പതിനെട്ട് വർഷമായി ബോധമറ്റ് കിടപ്പിലായ ഭർത്താവ്; 'ഒരാൾക്ക് മറ്റൊരാളെ ഇത്രയ്ക്ക് സ്നേഹിക്കാൻ കഴിയുമോ?'
ഹാരിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. കണ്ട കാഴ്ച്ച വിശ്വസിക്കാനായില്ല. പതിനെട്ടു വർഷം മുൻപ് അവസാനമായി ഞങ്ങൾ കണ്ടപ്പോൾ എങ്ങിനെയോ, ഏതാണ്ട് അതു പോലെ തന്നെയിരിക്കുന്നു. ചെറിയ നര കയറിയ കട്ടിമീശ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു.
ഹാരിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. കണ്ട കാഴ്ച്ച വിശ്വസിക്കാനായില്ല. പതിനെട്ടു വർഷം മുൻപ് അവസാനമായി ഞങ്ങൾ കണ്ടപ്പോൾ എങ്ങിനെയോ, ഏതാണ്ട് അതു പോലെ തന്നെയിരിക്കുന്നു. ചെറിയ നര കയറിയ കട്ടിമീശ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു.
ഹാരിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. കണ്ട കാഴ്ച്ച വിശ്വസിക്കാനായില്ല. പതിനെട്ടു വർഷം മുൻപ് അവസാനമായി ഞങ്ങൾ കണ്ടപ്പോൾ എങ്ങിനെയോ, ഏതാണ്ട് അതു പോലെ തന്നെയിരിക്കുന്നു. ചെറിയ നര കയറിയ കട്ടിമീശ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു.
അന്ന് ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ പതിവില്ലാതെ നിശബ്ദനായിരുന്നു. എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ ഭാര്യയും മൗനിയായിരുന്നു. കൈകാലുകൾ യാന്ത്രികമായി വാഹനത്തെ നിയന്ത്രിക്കുമ്പോഴും പ്രക്ഷുബ്ധമായ മനസ്സ് ഭൂതകാലത്തിന്റെ സ്മൃതിവലയിൽപ്പെട്ടുഴറിക്കൊണ്ടേയിരുന്നു. മരണ വീട്ടിലേക്കാണീയാത്ര. ഉദയാസ്തമയങ്ങൾ പോലെ കൃത്യമായി സംഭവിക്കുന്നതാണ് മരണമെങ്കിലും ചിലത് മനസ്സിനെ വല്ലാതങ്ങുലച്ചു കളയും. മുപ്പത്തഞ്ചു വയസ്സെന്നത് യൗവ്വനത്തിന്റെ കടുംനിറങ്ങളിൽ ചാലിച്ചെടുത്ത തീക്ഷ്ണതയാണ്. കരിയറിന്റെ ഉത്തുംഗശൃംഗങ്ങളിൽ വിരാജിക്കവെ അവിചാരിതമായി വീണുപോയൊരാൾ, അതാണ് ഹാരി. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഹാരിയും കുടുംബവും. ഹാരി കൊച്ചിയിൽ ആർക്കിടെക്ട് ആയി ജോലി നോക്കുന്നു. കുറച്ചു നാളുകളായി ദുബായിലെ ഒരു പ്രോജക്ടിന്റെ ചുമതലയിലാണ്. സ്ട്രസ്സ് നിറഞ്ഞ ജീവിത ശൈലി സമ്മാനിച്ചതാണ് കടുത്ത പ്രമേഹവും ഹൈ ബ്ലഡ് പ്രഷറും. കൃത്യമായ മരുന്നും വ്യായാമവും ഹാരിക്കന്യമാണ്. അറിവും സമ്പത്തും ധാരാളമുണ്ടായിരുന്നെങ്കിലും അസുഖങ്ങളെ വരുതിക്ക് നിറുത്തുന്നതിൽ ഹാരി അലസനായിരുന്നു.
എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടയിലാണ് ഹാരി ബോധമറ്റു വീണത്. ഉടൻ ആശുപത്രിയിലാക്കിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല. ബ്രെയിനിലേക്കുള്ള രക്തധമനികൾ പൊട്ടി, രക്തസ്രാവമുണ്ടായതു കാരണം, സ്ഥിതി ഗുരുതരമായി. സർജറി നടത്തി രക്തം നീക്കിയെങ്കിലും തലച്ചോറിന് അപരിഹാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ദിവസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ബോധ മണ്ഡലത്തിലേക്ക്, ഹാരി തിരികെ വന്നില്ല. ദുബായിലെ ചികിത്സക്കു ശേഷം ഹാരിയെ കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. അവിടെ ഐ. സി. യു. വിലാണ് ഹാരിയെ അവസാനമായി കണ്ടത്. മുണ്ഢനം ചെയ്യപ്പെട്ട ശിരസ്സിൽ സർജറിയുടെ നീളൻ അടയാളങ്ങൾ മായാതെ കിടക്കുന്നു. സമൃദ്ധമായിരുന്ന മീശ വടിച്ചു മാറ്റപ്പെട്ട്, ശാന്തമായ നിദ്രയിലാണ്ടുകിടന്ന ഹാരിയെ, ഞാൻ പേരു വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.
