെ രസത്തോടെ ഞാൻ നോക്കിനിന്നു.
"ഇരിക്ക് സാറേ" എന്ന വിളിയിലാണ് ഞാൻ ഞരമ്പുകൾ പൊങ്ങിയ, തഴമ്പ് ആവോളമുള്ള ആ കൈകളിൽനിന്നും കുട്ടന്റെ മുഖത്തേക്ക് നോക്കിയത്. ഇരുന്നുകൊണ്ട് കുട്ടന്റെ കൈയ്യിൽനിന്നും കാപ്പിയും, കൂട്ടിനു ഒരു ബീഡിയും വാങ്ങി പുറത്തേക്കു നോക്കിയിരിക്കുമ്പോഴാണ് നായ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഡോഗ് ട്രെയിനിങ് ഒക്കെ വശമുള്ള എനിക്ക്, ആ നായയുടെ രീതികളിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. നായയെ മാത്രം ശ്രദ്ധിച്ചാൽ, അത് ഒറ്റയ്ക്കല്ല എന്നൊരു പ്രതീതി. പക്ഷെ, ആരുമൊട്ടില്ലതാനും. അതെല്ലാം തോന്നലാണെന്നങ്ങു വെച്ച് കാപ്പി ചുണ്ടോട് ചേർത്തു.. പഞ്ചേന്ദ്രിയങ്ങളെയും ഉന്മേഷപ്രദമാക്കുമാറ് അത്യുഗ്രനായിരുന്നു ആ കാപ്പി. ഉഷാറായിട്ടുണ്ടെന്നു പറഞ്ഞ വഴിക്ക് ഞാൻ കുട്ടനിൽ കണ്ട മന്ദഹാസം അമൂല്യമായിരുന്നു. ഈ നായയെ കുട്ടനെവിടുന്നു കിട്ടിയെന്ന എന്റെ ചോദ്യത്തിൽ, ആ മന്ദഹാസം കുറഞ്ഞുവരുന്നത് ഞാൻ കണ്ടു. ഇവിടുത്തെ സാറിന്റെ നായയാണ് എന്നാണ് കുട്ടൻ മറുപടി തന്നത്. "സാമുവൽ സാറിന്റെയോ?"എന്ന് ചോദിച്ചപ്പോൾ "അല്ല" എന്നൊരൊറ്റ മറുപടിയിലൊതുക്കി, കാപ്പിയുണ്ടാക്കിയ പാത്രവും കൊണ്ട് ഉള്ളിലേക്ക് നടന്നു. അകത്തുനിന്നും "സാറിനു കുളിക്കണ്ടേ?"എന്ന ചോദ്യത്തിൽ ഒരു റിസോർട്ടിലെ കുളിർമ എനിക്ക് അനുഭവപ്പെട്ടു. കുട്ടന് ഞാൻ ആരാണ്?. ഇന്നലെ പരിചയപ്പെട്ട ഒരു വഴിപോക്കൻ. എന്തിനാണ് കുട്ടൻ ആതിഥ്യമര്യാദകളോടെ എന്നെ സൽക്കരിക്കുന്നത് എന്നൊക്കെയുള്ള നൂറു ചോദ്യങ്ങൾ മനസ്സിൽ മുളപൊട്ടുമ്പോഴാണ്, തോർത്തും ഉമിക്കരിയും വാകപ്പൊടിയുമൊക്കെ കൊണ്ട് കുട്ടൻ ഉമ്മറത്തേക്ക് വരുന്നത്.
"വാ സാറേ, കുളിച്ചിട്ടു പോവാം" എന്ന വാത്സല്യത്തോടെയുള്ള ക്ഷണത്തിൽ ഞാൻ സന്തോഷത്തോടെ പങ്കുചേർന്നു. എന്റെ കൈയ്യിലുള്ള കുപ്പിഗ്ലാസ്സ് വാങ്ങി ഉള്ളിലേക്ക് വെച്ച്, തറവാടിന്റെ വാതിൽ ഒന്ന് ചാരി, കുട്ടൻ പുറത്തേക്കിറങ്ങി. ഞങ്ങൾ ഇറങ്ങിയതും, നായ ഉമ്മറത്ത് കയറി വാച്ച്മാനെപ്പോലെ ഇരുപ്പുറപ്പിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ കുട്ടന്റെ പിന്നാലെ നടന്നു.. വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തുവരുന്നതിനൊപ്പം അന്തരീക്ഷത്തിൽ, മഞ്ഞുപോലെ ഒരു നേർത്ത പടലം.. മൂന്നാറും മസിനഗുടിയും കൊടൈക്കനാലും ഒന്നുമല്ലെന്ന് തോന്നിക്കുമാറ് വശ്യമായ പ്രകൃതിഭംഗി. വെള്ളച്ചാട്ടം പാറക്കല്ലുകളിൽ തട്ടിത്തെറിച്ചു തൂവാലടിക്കുമ്പോൾ, ഏതോ മായാലോകത്താണെന്ന് എനിക്ക് തോന്നിപ്പോയി. ഐസുപോലെ തണുത്ത അരുവിയിലെ വെള്ളം കാലിൽതട്ടിയപ്പോഴാണ് മനസ്സ് തിരികെവന്നത്. നാട്ടിൽ കിഴൂരെന്ന സ്ഥലത്തിനടുത്ത് വേദക്കാട് അമ്പലക്കുളത്തിൽ പുലർച്ചെ നീന്തിത്തിമിർക്കാറുള്ള എനിക്ക്, പക്ഷെ, ഈ തണുപ്പും വശ്യതയും പുത്തനനുഭവമായി.. കൂട്ടത്തിൽ വാകപ്പൊടി തേച്ചുള്ള കുളിയും, ഉമിക്കരികൊണ്ടുള്ള പല്ലുതേപ്പും കേമമായി. ചെറുപ്പത്തിൽ, അഞ്ചാറുവയസ്സുള്ളപ്പോൾ ഗുരുവായൂരടുത്തുള്ള പേരകത്തെ എന്റെ അമ്മവീട്ടിൽ ഇടയ്ക്ക് ചെല്ലുമ്പോൾ മാത്രമാണ് ഉമിക്കരിയുടെ പ്രയോഗം മുത്തശ്ശൻ മുഖേന നടത്താറുണ്ടായിരുന്നത്. അതെല്ലാം ആലോചിച്ചുകൊണ്ട് കുട്ടനെ അനുഗമിച്ചുകൊണ്ട് തിരികെ തറവാട്ടിലേക്ക് നടക്കുമ്പോൾ.. വീണ്ടും ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു. ആരുടെയാണ് ആ നായ.? കുളിയൊക്കെ കഴിഞ്ഞു, ഞങ്ങൾ തിരികെ തറവാട്ടിലേക്ക് കേറിയപാടെ ആ നായ, തന്റെ ഡ്യൂട്ടീടൈം കഴിഞ്ഞെന്നമാതിരി എണീറ്റുപോയി.
