'ഒതുക്കുകല്ല് കയറുമ്പോൾ പൂമുഖത്ത് കാത്തു നിൽക്കാൻ ഇനി മുത്തശ്ശൻ ഉണ്ടാവില്ല...'
ഒതുക്കുകല്ല് കേറുമ്പോൾ പൂമുഖത്ത് കാത്തു നിൽക്കാൻ ഇന്ന് മുത്തശ്ശൻ ഉണ്ടാവില്ല. ഉണ്ണിമോനെ വാരിയെടുത്തുമ്മ വെയ്ക്കാൻ വേരോടിയ കൈകളുണ്ടാവില്ല. എന്നെ നെഞ്ചോടു ചേർത്തു പുണരാൻ കഞ്ഞിമുക്കിയ കോട്ടൺ ഗന്ധമുണ്ടാവില്ല.
ഒതുക്കുകല്ല് കേറുമ്പോൾ പൂമുഖത്ത് കാത്തു നിൽക്കാൻ ഇന്ന് മുത്തശ്ശൻ ഉണ്ടാവില്ല. ഉണ്ണിമോനെ വാരിയെടുത്തുമ്മ വെയ്ക്കാൻ വേരോടിയ കൈകളുണ്ടാവില്ല. എന്നെ നെഞ്ചോടു ചേർത്തു പുണരാൻ കഞ്ഞിമുക്കിയ കോട്ടൺ ഗന്ധമുണ്ടാവില്ല.
ഒതുക്കുകല്ല് കേറുമ്പോൾ പൂമുഖത്ത് കാത്തു നിൽക്കാൻ ഇന്ന് മുത്തശ്ശൻ ഉണ്ടാവില്ല. ഉണ്ണിമോനെ വാരിയെടുത്തുമ്മ വെയ്ക്കാൻ വേരോടിയ കൈകളുണ്ടാവില്ല. എന്നെ നെഞ്ചോടു ചേർത്തു പുണരാൻ കഞ്ഞിമുക്കിയ കോട്ടൺ ഗന്ധമുണ്ടാവില്ല.
ഉണ്ണിമോൻ ഉറങ്ങുകയാണ്. മുത്തശ്ശന്റെ മരണം വെട്ടി വീഴ്ത്താനും മാത്രം അവൻ വലുതായിട്ടില്ല. മൃതിയും ജനനവും എന്താണെന്ന് കൂടി പിഞ്ചു പ്രായത്തിൽ അവനറിവുണ്ടാവുമോ. ഇല്ല. അവൻ ഉറങ്ങട്ടെ. ഹൃദയഭാരങ്ങളില്ലാതെ. കണ്ണിൽ തൂങ്ങാൻ പുകഞ്ഞു നിൽക്കുന്ന കടലില്ലാതെ. രാത്രിയുടെ പരിതാപം കേൾക്കാതെ. നെഞ്ചു വരിഞ്ഞു മുറുക്കിയ പ്രാണനെ മൂക്കിലൂടൊഴുക്കാനാവാതെ ഞാൻ ചാഞ്ഞിരുന്നു. പുറം കാഴ്ചകളെവിടെ. ഫ്ലൈറ്റിന്റെ ജാലകത്തിൽ കൂടി ഇരുട്ട് മാത്രമേ എനിക്ക് കാണുന്നുള്ളൂ. എന്റെ ഉള്ളിലും നിറഞ്ഞിരിക്കുന്നത് ഇപ്പോൾ അതാണല്ലോ. കുറ്റാക്കൂരിരുട്ട്. ഇരുട്ട് വാ പിളർന്ന് നിൽക്കുന്നു. പുത്തോളിക്കാവിലെ ചാമുണ്ഡിത്തെയ്യം പോലെ. വിഴുങ്ങാൻ. പാതിയിറങ്ങിയ കറുത്ത വഴിയിൽ പെറ്റിക്കോട്ടിട്ട് മുടി മെടഞ്ഞ ഞാൻ എന്തോ തിരയുന്നു. "കുഞ്ഞോളെ.." മുത്തശ്ശന്റെ ശബ്ദം. പിൻവിളിയിൽ ഞെട്ടിത്തെറിച്ച് കണ്ണുതുറക്കുമ്പോഴേക്കും ഫ്ലൈറ്റ് ലാൻഡ് ചെയ്തിരുന്നു. ചെവി മാത്രം തുറന്നില്ല. ഓർമകളിലേക്ക് നീളുന്ന അടഞ്ഞ ഗുഹയാണത്. മരുന്നു മണക്കുന്ന മുത്തശ്ശന്റെ കുഞ്ഞോളെ വിളിയുടെ ആവർത്തനമാണ് അതിൽ മുഴുവൻ.