ആരെയും തിരിച്ചറിയാതെ കിടന്നകിടപ്പിൽ ഹാരി പിന്നെയും ജീവിച്ചു, പതിനെട്ടു വർഷം. ഇതിനിടയിൽ പല തവണ കാണണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും നിദ്രയിലാണ്ടുപോയ ഹാരിയെ വീണ്ടും കാണുവാൻ മനസ്സുവന്നില്ല. ഓരോ തവണയും വേണ്ടപ്പെട്ടവരോട് അന്വേഷിക്കുമ്പോഴും ഹാരിയുടെ അവസ്ഥയിൽ യാതൊരു മാറ്റവുമില്ല എന്നായിരുന്നു മറുപടി. വീട്ടിൽ ഒരു ചെറിയ ഐ.സി.യു തന്നെ ഒരുക്കി, ഹാരിയെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു കുടുംബം. ഉറക്കത്തിൽ നിന്നും ഹാരി തിരിച്ചു വരുന്നതും കാത്തിരുന്നു അവർ. അങ്ങനെ അദ്ഭുതങ്ങൾ മുൻപ് സംഭവിച്ചിട്ടുണ്ട്. ഹാരിയുടെ പേശികളുടെ ബലം നഷ്ടപ്പെടാതിരിക്കുവാൻ ഫിസിയോ തെറാപ്പിയും ചെയ്തിരുന്നു. എന്നെങ്കിലും ഉറക്കമുണർന്നാൽ എണീറ്റു നടക്കുവാൻ കൈ കാലുകൾക്ക് ബലം ആവശ്യമാണല്ലോ.
ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായി പലതു കടന്നുപോയി. ഹാരിയുടെ മക്കൾ, ഒരാൺകുട്ടിയും പെൺകുട്ടിയും വളർന്ന് പ്രായപൂർത്തിയായി. ഹാരി വീഴുമ്പോളവർ പറക്കമുറ്റാത്ത കുഞ്ഞുങ്ങളായിരുന്നു. അമ്മ വാർദ്ധക്യത്തിലും, ഭാര്യ മധ്യവയസ്സിലുമെത്തി. പതിനെട്ടു വർഷത്തെ പരിചരണം, കുടുംബത്തെ സാമ്പത്തികമായി ക്ഷീണിപ്പിച്ചുവെങ്കിലും തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്, വരവിനനുസൃതമായി ചെലവു ചെയ്ത് ഹാരിയുടെ ഭാര്യ കുടുംബത്തെ മുന്നോട്ടു നയിച്ചു. നിദ്രയിൽ നിന്നുമുണരുന്ന ഹാരിയെ അവർ പ്രതീക്ഷയോടെ കാത്തിരുന്നു. അനിവാര്യമായ മരണം ഹാരിയെ തേടിയെത്തുമെന്ന് അറിയാമായിരുന്നു. അതിനായി മനസ്സ് പാകപ്പെട്ടിരുന്നുവെങ്കിലും ആ മരണവാർത്ത മനസ്സിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു.
"ഇത് ഹാരി, പ്രശസ്തനായ ആർക്കിടെക്ടാണ്" ഹാരിക്ക് കൈകൊടുക്കുന്നതിനിടയിൽ പരിചയപ്പെടുത്തിയ ബന്ധു പറഞ്ഞു. പ്രോജക്ടിന്റെ ചുമതല വഹിച്ചിരുന്ന എനിക്ക് ഹാരിയെ ഇഷ്ടമായി. സിവിൽ വർക്കുകൾ, ഇന്റീരിയർ ഡിസൈൻ ഇവയുടെ മുഴുവൻ ചുമതലയും ഹാരിക്കായിരുന്നു. ഹാരിയുടെ ഡ്രോയിങ്ങ്സിൽ നിസ്സാരമായ മാറ്റങ്ങൾ മാത്രമേ ഫൈനൽ അപ്രൂവലിന് വേണ്ടിയിരുന്നുള്ളൂ. മൂന്നു മാസങ്ങൾക്കുള്ളിൽ നൂറു പേർക്കിരുന്ന് ജോലി ചെയ്യുവാനുള്ള പ്ലഗ് ആന്റ് പ്ലേ സംവിധാനം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഒരേ സമയം അനവധി തൊഴിലാളികൾ പല സെക്ഷനുകളിലായി അനുസ്യൂതം ജോലി ചെയ്തു കൊണ്ടേയിരുന്നു. ഇവരുടെയെല്ലാം ഏകോപനം ഒരു ഗെയിം കളിക്കുന്നതു പോലെയാണ് നടന്നത്. വർക്ക് നടക്കുന്നത് കേന്ദ്ര സെക്യൂരിറ്റി ഏജൻസികൾ കാവൽ നിൽക്കുന്ന സ്പെഷ്യൽ ഇക്കണോമിക് സോണിലാണ്. അകത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾക്കും വസ്തുക്കൾക്കും കസ്റ്റംസ് ക്ലിയറൻസ് ആവശ്യമായിരുന്നു. കൂടാതെ ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ പ്രശ്നങ്ങളും.