കുട്ടൻ തന്ന ഒരു കാവിമുണ്ടും ചുറ്റി, ജീൻസ് ഉണക്കാനിട്ടു.. "സാറേ" എന്ന് കുട്ടൻ വിളിച്ചപ്പോൾ "എന്താ മിസ്റ്റർ വാസുക്കുട്ടൻ?" എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു.. കുട്ടന്റെ മുഖത്തു അസാധാരണമായ ഒരു ഞെട്ടൽ നിഴലിച്ചപ്പോൾ ചോദിക്കാതിരിക്കാൻ തോന്നിയില്ല. കുട്ടനിതെന്തുപറ്റി എന്ന ചോദ്യത്തിന്, മോഹൻ സാർ വിളിച്ചപോലെ തോന്നിയെന്നാണ് മറുപടി തന്നത്.. കഞ്ഞിയും ചമ്മന്തിയും മുളകും കൂട്ടി, ഒരു സിനിമ കാണുന്ന രസത്തിൽ ഞാൻ കുട്ടൻ പറയുന്നത് കേട്ടിരുന്നു. സാമുവൽ അഗസ്റ്റിനും റോസ്‌മരിയ സാമുവലിനും കൂടി ഒരൊറ്റ മകൻ. മോഹൻ സാമുവൽ. ലണ്ടനിൽ തന്നെയുള്ള സാമുവലിന്റെ ചേട്ടൻ, അതായത് മോഹന്റെ വല്യപ്പൻ റോബർട്ട് അഗസ്റ്റിൻ അവന്റെ എട്ടാമത്തെ പിറന്നാളിന് സമ്മാനിച്ചതാണ് ആ നായക്കുട്ടിയെ. നാട്ടിൽ കോതമംഗലത്തിനപ്പുറം കുത്തുകുഴി എന്ന സ്ഥലത്തു സ്റ്റുഡിയോ നടത്തിയിരുന്ന സാമുവലിനു ഫോട്ടോഗ്രഫി ജീവനായിരുന്നു.. മോഹന് ഈ തറവാടും അരുവിയും മലകളുമെല്ലാം ഹൃദ്യസ്ഥമാണ്. നായ്ക്കുട്ടിയുമായി മോഹൻ നടന്നെത്താത്ത വഴികൾ കുറവാണ്.. അവന്റെ പൂച്ചക്കണ്ണും ചെമ്പൻ മുടിയുമെല്ലാം കുട്ടൻ കാണിച്ചു തന്ന ആൽബത്തിൽ വ്യക്തമായി ഞാൻ കണ്ടു.. ഓമനത്തമുള്ള മുഖം.. സ്കൂൾ വിട്ടാൽ നേരെ നായകുട്ടിയുടെ അടുത്തേക്ക് പായുന്ന അവനു, തറവാടും നായ്ക്കുട്ടിയും മലയും പുഴയുമൊക്കെയായിരുന്നു അവന്റെ ലോകം.
2006 ൽ പത്താംക്ലാസ് പാസായ മോഹനെ കുട്ടന്റെ കൂടെ നിർത്തി, സാമുവലും ഭാര്യയും ലണ്ടനിലേക്ക് പറന്നതിനു പിന്നിൽ കടങ്ങൾ തന്നെയായിരുന്നു. ഫോട്ടോഗ്രഫിക്കു പിന്നാലെ നടന്ന സാമുവലിനു കുടുംബം ശ്രദ്ധിക്കാനായില്ല. ലണ്ടനിലേക്കില്ലെന്ന് വാശിപിടിച്ച മോഹനെ മറ്റു നിവർത്തിയില്ലാതെയാണ് എന്റെ കൂടെയാക്കി അവർ പോയതെന്ന് പറയുമ്പോൾ.. കുട്ടന്റെ കണ്ണിലെ നനവ് എനിക്ക് കാണാമായിരുന്നു. എന്റെ കൈയ്യിൽനിന്നും ഞാൻ കഴിച്ച കിണ്ണവും വാങ്ങി അകത്തേക്ക് പോകുമ്പോൾ കുട്ടൻ തന്റെ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്കപ്പോഴുണ്ടായ അനുഭവം ഉൾകിടിലം കൊള്ളിക്കുന്നതായിരുന്നു.. ആ നായ എന്റെ കാൽക്കൽ വന്നുകിടന്ന് സ്നേഹപൂർവം വാലാട്ടുന്നു.. ചുറ്റും വല്ലാത്തൊരു തണുപ്പും എനിക്കനുഭവിക്കാൻ കഴിഞ്ഞു. രോമകൂപങ്ങൾ ഓരോന്നായി എണീറ്റുനിൽക്കാൻ തുടങ്ങി.. എന്തോ അസാധാരണമായൊന്ന് സംഭവിക്കുന്നുവെന്ന തോന്നൽ കണ്ണുകളിൽ ഇരുട്ടുനിറച്ചു. ഞാൻ വിയർത്തുതുടങ്ങി.. "കുട്ടാ"യെന്നുറക്കെ വിളിക്കണമെന്ന് തോന്നിയെങ്കിലും ശബ്ദം പൊങ്ങിയില്ല.. പെട്ടെന്നൊരു കാൽപ്പെരുമാറ്റം ശ്രദ്ധിക്കാനിടയായി. കാലടിയൊച്ച കേട്ട ഭാഗത്തേക്ക് വിറച്ചുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കി.. അതാ.. ഒരു കറുത്ത രൂപം എന്റെയടുത്തേക്ക് ഒഴുകിവരുന്നു.. ആ രൂപത്തിന് അകമ്പടിയായി ഒരു കിലുക്കവും കൂടിയായപ്പോൾ ഉള്ളിലൊരാന്തൽ.. രണ്ടുംകൽപിച്ചു കണ്ണുംതിരുമ്മി ഞാനങ്ങോട്ടു നോക്കിയപ്പോഴാണ് ആശ്വാസമായത്. ഒരു മനുഷ്യജീവിയാണ്...
കുട്ടേട്ടൻ എവിടെയെന്നാണ് അയാൾ അടുത്തുവന്ന് ചോദിച്ചത്. പത്തിരുപത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ, ഇരുനിറം, നീണ്ട കറുത്ത മുടി കുടുമകണക്കെ കെട്ടിവെച്ചിരിക്കുന്നു.. കറുത്ത കമ്പിളി പുതച്ചു സഞ്ചിയും തൂക്കി, ചുരുക്കം പറഞ്ഞാൽ ഒറ്റനോട്ടത്തിൽ ഒരു ബുദ്ധിജീവിയെന്നു വിശേഷിപ്പിക്കാം.. ചോദ്യത്തിന്റെ മറുപടിക്കായി തയാറെടുക്കുംമുന്നേ കുട്ടൻ പ്രത്യക്ഷപ്പെട്ടു... ജീപ്പ് നേരെയാക്കാനായി കുട്ടൻ ഏർപ്പാടാക്കിയ ഒരു മെക്കാനിക്കായിരുന്നു കക്ഷി. ശിവൻ എന്നാണ് പുള്ളിക്കാരന്റെ പേര്.. എന്തുകൊണ്ടോ, ആ പേര് അയാൾക്ക് നന്നേ ചേരുന്നതായി എനിക്ക് തോന്നി. ഒരു മെക്കാനിക്കിന്റെ യാതൊരു ഛായയും പ്രകടമല്ലാത്ത ശിവനെ ഞാൻ അടിമുടിയൊന്നു നോക്കി.. ഒ വി വിജയനെ അനുസ്മരിപ്പിക്കുംവിധം വേഷധാരണം.. കിലുക്കത്തിന്റെ ഉറവിടം സഞ്ചിയിൽനിന്നാണെന്ന് മനസ്സിലായത് പണിയായുധങ്ങൾ പുറത്തെടുത്തപ്പോഴാണ്. ഒരു പാർടൈം സാഹിത്യകാരൻ.. ജീപ്പിന്റെ ടയർ താഴ്ന്നതിനുശേഷവും ഞാൻ അൽപനേരംകൂടി ശ്രമിച്ചതിനാലാവണം, ജീപ്പിന്റെ ഏതോ ഐറ്റത്തിന് സാരമായ തകരാറുണ്ടായിട്ടുണ്ടെന്ന് ശിവൻ പറഞ്ഞു. പ്രസ്തുത ഐറ്റം കമ്പനിയിൽപറഞ്ഞു ബുക്ക് ചെയ്തു മാറ്റിവെച്ചാൽ തകരാർ മാറുമെന്നും പറഞ്ഞപ്പോൾ, അങ്ങനെ ചെയ്തോളാൻ ഞാൻ ശിവനോട് പറഞ്ഞു. നാലഞ്ചു ദിവസത്തെ സാവകാശമാണ് ശിവൻ ആവശ്യപ്പെട്ടത്.. കുഴപ്പമില്ലെന്ന് മറുപടി പറയാനാണ് അപ്പോഴെനിക്ക് തോന്നിയത്.. അവിടം എനിക്ക് അത്ര ഇഷ്ടപ്പെട്ടുവരികയാണ്. പേഴ്സിൽനിന്ന് മുന്നൂറുരൂപയെടുത്തു കൊടുത്തു.
