നീന്തൽക്കുളത്തിനരികിൽ സുന്ദരിയായ ഒരു സ്ത്രീ; 'അയാൾ വാതില് തുറന്ന് പുറത്തിറങ്ങി...'
നീന്തൽക്കുളത്തിന്നരികിൽ സുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നു. അയാൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. ആ സ്ത്രീ കൈകൾ ഉയർത്തി അയാളെ അങ്ങോട്ട് വിളിച്ചു. അയാൾ നോക്കി, മറ്റുള്ളവർ നല്ല ഉറക്കത്തിലേക്കാണ്. അയാൾ വാതിലുകൾ പതുക്കെ തുറന്ന് പുറത്തിറങ്ങി.
നീന്തൽക്കുളത്തിന്നരികിൽ സുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നു. അയാൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. ആ സ്ത്രീ കൈകൾ ഉയർത്തി അയാളെ അങ്ങോട്ട് വിളിച്ചു. അയാൾ നോക്കി, മറ്റുള്ളവർ നല്ല ഉറക്കത്തിലേക്കാണ്. അയാൾ വാതിലുകൾ പതുക്കെ തുറന്ന് പുറത്തിറങ്ങി.
നീന്തൽക്കുളത്തിന്നരികിൽ സുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നു. അയാൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. ആ സ്ത്രീ കൈകൾ ഉയർത്തി അയാളെ അങ്ങോട്ട് വിളിച്ചു. അയാൾ നോക്കി, മറ്റുള്ളവർ നല്ല ഉറക്കത്തിലേക്കാണ്. അയാൾ വാതിലുകൾ പതുക്കെ തുറന്ന് പുറത്തിറങ്ങി.
നാട്ടിലെ ഏതു ചടങ്ങിലും അപൂർവമായേ അയാൾ പങ്കെടുക്കാറുള്ളൂ. ജോലി വിദേശത്തായതിനാലും അവധികൾ കുറവ് ആയതിനാലും ഇടയ്ക്കിടെ വന്നുപോകുന്നതിനിടക്ക് മറ്റൊന്നിനും സമയം കിട്ടാറില്ല. "നാട്ടിലുള്ളതല്ലേ തീർച്ചയായും പങ്കെടുക്കണം" സ്നേഹപൂർണ്ണമായ, സഹോദരതുല്യമായ ആ വാക്കുകൾ അയാൾക്ക് അവഗണിക്കാനായില്ല. നഗരത്തിന്റെ അതിർത്തിയിൽ അല്ലെ? എങ്കിൽ ഞങ്ങളും വരാം. പറ്റുമെങ്കിൽ അതിന്നടുത്ത് താമസിക്കാൻ ഒരിടം കണ്ടെത്തൂ, കുട്ടികൾക്കും അത് സന്തോഷമാകും, വാരാന്ത്യമല്ലേ. താമസിക്കാനുള്ള അയാളുടെ അന്വേഷണം ചെന്നെത്തിയത് ഒരു ഹെറിറ്റേജ് റിസോർട്ടിൽ ആണ്. അധികം മുറികൾ ഒന്നുമില്ല, ആകെ ഏഴെണ്ണം മാത്രം. നാലെണ്ണം താഴെ, മൂന്നെണ്ണം മുകളിൽ. ആ പഴയ കെട്ടിടം അയാളെ കാത്തിരിക്കുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.
ചരിത്രം ഉറങ്ങുന്ന വലിയ പാലം കടന്ന്, പ്രധാന നിരത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു. ആ വഴി സമാന്തരമായി ചെന്നെത്തുന്നത്, ആ കെട്ടിടത്തിലേക്കാണ്. മരത്തിന്റെ ഗേറ്റ് തുറക്കുമ്പോഴേ ഒരു നിഴൽ തന്നെ സ്വീകരിക്കാൻ പൂമുഖത്ത് നിൽക്കുന്നതായി അയാൾക്ക് തോന്നി. വലിയ ആൽമരത്തിന് താഴെയാണ് കാറ് പാർക്ക് ചെയ്തത്. കെട്ടിടത്തിന്റെ മുന്നിൽ ചെറിയ പുൽമൈതാനം പോലെ ഇടം, അതിന്നടുത്ത് തന്നെ നീന്തൽക്കുളം. മൈതാനത്തിന് അപ്പുറത്ത് കായൽ. പുൽമൈതാനത്ത് മേശകളും കസേരകളും അങ്ങിങ്ങായി അതിഥികൾക്ക് ഭക്ഷണം പുറത്തിരുന്ന് കഴിക്കുന്നവർക്കായി ക്രമീകരിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ പൂമുഖം തന്നെ അതിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്നു. വലിയ കവാടത്തിന്റെ മരവാതിലിലൂടെ അയാൾ കൈത്തലം തഴുകി, തന്നിലേക്ക് ഇരച്ചുകയറുന്ന ഒരു പ്രവാഹം അയാൾ തിരിച്ചറിഞ്ഞു.
