നാലഞ്ചു കൊല്ലം മുമ്പ് നടത്തിയ നജ്മാടെ വിവാഹത്തിന്റെ കെട്ടുപാടുകൾ ഇതുവരെ തീർന്നിട്ടില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ളതാണ് ജബ്ബാർ. തന്നെ സംബന്ധിച്ചു നോക്കിയാലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ.. ഒരു ചെറിയ വീടിന്റെ പണിയും മൂത്ത മകളുടെ വിവാഹവും കഴിഞ്ഞതോടെ ആകെക്കൂടി പാപ്പരായ അവസ്ഥയിലായിപ്പോയി,

നാലഞ്ചു കൊല്ലം മുമ്പ് നടത്തിയ നജ്മാടെ വിവാഹത്തിന്റെ കെട്ടുപാടുകൾ ഇതുവരെ തീർന്നിട്ടില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ളതാണ് ജബ്ബാർ. തന്നെ സംബന്ധിച്ചു നോക്കിയാലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ.. ഒരു ചെറിയ വീടിന്റെ പണിയും മൂത്ത മകളുടെ വിവാഹവും കഴിഞ്ഞതോടെ ആകെക്കൂടി പാപ്പരായ അവസ്ഥയിലായിപ്പോയി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലഞ്ചു കൊല്ലം മുമ്പ് നടത്തിയ നജ്മാടെ വിവാഹത്തിന്റെ കെട്ടുപാടുകൾ ഇതുവരെ തീർന്നിട്ടില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ളതാണ് ജബ്ബാർ. തന്നെ സംബന്ധിച്ചു നോക്കിയാലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ.. ഒരു ചെറിയ വീടിന്റെ പണിയും മൂത്ത മകളുടെ വിവാഹവും കഴിഞ്ഞതോടെ ആകെക്കൂടി പാപ്പരായ അവസ്ഥയിലായിപ്പോയി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറക്കമില്ലാതായ പതിവ് രാത്രികളിൽ ഒന്നിന്റെ ഒരു അർദ്ധയാമത്തിൽ.. രണ്ടര പതിറ്റാണ്ടുകൾ നീണ്ട കാലത്തിന്റെ ഉരുണ്ടുപോക്കിന്നിടയിൽ ഈ ഊഷരഭൂമിയിൽ വീശിയടിക്കുന്ന മരുക്കാറ്റിലൂടെ; അത്യുഷ്ണങ്ങളിലൂടെ ഉരുകിയൊലിച്ചു പോയ ജീവിതത്തിലെ യൗവ്വന തീഷ്ണവും ആനന്ദ സുരഭിലവുമായ ആ നല്ല കാലത്തിലേക്ക്  ഒരു തിരിഞ്ഞുനോട്ടം നടത്തി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ എന്തിനെന്നറിയാതെ നെഞ്ചിന്‍കൂടിനുള്ളില്‍ ഒരു തേങ്ങലും കൺകോണിൽ വിറങ്ങലിച്ച ഒരിറ്റ് കണ്ണുനീരും ബാക്കി കിടക്കുന്നു, ഒപ്പം നൊമ്പരമുണർത്തി തലക്കുള്ളിൽ മുട്ടിത്തിരിയുന്ന വ്യര്‍ഥമായ കുറേ ചോദ്യങ്ങൾ.. എന്തിനായിരുന്നു ഈ വഴി? ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം!? ഉത്തരം കിട്ടാത്ത സമസ്യകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്. അടുത്തുള്ള കട്ടിലുകളില്‍ രണ്ടു പേർ തമ്മില്‍ കൂര്‍ക്കംവലി മല്‍സരം നടക്കുന്നുണ്ട്, അത് കേൾക്കുമ്പോൾ തെല്ലൊരു അസൂയയും അതോടൊപ്പം അതില്‍ പങ്ക് ചേരണമെന്ന ആഗ്രഹവും തോന്നുന്നുണ്ടെങ്കിലും നൈരാശ്യത്തിന്റെ മുൾമുനവെച്ച് കുത്തിനോവിക്കുന്ന ചിന്തകള്‍ അതിന് അണുവിടപോലും അവസരം തരുന്നില്ല. തലയിണയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ ഇറുകെ അടച്ച്‌ ഉറങ്ങാനുള്ള തീവ്രശ്രമം നടത്തുമ്പോളാണ് തലക്കാംപുറത്തെ  ടീപോയില്‍ ഇരുന്ന മൊബൈല്‍ റിംഗ് ചെയ്യാൻ തുടങ്ങിയത്.. രണ്ടു തവണ അടിച്ചു അത് കട്ടായി. പ്രവാസികൾക്കിടയിൽ മിസ്കീൻ കോൾ എന്നറിയപ്പെടുന്ന മിസ്സ്‌ കാള്‍ ആയതു കൊണ്ട് നാട്ടില്‍ നിന്നായിരിക്കുമെന്ന് ഊഹിച്ചു. നാട്ടിലെ ഏറ്റവും അടുത്തൊരു സുഹൃത്തും കളിക്കൂട്ടുകാരനുമായിരുന്ന ജബ്ബാറാണ്, കൂട്ടുകാരെല്ലാം ഉപജീവനാർഥം ഗൾഫ് നാടുകളിലേക്ക് ചേക്കേറിയപ്പോഴും ജബ്ബാർ തന്റെ ഉപ്പയുടെ കൂടെ പശു വളർത്തലും പാൽ കച്ചകടവും മറ്റുമായി നാട്ടിൽ തന്നെ കൂടുകയായിരുന്നു.

എന്താണ് ഇവനീ പതിവില്ലാത്ത നേരത്തെന്ന ചിന്തയോടെയാണ് കോൾ ടു ബേക്ക് ബട്ടൻ അമർത്തിയത്. "ഡാ എന്താടാ ജബ്ബൂ.. ഈ നട്ടപ്പാതിരയ്ക്ക്..?" ............. മറുഭാഗത്തുനിന്ന് മറുപടി ഒന്നും കിട്ടിയില്ല.. "എന്താടാ കൂവ്വേ നിനക്ക് മിണ്ടാട്ടം മുട്ടിയോ?" വീണ്ടും ഒരു നിമിഷത്തെ മൗനത്തിനു ശേഷമാണ് അവന്‍ വാ തുറന്നത്.. "ഓ.. നമ്മളെ ഒക്കെ ഓര്‍മ്മയുണ്ടോ നിനക്ക്..? നീയൊക്കെ വല്യ ഗള്‍ഫുകാരനല്ലേ..?" അങ്ങനെ തുടങ്ങി പിന്നെ അവന്‍റെ പതിവ് പരിഭവങ്ങള്‍, പരാതികള്‍.. "നിങ്ങളൊക്കെ ഭാഗ്യവാന്മാരല്ലേടാ.! നല്ല വൈറ്റ് കോളർ ജോലി, കാറും ഏസി റൂമും.. നിങ്ങൾക്കൊക്കെ അവിടെ സുഖവാസകേന്ദ്രം പോലെയല്ലേ? ഞാനിപ്പഴും ഇവിടെ ഈ പാലുകച്ചോടോം തോടും കണ്ടവും നെരങ്ങലുമായി മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പു തന്നെ." അത് കേട്ടതോടെ മോങ്ങാനിരുന്നതിന്റെ തലയിൽ തേങ്ങ വീണതുപോലെയായി എന്റെ അവസ്ഥ. "ഓഹ്! നൂറാവർത്തിച്ച ഈ പതിവു പല്ലവി പാടാനാണോ നീയ്യീ പാതി രാത്രിക്ക് വിളിച്ചത്? ചുമ്മാ മനുഷ്യന്റെ ഉറക്കം കളയാനായി അവന്റെയൊരു.." അവന്‍റെ ഭാഗ്യ സങ്കല്‍പ്പങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലുണ്ടാക്കിയ നീരസം വാക്കുകളിൽ കലരാതിരിക്കാൻ ശ്രദ്ധിച്ച് ഞാൻ അർദ്ധോക്തിയിൽ നിറുത്തിയെങ്കിലും മനസ്സിൽ അവജ്ഞയും സ്വയം പുച്ഛവും നുരഞ്ഞു പൊങ്ങി. പ്രവാസമെന്ന ഭാഗ്യം പ്രവാസിയെന്ന ഭാഗ്യവാൻ, അതെ, സ്വര്‍ഗത്തില്‍ തീക്കനലിലൂടെ നടക്കുന്ന സൗഭാഗ്യം! ദേഹമനങ്ങാത്ത ജോലി, എ.സി മുറിയില്‍ താമസം,  മറ്റെല്ലാവിധ ആധുനിക സൗകര്യങ്ങളും... ഒറ്റനോട്ടത്തില്‍ സുഖസുന്ദര ആഡംബര ജീവിതം.. ആര്‍മാദിക്കാന്‍ ഇതിലുപരി മറ്റെന്തുവേണം..!? ഒരർഥത്തിൽ നോക്കിയാൽ അവൻ പറഞ്ഞതിലെന്താണ് ശരികേട്! മാറിനിന്നു നോക്കുമ്പോൾ ആർക്കും തോന്നാവുന്നത് തന്നെയല്ലേ അവനും തോന്നിയിട്ടുള്ളൂ.!? സ്വന്തം വീട്ടുകാർക്ക് പോലും അന്യമാണല്ലോ ഒരു ശരാശരി പ്രവാസിയുടെ ജീവിത യാഥാർഥ്യങ്ങൾ! പിന്നെ അവനെ പഴിച്ചിട്ടെന്ത് കാര്യം? പക്ഷെ, ഇവിടെ, ഈ സുഖലോലുപതയില്‍ പ്രിയപ്പെട്ടവരും സ്വന്തപെട്ടവരുമായി ആരും അരികിലില്ലാത്ത ഒരു ശരാശരി പ്രവാസിയുടെ വിഷമം ആർക്ക് മനസ്സിലാവാന്‍!? 

ADVERTISEMENT

കോഴികൾ കൂവാത്ത; കിളികള്‍ കരയാത്ത ഇളം വെയിലില്ലാത്ത പ്രഭാതങ്ങള്‍, പ്രഭാതങ്ങള്‍ക്ക് ഇവിടെ എന്നും ഒരു വരണ്ട നിറമാണെന്ന് തോന്നാറുണ്ട്, മനസ്സ് മരുഭൂമിയാക്കി ഇവിടെ ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ മനസ്സിന്‍റെ അതേ നിറം.. ഇവിടെ വീശിയടിക്കുന്ന ഉഷ്ണകാറ്റിനേക്കാള്‍ ചൂടുണ്ട് പ്രവാസിയുടെ ചില നിശ്വാസങ്ങള്‍ക്ക്. പടിഞ്ഞാറന്‍ വയലുകളെ തഴുകിയെത്തുന്ന ആ കുളിര്‍കാറ്റ്, മുറ്റത്തെ മുല്ലയുടെയും പിച്ചകത്തിന്‍റെയും മനം മയക്കുന്ന സുഗന്ധം., കാക്കകളുടെ കലമ്പൽ, കുയിലിന്റെ പാട്ട്, മൈനകളുടെയും മാടത്തകളുടെയും  കുറുകല്‍. എല്ലാം ഇല്ലായ്മകളുടെ പട്ടികയിലാണ്. ഇവിടെ മഴപെയ്യാറുണ്ടെങ്കിലും അതിനു ചന്തമില്ല, കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞുകാലമില്ല. വൈകുന്നേരങ്ങളിൽ കമ്പനി കൂടി സൊറ പറഞ്ഞിരിക്കാന്‍ പഞ്ചായത്ത് വക കലുങ്കുകളോ കടത്തിണ്ണകളോ ഇല്ല, നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല, തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും കല്ലെറിഞ്ഞു വീഴ്ത്താന്‍ കണ്ണിമാങ്ങകളും കോരിക്കുടിക്കാന്‍ ശുദ്ധമായ കിണര്‍ വെള്ളവുമില്ല.. അങ്ങനെ ഒത്തിരി ഒത്തിരി ഇല്ലായ്മകള്‍, ആരറിയുന്നു! ആരു മനസ്സിലാക്കുന്നു!!, ഞങ്ങളുടെ പ്രിയപ്പെട്ട നഷ്ടങ്ങളെകുറിച്ച്, ഇല്ലായ്മകളെ കുറിച്ച്, വല്ലായ്മകളെ കുറിച്ച്! ശീതീകരിച്ച മുറിയുടെ വെള്ളയടിച്ച നാല് ചുവരുകള്‍ക്കുള്ളില്‍ ഒരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിലും പരിമിതികൾക്കുള്ളിലും കിടന്ന് കെട്ടിത്തിരിയുകയാണ്.. ഏത് അര്‍ഥത്തിലും നിങ്ങളാണ് ഭാഗ്യവാന്മാർ, നാടിന്‍റെ സുഖശീതളമാര്‍ന്ന പച്ചപ്പില്‍ അല്ലലുകളും അലട്ടലുകളും ഇല്ലാതെ, പ്രിയപ്പെട്ടവരുടെ മുഖം എന്നും കണികണ്ടുണര്‍ന്ന് അവരുടെ സ്നേഹ ലാളനകള്‍ അറിഞ്ഞും അനുഭവിച്ചും.. അങ്ങിനെ അങ്ങിനെ.. "ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച.." അതാണല്ലോ സത്യം!. 

'ഹലോ! നീയവിടെയില്ലേ..? വീണ്ടും ജബ്ബാറിന്റെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. അതിനു മറുപടിയായി ഞാൻ അലസമായൊന്നു മൂളി. "ആ അതൊക്കെ വിട്, ഞാനെന്റെ മനസ്സിലെ വിഷമം കൊണ്ട് വെറുതേ പറഞ്ഞതാടാ..” പിന്നെ ഒന്ന് നിറുത്തി ഒരു നിമിഷത്തിനു ശേഷം അവൻ തുടർന്നു: "ഞാനിപ്പോ നിന്നെ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്.." വീണ്ടും ചില നിമിഷങ്ങളുടെ ഇടവേള.. അവനൊന്ന് കണ്ഠശുദ്ധി വരുത്തി. അതിൽ നിന്നും അവനു പറയാനുള്ളത് എന്തോ പ്രധാന വിഷയമാണെന്ന് എനിക്ക് തോന്നി. "എടാ.. നമ്മുടെ നൂർജാടെ കല്യാണം ഇന്നലെ ഉറപ്പിച്ചു.. കുറേ നാളായില്ലേ ഓൾക്ക് അന്വേഷണം നടക്കണൂ.. ഇതിപ്പോ പെട്ടെന്നുണ്ടായതാ, ചെക്കന്റെ വീട് ചേറ്റുവയിലാ, നല്ല കുടുംബോം മറ്റുമൊക്കെയാണ്. ബേങ്കളൂരിലെ ഒരു ഐറ്റി കമ്പനീലാ ജോലി.. അടുത്ത മാസം ഇരുപതാന്തി നടത്തികൊടുക്കണം.. നാൽപ്പത് പവനാണത്രേ ചെക്കന്റെ പെങ്ങളെ കെട്ടിക്കുമ്പോൾ കൊടുത്തത്.. ചുരുങ്ങിയത് അത്രയെങ്കിലും കൊടുക്കണമെന്നാണ് ദല്ലാൾ പറയുന്നത്.. ഇനിപ്പോ കഷ്ടിച്ച് ഒന്നര മാസം.. അതിന്നിടേൽ എന്ത് ചെയ്യണമെന്നറിയാത്ത ബേജാറിലാണെടാ ഞാൻ.." നിശ്ശബ്ദ കേൾവിക്കാരനായി ഞാൻ  മൊബൈൽ ചെവിയോട് ചേർത്തുവെച്ച് കിടന്നു. ജബ്ബാർ തുടർന്നു. 