കല്യാണങ്ങൾ പോലുള്ള വിശേഷങ്ങളിൽ അവളെ അയാൾ കൂടെ കൊണ്ട് നടക്കും. ഒത്തിരുന്ന് കഴിക്കും. എല്ലാവരും പറഞ്ഞു പാർവതി എന്ത് ഭാഗ്യവതിയാണ്. ഭർത്താവ് അവളെ കൈ വെള്ളയിൽ അല്ലെ കൊണ്ട് നടക്കുന്നത്. അതേ സമയം പരിചയക്കാരോട് സംസാരിച്ചതിന് അവളുടെ കൈ നുള്ളി മുറിച്ച് വേദന കടിച്ചമർത്തിയായിരിക്കും അവൾ ഇരിക്കുന്നത്

കല്യാണങ്ങൾ പോലുള്ള വിശേഷങ്ങളിൽ അവളെ അയാൾ കൂടെ കൊണ്ട് നടക്കും. ഒത്തിരുന്ന് കഴിക്കും. എല്ലാവരും പറഞ്ഞു പാർവതി എന്ത് ഭാഗ്യവതിയാണ്. ഭർത്താവ് അവളെ കൈ വെള്ളയിൽ അല്ലെ കൊണ്ട് നടക്കുന്നത്. അതേ സമയം പരിചയക്കാരോട് സംസാരിച്ചതിന് അവളുടെ കൈ നുള്ളി മുറിച്ച് വേദന കടിച്ചമർത്തിയായിരിക്കും അവൾ ഇരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണങ്ങൾ പോലുള്ള വിശേഷങ്ങളിൽ അവളെ അയാൾ കൂടെ കൊണ്ട് നടക്കും. ഒത്തിരുന്ന് കഴിക്കും. എല്ലാവരും പറഞ്ഞു പാർവതി എന്ത് ഭാഗ്യവതിയാണ്. ഭർത്താവ് അവളെ കൈ വെള്ളയിൽ അല്ലെ കൊണ്ട് നടക്കുന്നത്. അതേ സമയം പരിചയക്കാരോട് സംസാരിച്ചതിന് അവളുടെ കൈ നുള്ളി മുറിച്ച് വേദന കടിച്ചമർത്തിയായിരിക്കും അവൾ ഇരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടിയിലെ കൊടും തണുപ്പുള്ള പ്രഭാതത്തിൽ റിസോർട്ടിലെ തന്റെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു. റിസോർട്ടിലെ റിസപ്ഷനിലെ പയ്യൻ അവിടെ ഇരുന്നു കൊണ്ട് അവളെ നോക്കി ചിരി തൂകി. മുകളിലുള്ള അവരുടെ ബാൽക്കണിയിൽ നിന്നാൽ താഴെ വശത്തുള്ള റിസപ്ഷൻ കാണാം. എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി കഴിഞ്ഞു. എന്താണ് ഇത്ര വല്യ ആലോചന ചോദിച്ചു കൊണ്ട് രവി അങ്ങോട്ട് വന്നു അവളെ ചുറ്റി പിടിച്ചു. അവൾ പെട്ടെന്ന് പിടഞ്ഞു മാറി. എന്നിട്ട് ജാള്യതയോടെ റിസപ്ഷനിൽ ഉള്ളവർ കണ്ടോന്ന് നോക്കി. അവരൊക്കെ അവരുടേതായ തിരക്കുകളിലായിരുന്നു. "എന്താ രവിയേട്ടാ ഈ വയസാം കാലത്ത്" അവൾ കള്ള ഗൗരവം നടിച്ചു ചോദിച്ചു. "പിന്നെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാൻ ഇനി പ്രായവും നോക്കണോ. അല്ലെടി പാറൂ ആർക്കാ ഇപ്പോൾ വയസായെ. ഒരേയൊരു മോളെ കെട്ടിച്ചു എന്നത് ശരി തന്നെ എന്നും പറഞ്ഞു എന്റെ പാറു ഇപ്പോഴും ചെറുപ്പം തന്നെയാ" "ഈ രവിയേട്ടന്റെ കാര്യം" അവൾക്ക് ചിരി വന്നു. "എന്തായാലും സ്വെറ്ററിട്ട് നിൽക്ക് നല്ല തണുപ്പല്ലെ അസുഖം വരുത്തി വയ്ക്കണ്ട" രവിശങ്കറിന്റെ ഫോൺ ബെല്ലടിച്ചു. അയാൾ "മോളായിരിക്കും" എന്ന് പറഞ്ഞ് കോൾ എടുത്തു. അത് ആത്മീയ ആയിരുന്നു അവരുടെ മകൾ. അച്ഛനും മോളും കൂടി സംസാരിക്കാൻ തുടങ്ങിയാൽ ഇപ്പോഴൊന്നും വയ്ക്കില്ലെന്നു പാർവതിക്കറിയാം. പാർവതിയുടെ കണ്ണുകൾ മുന്നിലുള്ള പണി തീരാത്ത കെട്ടിടത്തിനു മുന്നിൽ ഉടക്കി. അത്രയും ഭംഗിയുള്ള ആ റിസോർട്ടിന്റെ മുന്നിൽ ആ കെട്ടിടം അഭംഗിയായി തോന്നി. തിരിഞ്ഞു രവിയെ നോക്കിയപ്പോൾ മോളോട് കത്തി വെച്ചു കയറുന്നതേയുള്ളു. പാർവതിയുടെ അരികിൽ ചുവന്ന നിറത്തിലുള്ള പേരറിയാത്ത ഏതോ പക്ഷി വന്നിരുന്നു. പിന്നെ പറന്ന് തൊട്ടടുത്ത് മരച്ചില്ലയിലെ തന്റെ ഇണയുടെ അരുകിലേക്ക് പോയി. പാർവതി ഓർക്കുകയായിരുന്നു..

