'അധിക്ഷേപങ്ങൾ, പരസ്യമായ ബോഡി ഷേമിങ്ങ്...'; മലയാളിവീടുകളിൽ കാലങ്ങളായി നിലനിന്നു പോന്ന പ്രവണതകൾ
“അതേ, അമ്മയ്ക്ക് നല്ല സുഖമില്ലാന്ന് രാവിലെ വിളിച്ചു പറഞ്ഞു. ഞാനൊന്ന്… ഞാനൊന്ന് വീട് വരെ പോയി വരട്ടെ?” ഗതികെട്ട ഒരു ഭാര്യയുടെ അപേക്ഷയാണ് മുകളിൽ കൊടുത്തത്. അതിന് ഒരു ശരാശരി ഭർത്താവിന്റെ മറുപടി എന്താകും? “വിളിച്ചു പറഞ്ഞാൽ ഉടനെ ഓടി ചെല്ലണോ? നീയാര് ഡോക്ടറോ?
“അതേ, അമ്മയ്ക്ക് നല്ല സുഖമില്ലാന്ന് രാവിലെ വിളിച്ചു പറഞ്ഞു. ഞാനൊന്ന്… ഞാനൊന്ന് വീട് വരെ പോയി വരട്ടെ?” ഗതികെട്ട ഒരു ഭാര്യയുടെ അപേക്ഷയാണ് മുകളിൽ കൊടുത്തത്. അതിന് ഒരു ശരാശരി ഭർത്താവിന്റെ മറുപടി എന്താകും? “വിളിച്ചു പറഞ്ഞാൽ ഉടനെ ഓടി ചെല്ലണോ? നീയാര് ഡോക്ടറോ?
“അതേ, അമ്മയ്ക്ക് നല്ല സുഖമില്ലാന്ന് രാവിലെ വിളിച്ചു പറഞ്ഞു. ഞാനൊന്ന്… ഞാനൊന്ന് വീട് വരെ പോയി വരട്ടെ?” ഗതികെട്ട ഒരു ഭാര്യയുടെ അപേക്ഷയാണ് മുകളിൽ കൊടുത്തത്. അതിന് ഒരു ശരാശരി ഭർത്താവിന്റെ മറുപടി എന്താകും? “വിളിച്ചു പറഞ്ഞാൽ ഉടനെ ഓടി ചെല്ലണോ? നീയാര് ഡോക്ടറോ?
'പുതുതലമുറ പെൺകുട്ടികൾ വിവാഹം കഴിക്കാൻ വിമുഖത കാട്ടുന്നു…' കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ, ഞാൻ ഉൾപ്പെടെ പലരും വായിച്ചതും ഏറെ ചിന്തിച്ചതുമായ വിഷയമാണ്. അതിനെ തുടർന്നുള്ള കമന്റുകൾ, മറുപടികൾ ഒക്കെയും പെൺകുട്ടികൾ, വിദ്യാഭ്യാസം, ജോലി, വരുമാനം ഇവ മൂന്നും നേടിക്കഴിയുമ്പോൾ ഉള്ള അവരുടെ അഹങ്കാരം അല്ലെങ്കിൽ ധാർഷ്ട്യമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം എന്നൊരു സൂചനയിലേക്ക് വിരൽ ചൂണ്ടുന്നു. ഇങ്ങനെ ഒരു ന്യായീകരണത്തിലൂടെ സ്വയം ആശ്വാസം കണ്ടെത്തുന്നതിന് പകരം ശരിയായ കാരണങ്ങൾ വിശകലനം ചെയ്യുന്നതല്ലേ നല്ലത്?മലയാളി പുരുഷന്റെ മനോഭാവം മാറാതെ, വരും കാലത്ത് പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല. മുപ്പതോ മുപ്പത്തഞ്ചോ വർഷം മുൻപ്, ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടിരുന്ന്, അകത്തേക്ക് നോക്കി, “എടീ ചായ കൊണ്ട് വാ… അല്ലെങ്കിൽ എടീ വെള്ളം കൊണ്ട് വാ..” എന്നൊക്കെ ആജ്ഞാപിച്ചിരുന്ന കാർന്നോരുടെ അതേ മനോഭാവം വെച്ചു പുലർത്തുന്നവരാണ് ഇന്നത്തെ പുതു തലമുറ പുരുഷൻമാരും എന്ന് പറഞ്ഞാൽ അതിന്റെ സത്യാവസ്ഥ ആർക്കും നിഷേധിക്കാൻ കഴിയില്ല.
