ഭാര്യ വന്നതിനു ശേഷമാണ് റൊക്കം പണം കൈയ്യിലുണ്ടാകേണ്ട ആവശ്യം ജനിയക്ക് ബോധ്യമായത്. തന്റെ ഭാര്യ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കട്ട വാസനസോപ്പ് വാങ്ങാൻ ജ്യേഷ്ഠനോട് ഒരു രൂപ ചോദിച്ചതാണ് കുടുംബ ഛിദ്രത്തിന് വഴിമരുന്നിട്ടത്.

ഭാര്യ വന്നതിനു ശേഷമാണ് റൊക്കം പണം കൈയ്യിലുണ്ടാകേണ്ട ആവശ്യം ജനിയക്ക് ബോധ്യമായത്. തന്റെ ഭാര്യ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കട്ട വാസനസോപ്പ് വാങ്ങാൻ ജ്യേഷ്ഠനോട് ഒരു രൂപ ചോദിച്ചതാണ് കുടുംബ ഛിദ്രത്തിന് വഴിമരുന്നിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ വന്നതിനു ശേഷമാണ് റൊക്കം പണം കൈയ്യിലുണ്ടാകേണ്ട ആവശ്യം ജനിയക്ക് ബോധ്യമായത്. തന്റെ ഭാര്യ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കട്ട വാസനസോപ്പ് വാങ്ങാൻ ജ്യേഷ്ഠനോട് ഒരു രൂപ ചോദിച്ചതാണ് കുടുംബ ഛിദ്രത്തിന് വഴിമരുന്നിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‌ഇത് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയതും, ഇപ്പോഴും തുടരുന്നതുമായ ഒരു സൗഹൃദത്തിന്റെ കഥയാണ്. വ്യത്യസ്തമായ ജന്മദേശങ്ങളിൽ നിന്ന് യൗവ്വനകാലത്ത് പല കാരണങ്ങൾ കൊണ്ട് പലായനം ചെയ്ത ബിശ്വാസ്ഗോസ്വാമി, ജനാർദൻ മാജി, അനന്തൻ എന്നൊക്കെ വിളിപ്പേരുള്ള മട്ടത്രികോണത്തിലെ മൂന്നു കോണുകളുടെ കഥ. മാതൃഭാഷ, ശീലങ്ങൾ എല്ലാം വ്യത്യസ്തമാണെങ്കിലും ‌അവർക്കുള്ള ഏക സമാനത ഒരു ചാൺവയറും അതിന്റെ വിശപ്പും മാത്രം ആയിരുന്നു. ‌അവർ ഒരു മൂവ്വർ സംഘമായത് ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഉരുക്കുനിർമാണ കമ്പനികളിലെ കരാർ തൊഴിലാളികളായിട്ടായിരുന്നു. തൊണ്ണൂറുകളിൽ ഉദാരവൽക്കരണത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മാറ്റി എഴുതപ്പെട്ടപ്പോൾ, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപോൽപ്പന്നം, കരാർ തൊഴിലാളികളായിരുന്നു. എല്ലാ നിർമാണപ്രവർത്തനങ്ങളും കരാർ അടിസ്ഥാനത്തിൽ വലിയ സംരംഭകർ മദ്ധ്യ വർഗ സംരംഭകർക്കു നൽകുകയും അവർ അതിനെ പലതായി വിഭജിച്ച് ചെറിയ കരാറുകാർക്ക്  നൽകി, പല വലിപ്പമുള്ള അരിപ്പകളിലൂടെ സത്ത ഊറ്റിയെടുത്ത്, അവസാന പടിയിൽ നിൽക്കുന്ന കരാർ പണിക്കാരിൽ എത്തുമ്പോൾ, ഊറിക്കൂടിയത്, ആനുകൂല്യങ്ങളോ, വേതന വ്യവസ്ഥകളോ ഇല്ലാത്ത ചെറിയ ദിവസക്കൂലി മാത്രമാകും. ഇതിനെക്കുറിച്ച് പന്ത്രണ്ടാംക്ലാസ്പാസായ ബിശ്വാസ് പറയുന്നത് ഇതാണ്. ടെന്നിസന്റെ ചാർജ് ഓഫ് ദ ലൈറ്റ് ബ്രിഗേഡ് എന്ന ഒരു കവിതയുണ്ട്. മേലാവിൽ നിന്നും കിട്ടിയ അബദ്ധജടിലമായ ഉത്തരവിനാൽ ബാലക്ലാവ യുദ്ധത്തിൽ ഒരു ചെറിയ കുതിരപ്പട്ടാളം വലിയ ഒരു ശത്രുനിരയെ ആക്രമിച്ച് ഒരു പാട് ജീവിതങ്ങൾ നഷ്ടപ്പെട്ടതിന്റെ കവിത. അവരെപ്പോലെ വെറും ആജ്ഞാനുവർത്തികൾ മാത്രമാണ് കരാർ പണിക്കാർ. അവർക്ക് ചോദ്യംചെയ്യാനോ, സംഘടിക്കാനോ അവകാശം ഇല്ല. ഇന്നിവിടെ നാളെ മറ്റൊരിടത്ത് എന്ന മട്ടിൽ അവർ ജോലികളും നഗരങ്ങളും മാറിമാറി സഞ്ചരിക്കും. അവരുടെ വിധി ആ ലൈറ്റ് ബ്രിഗേഡിനെപ്പോലെ ആജ്ഞകൾ അനുസരിച്ച് പോരാടി മരിക്കുക മാത്രമാണ്.