പാർവതിയുടെ ആദ്യ ഭർത്താവ് എല്ലാ കാര്യത്തിലും ഒരു മനോരോഗിയെ പോലെ ആയിരുന്നു. പാർവതി കാണാൻ മോശമല്ലാത്ത സൗന്ദര്യത്തിന് ഉടമയായിരുന്നു. അവളുടെ സൗന്ദര്യം കണ്ടാണ് ദിനേശൻ അവളെ വിവാഹം ചെയ്തത്. സൗദിയിൽ ആയിരുന്നു അയാൾക്ക് ജോലി. ദിനേശന് എല്ലാ കാര്യത്തിലും പാർവതിയെ സംശയമാണ്. മകൾ ആത്മീയ ജനിച്ച് ഏറെ താമസിയാതെ അയാൾ തന്റെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു. പെൺകുഞ്ഞായതിനാൽ ദിനേശന് മകളോട് ഇഷ്ടക്കേടുണ്ട്. അത് വരെ സ്വന്തം വീട്ടിൽ നിന്ന പാർവതിക്ക് ഇടയ്ക്ക് ലീവിന് വരുമ്പോൾ മാത്രം പേടിച്ചാൽ മതിയായിരുന്നു. നാട്ടിൽ സ്ഥിരമായതോടെ ഒന്നു തിരിയാനുള്ള സ്വാതന്ത്ര്യം പോലും അവൾക്കില്ലാതെയായി. സ്വന്തം വീട്ടുകാരോട് പോലും അയാൾക്കു അടുപ്പമില്ലായിരുന്നു. കൂട്ടിലടച്ച കിളിയെപ്പോലെ പാർവതി ജീവിച്ചു. അവൾക്ക് അച്ഛൻ മാത്രമേയുള്ളു. അമ്മ നേരത്തെ മരിച്ചു. പിന്നെ ഉള്ളത് ഒരു ചേച്ചിയാണ്. ചേച്ചിക്കാണ് കുടുംബ വീട്. അച്ഛൻ കൃഷിയും കാര്യങ്ങളുമായി ജീവിക്കുന്നു. രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതോടെ അച്ഛന് സാമ്പത്തിക ബാധ്യതയുണ്ട്. ചേച്ചിയുടെ ഭർത്താവിന് ഇലക്ട്രിസിറ്റി ബോർഡിലാണ് ജോലി. ചേച്ചിയും ഭർത്താവും അവരുടെ രണ്ട് മക്കളും അച്ഛന്റെ കൂടെയാണ് താമസം. അവളുടെ വീട്ടിൽ പോകണമെങ്കിൽ പോലും ദിനേശൻ  കൊണ്ടു പോകും. അവിടെ ചേച്ചിയുടെ ഭർത്താവിനോടൊ പരിചയക്കാരോടൊ സംസാരിച്ചാൽ മതി ചിരിച്ച മുഖത്തോടെ അവിടെ നിന്നിട്ട് വീട്ടിൽ വന്നു കയറിയതിനു ശേഷം തട്ടിക്കയറും. മിണ്ടാതിരുന്നാൽ ചിലപ്പോൾ നീ ആരെ ആലോചിച്ചു നടക്കുന്നെടീ എന്ന് പറഞ്ഞ് പച്ച ചീത്തവിളിക്കും. അല്ലെങ്കിൽ അവള് പ്രതികരിക്കാൻ വേണ്ടി മോളെ ചെറിയ എന്തെങ്കിലും കാരണം പറഞ്ഞ് ഉപദ്രവിക്കും. മോള് കരയുന്ന കാണുമ്പോൾ അവൾക്ക് സഹിക്കില്ല. അവളും തിരിച്ചെന്തെങ്കിലും പറയും. നല്ല വഴക്കാക്കുകയും അവളെ മുടിക്ക് കുത്തിപ്പിടിക്കുക, കഴുത്തിൽ മുറുക്കുക അങ്ങനെ പല ക്രൂരതകളും കാട്ടും. വല്ലാത്ത തരം മാനസിക വിഭ്രാന്തി പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം പലപ്പോഴും. 

ADVERTISEMENT

കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ഹോസ്പിറ്റലിൽ കിടന്ന ദിവസങ്ങളിൽ അവൾ നരകയാതന അനുഭവിച്ചു. അവൾ റൂമിന് പുറത്ത് നോക്കി നിന്ന സമയത്ത് പഠിപ്പിച്ച സാറിനെ കണ്ടു. ആളിന്റെ അമ്മ സുഖമില്ലാതെ കിടക്കുന്നു. അവളെ കണ്ട സാർ ഓടി വന്നു പരിചയം പുതുക്കി. അവൾക്കാണെങ്കിൽ പേടിച്ചിട്ട് മിണ്ടാനും വയ്യ. ദിനേശൻ ചായ വാങ്ങാൻ പോയിട്ട് കയറി വരുമെന്ന് അവൾക്കറിയാം. സാർ ആണേൽ പോകുന്നുമില്ല. കുഞ്ഞിനെ കയറി കാണാൻ നോക്കുന്നു. പാർവതി നിന്നു ഉരുകി. ആ സമയത്ത് ദിനേശൻ എത്തുകയും ചെയ്തു. അയാളെ കണ്ട സാർ കൈ കൊടുത്തു കൊണ്ട് സ്വയം പരിചയപ്പെട്ടു. ദിനേശനും ചിരിച്ച് കൈ കൊടുത്തു. സാർ മോളെ കയറി കണ്ടിട്ട് ഇറങ്ങി. പോയതിനുശേഷം ദിനേശന്റെ ഭാവം മാറി. കണ്ടാൽ ഭയന്നു പോകുന്ന മുഖത്തോടെ അയാൾ അവളെ നോക്കി. എന്നിട്ട് മോള് കിടക്കുന്ന കട്ടിലിൽ കയറി ഇരുന്നു. സൂക്ഷം ആ സമയത്ത് മോള് കുടിക്കാൻ കൊടുത്തിക്കുന്ന വെള്ളം കട്ടിലിൽ തട്ടിയൊഴിച്ചു. ദിനേശൻ കയറി ഇരുന്നത് അതിൽ ആയിരുന്നു അയാളുടെ ഡ്രസ്സ് നനഞ്ഞു. അയാളിൽ അമർത്തി വെച്ചിരുന്ന ദേഷ്യം പുറത്ത് ചാടി. മോളെ നുള്ളി മുറിച്ചു. മോൾ കരയാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും അതാവർത്തിക്കാൻ ശ്രമിച്ചു. പാർവതി കുഞ്ഞിനെ കോരി എടുത്ത് ഓടി ബാത്റൂമിൽ കയറി കതകടച്ചു. രാത്രി നഴ്സ് മോൾക്ക് ഇഞ്ചക്ഷൻ എടുക്കാൻ വരുന്നത് വരെ സുഖമില്ലാത്ത മൂന്ന് വയസുകാരി കുഞ്ഞിനെയും ചേർത്ത് പിടിച്ചവൾ നിന്നു. ഓരോ ദിവസവും തീ തിന്നവൾ ജീവിച്ചു. വയ്യാത്ത കുഞ്ഞിന്റെ മുന്നിൽ ഇരുന്ന് മോൾക്ക് കഴിച്ചു കൂടാത്ത ഓറഞ്ച്, മുന്തിരി അങ്ങനെയുള്ളവ കഴിക്കുന്നതും, കുഞ്ഞ് കൊതിയോടെ നോക്കിയിരിക്കുന്നതും അയാൾക്ക് എന്തെന്നില്ലാത്ത നിർവൃതി ആയിരുന്നു. മോള് ചെറുതും വലുതുമായ എന്ത് കുസൃതി കാട്ടിയാലും അയാൾ കുഞ്ഞിനെ ശിക്ഷിക്കുമായിരുന്നു. അത് പോലെ തന്നെ പാർവതിയെയും. ഒരിക്കൽ റോഡ് മുറിച്ച് കടക്കാൻ ദിനേശൻ അവളുടെ കൈയ്യിൽ പിടിച്ചു. വേറെന്തോ കാര്യത്തിനുള്ള ദേഷ്യം അയാളിൽ ഉണ്ടായിരുന്നു. റോഡിന്റെ അപ്പുറത്തെ സൈഡ് എത്തിയപ്പോഴേക്കും പാർവതി വേദനയാൽ പിടഞ്ഞു. നോക്കിയപ്പോൾ അവളുടെ മോതിരമിട്ട വിരലുകൾ ദിനേശൻ അത്രയും ശക്തിയാൽ അമർത്തിപിടിച്ചിരുന്നു. 

