ഇരുട്ടിൽ ഒറ്റയ്ക്കായ അമ്മയും മകനും
ചുഴലി വന്നു കുളത്തിൽ വീണു മരിച്ച ഒരു മുഖത്തെയും മണ്ണിൽ പുരണ്ട രണ്ടു മുഖങ്ങളെയും കണ്ട് കാളി തള്ള ഉറക്കത്തിൽ ഞെട്ടിയെണീറ്റു.. പിന്നെ രാത്രികൾ ഉറങ്ങാതെ കഴിച്ചു.
ചുഴലി വന്നു കുളത്തിൽ വീണു മരിച്ച ഒരു മുഖത്തെയും മണ്ണിൽ പുരണ്ട രണ്ടു മുഖങ്ങളെയും കണ്ട് കാളി തള്ള ഉറക്കത്തിൽ ഞെട്ടിയെണീറ്റു.. പിന്നെ രാത്രികൾ ഉറങ്ങാതെ കഴിച്ചു.
ചുഴലി വന്നു കുളത്തിൽ വീണു മരിച്ച ഒരു മുഖത്തെയും മണ്ണിൽ പുരണ്ട രണ്ടു മുഖങ്ങളെയും കണ്ട് കാളി തള്ള ഉറക്കത്തിൽ ഞെട്ടിയെണീറ്റു.. പിന്നെ രാത്രികൾ ഉറങ്ങാതെ കഴിച്ചു.
സ്കൂളിലേക്ക് പോകുന്ന കുട്ടികൾ കുസൃതിയോടെ തല കുനിച്ചു നടന്നു. മുതിർന്നവർ ഇടം കണ്ണിട്ട് നോക്കി ഉടനെ നോട്ടം മാറ്റി.. പൈപ്പിൽ നിന്നും ബക്കറ്റിലേക്ക് നിറഞ്ഞൊഴുകുന്ന വെള്ളം നിർത്താതെ കോരിയൊഴിച്ചു കൊണ്ടിരുന്ന കാളി തള്ള ഒന്നും അറിഞ്ഞില്ല. ഒറ്റമുണ്ടുടുത്ത ആ കറുത്ത ശരീരത്തിലൂടെ വെറുതെ ഒഴുകി ഇറങ്ങിയ വെള്ളം ഓടി മണ്ണിൽ ഒളിച്ചു. "നിങ്ങടെ ഈ തള്ളയോട് ഞാനെത്ര പറഞ്ഞിട്ടുണ്ട് ഈ പെരുവഴിയിൽ നിന്ന് കുളിക്കരുതെന്ന്.. വയസ്സായിച്ചിട്ട് എന്തുമാവാം ന്നാണോ? മാനം കെടുത്താനായിട്ട്.." ഉമ്മറത്തെ അരികുതിണ്ണയിൽ കൈ കൊണ്ട് കാൽമുട്ടിൽ ചുറ്റി പിടിച്ചു കഴുത്തും തൂക്കിയിട്ടിരുന്നു വരിയായി പോകുന്ന ഉറുമ്പുകളെ നോക്കിയിരുന്ന ശ്രീധരൻ അത് ശ്രദ്ധിച്ചില്ല, അല്ല... കേട്ടില്ല. ഉറുമ്പു വരിയിലേക്ക് ഈർക്കില വച്ച് അവരുടെ വഴി തെറ്റിച്ചിരുന്ന മൂന്ന് കുട്ടികളിലായിരുന്നു അവന്റെ ഓർമ്മയപ്പോൾ. നനഞ്ഞ മുണ്ട് മാറ്റി മുടി വിടർത്തിയിട്ട് കാളി തള്ള ഇളം തിണ്ണയിൽ വന്നിരുന്നു. ലീലയുടെ ചീത്ത വിളി അറിയാതെ ഉറുമ്പുകളെ നോക്കിയിരുന്ന ശ്രീധരനിലേക്ക് ഒരു വേള ആ നോട്ടം ചെന്നു നിന്നു. എവിടെയും ഉറക്കാത്ത ആ നോട്ടത്തിൽ നനവ് പടർന്ന് കാഴ്ച മൂടിയപ്പോൾ പിന്നെ എണീറ്റ് നടന്നു. ഇത് ബിംമ്മം ആണോ.. ബിംമ്മം അല്ലടാ ബിംബം. കുട്ടികൾ വായ പൊത്തി ചിരിച്ചു നടന്നു പോയി. കുറച്ചു തടിച്ച കറുത്ത ശരീരത്തിൽ മേൽമുണ്ടോ ബ്ലൗസോ ഇടാതെ, കരിമ്പനടിച്ച മുണ്ട് മുട്ടിനു താഴെയായി ഉടുത്ത് മുക്കാലും നരച്ച മുടി പരത്തിയിട്ടു ഒന്നും കാണാതെ.. കേൾക്കാതെ കാളി തള്ള റോഡരികിൽ നിന്നു.
