മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചത്ത് ഒരു കല്ല് കയറ്റിവച്ചതുപോലെ. "ഛെ. വേണ്ടായിരുന്നു. മോശമായിപ്പോയി. ഇനി കോമളേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും. ഏത് ഗതികെട്ട നേരത്താണാവോ അങ്ങനെ ഒരു ബുദ്ധിശൂന്യത തോന്നിപ്പോയത്."

മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചത്ത് ഒരു കല്ല് കയറ്റിവച്ചതുപോലെ. "ഛെ. വേണ്ടായിരുന്നു. മോശമായിപ്പോയി. ഇനി കോമളേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും. ഏത് ഗതികെട്ട നേരത്താണാവോ അങ്ങനെ ഒരു ബുദ്ധിശൂന്യത തോന്നിപ്പോയത്."

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചത്ത് ഒരു കല്ല് കയറ്റിവച്ചതുപോലെ. "ഛെ. വേണ്ടായിരുന്നു. മോശമായിപ്പോയി. ഇനി കോമളേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും. ഏത് ഗതികെട്ട നേരത്താണാവോ അങ്ങനെ ഒരു ബുദ്ധിശൂന്യത തോന്നിപ്പോയത്."

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്തയിൽ ഓരോ കടകളിലായി സാധനങ്ങള്‍ കൊടുത്ത് പണവും അല്ലറ ചില്ലറ സാധനങ്ങളും വാങ്ങിക്കഴിഞ്ഞപ്പോൾ സമയം മധ്യാഹ്നം. ശരീരമാകെ പൊടിപിടിച്ച്, വിയർത്ത് കുളിച്ച് മുഷിഞ്ഞു. വേനൽ ചൂട് സഹിക്കാനാവുന്നില്ല. സുധി സ്വന്തം ഗുഡ്സ് ഓട്ടോയിലേക്ക് പാഞ്ഞുകയറി. തോർത്തെടുത്ത് മുഖം തുടച്ചു. താക്കോലിട്ട് തിരിച്ച് വണ്ടി സ്റ്റാർട്ടാക്കാനൊരുങ്ങിയതും ദാ വന്നു ഫോണ്‍കോള്‍. കോമളേച്ചിയാണ്. "എന്താ ചേച്ചീ." "എടാ നീ വരുമ്പഴ് നിയ്ക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ട് ട്ടോ." "ചേച്ചി പറഞ്ഞോളൂ." "ഞാൻ വാട്സാപ്പ് ചെയ്യാം. കാശ് നീ ഇവട വര്മ്പം തരാട്ടോ." "ശരി ചേച്ചി." വാട്സാപ്പിന്റെ ഭിത്തിയിൽ തെളിഞ്ഞ സാധനങ്ങൾ പല കടകളിൽ കയറിയിറങ്ങി വാങ്ങി. സാധനങ്ങളെല്ലാം വാങ്ങിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം വീണ്ടും ഓട്ടോയിൽ കയറി കുതിച്ചു. ഷർട്ടൂരി പിഴിയാൻ തോന്നിയെങ്കിലും റോഡായതിനാൽ വേണ്ടെന്ന് വച്ചു. കാറ്റ് പിടിക്കുമ്പോൾ ചെറിയൊരാശ്വാസം. 

ഗേറ്റിൽ കോമളേച്ചി കാത്തിരിക്കുന്നുണ്ടായിരുന്നു. താളാത്മകമായി ചുവടുകൾ വെച്ച് വശ്യമായ ചിരിയോടെ കോമളേച്ചി അടുത്തേക്ക് വന്നു. കുളി കഴിഞ്ഞ്, പുത്തനുടുപ്പുകളണിഞ്ഞ്, മുടി ചീകിയൊതുക്കിക്കെട്ടി സുന്ദരിയായിട്ടാണ് വരവ്. "ഈ ചേച്ചിക്ക് നാൽപത് കഴിഞ്ഞിട്ടും എന്തൊരു ഭംഗിയാ" സുധിയുടെ ഉളളിലാരോ മന്ത്രിച്ചു. "നീ ഉള്ളതാ സുധീ ആകെ ഒരാശ്വാസം. മറ്റുള്ളോരോടൊക്കെ എന്തേലും പറഞ്ഞാൽ അവർക്കില്ലാത്ത തിരക്കില്ല." "അവര്ടെ തെരക്ക് നമുക്കറീല്ലല്ലോ ചേച്ചീ. ചേച്ചിക്ക് സഹായം വേണ്ടപ്പം പറഞ്ഞോളൂ. നിയ്ക്ക് ബുദ്ധിമുട്ടില്ല." സാധനങ്ങള്‍ കൈമാറി, പണം വാങ്ങി സുധി പോകാനൊരുങ്ങി. എങ്ങനെയെങ്കിലും വീട്ടിലെത്തി കുളിച്ച് വല്ലതും കഴിക്കണമെന്ന ചിന്ത അത്രയേറെ മഥിക്കുന്നുണ്ടായിരുന്നു. "പിന്നെ നീ കഴിഞ്ഞ ദിവസം ഒരു പെണ്ണ് കാണാൻ പോകാനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ, പോയോ. എന്തായി." "പോയി. പക്ഷേ ശരിയായില്ല. അവർക്കും സർക്കാർ ജോലിക്കാരനേ വേണ്ടൂ." "ശ്ശൊ വെഷമിക്കണ്ട, നെനക്കുള്ള ആള്‍ എവിടെയോ കാത്ത്‍രിക്കുന്ന്ണ്ടാവും. ന്നാലും വെശക്കുമ്പം ഭക്ഷണം കിട്ടണം. എന്നാലേ രുചി ശരിക്കാസ്വദിക്കാൻ പറ്റൂ."

