വിമാനയാത്രക്കിടയില് പരിചയപ്പെട്ടു; 'ഒന്നിച്ചുണ്ടായിരുന്ന ഓരോ നിമിഷവും പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നു...'
സീറ്റിന് മുന്നിലെ ട്രേയിൽ ഗ്ലാസ്സുകൾ വെച്ച് സുശാന്തിക അയാളുടെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് രണ്ടു സർപ്പങ്ങൾ പത്തി വിടർത്തി അയാളുടെ നെഞ്ചിലേക്കിറങ്ങിയപോലെ അയാൾക്ക് തോന്നി. ആ സർപ്പങ്ങൾ കഴുത്തിന് രണ്ടു വശങ്ങളിലെയും ചുമലിൽ അവരുടെ വിഷപ്പല്ലുകൾ കടിച്ചിറക്കുന്നപോലെ.
സീറ്റിന് മുന്നിലെ ട്രേയിൽ ഗ്ലാസ്സുകൾ വെച്ച് സുശാന്തിക അയാളുടെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് രണ്ടു സർപ്പങ്ങൾ പത്തി വിടർത്തി അയാളുടെ നെഞ്ചിലേക്കിറങ്ങിയപോലെ അയാൾക്ക് തോന്നി. ആ സർപ്പങ്ങൾ കഴുത്തിന് രണ്ടു വശങ്ങളിലെയും ചുമലിൽ അവരുടെ വിഷപ്പല്ലുകൾ കടിച്ചിറക്കുന്നപോലെ.
സീറ്റിന് മുന്നിലെ ട്രേയിൽ ഗ്ലാസ്സുകൾ വെച്ച് സുശാന്തിക അയാളുടെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് രണ്ടു സർപ്പങ്ങൾ പത്തി വിടർത്തി അയാളുടെ നെഞ്ചിലേക്കിറങ്ങിയപോലെ അയാൾക്ക് തോന്നി. ആ സർപ്പങ്ങൾ കഴുത്തിന് രണ്ടു വശങ്ങളിലെയും ചുമലിൽ അവരുടെ വിഷപ്പല്ലുകൾ കടിച്ചിറക്കുന്നപോലെ.
ചിലർ അങ്ങനെയാണ്, വളരെ പെട്ടെന്നാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുക. സൗന്ദര്യം ഒരു പ്രധാന ഘടകമാണെങ്കിലും, അവരുടെ പെരുമാറ്റത്തിലെ ഇടപെടൽ. സംസാരരീതി, ഭാഷയിലെ സ്‌ഫുടത ഇതൊക്കെ നമ്മെ സ്വാധീനിക്കും. എന്നും അസാധാരണമായ തിരക്കാണ് ആ വിമാനത്തിൽ. വളരെ നിരക്ക് കുറച്ചു കൊടുക്കുകയും, വളരെയധികം ലഗ്ഗേജ് കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്യുന്നതിനാൽ ഗൾഫിൽ നിന്ന് ഇന്ത്യയടക്കം കിഴക്കൻ മേഖലയിലേക്ക് പറക്കുന്ന യാത്രക്കാർ അധികവും ആ വിമാനത്തിൽ ആണ് പറക്കാൻ ശ്രമിക്കുക. സമയം കൂടുമെന്നതിനാൽ അയാൾ ഈ വിമാനം സാധാരണ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഏറ്റവും കുറവ് നിരക്കിൽ കിട്ടിയത് ഈ വിമാനമായതിനാൽ അതിൽ കയറി.
