ADVERTISEMENT

"ന്തിനാ വാസു ന്റെ എല്ലാ ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.? രണ്ടീസം കഴിഞ്ഞാൽ നീ എന്നെ കൂട്ടികൊണ്ടു വരില്ലേ..?" ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു. "മ്മ്.. ബിസിനസ്‌ ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടികൊണ്ട് വരാൻ.." മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി. "രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..?? ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..??" അമ്മ പെട്ടെന്ന് ചോദിച്ച ചോദ്യം കേട്ടു പ്രിയ ഒന്ന് ഞെട്ടി.. "അത് പിന്നെ അമ്മേ.. വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്ന പറയുന്നേ അപ്പൊ പിന്നെ.. പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി.. ഈ കുട്ടിയോളുടെ ഒരു കാര്യം.. ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു. അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി. "അമ്മേ പോകണ്ടേ, എഴുന്നേൽക്ക്..." ദേവു അമ്മ പതിയെ എഴുന്നേറ്റു.  പ്രഭാത കൃത്യങ്ങൾ ചെയ്ത്.. വാസു കഴിഞ്ഞ പിറന്നാളിന് വാങ്ങിക്കൊടുത്ത സെറ്റ് സാരി ഉടുത്ത് ഉമ്മറത്തേക്ക് വന്നു. "വാ അമ്മേ ചായ കഴിക്കാം" വാസു വിളിച്ചു.. "മ്മ് വരാം.." ദേവു അമ്മ പതുക്കെ ഡൈനിങ് ടേബിളിനു അടുത്തെത്തി. "അമ്മേ അമ്മയ്ക്ക് ഇഷ്ട്ടമുള്ള ദോശയാണ് ഇന്ന് വാ കഴിക്കാം" ഇത്രേം പറഞ്ഞു കൊണ്ട് വാസു അമ്മയെ പിടിച്ചു കസേരയിൽ ഇരുത്തി. "കഴിക്കു അമ്മേ.." അവൻ പറഞ്ഞു. 

ഒരു കഷ്ണം ദോശ വായിൽ വച്ചിട്ട് ദേവു അമ്മ വാസൂന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. "ന്തിനാടാ നീ കരയുന്നെ..?" ദേവു അമ്മ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു. "ഒന്നുല്ല അമ്മേ.. ഇനി രണ്ടുദിവസം അമ്മയെ പിരിഞ്ഞു നിൽക്കണ്ടെ അത് ഓർത്തപ്പോൾ.. അമ്മ കഴിക്കു.." "അതിനെന്താടാ വന്നാൽ ഉടനെ എന്നെ കൂട്ടികൊണ്ട് വരില്ലേ നീ.. പിന്നെ എന്താ.. ഇവന്റെ ഒരു കാര്യം." ഇതും പറഞ്ഞു ദേവു അമ്മ ബാക്കി ദോശ കഴിക്കാൻ തുടങ്ങി.. "ഡാ നീ എടുത്തു തന്നത് കൊണ്ടാണോ എന്നറിയില്ല.. നല്ല രുചിയുണ്ട് കേട്ടോ ദോശയ്ക്ക്.. നീ കഴിച്ചു നോക്ക്.." ഒരു കഷ്ണം ദോശ അവന്റെ വായിൽ വച്ചു കൊടുത്തു. ശരിയാ നല്ല രുചി. അമ്മയുടെ കൈകൊണ്ടു എത്ര കഴിച്ചാലാ മക്കൾക്ക്‌ മതിയാവ്യ.. "അമ്മേ വാ ഇറങ്ങു.. കുറെ പോകാൻ ഉള്ളതല്ലേ ലേറ്റ് ആകും." മുറിക്കു വെളിയിൽ വന്നു പ്രിയ വിളിച്ചു പറഞ്ഞു. "വരുന്നു കുട്ടിയേ.." എന്ന് പറഞ്ഞു പടി ഇറങ്ങുന്നതിനിടയിൽ കാല് വഴുതി ദേവു അമ്മ വാസൂന്റെ കൈയ്യിലേക്ക് വീണു. "ഹ.. അമ്മേ സൂക്ഷിച്ചു.. സൂക്ഷിച്ചു നടക്ക് അമ്മേ" കൈ പിടിച്ചു കൊണ്ട് വാസു പറഞ്ഞു. "നീ ഉള്ളപ്പോൾ ഞാൻ എന്തിനാടാ പേടിക്കുന്നെ ല്ലേ മോളെ.." ദേവു അമ്മ ചിരിച്ചോണ്ട് കാറിലേക്ക് കയറി.