കല്യാണങ്ങൾ പോലുള്ള വിശേഷങ്ങളിൽ അവളെ അയാൾ കൂടെ കൊണ്ട് നടക്കും. ഒത്തിരുന്ന് കഴിക്കും. എല്ലാവരും പറഞ്ഞു പാർവതി എന്ത് ഭാഗ്യവതിയാണ്. ഭർത്താവ് അവളെ കൈ വെള്ളയിൽ അല്ലെ കൊണ്ട് നടക്കുന്നത്. അതേ സമയം പരിചയക്കാരോട് സംസാരിച്ചതിന് അവളുടെ കൈ നുള്ളി മുറിച്ച് വേദന കടിച്ചമർത്തിയായിരിക്കും അവൾ ഇരിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായ തന്റെ വീട്ടിൽ അച്ഛന് ബാധ്യത ആകണ്ടെന്ന് കരുതി അവൾ എല്ലാം സഹിച്ചു. ഒന്നും ആരെയും അറിയിച്ചില്ല. കല്യാണം കഴിഞ്ഞതോടെ തുടർന്ന് പഠിക്കാനും കഴിഞ്ഞില്ല. ഡിഗ്രി ഫൈനൽ ഇയർ എക്സാം കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. ക്രൂരതകൾ കൂടി കൂടി വന്നു. അതിനിടയിൽ നാട്ടിൽ ജോലിക്കൊന്നും പോകാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ആത്മീയ സ്കൂളിൽ പോയി തുടങ്ങിയിരുന്നു. ആയിടക്കാണ് വീടിന് തൊട്ടടുത്ത് പണയ വായ്പയൊക്കെ കൊടുക്കുന്ന ബാങ്ക് വന്നത്. പാർവതിക്ക് ജോലി കൊടുക്കാന്ന് മാനേജർ പറഞ്ഞു. മാനേജർ ഗവൺമെന്റ് ജോലിയിൽ പെൻഷൻ ആയതിനുശേഷം ആ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറിയതാണ്. ദിനേശന്റെ കുടുംബവീടിനടുത്താണ് മാനേജരുടെ വീട്. മാനേജർ ദിനേശന്റെ പരിചയക്കാരനും വയസായ ആളും ആയത് കൊണ്ടും, ഓഫിസ് വീട്ടിലിരുന്നാൽ കാണാവുന്ന ദൂരത്ത് ആയതിനാലും, പണത്തിന്റെ ബുദ്ധിമുട്ട് ഉള്ളതിനാലും പാർവതിയെ ദിനേശൻ ജോലിക്ക് അയച്ചു. രാവിലെയും വൈകുന്നേരവും അവൾ വരുന്നതും പോകുന്നതും നോക്കി അയാൾ വീടിന് പുറത്തിരിക്കും. എന്നാലും പാർവതിക്ക് അത് വല്യ ഒരു ആശ്വാസമായിരുന്നു. പാർവതിയെയും മാനേജരെയും കൂടാതെ രണ്ട് ലേഡി സ്റ്റാഫുകൾ കൂടി ഉണ്ടായിരുന്നു. അങ്ങനെ പകലൊക്കെ മകൾ പഠിക്കാനും പാർവതി ജോലിക്കും പോയി സമയം നീക്കി. വീട്ടിൽ വന്നു കഴിഞ്ഞാൽ അവസ്ഥ പഴയതിനെക്കാൾ പരിതാപകരമായിരുന്നു. ശമ്പളം അയാളുടെ കൈയ്യിൽ ഏൽപിക്കണം. കൂടാതെ ജോലിക്ക് അവളെ വിട്ടുവെങ്കിലും പഠിത്തം കുറവായ അയാൾക്കു അതിലൊരു കുറച്ചിൽ അനുഭവപ്പെട്ടു. ദിവസങ്ങൾ കഴിയവേ ബെഡ് റൂമിലും ക്രൂരത കൂടി കൂടി വന്നു. അയാളുടെ എല്ലാ ദേഷ്യവും അയാൾ കിടക്കയിൽ പാർവതിയോട് തീർത്തു. കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല അവൾക്ക് . 