തിരക്കു കാരണം അര മണിക്കൂർ വൈകിയാണ് വിമാനം സാധാരണ പുറപ്പെടാറ്. തനിക്കുള്ള അടുത്ത കണക്ഷൻ വിമാനത്തിന് നാലുമണിക്കൂർ കാത്തിരിക്കണം, വൈകിയാലും കുഴപ്പമില്ല, നന്നായി ഉറങ്ങാൻ കഴിഞ്ഞാൽ മതി. ആറുമണിക്കൂർ യാത്ര, ഒരു നാല് മണിക്കൂർ ഉറങ്ങിയാൽ അധികം ക്ഷീണമില്ലാതെ ചെന്നിറങ്ങാം. വിമാനം ഉയർന്നു, ശീതളപാനീയങ്ങളും ചായയും കാപ്പിയും കൊണ്ടുവന്നപ്പോൾത്തന്നെ പലർക്കും "ദ്രാവകം" വേണം. എയർഹോസ്റ്റസുകൾ പറഞ്ഞു, ഇതൊന്നു കഴിഞ്ഞോട്ടെ തരാം. സത്യത്തിൽ അക്ഷമർ "ദ്രാവക"ത്തിനു വേണ്ടി കാത്തിരിക്കുന്നവർ ആണ്. അയാളും കരുതി രണ്ടെണ്ണം വിഴുങ്ങിയാൽ നന്നായി ഉറങ്ങാൻ കഴിഞ്ഞേക്കും. എയർഹോസ്റ്റസുകൾ ചോദിച്ചവർക്കൊക്കെ രണ്ടെണ്ണം വീതം കൊടുത്തു മുന്നോട്ടു നീങ്ങി, വീണ്ടും വീണ്ടും വിളിക്കാതിരിക്കാൻ ആകാം, രണ്ടെണ്ണം ഒന്നിച്ചു കൊടുത്തത്. രണ്ടുതവണ ദ്രാവകം വിഴുങ്ങി, ഭക്ഷണവും കഴിച്ചു, ഉറക്കം വരുന്നില്ല. നല്ല സാധനമൊന്നുമല്ലേ തന്നത്? ഏയ് അങ്ങനെ വരാൻ വഴിയില്ല.
ചിലർ മൂന്നാമത്തെ ഗ്ലാസ്സിനായി ചോദിക്കുന്നുണ്ട്. കഴിച്ചത് മതി സർ, അല്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ വിമാനത്തിൽ കുഴപ്പമുണ്ടാക്കും. പെട്ടെന്നാണ് വഴക്ക് കൂട്ടുന്ന ഒന്നുരണ്ടുപേരുടെ അടുത്തേക്ക് അവർ കടന്നു വന്നത്, അവരാണ് ക്യാബിൻ സൂപ്പർവൈസർ എന്ന് ഒറ്റനോട്ടത്തിൽ അറിയാം, മദ്ധ്യവയസ്ക, എന്നാൽ അതിസുന്ദരി, അൽപ്പം തടിച്ചിട്ടാണെങ്കിലും, വളരെ രൂപഭംഗി നിലനിർത്തുന്ന ശരീരം. "നിങ്ങളുടെ പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ തീർത്തുതരാം" എന്ന് പറഞ്ഞു അവർക്കെല്ലാം ഓരോ ഗ്ലാസ് കൂടി "ദ്രാവകം" നൽകി. ഒപ്പം പറഞ്ഞു, ഇനി ഉറങ്ങിയേക്കണം, ആരെയും ശല്യപ്പെടുത്തരുത്. എന്തോ അവരെ കണ്ടതും എല്ലാവരും അനുസരണ ഉള്ളവരായി. വിളക്കുകൾ കെടുത്തി എല്ലാവരും ഉറങ്ങാൻ ശ്രമിക്കുന്നു. അയാൾക്കുറക്കം വന്നില്ല, ഒന്നുകൂടി കിട്ടിയാൽ ചിലപ്പോൾ ഉറങ്ങുമായിരിക്കും. അയാൾ എയർഹോസ്റ്റസുകളെ വിളിക്കാനുള്ള ബട്ടൺ അമർത്തി. കുറച്ചു കഴിഞ്ഞു ഒരാൾ അടുത്തെത്തി, അത് സൂപ്പർവൈസർ ആയിരുന്നു. അവരുടെ കൈയിൽ ഒരു കുപ്പി വെള്ളമുണ്ടായിരുന്നു. അതിനാണല്ലോ പലരും വിളിക്കാറ്.
