ചായക്കടയിൽ നിന്ന് തുടങ്ങി 'ഫുഡ് ബ്രാൻഡായി മാറിയ ബിസിനസ്', ബുദ്ധികേന്ദ്രം മുത്തശ്ശൻ, നടപ്പിലാക്കുന്നത് പേരക്കുട്ടി
കുശാഗ്ര, കുട്ടൻ നായർ'സ് അന്നപൂർണ ബ്രാൻഡ് ചപ്പാത്തിയുടെ ലൗഞ്ചിങ്ങ് പ്രഖ്യാപിച്ചു. ഫുട്ബോൾ വേൾഡ് കപ്പ് ആയതു കൊണ്ട് റൊണാൾഡോയുടെയും മെസ്സിയുടെയും നെയ്മറുടെയും ബഹുവർണ്ണ ചിത്രങ്ങൾ പാക്കറ്റിനു മുകളിൽ അടിച്ചു.
കുശാഗ്ര, കുട്ടൻ നായർ'സ് അന്നപൂർണ ബ്രാൻഡ് ചപ്പാത്തിയുടെ ലൗഞ്ചിങ്ങ് പ്രഖ്യാപിച്ചു. ഫുട്ബോൾ വേൾഡ് കപ്പ് ആയതു കൊണ്ട് റൊണാൾഡോയുടെയും മെസ്സിയുടെയും നെയ്മറുടെയും ബഹുവർണ്ണ ചിത്രങ്ങൾ പാക്കറ്റിനു മുകളിൽ അടിച്ചു.
കുശാഗ്ര, കുട്ടൻ നായർ'സ് അന്നപൂർണ ബ്രാൻഡ് ചപ്പാത്തിയുടെ ലൗഞ്ചിങ്ങ് പ്രഖ്യാപിച്ചു. ഫുട്ബോൾ വേൾഡ് കപ്പ് ആയതു കൊണ്ട് റൊണാൾഡോയുടെയും മെസ്സിയുടെയും നെയ്മറുടെയും ബഹുവർണ്ണ ചിത്രങ്ങൾ പാക്കറ്റിനു മുകളിൽ അടിച്ചു.
കരിമ്പുഴക്കാരൻ കുട്ടൻ നായർ ലോകപ്രശസ്തനായത് ഒരു ട്വീറ്റിലൂടെ ആയിരുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ്, ചൊവ്വയിൽ ആദ്യമായി ചായക്കച്ചവടം തുടങ്ങാൻ, എലോൺ മസ്കിന്റെ സ്പേസ് - എക്സ് അയയ്ക്കുന്ന ആദ്യത്തെ പേടകത്തിൽ, ആദ്യത്തെ സീറ്റ് ബുക്ക് ചെയ്‌ത മലയാളി കുട്ടൻ നായരെ പരിചയപ്പെടുത്തിയത്. എറണാകുളത്തു ചായക്കട നടത്തി അതിലെ ലാഭം കൊണ്ട് ലോക സഞ്ചാരികളായിത്തീർന്ന വിജയേട്ടനെയും മോഹനചേച്ചിയെയും ഒക്കെ ലോകത്തിനു പരിചയപ്പെടുത്തിയതും മഹീന്ദ്ര ആയിരുന്നു. അധികം താമസിയാതെ മസ്ക് തന്നെ അത് കൺഫേം ചെയ്തുകൊണ്ട് റീട്വീറ്റ് അയച്ചു. ട്വിറ്ററാറ്റി ആയ അമിതാഭ് ബച്ചൻ ആകട്ടെ കുട്ടൻ നായരെ അനുമോദിച്ചു കൊണ്ട് റീട്വീറ്റ് ചെയ്തു. ഒപ്പം തന്നെ താൻ അടുത്ത മാസം ഒറ്റപ്പാലത്തു ഷൂട്ടിങ്ങിനു വരുമ്പോൾ കുട്ടൻ നായരെ സന്ദർശിക്കും എന്നൊരു പ്രഖ്യാപനവും നടത്തി. ഇതെല്ലാം പുറത്തറിഞ്ഞതോടെ കുട്ടൻ നായരുടെ ചായക്കടയ്ക്കുമുന്നിൽ മാധ്യമങ്ങളുടെയും വ്ലോഗർമാരുടെയും തിരക്കായി. കുട്ടൻ നായരുടെ ഇന്റർവ്യൂ എടുക്കാനായി അവർ വരി നിന്നു. നായരുടെ മൂത്തമകളുടെ മകൻ കുശാഗ്ര എല്ലാവരെയും മാനേജ് ചെയ്യാൻ പാടുപെട്ടു.
കരിമ്പുഴയിലെ വിവിധ വാട്ട്സാപ്പ് കൂട്ടായ്മകളുടെ മേധാവികൾ ഇതെല്ലാം സാകൂതം നിരീക്ഷിച്ചു. അവർ പരസ്പരം ചർച്ചചെയ്തു. 'കുട്ടേട്ടന്റെ കടയിൽ കയറി നമ്മൾ ദിവസവും പഴംപൊരിയും പരിപ്പുവടയും ചായയുമൊക്കെ കഴിക്കാറുണ്ട്. പക്ഷെ ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മൾ ഇതുവരെ അറിഞ്ഞില്ലല്ലോ? ഒരു അഡ്മിൻ ആവലാതിപ്പെട്ടു. 'രാവിലെ ഞാൻ ഓടാൻ പോകുമ്പോൾ കുട്ടേട്ടൻ ബി ബി സി വാർത്തകൾ കേൾക്കുന്നത് ഞാൻ കാണാറുണ്ട്. ഇംഗ്ലിഷിലൊക്കെ മൂപ്പർക്ക് നല്ല ജ്ഞാനമുണ്ട്.' മറ്റൊരാൾ പറഞ്ഞു. 'എന്തായാലും മറ്റു ഗ്രൂപ്പുകൾ കുട്ടേട്ടനെ ആദരിക്കുന്നതിനു മുമ്പായി നമുക്കതു ചെയ്യണം.' മറ്റൊരു അഡ്മിൻ അഭിപ്രായപ്പെട്ടു. 'അതിനു ഒരു തീരുമാനമെടുക്കാൻ മുഴുവൻ അഡ്‌മിൻസും സ്ഥലത്തില്ലല്ലോ?' 'അവൈലബിൾ പി ബി കൂടി നമുക്ക് തീരുമാനമെടുക്കാം.' 'കുട്ടേട്ടനെ പൊന്നാട അണിയിച്ചു നമുക്ക് ആദരിക്കാം.' 'അതൊക്കെ എല്ലാവരും ചെയ്യുന്നതല്ലെ.' ഒരാൾ എതിർത്തു. 'നമുക്കൊരു കോട്ടു വാങ്ങി അണിയിക്കാം. കുട്ടേട്ടൻ ഇനി അമേരിക്കയിലൊക്കെ പോകുമ്പോൾ മൂപ്പർക്കതു പ്രയോജനപ്പെടും.' ആ നിർദേശമാണ് അവസാനം അംഗീകരിക്കപ്പെട്ടത്. കുട്ടേട്ടന്റെ ഷർട്ട് സ്ഥിരമായി തുന്നുന്ന ബാബുവിന്റെ കൈയ്യിൽ നിന്നും അളവെടുത്തു അഡ്മിൻസ് പാലക്കാടു പോയി റെയ്മണ്ടിന്റെ ഒരു കോട്ടു വാങ്ങി കുട്ടേട്ടനെ അണിയിച്ചു ഒപ്പം നിന്നു ഫോട്ടോ എടുത്തു. അരയ്ക്കു മുകളിൽ കോട്ടും താഴെ ലുങ്കിയും ആയി നിൽക്കുന്ന കുട്ടേട്ടന്റെ ഫോട്ടോ കരിമ്പുഴയിലെയും പുറത്തേയും മൊബൈൽ ഫോണുകളിൽ ഒഴുകി നടന്നു.
