ADVERTISEMENT

ഒരു ശരാശരി മലയാളിയുടെ വീട്ടിൽ പരിചിതമാണ് മേൽ പറയുന്ന 'എടി' വിളികൾ. രാവിലത്തെ ചായ മുതൽ വൈകിട്ടത്തെ അത്താഴം വരെ കൂടെപ്പിറപ്പായി സമയോചിതമായി ഒരുവന്റെ ഉള്ളിൽ ഉൽഭവിക്കുന്ന ശബ്ദ ഊർജ്ജം. വിളിക്കുന്നവർക്കും കേൾക്കുന്നവർക്കും പരിചിതമായി പോയ അഭിസംബോധനകളാണ് പലതും. മറുവശത്തെ ചോദ്യം ഇതായിരിക്കാം, ഇതൊക്കെ ഒരു പ്രശ്നമാണോ? ഇതൊക്കെ രണ്ടുപേരുടെ ഇടയിലെ ബന്ധത്തിൽ നിന്നുണ്ടാകുന്ന ടോണുകളും വിളികളും അല്ലേ? എടി വിളി മാറ്റിയാൽ പ്രശ്നം കഴിയുമോ?

നമ്മുടെ കുടുംബങ്ങളിലും അതിനെ ചുറ്റിപറ്റി നിൽക്കുന്ന പല സാഹചര്യങ്ങളിലെയും ലിംഗ രാഷ്ട്രീയത്തെ വ്യക്തമായി വരച്ചിടുകയാണ് ഇത്തരം വിളികളും അതിലൂടെ അഭിസംബോധന ചെയ്യപ്പെടുന്ന പലതരം ജോലികളും. 'എടി'-കളിൽ സ്വന്തം സ്വത്വം നഷ്ടപെടുന്നവരും, അതിലൂടെ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളും ഏറെയാണ്. ചുറ്റുപാടുമുള്ള ഒരു ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതേയുള്ളു വീട്ടിലെ എടികളായി മരിച്ചവരും ജീവിച്ചവരും ജീവിച്ചുകൊണ്ടിരിക്കുന്നതുമായ എത്രയോ പേരാണ് ഉള്ളതെന്ന്. ഇന്നത്തെ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾ മുതൽ നാളെ രാവിലെ എന്തുണ്ടാക്കണം എന്നതുവരെ എടികളിലെ മാത്രം വല്യ ചിന്തയായി മാറുന്നതും സ്വാഭാവികം മാത്രമാണ്. പുരുഷാധിപത്യത്തിന്റെ സർവ ശക്തിയും എടുത്തുകൊണ്ട് ഒരു എടി.., അത് നിർബന്ധമായിരിക്കുന്നു. ഒരു അച്ഛനിൽ നിന്ന് മകനിലേക്കും പിന്നീട് പടർന്നു പന്തലിച്ചുകിടക്കുന്ന ഒരു വലിയ ആൺകൂട്ടത്തിന്റെ നിയന്ത്രണ ശബ്ദമായി ഇത് മാറുകയാണ്. 

ഇനി രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെയും സ്നേഹത്തിന്റെയും ഇടയിൽ വാർത്തെടുക്കുന്ന എടി വിളികളെ കുറിച്ചാണെങ്കിലോ. ഓരോ വിളികൾക്കും ‘എന്തോ’, എന്ന് കേട്ടുകൊണ്ട്, അവിടെയൊക്കെ ഓടി എത്തികൊണ്ട്, താമസിച്ചാൽ അത് തന്റെ സ്വന്തം തെറ്റാണെന്ന് പറഞ്ഞ്, നാളെ ഇങ്ങനെ ഉണ്ടാവരുത് എന്ന് ആവർത്തിച്ച് പഠിക്കുന്ന ഒരു കൂട്ടം ഇവിടെ ശ്രദ്ധ അർഹിക്കുന്നുണ്ട്. എടി എന്ന് വിളിച്ചാൽ എന്താ?, ഒന്ന് വഴക്ക് പറഞ്ഞാൽ എന്താ?. ഇനി പോട്ടെ, ഒരു ചെറിയ അടി തന്നാൽ എന്താ? മറ്റുള്ളവരുടെ മുന്നിൽ പരിഹസിച്ചാൽ എന്താ?, കുടുംബം നോക്കുന്നില്ലേ, കുട്ടികൾക്കും എനിക്കും അന്വേഷിച്ചു തരുന്നില്ലേ. അതെ, ഈ ന്യായങ്ങൾക്കുമുന്നിൽ, നമ്മുടെ പ്രശ്ന ചിത്രമായ 'എടി'ക്ക് ഒക്കെ എന്ത്‌ പ്രാധാന്യം. "രാവിലെ അഞ്ചു മണിക്ക് ഞാൻ എഴുന്നേറ്റത് ആണ്. ചോറു വെച്ചു, കറികൾ ഉണ്ടാക്കി, രാവിലത്തെ ഭക്ഷണം ഉണ്ടാക്കി, കുട്ടികൾക്ക് സ്കൂളിൽ പോകാൻ എല്ലാം തയാറാക്കി, എന്നിട്ടാണ് ജോലിക്ക് ഇറങ്ങുന്നത്. ജോലി കഴിഞ്ഞിട്ട് ചെന്നിട്ട് വേണം ബാക്കി പണികൾ ചെയ്യാൻ.." എന്താ കാര്യം, ഇവർ എന്താ ഇതൊക്കെ ചെയ്യുന്നേ? അറിയില്ലേ, ഇവർ എടികളാണ്. 