അകത്തേക്ക് കടക്കുമ്പോൾ തന്നെ ഇടതുവശത്ത് കുത്തനെയുള്ള മരത്തിൽ തീർത്ത ഗോവണിപ്പടികൾ, അകത്ത് നിറയെ ചെടികൾ, ഒരു വാതിൽ കൂടി കടന്നാൽ ആണ് അതിഥികളെ സ്വീകരിക്കുന്ന ഓഫീസ്. അകത്തേക്ക് കടക്കുന്നതിന് മുമ്പ് എന്തൊക്കെയോ എഴുത്തുകൾ മനോഹരമായി ഫോട്ടോപോലെ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. അതൊന്ന് പാളിനോക്കിമാത്രം അയാൾ അകത്തേക്ക് കടന്നു. വലിയ മേശ, പഴയ കസേരകൾ, സോഫകൾ, ആ മുറി നിറയെ പുരാതനമായ പല സാമഗ്രികളും കൊണ്ട് അലങ്കരിച്ചിരുന്നു. അയാൾക്ക് ഏറ്റവും ഇഷ്ടമായത് പഴയ ഒരു ഗ്രാമഫോണാണ്. മുകളിലെ മൂന്ന് മുറികളും ആണ് അവർക്കായി ഒരുക്കിയിരുന്നത്, മുതിർന്ന കുട്ടികൾ മൂന്നാലുപേർ ഉള്ളതിനാൽ അങ്ങനെയാവട്ടെയെന്ന് കരുതി, മാത്രമല്ല മുകളിൽ അവർ മാത്രമേ കാണൂ. ഗോവണികൾ കയറുമ്പോൾ അയാൾ കുട്ടികളോട് പറഞ്ഞു, കൈവരിയിൽ പിടിച്ചു കയറണം. ഇറങ്ങുമ്പോഴും പിടിച്ചിറങ്ങണം, ഇറങ്ങുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
മുകളിൽ ഒരു ചെറിയ വരാന്ത, മരത്തിന്റെ അഴികൾ കൊണ്ടുള്ള ജനാല. മുകൾ നില മുഴുവൻ മരമാണ്. നിലവും, മുകൾത്തട്ടും മരം. അയാൾ ചെരുപ്പുകൾ ഊരിയിട്ട്, മരത്തിന്റെ തണുപ്പിലേക്ക് പാദങ്ങളെ സ്വതന്ത്രമാക്കി. പഴയ കട്ടിൽ, ചുമരിനോട് ചേർന്ന് കിടക്കുന്ന മേശയും, അലമാരയും, ഇരിപ്പിടവും, സാധനങ്ങൾ വെക്കാനുള്ള ഇടങ്ങളും ഇടകലർന്ന ഒറ്റവരിയിൽ മരത്തിൽ തീർത്ത കലാവിരുന്ന്. ജനാലയിൽ തൂങ്ങിക്കിടക്കുന്ന ചരട് വലിച്ചപ്പോൾ മുകളിലേക്ക് ചുരുണ്ട് കയറുന്ന തുണിയും അലങ്കാരപ്പണികളും ഒത്തുചേർന്ന ജനൽ കർട്ടൻ. പലനിറങ്ങളിൽ ചില്ലിന്റെ അലങ്കാരപ്പണികളിൽ നിറഞ്ഞ ജനാല, തുറന്നപ്പോൾ കാഴ്ച മൈതാനത്തേക്കും നീന്തൽക്കുളത്തിലേക്കും കായലിലേക്കും. കുളിമുറിയിലെ പൈപ്പുകളും, മറ്റുമെല്ലാം പഴയകാല നിർമ്മിതികൾ തന്നെ.