ചെറിയ വെളിച്ചത്തിൽ അയാൾ അവരുടെ പേര് വായിച്ചു, "സുശാന്തിക". "മിസ് സുശാന്തിക, ക്ഷമിക്കുക, എനിക്ക് ഉറക്കം വരുന്നില്ല, നിങ്ങൾക്കൊരു വലുത് തരാമോ, ഒന്നുറങ്ങിയേ മതിയാകൂ, അതാണ്". "നിങ്ങൾ എന്റെ പേര് വായിച്ചിരിക്കുന്നു, ആദ്യമായാണ് അത് സംഭവിക്കുന്നത്, ഞാൻ തരാം, പക്ഷെ പ്രശ്‍നം ഒന്നും ഉണ്ടാക്കരുത്" അവർ തിരിച്ചുവന്നപ്പോൾ അയാൾ ഞെട്ടിപ്പോയി, രണ്ട് ഗ്ലാസ് മുക്കാൽ ഭാഗത്തോളം നിറച്ചിരിക്കുന്നു. സീറ്റിന് മുന്നിലെ ട്രേയിൽ ഗ്ലാസ്സുകൾ വെച്ച് സുശാന്തിക അയാളുടെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് രണ്ടു സർപ്പങ്ങൾ പത്തി വിടർത്തി അയാളുടെ നെഞ്ചിലേക്കിറങ്ങിയപോലെ അയാൾക്ക് തോന്നി. ആ സർപ്പങ്ങൾ കഴുത്തിന് രണ്ടു വശങ്ങളിലെയും ചുമലിൽ അവരുടെ വിഷപ്പല്ലുകൾ കടിച്ചിറക്കുന്നപോലെ. "ഇത് നിങ്ങളെ ഉറക്കിയേക്കും" അവർ പറഞ്ഞു. കൈകൾ ഉയർത്തി അയാൾ "നന്ദി" എന്ന് പറഞ്ഞു. അപ്പോൾ അയാളുടെ കൈ അവരുടെ കൈകളെ ഉരസിയപോലെ തോന്നി, അവരിൽ നിന്ന് ഒരു മിന്നൽ തന്നിലേക്ക് പകർന്നുവോ എന്നയാൾ സംശയിച്ചു.
രണ്ടു ഗ്ലാസ് തീർന്നെങ്കിലും അയാൾക്ക് ഉറക്കം വന്നില്ല. മാത്രമല്ല, അവരുടെ കണ്ണുകളിൽ നിന്ന് തന്നിലേക്കിറങ്ങിയ സർപ്പങ്ങൾ തന്റെ ചുമലിൽ ഇപ്പോഴും കടിച്ചുപിടിച്ചു കിടക്കുന്നപോലെ അയാൾക്ക് തോന്നി. അവരുടെ വിഷം തന്നിലേക്ക് ഇറങ്ങിക്കഴിഞ്ഞില്ലേ എന്നയാൾ സംശയിച്ചു. അയാൾ വാച്ചിലേക്ക് നോക്കി, ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരെല്ലാം ഗാഢ നിദ്രയിൽ ആണ്. ചിലരുടെ കൂർക്കം വലികൾ അസഹ്യമായി തോന്നി. അവസാനം അയാൾ എയർഹോസ്റ്റസുകളെ വിളിക്കാനുള്ള ബട്ടൺ വീണ്ടും അമർത്തി. സുശാന്തിക തന്നെയാണ് വന്നത്. ചോദിക്കാതെ തന്നെ അവർ പറഞ്ഞു "ഇനി തരാൻ കഴിയില്ല സർ" "നമുക്ക് ഒന്ന് സംസാരിക്കാമോ" അയാൾ ചോദിച്ചു. "ഇവിടെ പറ്റില്ല, മറ്റുള്ള യാത്രക്കാർ ഉറങ്ങുകയാണ്, നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ബിസിനെസ്സ് ക്ലാസ്സിലേക്ക് വരൂ, അവിടെ സീറ്റുകൾ ഒഴിവുണ്ട്, സംസാരിക്കാൻ മാത്രം അവിടെയിരിക്കാം, അത് കഴിഞ്ഞു തിരിച്ചിവിടെ വന്നിരിക്കണം" അയാൾ സമ്മതിച്ചു.
