'കുശലാന്വേഷണങ്ങളിൽ നിന്ന് നാട്ടിലെ സകല വാർത്തകളും ചൂഴ്ന്നെടുക്കും, എല്ലാ പ്രശ്നങ്ങളിലും കയറി ഇടപെടും...'
Mail This Article
സൗദാമിനിയേച്ചി വെറുതെ വന്നതല്ല. പഴയമഠത്തിലെ കാർന്നോത്തി കിടപ്പിലായപ്പോൾ സന്തോഷിച്ച അന്നാട്ടിലെ കുലമഹിളമാരിൽ ഒരുവൾ. അതിലുപരി അമ്മാമ്മച്ചിയുടെ ഏറ്റവും അടുത്ത അയൽവാസി. അടുത്തത് എന്ന് വച്ചാൽ പടിഞ്ഞാറെ കുളത്തിന്നതിരിൽ അഞ്ചാറു നെടുപിരിയൻ കുടംപുളി മരങ്ങൾ സൊറ പറഞ്ഞു നിൽക്കുന്നതിനടുത്ത് മടല് ചെത്തിക്കെട്ടിയൊരു വേലിയുണ്ട്. അതിനപ്പുറം. പുളി പറമ്പിൽ വീഴുന്ന ശബ്ദം, തേങ്ങാ വീഴുന്ന ശബ്ദം, കശുമാങ്ങ പൊട്ടിക്കുന്ന ശബ്ദം ഒക്കെയും അമ്മാമ്മച്ചിക്ക് നല്ല നിശ്ചയാണ്. അടുക്കള ഭരണത്തിൽ നിന്നോ, കൊപ്ര ഉണക്കുന്ന മുറ്റത്തുന്നോ, ഉച്ചയുറക്കത്തിൽ ഐഷാമ്മാവിയുമായുള്ള കൂർക്കംവലി മത്സരത്തിൽ നിന്നോ ചാടിപ്പിടിച്ചെണീറ്റ് പറമ്പിലേക്ക് ഓടുന്നത് കാണാം.
"കൊടംപുളി ഒറ്റയൊരെണ്ണം കിട്ടാനില്ല. ഒക്കെ ആ പടിഞ്ഞാട്ടെ മൂധേവിം അവൾടെ തലതെറിച്ച ചെക്കനും കൂടി പെറുക്കണ്ണ്ട്..." പറു പറേ വാ നിറച്ച് പറഞ്ഞു കൊണ്ട് അമ്മാമ്മച്ചി പ്രാണനും കൊണ്ടോടും. തിരികെ വരുമ്പോൾ മുട്ടോളം കുത്തി വച്ച സാരിത്തുമ്പുചുറ്റിൽ ഇളിച്ചു കൊണ്ട്, പച്ചയും പഴുപ്പും കറയും മണക്കുന്ന കുടംപുളികൾ കാണും. ചിലപ്പോൾ തേങ്ങാ, മാങ്ങാ, മടല്, കുരുമുളക്, അടയ്ക്കാ.. അങ്ങനെ പറമ്പിന്റെ മടിക്കുത്തിൽ വീണതൊക്കെയും അമ്മാമ്മച്ചി കൈക്കലാക്കും. തന്റെ വ്യഞ്ജനങ്ങൾ അടിച്ചു മാറ്റുന്ന അയൽക്കാരോടുള്ള തുറന്ന യുദ്ധങ്ങളിൽ അമ്മാമ്മച്ചി ദിനം പ്രതി അന്നാട്ടുകാരുടെ വെറുപ്പിന് പാത്രമായ്ക്കൊണ്ടിരുന്നു. "പ്ഫാ...!! എരണം കെട്ടവളെ... നിന്റെ തന്തേടെ തന്ത കോരൻ എന്റെ അടുക്കള പുറത്തുന്നു ഒരു പ്ലാവെല ചോദിക്കാതെ എടുക്കൂലല്ലോ.." അമ്മാമ്മച്ചി കാർക്കിച്ചു തുപ്പിയിടത്തു നിന്നും സൗദാമിനിയേച്ചി കലിച്ചു കയറി. "തള്ളേ... കുഴീലേക്കെടുക്കാറായാൽ അടങ്ങി വീട്ടിലിരിക്കണം." അതിനു കിട്ടിയ മറുപടി സൗദാമിനിയേച്ചി നാരായണേട്ടന്റെ പീടികേലെ ചന്ദ്രിക സോപ്പിട്ട് രണ്ടു നേരം പതച്ചു കുളിച്ചിട്ടും കെട്ടിയോൻ സൗദീന്ന് കൊണ്ടു വന്ന വാസനസ്പ്രേ ഞെക്കിച്ചീറ്റി അടിച്ചിട്ടും പോയിട്ടില്ല. അങ്ങനെ ഇരിക്കെയാണ് അമ്മാമ്മച്ചി കിടപ്പിലായ വിവരം വടക്കേലെ മമ്മൂട്ടീടെ ബിരിയാണി ദം പൊട്ടും പോലെ നാടാകെ പരക്കുന്നത്.