പൊതുവെ നിശ്ശബ്ദനായ ശിവൻ മോഹന്റെ സഹപാഠിയായിരുന്നെന്ന് കുട്ടൻ പറയുമ്പോഴാണ് ഞാനറിയുന്നത്. മോഹന് നാട്ടിലുണ്ടായിരുന്ന ഉറ്റമിത്രം. കുട്ടൻ അത് പറയുമ്പോൾ ഞാൻ തിരിഞ്ഞൊന്നു നോക്കി.. ശിവനെ അനുഗമിച്ചു ആ നായയും പോകുന്നുണ്ടായിരുന്നു.. എന്തായാലും നാലഞ്ചു ദിവസം കഴിഞ്ഞേ മടക്കത്തിന് സാധ്യതയുള്ളൂ എന്നതുകൊണ്ട്, നാടൊന്നു ചുറ്റിക്കാണണമെന്ന് മനസ്സിൽ കണക്കുകൂട്ടി. അരിയും മറ്റും വാങ്ങാൻ കുട്ടൻ ഉച്ചയ്ക്ക് പോകുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഞാനും കൂടെക്കൂടി.. മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഉച്ചയാണെന്ന് തോന്നാത്തത്ര വെളിച്ചക്കുറവ് അനുഭവപ്പെട്ടു. വലിയപാറ എന്ന സ്ഥലത്തേക്ക് കടക്കാനുള്ള എളുപ്പവഴിയാണ് ഇതെന്ന് കുട്ടൻ പറഞ്ഞു.. ശകലം ആൾവാസമുള്ള സ്ഥലത്തുനിന്നും സാധനങ്ങൾ വാങ്ങിക്കൂടേയെന്ന് പറയാൻ ഒരുനിമിഷം എനിക്ക് തോന്നി. എൺപതുകളെ ഓർമിപ്പിക്കുംവിധം വൈക്കോൽകൂനയും പശുക്കളും, ചാണകം മെഴുകിയ മുറ്റവുമുള്ള ഒരു വീട്ടിലേക്കാണ് കുട്ടൻ കൊണ്ടുപോയത്. എന്നോട് പുറത്തു നിൽക്കാൻ ആംഗ്യം കാണിച്ചു കുട്ടൻ അകത്തേക്ക് നടന്നു.. അരിയും സാധനങ്ങളുമായി തിരികെവന്ന കുട്ടന്റെ കൂടെ നായയുമുണ്ടായിരുന്നു.. കുട്ടൻ അടുക്കുംതോറും മുൻപനുഭവപ്പെട്ട തണുപ്പ് കൂടിവന്നു. കുട്ടനെ നോക്കിയപ്പോൾ മുഖത്തുകണ്ട നിർവികാരത എനിക്കത്ര സുഖകരമായി തോന്നിയില്ല. ഞാൻ കൂടെകൂടിയത് ഇഷ്ടമാവാത്തതിനാലാവാം എന്ന് കരുതി ഒരകലം പാലിച്ചു നടന്നു.. പക്ഷെ അപ്പോഴും ആ തണുപ്പ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ഊണും കഴിഞ്ഞു ജീപ്പിനടുത്തേക്ക് നടന്ന എനിക്ക് ഒരു കട്ട റേഞ്ചുകിട്ടിയപ്പോൾ ബാലന് വിളിച്ചു കുറച്ചുദിവസം കഴിഞ്ഞേ കാണുവെന്നു പറഞ്ഞു. തിരിച്ചവൻ എന്തോ ചോദിക്കുംമുന്നേ കാൾ കട്ടായി. മോഹൻ നടന്ന വഴികളിലൂടെ അന്തിയാവോളം നടന്നു. കുട്ടനെ കൂടെ കൂട്ടിയില്ലെങ്കിലും വഴികൾ എന്റെ ഓർമയിലുണ്ടായിരുന്നു...
തിരികെ തറവാട്ടിലേക്ക് നടക്കുമ്പോൾ ത്രികോണാകൃതിയിൽ ഒരു ചിഹ്നം കല്ലിൽ കൊത്തിയതായി കണ്ടു.. പണ്ടുകാലത്തെ ദിശാസൂചികയോ അടയാളമോ ആവണം.. പക്ഷെ, മുൻപെവിടെയോ ആ ആലേഖനം കണ്ടതായി എനിക്ക് തോന്നി. തിരിച്ചു തറവാട്ടിലെത്തി, വൈകിട്ടത്തെ ചായയും കഴിഞ്ഞു കുളിയും പാസാക്കി ഉമ്മറത്തങ്ങനെ ഇരുന്നു.. ആ ചിഹ്നത്തെ പറ്റിയായിരുന്നു ചിന്ത മുഴുവൻ.. കുട്ടൻ തന്ന കഞ്ഞിയും കുടിച്ചു നേരത്തെതന്നെ കിടന്നു. എന്റെ തന്നെ പ്രവർത്തികളിൽപോലും ഒരു യാന്ത്രികത അനുഭവപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു അത്... ഒരുറക്കം കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ ഉണർന്നെണീറ്റ എനിക്ക് പിന്നീട് കിടന്നെങ്കിലും ഉറങ്ങാൻ സാധിച്ചില്ല. കട്ടിലിൽനിന്നെഴുന്നേറ്റ് പുറത്തേക്കു നോക്കി നിന്നു. മരങ്ങൾക്കിടയിലൂടെ നിലാവെളിച്ചം ഭൂമിയെ ചുംബിക്കുന്നത് അൽപനേരം വീക്ഷിച്ചു... ദൂരേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ജീപ്പ് അവിടെ കിടക്കുന്നത് കാണാൻ കഴിഞ്ഞു.. ആ വലിയ മരം ജീപ്പിനു കാവൽക്കാരനെന്നപോലെ തോന്നിച്ചു. അതിനപ്പുറത്ത് രണ്ടു കണ്ണുകൾ... എന്റെ തൊണ്ട വരണ്ടു, വിയർപ്പുതുള്ളികൾ നെറ്റിയിൽനിന്നു തുള്ളിതുള്ളിയായി വീണുതുടങ്ങി. ഞാൻ കണ്ട കാഴ്ച.. അതവനാണ്.. ആ പൂച്ചക്കണ്ണുകൾ അത് പറയുന്നുണ്ടായിരുന്നു.. നിശ്ചലനായി എന്നെ നോക്കി നിൽക്കുന്ന ആ രൂപം കണ്ട് ഞാൻ പിന്നിലേക്കുമാറി കട്ടിലിലിരുന്നു.. വിറയാർന്ന കൈകൾകൊണ്ട് ജഗ്ഗിൽനിന്നു വെള്ളം കുടിച്ചുകൊണ്ട് വീണ്ടും അങ്ങോട്ട് നോക്കിയപ്പോൾ അങ്ങനൊരു രൂപമേ അവിടെയുണ്ടായിരുന്നില്ല. മുഖം കൈകൊണ്ടു തുടച്ചുകൊണ്ട് ജഗ്ഗ് മേശമേൽ വെക്കുമ്പോഴാണ് ആ തകിടും കുരിശും ഞാൻ വീണ്ടും കാണുന്നത്... എന്റെ സർവ നാഡികളും തളരുന്നപോലെ എനിക്കനുഭവപ്പെട്ടു.
