എന്നും ബഹളവും തല്ലും, ഭാര്യയോടും മക്കളോടും സ്നേഹമില്ല; സമാധാനമില്ലാത്ത ജീവിതം
Mail This Article
എന്റെ ഗുരുവായൂരപ്പാ; ഇന്റെ അച്ചുവേട്ടന്റെ ദു:സ്വഭാവൊന്നു മാറിക്കിട്ടാൻ എന്താ ചെയ്യേണ്ടെന്റെ ഭഗവാനേ? കുടിച്ച് വന്ന് അസഭ്യം പറച്ചിലും എന്നേം മക്കളേം പൊതിരെ തല്ലുകേം ഒക്കെ ചെയ്യുമ്പൊഴൊക്കെ ഇന്നല്ലെങ്കി നാളെ ഇതിനൊരു മാറ്റണ്ടാവും എന്ന പ്രതീക്ഷയിൽ തന്നെയാ. പക്ഷെ, ഇന്നെനിക്കു തോന്നുന്നു എന്റെ ജീവിതം ഇങ്ങനെ നരകിച്ച് തീരാനാ വിധീന്ന്. ഇട്ടേച്ച് പോകാനറിയാഞ്ഞിട്ടൊന്നുമല്ല. അതിനെനിക്ക് സാധിക്കുന്നില്ല. അയാളെ ഞാനത്രക്ക് സ്നേഹിച്ചു പോയി. അതു മാത്രല്ല ആളുകളെന്തു പറയും? കെട്ടിയോനില്ലാത്ത പെണ്ണെങ്ങനെ രണ്ടു പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കും എന്ന പേടി. അതിനുള്ള തന്റേടമൊന്നും എനിക്കില്ല കണ്ണാ. പിന്നെ, പിന്നെ ഇന്റെ കുഞ്ഞുങ്ങൾക്ക് ഞാനായിട്ട് അച്ഛനില്ലാതാക്കില്ല. എനിക്കതിന് കഴിയില്ല. അവർക്ക് എന്നെങ്കിലും അവരുടെ അച്ഛന്റെ സ്നേഹം, ലാളന എല്ലാം അനുഭവിക്കാൻ യോഗണ്ടാക്കണേ. എന്തൊക്കെയായാലും ഇന്റെ കഴുത്തില് താലികെട്ടിയ ആളല്ലേ അയാൾക്ക് എന്നെങ്കിലും എന്നോടും മക്കളോടും സ്നേഹണ്ടാവോ? ദേവകി ടീച്ചർ ഒരു നെടുവീർപ്പോടെ വീണ്ടും ആത്മഗതം തുടർന്നു..
എന്തായാലും എന്റെ ജീവിതം തുലഞ്ഞു. ഒരു ജോലിയുള്ളതോണ്ട് ആരുടെ മുന്നിലും കൈ നീട്ടണ്ടല്ലോ. ഇല്ലേൽ ആ മനുഷ്യൻ ഞങ്ങളെ തെണ്ടാനും വിട്ടേനെ. അയാളുടെ ശമ്പളത്തീന്ന് ഒരു രൂപ പോലും എന്റേം കുട്ട്യോളേം കാര്യത്തിന് കിട്ടീട്ടില്ല. അതൊന്നും കിട്ടീലേലും സാരല്ല്യായിരുന്നു. ഈ തെറി വിളിയും തല്ലും ഒന്ന് നിർത്തിയാ മതിയായിരുന്നു. സ്നേഹത്തോടെ ഒരു നോട്ടം ഇന്നേ വരെ ഉണ്ടായിട്ടില്ല. പിന്നെ എങ്ങനോ രണ്ട് പിള്ളേരുണ്ടായി. അവരുടെ ഒരു കാര്യത്തിനു പോലും അദ്ദേഹം വരില്ല. എങ്ങനെ വരാനാ? (ഉൾതേങ്ങലോടെ, കണ്ണുകൾ നിറയുന്നതു സാരിത്തലപ്പുകൊണ്ടൊപ്പി) ഇന്ന് തന്നെ ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ഒന്ന് വന്നൂടെ? മോളൂന്റെ ഭരതനാട്യത്തിന്റെ അരങ്ങേറ്റല്ലേ ഈ ഗുരുവായൂര് നടേല്? ന്ന് ട്ടെന്താ കാര്യം, അച്ചുവേട്ടൻ വന്നോ? ഇല്ലല്ലോ? മോൾക്കെത്ര മാത്രം സങ്കടണ്ടാവും? ഗുരുവായൂരപ്പാ ഇതിനു മാത്രം ഞാനെന്ത് തെറ്റാചെയ്തത്?