എല്ലാ ദിവസവും ഹാരിയുമായി നീണ്ട മീറ്റിങ്ങുകൾ. ആ കൂടിക്കാഴ്ച്ചകളിലൂടെയാണ് മനസ്സുകൾ ഐക്യപ്പെട്ടത്. ആറടി രണ്ടിഞ്ചിന്റെ തലപ്പൊക്കത്തിൽ, വെട്ടിയൊതുക്കിയ കട്ടിമീശയ്ക്കു കീഴിൽ സുസ്മേര വദനനായി ഒരു കൈയ്യിൽ ലെതർ ബാഗുമായി ഓഫീസിന്റെ ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് സുപ്രഭാതം ആശംസിച്ച് കടന്നുവരുന്ന ഹാരിയാണ് മനസ്സിൽ തെളിഞ്ഞു കിടക്കുന്നത്. പോഴ്സലെയിൻ കപ്പുകളിൽ ഓഫീസ് ബോയ് ഗംഗാധരൻ കൊണ്ടു വരുന്ന ഞങ്ങൾക്കുള്ള സ്പെഷ്യൽ ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ ഹാരി ഗംഗാധരനോട് പറയും, ഈ ചായ കുടിക്കുവാൻ വേണ്ടി മാത്രമാണ് പെരുമ്പാവൂരിൽ നിന്നും ഇത്ര കഷ്ടപ്പെട്ട് കാക്കനാട് വരുന്നതെന്ന്. ബ്രൗൺ ബാഗിൽ നിന്നും ഡ്രോയിങ്ങുകളെടുത്ത് വിശദമായി സംസാരിക്കുന്നതിനിടയിൽ കാർപ്പെന്റെറും, ടൈൽസ് പണിക്കാരുമൊക്കെ വരും. അവർക്ക് വേണ്ട നിർദേശങ്ങളൊക്കെ കൊടുത്ത്, വർക്ക് സൈറ്റിലേക്ക് ഒരുമിച്ചു പോകും. ഒന്നൊന്നര മണിക്കൂർ അവിടെ ചിലവഴിക്കുന്നതിനിടയിൽ മനസ്സിന് തൃപ്തികരമാകാത്തതെല്ലാം വീണ്ടും അഴിച്ച് ചെയ്യിക്കും. ജോലിക്കാർക്ക് ഹാരി ഒരു ടാസ്ക് മാസ്റ്റർ തന്നെയായിരുന്നെങ്കിലും അവർക്ക് അദ്ദേഹത്തോട് കൂറും വിധേയത്വവും ഉണ്ടായിരുന്നു. പലപ്പോഴും ഉച്ചഭക്ഷണം ഒരുമിച്ചാണ്. ഇഷ്ടപ്പെട്ട പൊറോട്ടയും ബീഫും കഴിക്കാനായി ഹാരിയുടെ ടാറ്റാ സഫാരിയിൽ കാക്കനാടുള്ള ഹോട്ടലുകൾ പരതി നടക്കുക പതിവായിരുന്നു.