ബംഗാളിൽ പുരുളിയ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന ബിശ്വാസ് സായുധ വിപ്ലവത്തിലൂടെ സമൂഹത്തിൽ സമത്വം വരുമെന്ന് ആത്മാർഥമായി വിശ്വസിച്ചു. ‌ഒരു നാൾ അവന്റെ വീടിന്റെ മുന്നിലെ പാടത്തുനിന്നും വലിയ ആയുധശേഖരം പൊലീസ് കണ്ടെത്തിയ കേസിൽ ഏഴാം പ്രതിയായ ബിശ്വാസ് ഒളിവിൽ പോയി. വീട്ടിൽ അമ്മയും അച്ഛനും പെങ്ങളും നിരന്തരം പൊലീസിനാൽ വേട്ടയാടപ്പെട്ടപ്പോൾ അയാൾ ബീഹാറിലേക്ക് പലായനം ചെയ്ത് ഉരുക്കുനിർമാണ ശാലയിൽ കരാർ പണിക്കാരനായി. ഇപ്പോഴും രാത്രി കാലങ്ങളിൽ സത്തർ എന്ന വാറ്റ് ചാരായം കുടിച്ച്, തന്റെ പെങ്ങൾ പാരുളിനെ ഒരു പൊലീസ്സ്റ്റേഷൻ മുഴുവൻ കയറി ഇറങ്ങിയതും, അമ്മയ്ക്ക് ഭ്രാന്ത് വന്നതും എല്ലാം താൻ കാരണമാണെന്നോർത്ത് ഏങ്ങിക്കരയാൻ തുടങ്ങും. കലശലായ കുറ്റബോധത്തിൽ നീറി, നീറി മരിക്കാനായിരുന്നു അയാളുടെ വിധി.

ADVERTISEMENT

ഛൗ നൃത്തത്തിന്റെ ഈറ്റില്ലമായ സെരായ്കിലയാണ് ജനാർദൻ മാജി എന്ന ജനിയയുടെ ജന്മനാട്. മൂത്ത ‌ജ്യേഷ്ഠന്റെ തണലിൽ വളർന്ന് ഛൗ നൃത്തത്തിന്റെ പ്രണേതാക്കളായ ഒമ്പതംഗങ്ങളുള്ള ആ കൂട്ടുകുടുംബം സ്വന്തം വയലുകളിൽ കൃഷി ചെയ്തും നൃത്തം അഭ്യസിച്ചും ‌അരങ്ങേറിയും ജീവിത വൃത്തി നടത്തി. രണ്ടു നേരത്തെ ഭക്ഷണവും തലചായ്ക്കാൻ ഒരിടവും എന്ന പരിമിതമായ ആവശ്യങ്ങൾക്കപ്പുറം സ്വന്തം ജീവിതത്തെക്കുറിച്ച് ജനിയ ചിന്തിച്ചിരുന്നില്ല. ‌പ്രായപൂർത്തിയായപ്പോൾ ജ്യേഷ്ഠൻ തന്നെ മുൻകയ്യെടുത്ത്, ജനിയക്കുവേണ്ടി പെണ്ണുകണ്ട് വിവാഹം നടത്തിക്കൊടുത്തു. ഭാര്യ വന്നതിനു ശേഷമാണ് റൊക്കം പണം കൈയ്യിലുണ്ടാകേണ്ട ആവശ്യം ജനിയക്ക് ബോധ്യമായത്. തന്റെ ഭാര്യ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കട്ട വാസനസോപ്പ് വാങ്ങാൻ ജ്യേഷ്ഠനോട് ഒരു രൂപ ചോദിച്ചതാണ് കുടുംബ ഛിദ്രത്തിന് വഴിമരുന്നിട്ടത്. നിരാകരിച്ച ആവശ്യം കുടുംബത്തിന്റെ വരുമാനം, തുല്യമായ വിഭജനം എന്നിങ്ങനെ പല കണക്കുകൾ പറയിച്ച് എല്ലാവരുടേയും സ്വാസ്ഥ്യം നഷ്ടപ്പെടുത്തി. മാസങ്ങൾക്കുശേഷം ഒരു ദിവസം ഭാര്യയുടെ ദേഹത്തിൽ നിന്നും ഉയർന്ന വാസനസോപ്പിന്റെ ഗന്ധം, എവിടെ നിന്നാണ് സോപ്പ് വാങ്ങാൻ പണം കിട്ടിയത് എന്ന് ജനിയയെക്കൊണ്ട് ചോദിപ്പിച്ചു. സോപ്പ് ബഡേ ഭയ്യ വാങ്ങിത്തന്നതാണെന്ന ഉത്തരം കിട്ടിയ ജനിയ സെരായ്കില വിട്ട് തന്റെ യാത്രകൾക്ക് തുടക്കമിട്ടു. 