കുറെ ദൂരമുള്ള യാത്ര.. ദേവു അമ്മ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. "ഇനിയും എത്ര ദൂരം ഉണ്ടെടാ മോനെ" ദേവു അമ്മ വാസുവിനോട് ചോദിച്ചു. "ഇപ്പോൾ എത്തും അമ്മേ" അവന്റെ അലസമായ മറുപടി. വണ്ടി ഒരു റെയിൽവേ ഗേറ്റിനു അടുത്ത് നിന്നു. ഗേറ്റ് അടച്ചിരിക്കുന്നു. ദേവു അമ്മ പുറത്തേക്കു നോക്കി.. അവിടെ ഒരു കട വരാന്തയിൽ ഒരു നാടോടി ബാലനും ഒരു പ്രായമായ സ്ത്രീയും ഇരിക്കുന്നു. വെയിൽ കൊള്ളാതിരിക്കാൻ പേപ്പർ കൊണ്ട് മകന്റെ മുഖം മറച്ചു പിടിച്ചിരിക്കയാണ് ആ അമ്മ. എന്തോ കഴിക്കാൻ വായിൽ വച്ചു കൊടുക്കുന്നു. ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു യുവാവിന്റെ എല്ലാ ചേഷ്ടകളും അവൻ കാണിക്കുന്നുണ്ടായിരുന്നു.. ഇതിനിടയിൽ എപ്പോഴോ കൂകി വിളിച്ചു കൊണ്ട് ട്രെയിൻ കടന്നു പോയി. വാസു കാർ സ്റ്റാർട്ട്‌ ചെയ്തു. "തന്റെ മക്കൾ എങ്ങനെ ആയാലും എത്ര ആയാലും അമ്മയ്ക്ക് മരണം വരെ അവർ കുട്ടികൾ തന്നെ.. ദേവു അമ്മ മനസ്സിൽ പറഞ്ഞു. കാർ കുറെ ദൂരം പിന്നിട്ടിരിക്കുന്നു.. 

സമയം ഉച്ചയോടു അടുത്തിരിക്കുന്നു.. ഒരു വലിയ ഗേറ്റ് കടന്നു കാർ ഒരു കെട്ടിടത്തിന് മുന്നിൽ എത്തി. "അമ്മേ ഇറങ്ങു.. സ്ഥലം എത്തി.." വാസു പറഞ്ഞു. ദേവു അമ്മ പതുക്കെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി ചുറ്റും നോക്കി. ശാന്തമായ പരിസരം.. അവിടെ ഇവിടെ ആയി കുറച്ചു ബെഞ്ചുകൾ.. അതിൽ ചിലതിൽ ആരൊക്കെയോ ഇരിക്കുന്നു. ചുറ്റും നോക്കുന്നതിനിടയിൽ ദേവു അമ്മ ആ ബോർഡ്‌ ശ്രദ്ധിച്ചത്. "തണൽ" "മോനെ, മോന്റെ കൂട്ടുകാരന്റെ വീട്ടിൽ രണ്ടു ദിവസത്തേക്ക് നിൽക്കാം എന്ന് പറഞ്ഞിട്ട്.. ഇതു.. ഇപ്പൊ.." മുഴുവൻ പറയുമ്പോഴേക്കും ദേവു അമ്മയുടെ വാക്കുകളെ കരച്ചിൽ വിഴുങ്ങിയിരുന്നു. "അത് അമ്മേ.." വാസു എന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കും പ്രിയ അവന്റെ കൈയ്യിൽ പിടിച്ചു ഒന്ന് പിച്ചിയിട്ട് പറഞ്ഞു "അമ്മേ.. വാസൂന്റെ കൂട്ടുകാരൻ വീട്ടിൽ ഇല്ല.. നാട്ടിലോ മറ്റോ പോയിരിക്കയാ.. അയാളുടെ അമ്മയ്ക്ക് എന്തോ വയ്യാന്നു.. അമ്മയ്ക്കു ഇവിടെ ഒരു കുറവും ഉണ്ടാവില്ല.. AC മുറിയാണ് അമ്മയ്ക്ക് എവിടെ ബുക്ക്‌ ചെയ്തിരിക്കുന്നെ.. പിന്നെ രണ്ടു ദിവസത്തേക്കല്ലേ.. വാ അമ്മേ.." പ്രിയ അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് കയറി.. പിൻസീറ്റിൽ ഉള്ള അമ്മയുടെ ബാഗ് എടുത്തുകൊണ്ടു വാസു പിന്നാലെയും.. 