ഒരു ഞായറാഴ്ച്ചയാണ് ഹാരിയുടെ കൊച്ചി നഗരത്തിലെ വീട്ടിലെത്തിയത്. സിറ്റിയുടെ മധ്യത്തിൽ അതിമനോഹരമായൊരു വില്ല. മുറ്റത്ത് വിശാലമായൊരു ലോൺ പച്ചവിരിച്ചങ്ങനെ കിടക്കുന്നു. വീട്ടിൽ ഹാരി തനിച്ചായിരുന്നു. ഹാരിയുടെ കരവിരുതുകളുടെ മാസ്മരികത വിളിച്ചോതുന്ന അകത്തളങ്ങൾ. മനോഹരമായ ഇന്റീരിയർ. ഭാര്യയും കുട്ടികളും പുറത്തെവിടെയോ പോയിരിക്കുകയാണ്. വീട് മനോഹരമായി ഒരുക്കിയിരിക്കുന്നതിന് ഭാര്യയ്ക്കുള്ള അഭിനന്ദനങ്ങൾ ഞാൻ ഹാരിയോട് പറഞ്ഞു. "വീട് തൂത്തു തുടച്ച് വൃത്തിയാക്കി വയ്ക്കുന്നത് ഭാര്യയാണ്. അതെല്ലാം അലങ്കോലമാക്കുന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. ഒരു ഒബ്സഷൻ പോലെയാണ് അവൾക്ക് വൃത്തി. എല്ലാം സ്വയം ചെയ്യണം. അവസാനം നടുവൊടിഞ്ഞേ എന്നു പറഞ്ഞിരിക്കും. എന്റെ ടേബിൾ നോക്കൂ. അതിങ്ങനെ അലങ്കോലമായി കിടക്കുന്നതാണ് എനിക്കിഷ്ടം. അതിനിടയിൽ ഓരോന്നും എവിടെയാണെന്ന് എനിക്കറിയാം. ഞാൻ ഇല്ലാത്തപ്പോൾ അവൾ ഇതെല്ലാം അടുക്കി വൃത്തിയാക്കി വയ്ക്കും. ഞങ്ങൾ മിക്കവാറും ഇതിന് തല്ലു കൂടും. ഹാരി പറഞ്ഞു നിറുത്തിയപ്പോൾ ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു. "എന്റെ ടേബിളും ഇതേ പോലെ തന്നെ. നന്നാക്കാൻ നോക്കിയിട്ട് നടക്കാത്തതിനാൽ ഭാര്യ ആ ജോലി ഉപേക്ഷിച്ചു."
ഹാരി സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നീട് മുത്തച്ഛനായിരുന്നു ഹാരിയുടെ രക്ഷിതാവ്. മണിപ്പാലിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ, നന്നേ ചെറുപ്പത്തിൽ തന്നെ, ഹാരിയുടെ വിവാഹവും കഴിഞ്ഞു. ഉച്ചതിരിഞ്ഞ്, ഒരിക്കൽ ഞാൻ ഹാരിയെ ഫോൺ ചെയ്തപ്പോൾ ഹാരി ഉറങ്ങുകയാണെന്ന് ഭാര്യ പറഞ്ഞു. ഉറക്കത്തിൽ നിന്നുമുണർത്തിയാൽ ഭയങ്കര ദേഷ്യമാണ്. അത്യാവശ്യമായതിനാൽ ഞാനാണ് വിളിക്കുന്നതെന്ന് പറയണമെന്നും അപ്പോൾ ദേഷ്യം വരികയില്ലെന്നും പറഞ്ഞു. ഏതായാലും ശാന്തനായി ഹാരി സംസാരിച്ചു. അത്യാവശ്യ കാര്യത്തിന് വിളിക്കുമ്പോൾ ചീത്ത വിളിക്കുന്നത് നല്ല ശീലമല്ലെന്ന് ഓർമിപ്പിച്ചു. മറ്റെന്തും സഹിക്കും, ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തുന്നത് സഹിക്കാൻ കഴിയില്ല, ഹാരി പറഞ്ഞു. കൊച്ചിയിലെ കുപ്രസിദ്ധമായ ട്രാഫിക്ക് ബ്ലോക്കുകൾ അസഹനീയമാണ്. എത്താൻ വൈകുന്ന ദിവസങ്ങളിൽ ഞാൻ ഹാരിയുടെ എസ്കോടെൽ സെൽഫോണിൽ വിളിക്കും. പാലാരിവട്ടത്ത് ബ്ലോക്കിൽ കൂടി ഇഴയുകയാണ്. ഇഴഞ്ഞിഴഞ്ഞ് അങ്ങെത്തിക്കോളാം. അങ്ങനെ രാവിലെയും വൈകിട്ടും ആ ടാറ്റാ സഫാരി ബ്ലോക്കുകളെയെല്ലാം മറികടന്ന് സഞ്ചരിച്ചുകൊണ്ടിരുന്നു.
അത്യാധുനിക രീതിയിൽ ഒന്നാന്തരമൊരു ഐ.റ്റി ബിസിനസ്സിനുള്ള സംവിധാനം, കുറ്റമറ്റ രീതിയിൽ, നാലു മാസങ്ങൾക്കിടയിൽ രൂപപ്പെട്ടു. അതിനിടയിൽ ഞങ്ങളുടെ സുഹൃത് ബന്ധവും ദൃഢമായി. ഇന്റീരിയർ ഡിസൈൻ വർക്കുകൾ അവസാനിച്ചുവെങ്കിലും, മറ്റു ജോലികളിലും ഹരി സന്തോഷത്തോടെ സഹകരിച്ചു. മിക്കവാറും ദിവസങ്ങളിൽ ഓഫീസിലെത്തി, തനിക്കാവുന്ന വിധത്തിലെന്നെ സഹായിച്ചു. അതൊന്നും വർക്ക് കോൺട്രാക്ടിലില്ലെങ്കിലും. അങ്ങിനെ കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഒരേ പോലെ ചിന്തിക്കുന്ന മനസ്സുകളുടെ മനോഹരമായ ഐക്യപ്പെടലായിരുന്നു അത്. ഉദ്ഘാടനത്തിന് തലേന്ന് ഹാരി മുഴുവൻ സമയവും വർക്ക് സൈറ്റിൽ ഉണ്ടായിരുന്നു. എല്ലാവരും തിരക്കിട്ട് ഓരോ ജോലികൾ ചെയ്യുകയാണ്. നിങ്ങളെല്ലാവരും ഓരോന്ന് ചെയ്യുന്നത് നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല എന്നു പറഞ്ഞ് എല്ലാവരുടെയും കൂടെ അദ്ദേഹവും കൂടി. ഇത്ര മനോഹരമായ ഒരു സ്പേസ്, ഒരുക്കിയതിന് ഹാരിക്ക് നിറയെ അഭിനന്ദനം ലഭിച്ചു.