ADVERTISEMENT

അവസാനം കേട്ട വാക്കുകള്‍ സുഷുപ്തിയിലാണ്ട അഗ്നിപർവതങ്ങളെ സജീവമാക്കി. ലാവ തിളച്ചു മറിഞ്ഞു. ഉഷ്ണക്കാറ്റ് ശിരോഗോളങ്ങളിൽ ആഞ്ഞ് വീശി പാരവശ്യത്തെ വിസ്മൃതമാക്കി. തിരിഞ്ഞ് നടക്കുകയായിരുന്ന കോമളേച്ചി, ചേച്ചീ എന്ന വിളി കേട്ട് പിന്തിരിഞ്ഞു. "ഞാനൊരു കാര്യം പറ‍ഞ്ഞാൽ ചേച്ചി ദേഷ്യപ്പെട്വോ." "ഞാനെന്തിനാ ദേഷ്യപ്പെടുന്നത് സുധീ. നീ ധൈര്യായിട്ട് പറ." "അഥവാ ചേച്ചിക്ക് ഇഷ്ടായില്ലെങ്കിൽ ചേച്ചി എന്നെ ചീത്ത പറയരുത്." "യ്യെന്താ ഇങ്ങനൊക്കെ പറേന്നത്." "അല്ല. ഓരോരുത്തക്കും ഓരോ ഇഷ്ടാവ്വ്വല്ലോ." "ഊം. നീ പറ" "ദേഷ്യം വരൂലാലോ? ചേച്ചിക്കറ്യാലോ, നിയ്ക്ക് ഇപ്പോ വയസ്സ് 39 ആയി. ഒരു സർക്കാർ ഉദ്യോഗസ്ഥനെക്കാള്‍ വരുമാനമുണ്ടായിട്ടും നിയ്ക്ക് പെണ്ണ് കിട്ടുന്നില്ല." അതെനിയ്ക്കറ്യാലോ. നീ കാര്യം പറ." പൂച്ചയുടെ നഖങ്ങള്‍ പോലെ അവന്റെ വാക്കുകള്‍ പുറത്തേക്ക് വന്നു. "ചേച്ചി നിയ്ക്ക് ഒരു സഹായം ചെയ്യാമോ. ഒരു തവണ, ഒരു തവണ മാത്രം. ചേച്ചിക്ക് എന്റെ കൂടെ ഒന്നഡ്ജസ്റ്റ് ചെയ്യാമോ?"

ഒരു വീർപ്പിന് പറഞ്ഞ് തീർത്തതിനു ശേഷം തല താഴ്ത്തിയ സുധി, കോമളേടത്തിയുടെ മുഖത്തേക്ക് മെല്ലെ കണ്ണുയർത്തി. കോമളേടത്തി നിർന്നിമേഷയായി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു. പൂർണ്ണചന്ദ്രനെപ്പോലിരുന്ന ആ മുഖം ശോണ രേഖകൾ തെളിഞ്ഞ്, പടർന്ന് പെട്ടെന്ന് ഒരു അഗ്നി ഗോളമായി മാറി. "ഫ്പ. ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ. ഇത്രയും കാലം അടുത്ത് കൂടി.." ഒരു ജന്മത്തിന്റെ വികാരം മുഴുവൻ ആവിയായിപ്പോകാൻ മാത്രം ശക്തിയുണ്ടായിരുന്ന ഇടിവാളു പോലുള്ള വാക്കുകള്‍ക്ക് മുമ്പിൽ ചോരവറ്റി വാടിപ്പോയ സുധി ഓട്ടോയിലേക്ക് വാലിന് തീ പിടിച്ച പോലെ പാഞ്ഞു. കോമളേച്ചി തീക്ഷ്ണമായ വാക്ശരങ്ങൾ എയ്തുകൊണ്ടിരുന്നെങ്കിലും അവ ദിക്കുകളിൽ തട്ടി ചിതറിയൊടുങ്ങി. നിരത്തിലൂടെ ആ വാഹനം പേ പിടിച്ച് കുതിച്ച് പാഞ്ഞു. ആ നാട്ടിലൂടെ അത്രയും വേഗത്തിൽ ഒരു വാഹനം പാഞ്ഞത് നാട്ടുചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  

അമ്മ അലക്കിയ തുണികള്‍ ഉണക്കാനിടുമ്പോഴാണ് സുധിയുടെ ഓട്ടോ വീട്ടിലെത്തിയത്. അവന്റെ മുഖം അപരിചിതഭാവങ്ങളെ മെരുക്കാനറിയാതെ ഉഴലുന്നതു പോലെ അമ്മയ്ക്ക് തോന്നി. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഘനം വച്ച ഭാവങ്ങൾ അമ്മയെ പരിഭ്രാന്തയാക്കി. "എന്താ മോനേ മുഖം വല്ലാണ്ടിരിക്കുന്നത്. എന്ത് പറ്റി." "ഒന്നൂല്ലമ്മേ." "അതല്ല. എന്തോണ്ട്. നിന്നെ ഞാനാദ്യായിട്ട് കാണ്വൊന്ന്വല്ലല്ലോ." "വണ്ടിയൊന്ന് മറിയാൻ പോയി. പെട്ടെന്ന് ഒരാള്‍ താങ്ങിയതുകൊണ്ട് ഒന്നും പറ്റിയില്ല. പള്ളേന്ന് കാളിപ്പോയി. അതാ..." "അമ്മോ.., ഒന്നും പറ്റീല്ലല്ലോ ഭാഗ്യം. മോൻ പോയി കുളിച്ച് വാ. നമുക്ക് ഊണ് കഴിക്കാം." സുധി അകത്ത് കയറി വാതിലടച്ചു. ബാത്ത്റൂമിൽ കയറി നൂൽമഴ പെയ്യുന്ന ഷവറിന് കീഴെ നിന്നു. ജലധാര തലയിൽ വീണുടഞ്ഞ് ചിതറി താഴേക്കൊഴുകുമ്പോള്‍ അവന് ഏങ്ങലടക്കാനായില്ല. ഏറെ നേരം അനങ്ങാതെ അങ്ങനെ നിന്നു. മനസ്സ് സ്വൽപമൊന്ന് അയഞ്ഞപ്പോള്‍ കുളിച്ച് പുറത്ത് വന്നു. അവനോടൊപ്പം ഉണ്ണാൻ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇഷ്ട വിഭവങ്ങള്‍ മേശയിൽ നിരത്തി വച്ചിട്ടുണ്ട്. അവൻ അമ്മയോടൊപ്പം ഇരുന്നു. രസമുകുളങ്ങൾ കൂമ്പിയതുപോലെ. ഒന്നിനും രുചി തോന്നിയില്ല. കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. 

മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചത്ത് ഒരു കല്ല് കയറ്റിവച്ചതുപോലെ. "ച്ഛെ. വേണ്ടായിരുന്നു. മോശമായിപ്പോയി. ഇനി കോമളേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കും. ഏത് ഗതികെട്ട നേരത്താണാവോ അങ്ങനെ ഒരു ബുദ്ധിശൂന്യത തോന്നിപ്പോയത്." കുറച്ച് നേരം അങ്ങനെ കിടന്നപ്പോള്‍ മനസ്സിന്റെ മുറുക്കം ഒന്ന് കുറഞ്ഞു. മനസ്സ് വീണ്ടും ഞരുങ്ങി വിങ്ങി. അദൃശ്യമായ തീനാളങ്ങൾ ഉടലാകെ പടരുന്നതുപോലെ. വിരുദ്ധമായ ചിന്താഗതികൾ തലയ്ക്കകത്ത് കിടന്ന് പടവെട്ടി. "എന്നാലും ചേച്ചിക്ക് ഒരു തവണ ക്ഷമിക്കാമായിരുന്നു." വിളിച്ച് മാപ്പ് പറഞ്ഞാലോ എന്നൊരു ചിന്തയുണ്ടായി. അവൻ ഫോണ്‍ കൈയ്യിലെടുത്തു. നമ്പർ ‍ഡയൽ ചെയ്തു. പെട്ടെന്ന് കോള്‍ കട്ട് ചെയ്തു. വീണ്ടും ചീത്തയാണ് പറയുന്നതെങ്കിൽ അത് കേള്‍ക്കണ്ടേ. രണ്ട് ദിവസം കഴിഞ്ഞ് ചേച്ചിയൊന്ന് തണുക്കുമ്പോള്‍ വിളിക്കാം. "ച്ഛെ. വേണ്ടിയിരുന്നില്ല. വേണ്ടിയിരുന്നില്ല. നാശം. നാശം.." അവൻ സ്വയം ശപിച്ചു. മുകളിൽ ഫാൻ ശക്തിയിൽ കറങ്ങുന്നു. അത് നോക്കിയിരിക്കെ ചുമരിന്റെ ഒരു ഭാഗത്ത് രണ്ട് പല്ലികള്‍ ഒന്നായി ചേരുന്നത് കാണായി. അവന്റെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.

ADVERTISEMENT

ചുമരിൽ തൂക്കിയ അച്ഛന്റെ ഫോട്ടോയിലേക്ക് സുധി ഇമവെട്ടാതെ നോക്കി. അച്ഛനുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നല്ലോ എന്ന വിചാരം മിഴികളിൽ നനവായി പടർന്നു. എഴുന്നേറ്റ് മേശവലിപ്പ് തുറന്ന് ഫയലിൽ വെച്ച എസ്.എസ്.എൽ.സി ബുക്കും പ്ലസ് ടു മാർക്ക് ലിസ്റ്റും പുറത്തെടുത്തു. തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്കുള്ള രണ്ട് മാർക്ക് ലിസ്റ്റുകള്‍. അവയിലേക്ക് നോക്കിയിരിക്കെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അച്ഛന്റെ ഫോട്ടോയിലേക്ക് മുഖം പൊക്കി എന്തോ പറയാനാഞ്ഞെങ്കിലും വാക്കുകൾ കണ്ഠഭിത്തിയിൽ മുഖമടിച്ച് വീണ് മോഹാലസ്യപ്പെട്ടു. കിടക്കയിൽ കയറിക്കിടന്ന് തലയണയിൽ മുഖം പൂഴ്ത്തി. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഫാനിന്റെ കാറ്റും ഒത്തുചേർന്ന് സാവധാനം ഉറക്കിലേക്കാനയിച്ചു. വെയിലിന്റെ കാഠിന്യം കുറഞ്ഞു. സ്വർണ്ണവർണ്ണമായി. നിർത്താതെ പല വട്ടം അടിച്ച ഫോണ്‍ അവനെ അസ്വസ്ഥതകളുടെ ലോകത്തേക്ക് ഉണർത്തി വിട്ടു. കിടന്ന കിടപ്പിൽ തന്നെ ഫോണെടുത്തു. ബാബുവാണ്.

"ആ. പറയെടാ." "നീ എവിട്യാ." "ഞാൻ വീട്ടിലാ. നല്ല ക്ഷീണണ്ടായ്ര്ന്ന്. ഒന്ന് ഉറങ്ങിപ്പോയി." "ഞാൻ നിന്നോട് ഒര് കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ. നീ കോമളേടത്തിയോട് സ്വൽപം മോശമായിട്ടെന്തെങ്കിലും പറഞ്ഞോ." സുധി ഞെട്ടിയെഴുന്നേറ്റു. "നിന്നോടാരാ പറഞ്ഞത്." "വൈഫ് ചേച്ചിയുടെ വീട്ടിൽ പോയപ്പോ അവര് പറ‍ഞ്ഞതാ." "ചേച്ചിയോ....? ശ്ശൊ...!" "അത് കേട്ടപ്പോ വൈഫിന്റെ മുമ്പിൽ ഞാനും വല്ലാണ്ടായി. നിന്നെപ്പറ്റി ഇന്നേവരെ ഒരു മോശം അഭിപ്രായം ഉണ്ടായ്ട്ടില്ല. എന്താടാ ശരിക്കും ഉണ്ടായത്." "ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല. ഒരു ബുദ്ധിമോശം ണ്ടായി. ഒരു നാക്ക് പിഴ. എന്നാലും അവരത് ആരോടേലും പറയൂന്ന് ഞാൻ കരുതീല്ല." "ഞാനും അതാലോയ്ച്ചു. ശരി പിന്നെ വിളിക്കാം." സുധി കുറച്ച് നേരം പടക്കളത്തിൽ നിരായുധനായ പോരാളിയെപ്പോലെ വിഷണ്ണനായി നിന്നുപോയി. പിന്നെ തലയിൽ അമർത്തിച്ചൊറിഞ്ഞ് മെല്ലെ എണീറ്റ് പുറത്ത് കടന്നു. അമ്മ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. സുധിയെ കണ്ടപ്പോള്‍, അവൻ വരുന്നു. ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞ് അമ്മ കോള്‍ കട്ടു ചെയ്തു.