ആ തകിടിൽ നിന്നും ചോരത്തുള്ളികൾ ഒഴുകിയിറങ്ങുന്നു... മരങ്ങൾക്കിടയിൽ, കല്ലിൽ ഞാൻ കണ്ട ചിഹ്നം തകിടിൽ ആലേഖനം ചെയ്തിരിക്കുന്നു... തറയിൽ വീണ ചോരത്തുള്ളികളിൽനിന്നും കാൽപാടുകൾ രൂപപ്പെടുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു.. അവ വാതിലിനടുത്തേക്ക് പോകുന്നതായി കണ്ടപ്പോൾ യാന്ത്രികമായി ഞാൻ പിന്തുടർന്നു.. ആ നിണമണിഞ്ഞ കാൽപ്പാടുകൾ എന്നെ കൊണ്ടെത്തിച്ചത് കുട്ടന്റെ മുറിയിലേക്കായിരുന്നു. ഉള്ളിൽനിന്നും പൂട്ടിയ മുറിയുടെ വാതിൽ സർവശക്തിയെടുത്തു തള്ളിനോക്കിയിട്ടും തുറന്നില്ല. മഞ്ഞുകൊണ്ട് മങ്ങിയ വാതിൽചില്ല് കൈകൊണ്ടു തുടച്ച് ഉള്ളിലേക്ക് കണ്ണോടിച്ച എനിക്ക് അസ്വാഭാവികമായ ഒരു ചലനങ്ങളും കാണാൻ സാധിച്ചില്ല. പൊടുന്നനെ, ചോരയിൽ മുങ്ങിയ ഒരു കൈ ചില്ലിനുമുകളിൽ വന്നു തല്ലി. പിന്നോട്ടുമറിഞ്ഞുവീണ എന്റെ ബോധം മറഞ്ഞു. പിന്നീട് ഞാൻ കണ്ണുതുറക്കുമ്പോൾ എന്റെ മുറിയാണ് ഞാൻ കണ്ടത്. ഞെട്ടിയെഴുന്നേറ്റു നാലുപാടും നോക്കി. മേശപ്പുറത്ത് ആ തകിടില്ല. നിലത്ത് ചോരപ്പാടുകളുമില്ല... സ്വപ്നമായിരുന്നുവെന്ന് ആശ്വസിച്ചു നെടുവീർപ്പിട്ട് റൂമിന്റെ പുറത്തിറങ്ങി. മുറ്റത്തേക്കിറങ്ങുംവഴി കുട്ടന്റെ റൂമിലേക്ക് ഒളികണ്ണിട്ടു നോക്കാൻ മനസ്സുപറഞ്ഞു. അവിടെയും പാടോ മറ്റോ കാണാൻ സാധിച്ചില്ല. ഭാഗ്യം.. സ്വപ്നമായിരുന്നുവെന്ന് മനസ്സിലാക്കി മുറ്റത്തു വന്നിരുന്നു. പതിവുപോലെ കുട്ടൻ കാപ്പിയിട്ടുതന്നു. അന്തരീക്ഷത്തിന് മുൻപെങ്ങും തോന്നാത്തത്ര പുതുമയും വശ്യതയും.. അരുവിയുടെ കളകളാരവം എന്നെ മാടിവിളിക്കുംപോലെയൊക്കെ ഒരു തോന്നൽ.. കുട്ടന്റെ മുഖത്തും അന്നേവരെയില്ലാത്ത പ്രസരിപ്പും എനിക്കനുഭവപ്പെട്ടു.
"വാ കുട്ടാ, കുളിച്ചിട്ടു വരാം" എന്ന് കുട്ടനോട് പറഞ്ഞുകൊണ്ട് കാപ്പി ആസ്വദിച്ചു കുടിച്ച്, ഒരു ബീഡിയും ചുണ്ടത്തുവെച്ച് അങ്ങനെ അരുവിക്കടുത്തേക്ക് നടന്നു.. പതിവുമാറ്റിപ്പിടിച്ചു ചെരുപ്പില്ലാതെ ഞാൻ നടന്നു.. ഇലകളും ചെറുചില്ലകളും വീണുകിടക്കുന്ന വഴിയിലൂടെ കാലമർത്തി ഞാൻ നടന്നു.. മണ്ണിന്റെ തണുപ്പും സുഖവും മറ്റെന്തിനേക്കാളും ആനന്ദദായകമാണെന്ന് അനുഭവിച്ചറിഞ്ഞു. നീന്തിത്തുടിച്ച് വെള്ളത്തിലേക്ക് കല്ല് ചെത്തിവിട്ട് ഒരിത്തിരിനേരം ഉല്ലസിച്ചശേഷം കുളിച്ചുകയറി.. മുടി വീശിക്കളിച്ചു കുട്ടന്റെമേൽ വെള്ളം തെറുപ്പിച്ചു.. കുട്ടൻ അതൊക്കെ ആസ്വദിക്കുണ്ടായിരുന്നു.., മുടിയിലെ വെള്ളം കുടഞ്ഞുകൊണ്ട്, തോർത്താതെ ഞാൻ തിരികെ തറവാട്ടിലേക്ക് നടന്നു. ഉമ്മറത്തേക്ക് എത്തുംമുന്നേ തോർത്ത് മുറുകെ പിഴിഞ്ഞ് തല തോർത്തുന്നതിനിടയിലാണ് തലയിൽ മുഴച്ചതായി അനുഭവപ്പെട്ടത്. ഇന്നലെ കണ്ടതെല്ലാം ഒറ്റയടിക്ക് കണ്ണിലൂടെ പാഞ്ഞു.. അടുത്ത കാഴ്ച എന്നെ തളർത്തുന്നതായിരുന്നു. കുട്ടൻ, എന്നെ കാണാനില്ലാത്തതിനാൽ "സാറേ" എന്നുവിളിച്ചുകൂവിക്കൊണ്ട് തറവാടിനുചുറ്റും ഓടുന്നു. എന്റെ ചിന്തകൾക്ക് തീപിടിച്ചു. അപ്പോൾ എന്റെ കൂടെയുണ്ടായിരുന്നതാര്? ചെറുതല്ലാത്ത ഭയത്തോടെ കുട്ടന്റെയടുത്തേക്ക് നടന്നടുത്തു. എന്ത് ധൈര്യത്തിലാണ് എന്നെ കൂട്ടാതെ കുളിക്കാൻ പോയതെന്ന് കയർത്ത കുട്ടനോട് ഉണ്ടായതെല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു. കുട്ടനോട് സംസാരിക്കുമ്പോൾ, ആ കണ്ണിലേക്കു നോക്കുമ്പോൾ.. സാക്ഷാൽ കുട്ടൻ തന്നെയല്ലേ അതെന്ന സംശയം ഉണ്ടായിരുന്നു. കുട്ടൻ ഒരു നെടുവീർപ്പിട്ട്, ചിലതുറപ്പിച്ചിട്ടുണ്ടെന്ന മട്ടിൽ എനിക്കൊരു കാവിമുണ്ടെടുത്തുതന്ന് കൂടെവരാൻ പറഞ്ഞു.
നേരത്തെ ഞങ്ങൾ പോയിവന്ന ആ പഴയ, ചാണകം മെഴുകിയ മുറ്റമുള്ള വീട്ടിലേക്കാണ് നടത്തം. അറുപതോ മറ്റൊ പ്രായം തോന്നിക്കുന്ന പരവശനായ ഒരാൾ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ, തൊഴുത്തിന് മുൻപിലായി എന്തോ വരച്ച്, അതിനുനടുക്കിലായി ഒരു വടിയും കുത്തിനിർത്തി, കൈകൂപ്പി മുകളിലേക്ക് നോക്കുന്നതാണ് കാഴ്ച. വെള്ളമുണ്ട് തോളത്തിട്ട് ഒരു ചുവന്ന മുണ്ടൊക്കെ ചുറ്റി നിൽക്കുന്ന അയാളെക്കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ അതൊരു തട്ടുപൊളിപ്പൻ മന്ത്രവാദം ആണെന്ന് തോന്നിയ ഞാൻ കുട്ടനോട് "ഇതെന്താ പരിപാടി "എന്ന് ചെവിയിൽ പറയാനായി ചെന്നതും "ശ്ശ്ശ്" എന്ന് ചുണ്ടത്തു വിരൽവെച്ചു നിശ്ശബ്ദനാവാൻ കുട്ടനെന്നോട് ആംഗ്യം കാണിച്ചു. എന്തായാലും ക്ഷമയോടെ കുറേനേരം ആ പ്രവർത്തി കണ്ടുകൊണ്ടങ്ങനെ നിന്നു. അയാൾ പൊടുന്നനെ ആ വടി വലിച്ചെടുത്തു അയാളുടെ മേൽമുണ്ട് ആ കളത്തിനുമുകളിലായി വിരിച്ചു. അത്ഭുതമെന്നുപറയട്ടെ... ആ മുണ്ടിൽ രക്തംകൊണ്ട്, നിലത്തുവരച്ച കളം വ്യക്തമായി തെളിഞ്ഞുവരുന്നു. ഒന്ന് സൂക്ഷിച്ചുനോക്കിയപ്പോൾ, കുട്ടൻ മേശപ്പുറത്തുവെക്കാറുള്ള തകിടിലും, ഞാൻ മരങ്ങൾക്കിടയിലെ കല്ലിലും കണ്ട അതേ ചിഹ്നമാണെന്ന് മനസ്സിലായി. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. ഒക്കെക്കൂടി ഉള്ള പേടി ഇരട്ടിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ.. എന്തൊക്കെയാ സംഭവിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.