പിന്നെയും വർഷങ്ങൾ അങ്ങനെ കടന്നു പോയി. മാനേജർ ജോലി മതിയാക്കി മകളുടെ കൂടെ താമസമായി. പുതിയ ഒരു ചെറുപ്പക്കാരൻ വിനോദ് മാനേജരായി ജോയിൻ ചെയ്തു. ദിനേശന് മനസമാധാനം നഷ്ടപ്പെട്ടു. ജോലി രാജി വയ്ക്കാൻ പാർവതിയോട് പറഞ്ഞു. അവളതിനു വഴങ്ങിയില്ല. അല്ലെങ്കിൽ ദിനേശനോട് ജോലിക്ക് പോകാൻ അവൾ പറഞ്ഞു കാരണം അത്രയും സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നു. അവൾക്കു കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയുന്നുണ്ടായിരുന്നില്ല. വീണ്ടും ദുരന്തമായി പാർവതിയുടെ ജീവിതം മുന്നോട്ടു പോയി. ഓഫിസിൽ നിന്ന് വന്നു കയറിയാലുടൻ അവളെ ചോദ്യം ചെയ്യും. മാനേജർ അടുത്ത് വന്നിരുന്നോ, നിന്നോട് എന്തൊക്കെ സംസാരിച്ചു. നിന്നെ തട്ടിയോ മുട്ടിയോ അങ്ങനെ പോകും ചോദ്യങ്ങൾ. അഭിമാനം നഷ്ടപ്പെട്ട് അവൾ ഉരുകും. അതിന്റെ കൂടെ ജോലി സ്ഥലത്ത് ടാർജറ്റ് ഉണ്ട്. അതിന്റെ ടെൻഷൻ വേറെയും. മകൾ വലുതായി വന്നതിനാൽ കുഞ്ഞിനെ പാർവതി മാറ്റി കിടത്തുമായിരുന്നു. കിടപ്പറയിൽ അയാളുടെ വൃത്തികേടുകൾ മകൾ കാണുമെന്ന് പേടിച്ച്. ഒരു ദിവസം പാർവതി അയാളെ സഹിക്കാൻ വയ്യാതെ മോളുടെ റൂമിൽ പോയി കിടന്നു. അയാളെ അത് കുപിതനാക്കി. ദിനേശൻ അന്ന് അവളെ മകളുടെ മുന്നിൽ വെച്ച് ബലമായി കീഴ്പ്പെടുത്താൽ നോക്കി. പത്ത് വയസുകാരി മകൾ ഉറക്കെ നിലവിളിച്ചു. പാർവതിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവൾ അയാളെ എതിർത്തു. തള്ളിമാറ്റി മുറിക്ക് പുറത്തു കടക്കാൻ അലറി. അവളുടെ കണ്ണിലെ തീ പാറുന്ന നോട്ടം അയാളെ പിന്തിരിപ്പിച്ചു. പാർവതി മകളെ കെട്ടിപ്പിടിച്ചു ഏറെ നേരം കരഞ്ഞു. ആത്മീയ ചോദിച്ചു. "അമ്മ എന്താ ഇവിടുന്ന് പോവാത്തത്. അമ്മയ്ക്ക് ജോലിയുണ്ടല്ലോ നമ്മൾക്ക് ഇവിടുന്ന് പോവാം. ഞാൻ ഒന്നും വേണമെന്ന് പറയില്ല. അമ്മ വാങ്ങി തരുന്നത് കൊണ്ട് ജീവിച്ചോളാം. നമ്മൾക്ക് പോകാം അമ്മാ."

അനുഭവങ്ങൾ നൽകിയ പാഠങ്ങൾ ആവാം ആത്മീയ മുതിർന്നവരെ പോലെ സംസാരിച്ചു. പാർവതിക്കറിയില്ല എന്ത് വേണം എന്ന് എങ്ങോട്ട് പോകണമെന്ന്. അച്ഛൻ തന്ന വളരെ കുറച്ച് വസ്തു കിടപ്പുണ്ട്. അതാണെങ്കിൽ നാട്ടിൻപുറമായത് കൊണ്ട് വിറ്റാൽ അത്രയ്ക്ക് പൈസയൊന്നും കിട്ടില്ല. കല്യാണത്തിന്റെ സ്വർണ്ണം കൂടി വിറ്റാണ് വീട് പണിതത്. ഒരു പെൺകുഞ്ഞ്. ഇപ്പോഴുള്ള ജോലി എപ്പോൾ വേണേലും നഷ്ടപ്പെടാം. ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അവൾ അന്നാദ്യമായി ഓഫിസിലെ കൂടെ ജോലി ചെയ്യുന്ന ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെ സഹിക്കേണ്ട കാര്യമുണ്ടോ. നിനക്ക് വീട്ടിൽ അറിയിച്ചൂടെന്ന് ചോദിച്ചു. അതിനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. എന്നിട്ടും സഹികെട്ട ഒരു ദിവസം ആത്മീയ ഫോണെടുത്ത് അപ്പൂപ്പനെ വിളിച്ചു. മോള് പനിയായിട്ട് രണ്ട് ദിവസം ട്യൂഷൻ സെന്ററിൽ പോയിട്ടില്ലായിരുന്നു. അവിടുത്തെ പ്രിൻസിപ്പാൾ ദിനേശനെ കണ്ടപ്പോൾ ചോദിച്ചു. അവൾക്കു കുഴപ്പമൊന്നുമില്ല മനപൂർവം വരാത്തതാണെന്ന് ദിനേശൻ പ്രിൻസിപ്പാളിനോട് പറഞ്ഞു. തുടർന്ന് ക്ലാസിൽ ചെന്ന മോളെ അവൾ പറയുന്നത് വിശ്വസിക്കാതെ തല്ലി. അന്ന് വൈകുന്നേരം ആത്മീയ പാർവതിയുടെ അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അച്ഛനോടൊപ്പം ചേച്ചിയും ഭർത്താവും കൂടി വന്നു. കാര്യങ്ങൾ ചോദിച്ചപ്പോൾ ദിനേശൻ നല്ല പുള്ള ചമഞ്ഞു. വീടാകുമ്പോൾ ചെറിയ ചെറിയ വഴക്കൊക്കെ നടക്കില്ലെ അതിനാണ് ഇങ്ങനെ വലുതാക്കി കാര്യങ്ങൾ വഴളാക്കുന്നതെന്ന് അയാൾ സൗമ്യനായി പറഞ്ഞു. ചേച്ചി അടുക്കളയിൽ കൊണ്ടു പോയി പാർവതിയെ ഉപദേശിച്ചു. നമ്മൾ വേണം സഹിക്കാൻ ദിനേശന് ഒരു ദുശീലവുമില്ല. കുടിയില്ല വലിയില്ല വേറെ പെണ്ണുങ്ങളുമായി ബന്ധമൊന്നുമില്ല. നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ്. ഇതു പോലെ ഒരു ആളിനെ കിട്ടാൻ പുണ്യം ചെയ്യണം. അവൾക്കു തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. കാരണം അവളുടെ വീട്ടുകാർ അവൾക്ക് അപരിചിതരായി തുടങ്ങിയിരുന്നു. പത്ത് വർഷത്തോളമായി അനുഭവിക്കുന്ന ജയിൽ ജീവിതം അവളെ വീട്ടുകാരിൽ നിന്നു പോലും അത്രത്തോളം അകറ്റിയിരുന്നു. 

