വർഷങ്ങൾക്കുശേഷം പഴയ കൂട്ടുകാരന്റെ വീട്ടിൽ പോയി, അവന്റെ മരണം ആ വീടിനെ മാറ്റിക്കളഞ്ഞിരിക്കുന്നു
എന്നെ അകത്തുനിന്ന് തന്നെ കണ്ടിട്ടാവണം ചേച്ചി പുറത്തേക്കിറങ്ങി വന്നു. അവസാന കാഴ്ചയിലെ നിറവയറും തിളങ്ങുന്ന കണ്ണുകളുമുള്ള പെൺകുട്ടിയിൽ നിന്നും കഴുത്ത് നീണ്ട് കവളൊട്ടി കുഴിഞ്ഞ കണ്ണുകളുള്ള ഈ സ്ത്രീ ഏറെ ദൂരെയായിരുന്നു.
എന്നെ അകത്തുനിന്ന് തന്നെ കണ്ടിട്ടാവണം ചേച്ചി പുറത്തേക്കിറങ്ങി വന്നു. അവസാന കാഴ്ചയിലെ നിറവയറും തിളങ്ങുന്ന കണ്ണുകളുമുള്ള പെൺകുട്ടിയിൽ നിന്നും കഴുത്ത് നീണ്ട് കവളൊട്ടി കുഴിഞ്ഞ കണ്ണുകളുള്ള ഈ സ്ത്രീ ഏറെ ദൂരെയായിരുന്നു.
എന്നെ അകത്തുനിന്ന് തന്നെ കണ്ടിട്ടാവണം ചേച്ചി പുറത്തേക്കിറങ്ങി വന്നു. അവസാന കാഴ്ചയിലെ നിറവയറും തിളങ്ങുന്ന കണ്ണുകളുമുള്ള പെൺകുട്ടിയിൽ നിന്നും കഴുത്ത് നീണ്ട് കവളൊട്ടി കുഴിഞ്ഞ കണ്ണുകളുള്ള ഈ സ്ത്രീ ഏറെ ദൂരെയായിരുന്നു.
എട്ടുമണി കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് ഈ നേരത്താണ് ബസ്. ഒരു തിട്ടം കിട്ടുന്നില്ല. ഒരുകാലത്ത് എല്ലാം കാണാപ്പാഠം ആയിരുന്നു. അല്ലേലും അതൊന്നും ഓർത്തിരിക്കാൻ വേണ്ടി ഓർമ്മിച്ചുവച്ചവ ആയിരുന്നില്ലല്ലോ. പെട്ടിക്കടയിലെ കിഴവൻ തലവെട്ടിച്ച് നോക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഇങ്ങേർക്ക് എന്താ എന്നെ മനസിലായില്ലേ. രണ്ടു വർഷത്തെ തുടർച്ചയായ കാഴ്ചയുടെ ഓർമയ്ക്ക് ഇത്ര ആയുസേയുള്ളോ. ചെന്നൊന്ന് പരിചയം പുതുക്കിയാലോ?. വേണ്ട. അല്ലേലും ഓർമപുതുക്കാനും പരിചയം നടിക്കാനും മാത്രം പരിചയക്കാരായിരുന്നില്ലല്ലോ ഞങ്ങൾ. പരിചയപ്പെടാൻ മറന്നുപോയ രണ്ട് പരിചിതർ. തൽക്കാലം അപരിചിതരായി തന്നെ ഇരിക്കട്ടെ. "ഉണ്ണിതത്ത വരാറായോ?" അയാളോട് തന്നെ ചോദിച്ചു. "ഈ ചൊവ്വള്ളൂർ ഭാഗത്തേക്കുള്ള ബസ്..." ഞാൻ ഒന്നൂടെ വ്യക്തമാക്കി. "ഓ സെയിം സെയിം, അതിപ്പോ വരും." വാക്കുകൾക്കും പല്ലുകൾക്കും ഇടയിലൂടെ രണ്ട് തവണ കാറ്റടിച്ചു. അയാൾ ചിരിച്ചു. ചിരികൾക്ക് പഴയ സുഗം. അധികം വൈകാതെ തന്നെ ബസ് വന്നു. ഓർമകളിൽ ഇളം പച്ചനിറമുള്ള ഉണ്ണിതത്തയിലെ യാത്രകൾ. എന്റെ ഓർമകൾക്ക് മാത്രം ഇത്ര ആയുസ് എന്തിന് തന്നു..