ആ ഏകാന്തയാത്ര അവസാനിച്ചത് ബിശ്വാസിന്റെ സഹചാരി ആയിട്ടായിരുന്നു. രാത്രി കനക്കുമ്പോൾ നാടൻവാറ്റായ സത്തറിന്റെ ലഹരിയിൽ ബിശ്വാസിന്റെ ഓർമ്മകൾ പുരുളിയയിലേക്ക് മടങ്ങി. ബംഗാളി നാടോടിക്കഥയിലെ, ദുർമന്ത്രവാദിനിയായ രാജ്ഞി ചമ്പക പൂക്കളാക്കിമാറ്റിയ തന്റെ ഏഴാങ്ങളമാരെയും പുനരുജ്ജീവിപ്പിച്ച പാരുളിനെക്കുറിച്ച് അയാൾ പാടി. സാത് ഭായ് ചമ്പാ ജാഗോരെ.. ജാഗോരെ, ഏക്ടീ പാരുൾ... അതെ, ഒറ്റയായ സ്വന്തം പെങ്ങൾ പാരുളിനെ ഓർത്ത് അയാളുടെ കണ്ഠമിടറും. പാടിപ്പാടി മയക്കത്തിലമരും മുമ്പ് അയാൾ ജനിയയോട് പറയും, എന്റെ പാരുളിനെ നിനക്ക് കെട്ടിച്ചു തരാം. നീ അവളെ സ്വീകരിക്കുമോ. ആശയുടെ പുതിയ കിരണങ്ങൾ കണ്ട് ജനിയ പറയും, തീർച്ചയായും ഭയ്യാ. കുറവാണെങ്കിലും ആഴ്ച്ചയിൽ കിട്ടുന്ന കൂലി കൊണ്ട്, ചൗധരിയുടെ പലചരക്ക് കടയിൽ നിന്നും ഞാനവൾക്ക് വാസനസോപ്പ് വാങ്ങും. എല്ലാ ആഴ്ച്ചയും വെവ്വേറെ ഗന്ധമുള്ള സോപ്പുകൾ. അപ്പോൾ ബിശ്വാസ് പറയും, കരാറുപണിക്കാർക്ക് ഇത്തരം സ്വപ്നങ്ങൾ കാണാൻ മാത്രമേ അവകാശമുള്ളൂ. അവയൊക്കെ യാഥാർഥ്യം ആകാറില്ല.