"ആരാ അമ്മേ?" "വീണയാ." "എന്തെങ്കിലും വിശേഷം ഉണ്ടോ?" "അവള്‍ വെറുതെ വിളിച്ചതാ." അമ്മ ഒരു ഗ്ലാസ് ചായയും രണ്ട് കുമ്പിളപ്പവും മേശപ്പുറത്ത് കൊണ്ടുവച്ചു. "അമ്മ കഴിക്കുന്നില്ലേ?" "എനിക്ക് കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ കഴിക്കാം." അമ്മയുടെ മുഖത്ത് ഒരു ഗൗരവം കാണുന്നുണ്ടോ? ഹേ, വെറുതെ തോന്നീതാവും. കുമ്പിളപ്പം കഴിക്കുമ്പോള്‍ കുട്ടിക്കാലത്തിന്റെ ഒരു താള് അവന്റെ ഓർമ്മയിൽ തെളിഞ്ഞു. സ്കൂള്‍ വിട്ട് വീണയ്ക്കും അഞ്ജലിക്കുമൊപ്പം നടന്ന് തളർന്ന് വരുമ്പോള്‍ അമ്മ ചായയും പലഹാരവുമായി കാത്തിരിക്കുന്നുണ്ടാവും. കാലും മുഖവും കഴുകി കോലായിൽ കയറി അമ്മയോടൊപ്പമിരുന്ന് ചായ കുടിക്കും. അന്നന്നത്തെ സ്കൂള്‍ വിശേഷങ്ങള്‍ അമ്മയുമായി പങ്കുവെച്ച് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ നേരം പോവുന്നതറിയില്ല. വീണയ്ക്ക് കാര്യങ്ങള്‍ വിസ്തരിച്ച് പറയാൻ അസാധാരണ മിടുക്കായിരുന്നു. ആരും കേട്ടിരുന്നു പോകും. അതൊക്കെ ഒരു കാലം. തിരിച്ചു വരാത്ത നിറഭേദങ്ങളുടെ നഷ്ടവസന്തങ്ങള്‍. സുധി ചായ കഴിച്ച് എഴുന്നേറ്റു. ബൈക്കിന്റെ താക്കോൽ കൈയ്യിലെടുത്തു. "അമ്മേ, ഞാനിറങ്ങുന്നു" എന്ന് പറഞ്ഞ് കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയിലൂടെ ബൈക്ക് മെല്ലെ പുറത്തേക്കെടുത്ത് ഓടിച്ചുപോയി.

അമ്മ ഫോണെടുത്ത് സുധിയുടെ മാമിയെ വിളിച്ചു. "ഗൗരീ. എനിക്കൊരു കാര്യം പറയാന്ണ്ടായ്‍രുന്നു. ഒന്നിവിടം വരെ വാ." അൽപ സമയം കഴിഞ്ഞപ്പോള്‍ ഗൗരിമാമിയെത്തി. കുറച്ച് നേരം അവർ മറ്റാർക്കും കേൾക്കാൻ കഴിയാത്തവണ്ണം അടുത്തടുത്തിരുന്ന് വിചാരങ്ങൾ കൈമാറിയശേഷം അമ്മ ഇങ്ങനെ അവസാനിപ്പിച്ചു. "എന്തായാലും എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു ദുർബുദ്ധി തോന്നീന്ന് നിയ്ക്ക് വിശ്വസിക്കാനേ പറ്റ്ണില്ല." "ഓരോന്നും നടക്കേണ്ട കാലത്ത് നടക്കാത്തതിന്റെ കുഴപ്പാണിത് ചേച്ചീ. എന്നാലും അവളിത് എല്ലാവരെയും അറിയിച്ച് അവനെ നാറ്റിക്കേണ്ടിയിരുന്നില്ല. അവള്‍ക്ക് വേണമെങ്കില്‍ അവനെ ഒന്നു തല്ലാമായിരുന്നു. നാളെ പുറത്തിറങ്ങി നടക്കുമ്പോള്‍ അവളേയും നാട്ടുകാർ കളിയാക്കില്ലേ."                  

ADVERTISEMENT

സുധി റോഡരികിലുള്ള ആൽത്തറയോട് ചേർന്ന് ബൈക്ക് നിർത്തി, ആൽത്തറയിലിരുന്നു. റോഡിന്റെ മറുകരയിലുള്ള വയലിൽ നിന്നും ഒഴുകി വന്ന തണുത്ത കാറ്റ് കുളിർത്തതും ഉന്മേഷദായകവുമായിരുന്നു. അവൻ ആ തറയിൽ കാൽമുട്ടുയർത്തി വെച്ച് മലർന്ന് കിടന്നു. മുകളിൽ ആലിലകൾ കലപില കൂട്ടുന്നു. വയലിനപ്പുറമുള്ള പുഴയിൽ നിന്നും കുട്ടികൾ കുത്തി മറിയുന്നതിന്റെ ആരവം. അവന്റെ മനസ്സ് സുഖശീതളവും വർണ്ണാഭവും ബഹളമയവുമായിരുന്ന കൗമാരത്തിന്റെ പൂരപ്പറമ്പിലേക്ക് നടന്നു. അന്ന് ഈ റോഡില്ല. വീതി കൂടിയ ഒരു വരമ്പ്. അച്ഛനോടൊപ്പം കുളിക്കാനുള്ള പോക്ക് എത്ര രസകരമായിരുന്നു! അച്ഛന്റെ തോളിൽ വീണ. അപ്പോൾ അച്ഛൻ ആനയും അവൾ പാപ്പാനുമാണ്. അച്ഛന് മുന്നിൽ താനും അഞ്ജലിയും. മൂന്ന് പേരെയും നീന്തൽ പഠിപ്പിച്ചത് അച്ഛനാണ്. മതിവരുവോളം നീന്തിത്തുടിച്ച് കരയ്ക്ക് കയറുമ്പോൾ മിഴികൾ പാടല വർണ്ണമാകും. തിരിച്ച് പോകുമ്പോൾ അഞ്ജലിക്കാണ് അച്ഛന്റെ തോളത്തിരിക്കാൻ അവസരം. അവൾ കൈകൾ കൊണ്ട് മുദ്രകൾ വയ്ക്കുകയും ആകാശത്തെ വാരിപ്പുണരുകയും ഉമ്മ വയ്ക്കുകയും ചെയ്യും. 