"എന്റെ ഷീജേ.... ഇതിപ്പൊ എന്താ കഥാ.. മൂപ്പത്തിക്ക് ഇനി എങ്ങനാ?" വലം കവിളിൽ നിന്നും കൈയെടുക്കാതെ സൗദാമിനി വ്യസനപ്പെട്ടു. ഷീജ എന്റെ രണ്ടാമത്തെ അമ്മാവിയാണ്. അമ്മാവനെ കെട്ടി വന്ന നാൾ മുതൽക്കെ അമ്മാമ്മച്ചിയുടെ ശീതകാലയുദ്ധങ്ങളുടെ നേർച്ചക്കോഴി. മരുമക്കളിൽ ഏക ഉദ്യോഗക്കാരി. കീയോം കീയോം കരഞ്ഞു നടന്ന കുഞ്ഞിപ്പൊ മൂത്തു പഴുത്ത് മൂർച്ചയുള്ള കൊക്കും അംഗവാലും കാൽനഖങ്ങളുമായി അസ്സലൊരു കൊത്തുകോഴിയായിട്ടുണ്ട്. വാവടുത്ത തിരണ്ടു രാവുകളിൽ വേദന കൊണ്ട് അമ്മാവിയും ചുവപ്പ് വറ്റിയ ഉൾപ്പുഴുക്കിൽ അമ്മാമ്മച്ചിയും നാവ് കൊണ്ട് പരസ്പരം കൊത്തിക്കേറാറുണ്ട്. ചിറകടിച്ച്.. പപ്പും പൂടയും കൊഴിച്ച്.. തെറിപ്പാട്ടു പാടി.. അന്തർദാഹം ശമിക്കുമ്പോൾ രണ്ടും രണ്ടു മൂലയിലാകും. പിറ്റേന്ന് ഒന്നും സംഭവിക്കാത്ത പോലെ കാര്യങ്ങൾ മുറയ്ക്ക് നടക്കും.