ബിസിനെസ്സ് ക്ലാസ്സിലെ അവസാന വരി ഒഴിവായിരുന്നു. അയാൾ അതിലൊന്നിൽ ഇരുന്നു. ഇപ്പോൾ വരാം എന്ന് പറഞ്ഞു സുശാന്തിക പോയി, ഒരു ഗ്ലാസ് നിറയെ ദ്രാവകവുമായി വന്നു. അയാളുടെ അടുത്ത സീറ്റിൽ ഇരുന്നു. "പറയൂ, എങ്ങനെയാണ് നിങ്ങളെ എനിക്ക് സഹായിക്കാനാവുക" സുശാന്തിക ചോദിച്ചു. ഒറ്റ വലിക്ക് ഗ്ലാസ് തീർത്തു അയാൾ പറഞ്ഞു, "എനിക്ക് നിങ്ങളെ പ്രണയിക്കണം" "ഇത് ഇപ്പോൾ കുടിച്ച ദ്രാവകമാണ് സംസാരിക്കുന്നത്, നിങ്ങളല്ല. അഞ്ചു മണിക്കൂർ കഴിഞ്ഞാൽ നിങ്ങൾ ഈ വിമാനത്തിൽ നിന്നിറങ്ങിപ്പോകും, പിന്നെ ജീവിതത്തിൽ നമ്മൾ കണ്ടു എന്നിരിക്കില്ല" "അല്ല. ഞാൻ നിങ്ങളുടെ നാട്ടിൽ ഇറങ്ങും, മൂന്ന് ദിവസം നിങ്ങളുടെ രാജ്യം കാണാൻ നിങ്ങളുടെ കമ്പനി തന്നെ അവസരം തരും, അപ്പോൾ നിങ്ങൾക്ക് എന്നെ കൂടെ കൂട്ടിക്കൂടെ" "നിങ്ങൾ തമാശ പറയരുത്" സുശാന്തിക പറഞ്ഞു. "തമാശയല്ല, കാര്യമായിത്തന്നെയാണ്" അയാൾ പറഞ്ഞു. "വലിയ ചിലവായിരിക്കും" അയാളെ നിരുത്സാഹപ്പെടുത്താൻ അവർ പറഞ്ഞു. കീശയിൽ നിന്ന് പേഴ്സ് എടുത്തു, ബാങ്കിന്റെ കാർഡ് എടുത്തു നീട്ടി അയാൾ പറഞ്ഞു, ഇതിൽ നിന്ന് നിങ്ങൾക്ക് എത്ര വേണമെങ്കിലും പിൻവലിക്കാം. കണ്ണുകൾ അടഞ്ഞുപോകുന്ന നേരത്ത് അയാൾ കേട്ടു "എന്നാൽ അങ്ങനെയാകട്ടെ".
അവരുടെ നാട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ സുശാന്തിക അയാളോടൊപ്പം ചേർന്നു, അയാളുടെ ലഗ്ഗേജ് തുടർയാത്രയിൽ നിന്ന് ഒഴിവാക്കി, മൂന്നു ദിവസം കഴിഞ്ഞുള്ള വിമാനടിക്കറ്റും ശരിയാക്കി. പുറത്തിറങ്ങി ടാക്സി വിളിച്ചു, പുറകിലെ സീറ്റിൽ അവർ അയാൾക്കൊപ്പം ചേർന്നിരുന്നു. "ഞാൻ ഈ ജോലി മാത്രമല്ല ചെയ്യുന്നത്, ഞങ്ങൾക്ക് ഒരു റിസോർട്ട് ഉണ്ട്, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഞാനും അവിടെത്തന്നെയാണ് താമസിക്കുന്നത്. നിങ്ങൾക്കവിടെ ഒരു വില്ല ശരിയാക്കിയിട്ടുണ്ട്, എന്റെ വീടിന് അടുത്ത് തന്നെ, നിങ്ങളെ കൂടെക്കൂടെ കാണാൻ അത് ഉപകരിക്കും. മാത്രമല്ല, പുറത്തേക്കുള്ള യാത്രകളിൽ ഞാൻ നിങ്ങളുടെ ഒപ്പമുണ്ടാകും, എന്നാൽ നിങ്ങൾ തിരിച്ചുപോകുന്നത് വരെ നിങ്ങളുടെ ബാങ്കിന്റെ കാർഡ് എന്റെ കൈവശമായിരിക്കും. അയാൾ സമ്മതിച്ചു. സുശാന്തിക അയാളുടെ തോളിലൂടെ കൈയ്യിട്ട്, അയാളുടെ മുഖം അവരുടെ മുഖത്തോട് ചേർത്തു. അയാളുടെ ബാങ്കിൽ നിന്നും തുകകൾ കുറയുന്ന സന്ദേശങ്ങൾ തുടർച്ചയായി ഫോണിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ താൻ വന്നുചേർന്ന സ്വർഗ്ഗത്തിലെ സുഖലോലുപതയിൽ അയാൾ അതൊക്കെ അവഗണിച്ചു.
