ADVERTISEMENT

അന്തപ്പനും നടുനുറുക്ക് ചാക്കുണ്ണിയും ദേവസിയും സ്നേഹസമ്പന്നരായ സഹോദരന്മാരാണ്. മൂന്നുപേരും മക്കളും പേരമക്കളും ആയിട്ടും ഒന്നിച്ചാണ് താമസം. ഒരു സോഡാ സർബത്ത് കടയാണ് മൂന്നുപേരുടെയും ഉപജീവനമാർഗ്ഗം. അന്തപ്പൻ രാവിലെ 9 മണിക്ക് തന്നെ വന്നു പത്തു നിരപലക നീക്കി കട തുറക്കും. പുറകെ പുറകെ സഹോദരന്മാരും എത്തും. പതിനൊന്നുമണിയോടെ നടുനുറുക്ക്‌ സർബത്ത് കുപ്പി ഗ്ലാസ്സിൽ വാക്സ് പേപ്പർ വെച്ച് അടച്ച് വലിയ കടകൾ, ഓഫീസുകൾ, ബാങ്കുകളിൽ ഒക്കെ കൊണ്ടുപോയി കൊടുക്കും. അമ്പലം ചെറുതെങ്കിലും പ്രത്യക്ഷം കൂടുതൽ എന്ന് പറയുന്നതുപോലെ കട എല്ലാംകൂടി 60 ചതുരശ്ര അടി മാത്രമേ ഉള്ളുവെങ്കിലും കടയുടെ മുമ്പിൽ എപ്പോഴും കുറയാതെ ഒരു 25 പേരെങ്കിലും കാണും. ഫെബ്രുവരി തൊട്ട് മെയ് മാസം വരെ പിന്നെ പറയുകയും വേണ്ട ഒരു പത്തമ്പത് ആള് എപ്പോഴും ഈ കടയുടെ മുൻപിൽ കൂട്ടം കൂടി നിൽപ്പുണ്ടാവും. സിഗരറ്റ് വലിക്കുന്നവർ, മുറുക്കാൻ മുറുക്കുന്നവർ, സോഡാ നാരങ്ങ വെള്ളം, സോഡാ കുടിക്കുന്നവർ. രണ്ടുപേരും നന്നായി ഉത്സാഹിച്ച് ജോലി ചെയ്താലേ എല്ലാ കസ്റ്റമെർസിനെയും തൃപ്തിപ്പെടുത്താൻ പറ്റുകയുള്ളൂ. നടു നുറുക്ക് ചാക്കുണ്ണി സപ്ലൈ കഴിഞ്ഞു വന്നാൽ കടയിൽ ഇരിക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ആ പരിസരത്ത് ഒക്കെ കറങ്ങി നടന്ന് ചില സൈഡ് ബിസിനസുകൾ ഒക്കെ ചെയ്യും. 

മോഷണ സ്വർണം വിൽക്കുന്നവർ, വാങ്ങുന്നവർ, ‘പണയ ഉരുപ്പടികൾ എടുക്കാൻ സഹായിക്കുക’, മീറ്റർ പലിശ ഇടപാടുകൾ നടത്തുക, മടിശീല ഫിനാൻസ്, ആ പരിസരത്ത് ചില കടകളുടെ തട്ടിൻ പുറത്തോ അല്ലെങ്കിൽ കോണി ചുവട്ടിലോ ഒരു പെട്ടി മാത്രമായി ചില ആൾക്കാർ പ്രത്യക്ഷപ്പെടും. പെട്ടിയിൽ ത്രാസ്, സ്വർണം ഉരച്ചു നോക്കുന്ന കല്ല്, കുറച്ചു സ്വർണം, പണം എല്ലാം കൂടി ഒരു പെട്ടിയാണ് അവന്റെ പണമിടപാട് സ്ഥാപനം. ആവശ്യക്കാരെ ഇക്കൂട്ടരുമായി പരിചയപ്പെടുത്തുക, കമ്മീഷൻ വാങ്ങുക. ഇതാണ് നടുനുറുക്കിന്റെ ഒരു ബിസിനസ്. പൊലീസ് ജീപ്പ് ഒന്ന് അതുവഴി പോയാൽ മതി അപ്പോഴേ ഇക്കൂട്ടരുടെ പൊടിപോലും പിന്നെ കാണില്ല. ഇങ്ങനെ ചില ബിസിനസ്സുകൾ അവിടെ നടക്കുന്നുണ്ട് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇടയ്ക്ക് നടനുറുക്ക് ചാക്കുണ്ണി വലിയ ഗമയിൽ പൊലീസ് ജീപ്പിൽ ഒക്കെ പോയി ഒന്ന് കറങ്ങിയിട്ട് വരികയും ചെയ്യും.