ഒരു പാദസരക്കിലുക്കം അടുത്ത് കൂടെ കടന്ന് പോയപ്പോൾ സുധി ഓർമ്മകളുടെ വരമ്പിൽ നിന്നും യാഥാർഥ്യത്തിലേക്ക് തെന്നി വീണു. അവൻ തലയുയർത്തി നോക്കി. "നിത്യയാണല്ലോ ആ പോകുന്നത്. എവിടെ കണ്ടാലും മുത്തുമണികൾ വാരിവിതറും പോലെ സംസാരിക്കുന്ന, ബസ് കിട്ടാത്ത ദിവസങ്ങളിൽ തന്റെ ബൈക്കിൽ കയറി സ്കൂളിലേക്ക് പോകുന്ന അവളെന്തേ മിണ്ടാതെ പോയി? അവൻ ഒരു നിമിഷം ചിന്താക്കുഴപ്പത്തിലായി.അപ്പോൾ അവന്റെ നിനവ് മുറിച്ചുകൊണ്ട് ഒരു കാർ അവന്റെ അടുത്ത് റോഡിന്റെ ഓരം ചേർന്ന് നിർത്തി. അവൻ കൗതുകത്തോടെ നോക്കി നിൽക്കെ സുന്ദരിയായ ഒരു യുവതി കാറിൽ നിന്നിറങ്ങി. നിറചിരിയോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ വിസ്മയത്തോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു "അനുഷ. പ്രീഡിഗ്രി വരെ കൂടെ പഠിച്ചവൾ. ഉറ്റ സുഹൃത്ത്." അവൾ അവനെ സമീപിച്ച് രണ്ട് കൈകൊണ്ടും വരിഞ്ഞു. ആഹ്ലാദത്താൽ അവൻ സ്വയം വിസ്മൃതനായി.

"എന്തൊക്കയുണ്ട് സുധീ." "അങ്ങനെ പോകുന്നു. നീയെന്നാ ദുബായീന്ന് വന്നത്?" "ഒരാഴ്ചയായി. എന്റെ വീട്ടിലേക്ക് ഇന്നെത്തിയേയുള്ളൂ. ഞാൻ നിന്റെ വീട്ടീപ്പോയിരുന്നു. അമ്മേക്കണ്ടു. കൊറച്ച് നേരം സംസാരിച്ചു. നീ വീട്ടീന്നിറങ്ങിയത് കൊണ്ട് ഇവിടെ കാണൂ ന്ന് തോന്നി." "നിന്റെ സഖാവിനും കുട്ടികൾക്കും സുഖല്ലേ?" "സുഖായിരിക്കുന്നു. അവർ വീട്ടില്‍ണ്ട്. നിന്നോട് കുറച്ച് നേരം സംസാരിക്കാന്ന് കരുതി ഞാന്തനിച്ചിറങ്ങിയതാ." അപ്പോൾ പത്താംക്ലാസിൽ അവരുടെ അധ്യാപകനായിരുന്ന ഗോപാലൻകുട്ടി മാഷ് അതുവഴി വന്നു. അവർ ആൽത്തറയിൽ നിന്നും ആദരവോടെ നിലത്തിറങ്ങി. മാഷ് അവർക്ക് മുഖം കൊടുക്കാതെ കടന്നുപോയി. "നേരത്തെ ബാബ്വേട്ടന്റെ മകൾ ഇതുവഴിപോയി. ഇപ്പം മാഷും. എപ്പക്കണ്ടാലും എന്തെങ്കിലും പറയുന്ന രണ്ട് പേരും ഇന്ന് കണ്ടഭാവമ്പോലുമില്ലാതെ കടന്ന്പോയി. ഇവർക്കൊക്കെ എന്ത് പറ്റി?" "സുധീ, നമ്മെ സംബന്ധിക്കുന്ന രഹസ്യങ്ങൾ നട്ടുച്ച വെയിലത്തെ കാട്ടുതീ പോലെയാണ് പടർന്ന് പിടിക്കുക. കറുത്ത പുക ആകാശത്ത് പൊങ്ങിയാൽ മാത്രമേ നമ്മളറിയൂ." "മനസ്സിലായില്ല." 

"ഞാൻ കോമളേടത്തിയെ കണ്ടിരുന്നു. എന്തിനാ എല്ലാവരോടും പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. ബാബൂന്റെ ഭാര്യയോട് മാത്രമേ പറ‍ഞ്ഞുള്ളൂന്നും, വിഷമിച്ച് നിക്കുന്നത് കണ്ട്, ബാബൂന്റെ ഭാര്യ കാരണം തെരക്ക്യപ്പോ അറിയാതെ പറഞ്ഞ് പോയതാണെന്നും കോമളേടത്തി പറഞ്ഞു." "അപ്പോ ഇത് നാട്ടിൽ പാട്ടാണോ?" "സുധി വിഷമിക്കരുത്. സത്യം അതാണ്. ഒരു കൂട്ടുകാരീന്ന നെലേല് നിന്നെ ഞാൻ കുറ്റപ്പെടുത്തൂല. നിനക്ക് ഈ ഒരബദ്ധം പറ്റിയതിന് പിന്നില് നിന്റെ ജീവിത സാഹചര്യങ്ങൾക്കും പങ്ക്ണ്ട്. മാന്യനായി ജീവിക്കാനാഗ്രഹിക്കുന്നോരെപ്പോലും ജൈവികമായ ആന്തരികപ്രേരണകൾ വഴിതെറ്റിച്ച് കളയും. എനിക്ക് അങ്ങനേ കാണാൻ കഴിയൂ." സുധി പെട്ടെന്ന് വിളറി വിറങ്ങലിച്ച് ഉറഞ്ഞു. കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തി. അനുഷ ഒരു നിമിഷം പതറിപ്പോയി. പിന്നെ അവന്റെ പുറത്ത് മെല്ലെ തട്ടി. 

"കരയല്ലേ. പരിചിതർക്കിടേല് ഒരു യെസ് ഓർ നോ മറുപടിയിൽ അവസാനിക്കേണ്ട ഒരു കാര്യം. അതിത്രയും വഷളാക്കി, ഒരു ഇരയ്ക്ക് വേണ്ടി എപ്പോഴും ദാഹിക്കുന്ന സമൂഹത്തിന്റെ മുന്നിലേക്ക് നിന്നെ എറിഞ്ഞ് കൊടുത്തത് ശര്യായില്ല. പിന്നെ വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ചതിന് കടുത്ത ശിക്ഷ കൊടുത്തിരുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. കാലം മാറ്യെങ്കിലും മനോഭാവത്തിന് മാറ്റംല്ല. നീ ഇനി ഇവിടെ ഇരിക്ക്യണ്ട. പോയ്ക്കോ. കുറച്ച് ദിവസം കഴിഞ്ഞ് പൊറത്തെറങ്ങ്യാ മതി." അവൻ എണീറ്റ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. "ഞാൻ കൊറച്ച് ദെവസം കൂടി ഇവിട ണ്ടാകും. നമുക്ക് കാണാം." അവൾ അവനെ പുറത്ത് തട്ടി യാത്രയാക്കി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവന്റെ ശരീരമാകെ വിയർത്ത് കുളിച്ചു. സായന്തനത്തിലെ കാറ്റിലും ഉടലാകെ ചുട്ടുനീറി. വണ്ടി നിർത്തി കുറച്ചിട നിന്ന്, വീട്ടിലേക്ക് ഇപ്പോൾ പോകേണ്ടെന്ന് നിശ്ചയിച്ച് ആളൊഴിഞ്ഞ കുന്നിൻ പുറത്തേക്ക് വാഹനം തിരിച്ച് വിട്ടു. അവിടെ കണ്ട ഒരു പാറപ്പുറത്ത് മലർന്ന് കിടന്നു. ബാബുവിനെ ഒന്നു വിളിച്ചാലോ എന്നൊരു തോന്നലുണ്ടായി. ഇനിയെന്തിന് എന്ന മറുതോന്നലും ഉടനുണ്ടായി.

ആകാശത്ത് കൂടെ ചങ്ങല വലിച്ചെറിഞ്ഞതുപോലെ ഒരു കൂട്ടം പക്ഷികൾ പറന്നുപറന്നകന്നു. പക്ഷികളാകും ഏറ്റവും സംതൃപ്തർ. ആയുസ്സ് കുറവാണെങ്കിലും എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്നവർ. പ്രതീക്ഷകൾ മാത്രമായിപ്പോകുന്നു ചിലർക്ക് ജീവിതം. ആയുസ്സ് കൂടിയിട്ടെന്ത് കാര്യം. "എടാ. സുധിക്കുട്ടാ നീ ഇവിടെ കിടക്ക്വാണോ." മദ്യത്തിന്റെ രൂക്ഷഗന്ധം മുഖത്തേക്കടിച്ചു. ശ്യാമളേട്ടനാണ്. കത്തി എന്നാണ് നാട്ടിൽ ഖ്യാതി. ഇനി എന്തൊക്കെ കേൾക്കണാവോ? "എടാ. വിവരങ്ങളൊക്കെ ഞാനറിഞ്ഞു. നീ വെഷമിക്കേണ്ട.. നീ ഒരു ശുദ്ധനായതു കൊണ്ടാ നിനക്കിത്ര വെഷമം. അല്ലേലും ശുദ്ധന്മാരെ നാറ്റിക്കാനൊരവസരം കിട്ടിയാൽ അതിൽപ്പരം ആനന്ദം എന്ത് വേണ്ടൂ എന്നാണ് ചെലരുടെ ചിന്ത. അതൊരു സാമൂഹിക രോഗാണ്. പിന്നെ ഏറ്റം വല്യ കുറ്റം ചത്യോ, വഞ്ചന്യോ, കളവോ, കൊള്ളോ കൊലപാതകോ ഒന്ന്വല്ല. ലൈംഗികതാണ്. അതിന്ള്ള ശിക്ഷ സാമൂഹിക വേട്ടയാണ്. പണ്ട് വേശ്യകളെ ഉൽപ്പാദിപ്പിച്ചിര്ന്നതും ഇങ്ങനായിര്ന്നു. നീ വെഷമിക്കേണ്ട. ഈ കാലോം കടന്ന് പോകും." മദ്യത്തിന്റെ ഗന്ധം അകന്നകന്ന് പോയി. തൊട്ടു പിന്നാലെ ഇരുട്ട് പരന്നു. നെഞ്ചിലെ ഭാരത്തിന് ഒരു കുറവും ഇല്ല. അമ്മ അറിഞ്ഞാൽ എന്തുചെയ്യും. എങ്ങനെ ആ മുഖത്ത് നോക്കും. നാശം. ഓരോ നേരത്തെ ഓരോ തോന്നലുകൾ. വീട്ടിലേക്ക് തന്നെ പോകാം. അല്ലാതെ എവിടെ പോകാൻ? 