ഇളം മഞ്ഞ നിറത്തിലുള്ള ചുമരുകൾ.. നിശബ്ദത തളം കെട്ടി നിൽക്കുന്ന ഇടനാഴികൾ.. കണ്ണുനീർ വറ്റി കാത്തിരിപ്പിന്റെ നിഴൽ കളിയാടുന്ന കുറെ മുഖങ്ങൾ, എല്ലാ മുഖങ്ങളിലും നിർവികാരത.. എല്ലാരുടേയും നോട്ടം തന്നിലേക്ക് വന്നുവീഴുന്നതായി ദേവു അമ്മയ്ക്ക് തോന്നി. എന്തൊക്കെയോ ചോദ്യങ്ങൾ അതിനപ്പുറം സംശയങ്ങൾ മനസ്സിൽ മിന്നിമറയുന്നുണ്ട്.. നടക്കുമ്പോൾ തറയിലെ തണുപ്പ് തന്റെ ഉടലിനെ വരിഞ്ഞ് മുറുക്കുന്നപോലെ തോന്നി.  ഇതിനിടയിൽ വാസു മാനേജരുടെ മുറിയിൽ എന്തൊക്കെയോ എഴുതി കൊടുക്കുന്നു. ഡെബിറ്റ് കാർഡ് സ്വൈപ്പ്ചെയ്തു നൽകുന്നു. ഷേക്ക്‌ ഹാൻഡ് നൽകി മുറിയിൽ നിന്ന് പുറത്തേക്കു വന്നു.. വാസു അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് കൈയ്യിൽ ഒന്ന് മുറുകെ പിടിച്ചു. പിന്നെ തിരിഞ്ഞു നോക്കാതെ വന്നു കാറിൽ കയറി, കാർ സ്റ്റാർട്ട്‌ ചെയ്തു. ‍ഡ്രൈവ് ചെയ്ത് ദൂരേക്ക് മറഞ്ഞു. കൺവെട്ടത്തുനിന്ന് കാർ മറഞ്ഞെങ്കിലും അത് പോയപ്പോൾ ഉള്ള പൊടി കുറേ നേരം വായുവിൽ അലതല്ലുന്നുണ്ടായിരുന്നു.

"വാ അമ്മേ മുറി കാണിച്ചു തരാം വാ.." അവിടെയുള്ള ഒരു പയ്യൻ വന്നു ദേവു അമ്മയോട് പറഞ്ഞു. അവരുടെ കൈയ്യിൽ നിന്നു ബാഗ് വാങ്ങി മുന്നിൽ നടന്നു. "ന്താ നിന്റെ പേര്" ദേവു അമ്മ പയ്യനോട് ചോദിച്ചു. "മുരുകൻ.." അവൻ മറുപടി പറഞ്ഞു. "വീട്ടിൽ ആരൊക്കെയുണ്ട് നിന്റെ.." "ഞാനും അമ്മയും മാത്രം, എനിക്ക് എന്റെ അമ്മ മാത്രേ ഉള്ളു.." മുഖം ഉയർത്തി കൊണ്ട് ദേവു അമ്മ പറഞ്ഞു. "എനിക്കും എന്റെ മോൻ മാത്രേ ഉള്ളു.. അവൻ ഒരു പാവാണ്‌.. പോത്തു പോലെ വളർന്നു എന്നെ ഉള്ളു.. ഒരു കമ്പനിയുടെ വല്യ മാനേജർ ആണ്.. അവൻ എവിടെയോ യാത്ര പോവയാണ്.. ജോലി കാര്യത്തിന്.. അതാ രണ്ടു ദിവസത്തേക്ക് എന്നെ ഇവിടെ കൊണ്ട് വിട്ടത്.. തിരുവോണത്തിന് അവൻ വരും എന്നെ കൂട്ടികൊണ്ട് പോകാൻ.." കൂടെ നടക്കുന്ന മുരുകനോട് ഇതൊക്കെ പറഞ്ഞു കൊണ്ട് ദേവു അമ്മ മുറിയിലേക്ക് നടന്നു.. 107 എന്ന് നമ്പർ ഇട്ടിട്ടുള്ള മുറിക്കു മുന്നിൽ എത്തി. "ഇതാണ് അമ്മയുടെ മുറി.." മുരുകൻ പറഞ്ഞു. ലോക്ക് തുറന്നു അകത്തേക്ക് കയറി നന്നായി അടുക്കി ഒതുക്കി വച്ചിട്ടുള്ള ഒരു കൊച്ചു മുറി.. വെള്ളയപ്പത്തിന്റെ മണമാണ് ഈ മുറിക്ക്.. ദേവു അമ്മ കട്ടിലിനടുത്തു പാതി തുറന്നിട്ട ജനൽ പാളികളിലൂടെ പുറത്തേക്കു നോക്കി. ഇവിടുന്നു പുറത്തേക്കുള്ള വഴി കാണാം.. ആ വലിയ ഗേറ്റും, ജനൽ പടിയിൽ കൈ വച്ചു ദൂരെ നോക്കി എന്തോ ചിന്തിച്ചു അവർ നിന്നു. 