ഹെൽത്ത് സർവിസിൽ നിന്നും ഹെഡ് നഴ്സായി റിട്ടയർ ചെയ്ത പഴയമഠത്തിൽ പദ്മാവതി എന്ന ഞങ്ങളുടെ അമ്മാമ്മച്ചി അക്കാലത്ത് സാമുദായിക സ്വാധീനമുള്ള അപൂർവം സ്ത്രീകളിൽ ഒരാളായിരുന്നു. അന്നൊക്കെ ഇൻജെക്ഷനും പട്ടീസ് ചുറ്റാനുമൊക്കെ നാട്ടുകാർ ഉമ്മറത്ത് വന്നു ക്യു നിൽക്കും. നാട്ടിലെ ഏക ഭിഷഗ്വരഭാവത്തിൽ നെഞ്ചു വിരിച്ച് അമ്മാമ്മച്ചി ഇറങ്ങി വരും. അടിയാളർ തൊഴുതു നിൽക്കും. നഴ്‌സ് ആണെങ്കിലും അച്ചാച്ചന്റെ സ്കൂൾമാഷ് പട്ടത്തിന്റെ സ്ത്രീലിംഗമെന്നോണം പലരും പദ്മാവതി ടീച്ചറെന്നാണ് അമ്മാമ്മച്ചിയെ വിളിച്ചു പോന്നത്. ക്ഷേത്ര ചർച്ചകൾ, കുടുംബപ്രശ്നങ്ങൾ, ഭൂമിത്തർക്കം, കൃഷിയിറക്കൽ അങ്ങനെ അമ്മാമ്മച്ചി ഇടപെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങളില്ല ഈ കാരയ്ക്കാമുറി പഞ്ചായത്തിൽ. ചില ആസ്ഥാന കുടിയന്മാരുടെ ചെപ്പക്കു പൊട്ടിച്ച് അവന്റെയൊക്കെ നെകളിപ്പ് തീർത്തിട്ടുമുണ്ട് ആശാത്തി. അങ്ങനെ എന്തിനും ഏതിനും പദ്മാവതി ടീച്ചർ. അവരുടെ വാക്കിനെ മുറിച്ചൊരു വർത്താനം കാരയ്ക്കാമുറിയിൽ ഇല്ലാതിരുന്ന കാലം. കിരീടം വെക്കാതെ, ബാലറ്റ് പെട്ടിയുടെ പിൻബലമില്ലാതെ, ഒരു ഗ്രാമം മുഴുവൻ കൈപ്പിടിയിലൊതുക്കിയ ബ്യുറോക്രസിയുടെ അവസാനവാക്ക്. അതാണ് ഞങ്ങളുടെ അമ്മാമ്മച്ചിയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
തേങ്ങയിടണോ? കുളം തേവണോ? കൊപ്രയാട്ടിക്കണോ? പറമ്പ് കിളച്ച് മകരവിള നടണോ? എന്തിനും ഏതിനും ആ ഫോണെടുത്തു കറക്കി ഒരു വിളി വിളിച്ചാൽ മതി. ആളുകൾ പറന്ന് വരും. കൂലിക്ക് കണക്ക് പറയുമെങ്കിലും കണ്ണ് പൊട്ടുന്ന തെറിയിൽ കുളിപ്പിച്ചാലും, ഒടുക്കം അടുക്കളക്കോലായിലിരുത്തി പഴംകഞ്ഞിയും ചക്കപുഴുക്കും കൂട്ടാനും തീറ്റിച്ച്, തേങ്ങാമാങ്ങകൾ ഒരു കൂടയിലാക്കി, വന്നവന്റെ പെമ്പിറന്നോർക്കും ഭരണീന്ന് അഞ്ചാറു നെയ്യപ്പം ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് കിടാങ്ങൾക്കും ടീച്ചറമ്മ വകയായി കൊടുത്തിട്ടേ അവര് വിടൂ. അതിനിടയിലെ കുശലാന്വേഷണങ്ങളിൽ നിന്ന് നാട്ടിലെ സകല പരദൂഷണ വാർത്തകളും ഗതിവിഗതികളും പുള്ളിക്കാരി ചൂഴ്ന്നെടുക്കും. എക്സ് മിലിറ്ററി ആയിട്ടു കൂടി അച്ചാച്ചൻ അമ്മാമ്മച്ചിയുടെ ഭരണപാടവത്തിന് മുൻപിൽ മൂക്ക് കുത്തിയിട്ടേ ഉള്ളു. കാലമെത്ര കടന്നു. കൊയ്ത്തു നിർത്തി പാടഭൂമി തട്ടിക്കെട്ടി ഫ്ലാറ്റുകൾ വന്നിട്ടും, കാരയ്ക്കാമുറിയിൽ റോഡ് വീതി കൂട്ടി ട്രക്കറിനു പകരം ബസ്സോടി തുടങ്ങീട്ടും, സാരി മാറി.. ചുരിദാറു വന്നു.. അതും മാറി ജീൻസിലേക്ക് പെങ്കിടാങ്ങൾ കാലു വലിച്ചു കേറ്റിയിട്ടും അമ്മാമ്മച്ചി ഭരണം വിടാൻ കൂട്ടാക്കാതെ പഴയമഠത്തിന്റെ ഉമ്മറക്കോലായിൽ മുട്ടൻപേരാൽ കണക്കെ വേരാഴ്ന്ന്, ചില വിളകളെ കരിച്ചും, ആശ്രിതവിളകൾക്ക് തണലേകിയും നിലകൊണ്ടു.