കുടുംബങ്ങളിൽ വ്യക്തി ജീവിതത്തിൽ, എടികളും അവരുടെ അവധിയില്ലാത്ത ജോലികളും എത്ര ആഴമായിട്ടാണ് സ്ത്രീകളെ ചുറ്റിപറ്റി കിടക്കുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും അവർക്ക് ശമ്പളമുള്ള നല്ലൊരു ജോലി ലഭിക്കാനുമൊക്കെ കാണിക്കുന്ന അമിതാവേശം ഒക്കെ എവിടെയൊക്കെ പരിമിതിപ്പെട്ടു കിടക്കുകയാണ്. സാക്ഷരതയിലും ലിംഗ സൂചികയിലും മറ്റു സംസ്ഥാനങ്ങളെകാട്ടിലും മുൻപന്തിയിൽ നിൽക്കുന്ന കേരള ജന സമൂഹത്തിന്റെ സ്ത്രീ സ്വാതന്ത്ര്യ ചിന്തകൾ അപൂർണമല്ലേ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടാവുന്നതാണ്. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടോ, ഉന്നത വിദ്യാഭ്യാസം കൊണ്ടോ സമൂഹത്തിൽ ആഴ്ന്നിറങ്ങപ്പെട്ടിട്ടുള്ള ഈ അധികാര സംബോധനകളെ തകർക്കാൻ സാധിക്കുമോ എന്ന് ഒന്ന് കൂടി ചിന്തിക്കേണ്ടി വരും. എത്ര കനമുള്ള ജോലി ഉണ്ടേലും ഭാര്യ ആണേൽ, അമ്മ ആണേൽ ഇത്തരത്തിലുള്ള എടി വിളികളും അതിനോടു ചേർന്നു വരുന്ന പണികളും ചെയ്തു പൊരുത്തപ്പെട്ടു പോയ ഒരു പഴയ തലമുറയുടെ പ്രലോഭനം ഒരു വലിയ പെൺ കൂട്ടത്തെ ഇന്നും ഇവിടെ വിഴുങ്ങുന്നുണ്ട്. 

ജോലിക്കു പോകേണ്ട ഭാര്യ കാലത്തെഴുന്നേറ്റു ചോറും കറിയും ഉണ്ടാക്കുമ്പോൾ, കിടന്ന് ഉറങ്ങുന്ന ഭർത്താക്കന്മാർ ഇവിടെ ഒരു ഭൂരിപക്ഷം ഉണ്ടാകുന്നുണ്ട്. നന്നായി പഠിക്കണമെന്നും നല്ല ജോലി മേടിക്കണം എന്നും പറയുന്ന അച്ഛനമ്മമാർ, അതെ സമയം തന്നെ അവരെ നല്ല ഭാര്യമാരാക്കാനും അമ്മമാരാക്കാനും വീട്ടു ജോലികൾ ചെയ്യാനും ഉള്ള സാമൂഹ്യവത്ക്കരണം നൽകുന്നുമുണ്ട്. കാരണം അവർക്കും അതാണ് പരിചയം. അവരുടെ വീട്ടിലും 'അമ്മ' ആണ് പാത്രം കഴുകിയിരുന്നത്, ചോറുണ്ടാക്കിയിരുന്നത്, തുണി അലക്കിയിരുന്നത്. 'അമ്മ' ഇതൊന്നും ചെയ്തില്ലേൽ ആരും ചെയ്യില്ലാ. അതെ, എടി വിളികൾ ഇനി എത്ര മാത്രം മധുരിക്കുന്നതാണേലും ചെന്നെത്തുന്നത് അതി ഗൂഢമായ ഒരു പീഡനത്തിലേക്കാണ്. എടി വിളികളോടൊപ്പം, എന്തുകൊണ്ട് സ്ത്രീകൾ മാത്രം ഈ ജോലികൾ ചെയ്യുന്നു എന്നു കൂടി ചിന്തിച്ചാലേ ഗുണപരമായ മാറ്റങ്ങൾ ഇവിടെ ഉണ്ടാവുകയുള്ളു. എടി എന്ന് സംബോധനപ്പെടുമ്പോൾ, ആ അധികാരത്തിനു മുന്നിൽ വിനയപ്പെടുമ്പോൾ, വീണ്ടും വീണ്ടും വാഷ് ബേസിനിൽ കൂടികിടക്കുന്ന അഴുക്ക് വെള്ളം കുത്തി ഇറക്കുമ്പോൾ, ഇതൊക്കെ എന്തുകൊണ്ട് വർഷങ്ങളായി ഞാൻ മാത്രം ചെയ്യുന്നു എന്ന് ഈ പെൺ കൂട്ടങ്ങളും ചിന്തിക്കണം. ഇതൊക്കെ പ്രശ്നങ്ങളാണ്. അതീവ ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങൾ. ഈ ബോധ്യത്തോടെ മാത്രമേ ഒരു ചോദ്യം കൂടെ നമുക്ക് ചിന്തിക്കാനാകൂ: അതെ, ഇനി എത്ര എടി വിളികൾ ബാക്കി?

Content Summary: Malayalam Article Written by Anjana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com