പണ്ട് ദിവസങ്ങളോളം തിമർത്തു പെയ്ത ഒരു ഇടവപ്പാതിയിൽ താഴേക്ക് ഉരുണ്ടിറങ്ങിയ മലയ്ക്കൊപ്പം താഴ്‌വാരത്തിലെ കുറച്ചു വീടുകളും മെടഞ്ഞ കട്ടിലിൽ ശരീരം തളർന്നു കിടന്നിരുന്ന ഒരച്ഛനും കളിവണ്ടി ഉരുട്ടി കളിച്ചിരുന്ന രണ്ടു കുഞ്ഞു ജീവനുമുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർക്കൊപ്പം കണ്ട് വന്ന ഒരമ്മയും പതിനാലുകാരനും ബോധം കെട്ടു വീണു. മയക്കം വിട്ടു എണീറ്റ അവൻ പിന്നെ ചിരിക്കുകയോ കരയുകയോ ചെയ്തില്ല. കുഞ്ഞനിയന്മാർക്ക് വേണ്ടി അവനുണ്ടാക്കിയ മണ്ണിൽ പുതഞ്ഞു കിടന്ന കളിവണ്ടി നോക്കിയിരുന്നു. ചാപിള്ളയായി പോയ ആദ്യ ജീവനെ ഓർത്ത്.. ചുഴലി വന്നു കുളത്തിൽ വീണു മരിച്ച ഒരു മുഖത്തെയും മണ്ണിൽ പുരണ്ട രണ്ടു മുഖങ്ങളെയും കണ്ട് കാളി തള്ള ഉറക്കത്തിൽ ഞെട്ടിയെണീറ്റു.. പിന്നെ രാത്രികൾ ഉറങ്ങാതെ കഴിച്ചു. മുളങ്കൂട്ടങ്ങളെ ആകെ ഇളക്കുന്ന ധനുമാസത്തിലെ കുളിരുള്ള കാറ്റിലും നെഞ്ചു പൊരിയുന്ന നേരത്ത് സഹിക്കാൻ കഴിയാത്ത ഉഷ്ണത്താൽ ദേഹത്ത് നിന്ന് തുണി എടുത്തെറിഞ്ഞു. വെള്ളം കോരിയൊഴിച്ചു.. മഴയത്തിറങ്ങി നിന്നു. അഞ്ചു പെറ്റ വയറിന്റെ വേവും നെഞ്ചിലെ ചൂടും പിന്നെയൊരു മഴയും തണുപ്പിച്ചില്ല.. ഇരുട്ടിൽ ഒറ്റയ്ക്കായ ആ അമ്മയും മകനും പരസ്പരം ആശ്വസിപ്പിക്കുകയോ കരയുകയോ ചെയ്തില്ല. കലങ്ങിയൊഴുകുന്ന പുഴയിലേക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ അലിഞ്ഞു ഇല്ലാതാവുന്നത് നോക്കിയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു കാളി തള്ളയുടെ ആങ്ങള ശ്രീധരനെ ഓരോ പണിക്ക് കൂട്ടി കൊണ്ട് പോയി.. പറഞ്ഞ പണിയൊക്കെ മടിയില്ലാതെ തെറ്റില്ലാതെ ചെയ്യുന്നത് കണ്ട് ഒരു പ്രായമായപ്പോൾ പെണ്ണ് കെട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അവനെന്നും