അവൻ കുന്നിറങ്ങി. ഇരുട്ടിന് പതിവില്ലാത്ത തണുപ്പും കടുപ്പവുമുണ്ടോ? വീടടുക്കും തോറും തണുപ്പ് മാറി ഉഷ്ണിച്ചു തുടങ്ങി. അകത്ത് ലൈറ്റ് കത്തുന്നുണ്ടല്ലോ. പുറത്ത് ലൈറ്റിടാൻ അമ്മ എന്തേ മറന്നുപോയി? അവൻ കോലായിൽ കയറി ലൈറ്റ് തെളിച്ചു. അടുക്കളയിൽ അമ്മ ആരോടോ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. "ഞാനവനെ ന്യായീകരിക്ക്യല്ല. അവൻ ചെയ്തത് തെറ്റ് തന്നെ. പക്ഷേ അങ്ങനെ ഒരവസ്ഥ വരാനുള്ള കാരണോം മറന്ന്വോകര്ത്. അവൻ പ്രീഡിഗ്രി കഴിഞ്ഞ് നിക്കുമ്പളാണ് അച്ഛൻ മരിച്ചതെന്ന് നിനക്കോർമ്മണ്ടാകും. സഞ്ചയനം കഴിഞ്ഞ് എല്ലാവരും പോയി. അന്നത്തെ ആ കോരിച്ചൊരിയുന്ന മഴയുള്ള രാത്രി എനിക്കിന്നും മറക്കാൻ കഴിയില്ല. നീയും അഞ്ജലീം ഒറങ്ങിക്കഴിഞ്ഞിര്ന്നു. സുധിക്കും എനിക്കും ഒറക്കം വന്നില്ല. അച്ഛന്റെ കടം വീട്ടാൻ പകുതി സ്ഥലം വിക്കാന്ന് ഞാനോനോട് പറഞ്ഞു. അവൻ സമ്മതിച്ച്‍ല്ല. അങ്ങനെ ചെയ്താൽ നിങ്ങള്ടെ ഭാവി ഇരുളടഞ്ഞ് പോകൂന്നാണ് അവനന്ന് പറഞ്ഞത്. ഇനി പഠിയ്ക്കിന്നില്ലാന്നും നിങ്ങളെ പഠിപ്പിക്ക്യാണെന്നും അവൻ പറഞ്ഞു. ഞാനെത്ര നിർബന്ധിച്ചിട്ടും അവന്റെ തീരുമാനത്തിന് മാറ്റമുണ്ടായ്‍ല. എന്റെ കുഞ്ഞിന്റെ ഭാവ്യോർത്ത് ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു. ഒരു തുണ്ട് ഭൂമി പോലും വിൽക്കാതെ ഈ മണ്ണിലധ്വാനിച്ച് കടം മുഴുവൻ അവൻ വീട്ടി. നിങ്ങളെ രണ്ടാളേം പഠിപ്പിച്ച്, ജോലി വാങ്ങിപ്പിച്ചു, കല്യാണം കഴിച്ചയച്ചു. നിങ്ങൾ രണ്ടാളും ചേർന്ന് കടം വീട്ടൂന്നും വൈകീട്ടാണേലും തുടർന്ന് പഠിക്ക്യാൻ കഴിയൂന്നും അവൻ നെനച്ചിരുന്നു. പക്ഷേ നിങ്ങക്ക് പുത്യ വീട്, കാറ് ഇതൊക്ക്യായ്‍രുന്നല്ലോ ചിന്ത. എന്റെ കുട്ടീടെ ജീവിതം തുലഞ്ഞൂന്ന്..."

സുധി ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറിപ്പോയി. താഴെ അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. മെല്ലെ കസേരയിലേക്ക് ചാഞ്ഞു. "അമ്മയും അറിഞ്ഞു. ഇനി?" ഖനീഭവിച്ച മരവിപ്പ് ശരീരമാകെ പടർന്നു. ഒരു കൊച്ചുകുട്ടിയായി പെരുമഴയത്തിറങ്ങി ഉറക്കെ കരയണമെന്നവന് തോന്നി. "സുധീ" അമ്മ താഴെ നിന്ന് ഉറക്കെ വിളിച്ചു. അവൻ വിളി കേട്ടു. "നെനക്കുള്ള ഭക്ഷണം എട്ത്തു്വെച്ചിട്ട്ണ്ട്. എനിക്ക് നല്ല തലവേദന. ഞാൻ കിടക്കാൻ പോക്വാ." സുധി ഒന്നും പറഞ്ഞില്ല. അമ്മയും. ഇത്രയും കാലത്തിനിടയ്ക്ക് വീട്ടിലുണ്ടെങ്കിൽ അമ്മ തന്നോടൊപ്പമിരുന്നേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. ഇന്നിപ്പോൾ ഇങ്ങനെയും. ഒരു കണക്കിന് അത് നന്നായി. കൈയ്യിൽ പിടിച്ച ഫോൺ ശബ്ദിച്ചുകൊണ്ട് അനുഷ വിളിക്കുന്നു എന്നെഴുതി കാണിച്ചു.

"ഹലോ" "എടാ ഒരു കാര്യംണ്ട്. നിനക്ക് വല്യ പ്രയാസാകും. ന്നാലും പറയാണ്ടിരുന്നിട്ട് കാര്യ ല്ലല്ലോ. ശാന്തി ചേച്ചിയും മല്ലിക ചേച്ചിയും സരസേച്ചിയും വിളിച്ചിരുന്നു. അവർക്ക് ഇനി മുതൽ നിന്റെ അടുത്ത് നിന്ന് പാലും പഴവും പച്ചക്കറികളും വേണ്ടാന്ന് പറഞ്ഞു. നെനക്ക് തരാനുള്ള പണത്തിന് ചെല്ലണ്ടാന്നും  കൊടുത്തയയ്ക്കാമെന്നും പറഞ്ഞിട്ട്ണ്ട്." "അനൂ.." "ടാ അവരൊക്കെ നിന്നോട് അടുപ്പള്ളോരും എല്ലാ കാര്യത്തിനും നിന്നെ ആശ്രയിക്കുന്നോരുമൊക്കെയാണ്. പക്ഷേ അവര്ടെ ഭർത്താക്കന്മാർ വിദേശത്താണ്. നിന്നോട് അടുപ്പം കാണിച്ചാൽ നാട്ടുകാർ സംശയിക്കോന്നൊരു പേടി അവര്ക്ക്ണ്ട്. മറ്റുള്ളോര്ക്കും ഇത്ണ്ടാവാം. നട്ടെല്ല് ഇല്ലാത്തവർക്ക് അനാവശ്യ ചിന്തകൾ കൂടും. നീ പതറരുത്. കുറച്ച് കാലത്തേക്ക് നെനക്ക് ബുദ്ധിമുട്ട് വരാൻ സാധ്യതണ്ട്. നീ തളരരുത്. ആ കാലത്തേ മറികടക്കാനുള്ള കരുത്ത് നീ ആർജ്ജിക്കണം. ശരി. എനിയ്ക്കൊരു ഗസ്റ്റ്ണ്ട്. ഞാൻ പിന്നെ വിളിയ്ക്കാട്ടോ."