വൈകുന്നേരം 7 മണി ആയാൽ അന്തപ്പൻ കട ദേവസ്യയെ ഏൽപ്പിച്ചു ചാരായ ഷാപ്പിൽ പോയി അന്നത്തെ കോട്ട അകത്താക്കി തിരിച്ചുവരും. പിന്നെ ദേവസ്യ പോകും. അതിനോടകം നടുനുറുക്ക്‌ എല്ലാ സ്ഥാപനങ്ങളിലും രാവിലെ കൊടുത്ത ഗ്ലാസും ട്രേയും തിരിച്ചെടുത്തു പൈസയും വാങ്ങി തിരികെ എത്തും. തൊട്ടടുത്തുള്ള അരിയുടെ മൊത്തക്കച്ചവടക്കാരന്റെ കടയിൽ അഞ്ചാറു തരം അരിയുടെ സാമ്പിൾ വലിയ മേശപ്പുറത്ത് നിരത്തിയിട്ടിട്ടുണ്ടാവും. റീട്ടെയിൽ കടക്കാർ വന്ന് ചാക്ക് കണക്കിന് അരി എടുക്കുന്ന സമയത്ത് നടുനുറുക്ക്‌ ചാക്കുണ്ണി അവരുടെ ശ്രദ്ധ മാറുമ്പോൾ മേശപ്പുറത്ത് പ്രദർശിപ്പിക്കാൻ വച്ചിരിക്കുന്ന എല്ലാ കൂനയിൽനിന്നും നാലഞ്ചു പിടി അരി വാരി സഞ്ചിയിലാക്കും. 

രാത്രി ഒമ്പത് മണിയോടെ മൂന്ന് പേരും കൂടി കട അടിച്ചു വാരി, കഴുകി വൃത്തിയാക്കി നാരങ്ങാതോട് ഒക്കെ കളഞ്ഞ് പലക നിരത്താൻ തുടങ്ങും. പലക നിരത്താൻ തുടങ്ങുമ്പോഴേക്കും മൂന്നുപേരും അന്നത്തെ കോട്ട അകത്താക്കിയിട്ടുണ്ടാവും. ക്രമപ്രകാരം നിരപലക യഥാസ്ഥാനത്ത് വെച്ച് കടയടക്കാൻ മദ്യലഹരിയിലായ ഇവർക്ക് പലപ്പോഴും നന്നേ പണിപ്പെടേണ്ടി വരാറുണ്ട്. നിരപലകയ്ക്ക് കുറുകെ വെച്ച് പൂട്ടാറുള്ള ഇരുമ്പ്ദണ്ഡ് പലപ്രാവശ്യം മൂന്നു പേരും മാറി മാറി വലിച്ചു നോക്കി കടമുറിയുടെ സുരക്ഷ ഉറപ്പു വരുത്തും. ഇവർക്ക് മൂന്നുപേർക്കും “ഒബ്സസീവ് കംപൽസീവ് ന്യൂറോസിസ്” എന്ന അസുഖം ആണ് എന്നാണ് നാട്ടുകാരനായ ഒരു വിദ്യാസമ്പന്നന്റെ അഭിപ്രായം. അവസാനം അടുത്ത കടക്കാർ പറയും അതിനകത്തു നിധി ഒന്നും കുഴിച്ചിട്ടിട്ടില്ലല്ലോ, കൂടിപ്പോയാൽ 4 നാരങ്ങ അല്ലേ കള്ളൻ കൊണ്ടു പോവുകയുള്ളൂ. നിങ്ങളുടെ വലിച്ചു നോക്കൽ കണ്ടാൽ ഇത് ഏതാണ്ട് സ്വർണ പീടിക ആണെന്ന് തോന്നുമല്ലോ? ആർക്കും വലിയ സുബോധം ഇല്ലാത്തതുകൊണ്ട് തർക്കത്തിന് ഒന്നും സഹോദരന്മാർ നിൽക്കില്ല. വീട് എത്തുന്നതിനുമുമ്പ് ചിലപ്പോൾ ഒന്നു കൂടി വലിച്ചു നോക്കാൻ അവർ തിരികെ വരും. മൂന്നുപേരും കട പൂട്ടി പോകുമ്പോൾ എല്ലാവരും ഇവരെ കളിയാക്കി ചോദിക്കും കടയുടെ താഴ് ഒക്കെ ശരിക്ക് വലിച്ചു നോക്കിയോ? നിങ്ങളുടെ ഈ വെപ്രാളം കണ്ടു വല്ല കള്ളനും അതിനകത്ത് കയറിയാൽ നാരങ്ങ എടുത്തുകൊണ്ടുപോയി ഗോലി കളിക്കുമല്ലോ എന്ന്? ഒരേ വീട്ടിലേക്ക് മൂന്നുപേരും 3 പോക്കറ്റ് റോഡിലൂടെ പോകും. ഇതാണ് അവരുടെ ഒരു ദിവസത്തെ ദിനചര്യ.

