ADVERTISEMENT

ഒന്നുറങ്ങി എഴുന്നേൽക്ക് അനു.. പിറന്നാളായിട്ട് ഇന്നെങ്കിലും രാവിലെ അമ്പലത്തിൽ വരണം എന്ന് ഇന്നലെ ഞാൻ പറഞ്ഞില്ലേ!!?.. സരസ്വതിയുടെ ഒച്ചത്തിലുള്ള അലർച്ച കേട്ട് കട്ടിലിൽ കിടക്കുന്ന അനു മനസ്സില്ലാമനസ്സോടെ കണ്ണുകൾ മെല്ലെ തുറന്നു... ഞാൻ വരണോ? ഞാൻ ഒരു ഭയങ്കര നിരീശ്വരവാദി ആയത്കൊണ്ട് പറയുകയല്ലമ്മേ! കഴിഞ്ഞ വർഷം അത്ര പോരായിരുന്നു.. നിങ്ങളുടെ ദൈവം എക്സാം മാത്രമല്ല പൊട്ടിച്ചേ.. മര്യാദക്ക് വണ്ടി ഓടിച്ച എന്റെ നേരെ മുന്നിൽ ഒരു കുഴി ഇട്ടു തന്നു, അതിലും വീഴ്ത്തി കൈയ്യും ഒടിപ്പിച്ചു.. പിന്നെ കഴിഞ്ഞുപോയ മാസങ്ങളും അത്ര നല്ലതായിരുന്നില്ല. അനു ചെറിയ പുച്ഛത്തിൽ ഒരു ചിരി പാസ്സാക്കി. ഓ.. നിന്റെ ശ്രദ്ധയില്ലായ്മ കൃഷ്ണന്റെ തെറ്റായോ? മര്യാദക്ക് എണീക്കെടി പെണ്ണെ!! സരസ്വതി ചുണ്ട്കോട്ടി. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അനു ചിന്തിച്ചു.. പണ്ട് അമ്പലങ്ങളിൽ ഭജന പാടാൻ രാവിലെ 4 മണിക്ക് എണീറ്റു കുളിച്ചു പോകുന്ന എന്നിൽ നിന്നും ഇപ്പോഴത്തെ എന്നിലേക്കുള്ള മാറ്റം. യുക്തിപൂർണമല്ലാത്ത ഒന്നും എന്നിലേക്ക് മറ്റാർക്കും ഒരു രീതിയിലും അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്നുള്ള വിശ്വാസമല്ലേ എന്നെ കൂടുതൽ കരുത്ത ആക്കുന്നത്. (ഹാളിൽ വച്ച റേഡിയോയിൽ പാട്ട് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...)

അമ്പലത്തിന്റെ മുന്നിലുള്ള ഇടനാഴിയിൽ അകത്തേക്ക് പോയ അമ്മയെ കാത്തു നിൽക്കുമ്പോഴാണ് പ്രസാദവും മേടിച്ചു ഒരു 4 തോന്നിക്കുന്ന കുട്ടിയുടെ കൈയ്യും പിടിച്ചു പതിയെ നടന്നു വരുന്ന രാജീവിനെ അനു കണ്ടത്.. തന്നെ കണ്ടിട്ടും പെട്ടെന്ന് മുഖം തിരിച്ചു പോകുന്ന രാജീവിനെ കണ്ട് അനു ആശ്ചര്യപ്പെട്ടു.. ഏയ്.. രാജീവ്.. എന്നെ ഓർമയില്ലേ.. രാജീവ് എന്താ അമ്പലത്തിൽ... അവൾ ആശ്ചര്യപ്പെട്ടു. രാജീവ് പതിയെ മുഖം തിരിച്ചു.. ഒന്നും പറയാതെ അനുവിനെ നിസ്സംഗതയോടെ നോക്കി. ചെറിയൊരു പുഞ്ചിരി ഒതുക്കിക്കൊണ്ട്. 5 വർഷം മുൻപ് കോളജിൽ നിങ്ങളുടെ പ്രസംഗം കേട്ട് ഞാൻ കോരിത്തരിച്ചിരുന്നിട്ടുണ്ട്. എന്നിൽ ചില മൂല്യങ്ങൾ നിങ്ങൾ കാരണം വളർന്നിട്ടുണ്ട്. സ്വതന്ത്രചിന്തകനായ, പറയുന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള ആ നിരീശ്വരവാദിയായ രാജീവിനെ ഞാൻ ഇവിടെ എന്തായാലും പ്രതീക്ഷിച്ചില്ല. അനു അയാളെ ആശ്ചര്യത്തോടെ നോക്കി. രാജീവ് ഒന്നും പറയാതെ പതിയെ ചിരിച്ചു.. 