'വെറുതെ ഒരു ഭാര്യ' എന്ന സിനിമ ഇറങ്ങി പതിനഞ്ചോളം വർഷങ്ങൾ കഴിഞ്ഞിറങ്ങിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', 'ജയ ജയ ജയഹേ' എന്നീ സിനിമകൾക്ക് കിട്ടിയ നെഗറ്റീവ് റിവ്യൂ ആലോചിച്ചു നോക്കിയാൽ സ്ഥിതി മനസ്സിലാകും. എന്തുകൊണ്ട് ആ സിനിമകൾ സ്ത്രീകൾ നെഞ്ചിലേറ്റി സ്വീകരിച്ചു എന്ന് ഞാൻ പറയാതെ തന്നെ തിരിച്ചറിയാൻ സാധിക്കും. പല വീടുകളുടെയും അകത്തളങ്ങളിൽ നടക്കുന്ന പച്ചയായ സത്യങ്ങൾ സിനിമ എന്ന മാധ്യമത്തിലൂടെയെങ്കിലും വെളിച്ചത്തു വരുമ്പോൾ സ്ത്രീകൾ ആ തുറന്നു കാട്ടലിനെ സുസ്വാഗതം ചെയ്തു. മലയാളി വീടുകളുടെ അകത്തളങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന, ഇനിയും ഏറെക്കാലം മാറ്റമൊന്നും സംഭവിക്കാൻ ഇടയില്ലാത്ത ചില ഉദാഹരണങ്ങൾ നോക്കാം.
“അതേ, അമ്മയ്ക്ക് നല്ല സുഖമില്ലാന്ന് രാവിലെ വിളിച്ചു പറഞ്ഞു. ഞാനൊന്ന്… ഞാനൊന്ന് വീട് വരെ പോയി വരട്ടെ?” ഗതികെട്ട ഒരു ഭാര്യയുടെ അപേക്ഷയാണ് മുകളിൽ കൊടുത്തത്. അതിന് ഒരു ശരാശരി ഭർത്താവിന്റെ മറുപടി എന്താകും? “വിളിച്ചു പറഞ്ഞാൽ ഉടനെ ഓടി ചെല്ലണോ? നീയാര് ഡോക്ടറോ? സുഖമില്ലെങ്കിൽ ആശുപത്രിയിൽ പോകണം. അല്ലാതെ മോളെ വിളിച്ചു വരുത്തുകയല്ല വേണ്ടത്. നീയിപ്പോ എങ്ങും പോകുന്നില്ല.. അല്ല പിന്നെ.” ഇതിൽ തീക്ഷ്ണതയ്ക്ക് അൽപസ്വൽപം വ്യത്യാസം വരുമെന്നതൊഴിച്ചാൽ പല മറുപടികളുടെയും സാരാംശം ഇതു തന്നെയാകും. ജോലിയില്ലാത്ത, സ്വന്തമായി വരുമാനമില്ലാത്ത, എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്ന ഒരു വീട്ടമ്മയ്ക്ക് അനുസരിക്കുകയെ തരമുള്ളൂ. പല വീടുകളിലും ജോലിയില്ലാത്ത പെണ്ണുങ്ങൾടെ കഴുത്തിൽ ബെൽറ്റ് ഇല്ലെന്നേയുള്ളൂ. യജമാനനോട് വിധേയത്വമുള്ള, അനുസരണയുള്ള കാവൽനായയാണ് പലരും!