അന്ന് മൂന്നാമത്തെ ദിവസമായിരുന്നു. വലിയ ഒരു പർവ്വതത്തിന്റെ മുകളിലേക്കാണ് അവർ പോയത്, അവിടെ നിന്നാൽ ആ നാടിന്റെ പകുതിയിൽ അധികം കാണാം. ഒരു വശത്ത് ചെങ്കുത്തായ കൊക്കയാണ്, അയാൾ അതിലേക്ക് എത്തിവലിഞ്ഞു നോക്കാൻ ശ്രമിച്ചു. സുശാന്തിക പറഞ്ഞു. "അങ്ങോട്ട് വീണാൽ പിന്നെ പൊടിപോലും കിട്ടില്ല. പിന്നെ നിങ്ങളുടെ കാർഡിലെ കാശൊക്കെ തീർന്നു. ആരോടെങ്കിലും വിളിച്ചുപറഞ്ഞു കാശു നിറയ്ക്കണം, അല്ലെങ്കിൽ നിങ്ങളെ എനിക്ക് ഒഴിവാക്കേണ്ടി വരും. സാധാരണ പണമില്ലാതെ ഞങ്ങൾ സേവനങ്ങൾ കൊടുക്കാറില്ല, നിങ്ങളോടുള്ള പ്രത്യേക ഇഷ്ട്ടം കാരണം ഞാൻ തുടരുന്നു എന്ന് മാത്രം. എന്നാൽ ഇത് എന്റെ മാത്രം സ്ഥാപനമല്ല, മറ്റുള്ളവർ നിങ്ങളെ ഒഴിവാക്കാൻ എന്നെ നിർബന്ധിക്കുന്നുണ്ട്, ക്ഷമിക്കുക, ഇതെല്ലാം കച്ചവടത്തിന്റെ ഭാഗമാണ്".
അത് പറഞ്ഞു കഴിഞ്ഞതും, മറ്റൊരു വണ്ടി അവർ നിൽക്കുന്ന ഭാഗത്തേക്ക് പാഞ്ഞു വന്നു. തോക്കുധാരികളായ മൂന്നാലുപേർ ചാടിയിറങ്ങി. "ഇവന്റെ പണമെല്ലാം നാം എടുത്തുകഴിഞ്ഞില്ലേ, ഇനിയെന്തിനാണ് ഇയാൾ നമുക്ക്, അവനെ ആ കൊക്കയിലേക്ക് തള്ളിയിടൂ വേഗം, ഇപ്പോൾ തന്നെ" ഒരാൾ തോക്ക് സുശാന്തികയുടെ തലയിലേക്ക് നീട്ടി. "എന്നോട് ക്ഷമിക്കൂ" എന്ന് പറഞ്ഞു സുശാന്തിക അയാളെ കൊക്കയിലേക്ക് തള്ളി. "എന്നെ കൊല്ലല്ലേ" എന്ന് അലറി വിളിച്ചു അയാൾ ഞെട്ടിയുണർന്നു. തൊട്ടുമുന്നിൽ സുശാന്തിക, വിമാനത്തിലെ മറ്റുള്ള യാത്രക്കാർ എല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. "നന്നായി ഉറങ്ങിയോ സർ, കൂടെ ദുസ്വപ്നങ്ങളും കണ്ടെന്ന് തോന്നുന്നു, ഇതാ വെള്ളം കുടിക്കൂ" അവർ കൈയ്യിലുണ്ടായിരുന്ന വെള്ളം കുപ്പി അയാൾക്ക് നേരേ നീട്ടി.