കുട്ടൻ നായർക്ക് ഏഴുമക്കളായിരുന്നു. എല്ലാവരും മഹാലക്ഷ്മിയെപ്പോലെ ഐശ്വര്യമുള്ള പെണ്മക്കൾ. അക്ഷരമാലാക്രമപ്രകാരം അവർക്കു അന്നപൂർണ, ആനന്ദവല്ലി, ഇന്ദിര, ഈശ്വരി, ഉമാ, ഊർമ്മിള, ഋതിക എന്നിങ്ങനെ നാമകരണം ചെയ്തു. മഹാഭാഗവതത്തിൽ പ്രിയവ്രതൻ എന്നൊരു രാജാവുണ്ട്. ഒരു വിമാനത്തിൽ കയറി അദ്ദേഹം ഭൂമിക്കു ചുറ്റും സഞ്ചരിച്ചു ഏഴു സമുദ്രങ്ങളും ഏഴു ദ്വീപുകളും കണ്ടു പിടിച്ചു. വിദൂരത്തുള്ള ഏഴു്ദീപുകളും അദ്ദേഹം തന്റെ ഏഴുമക്കൾക്കു ദാനം ചെയ്തു. അവർ അവിടെ രാജാക്കന്മാരായി വാണു. അത് പോലെ കുട്ടൻ നായർ തന്റെ ഏഴുമക്കളെയും ഏഴു ഭൂഖണ്ഡങ്ങളിൽ പലവിധ തൊഴിലുകൾ ആയി അയച്ചു. മൂത്തമകൾ അന്നപൂർണ കരിമ്പുഴയിൽ തന്നെയാണ്. രണ്ടാമത്തവൾ ഓസ്ട്രേലിയ, മൂന്നാമത്തവൾ യൂറോപ്പ്, നാലാമത്തവൾ ആഫ്രിക്ക, അഞ്ചാമത്തവളും ആറാമത്തവളും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും. ഏഴാമത്തെ മകളാകട്ടെ അന്റാർട്ടിക്കായിലുള്ള ഇന്ത്യൻ പര്യവേക്ഷണ സംഘത്തിലാണ്. അന്നപൂർണ്ണയുടെ മകൻ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും പഠനം കഴിഞ്ഞു കുട്ടൻ നായരെ ബിസിനസ്സിൽ സഹായിക്കുന്നു. പേരക്കുട്ടിയുടെ സഹായത്തോടെ തന്റെ ബിസിനസ് എക്സ്പാന്റ് ചെയ്യണം എന്നുള്ള തീരുമാനത്തിലാണ് കുട്ടൻ നായർ.
നാട്ടിലെ ജനങ്ങളെല്ലാം രാത്രി ഭക്ഷണം ചോറിൽ നിന്നും ചപ്പാത്തിയിലേക്കു മാറിയത് ഒരു വാണിജ്യ അവസരമായി മുതലെടുക്കാൻ കുട്ടൻ നായർ തീരുമാനിച്ചു. അദ്ദേഹം കുശാഗ്രയെ വിളിച്ചു ചപ്പാത്തിയുടെ വിപണി സാധ്യതകളെ കുറിച്ച് ഒരു മാർക്കറ്റ് സർവ്വേ നടത്താൻ ആവശ്യപ്പെട്ടു. 'കരിമ്പുഴയുടെ വടക്കോട്ടു മണ്ണാർക്കാട് വരെയും പെരിന്തൽമണ്ണ റൂട്ടിൽ കരിങ്കല്ലത്താണി വരെയും തെക്കോട്ടു ചെർപ്പുളശ്ശേരി വരെയും പാലക്കാട് റൂട്ടിൽ കോങ്ങാട് വരെയും പ്രധാനപ്പെട്ട ഓരോ ബേക്കറികളിലും കടകളിലും ചപ്പാത്തി വിറ്റു പോകുമോ എന്ന് അന്വേഷിക്കുക. ഒപ്പം തന്നെ ഓരോ സ്ഥലത്തും ചപ്പാത്തി ഉണ്ടാക്കി വിൽക്കുന്നവരുടെ ഡീറ്റൈൽസും സാമ്പിളും കളക്ട് ചെയ്യുക. അവരാണ് അവിടത്തെ ലോക്കൽ പ്ലേയേഴ്സ്. നാം മത്സരിക്കേണ്ടത് അവരോടാണ്.' കുശാഗ്ര ചോദിച്ചു: 'അതിനപ്പുറമുള്ള സ്ഥലങ്ങളിലോ?' 'പിന്നീട്. ആദ്യം സ്വന്തം തട്ടകത്തിൽ കാലൂന്നി നിൽക്കുക. അതിനു ശേഷം മതി പുറത്തേക്കുള്ള കാൽവെപ്പ്.' രണ്ടു ദിവസത്തിനകം മാർക്കറ്റ് സർവ്വേ റിപ്പോർട്ട് കുട്ടൻ നായരുടെ മേശപ്പുറത്തു എത്തി. അദ്ദേഹം അത് വിശദമായി പഠിച്ചു. സാമ്പിളുകൾ രുചിച്ച് നോക്കി. ഗുണവും വിലയും ഒത്തുനോക്കി.