"എണീക്കുന്നില്ലേ?" ദേവേട്ടൻ മോനെയുമെടുത്ത് ഇറങ്ങാൻ കാത്തു നിൽക്കുന്നു. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിൽ ഗുരുത്വാകർഷണം നഷ്ടപ്പെട്ട് ഞാനാകെ വിയർത്തു കുതിർന്നിരുന്നു. വീട്ടിലേക്കുള്ള വഴി എന്നത്തേയും പോലാവില്ല. ചന്ദ്രോത്ത് ഗേറ്റ് കടക്കുമ്പോഴേ ഒരു നാടു മുഴുവൻ ചെമ്മണ്ണു നീളെ പ്രവഹിക്കും. നീല ടർപ്പായ വലിച്ചു കെട്ടിയ മുറ്റം വേനലിലും നെഞ്ചു വിരിച്ച പച്ചത്തൊടിയിൽ നിന്നും എന്നെ എത്തി നോക്കും. ചന്ദനത്തിരി ധൂളികൾ സംസ്കൃതശ്ലോകങ്ങൾക്ക് മുൻപേ കാറ്റിലെത്തും. തെക്കേ മാവിന്റെ ചോടുപറ്റി കോടാലിത്തലകൾ വലം വയ്ക്കും. കാക്കകൾ കരയും. ഒതുക്കുകല്ല് കേറുമ്പോൾ പൂമുഖത്ത് കാത്തു നിൽക്കാൻ ഇന്ന് മുത്തശ്ശൻ ഉണ്ടാവില്ല. ഉണ്ണിമോനെ വാരിയെടുത്തുമ്മ വെയ്ക്കാൻ വേരോടിയ കൈകളുണ്ടാവില്ല. എന്നെ നെഞ്ചോടു ചേർത്തു പുണരാൻ കഞ്ഞിമുക്കിയ കോട്ടൺ ഗന്ധമുണ്ടാവില്ല. ഓരോ കണ്ണുകളെയും വകഞ്ഞു മാറ്റി ഞാനകത്തു കേറും. ഉയർന്ന നിലവിളികൾക്കുള്ളിൽ വെളുപ്പ് പുതച്ച മൗനം കാണും. പെരുവിരൽ ചേർത്ത കെട്ടു തൊടും. കടലിരമ്പും. പൊട്ടിയൊലിക്കും. കണ്ണിലൂടെ. നെഞ്ചിലൂടെ. കുഞ്ഞുകാലങ്ങളിലൂടെ...
ഇരുട്ടറയിൽ തൂങ്ങിയ വിളർത്ത കാലുകളുടെ മങ്ങിയ ഓർമ്മ. അച്ഛൻ. വ്യക്തമാകും മുന്നേ കണ്ണുമറച്ച് നെഞ്ചോട് ചേർത്ത മുത്തശ്ശന്റെ ഹൃദയതാളം ഇന്നും ഓർമ്മയിലുണ്ട്. ദ്രുതമായിരുന്നത്. അച്ഛന്റെ ശൂന്യതയിൽ മുത്തശ്ശൻ പെയ്തു നിറഞ്ഞു. പഴംകഥകളും താരാട്ട് പാട്ടും തൈലം മണക്കുന്ന കമ്പിളിച്ചൂടും എത്ര വർഷങ്ങളാണ് കൈപിടിച്ചു നടത്തിയത്. പെറ്റിക്കോട്ടും പാവാടക്കാലവും മുത്തശ്ശനാലിന്റെ ചുറ്റും ഓടി നടന്നു. ഏട്ടയെ ഓടിച്ചു. താലമെടുത്തു. മുത്തപ്പനെ തൊഴുതു. തേങ്ങയറുത്തു. ഗുളികന് കൊടുത്തു. വർഷാ വർഷം ഓർമ്മയിലില്ലാത്ത അച്ഛൻമുഖത്തിന് അരിയും പൂവുമിട്ടു. അമ്മ നാലകത്തെ കോണുകളിൽ നിഴൽ രൂപമായ് മാറി മാറി ജീവിച്ചു. അപ്പോഴും എന്റെ ചിറകുകൾക്ക് വെളുത്ത് വേരാഴ്ന്ന തോളുകളുണ്ടായിരുന്നു. കൂട്ട്, വെറ്റില നീരൊലിച്ച കൈത്തഴമ്പായിരുന്നു. നരപാകിയ മുത്തശ്ശൻ പാടങ്ങളായിരുന്നു.
തെക്കേ തൊടി ചുട്ടു പുകഞ്ഞു. "മീനം കടുപ്പാണ് " വന്നവർ വന്നവർ പത്രക്കടലാസ് മടക്കി വീശി. മഴ കാണാത്ത വേനൽ. അത് കത്തിച്ച യാഗത്തിൽ എന്റെ ആകാശം ഇരുണ്ടുകൂടി. മേഘം കീറി പെരുമഴ അലറി വിളിച്ചു പെയ്തത് എന്റെ ഉള്ളിലാണ്. മാവിൻ കൊമ്പുകളോട് കൈകോർത്ത് അഗ്നിയെപ്പുണർന്ന് എങ്ങനെ ഉറങ്ങാൻ കഴിയും? ഉണ്ണിമോന് കഥ പറഞ്ഞു കൊടുക്കാതെ എങ്ങനെ മിഴിപൂട്ടാനാകും? "കുഞ്ഞോളെ.. സുഖമല്ലേ" എന്ന ചോദ്യത്തിൽ കണ്ണുനനയാതെങ്ങനെ യാത്ര ചൊല്ലാനാകും? ദഹനമൊടുങ്ങി. പോയൊരാളെ തിരഞ്ഞു. വേനലെടുത്ത ചാരത്തിൽ അസ്ഥികൾ വിരളം. സ്നേഹമൂർന്നൂർന്ന് അവയെല്ലാം എന്നോ ക്ഷയിച്ചിരിക്കാം. അഗ്നിയെ തോൽപ്പിച്ച് ഒന്ന് മാത്രം വെളുത്തു കിടന്നു. ക്ഷാരം പൂണ്ട ഒരേയൊരു വാരിയെല്ല്. ഹൃദയമൂടിയുടെ ഒരറ്റം. അവിടെയല്ലേ ഞാൻ തല വെച്ചുറങ്ങാറ്. അവിടെയല്ലേ ആൺതാരാട്ട് വിറ പൂണ്ട് കേൾക്കാറ്.. അവിടെയല്ലേ മുപ്പതാണ്ടുകൾ ഞാൻ ജനിച്ചു മരിച്ചത്.