അങ്ങനെ നിൽക്കുമ്പോഴാണ് ഉള്ളിലേക്ക് കയറിവരാനായി അയാൾ ആംഗ്യം കാണിച്ചത്. വീടിനകത്തുകയറിയപ്പോൾ എന്തുകൊണ്ടോ, സുഖകരമായ തണുപ്പ് അനുഭവപ്പെട്ടു. ഏസിയോ കൂളറോ ഒന്നും ഇല്ലാതിരുന്ന അവിടെ എങ്ങനെ ഈ തണുപ്പുണ്ടായി എന്നാലോചിച്ചുനിൽക്കുമ്പോൾ, അയാൾ ഒരുഗ്ലാസ്സ് വെള്ളം എനിക്ക് കുടിക്കാനായി കൊണ്ടുവന്നു. ഭയംകൊണ്ട് തൊണ്ടവരണ്ട ഞാൻ പെട്ടെന്നുതന്നെ ഗ്ലാസ് കാലിയാക്കി തിരിച്ചുകൊടുത്തു. പക്ഷെ, അപ്പോഴാണ് കഴുത്തിനും തലയ്ക്കും സാമാന്യം തരക്കേടില്ലാത്ത വേദന തുടങ്ങിയത്. സഹിക്കവയ്യാതായപ്പോൾ നിലത്തങ്ങിരുന്നു. അയാൾ അടുത്തുവന്ന് ഷർട്ടഴിക്കാനായി പറഞ്ഞു. യാന്ത്രികമായി ഞാനതൂരി. അപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്.. അതിഭീകരം എന്നുതന്നെ പറയണം.. പേടി എന്റെ ശബ്ദത്തെ കീഴ്പെടുത്തി. കാഴ്ചയെല്ലാം മങ്ങി ശ്വാസം കിട്ടാതെ ഞാനവിടെ വീണുകിടന്നു.. പിന്നീട് ഉണർന്നെണീക്കുന്ന ഞാൻ കാണുന്നത് തറവാട്ടിലെ എന്റെ മുറിയാണ്. ഞാൻ ദേഹത്തുണ്ടായിരുന്ന കമ്പിളി എടുത്തുമാറ്റി എണീക്കുമ്പോൾ പക്ഷെ, ഇടതുകൈയ്യിലും വലതുകാലിലുമായി ഓരോ ചരടുകളുണ്ടായിരുന്നു. അതിനുമുകളിൽ തിളങ്ങുന്ന എന്തോ കല്ലും ആ തകിടും ഉണ്ടായിരുന്നു. ഞാനെണീറ്റ ശബ്ദം കേട്ടാവണം, കുട്ടൻ ഓടിവന്ന് "ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ സാറേ" എന്ന് ചോദിച്ചു. വല്ലാത്ത വിശപ്പും ദാഹവും തോന്നിയപ്പോൾ കുട്ടനോട് കഞ്ഞിയോ മറ്റോ ഇരുപ്പുണ്ടോയെന്ന് ചോദിച്ചു. "എങ്ങനെ വിശക്കാതിരിക്കും സാറേ.. രണ്ടുദിവസമല്ലേ സാറേ, സാറുറങ്ങിയത്.. ഞാനിപ്പോ കൊണ്ടുവരാം" എന്നുപറഞ്ഞു കുട്ടൻ പോയി. അത് കേട്ടതും, ഞാനങ്ങു ഇല്ലാതായ ഒരവസ്ഥ..
ആ വീട്ടിൽ വെച്ചുണ്ടായ സകലതും തിരശീലയിലെന്നപോലെ ഞാനോർത്തു. അയാൾ തന്ന ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ, അതിനൊരു ഇരുമ്പിന്റെ ചുവ ഉണ്ടായിരുന്നതായും, തീരെ വയ്യാതായി കണ്ണൊന്നും കാണാതെ, നിലത്തിരുന്നതുമെല്ലാം ഓർമവന്നു.. അതിലെല്ലാം ഭയങ്കരം, ഷർട്ടൂരിയപ്പോൾ എന്റെ ഹൃദയത്തിന്റെ ഭാഗത്തായി കണ്ട കൈപ്പത്തിയുടെ പാടാണ്.. കറുത്ത നിറമായിരുന്നു അതിന്.. ഞാൻ ഉടൻ ഷർട്ടിന്റെ രണ്ടു കുടുക്കുകളഴിച്ചു നെഞ്ചിലേക്ക് നോക്കി, പക്ഷെ,ഇപ്പോഴാ പാടില്ല.. പകരം, നഖംകൊണ്ട് അമർത്തിയ പാടുകൾ മാത്രം..സ്വപ്നമല്ലായിരുന്നുവെന്നും, എന്തൊക്കെയോ എനിക്കുചുറ്റും നടക്കുന്നുണ്ടെന്നും മനസ്സിലായപ്പോൾ, ഇതിന്റെ സത്യാവസ്ഥ അറിയാനെന്നോണം കുട്ടന്റെയടുത്തേക്ക് മെല്ലെ നടന്നു. ക്ഷീണം കൈകാലുകളെയും കണ്ണുകളെയും വല്ലാതെ ബാധിച്ചിരുന്നു. കാലുകൾ എന്റെയല്ലെന്നൊക്കെ തോന്നുന്നു. കൈകൾ ചുമരിൽ താങ്ങിയാണ് നടപ്പ്. ഇടതു കൈകൊണ്ട് താങ്ങുമ്പോൾ, മന്ത്രച്ചരടിൽ കെട്ടിയ കല്ല് മിന്നികെടുന്നതായി ഞാൻ കണ്ടു. തോന്നലാവുമെന്നുകരുതി ശ്രദ്ധിച്ചില്ല. ഞാൻ ഉമ്മറത്തേക്ക് നടന്നെത്തി. കുട്ടൻ ഉമ്മറത്തുനിന്നും പുറത്തിറങ്ങി, കമ്പിളികൊണ്ട് മേലാസകലം മൂടിയ ഒരാളുമായി സംസാരിക്കുന്നതാണ് കണ്ടത്. "കുട്ടാ, വിശക്കുന്നു.."എന്ന് ഞാൻ പറഞ്ഞതും, "അയ്യോ, സാറേ.. അയ്യാവുമായി സംസാരിച്ചുനിന്നപ്പോൾ മറന്നുപോയി സാറേ.." എന്നുംപറഞ്ഞു ഒരൊറ്റയോട്ടമായിരുന്നു അടുക്കളയിലേക്ക്. കുട്ടൻ ആരോടായിരിക്കും സംസാരിച്ചത് എന്നറിയാൻ തിരിഞ്ഞുനോക്കിയപ്പോൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. "ശെടാ, ഇയാളിതെവിടെപ്പോയി" എന്ന് മനസ്സിൽ ചിന്തിച്ചു ഉമ്മറത്തിണ്ണയിലിരുന്ന് കാലാട്ടിക്കൊണ്ടിരുന്നു..എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നും, ഇപ്പോഴും സ്വപ്നത്തിൽ തന്നെയാണോയെന്നുമൊക്കെ സംശയം തോന്നിപ്പോയി.