ഇനി മറ്റൊരു ഉദാഹരണം നോക്കാം. സ്വന്തം സഹോദരങ്ങളുടെ വിവാഹമോ, പാലു കാച്ചോ, കുഞ്ഞുങ്ങളുടെ വിശേഷങ്ങളോ അങ്ങനെ എന്തെങ്കിലും പണചെലവുകൾ വന്നാൽ, തഞ്ചവും തരവും നോക്കി ഭവ്യതയോടെ വിഷയം അവതരിപ്പിക്കണം. എന്നാലോ? പല സ്ത്രീകൾക്കും കിട്ടുന്ന മറുപടി നിരാശപ്പെടുത്തുന്നതാകും. “ചോദിക്കുമ്പോ എടുത്തു തരാൻ ഇവിടെ പണം കായ്ക്കുന്ന മരം വല്ലതും ഉണ്ടെന്നാണോ നിന്റെ വിചാരം? തൊട്ടതിനും പിടിച്ചതിനും എല്ലാം പണം വേണം.. ഹും.. അവൾക്ക് ഇത് വല്ലതും അറിയണോ?” ചിലർക്ക് അവശ്യത്തിന് പണം കിട്ടും. പക്ഷേ അതിന്റെ അകമ്പടിയായി കേൾക്കേണ്ടി വരുന്ന അധിക്ഷേപങ്ങൾ തേച്ചാലും മായ്ച്ചാലും മായില്ല. ആത്മാവിന്റെ അങ്ങേ പടിയിൽ മരണം വരെയും മായാതെ കിടക്കും ആ വാക്കുകൾ ഏൽപ്പിക്കുന്ന നോവ്. അഭിമാനത്തിന്റെ അവസാന പടിയിൽ വഴുതി വീഴാതെ നിൽക്കുന്ന സ്ത്രീകളുടെ ദൈന്യത… അതനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാകൂ. മാട് പോലെ പണിയെടുത്തിട്ടും കഴിക്കുന്ന ആഹാരത്തിനും ഉടുക്കുന്ന വസ്ത്രത്തിനും വരെ എച്ചിക്കണക്ക് പറയുന്ന അൽപന്മാരും നിരവധി!
ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയാണെങ്കിലും പലപ്പോഴും സ്ഥിതി ഇതൊക്കെ തന്നെ ആകും. വിവാഹത്തോടെ ജോലിക്ക് പോക്ക് അവസാനിപ്പിച്ച്, അടുക്കളക്കാരിയുടെ വേഷവും വീട്ടിലെ മുതിർന്നവരുടെ കെയർ ടേക്കർ സ്ഥാനവും ഏറ്റെടുക്കേണ്ടി വരുന്ന നിർഭാഗ്യവതികളായ എത്രയെത്ര പെൺകുട്ടികളുടെ നെടുവീർപ്പുകൾ അടുക്കള ചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമരുന്നു. അതി വിരുതന്മാരായ ചില പുരുഷൻമാർ ഭാര്യയെ ജോലിക്ക് വിടാൻ തയാറായി മഹാമനസ്കത കാട്ടും. ജോലിക്ക് പോകാനുള്ള അവസരം കൈ വരുമ്പോൾ തന്നെ ഈ വിരുതന്മാർ പറയും, “രാവിലെ ഒരുങ്ങി കെട്ടി ജോലിക്ക് എന്നും പറഞ്ഞു പോകുന്നതൊക്കെ കൊള്ളാം, ഇവിടുത്തെ കാര്യങ്ങളിൽ ഒരു വീഴ്ചയും വരുത്തരുത്. അങ്ങനെ എങ്ങാനും സംഭവിച്ചാൽ അന്നത്തോടെ തീരും നിന്റെ ഉദ്യോഗം.. ങ്‌ഹാ.. പറഞ്ഞില്ലെന്നു വേണ്ടാ.”