ADVERTISEMENT

ത്രിത്വം പൂർണമാക്കാൻ ഈ കൂട്ടായ്മയിൽ അവസാനമായി എത്തിയത് പാലക്കാട് കൽപാത്തി ഗ്രാമത്തിലെ അനന്തനായിരുന്നു. പൈതൃക നിരാസം മുഖമുദ്രയാക്കിയ ഒരു തലമുറയുടെ കണ്ണിയായ അവൻ പത്താം ക്ലാസ് പാസായപ്പോൾ അപ്പാവിന്റെ ഷോർട്ട് ഹാന്റ് ടൈപ്പിംഗ് പഠനം തുടർന്ന് ബോംബെയിലേക്ക് കൂടുമാറൽ എന്ന ആജ്ഞ ധിക്കരിച്ച് പകരം, അക്കാലത്തെ ഗൾഫിൽ ഒരു ജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി വെൽഡിംഗ് ട്രേഡിൽ പരീക്ഷ പാസായി, കുറച്ച് പ്രായോഗിക പരിശീലനത്തിനു വേണ്ടിയായിരുന്നു ആ ഉരുക്കുനിർമാണ ശാലയിൽ എത്തിയത്. ജോലിയിൽ ചേരാൻ ചെന്നപ്പോഴാണ് അറിയുന്നത്, കരാറുകാരന്റെ  വേതനക്കാരനാണ് താൻ എന്ന കാര്യം. വന്ന സ്ഥിതിക്ക് അവിടെത്തന്നെ തുടരുവാൻ തീരുമാനിച്ച് ബിശ്വാസിന്റേയും, ജനിയയുടെയും ഒപ്പം താമസമാക്കി. വെൽഡിംഗ് എന്ന പണി കടത്തനാടൻ ചേകവരുടെ മെയ് വഴക്കത്തോടെ നിന്നും, ഇരുന്നും, കിടന്നും പല പൊസിഷനുകളിൽ ചെയ്യേണ്ടതാണെന്നും അതിൽ പ്രാവീണ്യം നേടാൻ ഒരുപാട് കാലമെടുക്കുമെന്നും മനസ്സിലായതോടെ അനന്തന്റെ ഗൾഫ് സ്വപ്നങ്ങൾ പൊലിഞ്ഞു. രക്ഷാവലയങ്ങൾ നാമമാത്രമായ, ആപൽസാധ്യതകൾ ധാരാളം ഉള്ള പണികൾ ചെയ്തു കൊണ്ട്, വിവിധ സംസ്ഥാനങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ബിശ്വാസ് ചങ്ങാതിമാരെ ഓർമിപ്പിച്ചു. നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തികളെല്ലാം നമ്മുടെ പ്രാർഥനകളാണ്. ചെയ്യുന്നത് വരുംതലമുറയുടെ നന്മക്കായി മാത്രമാണ്, അവർ നമ്മളെ ഓർത്തില്ലെങ്കിലും. 

ജോലി സ്ഥലത്ത് അപകടം ഉണ്ടാകുമ്പോൾ ബിശ്വാസ് ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങളുണ്ട്. എത്ര പേർ മരിച്ചു. ഉത്തരം ഇരുപതെന്നോ, മുപ്പതെന്നോ ഒക്കെ ആയിരിക്കും. അതിൽ എത്രപേർ കമ്പനിയിലെ സ്ഥിരം തൊഴിലാളികളാണ്. ഉത്തരം മൗനം. ആട്ടെ, എത്രപേർ പദ്ധതി രൂപ കൽപന ചെയ്ത നിർമാണകമ്പനിയുടെ ജോലിക്കാരാണ്. ഉത്തരം മൗനം. എത്രപേർ മുഖ്യകരാറുകാരന്റെ തൊഴിലാളികളാണ്. ഉത്തരം മൗനം. അപ്പോൾ ടെന്നിസന്റെ കവിതയിലെ ചില വരികൾ ആവർത്തിച്ച് അയാൾ പറയും. ഉന്നത തലത്തിൽ എവിടെയോ സംഭവിച്ച പിഴവിന് ബലിയാടുകളാവുന്നത് ചെറിയ കരാറുകാരും അവരുടെ പണിക്കാരും മാത്രം. നവ ഉദാത്തവൽക്കരണം സൃഷ്ടിച്ച മുതലാളിമാർക്കും, ഇടപ്രഭുക്കൻമാർക്കും ഒരു അത്യാഹിതവും സംഭവിക്കില്ല. വർഷങ്ങൾ കൊഴിഞ്ഞു പോകവേ പലതരം വികസന പ്രവർത്തനങ്ങളിലും ഭാഗഭാക്കായപ്പോഴും അവരുടെ ഭാഗധേയം മറ്റൊന്നായിരുന്നു. അന്നന്നത്തെ പ്രശ്നങ്ങളല്ലാതെ, പ്രതീക്ഷകളൊന്നുമില്ലാതെ അതിജീവനത്തിന്റെ പാതയിൽ ഒന്നിച്ചു നടക്കുമ്പോൾ, ലോകമൊട്ടുക്ക് ഒരു മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടു. ആളുകൾക്ക് വീടിന്റെ പുറത്ത് ഇറങ്ങാൻ വയ്യാത്ത വിധം വ്യാധി പടരുമ്പോൾ നിർമാണപ്രവർത്തനങ്ങൾ നിലച്ചു. കരാറുകാരും കൈവിട്ട പണിക്കാർക്ക് അതിജീവനത്തിന്റെ മാർഗം അടഞ്ഞു. ജഠരാഗ്നി പെരുത്തു. ദുരിതാശ്വാസമായി സർക്കാർ അടുക്കളയിൽ നിന്നു ലഭിക്കുന്ന ഉച്ച നേരത്തെ ആഹാരം മാത്രമായി നിലനിൽപിന്റെ അടിസ്ഥാനം. 