Read also: അയാൾ പുറത്തിറങ്ങിയതും വീട്ടിനുള്ളിൽനിന്നും നിലവിളി, അപകടം; പ്രവാസിയുടെ വീട്ടിലെ ഹൃദയം തകർക്കും കാഴ്ച
അങ്ങനെയിരിക്കുമ്പോൾ, കുട്ടൻ കഞ്ഞിയും, ചുട്ട പപ്പടവും ഒരു മുളകുമൊക്കെയായി എന്റെയടുത്തേക്ക് വന്നു. ബീഡിയൊരെണ്ണം ചോദിച്ചപ്പോൾ "ഇപ്പൊ വേണ്ട സാറേ, വയ്യായ്ക ഒക്കെ മാറട്ടെ" എന്നൊക്കെ പറഞ്ഞു കഞ്ഞി തന്നു. ആ സ്നേഹവും പരിചരണവും എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, കുട്ടനെന്തൊക്കെയോ ഒളിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. പക്ഷെ, അതിനേക്കാളെല്ലാം ദുരൂഹത നിറഞ്ഞതായിരുന്നു നെഞ്ചിലെ മുറിവുകൾ. അവിടേക്ക് നോക്കുമ്പോൾ കഴുത്തു നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഒരു കണ്ണാടി, അതും ഞാൻ പറയാതെ തന്നെ കുട്ടൻ കൊണ്ടുതന്നത് എനിക്കത്ഭുതമായി. മുറിവ് ഏതാണ്ടില്ലാതായിരിക്കുന്നു. എന്നാൽ, നെഞ്ചിനുകുറുകെയുണ്ടായിരുന്ന മറ്റൊരു മുറിവുതൊട്ടപ്പോൾ, ഞാനെന്റെ പഴയകാലത്തേക്കുപോയി. കോയമ്പത്തൂരിൽ എൻജിനിയറിങ് പഠിക്കാനെന്നുംപറഞ്ഞ്, അച്ഛന്റെ കാശും കളഞ്ഞു സീറ്റൊപ്പിച്ച്, കഞ്ചാവും വട്ടുഗുളികയും പിന്നെ അല്ലറചില്ലറ നാടൻ ഐറ്റംസുമായി ആഘോഷിക്കുന്ന (കുടിച്ചു കൂത്താടുന്ന സമയം എന്നുവേണമെങ്കിൽ പറയാം) സമയം. ആയിടയ്ക്ക് എറണാകുളത്തേക്ക് ഒരു ബൈക്ക് യാത്ര പതിവുണ്ടായിരുന്നു. സദുദ്ദേശമല്ലെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. സാമാന്യം തരക്കേടില്ലാത്ത ഒരു നിശാക്ലബ്ബിലേക്ക് പ്രമുഖ വസ്ത്രവ്യാപാരിയുടെ മകൻ രോഹിതിനെ കാണാനാണ് അതെല്ലാം. അന്നത്തെ കച്ചവടങ്ങൾക്ക് രാത്രി തന്നെയായിരുന്നു ഏറ്റവും ഉചിതം.. അങ്ങനെയൊരു യാത്രക്കിടയിൽ ചാലക്കുടി സെന്ററിൽ വെച്ച് എനിക്കുണ്ടായ അപകടത്തിന്റെ ബാക്കിപത്രമാണ് ആ പാട്. അമ്മ അന്നൊഴുക്കിയ കണ്ണീരിനും ബാലനെന്ന എന്റെ സുഹൃത്തിന്റെ സ്നേഹത്തിനും കണക്കില്ലായിരുന്നു. കോയമ്പത്തൂരിലെ ലഹരികളാണ് ആ അപകടത്തിനുത്തരവാദി എന്ന് തോന്നിയതിനാലാവണം, പിന്നീടിന്നുവരെ സാദാ കാജാബീഡിയല്ലാതെ മറ്റൊന്നും എന്റെ ലഹരിയുടെ ലിസ്റ്റിൽ ഉണ്ടായിട്ടില്ല.
രണ്ടായിരത്തി പതിന്നാലിലാണ് അപകടത്തിൽ പെടുന്നതും, തുടർന്ന് എറണാകുളം അമൃതയിൽ വെച്ച് ഓപ്പറേഷൻ ഉണ്ടായതും. രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയാൾ അപ്പോൾത്തന്നെ മരിച്ചെന്നാണ് പിന്നീടറിഞ്ഞത്. ആ കേസെല്ലാം തീരാൻ വർഷങ്ങൾ വേണ്ടിവന്നു. ആ കഥ പിന്നീട് പറയാം. അപകടത്തിൽ വാരിയെല്ല് തകർന്നു ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. തോളെല്ലും കീഴ്ത്താടിയും തകർന്നിരുന്നു. അതെല്ലാം പോരാഞ്ഞിട്ട്, തുടർന്നങ്ങോട്ട് ഏഴുമാസത്തോളം കോമയെന്ന അവസ്ഥയിൽ കിടന്ന ഞാൻ, അതിനിടയിൽ അച്ഛൻ മരിച്ചതൊന്നും അറിഞ്ഞതേയില്ല. പക്ഷെ, പിന്നീട് ആശുപത്രിക്കിടക്കയിൽനിന്ന് ഞാനെണീറ്റത് ഏതു പ്രതിബന്ധങ്ങളും കൂസലില്ലാതെ നേരിടുന്ന പുതിയൊരാളായിട്ടായിരുന്നു. എവിടുന്നോ ലഭിച്ച ആ ഊർജ്ജത്തിനോട് ഞാനെന്നും കടപ്പെട്ടിരുന്നു. ബാലൻ, അവനാണ് എനിക്ക് ജീവൻ തന്നതെന്നുവേണമെങ്കിൽ പറയാം. അല്ല, അവൻ തന്നെ. ഹൃദയം മാറ്റിവെക്കാതെ എന്റെ ജീവൻ നിലനിർത്തുന്നത് അസാധ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ, രാപ്പകലില്ലാതെ എനിക്കുവേണ്ടി എല്ലാം ചെയ്തുതന്ന അവനെ നൂറുകൈകൊണ്ടു തൊഴണം. ഇനിയെത്ര ജന്മമുണ്ടായാലും അവനെത്തന്നെ എനിക്ക് സുഹൃത്തായി കിട്ടണമെന്നാണെനിക്ക്. എല്ലാം ആ മുറിവിലുണ്ട്..
Read also: മരണത്തോട് മല്ലിടുന്ന സൂപ്പർസ്റ്റാറിനെ കണ്ട് ഡോക്ടർ ഞെട്ടി; പ്രഗത്ഭ ന്യൂറോ സർജന്റെ കൈവിറച്ച നിമിഷം
കഞ്ഞി കുടിച്ചുകൊണ്ടിരിക്കെ കുട്ടനോട് ഈ കഥയെല്ലാം പറയുമ്പോൾ അകാരണമായ ഒരു നടുക്കം ആ കണ്ണിൽനിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. ആ കണ്ണുകളുടെ തീഷ്ണത ഭയപ്പെടുത്തുന്നവയായിരുന്നു.. അച്ഛനെക്കാളേറെ അമ്മയെ സ്നേഹിച്ച ഒരു ബാല്യത്തിന്റെ കഥയാണ് ആ കണ്ണിൽ തിളങ്ങുന്നുണ്ടായിരുന്നത്. മോഹന് അപ്പന്റെ പേര് തന്റെ പേരിനൊപ്പം ചേർക്കുന്നതുപോലും വെറുപ്പായിരുന്നു. അതിനുപിന്നിൽ ഒരു കാരണമുണ്ട്, തന്റെ അമ്മയോടുള്ള അപ്പന്റെ അസൗമ്യമായ പെരുമാറ്റം. മോഹന്റെ വാശിയെത്തുടർന്ന്, ലണ്ടനിലേക്ക് ചേക്കേറുമ്പോൾ മകനൊപ്പം അമ്മയെ നിർത്തിപ്പോയ സാമുവൽ പിന്നീടൊരിക്കൽ, കൃത്യമായിപ്പറഞ്ഞാൽ രണ്ടായിരത്തി പന്ത്രണ്ടിൽ നാട്ടിലേക്കു തിരിച്ചുവന്നിരുന്നു. എന്നാൽ തറവാട്ടിലേക്ക് വന്നിരുന്നില്ലത്രേ. അതിനിടയ്ക്കാണ് ജാനമ്മയുടെ മരണം... ജാനമ്മ?.. അപ്പോഴാണ് കുട്ടൻ കരയുന്നത് ഞാനാദ്യമായി കാണുന്നത്. ജാനറ്റ് എന്ന ജാനമ്മ. കോട്ടയംകാരായ സേവ്യറിനും ലില്ലിക്കും ജനിച്ച ഏകമകൾ. മോഹന്റെ അമ്മ ജാനമ്മയാണെന്നു കുട്ടൻ പറഞ്ഞപ്പോൾ, അവരിപ്പോളെവിടെയാണെന്ന് ചോദിക്കാതിരിക്കാൻ എനിക്കായില്ല. കണ്ണൊക്കെ തുടച്ചു കുട്ടൻ പിന്നെയും പറഞ്ഞുതുടങ്ങി.