അനുസരണയുടെ അളവുകോലുകൾ അണുവിട തെറ്റാതെ ശീലിച്ച ഒരു പെൺകുട്ടി പിന്നെ, അതുവരെയുള്ള തന്റെ സൽപ്പേര് നിലനിർത്താനുള്ള തത്രപ്പാടിലാകും. ഇങ്ങനെ ഒക്കെ ആണെങ്കിലും ശമ്പളം കിട്ടിയാൽ വണ്ടിക്കൂലിക്കുള്ള കാശ് ഒഴികെ ബാക്കി മുഴുവൻ ഭർത്താവിനെ ഏൽപ്പിക്കണം! ഇല്ലെങ്കിൽ എ ടി എം കാർഡ് ഏൽപ്പിച്ചാലും മതി. അത് എന്തുകൊണ്ടാണ്? കാരണം പെണ്ണിന് കാശ് സൂക്ഷിച്ചു ചിലവാക്കാൻ അറിയില്ല. എന്നാലോ കേമനായ ഭർത്താവ് സൂക്ഷിച്ചു വെച്ചതിന്റെ കണക്ക് ചോദിക്കാനും പാടില്ല! ഉദ്യോഗസ്ഥയായാൽ സാമ്പത്തിക സ്വാതന്ത്ര്യം നേടി എന്ന് എല്ലാ പെണ്ണുങ്ങളുടെയും കാര്യത്തിൽ പറയാൻ സാധിക്കില്ല. മറ്റൊരു ഉദാഹരണം നോക്കാം.
എന്റെ പരിചയത്തിലുള്ള ഒരു റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയാണ് കഥാനായിക. എഴുപതിൽ കൂടുതൽ പ്രായമുണ്ട്. വിവാഹം കഴിഞ്ഞിട്ട് നാൽപത് വർഷത്തോളമായി. വിവാഹം കഴിഞ്ഞ കാലം മുതൽ ആറുമാസം മുൻപ് വരെ ശമ്പളമായും പെൻഷനായും ലഭിച്ചു വന്ന തുക കൃത്യമായി ഭർത്താവിനെ ഏൽപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ആറുമാസമായി പെൻഷൻ തുക സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതിന് ശേഷം, എൺപത് വയസ്സ് പിന്നിട്ട അവരുടെ ഭർത്താവ് അവരോട് മിണ്ടാറില്ലത്രേ! നാൽപതോളം വർഷങ്ങൾ ആ സ്ത്രീ ജോലി ചെയ്ത ശമ്പളവും പെൻഷനും മുഴുവൻ ഭർത്താവിനെ ഏല്‍പ്പിച്ചു പോന്നു. വെറും ആറുമാസം ആ തുക കിട്ടാതെ വന്നപ്പോൾ അയാൾ അവരെ ശത്രു സ്ഥാനത്ത് കാണാൻ തുടങ്ങി! “ഇത്രയും വർഷത്തിനിടയിൽ എനിക്കിഷ്ടമുള്ള യാതൊന്നും ഞാൻ വാങ്ങിയിട്ടില്ല. കൂടെയുള്ള അധ്യാപകർ ശമ്പളം കിട്ടുമ്പോൾ പലതും വാങ്ങി ഉപയോഗിക്കുന്നത് ഞാൻ കൊതിയോടെ നോക്കി ഇരുന്നിട്ടുണ്ട്. എന്നിട്ടും അയാൾ എന്നോട് ഇങ്ങനെ കാണിക്കുന്നല്ലോ?” നെടുവീർപ്പോടെ അവർ പറഞ്ഞു നിർത്തുമ്പോൾ എനിക്കും സങ്കടം തോന്നി.