കുശാഗ്ര, കുട്ടൻ നായർ'സ് അന്നപൂർണ ബ്രാൻഡ് ചപ്പാത്തിയുടെ ലൗഞ്ചിങ്ങ് പ്രഖ്യാപിച്ചു. ഫുട്ബോൾ വേൾഡ് കപ്പ് ആയതു കൊണ്ട് റൊണാൾഡോയുടെയും മെസ്സിയുടെയും നെയ്മറുടെയും ബഹുവർണ്ണ ചിത്രങ്ങൾ പാക്കറ്റിനു മുകളിൽ അടിച്ചു. പാലക്കാടു നിന്നു കൊണ്ടുവന്ന ഗോതമ്പു, നമ്പൂതിരിയുടെ മില്ലിൽ പൊടിപ്പിച്ചു ശുദ്ധമായ ഗോതമ്പു ചപ്പാത്തി ഉണ്ടാക്കി മനോഹരമായ പാക്കറ്റിൽ മാർക്കറ്റിൽ എത്തി. എല്ലാവരുടെയും ചപ്പാത്തി പാക്കറ്റിനു 50 രൂപ വിലയിട്ടപ്പോൾ അന്നപൂർണ ചപ്പാത്തിക്ക് 60 രൂപ വിലയിട്ടു, ലൗഞ്ചിങ്ങ് ഓഫർ ആയി 30 രൂപയ്ക്കു ഫൈനൽ കസ്റ്റമർക്ക് നൽകി. ലോക ഫുട്ബോൾ സെമിഫൈനൽ ആയപ്പോഴേക്കും അന്നപൂർണ ചപ്പാത്തി ഇറങ്ങിയ വിപണികളിൽ സൂപ്പർ ഹിറ്റ് ആയി. മെസ്സി ടൂർണമെന്റ് സ്റ്റാർ ആയി മുന്നേറുന്നു. റൊണാൾഡോയും നെയ്മറും പ്രതീക്ഷിച്ചപോലെ മുന്നേറിയില്ല. പക്ഷെ പുതിയൊരു താരം ഉദിച്ചു വന്നു - എംബാപ്പെ. 'എംബാപ്പയെ വെച്ച് നമുക്ക് പുതിയൊരു പ്രോഡക്റ്റ് ഇറക്കണം. നീ ആലോചിയ്ക്ക്.' കുട്ടൻ നായർ കുശാഗ്രയോട് പറഞ്ഞു. 'നമുക്ക് തേപ്ല ഉണ്ടാക്കി വിപണിയിൽ ഇറക്കാം.' കുശാഗ്ര പറഞ്ഞു. കുട്ടൻ നായർ കുശാഗ്രയെ നോക്കി. 'പടിഞ്ഞാറൻ ഇന്ത്യയിലെ, പ്രത്യേകിച്ച് ഗുജറാത്തിലെ ചപ്പാത്തിയാണത്. മുളകും മല്ലിയിലയും സുഗന്ധദ്രവ്യങ്ങളും ചേർന്ന അത് വളരെ സ്വാദിഷ്‌ഠമാണ്. കറി വേണം എന്നില്ല, അൽപം അച്ചാറോ തൈരോ കൂട്ടി അത് സുഖമായി കഴിക്കാം.' കുശാഗ്ര പറഞ്ഞു നിർത്തി.