ഉദ്ഘാടനത്തിനു ശേഷവും ഹാരി ഇടയ്ക്ക് ഓഫീസിൽ വന്നു കൊണ്ടിരുന്നു. ഹാരിയുടെ വർക്ക് കാണുവാൻ നിരവധി ക്ലൈന്റുകൾ എത്തി. ധാരാളം വീഡിയോസും ഫോട്ടോസും അവിടുത്തെ സംവിധാന മികവ് തെളിയിച്ചു കൊണ്ട് പകർത്തപ്പെട്ടു. പ്രോജക്റ്റ് അവസാനിച്ചപ്പോൾ തമ്മിൽ കാണുന്ന അവസരങ്ങളും കുറഞ്ഞു. എങ്കിലും ഞാൻ അവിടെയെത്തുന്ന ദിവസങ്ങളിൽ ഇടയ്ക്ക് ഹാരി വരും. ഹാരിയുടെ വരവിന് ഒരു പ്രത്യേകതയുണ്ട്. അവകാശത്തോടെയാണ് വരുന്നത്. ഇതെന്റെ സ്ഥാപനമാണെന്ന അവകാശം. ഗേറ്റിലെ സെക്യൂരിറ്റിയിൽ ആ ടാറ്റാ സഫാരി ഒരിക്കലും കാത്തു കിടന്നിട്ടില്ല. ഓഫീസിലെ ഒരു റിസപ്ഷനിസ്റ്റിനോടും താനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു ബോസിന്റെ ശരീര ഭാഷയോടെ ആരെയും കൂസാതെ ഡോർ തള്ളിത്തുറന്നങ്ങ് നേരെ കയറി വരും. ആ സ്വാതന്ത്ര്യം ഹാരി ആർജ്ജിച്ചെടുത്തതാണ് ആരും നൽകിയതല്ല. ഗംഗാധരൻ തരുന്ന ചൂടു ചായ കുടിക്കുന്നതിനിടയിൽ വെറുതെ സംസാരിച്ചിരിക്കും. ഒരു ദിവസം എന്റെയൊരു ഫാമിലി ഫോട്ടോ ഞാൻ ഹാരിയെ കാണിച്ചു. അതീവ താൽപര്യത്തോടെയതിൽ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു. മൂത്തയാൾ അമ്മയെ പോലെയും രണ്ടാമത്തെയാൾ അച്ഛനെ പോലെയും. ഞങ്ങൾക്ക് സ്റ്റുഡിയോയിൽ പോയൊരു ഫാമിലി ഫോട്ടോയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതൊരു വിഷമമായി കിടക്കുകയാണ്, ഹാരി പറഞ്ഞു.
ഹാരിയുടെ നിരീക്ഷണം കൃത്യമായിരുന്നു. ഇതേ സോണിൽ മറ്റൊരു വർക്കിന്റെ ഓഫർ വന്നപ്പോൾ ഹാരി പറഞ്ഞു. ചെയ്യാം. പക്ഷെ ടോം കൂടെ വേണം. അതൊരു വിശ്വാസമായിരുന്നു. മികച്ച ടീം വർക്കിൽ നിന്നുമുയർന്ന ആത്മവിശ്വാസം. പതിയെ കൂടിക്കാഴ്ചകൾ കുറഞ്ഞു. ഞങ്ങളൊരുമിച്ച് വീണ്ടുമൊരു പ്രോജക്ട് സംഭവിച്ചില്ല. ഇടയ്ക്ക് ഓരോ ഫോൺ കോളുകൾ. പുതിയൊരു പെട്രോൾ പമ്പ് പെരുമ്പാവൂര് തുടങ്ങുന്നതിന്റെ തിരക്കിലായി ഹാരി. ഒരു നൂറു ലൈസൻസുകളും മറ്റും വേണം പമ്പിന്. അതിനു പിന്നാലെ നടന്ന് നടന്ന് ഹാരി മടുത്തു. അങ്ങനെയൊരു ദിവസം ഹാരി യാദൃശ്ചികമായി ഓഫീസിലെത്തി. ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഏതാണ്ടൊരു വർഷമായിരുന്നു. ക്ഷീണിതനായിരുന്നു. കുറച്ചു കഷണ്ടി കയറി. കുറച്ചു മെലിഞ്ഞു. ഷുഗർ നല്ല പോലുണ്ട്. ചായ കുടിക്കുന്നതിനിടയിൽ ഞാൻ എന്റെ വീടിന് ഒരു പ്ലാൻ തയ്യാറാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. അതിനെന്താ ചെയ്യാമല്ലോ എന്ന് ഹാരി. സ്ഥലം കാണണമെന്ന് ഹാരി. ഒരു ദിവസം നിശ്ചയിച്ച് ഹാരി വന്നു. തനിച്ചല്ല, ഹാരിയുടെ ഒരു കസിനും ഭർത്താവുമുണ്ട് കൂടെ.