ADVERTISEMENT

ചേച്ചിയുടെ ഭർത്താവിന്നോട് ദിനേശൻ പറഞ്ഞു. അവൾ എപ്പോഴും ഫോണിലാണ്. അവൾക്ക് ആരുമായോ അടുപ്പം ഉണ്ട് അതിനാലാണ് ഇപ്പോൾ ഇങ്ങനെയൊക്കെ. ചേച്ചിയുടെ ഭർത്താവ് ഉപദേശിച്ചു. എത്ര കാര്യമായാണ് നിന്നെ അവൻ നോക്കുന്നത്. അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പെരുമാറിക്കൂടെ. ദിനേശന് ഇഷ്ടമല്ലെങ്കിൽ ഫോൺ ഒന്നും നിനക്ക് എടുക്കാതിരുന്ന് കൂടെ. ഓഫിസിലെ ടാർജറ്റ് തികച്ചോന്ന് അറിയാൻ വീട്ടിൽ വന്നാലും വല്ലപ്പോഴും വരുന്ന ഫോൺ കോളുകൾ. പിന്നെ എന്നെ വിശ്വസിച്ച് ബിസിനസുകൾ തന്ന കസ്റ്റമേഴ്സ് ഇവരൊക്കെ വിളിക്കുമ്പോൾ എടുക്കാതിരിക്കുന്നതെങ്ങനെ അതൊന്നും കേൾക്കാൻ ആർക്കും നേരമില്ല. പാർവതിയുടെ തലയിൽ കുറ്റങ്ങളെല്ലാം പഴിചാരി വീട്ടുകാർ ഇറങ്ങി. അച്ഛന്റെ കണ്ണുകൾ മാത്രം യാത്ര ചോദിക്കാൻ നേരം നിറഞ്ഞിരുന്നു. അച്ഛൻ നിസ്സഹായതയോടെ പറഞ്ഞു "പിടിച്ചു നിൽക്കാൻ നോക്കു. പറ്റിയില്ലെങ്കിൽ ഇറങ്ങി പോരൂ" ഗതികെട്ട അച്ഛന്റെ വാക്കുകൾ ചേച്ചിയുടെ ഭർത്താവിൽ പരിഹാസച്ചിരി ഉണ്ടാക്കി. എല്ലാത്തിനും കാരണം ആത്മീയ ആണെന്ന് പറഞ്ഞ് ദിനേശൻ കുഞ്ഞിനെ മുറിയിൽ പൂട്ടിയിട്ടു. ഒരു രാത്രി മുഴുവൻ കുഞ്ഞ് അകത്തും പാർവതി പുറത്തുമായി കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചു. എല്ലാ ധൈര്യവും സംഭരിച്ച് പിറ്റേന്ന് അവൾ ദിനേശനോട് പറഞ്ഞു. മകളെ തുറന്നു വിട്ടില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കുമെന്ന്. അവളുടെ ഉറച്ച ശബ്ദത്തിനു മുന്നിൽ ഒരു നിമിഷം പകച്ച ദിനേശൻ മോളെ തുറന്നു വിട്ടു. കല്ലിച്ച മുഖത്തോടെ മോൾ നിന്നു. അതേ ശബ്ദത്തിൽ കുഞ്ഞ് പറഞ്ഞു "അമ്മാ നമ്മൾക്കിവിടുന്ന് പോകാം ഇല്ലെങ്കിൽ ഞാൻ ചത്ത് പോവും." മകൾ എന്റെ ജീവൻ മാറ്റൊന്നും നോക്കിയില്ല മോളെയും കൂട്ടി ഇറങ്ങി. പുറകിൽ നിന്ന് അയാൾ അലറുന്നുണ്ടായിരുന്നു. "പോകരുത്. തിരികെ വരാൻ." കേൾക്കാൻ കൂട്ടാക്കാതെ നടന്നപ്പോൾ അയാളുടെ പുച്ഛസ്വരം കേട്ടു. പോയാൽ ഏത് വരെ പോകും. ഗതിയില്ലാത്ത നിന്റെ കിളവൻ തന്തയുടെ അടുത്തേക്കോ. പോയതിനെക്കാൾ സ്പീഡിൽ നീ എന്റെ അടുത്ത് തന്നെ വരും.

അച്ഛന്റെ അടുത്തേക്കാണ് പോയത്. ചെന്നു കയറിയപാടെ അച്ഛന്റെ മുന്നിൽ പൊട്ടി പൊട്ടി കരഞ്ഞു. സാരമില്ലെന്ന് പറയുമ്പോഴും അച്ഛന്റെ കണ്ണിൽ വേവലാതിയുണ്ട്. ഇനി എന്തെന്ന്. ചേച്ചി കുറേ കുറ്റപ്പെടുത്തി. ചേട്ടന് ബാദ്ധ്യതയാകുമെന്നാണ് ചേച്ചിയുടെ പേടി. അടുത്ത് താമസിക്കുന്ന അപ്പച്ചി ഉൾപ്പെടെയുള്ളവർ വഴക്ക് പറഞ്ഞു തിരിച്ചു പോകാൻ ഇതു പോലെ ഭാര്യയെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ. സ്നേഹം കൂടിയത് കൊണ്ടുള്ള കുഴപ്പമാ. എല്ലാവർക്കും പറയാൻ അതേ ഉള്ളു. ഒരാഴ്ച ലീവെടുത്ത് വീട്ടിൽ ഇരുന്നു. ആയിടയ്ക്ക് എന്നും ദിനേശൻ വിളിക്കും. ഇനി ഒന്നും ഉണ്ടാവില്ല. തിരികെ വരാൻ. പോവാൻ തോന്നിയില്ല. ഇനിയും അനുഭവിക്കാൻ വയ്യ. അയാൾ കരഞ്ഞു വിളിച്ചിട്ടും പോയില്ല. രക്ഷയില്ലാതായപ്പോൾ അയാൾ പാർവതിക്ക് അവിഹിതം ഉണ്ടെന്നു പറഞ്ഞു പരത്തി. സോഷ്യൽ മീഡിയയിൽ കണ്ട ആരോ ആയിട്ട് അടുപ്പത്തിലാണ് അതാണു ഇറങ്ങി പോയത്. നാട്ടുകാർക്കിടയിൽ ദിനേശൻ ഭാര്യയെ പൊന്നു പോലെ നോക്കുന്നവൻ ആണല്ലോ. പാർവതിയുടെ കൂട്ടുകാർക്കും അവളോട് വല്യ അടുപ്പമൊന്നുമില്ല അവരുടെയൊക്കെ കണ്ണിൽ പാർവതി ഗമക്കാരിയാണ്. അവരെ കാണുമ്പോഴാന്നും പാർവതി മിണ്ടാറില്ലായിരുന്നല്ലോ ദിനേശനെ പേടിച്ചിട്ട്. നാട്ടുകാരും കൂട്ടുക്കാരും എല്ലാം അവളെ ചീത്തയായി മുദ്രകുത്തി. ഓഫിസിൽ ദിനേശന്റെ നാട്ടിൽ ചെന്നു ഇറങ്ങാൻ പറ്റാത്ത അവസ്ഥ. മാനേജർ വിനോദുമായി വരെ കൂട്ടി വായിച്ചു. വിനോദിനും പാർവതിയോട് ഈർഷ്യ തോന്നി. അവസാനം ഹെഡ് ഓഫിസിൽ വിളിച്ചു കരഞ്ഞു കാലു പിടിച്ചു വേറെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം വാങ്ങി.