'നജ്മാനെ കെട്ടിച്ചയച്ചത് നിങ്ങളുടെയെല്ലാം സഹായം കൊണ്ടാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ!  ഇതിനും നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടും എനിക്ക് പറയാനില്ല.. എന്നെകൊണ്ട് കൂട്ട്യാ കൂടണത് എന്താണെന്ന് നിനക്കറിയാല്ലൊ! അതോണ്ട്, ഇക്കാര്യത്തിനും നിങ്ങളൊക്കെതന്നെ മുൻ കയ്യെടുത്ത് കാര്യങ്ങൾ ഭംഗിയാക്കിത്തരണം., ഉമ്മറിനേം അലീനേം ഹുസൈനേം സലീമിനേം ജമാലിനേം മറ്റും ഞാൻ നാളെ വിളിച്ചോളാം'' അവൻ പറയാനുള്ളത് പറഞ്ഞു നിറുത്തി നിശ്ശബ്ദനായി.

ADVERTISEMENT

മറുപടി പറയാനാഞ്ഞപ്പോൾ തൊണ്ടക്കുഴി വല്ലാതെ ഉണങ്ങി വരണ്ട് ശബ്ദം പുറത്തേക്ക് വരാത്തപോലെ തോന്നി ഞാൻ ഉമിനീരിറക്കി തൊണ്ടയൊന്ന് നനച്ചു. 'ഇൻഷാ അള്ളാ.. നമുക്ക് നോക്കാമെടാ.. ഞങ്ങളൊക്കെ ഇവിടെയില്ലേ.. നീ ബേജാറാവണ്ട' അവനെ സമാധാനിപ്പിക്കാനായി ആ മറുപടി കൊടുക്കുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. കോൾ കട്ട് ചെയ്ത് തിരിഞ്ഞു കിടന്നപ്പോള്‍ ഖൽബിനുള്ളിൽ എന്തിനെന്നറിയാതെ ഒരു വിങ്ങല്‍.. നിയമ നിഷേധമാണെന്നറിഞ്ഞിട്ടും ആണ്മക്കളെ വളർത്താനും പഠിപ്പിക്കാനും ചിലവഴിച്ചത് വിവാഹ കമ്പോളത്തിൽ വസൂലാക്കാൻ ശ്രമിക്കുന്ന നെറിയില്ലാത്ത ചിലർ. ഗത്യന്തരമില്ലാതെ അതിനു തലവെച്ചു കൊടുക്കുന്ന മറ്റു ചിലർ.. ഒരു ശരാശരി കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കാൻ എന്തൊക്കെ കഷ്ടപ്പാടുകളാണ് രക്ഷിതാക്കൾ അനുഭവിക്കേണ്ടി വരുന്നത്! അനാചാരങ്ങളുടേയും മാമൂലുകളുടേയും പിടിയിൽ നിന്ന് സമൂഹത്തിനൊരു മോചനം സാധ്യമാവുമെന്ന് തോന്നുന്നില്ല, പുതു തലമുറകൾ അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതല്ലാതെ ഒന്നും തിരസ്കരിക്കുവാൻ തയ്യാറാവുന്നില്ല എന്നതാണ് ഏറെ ഖേദകരമായ വസ്തുത. നാലഞ്ചു കൊല്ലം മുമ്പ് നടത്തിയ നജ്മാടെ വിവാഹത്തിന്റെ കെട്ടുപാടുകൾ ഇതുവരെ തീർന്നിട്ടില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ളതാണ് ജബ്ബാർ. തന്നെ സംബന്ധിച്ചു നോക്കിയാലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ.. ഒരു