എഴുപതും എൺപതും വയസ്സ് പിന്നിട്ട ദമ്പതികളുടെ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്. പുറത്തു പറയാൻ കഴിയാതെ എത്രയോ സ്ത്രീകൾ ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിടുന്നുണ്ടാകും. വിവാഹത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ മേൽ വന്നു ഭവിക്കുന്ന ഭാരം ചെറുതല്ല. വീട്ടുജോലികൾ, അടുപ്പിച്ചുള്ള പ്രസവം, കുഞ്ഞുങ്ങളെ വളർത്താനുള്ള പെടാപ്പാടുകൾ, സ്കൂൾ കാലയളവ് മുഴുവൻ കുട്ടികൾക്ക് മേൽ വേണ്ടി വരുന്ന ശ്രദ്ധ, ഇതിനിടയിൽ എല്ലാം ഒരു കുറവും വരുത്താതെയുള്ള ഭർതൃ ശുശ്രൂഷ, മാതാപിതാക്കളുടെ പരിരക്ഷ.. എല്ലാം ഭാര്യയുടെ ചുമലിൽ ആകും. ചെറിയൊരു ശതമാനം വീടുകളിൽ പുരുഷൻമാർ ഇതൊക്കെ പങ്കുപറ്റും എന്ന് വിസ്മരിക്കുന്നില്ല. ഇതിനൊക്കെ പുറമെ പരസ്യമായും രഹസ്യമായും ഏൽക്കേണ്ടി വരുന്ന ശാരീരികമായ കൈയേറ്റങ്ങൾ, മാനസിക പീഡനം, സംശയരോഗം, ലൈംഗിക വൈകൃതങ്ങൾ, സാമ്പത്തികമായ ചൂഷണം, ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം… മക്കളെ കരുതിയോ സമൂഹത്തെ കരുതിയോ, വർഷങ്ങളോളം ഇവയൊക്കെ സഹിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ നിസ്സഹായത, അനുഭവിക്കാത്തവന് അത് വെറും കഥ മാത്രമായിരിക്കും.
താരതമ്യങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ, നിരന്തരം ഏൽക്കേണ്ടി വരുന്ന അധിക്ഷേപങ്ങൾ, അവഹേളനങ്ങൾ, പരസ്യമായ ബോഡി ഷേമിങ്ങ്, അച്ഛനമ്മമാർ വരെ കേൾക്കേണ്ടി വരുന്ന അപമാനങ്ങൾ ഒക്കെയും സഹിക്കേണ്ടി വരുന്നത് ആശ്രയമറ്റ വീട്ടമ്മയായ പെണ്ണൊരുത്തി മാത്രമല്ല, ഉദ്യോഗസ്ഥകളും അതിൽ പെടും! ചില സ്ത്രീകൾക്ക് അവർ അനുഭവിക്കുന്ന ദുരവസ്ഥ ആരെയും, ഒരുപക്ഷേ സ്വന്തം വീട്ടുകാരെ പോലും ബോധ്യപ്പെടുത്താൻ കഴിയില്ല. കാരണം ഭർത്താവ് അതി വിദഗ്ധനായ അഭിനേതാവ് ആയിരിക്കും! അനുഭവങ്ങളുടെ തീച്ചൂളയിൽ ആ സ്ത്രീകൾ ഒരായുസ്സ് വെന്തു തീർക്കേണ്ടതായി വരും. ചക്കിലെ കാളയെപ്പോലെ ഒരായുഷ്ക്കാലം മുഴുവൻ, ഭർത്താവ് എന്നൊരു കേന്ദ്ര ബിന്ദുവിന് ചുറ്റും ഇടതടവില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ. എല്ലാ സമരസപ്പെടലും അഡ്ജസ്റ്റ്മെന്റുകളും നീക്കുപോക്കുകളും മൊത്തമായും ചില്ലറയായും ഏറ്റുവാങ്ങേണ്ടതും വണ്ടിക്കാളകളെ പോലെയുള്ള സ്ത്രീ ജന്മങ്ങൾ മാത്രം!