ലോകം കീഴ്മേൽ മറിയുകയാണ്. ഇന്നലത്തെ സുധിയല്ല ഇന്നത്തെ സുധി. ഇന്നലത്തെ നാടോ നാട്ടുകാരോ അല്ല തനിക്ക് ചുറ്റുമുള്ളത്. ടോർച്ചിന്റെ കണ്ണാടിച്ചില്ലിന്റെ പൊട്ടിയ പാടുപോലെയാണിനി തന്റെ ജീവിതം. എത്ര ശക്തിയായി വെളിച്ചമടിച്ചാലും പാട് തെളിഞ്ഞ് തന്നെ കാണും. അപ്രിയം അംഗീകരിച്ചേ പറ്റൂ. തനിക്കിനി പഴയതുപോലൊരു ജീവിതം സാധ്യമല്ല. അവൻ വിങ്ങിപ്പൊട്ടി. കാഴ്ചകൾ അവ്യക്തങ്ങളായി. ഫാനിന്റെ വേഗം കൂട്ടി തൊട്ട് കീഴെ തല പിന്നിലേക്ക് തൂക്കിയിട്ടിരുന്നു. അശ്രുകണങ്ങൾ ഇരു ചെവികളിലേക്കും ഒലിച്ചിറങ്ങി പുറത്തേക്കൊഴുകി. നിമിഷങ്ങൾ തമ്മിൽ കണ്ണികൾ കോർത്ത് ഒഴുകിക്കൊണ്ടിരുന്നു. അതിനിടക്കെപ്പോഴോ നിദ്ര അവനെ ആഞ്ഞ് പുൽകി. ചുറ്റും ലൈറ്റുകളണഞ്ഞു. ശബ്ദങ്ങൾ ഇരുട്ടിലലിഞ്ഞു. ആ മുറിയിൽ മാത്രം  ജ്വലിച്ചുകൊണ്ടിരുന്ന ബൾബ് പുറത്ത് ആഞ്ഞ് വീശിയ കാറ്റിൽ അണഞ്ഞു. മഞ്ഞുതുള്ളികളിലൂടെ ഊർന്നിറങ്ങിയ തണുപ്പ് ഇരുട്ടിനെ പുണർന്നു. നിശ്ശബ്ദതയെ പിളർത്തിക്കൊണ്ട് ഫോൺ ബെൽ മുഴങ്ങി. അവൻ ഞെട്ടിയുണർന്നു. കണ്ണുകൾ തിരുമ്മി ഫോണെടുക്കാനാഞ്ഞപ്പോഴേക്കും ശബ്ദം നിലച്ചു. അവൻ സമയം നോക്കി. ഒരു മണി. ആരാണ് വിളിച്ചതെന്ന് നോക്കുന്നതിനിടെ വീണ്ടും ഫോൺ മുഴങ്ങി. പരിചയമില്ലാത്ത നമ്പറാണ്. ആരായിരിക്കും ഈ നേരത്ത്.

"ഹലോ. ഞാൻ സോമനാണ്." അവൻ ഞെട്ടി. ശരീരമാകെ നിന്നു വിറച്ചു. തൊണ്ട വരണ്ടു. "ഹലോ. നിനക്കെന്താടാ മിണ്ട വീണുപോയോ. മോനെ നെനക്ക് ആർത്തി തീർക്കാൻ ന്റെ ഭാര്യേ തന്നെ വേണം ല്ലേ. ഞാൻ നാട്ട്ക്ക് വരട്ടെ നിന്റെ ആർത്തി ഞാൻ തീർത്തു തരാമെടാ ചെറ്റേ. നിന്നെയൊക്കെ.." അവൻ വേഗം കോൾ കട്ടു ചെയ്തു. വീണ്ടും ഫോൺ മുഴങ്ങി. വിറയ്ക്കുന്ന കൈയ്യിൽ നിന്നും ഫോൺ താഴെ വീണു. അത് മൂന്നായി വേർപെട്ട് ഇരുട്ടിലൊളിച്ചു. കുറച്ച് നേരം തലതാഴ്ത്തിയിരുന്നു. ദേഷ്യവും സങ്കടവും ആത്മനിന്ദയും നിരാശയും മാറി മാറി തലയ്ക്കകത്ത് ഭ്രമണം ചെയ്തു. തല പൊട്ടിച്ചിതറുമെന്ന് അവൻ ഭയന്നു. ഹൃദയം പടപടാന്ന് മിടിക്കുന്നു. ശരീരമാകെ വിയർപ്പിൽ കുളിച്ചു. നില തെറ്റി വീഴാൻ പോയി. മെല്ലെ കട്ടിലിൽ ഇരുന്നു. കുറച്ചിട കഴിഞ്ഞു. അവന്റെ മുഖം ഗൗരവം പൂണ്ടു. എഴുന്നേറ്റ് കോണിയിറങ്ങി. വാതിൽ തുറന്ന് പുറത്തിറങ്ങി. വാനിലേക്ക് നോക്കി. ആകാശമാകെ ചാരനിറം. ചുറ്റും കൂറ്റാകൂരിരുട്ട്. കുറച്ച് നേരം മുറ്റത്ത് കൂടെ നടന്നു. കാണി നേരം നിന്ന ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ അവൻ ഇരുട്ടിലൂടെ പുറത്തേക്ക് നടന്നു. അകന്നകന്ന് ഇരുട്ടിന്റെ നിബിഢതയ്ക്കുള്ളിൽ ഒരു തുണ്ട് പുക പോലെ മാഞ്ഞു. അപ്പോൾ ഒരു മഴ ചാറി പെയ്തു.

English Summary:

Malayalam Short Story ' Chila Nerangalil ' Written by Santhosh Kumar Cheekkilode