വീട്ടിലെത്തിയ ഹാരി ആദ്യം നിരീക്ഷിച്ചത് അവിടുത്തെ നിശബ്ദതയും ശാന്തതയുമാണ്. ശരിയാണ്, കൊച്ചിയിലെ കോലാഹലങ്ങൾക്കിടയിൽ നിന്ന് എന്റെ ഗ്രാമത്തിൽ എത്തിയപ്പോൾ അവർക്ക് നിശബ്ദത വല്ലാതെ അനുഭവപ്പെട്ടു. എന്റെ ആവശ്യങ്ങളും ബഡ്ജറ്റുമെല്ലാം സൂക്ഷ്മമായി കേട്ടിരുന്നു. ആവശ്യത്തിനുള്ള അളവുകളുമെടുത്തു ഒടുവിൽ പറഞ്ഞു. ഈ മനോഹരമായ ഭൂമിയിൽ വീടല്ല, ഒരു റിസോർട്ടാണ് വേണ്ടത്. തൽക്കാലം വീട് മതി, റിസോർട്ട് പിന്നെ പണിയാമെന്ന് ഞാൻ. ഏതായാലും സൈറ്റ് വിസിറ്റ് കഴിഞ്ഞ് ഹാരി തിരികെ ദുബായിലേക്ക് മടങ്ങി. ഇടയ്ക്കിടെ ദുബായ്ക്ക് വിളിച്ച് പ്ലാൻ ന്റെ കാര്യം ഓർമിപ്പിക്കും. ഒന്നുരണ്ട് ഡ്രോയിങ്സ് റെഡിയാണെന്ന് ഹാരി പറഞ്ഞപ്പോൾ അവ ഇ മെയിലിൽ അയയ്ക്കാൻ ഞാൻ നിർദ്ദേശിച്ചു. ഇമെയിൽ വന്നില്ല. കാരണം ഡ്രോയിങ്ങ്സ് അദ്ദേഹത്തിന്റെ മനസ്സിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വതവേ വരയ്ക്കാൻ കുറച്ച് മടിയുണ്ട്. ഹാരി എന്റെ വീട് ഡിസൈൻ ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. ഏതായാലും ആ പ്രോജക്ട് നടന്നില്ല. ഇതിനിടയിലാണ് ഹാരി വീണു പോയ വാർത്തയറിഞ്ഞത്.
അമൃത ഹോസ്പിറ്റലിലെ ഐ സി യു വിൽ കിടക്കുന്ന ഹാരിയാണ് മനസ്സിലുള്ളത്. പതിനെട്ട് വർഷം ബോധമറ്റ് ഉറങ്ങിക്കിടന്ന ഹാരിയുടെ രൂപം എന്തായിരിക്കുമെന്ന് എനിക്ക് വല്ലാത്ത ആശങ്കയുണ്ട്. തിരിച്ചറിയുവാൻ സാധിക്കുമോ എന്ന സംശയമാണ് മനസ്സു നിറയെ. കാർ പെരുമ്പാവൂരിൽ ഹാരിയുടെ പമ്പിൽ പാർക്കു ചെയ്ത്, അതിനു പിന്നിലുള്ള വീട്ടിലേക്ക് ഞങ്ങൾ നടന്നുകയറി. പഴയ ബോസുണ്ട്, അവിടെ. "നിങ്ങൾക്ക് എങ്ങനെയാണ് ഹാരിയെ പരിചയം?" അദ്ദേഹം ചോദിച്ചു "നമ്മുടെ സ്ഥാപനം നിർമ്മിച്ചത് ഞങ്ങൾ രണ്ടു പേരും കൂടിയാണ്..." ഞാൻ പറഞ്ഞു. "ഓ ശരിയാണ്. ഞാൻ മറന്നു. നിങ്ങൾ തമ്മിൽ പരിചയമുണ്ടെന്നത് ഞാൻ ഓർമിച്ചില്ല." ബോസിന്റെ റിസോർട്ടിന്റെ വർക്ക് ഹാരിയുടെ സ്ഥാപനമാണ് ചെയ്തത്. ഞങ്ങൾ ഹാരിയുടെ വീട്ടിലേക്ക് കയറി. വീടിനകത്തെ ഹാളിൽ ഹാരിയെ കിടത്തിയ ഇടത്തേക്ക് ഞങ്ങളെത്തി. ഒരു നിമിഷം എനിക്ക് വല്ലാത്ത ആകാംക്ഷയേറി. കണ്ടാൽ തിരിച്ചറിയുമോ? ഹാരിക്കു ചുറ്റും ആളുകൾ തിക്കിതിരക്കുന്നുണ്ട് എന്റെ മുന്നിൽ നിന്ന ആൾ മാറിയപ്പോൾ ആ വിടവിലേക്ക് ഞങ്ങൾ കയറി നിന്നു.
ഹാരിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. കണ്ട കാഴ്ച്ച വിശ്വസിക്കാനായില്ല. പതിനെട്ടു വർഷം മുൻപ് അവസാനമായി ഞങ്ങൾ കണ്ടപ്പോൾ എങ്ങിനെയോ, ഏതാണ്ട് അതു പോലെ തന്നെയിരിക്കുന്നു. ചെറിയ നര കയറിയ കട്ടിമീശ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു. ഒരു ചെറിയ ചിരിയോടെ ഹാരി ഉറങ്ങിക്കിടക്കുന്നു. പതിനെട്ടു വർഷങ്ങൾ സ്വാഭാവികമായി മുഖത്തും ശരീരത്തുമുണ്ടാകുന്ന മാറ്റങ്ങൾ മാത്രം. ഇത്രയും നാൾ ബോധമറ്റ് കിടന്ന കിടപ്പിൽ കിടന്ന ഒരാളാണിത് എന്നത് അവിശ്വസനീയമാണ്. അത്രക്ക് നന്നായിട്ടാണ് ഭാര്യയും മക്കളും അമ്മയും അദ്ദേഹത്തെ ശുശ്രൂഷിച്ചത്. എന്റെ ഭാര്യയുടെ മുഖത്തും അത്യാശ്ചര്യമാണ്. ഹാരിയുടെ മകളും അമ്മയും അടുത്തുണ്ട്. ഭാര്യ അകത്തെ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുന്നു. അധികം വൈകാതെ ഹാരിയെ മുറ്റത്തെ പന്തലിലേക്ക് ഇറക്കിക്കിടത്തി. അദ്ദേഹത്തിന്റെ ഭാര്യയെ താങ്ങിയെടുത്ത്, അടുത്തിരുത്തി. കരഞ്ഞു കൊണ്ട്, ടിഷ്യൂ പേപ്പർ ഉപയോഗിച്ച്, ഹാരിയുടെ മുഖത്തെ തണുപ്പ് ഒപ്പിയെടുക്കുകയാണവർ. സ്നേഹത്തോടെ മുടിയിഴകളിൽ തഴുകുകയും, മുഖം തടവുകയും മുഖത്ത് ചുംബനങ്ങൾ അർപ്പിക്കുകയുമാണ്. അവർ രണ്ടു പേരും മാത്രമുള്ള ലോകത്തിലാണ്. കണ്ടു നിന്നവരുടെയെല്ലാം ഹൃദയം തപിച്ചു. മിഴികൾ നിറഞ്ഞൊഴുകി. എനിക്കാ കാഴ്ച്ച കണ്ടു നിൽക്കാനായില്ല. അത്രക്ക് വിഷമം പിടിച്ച രംഗമായിരുന്നു അത്.