അമ്പത്താറോ അറുപതോ വയസ്സിൽ ഒരു പുരുഷന് അതുവരെ ഏർപ്പെട്ടിരുന്ന തൊഴിലിൽ നിന്നും വിരമിക്കാം. അതിന് ശേഷവും അതുവരെ ലഭിച്ചിരുന്ന എല്ലാ പ്രിവിലേജും അയാൾക്ക് യഥേഷ്ടം ലഭിക്കും. സ്ത്രീയ്ക്ക് / ഭാര്യയ്ക്ക് വിരമിക്കൽ ഇല്ല. കാലം പോകെ ജോലിഭാരം ഏറുകയേയുള്ളൂ. അഡ്ജസ്റ്റ്മെന്റിന്റെ ഏറ്റവും താഴെ പടി വരെയും പിടിച്ചു നിന്നിട്ടും പാമ്പു കൊത്തിയും ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചും, വെട്ടിയും കുത്തിയും ശ്വാസം മുട്ടിയും വെള്ളത്തിൽ തള്ളിയിട്ടും ജീവൻ നഷ്ടപ്പെട്ടു പോയ എത്രയെത്ര മിടുക്കി പെൺകുട്ടികൾ! വിവാഹത്തിന്റെ രക്തസാക്ഷികൾ! ഇനി അഥവാ ഒരു മിടുക്കിക്കുട്ടി നരക തുല്യമായ വിവാഹജീവിതത്തിന്റെ കുരുക്കിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചാലോ? ആസിഡോ കത്തിയോ വഴി ജീവൻ റോഡിലോ വഴിയിലോ പൊലിയും! കേരളത്തിൽ നല്ലൊരു ശതമാനം പെൺകുട്ടികൾക്കും വിവാഹത്തിലൂടെ നഷ്ടങ്ങൾ മാത്രമാകും സംഭവിച്ചിട്ടുണ്ടാവുക. ആരോഗ്യം, സ്വാതന്ത്ര്യം, ജോലിക്ക് വിടായ്ക അങ്ങനെ എന്തെല്ലാം നഷ്ടങ്ങൾ. എത്ര ഉന്നത വിദ്യാഭ്യാസം നേടി എന്നവകാശപ്പെട്ടാലും ആനയ്‌ക്കെടുപ്പത് പൊന്നും പണവും മറ്റ് വസ്തുവകകളും നൽകാതെ ഒരു പെണ്ണിനും ഉദ്യോഗവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു വരനെ ലഭിക്കില്ല.
ഒറ്റത്തവണ പണം നൽകി നേടാൻ കഴിയുന്ന ഒന്നല്ല വരൻ. തവണ വ്യവസ്‌ഥയിൽ ആജീവനാന്തം തുടരേണ്ട പേയ്‌മെന്റ് സംവിധാനമാണ്. വിവാഹ ചെലവോടെ അവസാനിക്കില്ല പെൺ വീട്ടുകാരുടെ പണചെലവ്. മകളുടെ പ്രസവം, കുഞ്ഞുങ്ങളുടെ നൂലുകെട്ട്, വീട് പണി, പാലു കാച്ചൽ എന്ന് തുടങ്ങി വരന്റെ കുടുംബത്തിലുണ്ടാകുന്ന ഏതൊരു വിശേഷത്തിനും കൈയ്യയച്ച് ചെലവാക്കണം പെൺ വീട്ടുകാർ. ഇല്ലെങ്കിൽ മകൾക്ക് സ്വസ്ഥമായി അവിടെ ജീവിച്ച് പോകാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ.. സ്വന്തം അമ്മയുടെയോ, ഇളയമ്മയുടെയോ, അമ്മായിയുടെയോ അതുമല്ലെങ്കിൽ ചേച്ചിയുടെയോ ജീവിതം കണ്ടു വളർന്ന ഈ തലമുറയിലെ പെൺകുട്ടികൾ ഈ ഭാരം തലയിലേറ്റാൻ വയ്യെന്ന് തീരുമാനമെടുത്താൽ ആരുടെ ഭാഗത്താണ് ശരി? പുരുഷന് മികച്ച സുഹൃത്താകാൻ കഴിയും. മികച്ച അച്ഛനുമായിരിക്കും, മികച്ച സഹോദരനായിരിക്കും… പിന്നെന്തേ ഭർത്താവിന്റെ റോളിൽ വരുമ്പോൾ മാത്രം നല്ലൊരു ശതമാനം പേർക്കും ഒരു കടും പിടുത്തം?