'പക്ഷെ തേപ്ല എന്ന പേര് ഇവിടെ ആർക്കും ഇഷ്ടപ്പെടില്ല.' കുട്ടൻ നായർ തുടർന്നു: 'മസാല ചപ്പാത്തി എന്ന പേരിൽ നമുക്കതു ഇറക്കാം.' കുശാഗ്ര സമ്മതിച്ചു. അങ്ങനെ എംബാപ്പെയുടെ ചിത്രത്തോടെ അൽപം അച്ചാർ കൂടി ഉൾപ്പെടുത്തി മസാല ചപ്പാത്തി അന്നപൂർണ ബ്രാൻഡിൽ വിപണിയിൽ ഇറങ്ങി. അതും കുറഞ്ഞ സമയം കൊണ്ട് പോപ്പുലർ ആയി മാറി. ഇതിന്നിടയിൽ സ്പേസ് - എക്സ് ചൊവ്വയാത്രയുമായി ബന്ധപ്പെട്ടു കുട്ടൻ നായരുമായി കമ്മ്യൂണിക്കേഷൻ തുടർന്നു കൊണ്ടിരിക്കുന്നു. രണ്ടു തവണ അദ്ദേഹം അമേരിക്ക സന്ദർശിച്ചു തിരിച്ചെത്തി. തന്റെ ചൊവ്വാ യാത്രക്കുമുമ്പു താൻ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ചു അദ്ദേഹം കുശാഗ്രയുമായി ആലോചിച്ചു ഒരു മാസ്റ്റർപ്ലാൻ തയാറാക്കി. ചപ്പാത്തിയുടെ വൻ വിജയത്തിന് ശേഷം ശേഷം കുട്ടൻ നായർ പ്രവേശിച്ചത് ബ്രേക്ക് ഫാസ്റ്റ് മാർക്കറ്റിൽ ആയിരുന്നു. ഇഡ്ഡ്‌ലിയായിരുന്നു ആദ്യത്തെ പ്രോഡക്റ്റ്. ഒപ്പം വടയും ഓരോ ദിവസവും മാറി മാറി സാമ്പാറും ഇഷ്ടുവും പലതരം ചട്ട്ണികളും. അദ്ദേഹത്തിന്റെ കിച്ചണിൽ നിന്നും ചൂടോടെ സാധനങ്ങൾ ഓരോ സ്ഥലത്തും എത്തിക്കാൻ SWIGGY യുടെയും ZOMATO യുടെയും ടി-ഷർട്ട് ഇട്ട യുവാക്കൾ ടു വീലർ ആയി കാത്തു നിന്നു. ദോശയും മസാല ദോശയും ഊത്തപ്പവും പാലപ്പവും പുട്ടും കടലയും എല്ലാം മെനു ലിസ്റ്റിൽ സ്ഥാനം പിടിച്ചു.
ഭരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിനാൽ, കുട്ടൻ നായർ തന്റെ കിച്ചൻ ഇൻ ചാർജ് ആയി പുതിയൊരാളെ നിയമിക്കാൻ തീരുമാനിച്ചു. ഫൈനൽ ഷോർട് ലിസ്റ്റിൽ വന്നത് വെങ്കിടേശ്വര അയ്യരും പാലക്കാടുകാരൻ മെയ്യപ്പനും ആയിരുന്നു. 'മെയ്യപ്പനെ നിയമിച്ചോളൂ.' കുട്ടൻ നായർ കുശാഗ്രയോട് പറഞ്ഞു: 'ഇനി ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് പറഞ്ഞു കുത്തിത്തിരിപ്പൻ മാധ്യമങ്ങളും മണ്ടൻ ബുദ്ധിജീവികളും ബഹളം വയ്‌ക്കേണ്ട. സ്വാമിയേ നമ്മൾ മറ്റൊരു പൊസിഷനിൽ വയ്ക്കുന്നു.' അങ്ങനെ 'ഉടൽ മണ്ണുക്ക്... ഉയിർ തമിഴുക്കു...' എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന പാലക്കാടുകാരൻ മെയ്യപ്പൻ മാസ്റ്റർ ഷെഫ് ആയി ചുമതല ഏറ്റു. കുട്ടൻ നായരും അന്നപൂർണ്ണയും പ്രശസ്തരായതോടെ പലരും കുട്ടൻ നായരെ സദ്യയുടെ ചുമതല ഏൽപ്പിക്കാൻ വന്നു കണ്ടു. 'സദ്യയുടെ ചുമതല ഞാൻ ഏൽക്കാറില്ല. അത് ചെയ്യാൻ ഇവിടെ ഇഷ്ടം പോലെ ആളുകളുണ്ട്.' കുട്ടൻ നായർ പുറത്തുള്ള ബാനറുകൾ ചൂണ്ടി കാണിച്ചു കൊണ്ട് തുടർന്നു: 'അവരെല്ലാം എന്റെ കുട്ടികൾ തന്നെ. അവർ ഏറ്റവും നന്നായി ചെയ്തു തരും.' ശ്രീകൃഷ്ണപുരത്തുള്ള ഒരു വലിയ കല്യാണത്തിന് ബ്രേക്ക് ഫാസ്റ്റ് ഒരുക്കാനുള്ള ഓർഡർ കുട്ടൻ നായർക്ക് കിട്ടി. അദ്ദേഹം മെയ്യപ്പന് നിർദ്ദേശം നൽകി: 'എല്ലാ സാധനങ്ങളും കുറച്ചു അധികം കരുതിക്കൊള്ളൂ. അവസാനം സ്‌പീക്കറുടെ ഓണസദ്യ പോലെ ആകരുത്.'