പതിനെട്ടു വർഷം കിടന്ന ഒരാൾ. മരണം ഇന്നല്ലെങ്കിൽ നാളെ എന്നത് സുനിശ്ചിതം. എന്നിട്ടുമവർക്ക് സങ്കടമടക്കാനാവുന്നില്ല. നളനും ദമയന്തിയും മുന്നിലെന്നപോലെയെനിക്ക് തോന്നി. പെട്ടെന്ന് എന്റെ മനസ്സിന് ശാന്തത വന്നു. ഹാരി ഭാഗ്യവാനാണ്. എത്ര നന്നായാണ് ഭാര്യ അദ്ദേഹത്തെ പരിചരിച്ചത്. എപ്പോഴെങ്കിലും ബോധം ഉണ്ടായിട്ടുണ്ടെങ്കിൽ, ഹാരിക്ക് ബോധ്യമായിട്ടുണ്ടാവും ഭാര്യയുടെ അനിർവ്വചനീയവും അപരിമേയവുമായ സ്നേഹം. രണ്ടു മണിക്കൂറോളം ഞങ്ങൾ ഹാരിയുടെ അടുത്തിരുന്നു. ഹാരിയുടെ കൂടെ ജോലിയെടുത്തിരുന്നവർ എല്ലാവരും എത്തിയിട്ടുണ്ട്. ജിപ്സം ബോർഡ് വർക്കിന്റെ സുധീർ അടുത്തു വന്നു. സാർ എന്തായാലും ഹാരിസാറിന്റെ അടുത്ത് ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. സുധീറിനൊപ്പം വന്ന എല്ലാവരെയും ഒരിക്കൽ കൂടി കണ്ടു. പഴയ ഓർമ്മത്താളുകൾ കാലങ്ങൾക്ക് പിന്നിലേക്ക് മറിഞ്ഞു. എന്റെയും ഹാരിയുടെയും സുഹൃത്ത് കുറേ കാര്യങ്ങൾ കൂടി പറഞ്ഞു തന്നു. കൊച്ചിയിലെ വീട് വാടകക്ക് കൊടുത്തിരിക്കുന്നു. മോൾ ആർക്കിടെക്ട് ആയി ഹാരിയുടെ പഴയ സ്ഥാപനത്തിൽ പാർട്ട്ണർ ആയി ചേർന്നു. എനിക്കത് അദ്ഭുതമായിരുന്നു. വർഷങ്ങളോളം ബോധമില്ലാതെ കിടന്ന ഹാരിയെ അദ്ദേഹത്തിന്റെ പാർട്ട്ണർമാർ ഒഴിവാക്കിയില്ല. സമ്പത്തിനോടുള്ള ദുരമൂത്ത്, വീണു പോയവന്റെ ഷെയർ പിടിച്ചെടുത്ത്, അവന്റെ കുടുംബത്തെ വഴിയാധാരമാക്കുന്ന സംഭവങ്ങളാണ് ഞാൻ കേട്ടതെല്ലാം. എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഷെയർ സൗകര്യപൂർവ്വം നിരസിച്ച്, എന്നെക്കൊണ്ടുള്ള പ്രയോജനം അവസാനിച്ചപ്പോൾ, ഭിത്തിയിലേക്ക് ഞെരുക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ സ്വയം ഒഴിഞ്ഞു പോകേണ്ടി വന്ന എനിക്ക് കേട്ടത് വിശ്വസിക്കാനായില്ല.
ഹാരിയുടെ പാർട്ട്ണർമാരോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി. എന്തെങ്കിലും കാരണം പറഞ്ഞ് അവർക്ക് നിസാരമായി ഹാരിയെ ഒഴിവാക്കാമായിരുന്നു. അവർ അത് ചെയ്തില്ലെന്ന് മാത്രമല്ല, പതിനെട്ടു വർഷം, മകൾ പഠിച്ചിറങ്ങി ആ സ്ഥാനത്ത് എത്തുന്നത് വരെ, ആ സീറ്റ് ഒഴിച്ചിട്ടു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഹാരിയുമായി ബന്ധപ്പെട്ടവരെല്ലാം എത്ര മനോഹരമായാണ് അദ്ദേഹത്തോട് പെരുമാറിയത്. അതും, അദ്ദേഹം ഇതൊന്നും അറിയുകയോ പ്രതികരിക്കുകയോ ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ. മടങ്ങുന്നതിനു മുന്നേ ഒന്നുകൂടി ഞങ്ങൾ ഹാരിയുടെ അടുത്തെത്തി. അവസാനമായി യാത്ര പറഞ്ഞു. ഹാരിയുടെ ഭാര്യയെ മനസ്സുകൊണ്ട് ഒരിക്കൽ കൂടി അഭിനന്ദിച്ചു. അവർ എന്നെ അറിയുന്നു പോലുമുണ്ടാവില്ല. മടങ്ങുമ്പോൾ ഭാര്യ കണ്ണീരോടെ എന്നോട് ചോദിച്ചു. "ഒരാൾക്ക് മറ്റൊരാളെ ഇത്രയ്ക്ക് സ്നേഹിക്കാൻ കഴിയുമോ?" തുളുമ്പുന്ന മിഴികൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. "കഴിയും എന്നത് നമ്മൾ നേരിൽ കണ്ടതല്ലെ?" ഭാര്യയുടെ കരം ഗ്രഹിച്ച് വിവാഹ ദിവസം ബൈബിളിൽ തൊട്ട്, ഏറ്റു ചൊല്ലിയ സത്യവാചകം എന്റെ കാതുകളിൽ തുളഞ്ഞു കയറി. "ഇന്ന് മുതൽ മരണം വരെ, സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്നു വിശുദ്ധ സുവിശേഷം സാക്ഷിയായി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനം അനുസരിച്ചു ജീവിക്കുവാൻ സർവ്വ ശക്തനായ ദൈവം ഞങ്ങളെ സഹായിക്കട്ടെ."