'സഹധർമ്മം ചര' എന്ന അർഥത്തിൽ സഹധർമ്മിണി ആയി വേണം പെണ്ണൊരുവളെ ജീവിതത്തിലേക്ക് കൂട്ടേണ്ടത്.. ഇവിടെയാണ് പല പുരുഷൻമാരുടെയും പുറംപൂച്ച് വെളിപ്പെടുന്നത്. വിധേയത്വം അതിന്റെ എക്സ്ട്രീം ലെവലിൽ പുരുഷൻ, ഭാര്യയിൽ നിന്ന് പ്രതീക്ഷിക്കുന്നു! അടക്കി ഭരിക്കേണ്ടവളാണ് ഭാര്യ എന്നുള്ള വിശ്വാസം ഉള്ളിന്റെയുള്ളിൽ ഉറച്ചു പോയത് കൊണ്ടാകാം പലർക്കും ഈ ദുർവാശി. പുരുഷനും സ്ത്രീയും ഒരേ പോലെ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും ആകുമ്പോൾ ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കുവെക്കപ്പെടണം. ആണിന്റെ കുടുംബം മുകൾ തട്ടിലും പെണ്ണിന്റെ കുടുംബം അതിൽ താഴെയും എന്നൊരു മനോഭാവത്തിൽ മാറ്റമുണ്ടാകണം. എല്ലാ വിവാഹ ബന്ധത്തിലും അലിഖിതമായ ഒരു കീഴ് വഴക്കമുണ്ട്, അടുക്കളജോലി പെണ്ണിനുള്ളതാണ്, കുഞ്ഞുങ്ങളുടെ പരിചരണം പെണ്ണിനുള്ളതാണ്. അത് ചെയ്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം.. ഇത്തരം ചിന്താഗതികൾ മാറണം..
വന്നു കയറുന്ന പെണ്ണിന് കൽപ്പിച്ചു നൽകുന്ന അരുതുകൾ തൂത്തെറിയാൻ കഴിയണം. ജനിച്ച വീടും ചെന്നു കയറിയ വീടും അന്യയായ ആജീവനാന്ത അഭയാർഥിയാണെന്ന അധമബോധം ആ പെണ്ണിന്റെ ഉള്ളിൽ പോലും വളർത്താൻ അനുവദിക്കാതെ ചേർത്തങ്ങു പിടിക്കാൻ കഴിയണം നട്ടെല്ലുള്ള ആൺകുട്ടികൾക്ക്. വന്നു കയറിയ പെണ്ണൊരുവൾ ഒരിക്കലും അയിത്തത്തിന്റെ കയ്പറിഞ്ഞു അന്യയായ് നിൽക്കേണ്ടവളല്ലെന്നും സുഖത്തിലും ദുഃഖത്തിലും മറുപാതിയായി ചേർത്തു നിർത്തേണ്ടവൾ ആണെന്നും മറക്കരുത്. കാലം മാറി. ലോകം മാറി. ഇനി നമുക്കും മാറാം എന്ന് ചിന്തിക്കൂ… ഇല്ലെങ്കിൽ അശകൊശലെ പെണ്ണുണ്ടോ എന്ന് പാടി നടക്കേണ്ടി വരും…