വാസു തിരിച്ച് വീട്ടിൽ എത്തി. വീട്ടിലെ എല്ലാ ലൈറ്റും ഇട്ടു വച്ചിട്ടുണ്ടെങ്കിലും വീടിനകം ഇരുൾ മൂടി കിടക്കുന്നതായി തോന്നി അവന്. പടികൾ കയറി അകത്തു കയറിയ വാസു നേരെ പോയത് അമ്മയുടെ മുറിയിലേക്കാണ്.. രാസ്നാദി പൊടിയുടെ മണം കെട്ടികിടക്കുന്ന മുറിയിൽ അവൻ കുറച്ചു നേരം കണ്ണടച്ച് നിന്നു. നെറുകയിൽ അമ്മയുടെ വിരൽ കൊണ്ട് രാസ്നാദി പൊടി വച്ചു തിരുമ്മുന്നതായി തോന്നി. "ദേ നിങ്ങൾ ഇങ്ങു വന്നേ.. അമ്മയെ നമ്മൾ തെരുവിൽ ഒന്നും അല്ലല്ലോ കൊണ്ടാക്കിയെ.. എല്ലാ സൗകര്യവും ഉള്ള സ്ഥലത്തല്ലേ.. അമ്മയ്ക്ക് അവിടെ ഒരു കുറവും ഇല്ല. അമ്മ ഇവിടെ ഉണ്ടെങ്കിൽ നമ്മുടെ കാര്യങ്ങൾ ഒന്നും നടക്കില്ല.. ഒന്ന് ടൂർ പോകാൻ പോലും.. അതുകൊണ്ട് തന്നെയാ ഞാൻ അമ്മയെ വൃദ്ധ സദനത്തിൽ ആക്കാം എന്ന ഐഡിയ പറഞ്ഞത്. ഞാൻ പറയുന്നത് നിങ്ങൾ അങ്ങോട്ട്‌ കേട്ടാൽ മതി.. അല്ല  പിന്നേ.." മുടി മാടി കെട്ടിക്കൊണ്ടു പ്രിയ പറഞ്ഞു.. 

ഓണം കഴിഞ്ഞു. ഒന്നല്ല ദേവു അമ്മ ഈ മുറിയിൽ എത്തീട്ടു മൂന്നാമത്തെ ഓണം ആണ്. ഒരിക്കലും ആ മുറിയുടെ ജനൽ പാളികൾ അടയ്ക്കാറില്ല.. എന്നും രാവിലെ എഴുന്നേറ്റു കുളിച്ചു ജനലിൽ കൂടെ ഗേറ്റിൽ നോക്കി നിൽക്കും. വാസൂന്റെ കാർ വരുന്നുണ്ടോ എന്ന്.. കുറെ നോക്കീട്ടും കാണാതായാൽ.. റൂമിലെ ഗുരുവായൂരപ്പന്റെ ഫോട്ടോയുടെ മുന്നിൽ വന്നു പ്രാർഥിക്കും.. "എന്റെ ഗുരുവായൂരപ്പാ.. എന്റെ മോനും മരുമോൾക്കും നല്ലത് വരുത്തണേ..." എന്നിട്ട് തനിയെ പറയും "അവനു തിരക്കായോണ്ടാവും.. നാളെ എന്തായാലും അവൻ വരും എന്നെ കൊണ്ടോവാൻ"

English Summary:

Malayalam Short Story ' Kathirippu ' Written by Nidhin Krishnan G. R.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com