ADVERTISEMENT

ഒരു ദിവസം ആ അടുക്കളയിലെ തിക്കിലും തിരക്കിലും പെട്ട് വെറും വയറോടെ മടങ്ങുമ്പോൾ ബിശ്വാസ് പറഞ്ഞു. എല്ലാ സർക്കാറുകളും ഒരു ക്ഷേമരാഷ്ട്രമാണ് പടുത്തുയർത്താൻ ആഗ്രഹിക്കുന്നത്. അവർ നമുക്കായി എറിഞ്ഞു തരുന്ന അപ്പക്കഷണങ്ങൾക്കുവേണ്ടി അടിപിടി കൂടി അടിയാളരായി പ്രവർത്തിക്കുന്ന ജനങ്ങളെയാണ് അവർക്കാവശ്യം. ഇത്തരമൊരു സന്ദിഗ്ദ്ധാവസ്ഥയിൽ നമ്മളെ അതിഥികളായി സ്വീകരിക്കുന്ന ഒരു ദേശത്തേക്ക് നമുക്ക് തൽക്കാലം മാറാം. അതിഥിത്തൊഴിലാളി മാങ്ങാത്തൊലിയാണെന്ന അനന്തന്റെ പ്രതിഷേധം അവഗണിച്ച്, തീവണ്ടിയും ബസ്സും ഒന്നും ഇല്ലാത്ത ഈ സമയത്ത് എങ്ങനെ പോകുമെന്ന ജനിയയുടെ ചോദ്യത്തിന്റെ ഉത്തരം അയാൾ പറഞ്ഞു. നമുക്ക് റെയിൽപാളങ്ങളിലൂടെ നടക്കാം. അങ്ങനെ ഞങ്ങൾക്ക് ചോദ്യങ്ങളില്ല, ഉത്തരവുകളിലെ തെറ്റും ശരിയും വിശകലനം ചെയ്യുന്നില്ല എന്ന വരികൾ ബിശ്വാസിന്റെ, തീവണ്ടിയുടെ ചടുലമായ താളത്തെ അനുകരിച്ച് ചൊല്ലുമ്പോൾ, അനന്തൻ മനസ്സിൽ തന്റെ കുട്ടിക്കാലത്തെ വണ്ടിയുടെ താളപ്പാട്ടായ കുട്ടിപ്പട്ടര് ചത്തേപ്പിന്നെ, ചക്കത്തുണ്ടം തിന്നിട്ടില്ലാ, തിന്നിട്ടില്ലാ എന്ന് മൂളി, മരണത്തിന്റെ താഴ്‌വരകളിലേക്ക് അവർ നടന്നു തുടങ്ങി. അരക്കാതം മുന്നോട്ട്, വീണ്ടും അരക്കാതം മുന്നോട്ട്, ബാലക്ലാവ യുദ്ധത്തിലെ കുതിരപ്പട്ടാളത്തെപ്പോലെ തളർന്നു വീണും എഴുന്നേറ്റും ആ മൂവർസംഘം മുന്നേറുമ്പോൾ കണ്ടത് മരീചികകൾ മാത്രമായിരുന്നു. മരണത്തിന്റെ കരാളവക്ത്രങ്ങളിൽ പെടാതെ അവർ ലക്ഷ്യത്തിലെത്തിയോ എന്നത് ഇന്നും ഒരു കടംകഥയായി അവശേഷിക്കുകയാണ്. ചില ജീവിതങ്ങൾ അങ്ങനെയാണ്. മേൽഗതിയില്ലാതെ, എവിടെയും രേഖപ്പെടുത്താതെ പോകുന്ന പാഴ്ജന്മങ്ങൾ.

English Summary:

Malayalam Short Story ' Athithikalude Varavu ' Written by Raveendran N. P.