കായലിനോട് ചേർന്നിരുന്നു ചായ കുടിക്കാൻ ഇരുന്നപ്പോൾ ചായ കൊണ്ടുവന്ന ആളാണ് പറഞ്ഞത്. ഇതൊരു പഴയ ഡച്ച് ബംഗ്ലാവ് ആയിരുന്നു. പഴമയൊന്നും നഷ്ടപ്പെടുത്താതെ ഇത് നിലനിർത്തിപ്പോരുകയാണ്. ചരിത്രമെല്ലാം സ്വീകരണമുറിയുടെ മുന്നിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. കുട്ടികളോടൊപ്പം കുറേനേരം നീന്തൽക്കുളത്തിൽ കുളിച്ചു. കുഞ്ഞുങ്ങളോടൊപ്പമാണ് നമുക്കും കുഞ്ഞുങ്ങളാകാൻ കഴിയുക. ഭക്ഷണം കഴിച്ചു കിടക്കയിലേക്ക് ചരിഞ്ഞതെ ഓർമ്മയുള്ളൂ. അതിവേഗം ഉറങ്ങിപ്പോയി. ആരോ തന്നെ വിളിക്കുന്നത് കേട്ടാണ് അയാൾ ഉണർന്നത്. ജനാലയിലേക്ക് തിരിഞ്ഞാണ് അയാൾ കിടന്നിരുന്നത്. നീന്തൽക്കുളത്തിന്നരികിൽ സുന്ദരിയായ ഒരു സ്ത്രീ ഇരിക്കുന്നു. അയാൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. ആ സ്ത്രീ കൈകൾ ഉയർത്തി അയാളെ അങ്ങോട്ട് വിളിച്ചു.
അയാൾ നോക്കി, മറ്റുള്ളവർ നല്ല ഉറക്കത്തിലേക്കാണ്. അയാൾ വാതിലുകൾ പതുക്കെ തുറന്ന് പുറത്തിറങ്ങി. ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ കാതിൽ ഒരു ശബ്ദം, "കൈവരികൾ പിടിച്ചു, പതുക്കെ, എത്ര ശ്രദ്ധിച്ചിട്ടും ഞാൻ പല തവണ ഇവിടെ വീണിട്ടുണ്ട്". നീന്തൽക്കുളത്തിന്റെ വശത്ത് അവർ ഇരിപ്പുണ്ടായിരുന്നു. "ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. നിങ്ങൾ ഇവിടെ വന്നിറങ്ങിയപ്പോഴേ ഞാൻ അതറിഞ്ഞിരുന്നു. എനിക്കറിയാം നിങ്ങൾ എന്നെത്തേടിയാണ് വന്നിരിക്കുന്നത്. അതിനാലാണ് ഞാൻ നിങ്ങളെ വിളിച്ചുണർത്തിയത്". "ഞാൻ അന്നലിസ, മുഴുവൻ പേര് അന്നലിസ ഡി ജോങ്ങ്. ഞങ്ങളുടേതായിരുന്നു ഈ ബംഗ്ലാവ്. ഈ ബംഗ്ലാവിന്റെ മുക്കും മൂലയും എനിക്കറിയാം, എന്റെ കൈത്തലം പതിയാത്ത ഇടങ്ങൾ ഇവിടെയില്ല, അതിനാലാണ് പ്രധാനകവാടങ്ങൾ നിങ്ങളുടെ കൈത്തലംകൊണ്ട് തഴുകിയപ്പോൾ ഞാൻ എന്നെത്തേടി വന്നയാളെ തിരിച്ചറിഞ്ഞത്".