തനി നാട്ടിൻപുറത്തുകാരിയായ, ഒരു പാവമായിരുന്നു ജാനമ്മ. കടബാധ്യതകൾ കുമിഞ്ഞുകൂടിയപ്പോഴും, സാമുവൽ മദ്യപാനം തുടങ്ങിയപ്പോഴും ജാനമ്മ തന്നാലാവുന്ന രീതിയിലെല്ലാം പണം സ്വരൂപിച്ചിരുന്നു. കുരുമുളകും ജാതിക്കായകളും പെറുക്കിവിറ്റു കിട്ടിയ പണം കൊണ്ടാണ് അന്നൊക്കെ മോഹനെ സ്കൂളിൽ അയച്ചിരുന്നത്. എന്തിനും ഏതിനും ശിവനും കൂടെ ഉണ്ടാവും. തറവാട്ടിലെ എസ്റ്റേറ്റിൽ പണിക്കുവന്നിരുന്ന കാളിയുടെ മകനാണ് ശിവൻ. എസ്റ്റേറ്റിൽ പുലിയിറങ്ങിയപ്പോൾ അവിടെ പണിയെടുക്കുകയായിരുന്നു കാളി. തന്റെ നേരെ ചാടിവീഴാനൊരുങ്ങിയ പുലിയെ പണിക്കൊപ്പമുണ്ടായിരുന്നവർ ജീവൻ പണയംവെച്ചു ഓടിച്ചുവിട്ടു. അവരുടെ സമയോചിതമായ ഇടപെടൽ മൂലം പുലിയുടെ ഉപദ്രവത്തിൽനിന്നും കാളി രക്ഷപ്പെട്ടെങ്കിലും, ആ ഷോക്കിൽ കൈകാലുകൾ തളർന്നു കിടപ്പിലായി. അവിടടുത്തുള്ള ഒരു വർക്ഷോപ്പിൽ രാത്രികാലങ്ങളിൽ പഞ്ചറൊട്ടിക്കലും മറ്റു അല്ലറചില്ലറ പണികളുമായി ശിവൻ അമ്മയെ പരിചരിക്കാൻ തുടങ്ങി. സാമുവൽ ഇടയ്ക്കിടെ മദ്യലഹരിയിൽ വന്ന് ജാനമ്മയെ ക്രൂരമായി ഉപദ്രവിക്കുമ്പോഴെല്ലാം, സഹിക്കവയ്യാതെ മോഹൻ ശിവന്റെ വീട്ടിലേക്കാണ് ഓടിപ്പോവുക. മകനുവേണ്ടി സ്വരൂപിച്ച പണമെല്ലാം സാമുവൽ തട്ടിപ്പറിക്കുമ്പോൾ, "നീ മറ്റേപ്പണി ചെയ്തുണ്ടാക്കിയതല്ലെടി" എന്നൊക്കെ പറഞ്ഞു ആട്ടുമായിരുന്നത്രെ. "ഇതിലൊന്നും ഇടപെടാനും തടയാനും ഞാനാരുമല്ലല്ലോ സാറേ" എന്നുപറഞ്ഞു കുട്ടൻ വിതുമ്പിക്കരഞ്ഞു.
അങ്ങനെയിരിക്കെ ഒരുദിവസം ജാനമ്മയെ കാണാതായി. കുട്ടനും നാട്ടുകാരും കൂടി ഇരുളുംവരെ നടത്തിയ തിരച്ചിലിനിടയിൽ എസ്റ്റേറ്റിന്റെ, നല്ല താഴ്ചയുള്ള ഭാഗത്ത് (കൊക്കയെന്നൊക്കെ ചിലയിടങ്ങളിൽ പറയും) വള്ളിപ്പടർപ്പിൽ ജാനമ്മ കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തീർത്തും അവശയായിരുന്ന, ദേഹമാസകലം ചോരയിൽ മുങ്ങിയ ജാനമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തലച്ചോറിന് സാരമായ ക്ഷതമുണ്ടായിട്ടുണ്ടെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നും ഡോക്ടർമാർ വിധിയെഴുതുമ്പോൾ, ആകെ ഹോസ്പിറ്റലിലുണ്ടായിരുന്നത് കുട്ടനും മോഹനും ശിവനും മാത്രമായിരുന്നു. ഏറെനാളത്തെ ദുരിതത്തിന് വിട്ടുകൊടുക്കാതെ ജാനമ്മ യാത്രയായി. ആ ദിവസം കുട്ടനിന്നും ഓർക്കുന്നതിനുപിന്നിൽ ഒരു കാരണമുണ്ട്. രണ്ടായിരത്തി പതിന്നാലിൽ, മോഹന്റെ പതിനേഴാമത്തെ പിറന്നാളിന്റെ അന്നാണ് അമ്മ അവനെ വിട്ടുപോയത്. പിന്നീടുണ്ടായ പൊലീസിന്റെ ഇടപെടലിൽ അതൊരു സാധാരണ മരണമല്ലെന്നും, കൊലപാതകശ്രമമായിരുന്നെന്നും തെളിഞ്ഞു. മദ്യലഹരിയിലുള്ള സ്ഥിരം വഴക്കിനിടയിൽ സാമുവൽ ജാനമ്മയെ തല്ലിയപ്പോൾ ബോധംപോയ ജാനമ്മയെ, മരിച്ചെന്നുകരുതി ആ കൊക്കയിൽ കൊണ്ടിട്ടതാണെന്ന പൊലീസ് അന്വേഷണറിപ്പോർട്ട് ആ നാടിനെത്തന്നെ നടുക്കുന്നതായിരുന്നു. ഇതെല്ലാമറിഞ്ഞ മോഹൻ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല.. എന്നാൽ, ദുരന്തങ്ങൾ അവിടംകൊണ്ടവസാനിച്ചില്ല..