"പേമാറ... പേമാറ.." കണ്ടക്ടർ വിളിച്ചുകൂവി. തല താനേ പുറത്തേക്ക് നീണ്ടു. ഇല്ല, അവനവിടെ ഇല്ല. ഉണ്ടാവില്ലെന്നറിയാം, എന്നാലും ചിലപ്പോ വന്നാലോ.. വിമൽ. അവൻ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.പലപ്പോഴും അവനവിടെ ഉണ്ടാവാറില്ല. ബസ് പേമാറ രണ്ടാം വളവും കഴിയുമ്പോൾ ചാടി ഓടി കണ്ട പുരയിടം ചുറ്റി അവൻ ചാടി വീഴും, ബസിന്റെ മുൻപിലേക്ക്. കണ്ടക്ടറുടെ തെറിവിളികൾ വലതുചെവി വഴി കേറി ഇടത്ചെവി വഴി പുറത്തിറങ്ങുമ്പോഴേക്കും അവനൊന്ന് നെടുവീർപ്പിട്ട് ഏതേലും കമ്പി ചാരി നിൽപ്പുറപ്പിച്ചിട്ടുണ്ടാവും. ബസ് രണ്ടാം വളവ് തിരിഞ്ഞു. കണ്ണുകൾ പരതി. അവനുമില്ല പുരയിടവുമില്ല. വീടുകൾ.. മതിലുകൾ... വരില്ലെന്ന് അറിയാമല്ലോ, പിന്നെയെന്തിന് നോക്കുന്നു?.വെറുതെ ചിലപ്പോ വന്നാലോ... ബസ് നീങ്ങിക്കൊണ്ടേ ഇരുന്നു. പുതിയ കാഴ്ചകൾക്കിടയിലൂടെ പഴയവ എത്തിനോക്കുന്നു. അടുത്ത കാഴ്‌ച എന്തെന്ന് ഉറപ്പുള്ള വഴികൾ... കാണുമ്പോൾ ഓർമകൾ പരിതപിക്കുന്നു. അവയ്ക്ക് ഓർമയുള്ളത് ഇതൊന്നുമല്ലത്രേ. "കടവേഴി... കടവേഴി..." കണ്ടക്ടറുടെ അലർച്ച ചിന്താ മണ്ഡലങ്ങളെ കുലുക്കി. കടവേഴി, ഇവിടെയാണ് ഇറങ്ങേണ്ടത്. മറന്നു.. ശ്ശെ മറന്നു.. അല്ലെങ്കിലും ഓർമകളിൽ ലക്ഷ്യ സ്ഥാനം ആ പഴയ സ്കൂൾ മുറ്റം തന്നെയായിരുന്നു. പിടച്ചെഴുന്നേറ്റ് ബസ്സിറങ്ങി. വാഹനങ്ങളുടെ ജാലകം കാട്ടുന്ന ലോകം നിലത്തിറങ്ങി കാലുകുത്തുമ്പോൾ എവിടേക്കോ ഓടി മറയുന്നു.