അവിടെ ഒരു പുതിയ കൂട്ട് അവൾക്ക് കിട്ടി വിനീത. അവൾ എപ്പോഴും കാര്യങ്ങൾ പോസിറ്റീവായി മാത്രം കാണുന്ന ഒരാളായിരുന്നു. എം. ബി.എ കഴിഞ്ഞു നിൽക്കുന്ന വിനീതയ്ക്ക് വേറെ ജോബ് കിട്ടുന്നതുവരെയുള്ള ഇടത്താവളമായിരുന്നു ഈ ജോലി. പാർവതിക്ക് വിനീത ധൈര്യം നല്‍കി. പാർവതി തന്നെ ദിനേശനെതിരെ വക്കീൽ നോട്ടീസ് അയച്ചു. പാർവതിയുടെ വക്കീല് പോലും അവളോട് ഒരുമിച്ച് പോകാനാണ് ഉപദേശിച്ചത്. ഒത്തിരി പ്രതിസന്ധികൾ തുടർന്നങ്ങോട്ട് അവൾക്ക് നേരിടേണ്ടി വന്നു. ദിനേശൻ മേലുദ്യോഗസ്ഥരെ വിളിച്ച് പാർവതിയെ മോശക്കാരിയായി ചിത്രീകരിച്ചു. എങ്ങനെയും അവളുടെ ജോലി തെറുപ്പിച്ച് അവൾ തോറ്റു തിരികെ ചെല്ലുക എന്ന ലക്ഷ്യത്തോടെ. വർഷങ്ങളായി പാർവതിയെ അറിയാവുന്ന ഹെഡ് ഓഫിസിലുള്ളവർ അത് വിശ്വസിച്ചില്ല. പിന്നെ ഏതോ സിനിമ കണ്ടിട്ട് അത് പോലെ റയിൽവേ സ്റ്റേഷനിലെ ഭിത്തിയിൽ പാർവതിയുടെ നമ്പർ അയാൾ കുറിച്ചിട്ടു. ഒരു രാത്രിക്ക് വില പറഞ്ഞ് പലരും അവളെ വിളിച്ചു. നമ്പർ പെട്ടെന്ന് മാറ്റാൻ പറ്റുന്നൊരവസ്ഥ ആയിരുന്നില്ല. ഓഫിസിലെ പല ആവശ്യങ്ങൾക്കും ആ നമ്പർ വേണമായിരുന്നു. ജീവിതം തന്നെ മടുത്തിട്ടും അവൾ മകൾക്കു വേണ്ടി പിടിച്ച് നിന്നു. അതിനിടയിൽ ചേച്ചിയും ഭർത്താവും അവളെ ഉപദേശിച്ചും വഴക്കു പറഞ്ഞും ദിനേശന്റെ അടുത്തേക് തിരികെ വിടാൻ നോക്കി. ഒന്നിനും വഴങ്ങാതെ അവൾ ഉറച്ച് നിന്നു. ഒടുവിൽ വിവാഹ മോചനം നേടി. അപ്പോഴേക്കും ദിനേശനും പാർവതിയും ബന്ധശത്രുക്കൾ ആയി മാറിയിരുന്നു. ഓരോ ദിവസം കഴിയും തോറും ചേച്ചിയും ഭർത്താവും കുത്തുവാക്കുകൾ കൊണ്ടവളെ മൂടി. ചേച്ചിയുടെ ഭർത്താവും അവളുടെ ബന്ധുക്കൾ പോലും പിന്നെയും ദിനേശനുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ആത്മീയക്ക് നേരാവണ്ണം ആഹാരം കൊടുക്കാനോ അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ പറ്റാതെ പാർവതി ജീവിത പ്രാരാബ്ധങ്ങളിൽ വലഞ്ഞു. വിവാഹ മോചിതയായ സ്ത്രീ എന്നാൽ എന്തോ തെറ്റു ചെയ്തവൾ എന്ന അർഥത്തിലാണ് സമൂഹം അവളെ കണ്ടിരുന്നത്. അടുത്ത പരിചയത്തിലുള്ള ആണുങ്ങൾ വരെ അവളുടെ മാനത്തിന് വില പറഞ്ഞു. അച്ഛന് നെഞ്ചിലെ തീയും ബാക്കി എല്ലാവർക്കും  ബാധ്യതയുമായി അവൾ മാറി. 

"എന്താടോ പാറു ആലോചിച്ച് കൂട്ടുന്നത്." രവിശങ്കർ അവളുടെ അടുത്തേക്ക് വന്നു. "ഇതാ മോളോട് സംസാരിക്ക് ബാക്കി നമുക്ക് പിന്നീട് ആലോചിക്കാം" രവിശങ്കർ പാർവതിയെ കളിയാക്കി. ആത്മീയയുടെ ഫോൺ കൈമാറി. "എന്താ അമ്മാ ഊട്ടിയിൽ ചെന്നാലും സ്വപ്നം കാണലിനു കുറവൊന്നുമില്ലെ." "പോടീ... ഞാൻ പുറത്തെ കാഴ്ചയൊക്കെ നോക്കി നിന്നതാ." "ഉവ്വേ" രവിശങ്കർ തലയാട്ടി പറഞ്ഞു. കുറച്ചു നേരം മോളോടും അവളുടെ ഭർത്താവിനോടും സംസാരിച്ചു ഫോൺ കട്ടു ചെയ്തു. അപ്പോഴേക്കും രവിശങ്കർ ബ്രേക്ഫാസ്റ്റ് കഴിക്കാന്ന് പറഞ്ഞ് റൂം പൂട്ടി ഇറങ്ങി. അവളെ തന്നിലേക്കടുപ്പിച്ച് പിടിച്ചു കൊണ്ട് മുകളിലുള്ള റസ്‌റ്റോറന്റിലേക്ക് നടന്നു. പടിക്കെട്ടുകളുടെ ഇരുവശങ്ങളിലും വിവിധ വർണ്ണങ്ങളിലുള്ള ചെടികളാൽ നിറഞ്ഞിരുന്നു. റസ്റ്റോറന്റിൽ ആഹാരം നമ്മൾക്കിഷ്ടമുള്ളത് എടുത്ത് കഴിക്കാം. അവളോട് ഇരിക്കാൻ പറഞ്ഞിട്ട് രവിശങ്കർ ഭക്ഷണം എടുക്കാൻ പോയി. അവൾ രവിശങ്കറിനെ തന്നെ നോക്കിയിരുന്നു. വിനീതയുടെ ബന്ധു എന്ന രീതിയിലുള്ള പരിചയമാണ്. ഭാര്യയും മകളും ഒരാക്സിഡന്റിൽ മരിച്ചിട്ട് വർഷങ്ങൾ ആയിരുന്നു. ആ ഓർമയിൽ ഇത്രയും വർഷം അയാൾ ജീവിച്ചു. വിനീതയാണ് മുൻകൈ എടുത്തത് വിവാഹത്തിന്. രണ്ടാം വിവാഹം സങ്കൽപത്തിൽ പോലും ഇല്ലായിരുന്നു. മകളെ വളർത്തുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഒറ്റപ്പെടൽ രവിശങ്കറിനും പാർവതിക്കും ഒരുപോലെ ഉണ്ടായിരുന്നു. അത്രയും പരിചയമുള്ള ആണുങ്ങൾ പോലും അവളോട് മോശം രീതിയിൽ ആണ് പെരുമാറിയത്. എല്ലാം കൊണ്ടും പാർവതിയും മോളും  ജീവിതം മടുത്തിരുന്നു. വിനീത അവളെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഒരു ജീവിതമേ ഉള്ളു. ചേച്ചി ഇതുവരെ ജയിലിൽ ആയിരുന്നു. ഇനിയെങ്കിലും ചേച്ചിയുടെയും കുഞ്ഞിന്റെയും സന്തോഷം നോക്കു. എനിക്ക് രവി ചേട്ടനെ നന്നായി അറിയാം. ചേച്ചിക്ക് ഒരിക്കലും വിഷമിക്കേണ്ടി വരില്ല. ബിസിനസും കാര്യങ്ങളുമായി ജീവിക്കുന്നു. ഒറ്റയ്ക്കാണ് താമസം. വിനീതക്ക് രവിശങ്കറിനെ കുറിച്ച് പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു. വിനീത തന്നെ മുൻ കൈയ്യെടുത്ത് രവിശങ്കറിനെ വീട്ടിൽ കൂട്ടി കൊണ്ട് വന്നു. ആദ്യമായി കണ്ടപ്പോഴേ രവിശങ്കറിന് അവളെ ഇഷ്ടമായി അവൾക്കും എന്തോ ഒരിഷ്ടം തോന്നാതിരുന്നില്ല. അതിനു ശേഷം അവർ ഫോണിലൂടെ സംസാരിച്ചു തുടങ്ങി. 