ചെറിയ വീടിന്റെ പണിയും മൂത്ത മകളുടെ വിവാഹവും കഴിഞ്ഞതോടെ ആകെക്കൂടി പാപ്പരായ അവസ്ഥയിലായിപ്പോയി, മൂന്ന്നാലു കൊല്ലം പിന്നിട്ടെങ്കിലും ഇന്നും അതിന്റെ ബാധ്യതകൾ പൂർണ്ണമായും ഒഴിഞ്ഞു എന്ന് പറയാനാവില്ല, രണ്ട് ബേങ്ക് ലോണുകളും കമ്പനി സ്റ്റാഫ് ലോണും ഇനിയും അടച്ചു തീരാൻ ബാക്കി കിടക്കുന്നു. കടങ്ങളുടെ ഒരു വലിയ ചുഴി തനിക്ക് ചുറ്റും വലയം ചെയ്ത് ആർത്തിരമ്പി നിൽപ്പുണ്ട്, ഒരു ഞാണിന്മേൽ കളി പോലെയാണ് അതിൽ അകപ്പെടാതെ തെന്നിമാറികൊണ്ടിരിക്കുന്നത്, എല്ലാം കൂടി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുക എന്നാണെന്നറിയില്ല. ഇനിയും രണ്ട് പെൺകുട്ടികൾ കൂടി വളർന്നു വരുന്നു.. കണ്ണടച്ചു തുറക്കും പോലെയാണ് പെൺകുട്ടികളുടെ വളർച്ച എന്ന് പറയുന്നത് യഥാർഥ്യമണെന്ന് തോന്നിപ്പോവുന്നു. സമയമാവുമ്പോൾ എല്ലാം ശരിയാകുമെന്ന ഒരു ശുഭപ്രതീക്ഷ മാത്രമാണ് ആശ്രയം.

അന്ന് നജ്മാടെ കല്യാണത്തിനു പലരും പലനിലക്കും ശ്രമിച്ചിട്ടും പറഞ്ഞ സംഖ്യ തികയാതെ വന്നപ്പോൾ ഒടുവിൽ ഒരു ബംഗാളിയിൽ നിന്ന് കൊള്ളപലിശക്ക് കടം വാങ്ങിയാണ് ഒരു വിധം ആ സംഖ്യ ഒപ്പിച്ചയച്ചത്. നിങ്ങളാര്? ഖത്തർ ഷൈക്കിന്റെ മക്കളോ! എന്ത് കണ്ടിട്ടാ ഇത്രേം വലിയൊരു തുക കൊടുക്കാമെന്നേറ്റതെന്ന് ചോദിച്ച് വളരെ അടുത്തവർ പോലും പരിഹസിച്ചു, കുറ്റപ്പെടുത്തി. സ്വന്തം മകൾക്ക് ഇരുപത്തഞ്ച് പവൻ തികച്ചു കൊടുക്കാൻ കഴിയാത്ത നീയൊക്കെയാണോ ഇപ്പൊ നാട്ടുകാരുടെ മക്കളെ കെട്ടിക്കാൻ നടക്കുന്നതെന്നായിരുന്നു അടുത്തൊരു ബന്ധുവിന്റെ കുത്ത്. ഇപ്പോഴാണെങ്കിൽ സഹായ മനസ്ഥിതിയുള്ള സുഹൃത്തുക്കളിൽ പലരും തന്നെപ്പോലെതന്നെ പരിതാപകരമായ അവസ്ഥകളിലാണ്. രണ്ട് പേരുടെ വീട് പണി നടക്കുന്നു, ചിലരുടെ മക്കളുടെ പഠനവും മറ്റുമായി സാമ്പത്തിക പരാധീനതകൾ മൂലം ഫാമിലിയെപോലും നാട്ടിൽ നിറുത്തിയിരിക്കുകയാണ്, മറ്റ് ചിലരുടെ ജോലിക്കാര്യം ഖത്തർ ഉപരോധത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലാണ്. ഈ ഒരവസ്ഥയിൽ എന്ത് കണ്ടാണ് നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞ് അവനെ താൻ ആശ്വസിപ്പിച്ചത്! ആഹ്..! എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല!. ശുഭാപ്തി