ഒരിക്കൽ മാത്രമാണ് മുൻപിവിടെ വന്നത്. നന്ദുവിന്റെ ചേച്ചിയുടെ വയറ്റുപൊങ്കാലക്ക്. അതിനുമുമ്പ് ഒരിക്കലും അവൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല. ആദ്യ സന്ദർശനത്തിൽ തന്നെ അതിന്റെ കാരണം ഞങ്ങൾക്ക് മനസിലായി. ഓടിട്ട പൂശാത്ത തന്റെ വീട് കൂട്ടുകാർക്ക് മുന്നിൽ തന്നെ ചെറുതാക്കുമോ എന്ന ഭയം, അപകർഷതാബോധം. ആ ഭയത്തിന്റെയും അപകർഷതാ ബോധത്തിന്റെയും അവസാനനാൾ കൂടിയായിരുന്നു ആ ദിവസം. അന്ന് ഞങ്ങൾ പാചകക്കാരായി, വിളമ്പുകാരായി, വൈകുന്നേരം വികൃതികളായി, മരംകേറികളായി. മുറ്റത്തെ ഒട്ടുമാവിൽ ഏന്തി വലിഞ്ഞു കേറി പറിച്ച മാങ്ങ ഇന്നും പുളിക്കുന്നു. അല്ല, ഇന്നവക്ക് മധുരമാണ്. ഓർമകളുടെ മധുരം. ഓർമയുടെ താളം ചവിട്ടി കാലുകൾ നടന്നു. തെറ്റിയില്ല. വീടുകണ്ടു. ഓട് മാറി ഷീറ്റ് ആയിരിക്കുന്നു. ഒരു വശത്തേക്ക് അൽപം ഇറക്കിപണിഞ്ഞിരിക്കുന്നു. കൂട്ടിന് വിമലും സ്വീകരിക്കാൻ നന്ദുവും ഇല്ലെന്ന മാറ്റത്തിന് മുന്നിൽ ഇതൊന്നും ഒരു മാറ്റമേ ആയിരുന്നില്ല. എന്നെ അകത്തുനിന്ന് തന്നെ കണ്ടിട്ടാവണം ചേച്ചി പുറത്തേക്കിറങ്ങി വന്നു. അവസാന കാഴ്ചയിലെ നിറവയറും തിളങ്ങുന്ന കണ്ണുകളുമുള്ള പെൺകുട്ടിയിൽ നിന്നും കഴുത്ത് നീണ്ട് കവളൊട്ടി കുഴിഞ്ഞ കണ്ണുകളുള്ള ഈ സ്ത്രീ ഏറെ ദൂരെയായിരുന്നു. അവർ രണ്ടുപേരും രണ്ട് നിമിഷത്തെ മനസിന്റെ കൂട്ടിക്കുറക്കലുകളുടെയും തിരിച്ചറിവിന്റെയും അപ്പുറവും ഇപ്പുറവുമായിരുന്നു. അവരുടെ മുഖത്തെ അപരിചിത ഭാവത്തെ തള്ളിമാറ്റി തിരിച്ചറിവിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു.
"നന്ദുവിന്റെ കൂട്ടുകാരനാണ്." അകത്തേക്കവർ വിളിച്ചുപറഞ്ഞു. തഴപ്പായ വിരിച്ച പലക കട്ടിലിൽ ഇരുന്ന് പറഞ്ഞു പറഞ്ഞ് തഴക്കം വന്ന കഥകൾ അമ്മ എനിക്ക് വേണ്ടി വീണ്ടും പറഞ്ഞു. ആ കണ്ണുകൾ പെയ്തുകൊണ്ടേ ഇരുന്നു. അമ്മയല്ലേ... ആ കണ്ണ് തോരില്ലല്ലോ. ആ നിമിഷം വരെ എനിക്കവൻ ഒരു പന്ത്രണ്ടാം ക്ലാസുകാരൻ ആയിരുന്നു. ചുരുണ്ട മുടിയും ഉന്തിയ പല്ലുകളുമുള്ള ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന്റെ വിയോഗം. ഒരു സുഹൃത്തിന്റെ വിയോഗം. അതിൽ കൂടുതലൊന്നും എന്റെ ചിന്തകളെ ഇതുവരെ അലട്ടിയിരുന്നില്ല. അച്ഛനില്ലാതായ ബാല്യമോ വിധവയാക്കപ്പെട്ട യൗവ്വനമോ പുത്ര വിയോഗത്തിൽ വിതുമ്പുന്ന വാർദ്ധക്യമോ നാഥനില്ലാതാക്കപ്പെട്ട ഒരു കുടുംബമോ ഇതുവരെ എന്റെ ചിന്തയുടെ കോണുകളിൽ പോലും വന്നിരുന്നില്ല. ഈ നിമിഷം വരെ അവനെന്റെ കൂട്ടുകാരൻ മാത്രം ആയിരുന്നു. ഇപ്പോഴതല്ല. അവന്റെ വിവാഹത്തിനൊന്നും എന്നെ ക്ഷണിച്ചിരുന്നില്ല. ഞാൻ അറിഞ്ഞതുമില്ല. അല്ലെങ്കിലും ക്ഷണിക്കപ്പെടാതെ എത്താൻ കഴിയുന്ന ഒരേയൊരു ചടങ്ങ് മരണമാണല്ലോ. നന്ദുവിന്റെ ഭാര്യയെ കണ്ടില്ല. കണ്ട മുഖങ്ങൾ തന്ന കണ്ണീരൊഴുക്കിവിടാൻ തന്നെ ഇടം കിട്ടിയില്ല. ഒരിക്കലും തോരാത്ത കണ്ണീരുമായിരിക്കുന്ന ഒരുവൾ, കാണണ്ട.