1970 മെയ് 20 ആ പ്രഭാതം പൊട്ടി വിടർന്നത് നമ്മുടെ അന്തപ്പനെ കാണാനില്ല എന്ന വാർത്തയും ആയാണ്. വെളുപ്പിനെ 3 മണി വരെ അന്തപ്പൻ വീട്ടിൽ ഉണ്ടായിരുന്നു. പിന്നെ കാണാനില്ല. വാർത്ത കാട്ടുതീ പോലെ പരന്നു. ആരോടും പറയാതെ ഇയാൾ ഇത് എങ്ങോട്ട് പോയി? എല്ലാവരും അന്വേഷണം തുടങ്ങി അപ്പോഴാണ് ഒരാൾ ഓടിക്കിതച്ചെത്തി പറഞ്ഞത് പള്ളികുളത്ത് ഒരു ശവം പൊങ്ങിയിട്ടുണ്ട് അങ്ങോട്ട് പോകാം എന്നും പറഞ്ഞു. സഹോദരങ്ങൾ രണ്ടും തളരും എന്ന അവസ്ഥയിൽ ആയി. അവിടം വരെ പോയി അത് കാണാനുള്ള ശക്തിയില്ലാതെ രണ്ടുപേരും ബാക്കി കുടുംബാംഗങ്ങളും തളർന്നിരുന്നു. ബോഡി എടുത്ത് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ തയ്യാറാക്കുകയാണ് പൊലീസ്. ആരെയും അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല. നാട്ടുകാർ എല്ലാവരും മൂക്കത്തു വിരൽ വച്ചു നിന്നു. പത്തുമണിയായി, ഈ കടയുടെ മുകൾ വശത്തുള്ള ശവപ്പെട്ടി കച്ചവടക്കാരൻ കട തുറന്നപ്പോഴാണ് എല്ലാവരും വിവരമറിയുന്നത്. വെളുപ്പിന് മൂന്നു മണിക്ക് ഒരുകൂട്ടർ വന്ന് ശവപ്പെട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് അയാൾ വന്ന് മുകളിലെ കട തുറക്കുമ്പോൾ ഉണ്ട് അന്തപ്പൻ താഴെ നിന്ന് നിരപലക പൂട്ടിയിരുന്നോ എന്ന സംശയം തീർക്കാൻ വലിച്ചു നോക്കുന്നു. അപ്പോൾ തന്നെ കുറച്ചു കള്ളന്മാരെയും പിടിച്ചുകൊണ്ടുവന്ന പൊലീസ് ജീപ്പിലേക്ക് അന്തപ്പനെയും പിടിച്ചുകൊണ്ടുപോയി. ശവപ്പെട്ടി കച്ചവടക്കാരൻ ഇയാൾക്കും സഹോദരങ്ങൾക്കും ഇങ്ങനെയൊരു സംശയ സ്വഭാവമുണ്ട് എന്നൊന്നും പറയുന്നത് കേൾക്കാൻ നിൽക്കാതെ അസമയത്ത് അവിടെ കണ്ട ആൾ കള്ളൻ ആണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയായിരുന്നു.

പിന്നെ ശവപ്പെട്ടി കച്ചവടക്കാരൻ അടക്കം എല്ലാവരും കൂടി പൊലീസ് സ്റ്റേഷനിൽ പോയി ഈ കഥയൊക്കെ പൊലീസിനെ പറഞ്ഞുകേൾപ്പിച്ചു അയാളെ ജാമ്യത്തിൽ ഇറക്കി കൊണ്ടു വന്നു. ഇപ്പോഴും ആ കടയും കച്ചവടവും അതുപോലെതന്നെ അവിടെയുണ്ട്. കടയ്ക്ക് നിരപലക മാറ്റി ഷട്ടറാക്കി സോഡായ്ക്കും നാരങ്ങയ്ക്കും പകരം സോഫ്റ്റ് ഡ്രിങ്സ് ആക്കി എന്നത് ഒഴിച്ചാൽ യാതൊരു മാറ്റവും ഇല്ല.

English Summary:

Malayalam Short Story ' Samshaya Sahodaranmar ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com