അദ്ദേഹം കുടിച്ച് പൂസായി വീട്ടില് കിടക്കുന്നുണ്ടാവും. ഇന്നവധിയായിട്ടു പോലും ഒന്ന് കൂടെ പോന്നില്ല. ബാക്കിയുള്ള പിള്ളേരുടെ അച്ഛനമ്മമാർ വന്ന് കാണുമ്പോൾ ഇന്റെ കുട്ടിക്കൂണ്ടാവില്ലേ മോഹം? കള്ള് കുടിച്ച് കൂത്താടി നടക്കണ അച്ഛൻ; എല്ലാടത്തും മക്കളെ നാറ്റിച്ചിട്ടേ ഉള്ളൂ. അവർക്ക് അമ്മയും അച്ഛനും ഒക്കെ ഞാനാ. എല്ലാം കൂടി ഒറ്റക്ക് താങ്ങി എന്റെ മുതുകുവളഞ്ഞു. ഗുരുവായൂരപ്പാ, നീയല്ലാതെ ഞങ്ങക്ക് വേറാരൂല്ലതുണ. എന്നും എന്റെ ഉള്ളുരുകി പ്രാർഥിക്കുന്നുണ്ട്. ന്നാലും നീ കേൾക്കില്ലാന്നുണ്ടോ? എത്ര പരിഭവം പറഞ്ഞാലും ഉള്ള നിന്റെ കള്ളച്ചിരി കാണുമ്പൊണ്ടല്ലോ എനിക്ക് ദേഷ്യാവരണത്. ന്നാലും ഇന്റെ കണ്ണാ, ഞാൻ നിന്നോടല്ലാതെ മറ്റാരോടാ പരിഭവം പറയാ? അച്ചുവേട്ടന്റെ സ്വഭാവൊന്നു നേരെയാക്കി താ കണ്ണാ. പണവും പ്രതാപവുമൊക്കെ ഉണ്ടായിട്ടെന്താ കാര്യം? സ്വഭാവം നന്നല്ലെങ്കിൽ കഴിഞ്ഞില്ലേ? ഈ കള്ളുകുടിയൊന്നു മാറ്റിത്താ കണ്ണാ. മദ്യത്തോടുള്ള ഇഷ്ടമൊന്ന് കുറച്ചുതാ. എന്നും രാവിലേം വൈകുന്നേരോം നിന്റെ മുന്നിൽ തിരി കത്തിച്ച് പ്രാർഥിക്കണ എന്റെ കണ്ണീര് കാണാൻ വയ്യെങ്കിൽ ഇനി നിന്നെ കാണാൻ ഞാൻ വരുന്നില്ല. ദേവകി ടീച്ചർ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്റെ പരിഭവങ്ങളും സങ്കടങ്ങളും പങ്കുവെച്ചു.
നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ബാങ്ക് മാനേജർ അച്ചുതൻ കുട്ടി. വീട്ടു ചിലവിനൊന്നും ശമ്പളം തൊടേണ്ട ആവശ്യമില്ല. തൊടിക വരുമാനം ധാരാളമുണ്ട്. തെറ്റില്ലാത്ത കുടുംബം. ദേവകി ടീച്ചറിന്റെ വീട്ടുകാർ അച്ചുതൻ കുട്ടിയുടെ ആലോചന വന്നപ്പോൾ ചെറിയ തോതിൽ അയാളെക്കുറിച്ചന്വേഷണങ്ങളൊക്കെ നടത്തിയെങ്കിലും പറയത്തക്ക ദോഷങ്ങളൊന്നും തന്നെ ആരും പറഞ്ഞില്ല. എങ്ങനേലും ഒരു കല്ല്യാണം നടന്നോട്ടേന്ന് നാട്ടുകാരും ചിന്തിച്ചു കാണും. അങ്ങനേലും മൂപ്പരൊന്നു നന്നാവാച്ചാ നന്നാവട്ടേന്ന്. എന്തായാലും ദേവകി ടീച്ചറ് കുടുങ്ങി. അച്ചുതൻകുട്ടീടെ ശമ്പളവും കഴിഞ്ഞ് തൊടിക വരുമാനോം ഒക്കെ അയാള് കുടിച്ചു തീർക്കും. എന്തോ ഭാഗ്യത്തിന് അയാള് അയാളുടെ പറമ്പൊന്നും വിറ്റിട്ടില്ല. അഞ്ചേക്കറേല് റബറും തെങ്ങും കവുങ്ങും ഒക്കെയുണ്ട്. അയാളും ശിങ്കിടികളും ചേർന്ന് ജഗപൊകയാക്കി നടക്കും. വീട്ടുകാരും നാട്ടുകാരും "അയ്യോ ദേവകി ടീച്ചറ് പാവം" എന്നൊരു കമന്റും. അച്ചുതൻ കുട്ടി ഇന്നും ഇന്നലെയും "കുടി" തുടങ്ങിയതല്ല. ദേവകി ടീച്ചറ് തന്നാലാവണ പോലെ ആ കള്ളു കുടി നിർത്താൻ ഡീ എഡീഷൻ സെന്റെറിലൊക്കെ ആക്കിയിരുന്നു. പക്ഷെ കുറച്ചു കാലം കുടിക്കാതെ നടക്കും. പിന്നെ അയളങ്ങ് തുടങ്ങും. മൂന്ന് തവണ ഡീ എഡീഷൻ സെന്റെറിലാക്കീട്ടും നന്നാവാത്ത അച്ചുതൻ കുട്ടി. തനിക്ക് സ്വയമായീട്ടൊന്ന് കള്ളുകുടി നിർത്തണമെന്ന് തോന്നാത്ത അച്ചുതൻ കുട്ടി എവിടെ പോയിട്ടെന്തു കാര്യം?