ദിവസങ്ങൾക്കപ്പുറം എസ്റ്റേറ്റിലെ മരങ്ങൾക്കിടയിൽ മോഹനെ ജീവനറ്റ ശരീരമായി കണ്ടതുമുതൽ, കാശെറിഞ്ഞു ശിക്ഷയിൽനിന്നൊഴിഞ്ഞു തറവാട്ടിൽ താമസമാക്കിയ സാമുവലിനു ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മോഹന്റെ ശരീരത്തിൽ ഒരു പോറൽ പോലുമുണ്ടായിരുന്നില്ല. ആ മരണം വളരെ ദുരൂഹമായിരുന്നു. മരണം കവർന്നെടുത്തെങ്കിലും ആ മുഖത്തിന് പുഞ്ചിരിയുണ്ടായിരുന്നു. ആ നായ മറ്റാരെയും മോഹന്റെ മൃതദേഹം തൊടാൻ സമ്മതിച്ചിരുന്നില്ല, കുട്ടനെയൊഴിച്ച്. തന്റെ ജീവന് ഭീഷണിയായി മോഹന്റെ ആത്മാവ് അവിടുണ്ടെന്ന് തിരിച്ചറിഞ്ഞ സാമുവൽ ചില തീരുമാനങ്ങളെടുത്തു. തന്റെ ചോരയിൽപിറന്ന മോഹന്റെ മരണത്തിനുമുൻപിൽപോലും ഒരിറ്റുകണ്ണീർ പൊഴിക്കാതിരുന്ന സാമുവൽ, അവിടടുത്തുള്ള റോസ്‌മരിയ എന്ന വിധവയായ സ്ത്രീയെയും കൂട്ടി രാത്രിക്കുരാത്രി ലണ്ടനിലേക്ക് പറന്നു. കുട്ടൻ ഇതെല്ലാം പറഞ്ഞുനിർത്തിയപ്പോൾ എന്റെ കണ്ണുകൾ പോലും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. പൊടുന്നനെ ശക്തിയായി കാറ്റുവീശാൻ തുടങ്ങി.. ചോരയുടെ മണമുള്ള കാറ്റ്.. ആ കാറ്റ് ചില രഹസ്യങ്ങൾ പേറിയിരുന്നു. കലുഷിതമായ അന്തരീക്ഷം സൃഷ്‌ടിച്ച കാറ്റിൽ മോഹനെന്ന ആത്മാവിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു. തറവാടിനടുത്തുള്ള, ആ പഴയ വീട്ടിലെ മന്ത്രസിദ്ധിയുള്ള കാരണവരുടെ ഉദ്ദേശ്യം മനസ്സിലായതിനാലാവണം, അവൻ രൗദ്രഭാവം മുഴുവൻ പുറത്തെടുത്തു. പള്ളിയറക്കൽ തറവാട് അന്നുവരെ കാണാത്ത രീതിയിൽ, പ്രകൃതി സംഹാരതാണ്ഡവമാടി.
മോഹനെന്ന ആത്മാവ് ആഗ്രഹിക്കുന്നത് എന്നെയാണെന്ന സത്യം കാരണവർ എന്നോടായി പറഞ്ഞപ്പോൾ, ഞാനാദ്യം വിശ്വസിച്ചില്ല. എന്നാൽ, ജാനമ്മയെന്ന പാവം സ്ത്രീയുടെ ഹൃദയം അന്ന് കൈമാറിയത് എന്റെയീ ശരീരത്തിലേക്കാണെന്ന് കുട്ടനും കാരണവരും പറഞ്ഞപ്പോൾ എന്റെ സർവനാഡികളും തളർന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത ഭയാനകമായ ഒരു വികാരം എന്നെ കാർന്നുതിന്നാൻ തുടങ്ങിയപ്പോഴും, പക്ഷെ.. സ്നേഹിച്ചു കൊതിതീരുംമുമ്പേ കൈവിട്ടുപോയ സ്വന്തം അമ്മയുടെ ഹൃദയം തേടിനടന്ന മോഹനിലേക്ക് ഞാനെത്തിച്ചേർന്നത് വഴിതെറ്റിയല്ലെന്ന് ഞാൻ മനസ്സിലാക്കി. അതൊരു നിയോഗമായിരുന്നു. ഞാനെത്തേണ്ടത് ഇവിടെ, ഈ തറവാടിന്റെ മുറ്റത്തുതന്നെയാവണമെന്ന് മോഹന് നിർബന്ധമുണ്ടായിരുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത രീതിയിൽ തന്നെയടക്കം ചെയ്യാൻ വന്ന കാരണവരോട്, എന്നെയുപദ്രവിക്കാൻ വരേണ്ടായെന്ന സൂചനയാണ് ആ രക്തഗന്ധമുള്ള കാറ്റിൽ മോഹൻ നൽകിയത്. അമ്മയെ തന്നിൽനിന്നകറ്റിയ ആ കാപാലികനായ പിതാവിനോട് പ്രതികാരം ചെയ്യാനോ, ലോകം മുഴുവൻ തന്റെ നീറുന്ന പകകൊണ്ടു ചുട്ടെരിക്കാനോ ഒന്നുമല്ല മോഹൻ എന്നെ തറവാട്ടിലേക്കെത്തിച്ചത്. അവിടെ, ആ മനസ്സിൽ സ്നേഹം മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. മോഹനെന്ന ആത്മാവ് എന്നിൽ പ്രവേശിക്കാതിരിക്കാൻ എന്റെ കൈകാലുകളിൽ കെട്ടിയിരുന്ന മന്ത്രച്ചരടുകളിൽ ഞാൻ സ്പർശിച്ചു. അമ്മയും മകനും തമ്മിലുള്ള ആ സ്നേഹത്തിൽ ഞാനെന്നെ മറന്നു.
Read also: മക്കളെ സ്കൂളിൽ വിടാൻ അയൽക്കാരി സഹായിച്ചില്ല, പരാതിയും പരിഭവവും; കാരണം കേട്ടപ്പോൾ വാദി പ്രതിയായി
കാരണവരുടെയും കുട്ടന്റേയും വാക്കിനു ചെവികൊടുക്കാതെ, ഞാനാ മന്ത്രച്ചരടുകൾ പൊട്ടിച്ചെറിഞ്ഞു. സ്നേഹത്തിന്റെ നനുത്ത തണുപ്പുസമ്മാനിച്ചുകൊണ്ട്, ഞാൻപോലുമറിയാതെ.. അവന്റെയമ്മ ഇന്നും ജീവിക്കുന്ന, ആ ഹൃദയമിടിപ്പുള്ള എന്റെ ശരീരം, ഒരമ്മയുടെ വാത്സല്യവും കരുതലും തേടി അവൻ സ്വന്തമാക്കിയപ്പോൾ, എനിക്കോ കുട്ടനോ, ആ പഴയ വീട്ടിലെ കാരണവരുടെ മന്ത്രശക്തിക്കോ തടയാൻ കഴിഞ്ഞില്ല. ഞാനൊട്ടു ശ്രമിച്ചുമില്ല. ശാന്തസ്വഭാവത്തോടെ മോഹനെന്ന ആത്മാവ്, എന്നെ നിയന്ത്രിക്കാതെ, അമ്മയെ വാരിപ്പുണർന്നുകൊണ്ട് എന്റെയുള്ളിൽ, അമ്മയുടെ മടിത്തട്ടിലെന്നപോലെ ഒതുങ്ങിക്കൂടി. നാടകീയമായ ഈ സംഭവവികാസങ്ങൾക്കിടയിൽ ബോധംമറഞ്ഞ ഞാൻ പിന്നീടെണീറ്റപ്പോൾ തൊട്ടറിഞ്ഞത് സ്നേഹമെന്ന അളവറ്റ വികാരത്തെയാണ്. മരണത്തിന്നിപ്പുറവും അമ്മയെത്തേടിവന്ന മകന് എന്റെ ശരീരമല്ല, എന്റെ ജീവൻ നൽകാനും തയാറായിരുന്നു ഞാൻ. ഇനിയൊരു ശക്തിക്കും ആ സ്നേഹത്തെ വിട്ടുകൊടുക്കാനോ, പിരിക്കാനോ ഞാനൊരുക്കമല്ല.. കാരണം, ഇന്നുമെന്റെ കൂടെയുള്ള എന്റെയമ്മയും, ചങ്ങാതിയായ ബാലനും എന്നെ പഠിപ്പിച്ചത് സ്നേഹം മാത്രമാണ്. പതിയെ പതിയെ.. ഞാൻ മോഹനിലേക്ക് നടന്നടുത്തു. ആ വഴികൾ എനിക്ക് കൂട്ടായി അവന്റെ കൈകളുണ്ടായിരുന്നു.. ഇന്ന്, ഞാനീയനുഭവിച്ചതെല്ലാം ഈ എഴുത്തിലൂടെ നിങ്ങളോട് പങ്കുവെക്കുമ്പോൾ, ഞാനാരാണെന്നോ, എന്റെ പേരെന്താണെന്നോ നിങ്ങൾ ചോദിക്കരുത്... കാരണം, ആ ചോദ്യമിന്ന് അപ്രസക്തമാണ്... ഞാൻ മോഹൻ!!
Content Summary: Malayalam Short Story ' Palliyarakkal Tharavadu ' Written by Sarath P. S.