ചെറിയ ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, അച്ചാച്ചൻ മരിച്ച് 2 കൊല്ലം കഴിഞ്ഞിട്ടും, അമ്മാമ്മച്ചി ആരോഗ്യശ്രീമതിയായി നവതിയിൽ വിളങ്ങി. അമ്മാമ്മച്ചി ഹോസ്പിറ്റലിൽ കിടന്ന ചരിത്രമുണ്ടായിട്ടില്ല. മലദ്വാരം പുകഞ്ഞ് പുറം തള്ളിയ മാംസാങ്കുരം മാത്രമേ അവരെ ആക്രമിച്ചുള്ളൂ. മുപ്പതുകളിൽ പൊട്ടിയൊലിച്ച അർശ്ശസിനെ ചെറുള്ളിആട്ടിൻപാലിൽ മൂപ്പിച്ചും പുഴുങ്ങിയ താറാവുമുട്ട, കാട്ടുചേന ഇത്യാദിയാലും സേതുബന്ധം ചെയ്തു കൊടുത്തത് അച്ചാച്ചന്റെ വൈദ്യകുലമഹിമയാണ്. "എത്ര അയ്യപ്പാനനീരാണ് അച്ഛൻ പിഴിഞ്ഞു കൊടുത്തിട്ടുള്ളത്. അതിന്റെയാണ് ഇന്നീ ഓടിനടക്കുന്നത്.!" എന്നെന്റെ അമ്മ കാളിപ്പെണ്ണിനോട് മുറുമുറുക്കുന്നത് കേട്ടിട്ടുണ്ട്. തറവാട് ഭരണം വിട്ടു കൊടുക്കാതെയുള്ള അമ്മാമ്മച്ചിയുടെ ആധിപത്യത്തിൽ അസഹിഷ്ണുതരാവാത്ത മക്കൾ ആരും തന്നെയുണ്ടായില്ല. അവരാരിലും തന്നെ അമ്മാമ്മച്ചി തന്റെ കഴിവിന്റെ ഒരംശവും കണ്ടില്ലെന്ന് വേണം പറയാൻ. പഴയമഠത്തൊരില അനങ്ങണമെങ്കിൽ അമ്മാമ്മച്ചിയുടെ ഉത്തരവിറങ്ങണം. ഇടയ്ക്കിടെ കാർന്നു തിന്നുന്ന കാലിന്റെ ബലക്കുറവിനെ വകവെക്കാതെ ഈ കർക്കടകവും മഴയൊലിപ്പിച്ച് കടന്ന് പോയി. അമ്മാമ്മച്ചിയുടെ കാലശേഷം മാത്രം പകുത്തു പോകേണ്ടുന്ന രണ്ടു നില വീടും പറമ്പുകളും നാലു കുളങ്ങളും മക്കളെയും മരുമക്കളെയും നോക്കി കൊഞ്ഞനം കുത്തി ഊറിയൂറിച്ചിരിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു മീനവേനലിന്റെ നട്ടുച്ചയ്ക്ക് വാസുവിനെക്കൊണ്ട് തെങ്ങിന് തടമെടുപ്പിക്കവേ അതു സംഭവിച്ചത്. കഴിഞ്ഞ പേമാരിയിൽ കടപുഴകി വീണ ആഞ്ഞിലി മരം പോലെ അമ്മാമ്മച്ചി കുഴഞ്ഞു വീണു. ഒരു നാടു നടുങ്ങി. ചിലർ നെഞ്ചുപൊട്ടിക്കരഞ്ഞു. ചിലർ സന്തോഷിച്ചു. മറ്റു ചിലർ ആതുരയുടെ സാധ്യാസാധ്യതയെ പറ്റി ആശങ്കപ്പെട്ടു. ഇളയ മകനും മക്കളും ഓസ്ട്രേലിയയിൽ നിന്നും പറന്നു വന്നു. കൊച്ചുമക്കൾ ഓരോരുത്തരായി വന്നു കണ്ട് അവരവരുടെ മനോവ്യഥയറിയിച്ചു. അർദ്ധബോധാവസ്ഥയിൽ അമ്മാമ്മച്ചി എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു. നീണ്ടൊരധ്യായത്തിന്റെ അവസാനമെന്നോണം മക്കത്തായക്കണക്കുകളെ പാടെ തെറ്റിച്ചു കൊണ്ട് അമ്മാമ്മച്ചി ഐ സി യുവിൽ നിന്നും വാർഡിലേക്ക് സ്ഥാനക്കയറ്റം നേടി. "നീയേതാടാ കൊച്ചനേ... ഡോക്ടറാണോ..? എന്നെ സദാനന്ദൻ ഡോക്ടറെ കാണിച്ചാ മതി. സദാനന്ദനെ വിളിക്ക്." ഡെറ്റോളിന്റെയും മരുന്നിന്റെയും ക്ലീനിംഗ് ലോഷന്റെയും വാട മൂക്കിലേക്ക് തുളച്ചു കേറി വെകിളി പിടിച്ച് അമ്മാമ്മച്ചി അലറിവിളിച്ചു. "മൂത്രം പോണില്ല. ട്യൂബ് ഇട്ടിട്ടുണ്ട്. ഓർമപ്പിശകിണ്ട് ലേശം. രാത്രിയാണേൽ ഒറക്കോമില്ല. ഒന്നു പറഞ്ഞ് രണ്ടിന് പച്ചത്തെറിയാണ്." അമ്മാവി വറചട്ടിയിലെ കടുക് പോൽ പൊട്ടിത്തെറിച്ചു. "മരണഭയിണ്ടാകും ഷീജേ." സൗദാമിനിയേച്ചി അടക്കം ചൊല്ലി.
വീടുമുഴുവൻ ആളുകളാണ്. മക്കൾ മരുമക്കൾ പേരക്ടാങ്ങൾ. ഇടവിട്ട് വന്നു പോകുന്ന നാട്ടുപ്രമാണിമാർ. അയൽക്കാർ. പണിക്കാർ. ഓരോരുത്തർ വരുമ്പോഴും അമ്മാമ്മച്ചി വാവിട്ട് കരയും. "ഞാൻ ചാവുന്നില്ലല്ലോ... ഭാസ്കരനാണേൽ ഒരു ത്രാണിയില്ല. എന്റെ കാലം കഴിഞ്ഞാൽ അവനെപ്പറ്റിച്ച് ഒക്കെക്കൊണ്ട് പോകും മാലോകര്.." വന്നവർ വന്നവർ കല്ലുകടിച്ച് ചൊന പൊള്ളിപ്പിളർന്നോടി. പിന്നീട് വാവടുത്ത പല രാത്രികളിലും അമ്മാമ്മച്ചി മരണവെപ്രാളം കാണിച്ചു. ആംബുലൻസ് അമ്മാമ്മച്ചിയേയും കൊണ്ട് ഞരങ്ങിക്കരഞ്ഞോടും. പോയ പോലെ പിറ്റേന്ന് തിരിച്ചും വരും. പിണങ്ങിയ മൂത്രസഞ്ചിക്ക് പകരം പുറത്തൊന്ന് കിട്ടിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ഹോംനഴ്‌സ്‌മാർ മാറി മാറി വന്നു. കുലട.. തേവിടിച്ചി ആദിയായ പദപ്രയോഗങ്ങളിൽ മനം നൊന്ത് മൂന്നാം പക്കം തന്നെ അവരൊക്കെ പാലക്കാട്ടേക്ക് ബസ് കേറി.
