അമ്മയുടെ നരകജീവിതം അവസാനിപ്പിക്കാനായി ചെയ്തത്, ലഭിച്ചത് ജയിൽ ജീവിതം
പിറ്റേന്നോ മറ്റോ എത്തിച്ചേര്‍ന്ന അയല്‍ക്കാര്‍ ഏര്‍പ്പാടാക്കിയ നിയമപാലകസംഘം ജീവനില്ലാത്ത അമ്മയെയും ബോധംപോയ എന്നെയും കണ്ടെടുത്തു. ജീവന്‍ രക്ഷോപാധികള്‍ വേര്‍പ്പെടുത്തി അമ്മയെ കൊന്ന കുറ്റത്തിന് എന്നെ അറസ്റ്റുചെയ്യാന്‍ അവര്‍ വൈകിയില്ല. വീടും വിശിഷ്യാ ആ മുറിയും അങ്ങനെത്തന്നെ തെളിവായി പരിഗണിക്കപ്പെട്ടു.
പിറ്റേന്നോ മറ്റോ എത്തിച്ചേര്‍ന്ന അയല്‍ക്കാര്‍ ഏര്‍പ്പാടാക്കിയ നിയമപാലകസംഘം ജീവനില്ലാത്ത അമ്മയെയും ബോധംപോയ എന്നെയും കണ്ടെടുത്തു. ജീവന്‍ രക്ഷോപാധികള്‍ വേര്‍പ്പെടുത്തി അമ്മയെ കൊന്ന കുറ്റത്തിന് എന്നെ അറസ്റ്റുചെയ്യാന്‍ അവര്‍ വൈകിയില്ല. വീടും വിശിഷ്യാ ആ മുറിയും അങ്ങനെത്തന്നെ തെളിവായി പരിഗണിക്കപ്പെട്ടു.
പിറ്റേന്നോ മറ്റോ എത്തിച്ചേര്‍ന്ന അയല്‍ക്കാര്‍ ഏര്‍പ്പാടാക്കിയ നിയമപാലകസംഘം ജീവനില്ലാത്ത അമ്മയെയും ബോധംപോയ എന്നെയും കണ്ടെടുത്തു. ജീവന്‍ രക്ഷോപാധികള്‍ വേര്‍പ്പെടുത്തി അമ്മയെ കൊന്ന കുറ്റത്തിന് എന്നെ അറസ്റ്റുചെയ്യാന്‍ അവര്‍ വൈകിയില്ല. വീടും വിശിഷ്യാ ആ മുറിയും അങ്ങനെത്തന്നെ തെളിവായി പരിഗണിക്കപ്പെട്ടു.
സ്വയം ചീയുന്ന ഗന്ധവും വേദനയും സഹിച്ചുമടുത്ത അമ്മ, അതിന്‍റെ പാരമ്യത്തില്‍ എന്റെ തലയിലേക്ക് കൈനിരക്കി ഇങ്ങനെ ഞരങ്ങി. "നിറുത്താം" കട്ടിലിന്‍റെ വിളുമ്പില്‍ നെറ്റി മുട്ടിച്ച് മന്ദിച്ചിരുന്ന ഞാന്‍ ഞെട്ടിയെഴുന്നേറ്റ് അന്ധാളിച്ചു. എന്നിലേക്ക് ചെരിഞ്ഞുകിടന്ന ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എല്ലാം ബോധ്യമായി. എത്രയെത്ര കൊല്ലങ്ങള്‍! താഴാന്‍വേണ്ടി വെമ്പുന്ന നഗ്നവും ശുഷ്ക്കിച്ചതുമായ ആ നെഞ്ചിന്‍കൂട് ഉയര്‍ന്നുകൊണ്ടിരുന്നു. വാക്കുകള്‍ അപ്രസക്തങ്ങളായിരുന്നതിനാൽ ഉടനെതന്നെ ഞാന്‍ കൃത്യോത്സുകനായി. വര്‍ഷങ്ങളാൽ ഉള്ളിലേക്ക് ചൂഴ്ന്ന ദുരിതയൂഥം മറ്റൊരു രൂപത്തിലേക്ക് അഴിഞ്ഞുപിരിയാൻ അധിക സമയമെടുക്കില്ലെന്നത് ഉറപ്പായിരുന്നു. അമ്മ എനിക്കായി ബാക്കിവയ്ക്കുക, എന്നേ മറഞ്ഞ താരാട്ടിന്‍റെ ഈണമല്ല; മറിച്ച്, ഒഴിഞ്ഞുപോകാൻ മടിച്ച് ചുറ്റും നിരന്തരം ചുരത്തുന്ന ദുര്‍ഗന്ധമായി അവർ പടരുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഖേദിച്ചു. ഈ മുറിയില്‍നിന്നും മാഞ്ഞാലും മുഖമില്ലാത്ത ഗന്ധസ്വപ്നമായി ഉറക്കത്തില്‍ എന്നെ ബോധം കെടുത്താൻ വരാതിരിക്കില്ലല്ലോ എന്നോർത്തും.