"മുകളിലെ മൂന്ന് മുറികൾ എന്റെതായിരുന്നു. പവിഴമല്ലി, പാരിജാതം, നിശാഗന്ധി, ഇതാണ് ആ മുറികളുടെ പേരുകൾ. പല പല ഗന്ധങ്ങൾ നിറഞ്ഞ മുറികൾ, എന്റെ പല പല അഭിരുചികൾക്കൊത്തുള്ള സമ്മേളനങ്ങൾ നിറഞ്ഞ മുറികൾ. കലയുടെ ഓരോ മേഖലയിലും ഉന്നതിയിൽ നിന്നിരുന്നവരുമായി എന്റെ സൗഹൃദങ്ങൾ നിറച്ചിരുന്ന നിമിഷങ്ങൾ. ഞാനതെല്ലാം ആഘോഷിക്കുകയായിരുന്നു, അതിലെല്ലാം ആനന്ദം കണ്ടെത്തുകയായിരുന്നു. അവസാനം ഞാൻ അയാളെ കണ്ടെത്തി. ആ ഒരു വ്യക്തിയിൽ എന്റെ സർവ്വവും സമർപ്പിച്ചു. അറിയാമല്ലോ, നാം ഏറ്റവും വിശ്വസിക്കുന്നവർ തന്നെയാണ് നമ്മെ ചതിക്കുക. ഈ സ്വത്തിനായി, ഈ കായലിന്റെ ചെളിയിലേക്കാണ് ഞാൻ ചവിട്ടിത്താഴ്ത്തപ്പെട്ടത്". "പുനർജന്മങ്ങൾ ഉണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങളെത്തേടി ഞാൻ വരും" "ഞാൻ ഈ കായലിൽ തന്നെയുണ്ട്. കായലിലേക്ക് ചാടുമ്പോൾ ഞാൻ ഒരു മൽസ്യകന്യകയായി മാറും. സംശയമുണ്ടെങ്കിൽ കണ്ണുകൾ തുറന്നു തന്നെ ഇരിക്കണം". അവർ എഴുന്നേറ്റ് കായൽപ്പടവിലേക്ക് നടന്നു, കായലിലേക്ക് ചാടുമ്പോൾ അവർ ഒരു മൽസ്യകന്യകയായി മാറി.
രാവിലെ ഉണർന്നപ്പോൾ ഭാര്യ ചോദിച്ചു. "ആരാ അന്നലിസ" കുറെ നേരം ഉറക്കത്തിൽ ആ പേര് പറയുന്നുണ്ടായിരുന്നല്ലോ. "സ്വപ്‌നമായിരിക്കും" അയാൾ പിറുപിറുത്തു. പരിപാടിയിൽ പങ്കെടുത്തു, തിരിച്ചു റിസോർട്ടിൽ എത്തി. അപ്പോഴാണ് അയാൾ റിസോർട്ടിന്റെ ചരിത്രമെഴുതിയ ഫ്രെയിം വായിക്കാൻ ശ്രമിച്ചത്. "അന്നലിസ ഡി ജോങ്ങ് - നെതർലാൻഡിൽ നിന്നും വന്നു ഇവിടെ ഈ ബംഗ്ലാവ് നിർമ്മിച്ചു. സുഗന്ധദ്രവ്യങ്ങൾ കയറ്റുമതിചെയ്യുന്ന കച്ചവടമായിരുന്നു അവർ നടത്തിയിരുന്നത്. കച്ചവടത്തോടൊപ്പം, കലയിലും സംഗീതത്തിലും അവർ പ്രാവീണ്യയായിരുന്നു. അതിനാൽത്തന്നെ സമൂഹത്തിലെ പല ഉന്നതരുമായി അവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഡച്ച് സംസ്കാരം നിലനിർത്തുന്ന ഈ ബംഗ്ലാവ് അതേ രീതിയിൽ തന്നെ ഇന്നും നിലനിർത്തിയിരിക്കുന്നു". റിസോർട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആരോ കാതിൽ പറയുന്നു. "എന്റെ ബംഗ്ലാവിൽ നിന്നും ഇറങ്ങിയാലും, പവിഴമല്ലിയായും, പാരിജാതമായും, നിശാഗന്ധിയായും, ഞാൻ നിന്നോടൊപ്പമുണ്ടാകും".
തിരിച്ചുപോകുന്നത് പരിപാടി നടക്കുന്ന വഴിയിൽ തന്നെയായിരുന്നു. അപ്പോഴാണ് വൈകി വന്ന ഒരു സുഹൃത്ത് കാണണമെന്ന് പറഞ്ഞത്. പുറത്ത് കാർ നിർത്തി അവരെ പരിചയപ്പെട്ടു പുറത്തിറങ്ങി. കാറിലേക്ക് നടക്കുമ്പോഴാണ് സുന്ദരിയായ ഒരു ചെറുപ്പക്കാരി അയാൾക്കുനേരെ നടന്നു വന്നു അയാളുടെ പേര് പറഞ്ഞത്. "അതെ ഞാൻ തന്നെയാണ്" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ നിങ്ങളെ വായിക്കാറുണ്ട്. നിങ്ങളുടെ കഥകൾ എനിക്കിഷ്ടമാണ്". എന്താണ് നിങ്ങളുടെ പേര്? ഒന്ന് ചിരിച്ചു അവർ തിരിഞ്ഞു നടന്നകന്നു, പിന്നെ വീണ്ടും തിരിഞ്ഞുനിന്ന് പറഞ്ഞു. "അന്നലിസ".