"അല്ല ഷീജേ... മൂപ്പത്തിനെ നോക്കാനിപ്പോ ആരാ ഇള്ളെ?" "പെണ്മക്കള് രണ്ടാളില്ലേ കുവൈറ്റില്... വീമാനം കേറി വന്ന് നോക്കട്ടെ അവളുമ്മാര്. എനിക്ക് വയ്യാതായി സൗദാമിനിയേച്ചി... ഈ നടുവേദന എന്നേം കൊണ്ടേ പോകു.." ഷീജ നടുംപുറം വളച്ചൊടിച്ചടുക്കളേലോട്ട് നീങ്ങി. ഉമ്മറത്താരോ വന്നിട്ടുണ്ട്. അടയ്ക്കാക്കാരൻ മൊയ്‌ദീൻ ചകിരിത്താടി തടവി അകത്തേക്ക് നീട്ടി വിളിച്ചു. "ആരുല്ലേ... മൊയ്‌ദീനാന്നെ." ഒരു നിമിഷത്തിന്റെ ഇടവേളയിൽ വലംകൈയിൽ യൂറിൻ ബാഗും മറ്റേ കൈയിൽ കണക്കുപുസ്തകവുമായി അമ്മാമ്മച്ചി പ്രത്യക്ഷയായി.. വളഞ്ഞ ബ്രാക്കറ്റ് കാലുകൾ മുളവടിപോലാടുന്നുണ്ട്. "ആറു ചാക്ക് അടയ്ക്ക. അതിനു മുൻപ് പഴേ രണ്ടു ചാക്കിന്റെ കുടിശ്ശിക എടുക്ക് മൊയ്‌ദീനേ.." ചകിരിത്താടിക്ക് മുകളിൽ അബു കാ ഹുക്കും പറഞ്ഞു തുറന്ന വായ ആ പടി കടക്കും വരെ അടഞ്ഞില്ല. സൗദാമിനി നിന്നു പരുങ്ങി.. അവളുടെ തലയ്ക്കുള്ളിൽ കടവാവലുകൾ പറന്നു. നിൽക്കണോ പോണോ? ഉത്തരത്തിൽ തലകീഴായി തൂങ്ങണോ? തിരിച്ചു വരവിൽ സൗദാമിനിയെ കണ്ടപാടേ അമ്മാമ്മച്ചി സഡൺ ബ്രേക്കിട്ടു നിന്നു.
"സൗദാമിനി... നിയെപ്പൊ വന്നു മോളെ. എന്നെ വന്നൊന്ന് കാണാൻ തോന്നിയല്ലോ നിനക്ക്. കൃഷ്ണാ! അച്ഛന് അസുഖോന്നുമില്ലല്ലോ മോളെ.. ചായേം കടിം കഴിച്ചിട്ട് പോയാ മതി." മൂത്രസഞ്ചിയുമായി കാലകത്തി വേച്ചു വേച്ചടുക്കളയിലേക്ക് നടന്നകലുന്ന അമ്മാമ്മച്ചിയെ നോക്കി സൗദാമിനി വിതുമ്പിക്കരഞ്ഞു. "എന്ത് തങ്കപ്പെട്ട സ്വഭാവം! വന്നിട്ട് ഒരു തുള്ളി വെള്ളം തരാൻ തോന്നിയോ ആ മുശ്ശട് ഷീജയ്ക്ക്." ശത്രുരാജ്യങ്ങളുടെ ഒളിപ്പോരും ഒത്തുതീർപ്പും ഞാൻ എത്ര കണ്ടെന്ന മട്ടിൽ അറമുറിയുടെ വാതിൽപ്പടിയിലിരുന്നൊരു ഗൗളി മൂന്നുവട്ടം ചിലച്ചു.