ജനല്‍പ്പാളികള്‍ തള്ളിത്തുറന്ന് തുറിച്ചുനോക്കി നില്‍ക്കുമ്പോള്‍ കണ്ണീരിന്‍റെ കാണാക്കാഴ്ചയില്‍ മുറ്റത്തെ ചരല്‍ വലുതായും തിളങ്ങുന്നതായും കാണപ്പെട്ടു. നാരകത്തിനപ്പുറത്തെ മാവിന്റെ ഇലകളും അധോമുഖികളായിരുന്നു. പിന്‍കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പ് നട്ടെല്ലിനെ വിറപ്പിച്ചു. കഴിഞ്ഞു.! അതുവരെ ശ്വസിച്ചിരുന്ന അമ്മയെന്ന ഏങ്കോണിച്ച രൂപം കണ്ണുന്തിയും ചുണ്ടുകള്‍ വിടര്‍ന്നും വിലക്ഷണപടുതിയില്‍ നിശ്ചലമായി. ഇനി ആവശ്യമില്ലെങ്കിലും വായുവും വെളിച്ചവും അവര്‍ക്കുമീതെ കടന്നുപോകണമെന്നാഗ്രഹിച്ച് എല്ലാ ജാലകങ്ങളും വാതിലുകളും തുറന്നിട്ട് ഞാൻ കിതച്ചു. ശേഷം, ആ കാലുകൾക്കിടയിലേക്ക് മറിഞ്ഞുവീണു. പിറ്റേന്നോ മറ്റോ എത്തിച്ചേര്‍ന്ന അയല്‍ക്കാര്‍ ഏര്‍പ്പാടാക്കിയ നിയമപാലകസംഘം ജീവനില്ലാത്ത അമ്മയെയും ബോധംപോയ എന്നെയും കണ്ടെടുത്തു. ജീവന്‍ രക്ഷോപാധികള്‍ വേര്‍പ്പെടുത്തി അമ്മയെ കൊന്ന കുറ്റത്തിന് എന്നെ അറസ്റ്റുചെയ്യാന്‍ അവര്‍ വൈകിയില്ല. വീടും വിശിഷ്യാ ആ മുറിയും അങ്ങനെത്തന്നെ തെളിവായി പരിഗണിക്കപ്പെട്ടു.
ആഹാ! തടവറയിലെ കാലം അഥവാ ഉദയാസ്തമയങ്ങള്‍ ദീര്‍ഘവും നിഷ്ഫലവുമാണ്. അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അത് ഞാന്‍ അറിയുമായിരുന്നില്ല. അവരുണ്ടായിരുന്നെങ്കില്‍ ഞാനിവിടെ എത്തുമായിരുന്നുമില്ല. ഇപ്പോള്‍, പ്രായം കടിച്ചുതൂങ്ങി വലിഞ്ഞഴിഞ്ഞ തൊലിയുമായി ഭക്ഷണത്തിന് നാവ് നീട്ടിയിരിക്കുമ്പോള്‍ ആകെ ചെയ്യാനുള്ളത് ഓര്‍മ്മകളില്‍ മുങ്ങിത്താഴുക എന്നത് മാത്രമാണ്. അതാണെങ്കില്‍ എന്നേ, തെളിനീര്‍ വറ്റിപ്പോയ ചെളിക്കുണ്ടായി മാറിയിരിക്കുന്നു. പെട്ടെന്നൊരു ദിവസം തളര്‍ന്നുവീണ അമ്മയെ മാസങ്ങള്‍ക്കുശേഷം വീട്ടിലേക്ക് മടക്കുമ്പോള്‍ ഇനി, കരുതലോടെയുള്ള ശുശ്രൂഷമാത്രം മതിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എനിക്കും അവള്‍ക്കും (അന്നത്തെ ഭാര്യ) ഒരുപക്ഷേ അമ്മയ്ക്കും അന്നത് ആശ്വാസം പകര്‍ന്നു. എന്നാല്‍, വരാനിരുന്ന വര്‍ഷങ്ങളിലേക്കായിരുന്നു ഞങ്ങളുടെ ജീവിതത്തിന്‍റെ യഥാര്‍ഥ സത്ത സമാഹരിക്കപ്പെടാനിരുന്നത്. ഒരു സഹായിയെ നിറുത്താമെന്നും നമ്മുടെ സ്വാഭാവികജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നും പലവട്ടം അവള്‍ എന്നോട് പറഞ്ഞു. പക്ഷെ അമ്മയെ പാര്‍ശ്വവത്ക്കരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. കാരണം, ഈ നരകം കാണാന്‍ ഞാന്‍ പുറപ്പെട്ടത് അവരുടെ ഇടുപ്പ് പിളര്‍ന്നായിരുന്നു. ആ മാറില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന പരാദമായിരുന്നു ഞാന്‍. അതിനാല്‍, അവളുടെ ന്യായമായ വാദങ്ങളും നനഞ്ഞ ചുണ്ടുകളും കൊഴിഞ്ഞ ചെമ്പകങ്ങളോടൊപ്പം മറക്കാന്‍ എളുപ്പം കഴിഞ്ഞു.
ആ ദേഹത്തുനിന്നൊലിച്ചുപരന്ന വിവിധ വിസര്‍ജ്ജ്യങ്ങള്‍ എന്നില്‍ അറപ്പുണ്ടാക്കിയില്ല. ഭയപ്പെടുത്തിയില്ല. എല്ലാ സ്നേഹാദരവുകളോടെയും മലവും മൂത്രവും കഫവും ചലവും ഗന്ധവും എല്ലാമടങ്ങിയ വിഴുപ്പുതുണികളും കൈകാര്യം ചെയ്ത ഞാന്‍ അവരെ കുളിപ്പിച്ചും തുടച്ചും ഊട്ടിയും കഴിഞ്ഞുകൂടി. ഒരു ചടങ്ങ് എന്ന നിലയിലായിത്തീര്‍ന്നെങ്കിലും മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു. സത്യത്തില്‍ വേദനാസംഹാരികള്‍ മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. അതാണെങ്കില്‍, വേദനയെയല്ല അമ്മയെയാണ് കൊന്നുകൊണ്ടിരുന്നത്. കോരിക്കൊടുത്ത കഞ്ഞി (രുചി നഷ്ടപ്പെട്ടതിനാല്‍) എന്‍റെ മുഖത്തേക്ക് തുപ്പുമ്പോള്‍ ചലനശേഷി വീണ്ടെടുക്കുന്നതിന്‍റെ ശുഭലക്ഷണമായികരുതി ഞാന്‍ ആഹ്ലാദിച്ചു. എന്നിലും പ്രത്യാശ നിലനില്‍ക്കുന്നു എന്ന ഗുണചിന്തക്കും അത് ഉപകരിച്ചു. ഏതിനുമിടയിലും സ്വാഭാവികം എന്ന ഒന്നുണ്ടല്ലോ. സഹാനുഭൂതിയോടെ മൂന്നാലു കൊല്ലം സഹധര്‍മ്മിണിയായി വര്‍ത്തിച്ചതിനുശേഷം അവള്‍ ഒരു ദിവസം (സഹനത്തിന്‍റെ പരിസമാപ്തി) തീരുമാനം പറഞ്ഞു. കാലം കടന്നുപോകുന്നതും സ്വത്തുവകകള്‍ ഊര്‍ന്നുപോയതും ഓര്‍മ്മിക്കാന്‍ അതൊരു നിമിത്തമായി. അമ്മയുടെ ദുര്‍ഗന്ധം മുറിയും വീടും കടന്ന് മുറ്റത്തേക്കും പടര്‍ന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.