ADVERTISEMENT

അച്ഛനും ആത്മീയക്കും ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു. നാട്ടുകാരെന്ത് പറയുമെന്നായിരുന്നു അച്ഛന് പേടി. അവളുടെ അച്ഛനിൽ നിന്ന് ഏറ്റ മുറിവുകൾ വീണ്ടും പുതിയ ആളിൽ നിന്നും ഏൽക്കേണ്ടി വരുമോ എന്ന പേടിയായിരുന്നു മോൾക്ക്. പക്ഷെ പാർവതി മാനസികമായി മറ്റൊരു വിവാഹത്തിന് തയാറെടുത്തു. രവിശങ്കർ നല്ല വ്യക്തിയാണെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ പാർവതിക്ക് ഒന്നുമില്ല നല്ല ഒരു ജോലിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ പിടിച്ചു നിൽക്കാമായിരുന്നു. ചുറ്റിനും കാമകണ്ണുകളുമായി മാനം വലിച്ചു കീറാൻ വരുന്ന സമൂഹത്തെ അവൾ ഭയന്നു. മകളെ അവൾ പറഞ്ഞു മനസ്സിലാക്കി. ജീവിതം മടുത്ത് മരിക്കാനിരുന്ന അമ്മയും മോളുമാണ് നമ്മൾ. മരിക്കും മുൻപെ ഒരു പരീക്ഷണം കൂടി നടത്താം. അതിൽ ജയിച്ചാൽ മുന്നോട്ട് ജീവിക്കാം ഇല്ലെങ്കിൽ മരിക്കാം. അവൾ പകുതി സമ്മതം മൂളി അച്ഛനും ഒടുവിൽ സമ്മതിച്ചു. പക്ഷെ ചേച്ചിയും ചേട്ടനും ബന്ധുക്കളും വീണ്ടും അവളെ കുറ്റപ്പെടുത്തി. മകൾ വളർന്നു വരുന്നു. നാളെ മോളോട് മോശം രീതിയിൽ പെരുമാറില്ലന്നാരു കണ്ടു. എത്രയായാലും സ്വന്തം അച്ഛനല്ലല്ലോ. എല്ലാം മൗനമായി കേട്ടതല്ലാതെ പാർവതി തിരിച്ചൊന്നും പറഞ്ഞില്ല. രവിശങ്കർ ഒരിക്കൽ കൂടി വീട്ടിൽ വന്നു സംസാരിക്കാൻ. അന്നയാൾ ആത്മീയയെ പിടിച്ചടുത്തിരുത്തി. കുറേ നേരം സംസാരിച്ചു. പതിയെ പതിയെ ആത്മീയ രവിശങ്കറിനെ ഇഷ്ടപ്പെട്ടു തുടങ്ങി. അന്ന് രവിശങ്കർ പാർവതിക്ക് വാക്കു കൊടുത്തു. ഇനി ഒരിക്കലും പാർവതിയുടെയോ മോളുടെയോ കണ്ണ് നിറയില്ലെന്ന്. എന്നും കൂടെയുണ്ടാകുമെന്ന്. രവിശങ്കറും പാർവതിയും ചുരുങ്ങിയ കാലം കൊണ്ട് മാനസികമായി അത്രയേറെ അടുത്തു. പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ അവർ പങ്കുവെച്ചു. എല്ലാം കേൾക്കാൻ ഒരാളായിരുന്നു പാർവതിക്ക് രവിശങ്കർ മനസ്സിലാക്കുന്ന ആൾ.

വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ മോൾക്ക് പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. രവിശങ്കറിന്റ സ്നേഹത്തോടെയുള്ള ഇടപെടൽ അവളെ മാറ്റിയെടുത്തു. അവൾ അച്ഛാന്ന് വിളിച്ചു തുടങ്ങി. അതേ അച്ഛനായിരുന്നു ഓരോ കാര്യത്തിലും കൂടെ നിൽക്കുന്ന അച്ഛൻ. മകളായി തന്നെ വാത്സല്യം കാട്ടി. കുഞ്ഞ് തെറ്റുകൾക്ക് സ്നേഹശാസന നൽകി. ഓരോ ചുവടിലും കൂടെ നടന്നു. മാസം തോറുമുള്ള വയറുവേദനയിൽ മകൾ പിടയുമ്പോൾ ആശ്വാസമായി അച്ഛന്റെ കരങ്ങൾ ഉണ്ടായിരുന്നു. ഇഷ്ടമുള്ള ആഹാരം അവൾക്ക് ഉണ്ടാക്കി കൊടുക്കാൻ ഓടി നടന്നു. സ്കൂളിൽ കൊണ്ട് വിടാൻ, തിരികെ വിളിക്കാൻ രവിശങ്കർ എല്ലാം മറന്ന് സന്തോഷിച്ചു. മകൾ വലുതായി ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ അച്ഛനും മോളും ഒരുപോലെ കരഞ്ഞു. ഓരോ തവണ അവൾ വരുമ്പോഴും അവൾക്കായി ഇഷ്ട വിഭവങ്ങൾ ഒരുക്കി കാത്തിരുന്നു. പാർവതിയെക്കാളേറെ അവൾക്ക് അച്ഛൻ ജീവനായി മാറി. ഒടുവിൽ ജോലി നേടി ആദ്യം കിട്ടിയ ശമ്പളം കൈയ്യിൽ ആത്മീയ കൊടുത്ത നിമിഷം രവിശങ്കറിന്റെ കണ്ണു നിറഞ്ഞു. സ്വന്തം അച്ഛനിൽ നിന്ന് കിട്ടാത്ത സ്നേഹം, കരുതൽ, ലാളന എല്ലാം ആത്മീയ അറിഞ്ഞു. മോൾക്ക് വിവാഹാലോചന വന്നപ്പോൾ മോളുടെ ഇഷ്ടത്തോടെ രവിശങ്കർ എല്ലാ ചെലവും വഹിച്ചു നടത്തി. ദിനേശനെ ക്ഷണിക്കണ്ടേന്ന് ആരൊക്കെയോ ചോദിച്ചപ്പോൾ വേണ്ടാന്ന് ആത്മീയ ഉറക്കെ പറഞ്ഞു. എനിക്ക് ഒരച്ഛനെയുള്ളു അത് രവിശങ്കറാണ്. കൈ പിടിച്ചവളെ ചെറുക്കനെ ഏൽപ്പിക്കുമ്പോൾ അച്ഛന്റെ മനസ്സിലെ സന്തോഷവും മകൾ പോകുന്നതിന്റെ വിഷമവും ഒരുപോലെ ആ കണ്ണുകളിൽ തിളങ്ങി. അന്ന് പാർവതി സമൂഹത്തെ നോക്കി ചിരിച്ചു. പഴിചാരിയവർക്കു മുന്നിൽ ഒന്നേ പറയാനുള്ളായിരുന്നു "ജന്മം നൽകിയത് കൊണ്ട് അച്ഛൻ ആകില്ല കർമ്മം കൊണ്ടാണ് അച്ഛൻ ആകേണ്ടത്." യാത്ര ചോദിച്ചവൾ പോയപ്പോൾ പാർവതിയെ ചേർത്ത് പിടിച്ചു രവിശങ്കർ നിറമിഴികൾ തുടച്ചു. മകളില്ലാത്ത വീട് ഉറങ്ങിപ്പോയെന്ന വേവലാതിയിൽ ഉറക്കം നഷ്ടപ്പെട്ട് രവിശങ്കർ കിടന്നു. ഓരോ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് നൂറ് കാര്യങ്ങൾ ഉണ്ടാവും പറയാൻ. ദിനേശൻ വേറെ വിവാഹം കഴിച്ചെന്ന് ഇതിനിടയിൽ അറിയാൻ പറ്റി. ആത്മീയ പോയ വിഷമം പാർവതിക്ക് മാറാനാണ് ഇപ്പോൾ ഈ ഊട്ടിയിൽ യാത്ര വന്നത്. രവിശങ്കറിന്റെ മനസ്സിന്റെ ആശ്വാസത്തിനാണെന്ന് പാർവതിക്കറിയാം. കുറച്ച് അടുത്ത് തന്നെയാണ് ആത്മീയ വിവാഹം കഴിഞ്ഞ് പോയത്. അത് കൊണ്ട് തന്നെ മിക്കപ്പോഴും അവൾ വരും അല്ലെങ്കിൽ അങ്ങോട്ട് പോകും. ഇപ്പോൾ ആത്മീയയും ഭർത്താവും ഹണിമൂൺ യാത്ര പോയി. പാർവതിയെയും രവിശങ്കറിനെയും വിളിച്ചിരുന്നു കൂടെ ചെല്ലാൻ. അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തണ്ടെന്ന് കരുതി പോയില്ല.

ചായ ഗ്ലാസിൽ പകർന്നു കൊടുത്ത് രവിശങ്കർ പാർവതിയുടെ കൈയ്യിൽ പിടിച്ചു. തീർന്നില്ലെ ആലോചന. പാർവതി ചെറുതായി ചിരിച്ചു. പിന്നെ രണ്ടു പേരും കൂടി ഭക്ഷണം കഴിച്ചു. സ്ഥലങ്ങൾ കാണാൻ ഇറങ്ങി. അവിടത്തെ തെരുവോരങ്ങളിൽ തൂക്കിയിട്ടിരുന്ന പല നിറത്തിലുള്ള തുണിത്തരങ്ങൾക്കും മറ്റ് ആകർഷക വസ്തുക്കൾക്കും ഇടയിലൂടെ രവിശങ്കറിന്റെ മാറിൽ ഒട്ടി ചേർന്നു പാർവതി നടന്നു. രവിശങ്കറിന്റെ കൈകൾ സുരക്ഷിതമായി അവളെ മുറുകെ പുണർന്നിരുന്നു. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഞാനാണ് മനസ്സിലാക്കുന്ന, കൂടെ നിൽക്കുന്ന, ചെറുതും വലുതുമായ എന്ത് പറഞ്ഞാലും ക്ഷമയോടെ കേൾക്കുന്ന ഒരാൾ. പാർവതി മനസ്സിലോർത്ത് കൊണ്ട് ഒന്നുകൂടി രവിശങ്കറിലേക്ക് ചേർന്നു നടന്നു. പ്രായം മറന്നവർ പ്രണയിച്ചു... കൈകൾ കോർത്തു പിടിച്ചും, പാർവതിയെ എടുത്ത് പൊക്കിയും, തെരുവോരത്തെ കടകളിൽ നിന്ന് ഓരോന്ന് വാങ്ങി കഴിച്ചും മതിമറന്നവർ ഉല്ലസിച്ചു. രവിശങ്കറിന്റെ പ്രണയത്തിൽ അലിഞ്ഞലിഞ്ഞ് പാർവതി എല്ലാം മറന്നു ചിരിച്ചു... അല്ലെങ്കിലും പ്രണയത്തിന് പ്രായമില്ലല്ലോ...

Content Summary: Malayalam Short Story ' Athmeeya Njangalude Makal ' Written by Nisha Babu