രാജീവിന്റെ കൈയ്യിൽ പിടിച്ചു തൂങ്ങുന്ന ചെറിയ പട്ടുപാവാട ഉടുത്ത കുട്ടിയെ അനു വത്സല്ല്യത്തോടെ നോക്കി..  അവൾ അനുവിനെ  നോക്കി പതിയെ ചിരിച്ചു. ഞാൻ പോട്ടെ അനു. കണ്ടതിൽ സന്തോഷം. രാജീവ് അവളുടെ മുഖത്തേക്ക് നോക്കിയെന്ന് വരുത്തി മുന്നോട്ട് നടന്നു. അമ്പലത്തിലെ ഇട വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ തെല്ലകലെ എത്തിയപ്പോൾ രാജീവ് പതിയെ തിരിഞ്ഞു നോക്കി.. തന്നെ സാകൂതം നോക്കി നിൽക്കുന്ന അൽപം ആശ്ചര്യം നിറഞ്ഞ അനുവിന്റെ ആ മുഖം അയാൾക്ക് അസ്വസ്ഥത ഉണ്ടാക്കി.. അത് മനസ്സിലാക്കിയതെന്നോണം അനു പ്രസാദം വാങ്ങിവരുന്ന ആളുകളിലേക്ക് കണ്ണോടിച്ചു..

അനു.. എന്നുള്ള പിൻവിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.. ഏഹ് രാജീവ് പോയില്ലേ.. അവൾ അത്ഭുതപ്പെട്ടു. രാജീവിന്റെ ശബ്ദം കുറച്ചു കനത്തതും അവൾ ശ്രദ്ധിച്ചു. രാജീവ് അവളുടെ കണ്ണുകളിലേക്ക് മാത്രം തെല്ലിടനേരം നോക്കി.. അനു.. തന്നെ എനിക്ക് ഓർമയുണ്ട്.. പഴയപോലെ കൂടുതൽ ഒന്നും ഞാൻ ഇപ്പോൾ സംസാരിക്കാറില്ല. കാലം ഒരുക്കി വച്ച അനുഭവസംഭവങ്ങളിൽ സ്വന്തം മൂല്യങ്ങളും, ആഗ്രഹങ്ങളും, ആശകളും സാഹചര്യത്താൽ മാറുമ്പോൾ സ്വന്തം വ്യക്തിത്വം പുക മറ പോലെ മൂടിപ്പോയി ഒരു ചെറിയ വൃത്താകൃതിയിലേക്ക് ഒതുങ്ങിപ്പോകുന്ന ചില ആൾക്കാരുണ്ട്. അതിൽ ഒരാളാണ് ഞാനിപ്പോൾ. രാജീവ് ഒന്ന് നിശ്വസിച്ചു. ഇന്ന് ഭാര്യയുണ്ട്, ഒരു മോളുണ്ട്.. ജീവിക്കണമല്ലോ.. ഇവിടെ. സമാധാനം എന്നത് ആഗ്രഹം മാത്രമായി കൊണ്ട് നടക്കാൻ വയ്യ. കെട്ടുന്ന വേഷം എന്താണെങ്കിലും അത് വേണം. അയാൾ പതിയെ ചിരിച്ചു. 

അനുവിന്റെ മുഖത്തു ആശ്ചര്യം വിട്ടുമാറിയില്ല.  ഇടനാഴിയിലൂടെ തിരിഞ്ഞു പതിയെ നടക്കുന്നതിനിടയിൽ ഒന്ന് പതിയെ തിരിഞ്ഞു നോക്കി രാജീവ് കുറച്ചു ഉച്ചത്തിൽ അവളോട് പറഞ്ഞു.. അനു.. പ്രാർഥനാ മന്ത്രങ്ങൾ മാത്രം ഉറഞ്ഞു നിൽക്കുന്ന ഈ ഇടനാഴിയിലെ ആൾക്കാരുടെ തിരക്ക് കുറയില്ല ഒരിക്കലും.. കൂടുകയേ ചെയ്യുള്ളു.. സാഹചര്യങ്ങൾക്കൊപ്പം വേഗം കുറഞ്ഞു, ചിന്തകൾ മാറ്റി വച്ച എന്നെപ്പോലുള്ള ചിലരുടെ സ്വപ്നങ്ങളിൽ ഇപ്പോഴും വേഗം കുറഞ്ഞതും, വേഗം ഇല്ലാത്തതുമായ ആൾക്കാരില്ലാത്ത ഒരു ഇടനാഴിയുണ്ട്. ആരോടും പറയാൻ പറ്റാത്ത സ്വപ്നമായി.. ആ വഴിയിൽ മന്ത്രങ്ങൾക്ക് പകരം യഥാർഥ്യങ്ങൾ സംസാരിക്കട്ടെ.. രാജീവിന്റെ സംസാരം സാകൂതം നോക്കി നിന്നിരുന്ന അനുവിന്റെ മുഖത്തു പതിയെ ഒരു പ്രത്യേക ഭാവം വന്നു. വ്യക്തമായ ഉത്തരം കിട്ടിയ സംതൃപ്തിയും ആ ഭാവത്തിൽ ഇടകലർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com