അനുകമ്പയോടെ യാത്ര പറഞ്ഞു പരസ്പരം കൈ വീശുമ്പോള്‍ നിഷ്ഫലമായ യൗവ്വനത്തേയും പറ്റിപ്പോയ അബദ്ധശ്രേണിയെയും കുറിച്ചോര്‍ത്താവണം അവള്‍ നിലവിളിക്കുന്നത് ഞാന്‍ കണ്ടു. ആ മുഖം പടികടന്ന് മറഞ്ഞതോടെ ബോധം വെറും വേദനമാത്രമായി മാറിയിരുന്ന അമ്മയ്ക്കരികിലിലേക്ക് ഞാന്‍ തിരിച്ചുപോയി. തുടയ്ക്കാന്‍ തിരിച്ചു കിടത്തുമ്പോള്‍ ചെതുമ്പലായ് പൊഴിയുന്ന തൊലിയും വ്രണങ്ങളുടെ മാളങ്ങളില്‍ നിന്നൊലിക്കുന്ന ചലവും ഞെരക്കവും പുഴുക്കളും മറ്റെല്ലാം മറക്കാന്‍ എന്നെ പ്രാപ്തനാക്കി. അങ്ങനെ ഇഴഞ്ഞുനീങ്ങിയ വര്‍ഷങ്ങൾ, അമ്മയുടെ തൊട്ട് ഇളയ സഹോദരന്‍ എന്നു തോന്നുമാറ് എന്‍റെ രൂപത്തെ മാറ്റിയെടുത്തു. നടത്തത്തിന്റെ വേഗവും പൊക്കാവുന്ന ഭാരവും കുറഞ്ഞു. ഒടുവില്‍, കട്ടിലിന്‍റെ വിളുമ്പില്‍ വെളുത്ത തലമുട്ടിച്ച് തോറ്റിരിക്കുന്ന എന്നോട് അമ്മ അന്ത്യശ്വാസം ഇങ്ങനെ ഉച്ച്വസിച്ചു. "മതി, നിറുത്താം." അതിനേക്കാള്‍ നല്ലതായി മറ്റൊന്നും ചെയ്യാനില്ലെന്ന് രണ്ടുപേര്‍ക്കും ഒരുപോലെ ബോധ്യമായ നിമിഷമായിരുന്നു അത്. ആടിയെഴുന്നേറ്റ ഞാന്‍ എല്ലാ ട്യൂബുകളും ക്യാനുലകളും പറിച്ചെടുത്തു. ഓക്സിജന്‍ സിലിണ്ടര്‍ ചവുട്ടിമറിച്ചു. പഞ്ഞിയും നാടകളും മുറി മുഴുവനും പറത്തി. ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി നിന്നു. ശിശിരസംക്രമത്തിന്‍റെ അപരാഹ്നം വിരസവും നിശബ്ദവുമായിരുന്നു. പതുക്കെ പരന്നുവന്ന ഇരുട്ടിലേക്ക് എന്നേക്കുമായി അമ്മയും താല്‍ക്കാലികമായി ഞാനും മരിച്ചു.
അങ്ങനെ, ഇന്ന് വളരെ സന്തോഷമുള്ള ദിവസമാണ്. കൂടുതൽ സുരക്ഷയുള്ള സെല്ലിലേക്ക് നടക്കുമ്പോൾ കാണാവുന്ന ആകാശം പ്രകാശഭരിതമാണ്. കിളികൾ പറക്കുന്നു. എത്രയും പെട്ടെന്ന് മരിക്കാനുള്ള അനുമതിക്കായി അനേകം അപേക്ഷകൾ ഞാൻ ഇക്കാലംകൊണ്ട് അയച്ചിരുന്നെങ്കിലും മറുപടിയൊന്നും ഉണ്ടായിട്ടില്ല. ഇന്നിതാ, യാതൊരു ദയയ്ക്കും അർഹനല്ലാത്ത എന്റെ വധശിക്ഷ ആത്യന്തികമായി ന്യായപീഠം തീർപ്പാക്കിയിരിക്കുന്നു. മാനുഷികതയിലും നീതിന്യായവ്യവസ്ഥയിലുമുള്ള അചഞ്ചലമായ വിശ്വാസത്തോടെ ഇന്നെനിക്ക് കാലങ്ങൾക്ക് ശേഷം നന്നായൊന്ന് ഉറങ്ങണം.
Content Summary: Malayalam Short Story ' Dayavadhasiksha ' Written by Ajayan Valiyapurakkal