കുട്ടൻ നായരും കുശാഗ്രയും കൂടി കർണ്ണാടകയിലെ ധർമ്മസ്ഥല, മഹാരാഷ്ട്രയിലെ ഷിർദി, ഒറീസ്സയിലെ പുരി, പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു. ആളുകൾ പറഞ്ഞു അവർ തീർഥയാത്രക്ക് പോയതാണെന്ന്. പക്ഷെ അവർ അവിടങ്ങളിലെ വമ്പൻ അടുക്കളകളും സന്ദർശിച്ചു. എങ്ങനെ പതിനായിരക്കണക്ക് ആളുകൾക്ക് ഭക്ഷണം തയാറാക്കുന്നു എന്ന് കണ്ടു മനസ്സിലാക്കി. ഒപ്പം മുംബൈയിലെയും ഡൽഹിയിലെയും റോഡുകളിൽ നടന്നു അവിടത്തെ സ്ട്രീറ്റ് ഫുഡ് രുചിച്ചു, പഠിച്ചു അത് കരിമ്പുഴയിൽ അവതരിപ്പിച്ചു. അങ്ങനെ വടാപാവും പാവ്ഭാജിയും പാനിപൂരിയും ഭേൽപൂരിയും ദഹിബടാടാ പൂരിയും മിസൽ പാവും ഉസൽ പാവും പൂരിഭാജിയും ചാറ്റും കെബാബും ചോലെ ബട്ടൂരയും ഗോൽഗപ്പയും ഒക്കെ നാട്ടിലെത്തി അന്നപൂർണയുടെ മെനുവിൽ സ്ഥാനം പിടിച്ചു. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നും വന്ന VIP ഐറ്റം ദൗലത് കി ചാറ്റ് ആയിരുന്നു. കുട്ടൻ നായരും അന്നപൂർണ്ണയും കൂടുതൽ പ്രശസ്തർ ആയിക്കൊണ്ടിരുന്നു.
'ഇനി നമുക്ക് നമ്മുടെ ബിസിനസ് അടുത്ത സ്റ്റേജിലേക്ക് എക്സ്പാന്റ് ചെയ്യണം' കുട്ടൻ നായർ കുശാഗ്രയോട് പറഞ്ഞു: 'Ready to Eat എന്ന segment ഇൽ നിന്നും Ready to Cook എന്ന segment ലേക്ക് നാം കാലെടുത്തു വെയ്ക്കണം.' 'Backward integration അല്ലെ?' കുശാഗ്ര ചോദിച്ചു. 'അത് തന്നെ.' 'പക്ഷെ മുത്തശ്ശാ, ഫണ്ട് ഒരുപാട് വേണ്ടി വരില്ലേ?' 'വരും. വഴിയുണ്ട്. ഞാനും എന്റെ ഏഴുമക്കളും ഫിനാൻസ് ചെയ്തു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഫോം ചെയ്യുന്നു. നീ CEO ആയിരിക്കും. ഞാൻ മാനേജിങ് ഡയറക്ടർ. മക്കൾ ഏഴുപേരും ഡയറക്ടർമാർ.' അങ്ങനെ അന്നപൂർണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. കുട്ടൻ നായരുടെയും കുശാഗ്രയുടെയും അന്നപൂർണ്ണയുടെയും യാത്രയിൽ പുതിയൊരു ആരംഭം തുടങ്ങി. അത് നമുക്ക് വരും ദിവസങ്ങളിൽ കാണാം.
Content Summary: Malayalam Short Story ' Oru Palakkadan Veeragadha ' Written by P. V. Jayasankar