വിശ്വാസത്തിന്റേതായ ഒരു ദീർഘനിശ്വാസത്തിലേക്ക് ചിന്തകൾ ഒതുങ്ങിക്കൂടി. ഒരു രൂപ പോലും നീക്കിയിരിപ്പില്ലാത്തപ്പോഴല്ലെ താൻ വീടുപണി തുടങ്ങിവെച്ചത്, നാലഞ്ചു വർഷം നീണ്ടെങ്കിലും ഇന്ന് അത് പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നല്ലോ! ഒരു പവൻ സ്വർണ്ണത്തിനു പോലും കാശില്ലാത്ത സമയത്താണല്ലൊ മകളുടെ കല്യാണ തിയതി കുറിച്ചത്! സ്ത്രീയെ തന്നെ ധനമായി കരുതുന്ന ഒരു മരുമകനായത്കൊണ്ട് അതും വളരെ ഭംഗിയായിതന്നെ കഴിഞ്ഞുകൂടി. എല്ലാം ഒരാത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു, കൂടെ നല്ലവരും സുമനസ്സുകളുമായ സുഹൃത്തുക്കളുടെ കരുതലും അകമഴിഞ്ഞ സഹായത്തിന്റെ ബലവും.. ഇതും അങ്ങനെയൊക്കെത്തന്നെ അങ്ങ് കഴിയും, ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കാര്യമല്ലേ! 

ADVERTISEMENT

പ്രവാസം പഠിപ്പിച്ച ചില പാഠങ്ങളും മൂല്യങ്ങളുമുണ്ട്. ആശ്രയിക്കുന്നവരെ നിരാശരാക്കാതിരിക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. ആര് എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെത്തന്നെ തുടരാനാണ് ഞങ്ങൾക്ക് താൽപര്യം. പരസ്പര വിശ്വാസവും ധാരണകളും സഹായങ്ങളും ഇടപെടലുകളുമാണല്ലൊ മനുഷ്യരെ സാമൂഹിക ജീവികളാക്കുന്നതും ബന്ധങ്ങൾക്ക് ഈടും കെട്ടുറപ്പും നൽകുന്നതും! അതില്ലാതെ സാമൂഹിക വ്യവസ്ഥിതികൾക്ക് നിലനിൽപ്പ് ഇല്ലതന്നെ. എല്ലാം വരുന്നേടത്ത് വെച്ച് കാണാം.. അല്ല പിന്നെ! ചിന്തകളുടെ ആധിക്യത്തിലും പിരിമുറുക്കത്തിലും പെട്ട് സമയം അതിക്രമിച്ചിരിക്കുന്നു, ഉറക്കം കൺ പോളകളെ തഴുകിത്തുടങ്ങിയിരിക്കുന്നു. നാളെയും പുലര്‍ച്ച നാലുമണിക്ക് അലാറം അലറി വിളിക്കും, തനിയാവര്‍ത്തനങ്ങളുടെ വിരസമായ ഒരു ദിനം കൂടി കടന്നു വരുന്നതിന്‍റെ നാന്ദി കുറിക്കാന്‍.. അതുകൊണ്ട് ഇനി ഞാനുറങ്ങട്ടെ.. എന്‍റെ പ്രിയപ്പെട്ട തലയിണയും കെട്ടിപ്പിടിച്ച്, കൊച്ചു കൊച്ചു സ്വകാര്യ സ്വപ്‌നങ്ങള്‍ കണ്ട്. ശുഭരാത്രി. 

English Summary:

Malayalam Experience Note ' Illaymakalum Vallaymakalum ' Written by Sidheek Thozhiyoor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT