അശ്രദ്ധമായി ചെയ്തു പോയ തെറ്റ്; 'കുട്ടികളുടെ ഭയന്ന നോട്ടം നേരിടാനാകാതെ അധ്യാപകൻ'
അവന്റെ നിൽപ്പും നോട്ടവും, എന്റെ തലയിലെ കാര്യമറിയാത്ത പെരുക്കവും.. കൈ നീട്ടാൻ പറഞ്ഞു, നീട്ടി, വിരൽത്തുമ്പിൽ പിടിച്ചില്ല, ഒരടി, സാമാന്യം ശക്തിയിൽ. പക്ഷേ, അപ്രതീക്ഷിതമായി അവൻ കൈ വലിച്ചു. വടിയുടെ ഗതി മാറി, അടിയുടെ ദിശ തെറ്റി,
അവന്റെ നിൽപ്പും നോട്ടവും, എന്റെ തലയിലെ കാര്യമറിയാത്ത പെരുക്കവും.. കൈ നീട്ടാൻ പറഞ്ഞു, നീട്ടി, വിരൽത്തുമ്പിൽ പിടിച്ചില്ല, ഒരടി, സാമാന്യം ശക്തിയിൽ. പക്ഷേ, അപ്രതീക്ഷിതമായി അവൻ കൈ വലിച്ചു. വടിയുടെ ഗതി മാറി, അടിയുടെ ദിശ തെറ്റി,
അവന്റെ നിൽപ്പും നോട്ടവും, എന്റെ തലയിലെ കാര്യമറിയാത്ത പെരുക്കവും.. കൈ നീട്ടാൻ പറഞ്ഞു, നീട്ടി, വിരൽത്തുമ്പിൽ പിടിച്ചില്ല, ഒരടി, സാമാന്യം ശക്തിയിൽ. പക്ഷേ, അപ്രതീക്ഷിതമായി അവൻ കൈ വലിച്ചു. വടിയുടെ ഗതി മാറി, അടിയുടെ ദിശ തെറ്റി,
കുട്ടികളെ അടിക്കുക എന്നത് ഒരിക്കലും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അന്ന് അധ്യാപക പരിശീലനം കിട്ടിയിട്ടില്ലാത്ത കാലവും. പഠനം കം തൊഴിൽ പരിചയത്തിനും പോക്കറ്റ് മണിക്കുമായി പകുതി സമയ ജോലി എന്ന നിലക്ക് ഏറ്റെടുത്ത ആ വേളയിലും കുട്ടികളോട് മാന്യമായി തന്നെ ഇടപെടാനാണ് ശ്രമിച്ചിരുന്നത്. തെറ്റായി എഴുതുന്നതും മനഃപാഠമാവാത്തതും ഒന്നും കുട്ടികളുടെ കുഴപ്പമല്ല, അധ്യാപനത്തിന്റെ പോരായ്മയോ അധ്യാപകന്റെ കഴിവുകേടോ ആണെന്ന് കുട്ടികളെ തന്നെ ബോധ്യപ്പെടുത്തിയിരുന്ന കാലം. പക്ഷേ, അനുസരണക്കേടിനും അച്ചടക്കമില്ലായ്മക്കും നല്ല ശിക്ഷ കാര്യവും കുറ്റവും പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം കിട്ടുമെന്നും തുടക്കത്തിലും ഇടയ്ക്കിടെയും ഓർമ്മപ്പെടുത്താറുമുണ്ടായിരുന്നു.
അന്നെന്താണ് സംഭവിച്ചതെന്നറിയില്ല, മനസ്സിൽ വേറെന്തൊക്കെയോ കരണം കുത്തി മറിയുന്നുണ്ടെന്ന് തോന്നിയിരുന്നു രാവിലെ മുതലേ. ക്ലാസ്സിലെത്തിയിട്ടും കുട്ടികളുടെ ഉള്ളിലേക്ക് നോക്കാനോ പാഠത്തിന്റെ കാമ്പെടുത്ത് നൽകാനോ സാധിച്ചില്ല. ഇടവേള കഴിഞ്ഞ് ക്ലാസ്സിലെത്തിയപ്പോഴാണ് കാര്യം അറിയുന്നത്, കാര്യമായ എന്തോ കച്ചറ നടന്നിരിക്കുന്നു. ആളെ കിട്ടാൻ കുറച്ച് സമയം എടുത്തു. പൊതുവെ ഒരു അന്തർമുഖനാണ് ആൾ, പഠനത്തിൽ ശരാശരിയും അൽപം ഗുണ്ടായിസം പോലെയും. ഉള്ളിൽ എന്തൊക്കെയോ മറച്ച് പിടിക്കുന്ന, മനസ്സിൽ എന്തൊക്കെയോ സംഘർഷം പേറുന്ന ഒരു കുട്ടിയാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ ചിക്കിച്ചികഞ്ഞ് ചോദിച്ചറിയണം എന്നുണ്ടായിരുന്നു, പക്ഷേ അവസരം ഒത്ത് കിട്ടിയിട്ടില്ലായിരുന്നു. നീയാണോ അത് ചെയ്തത് എന്ന ചോദ്യത്തിന് മറുപടിയില്ല, നീയെന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുമില്ല മറുപടി. പേടിച്ചിട്ടോ മടിച്ചിട്ടോ അല്ല, മറുപടി പറയാൻ മനസ്സില്ലെന്ന മട്ടും ഭാവവുമായിരുന്നു ആൾക്ക്. അല്ലെങ്കിൽ തന്നെ രാവിലെ തൊട്ടേ ഏതോ വണ്ടുകൾ തലയിൽ മൂളിപ്പറക്കുന്നുണ്ടായിരുന്നു, ഇവന്റെ പേടിക്കാത്ത നിൽപ്പും കൂസാത്ത ഭാവവും കൂടിയായപ്പോൾ വണ്ടുകൾ ആയിരങ്ങളായി മൂളിപ്പെരുകി തലക്കകം പെരുക്കി.
തൊട്ടടുത്ത ക്ലാസ്സിലെ വടിയൊന്ന് കടം ചോദിച്ചു, കിട്ടിയതോ വളഞ്ഞും മുറിഞ്ഞും ഒന്നിനും കൊള്ളാത്തൊരു വടി. അവന്റെ നിൽപ്പും നോട്ടവും, എന്റെ തലയിലെ കാര്യമറിയാത്ത പെരുക്കവും.. കൈ നീട്ടാൻ പറഞ്ഞു, നീട്ടി, വിരൽത്തുമ്പിൽ പിടിച്ചില്ല, ഒരടി, സാമാന്യം ശക്തിയിൽ. പക്ഷേ, അപ്രതീക്ഷിതമായി അവൻ കൈ വലിച്ചു. വടിയുടെ ഗതി മാറി, അടിയുടെ ദിശ തെറ്റി, കൈ വെള്ളയിൽ പതിയേണ്ട അടി ചെന്ന് പതിച്ചത് അവന്റെ കൈ വെള്ളക്കും മുകളിൽ. വടിയുടെ പരുക്കനും അടിയുടെ ശക്തിയും വലിയുടെ വേഗതയും ആയപ്പോൾ അടി കൊണ്ടിടത്ത് സാമാന്യം അടയാളമായി. അത് ചുവന്ന് കല്ലിച്ച് കിടന്നു. വല്ലാത്ത ഷോക്കായി, കുട്ടികളുടെ ഭയന്ന നോട്ടം തന്നിലേക്കെത്തുന്നത് കണ്ടപ്പോൾ തലയിൽ മൂളിയിരുന്ന വണ്ടുകളൊക്കെ എങ്ങോട്ടോ പറന്ന് പോയി, കുട്ടികളുടെ മുമ്പിലെ നിർത്തം കുനിഞ്ഞ ശിരസ്സുള്ള അപരാധിയെ പോലെയായി. പ്രധാനാധ്യാപകനോട് പോയി നേരിട്ട് പറഞ്ഞു, കുറ്റവും തെറ്റും ഏറ്റ് പറഞ്ഞു, അദ്ദേഹം സമാധാനിപ്പിച്ചു, അപ്പോൾ എന്നെയും പിന്നെ വന്ന് അവനെയും. അവനത് ഒരു വിഷയമേ അല്ലാത്ത പോലെ. അടി കൊണ്ടതോ കൈയ്യിൽ ചുവന്ന പാട് വന്നതോ ഒരു കാര്യമേ അല്ലാത്തത് പോലെ.
പക്ഷേ, സമയം കുറച്ച് കഴിഞ്ഞപ്പോൾ നേരത്തെ പറന്നിറങ്ങി പോയ വണ്ടുകളെല്ലാം തിരികെ വന്നെത്തി തലക്കകത്ത് കയറി മൂളിക്കറങ്ങുന്നതായി തോന്നി. തലക്ക് വല്ലാത്ത കനം, മനസ്സിലൊരു കല്ല് കെട്ടിത്തൂക്കിയ ഭാരം. പകുതി ലീവെടുത്ത് റൂമിലെത്തിയിട്ടും തലയിൽ കുടം കണക്കിന് വെള്ളം കോരിയൊഴിച്ചിട്ടും അവന്റെ കൈയ്യിലെ ചുവന്ന കല്ലിപ്പ് വീർത്തുന്തി വരുന്ന തോന്നലിന് ശമനമായില്ല. കുട്ടികളെ എല്ലാം ഒരു പോലെ കണ്ടും പരിഗണിച്ചും പഠിപ്പിച്ചിട്ട്, സ്നേഹിച്ചും ശാസിച്ചും ജീവിച്ചിട്ട്, പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കുട്ടികളും ഞാനും ഒന്നായിട്ട്.. ആയിരം ശരികൾക്കിടയിലെ അരത്തെറ്റ് വെളുത്ത ആയിരം ആട്ടിൻ പറ്റത്തിലെ ഒരു കറുത്ത ആട് പോലെ തന്നെയാണ്. വല്ലാതെ തെളിഞ്ഞ് കാണും. ഇത്രയും കാലം സന്തോഷത്തോടെ ഇരുന്ന കുട്ടികളെല്ലാം ഇനിയൊരു പക്ഷേ പേടിയോടെയാവും ക്ലാസ്സിലെത്തുന്നത്. ഏഴാം മാസത്തിലൊരിക്കൽ മാത്രം കൈയ്യിലെടുത്ത വടിയായിരിക്കും ഇനിയുള്ള മാസങ്ങളിലും ചിലപ്പോൾ കുട്ടിമനസ്സുകളിലുണ്ടാവുക. അടുത്ത വർഷം പുതിയ കുട്ടികൾ ക്ലാസ്സിലെത്തുമ്പോൾ അവരുടെയും മനസ്സിലുണ്ടാവുക അവന്റെ കൈയ്യിൽ അടിച്ച് പൊട്ടിച്ച സാറാണല്ലോ എന്നാവും.
വയ്യ, പറ്റിപ്പോയ ഒരു പിഴവ് ആയിരം തവണ സമ്മതിച്ചാലും പഴി മാറാത്ത അവസ്ഥ വല്ലാത്തത് തന്നെ. കട്ട പിടിച്ച ഇരുട്ടിലെ ഉറക്കമില്ലാത്ത രാത്രിയിൽ കനത്ത തീരുമാനം മനസ്സിലുറപ്പിച്ചു, രാവിലെയത് കടലാസിലെഴുതി മടക്കി പോക്കറ്റിലിട്ടു, പിന്നെയത് ഓഫീസിലെത്തി പ്രധാനാധ്യാപകന് കൈമാറി. ആകാംക്ഷയോടെ തുറന്ന് ആശ്ചര്യത്തോടെ വായിച്ച് അന്ധാളിപ്പോടെ നോക്കിയ അദ്ദേഹത്തോട് പറഞ്ഞു, തീരുമാനം തന്നെയാണ്. പിന്തിരിപ്പിക്കാനായി അദ്ദേഹം ഒരുങ്ങിയപ്പോഴും സഹാധ്യാപകരോട് വിവരം പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഉറച്ച് തന്നെ നിന്നു. നീറുന്ന മനഃസാക്ഷിക്ക് മേൽ വെള്ളം നനച്ച ചാക്ക് മൂടിയിട്ട് അധ്യാപകനായി അഭിനയിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിന് മാറ്റമില്ലായിരുന്നു. ബസ്സിലെ സൈഡ് സീറ്റിൽ പുറകിലേക്കോടി മറയുന്ന കാഴ്ചകളിൽ കണ്ണുടക്കവെ മനസ്സിലാരോ മന്ത്രിച്ചത് പോലെ, സ്വന്തം മക്കളെക്കാളേറെ കരുതലും സുരക്ഷയും വാത്സല്യവും ശ്രദ്ധയും മുന്നിലിരിക്കുന്ന വിദ്യാർഥികൾക്ക് നൽകാനാവുന്നവനേ അധ്യാപകനെന്ന പേരിന് അർഹതയുള്ളൂ. അതേ നീയും ചെയ്തുള്ളൂ. കണ്ണടച്ച് സീറ്റിലേക്ക് ചാഞ്ഞിരുന്നു, കിതപ്പിനെ മറന്ന് ദൗത്യത്തിലേക്ക് കുതിച്ചോടുന്ന ബസ്സിന്റെ മനസ്സറിഞ്ഞത് പോലെ ജീവിതമെന്ന ഗതിവേഗത്തിന്റെ കൂടെയോടി തളരാനുള്ള ബാക്കി മനസ്സാക്ഷിയുമായി..