രണ്ടാൾക്കും തുണയ്ക്കെന്നും പറഞ്ഞു ശ്രീധരനെ കൊണ്ട് മകൾ ലീലയെ കല്യാണം കഴിപ്പിച്ചു. ലീല കാര്യപ്രാപ്തി ഉള്ളവളായിരുന്നു. രണ്ടാളെയും നോക്കിയും ശ്രീധരന്റെ കൂടെ പണിക്ക് പോവുകയും പത്തു കാശുണ്ടാക്കുകയും ഒരു ചെറിയ വീടുണ്ടാക്കുകയും ചെയ്തു. പക്ഷേ ഒരു കുടുംബം മാത്രമുണ്ടായില്ല. പണി കഴിഞ്ഞു വന്നാൽ കൈയ്യിൽ തൂങ്ങി നടന്ന രണ്ടു മുഖങ്ങൾ ഓർത്ത് കളിവണ്ടി നോക്കി ശ്രീധരൻ വെറുതെ കൂനിക്കൂടി ഇരുന്നു. അവളും കരഞ്ഞില്ല. തിരിച്ചു കൂട്ടി കൊണ്ടു പോവാൻ വന്ന അച്ഛന്റെ കൂടെ പോയതുമില്ല. പിന്നെ പിന്നെ അവിടെ ഒരു ശബ്ദം ഉയർന്നു തുടങ്ങി.. പക്ഷേ അതെപ്പോഴും ചുമരിൽ ചെന്നു അലച്ചു തനിയെ തിരിച്ചു വന്നു.
കുംഭത്തിലെ കുടമുരുളുന്ന കാറ്റിലും മകരത്തിലെ കോച്ചുന്ന മഞ്ഞിന്റെ തണുപ്പിലും ഉഷ്ണം... ഉഷ്ണമെന്ന് പറഞ്ഞു ഉറങ്ങാതെ കിടക്കുന്ന കാളി തള്ള മഴയുള്ള ഇരുട്ട് കനക്കുന്ന രാത്രികളിൽ പുറത്തു നിന്ന് അമ്മേ എന്ന വിളി കേട്ടു. കൊഞ്ചിയ ചിരികൾ കേട്ടു.. തച്ചറഞ്ഞു പെയ്ത ഒരു ഇടവപ്പതിയിലെ മറ്റൊരു രാത്രി മഴയ്ക്ക് ശേഷം പുലർച്ചെ എഴുന്നേറ്റ ലീല ചായ്‌പിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. അന്വേഷിച്ചിറങ്ങിയവർക്ക് മുന്നിൽ പുഴക്കരയിൽ ഒഴുകി ഇറങ്ങിയ മലവെള്ളത്തിൽ മണ്ണിൽ അമർന്നു കാളി തള്ള കിടന്നു. ഒന്നും മിണ്ടാതെ ശ്രീധരൻ കമിഴ്ന്നു കിടന്നിരുന്ന ആ ശരീരം മറിച്ചിട്ടു. മാറിൽ കൈ വച്ചു നോക്കി. "ആ... കണ്ടോ... തണുത്തിരിക്കണു... നെഞ്ചു തണുത്തിരിക്കണു..." തോളിൽ കിടന്ന മുണ്ടെടുത്തു ആ മുഖവും ശരീരവും മൂടി, അവൻ എല്ലാവരെയും നോക്കി ചിരിച്ചു.. പിന്നെ തളർന്നു വീണ ലീലയെ ചേർത്ത് പിടിച്ചു ഉച്ചത്തിൽ കരഞ്ഞു.