കണ്ണീരിനും നെടുവീർപ്പുകൾക്കും ഏറെ നീണ്ട മൗനത്തിനും ശേഷം യാത്ര പറഞ്ഞിറങ്ങി. പുറത്ത് തെളിഞ്ഞ മുഖമുള്ള കുരുന്നുകൾ ഓടിക്കളിക്കുന്നു. കുഞ്ഞുങ്ങൾ, അവർക്ക് വേദനയില്ല, വിയോഗമില്ല. ഒറ്റുമാവിൽ നിന്നൊരു മാങ്ങ അടർന്നുവീണു. ഒരു കുട്ടി ഓടി വന്നതെടുത്തു. നരച്ച ഷർട്ടിന്റെ ബട്ടൻ ഹോളുകൾ സേഫ്റ്റി പിന്നുകൾ കൈയ്യടക്കിയിരിക്കുന്നു. ഇഴപൊട്ടിയ ജീവിതങ്ങളെ ആരോ ചേർത്ത് പിടിക്കുന്ന പോലെ.. ചേച്ചി ശകാരത്തോടെ വന്ന് ആ മാങ്ങ വാങ്ങി ദൂരേക്കെറിഞ്ഞു. "അപ്പടി കേടാണ്. എത്ര കൊല്ലായി നല്ലൊരെണ്ണം കിട്ടീട്ട്." നോക്കിനിന്ന ഓരോ കണ്ണുകളോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു. കാലുകൾക്ക് വേഗത കുറഞ്ഞോ? തിരിഞ്ഞാ പടിവാതിൽക്കലേക്ക് നോക്കാൻ തോന്നുന്നു. നോക്കിയാൽ ഓർമകൾ തന്നെ വിഴുങ്ങുമെന്ന് തോന്നി. പോക്കറ്റിൽ തപ്പിനോക്കി. അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ... ഒന്നുകൂടി തിരിഞ്ഞു നോക്കിയാൽ ആ നിസ്സഹായാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. ആ കണ്ണുകളുടെ യാചന അവഗണിക്കാനാവില്ല. പക്ഷെ പാടില്ല.. ശ്വാസം വിലകൊടുത്ത് വാങ്ങുന്ന ഒരു മൂന്നുവയസ്സുകാരിയുടെ നാളേക്കായി ഇതേ ബാക്കിയുള്ളൂ. ആരുടെയൊക്കെയോ കണ്ണുനീരുറഞ്ഞ് തൊണ്ടയിൽ കുടുങ്ങി. തനിക്കും ശ്വാസം മുട്ടുന്നു... ചുറ്റുമുള്ള വായുവിനെ ഉള്ളിലേക്കെടുത്ത് ശക്തിയായി പുറത്തേക്ക് വിട്ടു. ഇനി മടക്കം. ഓർമകളിൽ നിന്നും ജീവിതത്തിലേക്കുള്ള മടക്കം.